ഇടതുപക്ഷത്തിന്റെയും ദേശാഭിമാനിയുടെയും ആത്മമിത്രവും വഴികാട്ടിയുമായിരുന്നു സുകുമാര്‍ അഴീക്കോട്. കോണ്‍ഗ്രസിന്റെ അപചയത്തില്‍ മനസ്സുമടുത്ത് വിടചൊല്ലിയതുമുതല്‍ ഈ ഗാന്ധിയന്‍ ഇടതുപക്ഷപ്രസ്ഥാനത്തിന്റെ സഹയാത്രികനായി. ദേശാഭിമാനിയുമായി മാഷിന് ഗാഢമായ ബന്ധമായിരുന്നു. ഒന്നര പതിറ്റാണ്ടിലേറെയായി "മറയില്ലാതെ" എന്ന പ്രതിവാരപംക്തി എഴുതുന്നു. വൈവിധ്യമായ വിഷയങ്ങളില്‍ കനപ്പെട്ട ആശയവും ഉദ്ബോധനവും നിറഞ്ഞ പംക്തിക്ക് വന്‍ സ്വീകാര്യതയാണ്. ഗാന്ധിസവും മാര്‍ക്സിസവും ക്ലാസിക്കുകളും ക്രിക്കറ്റും തുടങ്ങി പ്രാദേശികവിഷയങ്ങള്‍വരെ ലേഖനങ്ങളില്‍ ഉള്‍ക്കൊണ്ടു. ഏറ്റവും ഒടുവില്‍ ഡിസംബര്‍ ഏഴിന് പ്രസിദ്ധീകരിച്ച "പത്രം പത്രം സര്‍വത്ര" എന്ന തലക്കെട്ടിലുള്ള ലേഖനം പത്ര-മാധ്യമലോകത്തിന്റെ മൂല്യച്യുതിയിലേക്കാണ് വിരല്‍ ചൂണ്ടിയത്. ഡിസംബര്‍ എട്ടിന് എല്‍ഡിഎഫ് തീര്‍ത്ത മനുഷ്യമതിലില്‍ കണ്ണിയായ ശേഷം, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കള്ളക്കളി അടുത്ത ലക്കത്തില്‍ തുറന്നുകാട്ടാനായിരുന്നു അദ്ദേഹം കരുതിയത്. എന്നാല്‍ , എഴിന് അദ്ദേഹം കുഴഞ്ഞുവീണ് ആശുപത്രിയിലായി. അടുത്തലക്കം ദേശാഭിമാനിക്കായി എഴുതാമെന്നും പറഞ്ഞു. എന്നാല്‍ , ആഗ്രഹിച്ചതുപോലെ ഇനിയും എഴുതാന്‍ കാത്തുനിന്നില്ല.
എത്ര തിരക്കുള്ള സമയമായാലും "മറയില്ലാതെ" മുടക്കമില്ലാതെ മാഷ് എഴുതി. ബുധനാഴ്ച പ്രസിദ്ധീകരിക്കേണ്ട ലേഖനം ഞായറാഴ്ച രാത്രി എഴുതും. തിങ്കളാഴ്ച രാവിലെ ദേശാഭിമാനിയിലേക്ക് വിളിച്ചുപറയും. ഒരിക്കല്‍ ലേഖനം എടുക്കാന്‍ വൈകിയതിനാല്‍ പ്രസിദ്ധീകരിക്കാനായില്ല. കോപാകുലനായ മാഷ് "ഇനി ഞാന്‍ എഴുതില്ലെന്ന്" പറഞ്ഞു. പിന്നീട് മാഷെ സാന്ത്വനപ്പെടുത്തിയത് ഏറെ പ്രയാസപ്പെട്ടാണ്. ആ ബുധനാഴ്ച അഴീക്കോടിന്റെ ലേഖനം കാണാതെ അദ്ദേഹത്തിനും ദേശാഭിമാനിക്കും വന്ന വിളികള്‍ ഏറെയായിരുന്നു. ഒരിക്കല്‍ ബുധനാഴ്ചക്കു പകരം മറ്റൊരു ദിവസം ലേഖനം പ്രസിദ്ധീകരിച്ചപ്പോഴും അത് ആവര്‍ത്തിക്കരുതെന്ന് മാഷ് മുന്നറിയിപ്പുനല്‍കി.
എരവിമംഗലത്തെ വീട്ടിലേക്ക് താമസം മാറ്റിയശേഷം അഴീക്കോടിനു ലഭിച്ച ആദ്യതപാല്‍ ദേശാഭിമാനിയില്‍നിന്നും ലേഖനങ്ങള്‍ക്കുള്ള പ്രതിഫലത്തിന്റെ ചെക്കായിരുന്നു. ദേശാഭിമാനിയെ സ്വന്തം പത്രമെന്നപോലെയാണ് മാഷ് കണക്കാക്കിയത്. പക്വമതിയായ കാരണവരെപ്പോലെ സ്നേഹം പ്രകടിപ്പിക്കുകയും വിമര്‍ശിക്കുകയുംചെയ്യും. ഒരിക്കല്‍ അദ്ദേഹത്തിന്റെ ലേഖനത്തില്‍ പീറക്കടലാസ് എന്നര്‍ഥം വരുന്ന "റാഗ് പേപ്പര്‍" എന്നതിനു പകരം "റഫ് പേപ്പര്‍" എന്നാണ് അച്ചടിച്ചുവന്നത്. ഇത് നാളെത്തന്നെ ലേഖനം വന്ന എഡിറ്റോറിയില്‍ പേജില്‍ തിരുത്തിനല്‍കണമെന്ന് മാഷ് അറിയിച്ചു. മാഷിന് തെറ്റ് സ്വന്തമെന്നോ അന്യമെന്നോ ഭേദമില്ല, പരിഹാരം കണുകതന്നെ വേണം.
