"മോടി കൂട്ടാനെന്ത് വഴി"യെന്നത് പത്രമുത്തശ്ശി പ്രസിദ്ധീകരിച്ച പടത്തിന്റെ അടിക്കുറിപ്പാണ്. പലതും ഈ അടിക്കുറിപ്പില്‍നിന്ന് വായിച്ചെടുക്കാന്‍ പറ്റും. നരേന്ദ്രമോഡിയില്‍നിന്ന് ആര്‍ക്കാണ് മോടി കൂട്ടേണ്ടത്. ഉമ്മന്‍ചാണ്ടിക്കുതന്നെയെന്നാണ് സൂചന. പത്രമുത്തശ്ശി ഉപദേശിക്കുന്നത് മോഡിയില്‍നിന്ന് ഉമ്മന്‍ചാണ്ടി പാഠം ഉള്‍ക്കൊള്ളണമെന്നാണ്.
എന്താണ് ഉള്‍ക്കൊള്ളേണ്ട ഈ പാഠം? ലോകചരിത്രത്തിലെതന്നെ ഏറ്റവും വലിയ വംശഹത്യക്ക് നേതൃത്വം നല്‍കിയ വ്യക്തിയാണ് ഗുജറാത്തിലെ മുഖ്യമന്ത്രിയായ നരേന്ദ്ര മോഡി. ഗോധ്ര സംഭവത്തിനുശേഷം നടന്ന കലാപത്തില്‍ മൂവായിരത്തോളം പേരെയാണ് ഗുജറാത്തില്‍ കൊന്നുതള്ളിയത്. മുസ്ലിങ്ങളാണ് അന്ന് കൊലചെയ്യപ്പെട്ടത്. ന്യൂനപക്ഷത്തോടുള്ള ഈ ഒടുങ്ങാത്ത പകയാണോ മോഡിയില്‍നിന്ന് ഉമ്മന്‍ചാണ്ടി പഠിക്കേണ്ടത്? ഗുജറാത്തിന്റെ വികസനമാതൃകയാണോ ഉമ്മന്‍ചാണ്ടി സ്വീകരിക്കേണ്ടത്? സ്വകാര്യവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കുന്ന അവര്‍ക്ക് സൗജന്യങ്ങള്‍ വാരിക്കോരി നല്‍കുന്ന മോഡിയുടെ വികസന മാതൃകയാണോ കേരളത്തില്‍ നടപ്പാക്കേണ്ടത്?
മോഡിയുടെ വികസന മാതൃക പിന്തുടരുന്നതില്‍ കേന്ദ്രസര്‍ക്കാരും മടിച്ച് നില്‍ക്കാറില്ല. ഈ വികസന മാതൃക സ്വീകരിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസിനും ഒട്ടും മടിയുണ്ടായിരുന്നില്ല. മോഡിയെ വാഴ്ത്തിയ അബ്ദുള്ളക്കുട്ടിയെ വാരിപ്പുണരാന്‍ മടിക്കാത്ത പ്രസ്ഥാനമാണ് ഉമ്മന്‍ചാണ്ടിയുടെ കോണ്‍ഗ്രസെന്നതും മറന്നുകൂടാ. ഇതുകൊണ്ടുതന്നെയാണ് ജയ്പുരിലെ ബി എം ബിര്‍ളാ ഓഡിറ്റോറിയത്തില്‍ പത്താമത് "പ്രവാസി ഭാരതീയ ദിവസി"ല്‍ പങ്കെടുക്കാനെത്തിയ ഉമ്മന്‍ചാണ്ടി ഒരു മടിയും കൂടാതെ നരേന്ദ്രമോഡിയ്ക്ക് മായി ഹസ്തദാനം നല്‍കാന്‍ തയ്യാറായതും സൗഹൃദം പങ്കിട്ടതും. പലസ്തീന്‍കാരെ കൂട്ടക്കുരുതി നടത്തിയ ഇസ്രയേല്‍ പ്രസിഡന്റ് ഷിമോണ്‍ പെരസുമായി സൗഹൃദം പങ്കുവച്ച കെ വി തോമസിന്റെ പാരമ്പര്യമുള്ള കോണ്‍ഗ്രസ് നേതാക്കളില്‍നിന്ന് ഇതിലപ്പുറവും പ്രതീക്ഷിക്കണം.
