Friday, January 27, 2012

ഇന്ത്യന്‍ റിപ്പബ്ലിക്കിലെ ആദ്യ രക്തസാക്ഷി

ഇന്ത്യന്‍ റിപ്പബ്ലിക്കിലെ ആദ്യ രക്തസാക്ഷിയാണ് സര്‍ദാര്‍ ഗോപാലകൃഷ്ണന്‍. സഖാവിന്റെ രക്തസാക്ഷിത്വം സംഭവിച്ചിട്ട് 62 വര്‍ഷങ്ങള്‍ പിന്നിട്ടു.

1950 ജനുവരി 26 ന് ഇന്ത്യ ഒരു പരമാധികാര, മതനിരപേക്ഷ, ജനാധിപത്യ, റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു. എന്നാല്‍ എല്ലാതരത്തിലുമുള്ള അസമത്വവും ഉച്ചനീചത്വവും മാടമ്പിത്വവും ജന്മിത്വവും നാടുവാഴി സംസ്‌ക്കാരവും നിറഞ്ഞുനിന്ന സാമൂഹ്യ സാഹചര്യമാണ് തെക്കെ മലബാറിന്റെ ഭാഗമായ നാട്ടികഫര്‍ക്കയില്‍ നിലനിന്നിരുന്നത്.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് നിലനില്‍ക്കുന്നകാലമായിരുന്നു.

വടക്കെ മലബാറില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും കര്‍ഷക പ്രസ്ഥാനത്തിനും ശക്തമായ വേരോട്ടം ഉണ്ടായിരുന്നു. അതുപോലെയായിരുന്നില്ല തെക്കെ മലബാറിന്റെ സ്ഥിതി. പ്രത്യേകിച്ച് നാട്ടിക ഫര്‍ക്ക മേഖലയില്‍. അവിടെ ജന്മിമാരുടെയും പൊലീസിന്റേയും കോണ്‍ഗ്രസ് ഗുണ്ടകളുടേയും ആക്രമണത്തിന് സാധാരണക്കാരും തൊഴിലാളികളും ഇരയാകേണ്ടിവന്നിരുന്നു.

മലബാര്‍ സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറി കെ ദാമോദരനാണ്. നാട്ടിക ഫര്‍ക്ക കമ്മിറ്റിയുടെ സെക്രട്ടറി ടി കെ രാമന്‍. ഏഴ് അംഗങ്ങളുടെ കമ്മിറ്റി. പി കെ ഗോപാലകൃഷ്ണന്‍, പി ടി ഭാസ്‌ക്കരപ്പണിക്കര്‍, കെ എസ് നായര്‍, മുഹമ്മദ് യൂനസ്, സേലം കൃഷ്ണന്‍, സര്‍ദാര്‍ ഗോപാലകൃഷ്ണന്‍ എന്നിവരാണ് സെക്രട്ടറി ഒഴികെയുള്ള കമ്മിറ്റിക്കാര്‍.
സി പി ഐയുടെ ഉശിരന്‍ പ്രവര്‍ത്തകനായിരുന്നു സര്‍ദാര്‍ ഗോപാലകൃഷ്ണന്‍. നാട്ടികഫര്‍ക്കയില്‍ എടത്തുരുത്തിയില്‍ കുവ്വളപറമ്പില്‍ ചാത്തുണ്ണി, കോതമ്മ ദമ്പതികളുടെ മകനായി ജനിച്ച സഖാവിന് പട്ടാളത്തില്‍ നിന്ന് ലഭിച്ച പദവിയാണ് സര്‍ദാര്‍. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം പട്ടാളത്തില്‍ നിന്ന് വിരമിച്ച് നാട്ടില്‍ എത്തിയശേഷം പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായി ഉയരുകയായിരുന്നു.

തൊഴിലാളികള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേരെ കോണ്‍ഗ്രസുകാരും ജന്മിമാരും അഴിച്ചുവിട്ടുകൊണ്ടിരുന്ന ആക്രമണത്തെ തുറന്നു കാണിച്ചുകൊണ്ട് ഫര്‍ക്ക കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഘുലേഖ പ്രചാരണം സംഘടിപ്പിച്ചു.

പൗരസ്വാതന്ത്ര്യത്തിനുവേണ്ടി ഒരു ജാഥ നടത്തുവാന്‍ ഫര്‍ക്ക കമ്മിറ്റി തീരുമാനിച്ചു. നിരോധനം ലംഘിച്ചുകൊണ്ടുള്ള ജാഥയുടെ മുദ്രാവാക്യം പൗരസ്വാതന്ത്ര്യത്തിനുവേണ്ടി എന്നതായിരുന്നു. ആദ്യ റിപ്പബ്ലിക് ദിനത്തില്‍ തന്നെയായിരിക്കണം ജാഥയെന്നും നിശ്ചയിച്ചു. ജാഥയുടെ നേതൃത്വം ഏറ്റെടുക്കുവാന്‍ സര്‍ദാര്‍ തന്നെ മുന്നോട്ട് വന്നു. അറസ്റ്റിന് വഴങ്ങരുതെന്ന് പി കെ ഗോപാലകൃഷ്ണന് പാര്‍ട്ടിയുടെ പ്രചാരണ-പ്രക്ഷോഭ കമ്മിറ്റിയുടെ നിര്‍ദേശം ഉണ്ടായിരുന്നു. ജാഥയുടെ ഉദ്ഘാടനം പി കെ ഗോപാലകൃഷ്ണന്‍ നടത്തണമെന്ന് നാട്ടിക ഫര്‍ക്ക കമ്മിറ്റി നിശ്ചയിച്ചിരുന്നു.

ജാഥ നടത്തുവാനുള്ള തീരുമാനം ഉള്ളതായി അറിഞ്ഞ് ടി കെ രാമന്‍, കെ എസ് നായര്‍, പി ടി ഭാസ്‌ക്കരപ്പണിക്കര്‍ എന്നീ നേതാക്കളെ പൊലീസ് മുന്‍കൂട്ടി അറസ്റ്റ് ചെയ്തു. സേലം കൃഷ്ണന്‍ ജയിലില്‍ ആയിരുന്നു. കമ്മറ്റിയിലെ ബാക്കി രണ്ട് പേര്‍ മുഹമ്മദ് യൂനസും സര്‍ദാര്‍ ഗോപാലകൃഷ്ണനുമായിരുന്നു. അവര്‍ ജാഥയില്‍ പങ്കെടുത്തു.

കനോലികനാലിന്റെ ഭാഗമായ പെരിഞ്ഞനം കിഴക്ക് കുറ്റിലക്കടവില്‍ നിന്നാണ് ജാഥ ആരംഭിച്ചത്. അമ്പത്തിയഞ്ച് പേരാണ് ജാഥയില്‍ പങ്കെടുക്കാന്‍ എത്തിയത്. സ്വയം സന്നദ്ധനായി മുന്നോട്ട് വന്ന സര്‍ദാര്‍ ആയിരുന്നു ജാഥാ ക്യാപ്റ്റന്‍. ഉദ്ഘാടകനായ പി കെ ഗോപാലകൃഷ്ണന്‍ നല്‍കിയ ചെങ്കൊടി സര്‍ദാര്‍ ഏറ്റുവാങ്ങി. തന്റെ കൈയില്‍ കെട്ടിയ റിസ്റ്റ് വാച്ചും ഫൗണ്ടന്‍ പേനയും സര്‍ദാര്‍, പി കെ ഗോപാലകൃഷ്ണനെ ഏല്‍പ്പിച്ചു.

നിരോധനം ലംഘിച്ച് നടത്തുന്ന ജാഥയ്ക്ക് നേരേ ഭരണകൂടം അഴിച്ചുവിടുന്ന മര്‍ദ്ദനം എങ്ങനെയുള്ളതായിരിക്കുമെന്ന് ധീരനായ ആ സഖാവ് മനസ്സിലാക്കിയിരുന്നു. ജാഥ പെരിഞ്ഞനം മെയിന്‍ റോഡ് വഴി തെക്കോട്ട് നീങ്ങി. മതിലകം പൊലീസ് ഔട്ട് പോസ്റ്റിന് ഒരു ഫര്‍ലോങ്ങ് വടക്ക് വശത്തുവെച്ച് വലപ്പാട് സബ് ഇന്‍സ്‌പെക്ടര്‍ സി കെ ഗോവിന്ദന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ ഒരു സംഘം പൊലീസുകാര്‍ ജാഥയെ തടയുകയും മര്‍ദ്ദനം അഴിച്ചുവിടുകയും ചെയ്തു. സര്‍ദാര്‍ ഗോപാലകൃഷ്ണനേയും പി യു ഗംഗാധരനേയും അറസ്റ്റ് ചെയ്ത് മതിലകം ഔട്ട് പോസ്റ്റിലേയ്ക്ക് കൊണ്ടുപോയി. അവിടെവെച്ച് പൊലീസ് നടത്തിയ ഭീകരമര്‍ദ്ദനത്തില്‍ സര്‍ദാര്‍ വീരമൃത്യു വരിച്ചു.

ജീവിച്ചിരിക്കുന്ന സര്‍ദാറിനേക്കാളും ശക്തനായിരിക്കും കൊല്ലപ്പെട്ട സര്‍ദാര്‍ എന്ന് മനസ്സിലാക്കിയ പൊലീസ് ആരോരും അറിയാതെ വലപ്പാട്ട് ബീച്ചില്‍ കൊണ്ടുപോയി സഖാവിന്റെ മൃതദേഹം മറവ് ചെയ്തു.

ഈ ഹീനകൃത്യങ്ങളെല്ലാം ചെയ്തശേഷം സ്റ്റേഷനിലെത്തിയ ഇടിവീരനായ സബ് ഇന്‍സ്‌പെക്ടര്‍ അലറി വിളിച്ചു. ''കമ്മ്യൂണിസം ഇനി ഈ മണ്ണില്‍ പൊന്തില്ല''. എന്നാല്‍ നേരം പുലര്‍ന്നപ്പോള്‍ കണ്ട കാഴ്ച മറ്റൊന്നായിരുന്നു. സഖാവിന്റെ പാവനശരീരം മൂടിയ മണ്ണിന്റെ മുകളില്‍ ഒരു ചെങ്കൊടി പാറിപറക്കുന്നു.

*
കെ ജി ശിവാനന്ദന്‍ ജനയുഗം 26 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യന്‍ റിപ്പബ്ലിക്കിലെ ആദ്യ രക്തസാക്ഷിയാണ് സര്‍ദാര്‍ ഗോപാലകൃഷ്ണന്‍. സഖാവിന്റെ രക്തസാക്ഷിത്വം സംഭവിച്ചിട്ട് 62 വര്‍ഷങ്ങള്‍ പിന്നിട്ടു.