വിവിധ വിഷയങ്ങളില്‍ പ്രതികരണത്തിനായി ദേശാഭിമാനിയില്‍നിന്ന് വിളിച്ചാല്‍ എതു പാതിരാത്രിയിലും വിമുഖത കാട്ടാറില്ല. ഫോണിലൂടെ പറഞ്ഞുതരും. 2000 ആഗസ്ത് 31ന് ദേശാഭിമാനി തൃശൂര്‍ എഡിഷന്‍ ഉദ്ഘാടനത്തില്‍ മുഖ്യപ്രഭാഷണം അഴീക്കോടായിരുന്നു. "ദേശാഭിമാനി തുടങ്ങാന്‍ മാര്‍ക്സിസ്റ്റ് പാര്‍ടി ബക്കറ്റ്പിരിവ് നടത്തിയത് വലിയ അപരാധമായി ചിലര്‍ കാണുന്നുണ്ട്. എന്നാല്‍ ബക്കറ്റ് പിരിവ് നടത്തിയാല്‍ കണക്കുണ്ടാവും. എന്നാല്‍ , കോണ്‍ഗ്രസുകാര്‍ പിരിവു നടത്തിയാല്‍ അത് പോക്കറ്റില്‍ പോകും. അതാണ് വ്യത്യാസം." അദ്ദേഹംപറഞ്ഞു. 2011 ഒക്ടോബര്‍ എട്ടിന് ദേശാഭിമാനി നടത്തിയ ജില്ലാതല അക്ഷരമുറ്റം ക്വിസ് ഉദ്ഘാടനം ചെയ്തതും അഴീക്കോടാണ്. കഴിഞ്ഞ മാര്‍ച്ച് 19ന് ഇ എം എസ് ദിനാചരണത്തിനാണ് ഏറ്റവും ഒടുവില്‍ അഴീക്കോട് തൃശൂര്‍ ദേശാഭിമാനിയില്‍ വന്നത്. ഇ എം എസിന്റെ ഛായാചിത്രം ദേശാഭിമാനി ഹാളില്‍ അദ്ദേഹം പ്രകാശനം ചെയ്തു. ബ്യൂറോയില്‍ സന്ദര്‍ശിച്ചപ്പോള്‍ അഴീക്കോടിന്റെ ബയോഡാറ്റ തയ്യാറാക്കിയത് കാണിച്ചു. അത്ഭുതം കൂറിയ മാഷ് പറഞ്ഞു. "ഇത് ഒരുപാടുണ്ടല്ലോ. ഇതുപോലെ അനേകരുടെ ഉണ്ടാവാം അല്ലേ. എന്തായാലും ഈ പെട്ടി കൊള്ളാം. ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാം അല്ലേ...." അകക്കണ്ണുള്ള അഴീക്കോട് മാഷ് എല്ലാം മുന്നേ അറിഞ്ഞിരുന്നു. ആ വാക്കുകള്‍ക്ക് ഒരുപാട് അര്‍ഥതലങ്ങളുണ്ടായിരുന്നു.
(വി എം രാധാകൃഷ്ണന്‍)
മായില്ല, ആ സഹസ്രശോഭ
നാലരപ്പതിറ്റാണ്ടുമുമ്പ് 1965- 66 കാലഘട്ടം, തൃശൂര്‍ ടൗണ്‍ഹാളില്‍ വിപുലമായ ഒരു സാഹിത്യ സദസ്സ്. കെ കെ രാജായുടെ ഷഷ്ടിപൂര്‍ത്തി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട ഗംഭീര പരിപാടി. സെമിനാര്‍ , സിമ്പോസിയം, കവിയരങ്ങ്, അനുമോദനയോഗം അങ്ങനെ പ്രൗഢഗംഭീരമായ ഒരു മുഴുദിന പരിപാടി. കേരളത്തിലെ പ്രാമാണികരായ എഴുത്തുകാരും നിരൂപകരുമെല്ലാം അവിടെയുണ്ടെന്നാണ് ഓര്‍മ. കേരളവര്‍മയിലെ അന്നത്തെ വിദ്യാര്‍ഥികളുടെ ഹരമായിരുന്ന കെ വി ശങ്കരന്‍മാസ്റ്റര്‍ പരിപാടിയുടെ മുഖ്യ സംഘാടകരില്‍ ഒരാളായിരുന്നു. വിദ്യാര്‍ഥിയായ ഞാന്‍ മാഷുടെ സ്വാധീനം മൂലം വളണ്ടിയര്‍മാരില്‍ ഒരാളായി, ചടങ്ങിലെ ആദ്യാവസാനക്കാരില്‍ ഒരാള്‍ , ഒരു സാഹിത്യകുതുകി. വേദിയിലും സദസ്സിലുമുള്ള പ്രാമാണികരില്‍നിന്നെല്ലാം ഏതാണ്ട് പൂര്‍ണമായും ഒറ്റപ്പെട്ട് ആരുമായും പ്രത്യക്ഷത്തില്‍ സൗഹൃദം പങ്കിടാതെ തീര്‍ത്തും ഗൗരവഭാവത്തോടെ കൈയില്‍ ഒരു തടിച്ച ചുവന്ന ചട്ടയുള്ള പുസ്തകവുമായി എല്ലാം സശ്രദ്ധം കാതോര്‍ക്കുന്ന കൃശഗാത്രനായ ഖദര്‍ധാരിയായ ഒരാള്‍ . അഴീക്കോട് മാഷെ ആദ്യമായി അവിടെവച്ച് നേരില്‍ കാണുന്നു.
"ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു" പ്രസിദ്ധീകരിച്ച കാലം. തലശേരിയിലെ ഒരു തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഓര്‍മകള്‍ ആരില്‍നിന്നും മാഞ്ഞിട്ടില്ല. കൗമുദി വാരികയിലുള്‍പ്പെടെ ഏത് കാര്യത്തെക്കുറിച്ചും കര്‍ക്കശമായ അഭിപ്രായമുയര്‍ത്തുന്ന ഖണ്ഡനവിമര്‍ശനമൊന്നേ വിമര്‍ശനമായുള്ളൂ എന്ന് ശാഠ്യം പിടിക്കുന്ന സാക്ഷാല്‍ സുകുമാര്‍ അഴീക്കോട്. അന്ന് സാംസ്കാരിക ലോകം പൊതുവേ പ്രോ ശങ്കരക്കുറുപ്പ്- ശങ്കരക്കുറുപ്പ് വിരോധികള്‍ എന്ന മട്ടില്‍ ശക്തമായ ചേരിതിരിവുള്ള കാലം. കെ കെ രാജ അനുമോദനചച്ചടങ്ങുകളില്‍ മഹാഭൂരിപക്ഷവും മഹാകവി ജിയുടെ ആരാധകരായിരുന്നു. ജ്ഞാനപീഠ ലബ്ധിയുടെ സമയം. അവര്‍ക്കിടയില്‍ തലയുയര്‍ത്തി നിശ്ശബ്ദനായി എല്ലാം ശ്രദ്ധിച്ച് അഴീക്കോട് മാഷ്. കാല്‍പ്പനികതയെക്കുറിച്ച് പ്രൊഫ. എം അച്യുതനാണെന്നു തോന്നുന്നു അനവധി ഉദ്ധരണികളുടെ അകമ്പടിയോടെ സംസാരിക്കുന്നു. സംഘാടകരില്‍ ഒരാളായ എം ആര്‍ ബി ചെറിയൊരു കുസൃതിയോടെ അഴീക്കോട് മാഷോട് പറയുന്നു, "കേട്ടോളൂ, എന്താണ് കാല്‍പ്പനികതയെന്ന്" കടുത്ത നിസ്സംഗതയോടെ മാഷ് പറയുന്നു, "അത് എന്നെ ആരും പഠിപ്പിക്കണ്ട". അഴീക്കോട് മാഷുടെ ഓര്‍മകള്‍ എന്നില്‍ ഇവിടെ നിന്നാരംഭിക്കുന്നു. അന്നുച്ചതിരിഞ്ഞ് അതുവരെ അവിടെനിന്നും കേട്ടതില്‍ വ്യത്യസ്ഥമായ ആശയഗതികള്‍ അവതരിപ്പിക്കുന്ന മാഷുടെ സാഗര ഗര്‍ജനം പോലത്തെ അത്യുഗ്രന്‍ പ്രസംഗം. വാദഗതികള്‍ മുഴുവന്‍ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ അന്ന് കഴിഞ്ഞിരുന്നില്ലെങ്കിലും മറ്റുള്ളവര്‍ കെട്ടിപ്പൊക്കി കൊണ്ടുവന്ന കാല്‍പ്പനിക ധാരണകളെല്ലാം തകര്‍ത്തു തരിപ്പണമാക്കിയതായിരുന്നു ആ വാക്ധോരണി.
പിന്നീട് എത്രയോ വേദികള്‍ , വിവിധ കോളേജുകളില്‍ , അക്കാദമിയില്‍ , സാംസ്കാരിക- രാഷ്ട്രീയ സദസ്സുകളില്‍ , കൂട്ടായ്മകളില്‍ എല്ലാ വേദികളിലും നിറഞ്ഞുനിന്ന സാന്നിധ്യം. അന്ന് മുണ്ടശേരി മാഷും മാരാരും കുറ്റിപ്പുഴയും ഡോക്ടര്‍ ഭാസ്കരന്‍നായരും എല്ലാം സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു എന്നും ഓര്‍ക്കണം. അവര്‍ക്കിടയില്‍ ഇന്നെന്ന പോലെ അന്നും ...... ശ്രദ്ധേയമായ സ്വരമായി അഴീക്കോട് മാഷ് തലയുയര്‍ത്തി നിന്നു.
ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് കോഴിക്കോട് സര്‍വകലാശാലയില്‍നിന്ന് വിരമിച്ച അദ്ദേഹം സ്ഥിര താമസത്തിനായി വിയ്യൂര്‍ തെരെഞ്ഞടുത്തത് തേറമ്പില്‍ ശങ്കുണ്ണി മേനോനും സാക്ഷാല്‍ വി കരുണാകരന്‍ നമ്പ്യാരും സമീപവാസികളാണല്ലോ എന്നുകൂടി കരുതിക്കൊണ്ടാണ് എന്ന് കേട്ടിട്ടുണ്ട്. പണ്ഡിത ശ്രേഷ്ഠനായിരുന്ന കൊച്ചുണ്ണി തമ്പുരാന്റെയും പഴയ തലമുറയിലെ മികച്ച കവികളിലൊരാളായിരുന്ന വെള്ളായ്ക്കല്‍ ഗോവിന്ദമേനോന്റെയും പാദരേണുകള്‍ പതിഞ്ഞ വിയ്യൂരിലേക്ക് ഒരു സാംസ്കാരിക നായകന്‍ അങ്ങനെ ചേക്കേറി. വിയ്യൂരിലെ ആ പഴയ വീട് പുസ്തകങ്ങളും പുരസ്കാരങ്ങളും സൂക്ഷിക്കാന്‍ കൂടി ഉതകുന്ന എരവിമംഗലത്തെ ഇപ്പോഴത്തെ വീട്ടിലേക്ക് മാറുന്നതുവരെ പ്രശസ്തരുടെ സന്ദര്‍ശന കേന്ദ്രവും പല വിവാദങ്ങളുടെയും ആശയസ്ഫോടനങ്ങളുടെയും പ്രഭവകേന്ദ്രവുമായിരുന്നു. പ്രസംഗങ്ങള്‍ക്കായി യാത്രചെയ്ത് റിക്കാര്‍ഡ് തിരുത്തിയ മാഷിന് വല്ലപ്പോഴുമൊന്നു വിശ്രമിക്കാനും എഴുതാനും വേണ്ടി മാത്രമുള്ള സങ്കേതം മാത്രമായിരുന്നു വീടുകള്‍ . എഴുത്തിലും വായനയിലും യാത്രയിലും പ്രസംഗത്തിലും മാത്രം ജീവിതം കണ്ടെത്തിയ അദ്ദേഹത്തെ കാണാന്‍ , കേള്‍ക്കാന്‍ , ആശയഗതികള്‍ പങ്കിടാന്‍ സാംസ്കാരിക ലോകം മുഴുവന്‍ തൃശൂരിലേക്കാണ് ഒഴുകിയത്. നിര്‍ദേശങ്ങള്‍ തേടി ടെലഫോണ്‍ കോളുകളും മാഷെ തേടിയെത്തി.
കുറച്ചുകാലം വിയ്യൂരില്‍ മാഷുടെ പരിചാരകനായ ഉണ്ണിനായരെക്കുറിച്ച് ഒരു കഥയുണ്ട്. സന്ദര്‍ശകരെ കഴിവതും വിരട്ടിയോടിച്ച് മാഷെ അവരില്‍നിന്ന് സംരക്ഷിക്കുന്ന ഉണ്ണിനായര്‍ ഒരിക്കല്‍ യാത്രകഴിഞ്ഞെത്തിയ മാഷോട് പറഞ്ഞുവത്രേ, "ഏതോ ഒരു ആന്റണി രണ്ടുമൂന്ന് പ്രാവശ്യമായി വിളിച്ച് ബുദ്ധിമുട്ടിക്കുന്നു". ആ ആന്റണി സാക്ഷാല്‍ എ കെ ആന്റണി ആയിരുന്നു. അന്നദ്ദേഹം മുഖ്യമന്ത്രിയും. സന്ദര്‍ശകരെ ആളറിഞ്ഞ് തന്ത്രപരമായി സ്വീകരിക്കുന്ന സമീപനം പിന്നീട് സുരേഷ്, മാഷുടെ സന്തതസഹചാരിയായതിനുശേഷമാണ് നിലവില്‍ വന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അഴീക്കോട് മാഷെ തേടിയെത്തുന്നവരുടെ പ്രസംഗത്തിനായി, അവതാരികക്കായി, അഭിമുഖത്തിനായി, സ്വകാര്യ ചടങ്ങുകള്‍ക്കു പോലും ക്ഷണിക്കാനായി, തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥിയായി അനുഗ്രഹങ്ങള്‍ തേടാനും സ്ഥാനലബ്ധികള്‍ക്ക് ശേഷം ഉപദേശനിര്‍ദേശങ്ങള്‍ തേടാനും, എന്തിന് വെറുതെ ഒന്നു കാണാനായിപോലും, വഴികാട്ടിയായി പ്രവര്‍ത്തിക്കാന്‍ പലപ്പോഴും ഇടവന്നിട്ടുണ്ട്. പ്രശ്നങ്ങളുടെ ഗുരുലഘുത്വമനുസരിച്ച് മാഷ് ഇതിലെല്ലാം പ്രതികരിക്കാറുമുണ്ട്.