മോഡി ഉള്‍പ്പെടുന്ന ബിജെപിയുമായി ബിഹാറില്‍ അധികാരം പങ്കിടുന്ന നിതീഷ്കുമാര്‍പോലും മടിച്ച കാര്യമാണ് ഉമ്മന്‍ചാണ്ടി ചെയ്തത്. ബിഹാറില്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ ബിജെപിയുടെ ദേശീയ നിര്‍വാഹകസമിതി യോഗം ചേര്‍ന്ന വേളയില്‍ നരേന്ദ്ര മോഡിക്ക് കൈകൊടുക്കുന്ന പടമുള്ള പരസ്യം ഉയര്‍ന്നപ്പോള്‍ ക്ഷോഭത്തോടെ പ്രതികരിച്ചയാളാണ് നിതീഷ് കുമാര്‍ . ബിജെപി പ്രതിനിധികള്‍ക്ക് വാഗ്ദാനംചെയ്ത അത്താഴവിരുന്നുപോലും നിതീഷ്കുമാര്‍ റദ്ദാക്കി. കോസി നദി കരകവിഞ്ഞൊഴുകിയപ്പോള്‍ നിരാംലംബരായ ബിഹാറിലെ ജനങ്ങള്‍ക്ക് സഹായഹസ്തം നീട്ടിയകാര്യം പറഞ്ഞുകൊണ്ടാണ് ബിജെപി പരസ്യം നല്‍കിയിരുന്നത്. അനുവാദമില്ലാതെ തന്റെ ചിത്രമുള്ള പരസ്യം ആര് നല്‍കിയെന്ന ചോദ്യമാണ് നിതീഷ്കുമാര്‍ ഉയര്‍ത്തിയത്. അതോടൊപ്പംതന്നെ ഭാരതീയ സംസ്കാരത്തില്‍ ഊറ്റം കൊള്ളുന്ന ബിജെപിയുടെ പ്രത്യേകിച്ചും മോഡിയുടെ അവകാശവാദത്തെയും നിതീഷ് എതിര്‍ത്തു. സഹായം നല്‍കിയത് വിളിച്ചുപറയുന്ന സംസ്കാരം ഭാരതീയമല്ലെന്നാണ് നിതീഷ് അന്ന് പറഞ്ഞത്. ഗുജറാത്ത് നല്‍കിയ അഞ്ച് കോടി സഹായം വേണ്ടെന്ന് വയ്ക്കുകയും ചെയ്തു. എന്നാല്‍ , സഖ്യകക്ഷി നേതാക്കള്‍പോലും ചെയ്യാത്ത കാര്യമാണ് ജയ്പുരില്‍ ഉമ്മന്‍ചാണ്ടി ചെയ്തത്.
പ്രവാസി ഭാരതീയ ദിവസ് ചടങ്ങില്‍ മോഡിയോട് ഒരു പ്രതിഷേധവും പ്രകടിപ്പിക്കാത്ത ഏക നേതാവും ഉമ്മന്‍ചാണ്ടിയാണെന്നു പറയാം. പ്രവാസിമന്ത്രി വയലാര്‍ രവിപോലും പ്ലീനറി സമ്മേളനത്തിന്റെ ആമുഖ പ്രസംഗത്തില്‍ മോഡിക്ക് മുള്ളുവച്ചാണ് സംസാരിച്ചത്. "വിജയകരമായ മാതൃകകളാണ് എല്ലാവരും പകര്‍ത്തുന്നത്. മോഡിപോലും അതാണ് ചെയ്യുന്നത്. എന്നിട്ട് സ്വന്തം മാതൃക വന്‍വിജയമെന്ന് ഘോഷിക്കുകയും ചെയ്യുന്നുവെന്നാ"യിരുന്നു ആമുഖപ്രസംഗത്തില്‍ വയലാര്‍ രവി മോഡിയെ കളിയാക്കിയത്.