ചില ദീര്‍ഘയാത്രകളില്‍ സഹയാത്രികനായി പോയ അവിസ്മരണീയ അനുഭവങ്ങളും ഉണ്ട്. എന്റെ വീട്ടിലും അതിലേറെ വിയ്യൂരിലുള്ള എന്റെ അനുജന്‍ പ്രൊഫ. എം ഹരിദാസിന്റെ വീട്ടിലും അദ്ദേഹം പലപ്പോഴും സന്ദര്‍ശകനും അതിഥിയുമായി എത്താറുണ്ട്. അഴീക്കോട് മാഷ് നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു പ്രകാശഗോപുരമാണ്. സമൂഹത്തിന്റെ പൊതുസ്വത്താണ്. ഒന്നിലും ഒതുങ്ങുന്നതോ ഒതുക്കാവുന്നതോ അല്ല സഹസ്രശോഭിയായ ആ വ്യക്തിത്വം. എങ്കിലും ഞങ്ങള്‍ , തൃശൂര്‍ക്കാര്‍ സ്വാര്‍ഥത കൊണ്ടാകാം അദ്ദേഹത്തെ തൃശൂരിന്റെ ഏറ്റവും പ്രിയപ്പെട്ട ദത്തുപുത്രനായി കരുതുന്നു. തൃശൂരിന്റെ ശില്‍പ്പിയായ ശക്തന്‍തമ്പുരാനെപ്പോലെ, തൃശൂരില്‍നിന്ന് രാഷ്ട്രീയ പ്രവര്‍ത്തനമാരംഭിച്ച് ലോകത്തോളം വളര്‍ന്ന സ. ഇ എം എസിനെപ്പോലെ ജീവിതത്തിന്റെ അവസാനപാദത്തില്‍ തൃശൂരില്‍ കൂടണയാന്‍ വന്ന് ഞങ്ങളോടൊപ്പം ജീവിച്ച അഴീക്കോട് മാഷിനെ ഞങ്ങള്‍ , തൃശൂര്‍ക്കാര്‍ അഭിമാനത്തോടെ, ആവേശത്തോടെ ഞങ്ങളുടെ സ്വന്തമെന്ന് കരുതുന്നു.
(പ്രൊഫ. എം മുരളീധരന്‍)
സാഹിത്യ യൗവനം തിരികെ നല്‍കിയ ഫോട്ടോ
80ാം പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് ലഭിച്ച ആ സമ്മാനം സുകുമാര്‍ അഴീക്കോടിന് ഒരിക്കലും മറക്കാനാവാത്തതായിരുന്നു. ബാലുശേരി വിവേകാനന്ദ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച അഴീക്കോടിനെ ആദരിക്കുന്ന ചടങ്ങിലാണ് ഗൃഹാതുര സ്മരണകളുമായി ആ സമ്മാനം നല്‍കിയത്. അഴീക്കോടിന്റെ 27ാം വയസ്സില്‍ സാഹിത്യ നിരൂപകനും പത്രപ്രവര്‍ത്തക കുലപതിയുമായ കേസരി ബാലകൃഷ്ണപ്പിള്ളയോടൊപ്പമുള്ള അപൂര്‍വ ഫോട്ടോയായിരുന്നു 2005 മാര്‍ച്ച് 27ന് അഴീക്കോടിന് സമ്മാനിച്ചത്. രാജന്‍ ബാലുശേരിയായിരുന്നു അഴീക്കോടിന് മറക്കാനാവാത്ത ആ ഉപഹാരം സമ്മാനിച്ചത്. 1953 സെപ്തംബറില്‍ അഴീക്കോട് കേസരി ബാലകൃഷ്ണപിള്ളയെ കാണാന്‍ അദ്ദേഹത്തിന്റെ പറവൂരിലെ മാടവന വീട്ടിലെത്തിയ നിമിഷത്തിന്റെതായിരുന്നു ആ അപൂര്‍വ ഫോട്ടോ. ചിറയ്ക്കല്‍ രാജാസ് ഹൈസ്കൂളിലെ അധ്യാപകനായിരുന്നു അന്ന് അഴീക്കോട്.
"അരനൂറ്റാണ്ടിനപ്പുറത്തെ തന്റെ സാഹിത്യ ജീവിതത്തിന്റെ യൗവനം തിരിച്ചുകിട്ടിയതുപോലെ തോന്നുന്നു"- രാജന്‍ ബാലുശേരി നല്‍കിയ ഫോട്ടോ സ്വീകരിച്ചുകൊണ്ട് അഴീക്കോട് പറഞ്ഞു. പിന്നീട് ചില പ്രഭാഷണങ്ങള്‍ക്കിടെ രാജെന്‍റ ഫോട്ടോയെക്കുറിച്ച് അദ്ദേഹം പറയുമായിരുന്നു. വിവേകാനന്ദ പ്രഭാഷണത്തിന് അഴീക്കോട് ബാലുശേരിയിലെത്തുമായിരുന്നു. രാജന്‍ ബാലുശേരിയുമായുള്ള ആത്മബന്ധമായിരുന്നു ഇതിനുപിന്നില്‍ . കോഴിക്കോട്ടെ പ്രഭാഷണത്തിന് മാഷിനൊപ്പം എപ്പോഴും രാജനുമുണ്ടാവും. പ്രഭാഷണം കഴിഞ്ഞ് കാറില്‍ കയറുമ്പോള്‍ രാജനെ കണ്ടില്ലെങ്കില്‍ "അവനെവിടെ, രാജനോട് കാറില്‍ കയറാന്‍ പറ" എന്ന് പറഞ്ഞ് കാറില്‍കയറ്റാനും അഴീക്കോടിന് മടിയില്ലായിരുന്നു. ഇക്കഴിഞ്ഞ അഴീക്കോടിന്റെ പിറന്നാള്‍ ദിനത്തിലും തൃശൂരിലെ വസതിയിലേക്ക് രാജനെ ക്ഷണിച്ചിരുന്നു. കുടുംബാംഗങ്ങളുടെ സുഖവിവരം തിരക്കി പലപ്പോഴും എഴുതുകയും വിളിക്കാറുമുണ്ടായിരുന്നുവെന്ന് രാജന്റെ ഭാര്യ ഗിരിജ പറഞ്ഞു. കോഴിക്കോട് വാട്ടര്‍ അതോറിറ്റി ജീവനക്കാരന്‍ കൂടിയായ രാജന്‍ ബാലുശേരി എന്ന നാട്ടുമ്പുറത്തുകാരന്റെ "ദാര്‍ശനിക ദളങ്ങള്‍" എന്ന പുസ്തകത്തിന് അവതാരിക എഴുതിയതും പ്രകാശനം ചെയ്തതും അഴീക്കോടായിരുന്നു.
(കെ ഗിരീഷ്)
ശിരസ്സുയര്‍ത്തി മൂത്തകുന്നത്ത്...
"അഴീക്കോട് മാഷ് പ്രവേശിച്ചതോടെ ക്ലാസ്മുറി നിശ്ശബ്ദമായി. മലയാളംക്ലാസിലെ പന്ത്രണ്ടുപേരും ആ വാക്കുകള്‍ക്കായി കാതോര്‍ത്തിരുന്നു. മെല്ലെത്തുടങ്ങിയ ക്ലാസ് വിമര്‍ശവും വിചിന്തനവുമായി കത്തിക്കയറി. അണമുറിയാത്ത അറിവിന്റെ പ്രവാഹത്തില്‍ ഞങ്ങള്‍ ഓരോരുത്തരും ലയിച്ചു." ഡോ. സുകുമാര്‍ അഴീക്കോടിന്റെ ശിഷ്യനും പ്രഭാഷകനും ഗ്രന്ഥകാരനുമായ സി കെ ഗംഗാധരന്റേതാണ് ഈ വാക്കുകള്‍ . മൂത്തകുന്നം എസ്എന്‍എം ബിഎഡ് ട്രെയ്നിങ് കോളേജിലെ തന്റെ പ്രിയപ്പെട്ട അധ്യാപകന്റെ അവിസ്മരണീയമായ ക്ലാസുകള്‍ ഓര്‍ത്തെടുക്കുകയായിരുന്നു അദ്ദേഹം.
ആരുടെ മുന്നിലും തലകുനിക്കാതെ അഭിപ്രായങ്ങള്‍ പറയുന്ന പ്രകൃതം അദ്ദേഹത്തിന് ധാരാളം ശത്രുക്കളെ സമ്മാനിച്ചു. മൂത്തകുന്നം ട്രെയ്നിങ് കോളേജിന്റെ പ്രിന്‍സിപ്പലായിരുന്ന കാലത്ത് കോളേജ് മാനേജ്മെന്റിനെതിരെയും അദ്ദേഹത്തിന്റെ വിമര്‍ശശരം നീണ്ടു. കോളേജിന്റെ ഓഫീസില്‍ ഫോണില്ലാതിരുന്നതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. ക്ലാസിനിടെ എച്ച്എംഡിപി സഭയുടെ ഓഫീസില്‍ പോയി ഫോണ്‍ അറ്റന്‍ഡ്ചെയ്യേണ്ടിവരുന്നത് അദ്ദേഹത്തിന് സഹിക്കാവുന്നതിലും അധികമായിരുന്നു. ഒരിക്കല്‍ ഫോണ്‍ വന്ന വിവരം പറയാനെത്തിയ പ്യൂണിനൊപ്പം പോകാന്‍ കൂട്ടാക്കാതെ അദ്ദേഹം ക്ലാസ് തുടര്‍ന്നു. കേരളത്തില്‍ 19 ട്രെയ്നിങ് കോളേജുകളുള്ളതില്‍ ടെലിഫോണില്ലാത്ത കോളേജ് ഏതെന്നു ചൂണ്ടിക്കാണിക്കാമോയെന്ന ചോദ്യവുമായാണ് അഴീക്കോട് പിന്നെ ക്ലാസിനെ നേരിട്ടത്- ഗംഗാധരന്‍ പറഞ്ഞു.
കോളേജ് മാനേജ്മെന്റുമായുള്ള അദ്ദേഹത്തിന്റെ ബന്ധം പിന്നീട് വഷളായി. അത് തുറന്ന പോരിലേക്കും നയിച്ചു. പൊതുവേദിയില്‍ ഒരിക്കല്‍ അഴീക്കോട് ഇങ്ങനെ പറഞ്ഞു: "നിങ്ങളെല്ലാം കഴുതകളെ കണ്ടുകാണും. കഴുതകളെ ഒരുമിച്ചു കാണണമെങ്കില്‍ മൂത്തകുന്നത്തു വന്നാല്‍മതി". അഭിപ്രായവ്യത്യാസം മൂര്‍ച്ഛിച്ചതോടെ പ്രിന്‍സിപ്പല്‍സ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കാന്‍ സഭാ നേതൃത്വം കിണഞ്ഞുശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പത്തുവര്‍ഷം സേവനമനുഷ്ഠിച്ചശേഷം കലിക്കറ്റ് സര്‍വകലാശാലയില്‍ പ്രോവൈസ് ചാന്‍സലറായതോടെയാണ് സ്ഥാനമൊഴിഞ്ഞത്. തത്ത്വമസിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചപ്പോള്‍ സ്വീകരണമൊരുക്കിയാണ് എച്ച്എംഡിപി മാനേജ്മെന്റ് ഇതിന് പ്രായശ്ചിത്തംചെയ്തത്- ഗംഗാധരന്‍ ഓര്‍ക്കുന്നു.
ശിഷ്യരോട് എന്നും അഗാധമായ സ്നേഹമാണ് അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നത്. താന്‍ എഴുതിയ ഡോ. പല്‍പ്പുവിന്റെ ജീവചരിത്രഗ്രന്ഥത്തിന് മനോഹരമായ അവതാരിക എഴുതിയതും അതിനാലാണെന്ന് ഗംഗാധരന്‍ പറയുന്നു. ഈ പുസ്തകം വായിക്കാന്‍കഴിഞ്ഞത് സൗഭാഗ്യമായി കരുതുന്നുവെന്നാണ് അഴീക്കോടിന്റെ വാക്കുകള്‍ . ഈ അവതാരിക കണ്ട ഇ എം എസ് ദേശാഭിമാനി വാരികയില്‍ പുസ്തകത്തെക്കുറിച്ച് ലേഖനമെഴുതിയിരുന്നു. ഈ ഗ്രന്ഥകാരനോട് കേരളീയര്‍ കൃതജ്ഞരായിരിക്കണമെന്ന് ഇഎം എസ് എഴുതിയത് അഴീക്കോടിന്റെ നല്ലവാക്കുകള്‍മൂലമാണെന്നും ഗംഗാധരന്‍ വ്യക്തമാക്കുന്നു.
അക്ഷരങ്ങളുടെ തളര്‍ച്ചയില്‍ ആകുലനായി...
"വായനയുടെയും ചിന്തയുടെയും ലോകത്ത് വന്‍ അസ്തമനങ്ങള്‍ക്കാണ് നാം സാക്ഷ്യംവഹിക്കുന്നത്"- കൊച്ചിയിലെ അവസാനപ്രഭാഷണത്തില്‍ നിറഞ്ഞ സദസ്സിനെനോക്കി ഡോ. സുകുമാര്‍ അഴീക്കോട് പറഞ്ഞു. ഡിസംബറില്‍ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സായാഹ്നം ഉദ്ഘാടനംചെയ്യാന്‍ എത്തിയതായിരുന്നു അദ്ദേഹം. അന്നും അക്ഷരങ്ങളുടെ അസ്തമയത്തെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ മുഴുവന്‍ ആകുലതയും. രോഗപീഡകള്‍ തളര്‍ത്തിയ ശരീരത്തിനെക്കുറിച്ചുള്ളതിനേക്കാള്‍ ആകുലത അക്ഷരങ്ങളുടെ തളര്‍ച്ചയെക്കുറിച്ച് പറയുമ്പോള്‍ അഴീക്കോടിന്റെ സ്വരത്തിലുണ്ടായിരുന്നു. വേദിയിലേക്കു കയറാനും ഇരിപ്പിടത്തില്‍നിന്ന് എഴുന്നേല്‍ക്കാനും വല്ലാതെ ക്ലേശിച്ചു. മൈക്കിനു മുന്നിലെത്തിയപ്പോള്‍ പക്ഷേ രോഗപീഡകളെല്ലാം മറന്നെന്ന് തോന്നി. മാറുന്ന ലോകത്ത് വായനയുടെ പ്രാധാന്യത്തെക്കുറിച്ച് 15 മിനിറ്റോളം നീണ്ട പ്രഭാഷണത്തിനിടയ്ക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയായി നീണ്ട ചുമകളെത്തിയപ്പോള്‍ അദ്ദേഹം അസ്വസ്ഥനായി. "എനിക്ക് തീരെ വയ്യ. സംസാരിക്കരുതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുള്ളത്. എന്നാലും ഇവിടെവരെ വന്ന സ്ഥിതിക്ക് ഇത്രയെങ്കിലും പറയണ്ടേ...?" എന്ന് പുഞ്ചിരിയോടെ സദസ്സിനോട് ചോദിച്ചു.
"സാംസ്കാരിക ലോകത്തെ അസ്തമയങ്ങളെ തടയാന്‍ അക്ഷരങ്ങള്‍ക്കു മാത്രമേ സാധിക്കുകയുള്ളുവെന്ന വസ്തുത നാം മറക്കരുത്. ഇപ്പോള്‍ കുട്ടികള്‍ക്കൊന്നും വായനയില്ല. 25 വയസ്സിനിടയ്ക്ക് ഞാന്‍ വായിച്ച പുസ്തകങ്ങള്‍ ഏതൊക്കെയാണെന്ന് തിരിഞ്ഞുനോക്കുമ്പോള്‍ എനിക്കുതന്നെ ഭയം തോന്നുന്നു"- വായനയുടെ പരിണാമത്തെക്കുറിച്ചുള്ള ഗൗരവമേറിയ നിരീക്ഷണങ്ങള്‍ തുടരാന്‍ പക്ഷേ അദ്ദേഹത്തിനായില്ല. പതിഞ്ഞ താളത്തില്‍ തുടങ്ങി കത്തികയറുന്ന സുകുമാരശൈലി പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നതില്‍ അദ്ദേഹം നിരാശനാണെന്ന് മുഖഭാവം വ്യക്തമാക്കി. ഒന്നും രണ്ടും മണിക്കൂര്‍ മനോഹര സംഗീതം പോലെ നീളാറുള്ള പ്രഭാഷണം 15 മിനിറ്റില്‍ തീര്‍ന്നതില്‍ സദസ്സും നിരാശരായി.
ദേശാഭിമാനി കൊച്ചി യൂണിറ്റില്‍ സംഘടിപ്പിച്ച ഓണാഘോഷപരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ അഴീക്കോട്മാഷ് സന്തുഷ്ടനായിരുന്നു. ഉച്ചയ്ക്ക് കൊച്ചി യൂണിറ്റില്‍ എത്തിയ അദ്ദേഹം ദേശാഭിമാനി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങളോടുമൊപ്പം ഓണം ഉണ്ടു. രണ്ട് ഗ്ലാസ് പാല്‍ പായസം കഴിച്ചു. "മധുരം കഴിക്കരുതെന്ന് ഡോക്ടര്‍മാര്‍ കര്‍ശനമായി വിലക്കിയിട്ടുണ്ട്. പക്ഷേ ഇത്തരം അവസരങ്ങളില്‍ രണ്ടോ മൂന്നോ ഗ്ലാസ് പായസം കുടിച്ചതുകൊണ്ട് പ്രശ്നമൊന്നുമില്ല"- അഴീക്കോട് സന്തോഷത്തോടെ പറഞ്ഞു. ഓണാഘോഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും രാഷ്ട്രീയ-സാമൂഹ്യ സാഹചര്യങ്ങളെക്കുറിച്ചും ഒരു മണിക്കൂറോളം നീണ്ട പ്രഭാഷണത്തിനുശേഷം മാഷ് പറഞ്ഞു- "ഓണത്തിന് മഹാനായ ബലിയെ കാത്തിരിക്കുന്ന നിങ്ങള്‍ ഈ അല്‍പ്പബലിയെ കാണാനും അയാളുടെ വാക്കുകള്‍ക്കുവേണ്ടി കാതോര്‍ത്തിരിക്കാനും കാണിച്ച സന്മനസ്സിന് നന്ദിയര്‍പ്പിച്ചുകൊണ്ട് നിര്‍ത്തട്ടെ". നവംബറില്‍ സമസ്ത കേരള സാഹിത്യപരിഷത്തിന്റെ മലയാളവാരാഘോഷത്തിന്റെ ഉദ്ഘാടനത്തിനായി സുകുമാര്‍ അഴീക്കോടിനെ ക്ഷണിച്ചെങ്കിലും ചികിത്സ നടക്കുന്നതിനാല്‍ അദ്ദേഹത്തിന് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. തങ്ങളുടെ ഹൃദയം നിറഞ്ഞ സ്നേഹം ഏറ്റുവാങ്ങാന്‍ വാക്കുകളുടെ മഹാബലി ഇനിയില്ലെന്ന ദുഃഖസത്യത്തോട് പൊരുത്തപ്പെടാനുള്ള ശ്രമത്തിലാണ് കൊച്ചിക്കാര്‍ .
*
ദേശാഭിമാനി 25 ജനുവരി 2012
Subscribe to:
Post Comments (Atom)
No comments:
Post a Comment