പത്ത് മുഖ്യമന്ത്രിമാര്‍ പങ്കെടുക്കുമെന്ന് വയലാര്‍ രവി അവകാശപ്പെട്ട പ്രവാസി ഭാരതീയ ദിവസില്‍ നാലുപേര്‍മാത്രമാണ് എത്തിയത്. ആതിഥേയ സംസ്ഥാനമായ രാജസ്ഥാനെ മാറ്റിനിര്‍ത്തിയാല്‍ മൂന്ന് മുഖ്യമന്ത്രിമാര്‍ . ഉമ്മന്‍ചാണ്ടിയും മോഡിയും ജാര്‍ഖണ്ഡിലെ ബിജെപി മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ടയും. അതില്‍ ഏറ്റവും കൈയടി നേടിയ പ്രസംഗം മോഡിയുടേതായിരുന്നു. ഗുജറാത്തില്‍നിന്നുള്ള പ്രവാസി വ്യവസായികളാണ് 1500 അംഗ പ്രതിനിധികളില്‍ ഭൂരിപക്ഷവും എന്നതാണ് ഈ കൈയടിക്ക് കാരണം. വയലാര്‍ രവി ഉള്‍പ്പെടെയുള്ള പ്രമുഖരെ നോക്കുകുത്തിയാക്കി പ്രവാസി ഭാരതീയ ദിവസിനെ നരേന്ദ്രമോഡി ഹൈജാക്ക് ചെയ്യുകയായിരുന്നു. യുപിഎ നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെയായിരുന്നു മോഡിയുടെ പ്രസംഗം. കോണ്‍ഗ്രസ് ഭരണത്തിലില്ലാത്ത സംസ്ഥാനങ്ങളെ കേന്ദ്രം സഹായിക്കുന്നില്ലെന്നും ഗുജറാത്ത് നേടിയ പശ്ചാത്തല വികസന സൗകര്യങ്ങളത്രയും സ്വന്തം വിഭവങ്ങളില്‍നിന്ന് നേടിയതാണെന്നും മോഡി തട്ടിവിട്ടു.
വയലാര്‍ രവിക്കെതിരെയും മോഡി വിമര്‍ശ ശരങ്ങളുയര്‍ത്തി. 2015ലെ പ്രവാസി ഭാരതീയ ദിവസിന് ആതിഥേയത്വം നല്‍കാന്‍ മോഡി സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും രവി ഒരക്ഷരം ഉരിയാടിയില്ലെന്നാണ് മോഡിയുടെ വിമര്‍ശം. കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്കില്‍ രാജസ്ഥാനിലെ പ്രവാസികളുടെ സമ്മേളനത്തില്‍വച്ച് ഒരു നിമിഷംകൊണ്ട് 2012ലെ പ്രവാസി ഭാരതീയ ദിവസ് ജയ്പുരില്‍ നടത്താന്‍ അനുമതി നല്‍കിയ ആളാണ് വയലാര്‍ രവിയെന്നും മോഡി പരിഹസിച്ചു. മോഡിയുടെ കത്തിക്കയറുന്ന പ്രസംഗം ആതിഥേയന്‍കൂടിയായ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് തീരെ സഹിച്ചില്ല. മോഡിയില്‍നിന്ന് മൈക്ക് പിടിച്ചുവാങ്ങിയ ഗെഹ്ലോട്ട് "നിങ്ങളുടെ (മോഡിയുടെ) വാചകമടി തുടരട്ടെ ഞാന്‍ പോകുന്നു" എന്നുപറഞ്ഞ് വേദിയില്‍നിന്ന് ഇറങ്ങിപ്പോയി. എന്നാല്‍ , ഉമ്മന്‍ചാണ്ടിയാകട്ടെ മോഡിയുടെ പ്രസംഗം മുഴുവന്‍ കേട്ടിരുന്നു; മോഡിയില്‍നിന്ന് പലതും മനസ്സിലാക്കാന്‍ ഉണ്ടെന്നപോലെ. അത് ശരിയായിരുന്നെന്ന് ചൊവവാഴ്ചത്തെ മലയാള മനോരമയിലെ മോടി-ചാണ്ടി അടിക്കുറിപ്പില്‍നിന്ന് വ്യക്തമാകുകയും ചെയ്തു.
*****
വി ബി പരമേശ്വരന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment