Wednesday, January 18, 2012

ഇടതുപക്ഷം ക്ഷയിക്കുന്നു...?

സി.പി.ഐ.എമ്മിന്റെ പരാജയത്തിന് വഴിവച്ച കാര്യങ്ങള്‍ തന്നെയാണ് അതിന്റെ തിരിച്ചുവരവിനുള്ള ഒറ്റമൂലിയായി പലരും നിര്‍ദ്ദേശിക്കുന്നത്. പരാജയത്തിന് വഴിയൊരുക്കിയ പ്രക്രിയയെ, ഞാന്‍ വിളിക്കുക, 'പ്രായോഗികതാവല്‍ക്കരണം' (empiricisation) എന്നാണ്. അതായത്, നവമുതലാളിത്തത്തിന്റെ (transcending capitalism) പദ്ധതികളെകുറിച്ച് മനസ്സിലാക്കാത്ത, ഒരു രാഷ്ട്രീയപ്രയോഗത്തിനുവേണ്ടിയുള്ള പരിശ്രമം എന്നര്‍ത്ഥം. തീര്‍ച്ചയായും, പക്വമായ ഒരു വിപ്ളവ സാഹചര്യം ഉടലെടുക്കുന്നത്, വല്ലപ്പോഴും മാത്രമാണ്. അങ്ങനെ വരുമ്പോള്‍ പിന്‍തുടരേണ്ടുന്ന രാഷ്ട്രീയപ്രവര്‍ത്തനം, തികച്ചും 'വിരസവും സാധാരണവും' ആയി തോന്നും, അപ്പോള്‍. ബി.ടി. രണദിവെ പറയാറുണ്ടായിരുന്ന 'രാഷ്ട്രീയത്തിന്റെ ചെറിയ മാറ്റം' (the small change of politics) മാത്രമായിരിക്കും സംഭവിക്കുക. ആ 'രാഷ്ട്രീയത്തിന്റെ ചെറിയ മാറ്റം' പോലും ഒരു കമ്മ്യൂണിസ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം, ദീര്‍ഘകാല ലക്ഷ്യവുമായി ബന്ധിപ്പിച്ച് മാത്രമെ കാണാനാവൂ. ഇത് സംഭവിക്കുന്നില്ലെങ്കില്‍ നമുക്ക് ലഭ്യമാവുക സ്വാഭാവികമായും 'രാഷ്ട്രീയത്തിന്റെ ചെറിയ മാറ്റം' മാത്രമായിരുക്കും. അതില്‍ മുഴുകുന്നതാണ് പ്രായോഗികതാവാദം അഥവാ അനുഭവാധിഷ്ടിത രാഷ്ട്രീയപ്രവര്‍ത്തനം. അത്യന്തികമായി, പശ്ചിമബംഗാളിലെ പരാജയത്തിന് കാരണമായത് ഈ പ്രയാഗികതാവാദമാണ്. തിരഞ്ഞെടുപ്പ് പരാജയത്തേക്കാള്‍ ഇടതുപക്ഷ അനുഭാവികള്‍ക്ക് ആശങ്കയുണ്ടാക്കുന്നത് ഈ പ്രവണതയാണ്. കാരണം തിരഞ്ഞെടുപ്പ് പരാജയം അടുത്തതവണ മാറിമറിയാം. പക്ഷെ പ്രായോഗികതാവല്‍ക്കരണം അങ്ങനെ മാറുക ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രായോഗികതാവല്‍ക്കരണം ഇല്ലാതാക്കുന്നതിനുള്ള ഒരു അവശ്യഉപാധി, അത് സംഭവിക്കുന്നുണ്ട് എന്ന തിരിച്ചറിവാണ്. ഒരു പക്ഷെ, 'പുനരുജ്ജീവനത്തിനുള്ള ശ്രമമെന്ന നിലയിലുള്ള ബോധപൂര്‍വ്വമായ പ്രായോഗികതാവല്‍ക്കരണത്തെ' തടയാന്‍ അത് സഹായിച്ചേക്കാം.

സാധാരണവും അനുഭവജ്ഞാനപരവുമായ ദൈനംദിന രാഷ്ട്രീയപ്രവര്‍ത്തനം കൊണ്ട് സ്വയം ദുഷിക്കുന്നില്ല എന്നതല്ല കമ്മ്യൂണിസ്റുകാരെ വ്യത്യസ്തരാക്കുന്നത്. മറിച്ച്, ഈ തലത്തിലുള്ള രാഷ്ട്രീയത്തിലെ അതിന്റെ ഇടപെടല്‍ പോലും മുതലാളിത്തവുമായി കെട്ടുപിണഞ്ഞുകിടക്കുന്നതായിരിക്കണം. 1942ല്‍ ലുക്കാച്ച് പറഞ്ഞതുപോലെ 'വിപ്ളവയാഥാര്‍ത്ഥ്യത'യുടെ ബോധം ഉള്‍ക്കൊള്ളുന്നതുമായിരിക്കണം. 'വിപ്ളവത്തിന്റെ യാഥാര്‍ത്ഥ്യത'യാല്‍ സജീവമാവുക എന്നുവച്ചാല്‍ വിപ്ളവം ഇങ്ങെത്തിക്കഴിഞ്ഞു എന്ന നിലപാടല്ല. 'രാഷ്ട്രീയത്തിന്റെ ചെറിയ മാറ്റ'ത്തിലുള്ള ഏര്‍പ്പെടല്‍ മുഴുവനും ദൈനംദിന രാഷ്ട്രീയവും നവമുതലാളിത്തവും തമ്മിലുള്ള ഇടയകലം മുഴുവനായി ബന്ധിപ്പിക്കുന്നതിനുതകുന്ന അടിസ്ഥാനത്തിലായിരിക്കണം എന്നാണ്. തല്‍ക്കാലത്തേക്ക് മാത്രമുള്ള, 'ഇവിടെ ഇപ്പോള്‍' തത്വത്തെ, നവമുതലാളിത്തത്തിന്റെ ആകമാനപദ്ധതികളുമായി ബന്ധിപ്പിക്കുന്നില്ലെങ്കില്‍ പ്രസ്ഥാനത്തില്‍ പ്രായോഗികതാവല്‍ക്കരണം നടക്കുന്നു എന്നു നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

പ്രായോഗികതാവല്‍ക്കരണത്തില്‍ നിന്നുയരുന്ന നാല് പ്രവണതകള്‍

നമ്മുടെ രാഷ്ട്രീയ വ്യവസ്ഥയുടെ പശ്ചാത്തലത്തില്‍, അത്തരം പ്രായോഗികതാവല്‍ക്കരണത്തിന്റെ നാല് പ്രവണതകളെങ്കിലും ഉയര്‍ന്നുവരുന്നുണ്ട്. ഒന്ന്: 'പാപ'ങ്ങളുടെ ഒരു ശൃംഖല എന്ന്, പാര്‍ട്ടിയുടെ എതിരാളികള്‍ ആരോപിക്കുന്നപ്രവണതകള്‍, പാര്‍ട്ടിതന്നെ കണ്ടെത്തിയിട്ടുള്ള, സ്വയംവിമര്‍ശന രേഖയില്‍ പറയുന്നതുമായ വിവിധ തലങ്ങളിലെ കരിയറിസം, 'സേച്ഛാധിപത്യം', ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം, യജമാനത്വം തുടങ്ങിയവ.

രണ്ട്: ഉയര്‍ന്നു വരുന്ന പ്രത്യേക സാഹചര്യങ്ങളില്‍, വിപ്ളവപ്രവര്‍ത്തനം മുന്നോട്ടു കൊണ്ടു പോകേണ്ടതിനുപകരം ചില 'ഒത്തുതീര്‍പ്പുകള്‍' നടത്താനുള്ള പ്രവണത. തൊഴിലാളികള്‍, കര്‍ഷകര്‍, കര്‍ഷകതൊഴിലാളികള്‍, പാവപ്പെട്ടവര്‍ തുടങ്ങി ഏത് 'അടിസ്ഥാനവര്‍ഗ്ഗ'ത്തിനു വേണ്ടിയാണോ പാര്‍ട്ടി നിലകൊള്ളുന്നത്, അവരില്‍ നിന്നും പാര്‍ട്ടി അകലുന്നതിന് ഇതിടയാക്കുന്നു. 'പാര്‍ട്ടി താല്പര്യങ്ങള്‍', അടിസ്ഥാന വര്‍ഗ്ഗത്തിന്റെ താല്പര്യങ്ങളില്‍നിന്നു വേറിട്ട് കാണുന്നു എന്നുള്ളതുകൊണ്ട് 'പാര്‍ട്ടി താല്പര്യങ്ങള്‍' പ്രതിരോധിക്കുന്നതിനായി താല്ക്കാലിക നടപടികള്‍ അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യുന്നു. ഇത് അടിസ്ഥാന വര്‍ഗ്ഗത്തിന്റെ താല്പര്യങ്ങളില്‍ നിന്നും കൂടുതല്‍ അകന്നു പോവുന്നതിന് കാരണമാകുന്നു.

മൂന്നാമത്, പ്രായോഗികതാവല്‍ക്കരണം, കമ്മ്യൂണിസ്റ്പാര്‍ട്ടിയും മറ്റ് ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ട്ടികളും തമ്മിലുള്ള അകലം കുറയ്ക്കുന്നതിനിടയാക്കുന്നുണ്ട്. അടിസ്ഥാനവര്‍ഗ്ഗത്തില്‍ നിന്നകന്നതിനെ തുടര്‍ന്ന് (പ്രത്യേകിച്ചും ഗ്രാമീണ കര്‍ഷകര്‍) 34 വര്‍ഷത്തെ ഭരണത്തിനൊടുവില്‍ ഇടതുപക്ഷത്തിന് അധികാരം നഷ്ടപ്പെട്ട പശ്ചിമബംഗാളില്‍ ഉള്‍പ്പെടെ, കുറച്ചുകാലമായി, ഇത്തരം പ്രവണതകള്‍ നമുക്ക് കാണുവാന്‍ കഴിയും.

പ്രായോഗികതാവല്‍ക്കരണത്തിന്റെ നാലാമത്തെ സവിശേഷത, അത് കൂടുതല്‍ കൂടുതല്‍ പ്രായോഗികതാവല്‍ക്കരണം ഉല്പാദിപ്പിക്കുന്നു എന്നതാണ്. ഈ പ്രക്രിയ തുടരാനനുവദിച്ചാല്‍, അത്, പാര്‍ട്ടി ആത്യന്തികമായി മുതലാളിത്ത പ്രത്യയശാസ്ത്രത്തിന് അധീനപ്പെടുന്നതിലേക്ക് നയിക്കും. രണ്ടാം ഇന്റര്‍നാഷണലിലെ പിളര്‍പ്പിനു വഴിവയ്ക്കുകയും, കമ്മ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ തന്നെ രൂപീകരണത്തിനിടയാക്കുകയും ചെയ്ത 'സാമ്രാജ്യത്വം' എന്ന ആശയത്തെത്തന്നെ തിരസ്കരിക്കുന്നതിലേക്കും അത് ചെന്നെത്തും. അതോടെ കമ്മ്യൂണിസ്റുകളും മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളും തമ്മിലുള്ള അന്തരം അപ്രത്യക്ഷമാകും. ആ ഘട്ടത്തില്‍, കമ്മ്യൂണിസ്റുകാര്‍ (തദവസരത്തില്‍ മറ്റൊരു പേരുചൊല്ലി അവര്‍ സ്വയം വിളിച്ചാലും) തിരഞ്ഞെടുപ്പ് ജയിക്കുകയും സര്‍ക്കാരുകള്‍ രൂപീകരിക്കുകയും ഒക്കെ ചെയ്താലും അത് അടിസ്ഥാനവര്‍ഗ്ഗത്തിന്റെ ജീവിതാവസ്ഥകളിലോ നവമുതലാളിത്ത ചൂഷണ പദ്ധതികളിലോ യാതൊരു മാറ്റവും വരുത്തില്ല.

രണ്ട് വിശദീകരണങ്ങള്‍ ഇവിടെ പ്രസക്തമാണ്. ഒന്ന്, സിപിഐ (എം)ല്‍ പ്രായോഗികതാവല്‍ക്കരണത്തിന്റെ പ്രവണതയുണ്ടെങ്കിലും മേല്‍പറഞ്ഞ തരത്തിലുള്ള ഗുരുതരമായ സ്ഥിതിവിശേഷം സംജാതമായിട്ടില്ല. അതുകൊണ്ട്, അതിന്റെ പ്രായോഗികതാവല്‍ക്കരണത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതില്ല. താല്‍ക്കാലികാര്‍ത്ഥത്തില്‍, 'പാര്‍ട്ടി താല്പര്യങ്ങള്‍'ക്ക് ഹാനികരമാണെന്നറിഞ്ഞിട്ടും, ഇടതുപക്ഷത്തിന്റെ അഭ്യുദയകാംക്ഷികളെന്ന് സ്വയം പ്രഖ്യാപിച്ചിട്ടുള്ള അമര്‍ത്യാസെന്നിനെപ്പോലുള്ളവരില്‍ നിന്നുപോലും വിമര്‍ശനമുയര്‍ന്നിട്ടും ഇന്തോ-യുഎസ് ആണവകരാറിന്റെ പ്രശ്നത്തില്‍ യുപിഎ സര്‍ക്കാറിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചത്, ഏതളവുവരെ പ്രായോഗികതാവല്‍ക്കരണത്തില്‍ നിന്ന് അത് മുക്തമാണ് എന്ന് തെളിയിക്കുന്നുണ്ട്. ആണവക്കരാര്‍ അത് ഭംഗിയായി കൈകാര്യം ചെയ്തോ ഇല്ലയോ എന്നതല്ല വിഷയം. തീര്‍ച്ചയായും കൈകാര്യം ചെയ്തില്ല. പക്ഷെ പ്രധാനകാര്യം, രാജ്യത്തിനുമേലുള്ള സാമ്രാജ്യത്വ അധീശത്വവുമായി ബന്ധപ്പെട്ടതെന്ന് അവര്‍ കരുതുന്ന വിഷയത്തില്‍, 'അടിസ്ഥാനവര്‍ഗ്ഗ'ത്തിന്റെ വര്‍ഗ്ഗ താല്പര്യത്തിനു മുകളിലായി ഒരു പ്രായോഗിക 'പാര്‍ട്ടി താല്പര്യവും' അവര്‍ പ്രതിഷ്ഠിച്ചില്ല എന്നതാണ്. പ്രായോഗികതാവല്‍ക്കരണത്തില്‍നിന്ന് എത്രകണ്ട് അത് മുക്തമാണ് എന്ന് ഈ യാഥാര്‍ത്ഥ്യം അടിവരയിടുന്നുണ്ട്. അതുപോലെതന്നെ, പാര്‍ട്ടിയോടൊപ്പം പ്രതിജ്ഞാബദ്ധതയോടെ ഇപ്പോഴും നിലകൊള്ളുന്നു എന്ന 'പാപം' ചെയ്യുന്നതിന് ആയിരക്കണക്കിന് പാര്‍ട്ടിപ്രവര്‍ത്തകര്‍, പശ്ചിമബംഗാളില്‍, ഏറ്റവും ക്രൂരമായ അടിച്ചമര്‍ത്തലിനിരയാകുന്നു എന്ന യാഥാര്‍ത്ഥ്യം, പാര്‍ട്ടിയുടെ ഊര്‍ജ്ജസ്വലത വെളിപ്പെടുത്തുന്നുണ്ട്.

രണ്ടാമത്, ഈ പ്രായോഗികതാവല്‍ക്കരണം കൂടുതല്‍ സ്പഷ്ടമാകുന്നത്, സിപിഐ എമ്മിനേക്കാള്‍ വലിയ ഇടതുപക്ഷമെന്നവകാശപ്പെടുന്ന മറ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങളിലാണ്. അക്കൂട്ടത്തില്‍ ചിലര്‍, ജനവിധിയില്ലാതെ തന്നെ ജനങ്ങളെ പ്രതിനിധീകരിക്കുന്നു എന്നവകാശപ്പെടുന്നു! ഭരണഘടനാസ്ഥാപനമായ പാര്‍ലമെന്റിനും മുകളിലായി തങ്ങളേയും 'തിരഞ്ഞെടുക്കപ്പെട്ട ഏതാനും ചിലരേയും' പ്രതിഷ്ടിച്ചുകൊണ്ട്, ജനാധിപത്യക്രമത്തെ ന്യൂനീകരിക്കുകയും ചെയ്യുന്ന 'അഴിമതിക്കെതിരായ' അണ്ണാഹസാരെയുടെ പ്രസ്ഥാനത്തില്‍ ചേരുന്ന സ്ഥിതിവരെയുണ്ട്. (മാവോയിസ്റുകളാവട്ടെ തികച്ചും വ്യത്യസ്തമായ ഒരു വിഭാഗമാണ്. മദ്ധ്യഇന്ത്യയിലെ വനങ്ങളില്‍, നേടാനാവാത്ത ഒരു ലക്ഷ്യവും പിന്‍തുടര്‍ന്നുകൊണ്ട്, അവര്‍ സാമ്രാജ്യത്വ വിരുദ്ധപോരാട്ടത്തിന്റെ മുഖ്യധാരയില്‍ നിന്നും സ്വയം വേറിട്ടുനില്‍ക്കുകയാണ്.)

അപ്പോള്‍ സ്വാഭാവികമായും ഉയരുന്ന ഒരു ചോദ്യം ഇതാണ്. ഇടതുപക്ഷത്തിന്റെ, പ്രത്യേകിച്ചും സി.പി.ഐ. എമ്മിന്റെ അണികളില്‍ ഇത്തരം പ്രായോഗികതാവാദം ഉയരുന്നതെന്തുകൊണ്ടാണ്? ഒരുവാദം, അത് പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ അനിവാര്യമായ ഫലമാണെന്നാണ്. പക്ഷെ അത് തികച്ചും യുക്തിരഹിതമാണ്. ലെനിന്‍ എല്ലായ്പ്പോഴും ഉറപ്പിച്ചുപറഞ്ഞിരുന്നപോലെ, വിപ്ളവരാഷ്ട്രീയം തഴച്ചുവളരുന്നത്, വിപ്ളവശക്തികള്‍ക്ക് പരിപൂര്‍ണ്ണ പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ളപ്പോഴാണ്. 'അടിസ്ഥാനവര്‍ഗ്ഗങ്ങള്‍'ക്കു വേണ്ടി സംസാരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് പാര്‍ലമെന്ററി ജനാധിപത്യത്തിലുള്ള സ്വാതന്ത്ര്യം , (എല്ലായ്പ്പോഴും) നിയന്ത്രിക്കാന്‍ ബൂര്‍ഷ്വാസി ശ്രമിക്കുന്നത് അതുകൊണ്ടാണ്. അതുകൊണ്ട്, ഇടതുപക്ഷത്തിന്റെ ധര്‍മ്മം, പാര്‍ലമെന്ററി ജനാധിപത്യത്തെ തിരസ്ക്കരിക്കുകയല്ല, മറിച്ച്, അതില്‍പങ്കുചേരുകയും അതോടൊപ്പം അതിന്റെ ജനാധിപത്യ ഉള്ളടക്കത്തെ കൂടുതല്‍ ആഴത്തിലുള്ളതാക്കുന്നതിനുള്ള പോരാട്ടങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുക എന്നതാണ്. റോസാ ലക്സംബര്‍ഗിനെപ്പോലെ ഒരു വലിയ വിപ്ളവകാരി ജര്‍മ്മനിയിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മത്സരിക്കണമെന്ന അഭിപ്രായക്കാരിയായിരുന്നു. സ്പാര്‍ട്ടക്കിസ്റ് മുന്നേറ്റത്തോട് അവര്‍ക്ക് യോജിപ്പുണ്ടായിരുന്നില്ല (കാള്‍ ലീബ്നിക്റ്റ് അതിനെ അനുകൂലിച്ചിരുന്നു) എന്നുള്ള വസ്തുത നമ്മെ ബോദ്ധ്യപ്പെടുത്തുന്നത്, ഇത് ശരിയായ മാര്‍ക്സിസ്റ് ധാരണയുടെ ഭാഗമമാണ് എന്നുതന്നെയാണ്. പക്ഷെ ഭൂരിപക്ഷം അവരുടെ അഭിപ്രായത്തിനെതിരായിരുന്നു. തുടര്‍ന്ന്, ലീബ്നിക്റ്റിനോടൊപ്പം അവര്‍ വിപ്ളവം നയിക്കുകയും രണ്ടുപേരും കൊലചെയ്യപ്പെടുകയുമുണ്ടായി.

അതായത് പ്രായോഗികതാവല്‍ക്കരണത്തെ, പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ പങ്കെടുക്കുന്നതിന്റെ അനിവാര്യമായ ഫലമായികാണുന്നത്, സൈദ്ധാന്തികമായി സാധുവാകുന്നില്ല. മാത്രമല്ല അത് ഒരുതരം ആരാധനയെ പ്രതിനിധീകരിക്കുന്നുമുണ്ട്. മൂലധനത്തില്‍, കാള്‍മാര്‍ക്സ്, ചരക്കുപൂജയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അതനുസരിച്ച്, സാമൂഹ്യബന്ധങ്ങളെ കാണുന്നത്, വസ്തുക്കള്‍ തമ്മിലുള്ള ബന്ധമായിട്ടാണ്. മിച്ചമൂല്യത്തിന്റെ ഉറവിടം കുടികൊള്ളുന്നതാവട്ടെ, ഉല്പാദനോപകരണങ്ങളുടെ ഭാഗമായ, വസ്തുക്കളുടെ നിഗൂഢമായ ചില സ്വഭാവഗുണങ്ങളിലും. പാര്‍ലമെന്ററി സ്ഥാപനങ്ങളിലാകെതന്നെ, അത്തരം നിഗൂഢശക്തി ആരോപിക്കുന്നതിനു തുല്യമാണ് പാര്‍ലമെന്ററി പ്രവര്‍ത്തനത്തെ നിരാകരിക്കുന്നത്.

പരിഷ്ക്കരണവാദികളുടെ സൈദ്ധാന്തിക ധാരണ

പ്രായോഗികതാവല്‍ക്കരണത്തിന്റെ വ്യക്തമായ ഒരു കാരണമായി മാര്‍ക്സിസ്റ് സിദ്ധാന്തം, ഊന്നിപ്പറഞ്ഞിട്ടുള്ള കാര്യം, പരിഷ്ക്കരണവാദപരമായ സൈദ്ധാന്തിക ധാരണയുടെ വികാസമാണ് അതെന്നാണ്. അത്തരം ഒരു സംഭവവികാസത്തിന്റെ ഭൌതികാടിത്തറയെക്കുറിച്ച് മാര്‍ക്സിസ്റ് സാഹിത്യത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. തൊഴിലാളിവര്‍ഗ്ഗത്തിലെ ഒരു വിഭാഗം, സാമ്രാജ്യത്വ ചൂഷണത്തിന്റെ ഫലങ്ങളുടെ ഗുണഭോക്താക്കളായി മാറുന്നുണ്ടെന്നും കണ്ടെത്തിയിട്ടുള്ളതാണ്.
1986ല്‍ പുറത്തിറങ്ങിയ, മാര്‍ഗരീത് വോണ്‍ ട്രോട്ടയുടെ, "റോസാ ലക്സംബര്‍ഗ്'' എന്ന ചലച്ചിത്രത്തില്‍, പ്രായോഗികതാവല്‍ക്കരണത്തിന്റെ പ്രവണതകള്‍ ഫലപ്രദമായി വിവരിക്കുന്ന ഒരു രംഗമുണ്ട്. ജര്‍മ്മനിയിലെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മുഴുവന്‍ നേതൃത്വവും, തീന്‍മേശയ്ക്കു ചുറ്റും ഇരിക്കുന്നു. പാര്‍ട്ടിയുടെ വിപ്ളവപാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതിന് ക്ളാരാസെറ്റ്കിന്‍, ഫ്രാന്‍സ് മെഹറിംഗ് എന്നിവരോടൊത്ത് വലിയ പോരാട്ടത്തിലേര്‍പ്പെട്ടിട്ടുള്ള റോസാ ലക്സംബര്‍ഗിനോട് കാള്‍ കൌട്സ്കി പറയുന്നു: "റോസാ, എന്തുകൊണ്ട് നിനക്ക് വനിതകളുടെ പ്രശ്നത്തില്‍ കൂടുതലായി ഇടപെട്ടുകൂട?'' കൌട്സ്കിയുടെ ചോദ്യത്തിന്റെ പറയാത്തഭാഗം, കൃത്യമായും ഇതാണ്: "സാമ്രാജ്യത്വം, വിപ്ളവം തുടങ്ങിയ വിഷയങ്ങളെയോര്‍ത്ത് നീയെന്തിന് വിഷമിക്കണം?'' ഇവിടെ നമുക്ക് ഒരു ഇരട്ട പ്രായോഗികതാവല്‍ക്കരണം കാണാം. ഒന്ന്, 'വനിതാ പ്രശ്ന'ത്തെ മൊത്തം വിപ്ളവപ്രസ്ഥാനത്തില്‍ നിന്നടര്‍ത്തിമാറ്റി അതിനെ പ്രായോഗികതാവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നു. രണ്ട്, വിപ്ളവ പ്രസ്ഥാനത്തില്‍നിന്നും, അങ്ങനെ അടര്‍ത്തിമാറ്റപ്പെട്ട ഒരു കാര്യത്തില്‍ മുങ്ങിത്താഴാന്‍ ഒരു വിപ്ളവകാരിയോട് ആവശ്യപ്പെടുന്നു.

എന്നാല്‍, പാര്‍ട്ടിയുടെ സൈദ്ധാന്തികധാരണയില്‍ പ്രകടമായ മാറ്റമില്ലാതിരിക്കുകയും, ലെനിനും മറ്റും ഉറപ്പിച്ചു പറഞ്ഞിട്ടുള്ള തരത്തില്‍, സൈദ്ധാന്തിക ധാരണയില്‍ മാറ്റമുണ്ടാകുന്നതിനുള്ള വ്യക്തമായ ഭൌതികഅടിത്തറ (അതായത്, 'കൊടിയ ചൂഷണ'ത്തിന്റെ വിഹിതം കൊണ്ട് 'അടിസ്ഥാനവര്‍ഗ്ഗ'ത്തില്‍ ഒരു വിഭാഗത്തിന്റെ ഭൌതിക സാഹചര്യങ്ങളിലുണ്ടാകുന്ന പുരോഗതി) ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പ്രായോഗികതാവല്‍ക്കരണം എന്ന പ്രതിഭാസത്തെ കൂടുതല്‍ വിശദീകരിക്കേണ്ടിവരുന്നു. അത്തരം പ്രായോഗികവല്‍ക്കരണത്തിന് പ്രേരിപ്പിക്കുന്ന ഒരു സാഹചര്യം ജനകീയ പ്രസ്ഥാനം, വളര്‍ച്ച മുരടിക്കുന്ന ഒരവസ്ഥയിലെത്തുമ്പോഴാണ് സംഭവിക്കുക. മുരടിപ്പ്, പിന്നോട്ടടിയുണ്ടാകും എന്ന ആശങ്ക വളര്‍ത്തുന്നു. അത്തരം പിന്നോട്ടടികളെ തടയാന്‍ എല്ലാ തരത്തിലുമുള്ള താല്‍ക്കാലിക നടപടികള്‍, അതായത് 'കാര്യം നടക്കല്‍' (ഇപ്പോള്‍, ഇവിടെ) നടപടികള്‍ എടുക്കുകയും ചെയ്യുന്നു. അത് പ്രായോഗികതാവല്‍ക്കരണത്തിന്റെ തുടക്കമായി മാറുന്നു. അത്തരം പ്രായോഗികതാവല്‍ക്കരണം പ്രസ്ഥാനത്തെ കൂടുതല്‍ മുരടിപ്പിക്കുകയും അത് കൂടുതല്‍ പ്രായോഗികതാവല്‍ക്കരണത്തിലേക്ക് നയിക്കുകയും ചെയ്യാവുന്നതാണ്. അതിലൂടെ, മുന്‍പ് സൂചിപ്പിച്ചതുപോലെ, പ്രായോഗികതാവല്‍ക്കരണത്തിന്റെ ഒരു ഇരട്ടദുരന്തം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.

1986ലെ ചെക്കോസ്ളോവാക്യയിലെ ഒരു സംഭവം ഈ വൈരുദ്ധ്യാത്മകത കൃത്യമായി വരച്ചുകാട്ടുന്നുണ്ട്. 'പ്രാഗ് വസന്ത'ത്തിന്റെ കാലത്ത് അലക്സാണ്ടര്‍ ദുബ്ചെക്കും സംഘവും സോവിയറ്റ് യൂണിയന്റെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയാണ് (ദുബ് ചെക്കിനെ നീക്കുന്നതിനു മുന്‍പ്). പ്രാഗ് വസന്തത്തെ തകര്‍ക്കരുതെന്നും അങ്ങനെ ചെയ്താല്‍ അത് പശ്ചിമയൂറോപ്പിലെ ഇടതുപക്ഷപ്രസ്ഥാനത്തില്‍ കനത്ത പ്രത്യാഘാതമുണ്ടാക്കുമെന്നും അവര്‍ പറഞ്ഞു. അപ്പോള്‍ സോവിയറ്റ് പ്രതിനിധികളുടെ മറുപടി ഇതായിരുന്നു: "അസംബന്ധം പറയാതിരിക്കൂ. പശ്ചിമയൂറോപ്പില്‍ ഇടതുപക്ഷത്തിന്റെ വളര്‍ച്ചയ്ക്ക് ഒരു സാധ്യതയുമില്ല.'' പശ്ചിമയൂറോപ്പില്‍ ഇടതുപക്ഷത്തിന്റെ വളര്‍ച്ചയ്ക്ക് എന്തെങ്കിലും സാധ്യതയുണ്ടായിരുന്നെങ്കില്‍, ദുബ്ചെക്കിനെ നീക്കിയതോടെ അതുകൂടി ഇല്ലാതായി. സോവിയറ്റ് യൂണിയനിലെ പ്രായോഗികതാവല്‍ക്കരണ പ്രക്രിയതന്നെ, പശ്ചിമയൂറോപ്പിലെ ഇടതുപക്ഷത്തിന്റെ മുരടിപ്പിന്റെ ഫലമായിട്ടായിരുന്നു. അതിന്റെ ഭാഗമായിട്ടാണ്, കിഴക്കന്‍ യൂറോപ്പില്‍ അവര്‍ നിയന്ത്രിച്ചിരുന്നതെന്തെല്ലാമാണോ, മറ്റൊരു 'പ്രാഗ് വസന്ത' ത്തിന്റെ 'അപകടസാദ്ധ്യത' ഒഴിവാക്കുന്ന തരത്തില്‍, അതിന്റെയൊക്കെ നിയന്ത്രണം കൂടുതല്‍ ഉറപ്പിച്ചത്. പക്ഷെ ഇതാകട്ടെ, പശ്ചിമയൂറോപ്പിലെ ഇടതുപക്ഷത്തെ കൂടുതല്‍ മുരടിപ്പിലേക്ക് നയിച്ചുവന്ന് നമുക്കറിയാം.

സിപിഐഎമ്മിന്റെ സ്ഥിതി

സിപിഐ(എം) ഏതാണ്ട് സമാനമായ ഒരു സ്ഥിതിയിലാണ്. അതിന്റെ ശേഷി, രാജ്യത്തിന്റെ ചുരുക്കം ചിലഭാഗങ്ങളില്‍ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു. ഈ പ്രദേശങ്ങളില്‍ തന്നെയും അതിന്റെ അടിത്തറ സൃഷ്ടിക്കപ്പെട്ടത് 1930കളിലെയും 40 കളിലെയും പോരാട്ടങ്ങളിലൂടെയാണ്. ആ അടിത്തറയില്‍, പിന്നീട് വികാസമുണ്ടായെങ്കിലും (അതുണ്ടായിരുന്നില്ല എങ്കില്‍, അവര്‍ ഭരിച്ച മൂന്നു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പുകളില്‍ വമ്പിച്ച ജനപിന്തുണ അവര്‍ക്ക് ലഭിക്കുമായിരുന്നില്ല) ആ വികാസംപോലും ഒരു സമസ്ഥിതിയിലെത്തിയിരിക്കുന്നു. ഈ മുരടിപ്പിനോടുള്ള അതിന്റെ പ്രാഥമിക പ്രതികരണം, അത് കൂടുതല്‍ ഉറപ്പിക്കുക എന്നതായിരുന്നു. ഈ യാഥാര്‍ത്ഥ്യം തന്നെ, അതിന്റെ മുരടിപ്പിന് വഴിവച്ചഒന്നായിരുന്നു. ഉദാഹരണത്തിന്, പാര്‍ട്ടിയില്‍ നിന്നുള്ള മദ്ധ്യവര്‍ഗ്ഗത്തിന്റെ അകല്‍ച്ച തടയുന്നതിനായി പശ്ചിമബംഗാളില്‍ നടത്തിയ 'വ്യവസായവല്‍ക്കരണശ്രമം' യഥാര്‍ത്ഥത്തില്‍, മറ്റിടങ്ങളിലും പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് തടസ്സമായി മാറി. രാജ്യമാകെ വളരെ പ്രധാനപ്പെട്ട വിഷയമായി മാറിയിട്ടുള്ള ഭൂമി ഏറ്റെടുക്കലിനെതിരെയുള്ള കര്‍ഷകരുടെ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍, സിംഗൂര്‍ പോലെയുള്ള സംഭവങ്ങള്‍ വഴിയുണ്ടായ വിശ്വാസത്തകര്‍ച്ച മൂലം, പാര്‍ട്ടിക്ക് കഴിയാതായിട്ടുണ്ട്.

മുരടിപ്പ്, പ്രായോഗികതാവല്‍ക്കരണത്തിന് പ്രേരണയാകുമെങ്കില്‍ തന്നെയും, അവ രണ്ടും, സിപിഐ എമ്മിന് പ്രവര്‍ത്തിക്കേണ്ടി വരുന്ന, കുറേക്കൂടി വിശാലമായ, സാര്‍വദേശീയ തലത്തില്‍ നിന്നും വേര്‍പെടുത്താന്‍ കഴിയില്ല. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച, സോഷ്യലിസ്റ് പദ്ധതിക്ക് കനത്ത ആഘാതമാണേല്പിച്ചത്. അച്ചടക്കമുള്ള ഒരു പാര്‍ട്ടി എന്ന നിലയ്ക്ക് സി.പി.ഐ എമ്മിന് അതിന്റെ അണികള്‍ക്കിടയില്‍ വലിയ കോട്ടം സംഭവിച്ചില്ല എങ്കിലും, അതിന്റെ ആന്തരിക വിശ്വാസപ്രമാണങ്ങള്‍ക്കേറ്റ കേടുപാടുകള്‍ നിഷേധിക്കാനാവാത്തതാണ്. സ്വാഭാവികമായുണ്ടായ പ്രവണത, ചൈനയില്‍ വിശ്വാസമര്‍പ്പിക്കുക എന്നതായിരുന്നു, അവര്‍ പിന്തുടരുന്ന വഴികളില്‍ തികഞ്ഞ ആശങ്കയുണ്ടായിരുന്നു എങ്കില്‍ തന്നെയും. ചൈനയുടെ ഉജ്ജ്വലമായ സാമ്പത്തിക വിജയമാവട്ടെ, ആ വിശ്വാസം ഉറപ്പിക്കുകയും ചെയ്തു. ഒരു കാലത്ത്, ചൈനയേയും സോവിയറ്റ് യൂണിയനെയും, അവരുടെ ഇടത്-വലത് വ്യതിയാനങ്ങള്‍ക്ക്, പ്രത്യയശാസ്ത്രപരമായി വിമര്‍ശിക്കാന്‍ ധൈര്യം കാട്ടിയിരുന്ന പാര്‍ട്ടി, ഇന്ന്, ചൈനയുടെ വികസനത്തെ സംബന്ധിച്ച്, സോഷ്യലിസ്റ് കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് പരസ്യമായി ആശങ്കകളുന്നയിക്കാതെ, ശ്രദ്ധേയമായ മൌനം പുലര്‍ത്തുകയാണ്. (സ്വകാര്യമായി ആശങ്കകള്‍ വ്യാപകമായി പ്രകടിപ്പിക്കുന്നത് കാണാതിരിക്കുന്നില്ല) എന്തിനേറെ, പാര്‍ട്ടി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍, കോര്‍പറേറ്റ് മൂലധനത്തിന് സൌജന്യങ്ങള്‍ നല്‍കുന്ന തരത്തിലുള്ള സാമ്പത്തിക നയങ്ങള്‍ സ്വീകരിക്കുന്നതിനുള്ള പ്രവണത, ചൈനയുടെ പ്രകടമായ വിജയം വഴി, പാര്‍ട്ടിക്കകത്ത് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇത്, കുറച്ചുകാലം മുന്‍പുവരെ അസംഭാവ്യമായിരുന്നു. വാസ്തവത്തില്‍, സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍, പാര്‍ട്ടിയുടെ പ്രായോഗികതാവല്‍ക്കരണത്തിന്റെ പിന്നിലുള്ള ഏറ്റവും ശക്തിയായ ഘടകം, ചൈനീസ് മാതൃകയുടെ സ്വാധീനമാണ്.

ഇവിടെ മറ്റൊരു ഘടകം കൂടി പ്രവര്‍ത്തിക്കുന്നതായി കാണാം. അത്, 'ഭൂപരിഷ്ക്കരണത്തിനുശേഷം എന്ത്?' എന്ന ചോദ്യത്തിന്, അതാവശ്യപ്പെടുന്ന തരത്തില്‍ തൃപ്തികരമായ ഒരു മറുപടി കമ്മ്യൂണിസ്റ് സാഹിത്യത്തില്‍ ലഭിച്ചിട്ടില്ല എന്ന യാഥാര്‍ത്ഥ്യവുമായി ബന്ധപ്പെട്ടതാണ്. റഷ്യന്‍ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ടതാണെങ്കിലും 20-ാം നൂറ്റാണ്ടിലെ കമ്മ്യൂണിസ്റ് പ്രവര്‍ത്തനത്തിനുള്ള സൈദ്ധാന്തികാടിത്തറ ഒരുക്കിയ, ലെനിന്റെ, "സോഷ്യല്‍ ഡെമോക്രസിയുടെ രണ്ട് തന്ത്രങ്ങള്‍'' എന്ന ക്ളാസ്സിക് കൃതിയില്‍ ഇങ്ങനെ പറയുന്നു:

"ബലപ്രയോഗത്തിലൂടെ ചെറുത്തുനില്‍ക്കുന്ന ഏകാധിപത്യത്തെ തകര്‍ക്കുന്നതിനും ബൂര്‍ഷ്വാസിയുടെ അസ്ഥിരതയെ മരവിപ്പിക്കുന്നതിനും, തൊഴിലാളിവര്‍ഗ്ഗം കൃഷീവലന്മാരുമായി സ്വയം കൂട്ടുചേര്‍ന്ന്, ജനാധിപത്യവിപ്ളവം പൂര്‍ത്തീകരിക്കണം. ജനസഞ്ചയത്തിലെ അര്‍ദ്ധതൊഴിലാളി വിഭാഗവുമായി ചേര്‍ന്ന്, ബലം പ്രയോഗിച്ച് ചെറുക്കുന്ന ബൂര്‍ഷ്വാസിയെ തകര്‍ത്ത്, കൃഷീവലരുടെയും പെറ്റിബൂര്‍ഷ്വാസിയുടെയും അസ്ഥിരതയെ മരവിപ്പിച്ച്, തൊഴിലാളിവര്‍ഗം സോഷ്യലിസ്റ് വിപ്ളവം പൂര്‍ത്തീകരിക്കണം.''

ഈ പ്രസ്താവനയുടെ ആദ്യഭാഗം, മൂന്നാം ലോക രാജ്യങ്ങളിലെ കമ്മ്യൂണിസ്റ് പ്രസ്ഥാനങ്ങള്‍ കൃത്യമായി മനസ്സിലാക്കുകയും നടപ്പാക്കുകയും ചെയ്തപ്പോള്‍, ഒന്നില്‍ നിന്ന് രണ്ടാമത്തേതിലേക്കുള്ള പരിവര്‍ത്തനം, അതെപ്പോള്‍ നടക്കണം, വര്‍ഗ്ഗ ശക്തികളുടെ പരസ്പരബന്ധം എന്തായിരിക്കണം, കര്‍ഷകരോടുള്ള സാമൂഹ്യവിപ്ളവത്തിന്റെ സമീപനം എന്തായിരിക്കണം തുടങ്ങിയ ചോദ്യങ്ങളൊക്കെ ഏറെ അലട്ടുന്ന പരിഹാരമില്ലാത്ത ചോദ്യങ്ങളായി അവശേഷിച്ചു. സോവിയറ്റ് യൂണിയനിലെ സാമൂഹ്യകൂട്ടായ്മ (collectivisation) മുതല്‍ (കുലാക്കുകളുടെ ചെറുത്ത് നില്പ് മൂലം മറ്റൊരു ബദല്‍ അന്നവിടെ സാദ്ധ്യമല്ലായിരുന്നു എന്ന് അംഗീകരിച്ചാല്‍ തന്നെയും) ചൈനയിലെ വന്‍കുതിപ്പ് (Great Leap Forward) വരെ (അത് ആശയപരമായി പിശകായിരുന്നില്ല, പക്ഷെ, സമയോചിതമായിരുന്നില്ല എന്നു വിശ്വസിച്ചാല്‍ തന്നെയും) ഓരോ തവണയും, സോഷ്യലിസ്റ് പദ്ധതിയെയാകെ പലതും തെറ്റിച്ചുകൊണ്ട് പ്രശ്നങ്ങളുയര്‍ന്നു വന്നത്, പരിവര്‍ത്തനത്തിന്റെ ഈ രണ്ടാം ഘട്ടത്തിലാണ്.

കാര്‍ഷിക പരിഷ്കാരങ്ങള്‍ക്കു ശേഷം എന്ത്?

കാര്‍ഷിക പരിഷ്കാരങ്ങളിലൂടെ തുടക്കത്തില്‍ കൈവരിച്ച ജനാധിപത്യ വിപ്ളവ മുന്നേറ്റം, തുടര്‍ന്നെങ്ങിനെ മുന്നോട്ടുകൊണ്ടുപോകും എന്ന പ്രശ്നം, കമ്മ്യൂണിസ്റ് വിപ്ളവപദ്ധതിയെ നിരന്തരം അലട്ടിയിട്ടുണ്ടെങ്കില്‍, ബൂര്‍ഷ്വാ വ്യവസ്ഥകയ്ക്കകത്തു നിന്നുകൊണ്ട്, ഇടതുപക്ഷം, സംസ്ഥാന സര്‍ക്കാരുകള്‍ രൂപീകരിച്ചിട്ടുള്ള ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിലും ഈ പ്രശ്നം ഒട്ടും കുറവായിട്ടല്ല അനുഭവപ്പെട്ടിട്ടുള്ളത്. അത്തരം സംസ്ഥാനങ്ങളില്‍, ആധുനിക ഉല്പാദന മേഖലയിലെ തൊഴിലാളികള്‍ ഉള്‍പ്പെടുന്ന, തികഞ്ഞ തൊഴിലാളിവര്‍ഗ്ഗം വളരെ ചെറുതാണ് എന്നുള്ളതുകൊണ്ട് വന്‍ സ്വകാര്യ കോര്‍പറേറ്റ് മൂലധനത്തെ ആശ്രയിച്ചിട്ടായാലും വേണ്ടില്ല, വ്യവസായവല്‍ക്കരണം വേണം എന്ന മുദ്രാവാക്യം ആക്കം കൈവരിച്ചിട്ടുണ്ട്. ഇതാകട്ടെ, ആശയ തലത്തില്‍, ഒരു ഘട്ടസിദ്ധാന്തം (“stage theory”) ഉയര്‍ന്നു വരുന്നതിനിടയാക്കിയിട്ടുണ്ട്. അതായത്, ഭൂപരിഷ്കാരത്തിന്റെ തുടര്‍ച്ചയായി നമുക്ക് ആദ്യം മുതലളിത്തം വികസിപ്പിക്കാം, തുടര്‍ന്ന് അടുത്ത ഘട്ടത്തില്‍ സോഷ്യലിസത്തെക്കുറിച്ച് ചിന്തിക്കാം.

എന്തായാലും ഘട്ടസിദ്ധാന്തം എന്നത്, പ്രായോഗികതാവല്‍ക്കരണ പ്രക്രിയയുടെ നേരിട്ടുള്ള സൈദ്ധാന്തിക പ്രകാശനമാണ്. ഒറ്റ നോട്ടത്തില്‍ ഇത് അസാധാരണമായി തോന്നിയേക്കാം. ചരിത്രത്തെക്കുറിച്ചുള്ള മാര്‍ക്സിയന്‍ സിദ്ധാന്തം തന്നെ ഘട്ടസിദ്ധാന്തത്തിന്റെ ഉദാഹരണമായി പലരും കണക്കാക്കിയേക്കാം. പക്ഷെ അത് പിശകാണ്. കാരണം, 'ഘട്ട'ങ്ങളെ കേവലമായി വിശദീകരിക്കുകയോ വ്യത്യസ്ത ഉല്പാദന രീതികള്‍ക്കനുസൃതമായി ചരിത്രത്തെ വിഭജിക്കുകയോ അല്ല മാര്‍ക്സിസം ചെയ്യുന്നത്. മറിച്ച്, ചരിത്രത്തിന്റെ ചലന ശാസ്തവും, ഒരു ഘട്ടത്തില്‍ നിന്ന് അടുത്ത ഘട്ടത്തിലേക്കുള്ള പരിവര്‍ത്തനവും വിശദമാക്കാനാണ് അത് ശ്രമിക്കുന്നത്.2

കൂടുതല്‍ പ്രസക്തമായ കാര്യം, മുതലാളിത്തം വളര്‍ത്തുന്ന പദ്ധതി, തല്‍ക്കാലത്തേക്ക് (here and now ) എന്ന വര്‍ത്തമാനത്തെ, വിപ്ളവവുമായി ബന്ധിപ്പിക്കുന്നതാണ് എന്നു ചിന്തിച്ചേക്കാം എന്നതാണ്. പക്ഷെ അത് തെറ്റാണ്. കാരണം മുതലാളിത്തം കെട്ടിപ്പടുക്കുന്നതിന് അടിസ്ഥാനവര്‍ഗ്ഗത്തെ അടിച്ചമര്‍ത്തേണ്ടതുമുണ്ട്. അതേസമയം മുതലാളിത്തത്തെ മറികടക്കുന്നതിന് അടിസ്ഥാനവര്‍ഗ്ഗത്തെ ഊർജസ്വലമാക്കേണ്ടതുണ്ട്. അതുകൊണ്ട് കമ്മ്യൂണിസ്റുകാര്‍, ഘട്ടസിദ്ധാന്തം സ്വീകരിക്കുന്നു എങ്കില്‍ അതിന്റെ പിന്നിലുള്ള അനുമാനം, അടിസ്ഥാന വര്‍ഗ്ഗത്തെ അടിച്ചമര്‍ത്തുന്ന അതേ പാര്‍ട്ടിതന്നെ പെട്ടെന്ന്, നിഗൂഢമായ തരത്തില്‍, നേര്‍വിപരീതമായി പ്രവര്‍ത്തിക്കുകയും രണ്ട് സന്ദര്‍ഭത്തിലും അടിസ്ഥാന വര്‍ഗ്ഗം കൂടെ നില്‍ക്കുകയും ചെയ്യും എന്നാണ്. ഇത് അസംബ്ധമാണ്. മുതലാളിത്തം പടുത്തുയര്‍ത്തുന്നതിന് മേല്‍നോട്ടം വഹിക്കുന്ന പാര്‍ട്ടി, സാധാരണ ബൂര്‍ഷ്വാ പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമല്ലാത്ത ഒന്നായിത്തീരും. അതുകൊണ്ട് മറ്റേതൊരു ബൂര്‍ഷ്വാ പാര്‍ട്ടിയും ചെയ്യുന്നപോലെ, വിപ്ളവത്തിനുവേണ്ടിയുള്ള അതിന്റെ അധരവ്യായാമം നിലനില്‍ക്കെതന്നെ, മുതലാളിത്തം വളര്‍ത്തുന്നതിന്റെ ഭാഗമായ പ്രായോഗികതാവല്‍ക്കരണത്തില്‍ ചെന്നുവീഴുന്നു.

പ്രായോഗികതാവല്‍ക്കരണത്തിന്റെ സമ്മര്‍ദ്ദ ശക്തികള്‍

വര്‍ത്തമാനകാല സാഹചര്യത്തില്‍, ഇടതുപക്ഷത്തെ, പ്രായോഗികതാവാദത്തിലേക്ക് തള്ളിവിടുന്ന കരുത്തുറ്റ ശക്തികളുണ്ട്. ഈ സമ്മര്‍ദ്ദത്തെ ഇടതുപക്ഷം ചെറുക്കണം. സോഷ്യലിസ്റ് പദ്ധതി മുന്നോട്ടുകൊണ്ടുപോകണമെന്നുണ്ടെങ്കില്‍, പ്രായോഗികതാവല്‍ക്കരണത്തെ മറികടക്കേണ്ടതുണ്ട്. അതിനായി, കഴിയാവുന്നിടങ്ങളിലൊക്കെ ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുള്ള പോരാട്ടത്തിനു നേതൃത്വം കൊടുക്കുകയാണു വേണ്ടത്. അത്തരം പോരാട്ടങ്ങള്‍, പ്രായോഗികതാവല്‍ക്കരണ പ്രചോദിത തന്ത്രങ്ങളിലൂടെ ചെറുത്തുനില്‍ക്കുന്ന ഇടതുപക്ഷ സര്‍ക്കാരുകളെ വിഷമിപ്പിക്കുമെന്നോ അവയ്ക്കു ഭീഷണിയാകുമെന്നോ ഉള്ള ഭയപ്പാടുണ്ടാകേണ്ട കാര്യമൊന്നുമില്ല. മാത്രവുമല്ല, അത്തരം സര്‍ക്കാരുകള്‍ക്ക് നേതൃത്വം കൊടുക്കുമ്പോള്‍ തന്നെ, അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ചെറുത്തുനില്പ് ശേഷി വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍, അവരുടെ താല്പര്യങ്ങളെ പരിപോഷിപ്പിക്കുന്നതിനുള്ള നൂതനവും നവീനവുമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നു എന്നുറപ്പാക്കേണ്ടതുമുണ്ട്. ഇത് എളുപ്പമല്ല. പക്ഷെ, ഇടതുപക്ഷത്തിന് ഈ പ്രശ്നവുമായി പൊരുത്തപ്പെടേണ്ടതുണ്ട്. കേരളത്തിലെ എല്‍.ഡി.എഫ് അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ വിലയിരുത്തലില്‍, ഇടതുപക്ഷത്തിന് അത് സാദ്ധ്യമാകും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

എന്നാല്‍, അതു ചെയ്യാന്‍ പാടില്ലാത്തത് എന്താണെന്നുവച്ചാല്‍, നില മെച്ചപ്പെടുത്താന്‍ കൂടുതല്‍ പ്രായോഗികതാവാദത്തിലേര്‍പ്പെടുകയാണു വേണ്ടത് എന്ന്, പല കോണുകളില്‍നിന്നും ഉയര്‍ന്നുവരുന്ന സൌഹൃദപരമായ ഉപദേശങ്ങള്‍ സ്വീകരിക്കുക എന്നതാണ്. സവിശേഷമായി മുന്നോട്ടു വയ്ക്കപ്പെട്ടിട്ടുള്ള രണ്ട് നിര്‍ദ്ദേശങ്ങളുണ്ട്. ഒന്ന്, ഇടതുപക്ഷം 'സോഷ്യല്‍ ഡെമോക്രാറ്റിക്' ആയി മാറണം എന്നതാണ്. അതിനര്‍ത്ഥം സാമ്രാജ്യത്വം എന്ന സങ്കല്പം ഇടതുപക്ഷം ഉപേക്ഷിക്കണമെന്നാണ്. മറ്റു രാജ്യങ്ങളെയും ജനങ്ങളെയും അടിച്ചമര്‍ത്താത്ത, സമത്വപൂര്‍ണ്ണമായ മാനവസമൂഹം എന്ന സങ്കല്പം, മുതലാളിത്ത വ്യവസ്ഥയുമായി പൊരുത്തപ്പെടുന്നതാണ് എന്ന പിശകിലേക്കാവും എത്തിച്ചേരുക. ചുരുക്കത്തില്‍, ഈ നിര്‍ദ്ദേശം ഇടതുപക്ഷത്തോടാവശ്യപ്പെടുന്നത്, അതിന്റെ സാമൂഹ്യ പരിവര്‍ത്തനപദ്ധതി അപ്പാടെ ഉപേക്ഷിക്കുവാനാണ്.

അടിസ്ഥാനവര്‍ഗ്ഗത്തെ ഉപേക്ഷിക്കുകയോ?

സാമ്രാജ്യത്വം എന്നത് യഥാര്‍ത്ഥത്തില്‍ ഇല്ലാത്തതും, ഇടതുപക്ഷത്തിന്റെ ഭാവനയിലെ കെട്ടുകഥ മാത്രവുമായിരുന്നുവെങ്കില്‍, ആ ഉപദേശത്തിന് അര്‍ത്ഥമുണ്ടാകുമായിരുന്നു. എന്നാല്‍ അത്തരം ഉപദേശങ്ങള്‍ നല്‍കപ്പെടുന്നത് സാമ്രാജ്യത്വം എന്നൊന്നില്ല എന്ന വാദത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച്, അത്തരം ഭാരം ഉപേക്ഷിച്ചാല്‍ ഇടതുപക്ഷം വളരും എന്ന വാദത്തിന്റെ അടിസ്ഥാനത്തിലാണ്. ഇത്, പ്രായോഗികതാവാദമല്ലാതെ മറ്റൊന്നുമല്ല. അത്, തങ്ങളുടെ സ്വന്തം 'പാര്‍ട്ടി താല്പര്യങ്ങള്‍' സംരക്ഷിക്കുന്നതിന് ഇടതുപക്ഷം, തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന അടിസ്ഥാന വര്‍ഗ്ഗ താല്പര്യങ്ങള്‍ ഉപേക്ഷിക്കണം എന്നു പറയുന്നതിന് തുല്യമാണ്. അടിസ്ഥാന വര്‍ഗ്ഗമാകട്ടെ എല്ലായിടത്തും തന്നെ, സമകാലീന സാമ്രാജ്യത്വത്തിന്റെ അടിത്തറയായ ധനമൂലധനം അടിച്ചേല്‍പ്പിക്കുന്ന നവലിബറല്‍ നയങ്ങളാല്‍ കശക്കപ്പെടുകയുമാണ്. അതുകൊണ്ട്, ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം, സാമ്രാജ്യത്വ വിരോധം ഉപേക്ഷിക്കുക എന്നാല്‍, അതെന്തെല്ലാം തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ കൊണ്ടുവന്നാലും ശരി, 'ഇടതുപക്ഷം' എന്ന നിലയില്‍ നിന്ന് സ്വയം നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടുകയായിരിക്കും ഫലം.

രണ്ടാമത്ത നിര്‍ദ്ദേശം, ഒരു 'ഇന്ത്യന്‍ നവ ഇടതുപക്ഷ'ത്തെക്കുറിച്ചാണ് പറയുന്നത്. വലിയ കമ്മ്യൂണിസ്റ് പാര്‍ട്ടികള്‍ ഒഴിച്ചുള്ള ഇടതുപക്ഷവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രാദേശിക പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്ന പുരോഗമനാത്മകമായ പൌരസമൂഹസംഘങ്ങളും ഒക്കെ ചേര്‍ന്ന്, ജനകീയ പ്രസ്ഥാനങ്ങളെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്ന ഒരു "ഇന്ത്യന്‍ നവ ഇടതുപക്ഷം.'' സിപിഐ(എം) ഒഴികെ മറ്റു കമ്മ്യൂണിസ്റുകളെ ഈ സഖ്യത്തില്‍ ഉള്‍പ്പെടുത്താമെന്ന് ചിലര്‍ വിഭാവനം ചെയ്യുന്നുണ്ട്. മറ്റു ചിലരാകട്ടെ, സിപിഐ(എം) അതിന്റെ ചില പ്രത്യേക സ്വഭാവ വിശേഷങ്ങള്‍ ഉപേക്ഷിച്ചാല്‍, സഖ്യത്തില്‍ പെടുത്താമെന്ന 'ഉദാര' നിലപാട് സ്വീകരിക്കുന്നുണ്ട്. 'ഇന്ത്യന്‍ നവ ഇടതുപക്ഷം' എന്നു പറയപ്പെടുന്ന ഈ സംഘത്തിന്റെ പൊതുവായ ഒരു സവിശേഷത, അവര്‍, സാമ്രാജ്യത്വം എന്ന വര്‍ഗ്ഗീകരണം അംഗീകരിക്കുന്നില്ല എന്നതാണ്. അവര്‍, ഒരുപക്ഷെ, ചില പ്രത്യേക സാമ്രാജ്യത്വ നടപടികളായ ഇറാഖ് - അഫ്ഗാനിസ്ഥാന്‍ കടന്നുകയറ്റത്തെയോ അല്ലെങ്കില്‍ ലിബിയയിലെ ആക്രമണത്തെയോ എതിര്‍ക്കുന്നുണ്ടാവാം. പക്ഷെ, അവര്‍ സാമ്രാജ്യത്വത്തെ മുതലാളിത്തത്തിന്റെ ഘടനാപരമായ സ്വഭാവവിശേഷമായി കാണുന്നില്ല.

മുതലാളിത്തം ഉത്കൃഷ്ടമാകേണ്ടതിന്റെ പ്രായോഗിക ആവശ്യകതയെക്കുറിച്ച്, മുതലാളിത്തത്തിന്റെ ഘടനാപരമായ സ്വഭാവ വിശേഷത്തിന്റെ അടിസ്ഥാനത്തില്‍, കഴിഞ്ഞ നൂറുവര്‍ഷത്തിലേറെയായി വാദപ്രതിവാദങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ 'ശ്രേഷ്ഠ മുതലാളിത്തം' എന്ന സങ്കല്പത്തിനു വേണ്ടി ഒരു സൈദ്ധാന്തിക വാദവും മുന്നോട്ടുവയ്ക്കാതിരിക്കുന്നത്, അല്ലെങ്കില്‍ അതിന്റെ സൈദ്ധാന്തികമായ കൈയൊഴിയല്‍, ശ്രേഷ്ഠ മുതലാളിത്തം എന്ന പദ്ധതി തന്നെ ഉപേക്ഷിക്കുന്നതിന് തുല്യമാണ്. തീര്‍ച്ചയായും ചില പ്രത്യേക വിഷയങ്ങളില്‍ പോരടിച്ചുകൊണ്ട് ചില കാര്യങ്ങള്‍ വ്യവസ്ഥയില്‍ ഉള്‍ച്ചേര്‍ക്കാന്‍ അതിനു കഴിയുമെങ്കിലും മുതലാളിത്തത്തിന്റെ ആകമാനമായ ഘടന അതേപോലെ നിലനില്‍ക്കുകയാണ് ചെയ്യുന്നത്. ഇത് സിദ്ധാന്തപരമായിപ്പോലും, കേവലം മുതലാളിത്തത്തിനകത്തെ പരിഷ്ക്കാരത്തിനു വേണ്ടിയുള്ള പോരടിക്കലാണ്, അല്ലാതെ സോഷ്യലിസത്തിനു വേണ്ടിയല്ല.

മുതലാളിത്തവും സോഷ്യലിസവും തമ്മില്‍

സോഷ്യലിസം ഒരു ആകാശകുസുമമാണ്, അതേസമയം പരിഷ്കാരങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടം ജനങ്ങളുടെ ജീവിതസാഹചര്യങ്ങളില്‍ പുരോഗതിയുണ്ടാക്കുവാനുള്ള ഉറച്ച മാര്‍ഗ്ഗമാണ് എന്നൊക്കെ ചിന്തിച്ചേക്കാം. ഉദാഹരണത്തിന്, ദളിത് പ്രസ്ഥാനങ്ങള്‍, സ്ത്രീ പ്രസ്ഥാനങ്ങള്‍ തുടങ്ങിയവയ്ക്കൊക്കെ, മുതലാളിത്തത്തിനെതിരെ സോഷ്യലിസം എന്ന പ്രശ്നത്തിലൊന്നും ഇടപെടാതെ തന്നെ കുറയേറെ നേട്ടങ്ങളുണ്ടാക്കാന്‍ കഴിയും എന്ന വിശ്വാസം. ഇതു പക്ഷെ തെറ്റായൊരു തോന്നലാണ്. ഗ്രാമീണ വനിതകളുടെ ജീവിത സാഹചര്യങ്ങളില്‍ മാറ്റമുണ്ടാകണമെങ്കില്‍, അല്ലെങ്കില്‍ ജാതി സമ്പ്രദായത്തിന് നിര്‍ണ്ണായകമായ പ്രഹരമേല്പിക്കണമെങ്കില്‍ മുതലാളിത്തപൂര്‍വ്വ 'സമുദായം' തകര്‍ക്കപ്പെടേണ്ടതുണ്ട്. ചരിത്രപരമായി, മുതലാളിത്തം നഗരകേന്ദ്രങ്ങളില്‍ അതു തന്നെയാണ് ചെയ്തിട്ടുള്ളത്. കൂടാതെ, സോഷ്യലിസ്റ് പദ്ധതി ഒരു പുതിയ 'സമുദായം' നിലവില്‍ വരുന്നത് അനിവാര്യമാക്കിതീര്‍ത്തു. ഈ 'സമുദായ'മാവട്ടെ നിലവില്‍ വരുന്ന പുതിയ ഉല്പാദന പ്രക്രിയയില്‍, യഥാര്‍ത്ഥ വാസസ്ഥലങ്ങളില്‍ നിന്നും പിഴുതെറിയപ്പെട്ട വ്യക്തികളുടെ പദവിയുടെ അടിസ്ഥാനത്തില്‍, സ്വയമേവ രൂപപ്പെട്ടതുമാണ്. എന്നാല്‍ നമ്മുടെ രാജ്യത്തെ മുതലാളിത്തം, അതിന്റെ ഊര്‍ജ്ജ്വസ്വലമായ വികസനം കണക്കിലെടുത്താലും, പഴയ സമുദായത്തെ തകര്‍ക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്. 'തൊഴിലില്ലാത്ത വളര്‍ച്ച' എന്ന പ്രതിഭാസം മൂലം സ്വന്തം വാസസ്ഥലങ്ങളില്‍ നിന്നു പിഴുതെറിയപ്പെട്ട മനുഷ്യരെ പുതിയ തൊഴിലാളി വര്‍ഗ്ഗമായി ഉള്‍ക്കൊള്ളാനുള്ള അതിന്റെ ശേഷിയില്ലായ്മയാണ് കാരണം. ഇക്കാരണത്താലാണ്, ഉയര്‍ന്ന വളര്‍ച്ചാനിരക്കിനൊപ്പം ഖാപ് (khap) പഞ്ചായത്തുകളും നിലനില്‍ക്കുന്നത്. ഖാപ് പഞ്ചായത്തുകള്‍ പോലുള്ള സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം ദളിതരുടെയോ സ്ത്രീകളുടെയോ സാമൂഹ്യപുരോഗതിക്കുള്ള തടസ്സങ്ങള്‍ ശക്തിയായി നിലനില്‍ക്കുകതന്നെ ചെയ്യും. അതുകൊണ്ടാണ് മുതലാളിത്തവും സോഷ്യലിസവും തമ്മില്‍ എന്ന ചോദ്യം മുമ്പെന്നത്തേയും പോലെ ഇന്നും മര്‍മ്മ പ്രധാനമായി നില്‍ക്കുന്നത്.

എല്ലാവര്‍ക്കും അവരവര്‍ക്കിഷ്ടപ്പെട്ട രാഷ്ട്രീയപ്രവര്‍ത്തനം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതില്‍ ചിലര്‍, നവ മുതലാളിത്ത പദ്ധതിയൊന്നുമില്ലാതെ തന്നെ, പരിഷ്കരണവാദം തിരഞ്ഞെടുത്തേക്കാം. ഇത്, മാര്‍ക്സിസ്റ് സിദ്ധാന്തമനുസരിച്ച് തെറ്റായ പ്രയോഗമാണ്. കാരണം, പരിഷ്കാരങ്ങള്‍ക്കുവേണ്ടിയുള്ള എണ്ണമറ്റ പോരാട്ടങ്ങള്‍ക്ക് മുതലാളിത്തത്തെ ഒരു ഉത്കൃഷ്ട മാനവ സമൂഹമായി മാറ്റാന്‍ കഴിയില്ല.

ധനമൂലധനത്തിന്റെ ശമ്പളം പറ്റുന്ന കിങ്കരന്മാര്‍ മുതല്‍ പാശ്ചാത്യമാര്‍ക്സിസ്റുകളും ചൈനയിലെ ഔദ്യോഗിക വക്താക്കളും ഇന്ത്യയെപ്പോലുള്ള മൂന്നാം ലോക രാജ്യങ്ങളിലെ ബുദ്ധിജീവികള്‍വരെയുള്ള ധാരാളമാളുകള്‍, മദ്ധ്യവര്‍ഗ്ഗത്തിന് പ്രകടമായ നേട്ടങ്ങളുണ്ടാക്കിയിട്ടുള്ളതും, പറയപ്പെടുന്ന ഉയര്‍ന്ന വളര്‍ച്ചാനിരക്കു കണ്ട് വിസ്മയിച്ച്, സാമ്രാജ്യത്വം എന്ന സങ്കല്പം ഉപേക്ഷിച്ചിരിക്കുന്ന ഒരു കാലത്ത്, സിപിഐ (എം) ഇപ്പോഴും ആ സങ്കല്പത്തില്‍ മുറുകെ പിടിക്കുന്നു എന്നതുകൊണ്ടുതന്നെ, ലെനിനും മറ്റുള്ളവരും അതിനു ചുറ്റും ബൌദ്ധികമായി തീര്‍ത്ത, അത്യുല്‍കൃഷ്ടമായ മുഴുവന്‍ പദ്ധതികളെയും അത് മുറുകെ പിടിക്കുന്നു എന്നാണര്‍ത്ഥം. പ്രസ്തുത സങ്കല്പവും പദ്ധതിയും സാധുവായിരിക്കുന്നിടത്തോളം കാലം, സിപിഐഎമ്മിന്റെ ചരിത്രപരമായ പ്രസക്തി, ഒരു കോട്ടവും തട്ടാതെ നിലനില്‍ക്കും.

എന്നാല്‍, ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രായോഗികതാവല്‍ക്കരണം തടഞ്ഞു നിര്‍ത്താന്‍, ഒരു പക്ഷേ, പാര്‍ട്ടി പരാജയപ്പെടുകയും ഒടുവില്‍ ബൂര്‍ഷ്വാ സിദ്ധാന്തത്തിന്റെ അധീശത്വം സ്വീകരിക്കുന്ന സ്ഥിതിയിലെത്തിച്ചേരുകയും ചെയ്താല്‍, അതിന്റെ ഇന്നത്തെ സൈദ്ധാന്തിക നിലപാടിനു സമാനമായ നിലപാടുള്ള മറ്റേതെങ്കിലും കമ്മ്യൂണിസ്റ് പ്രസ്ഥനത്താല്‍ അത് പകരം വയ്ക്കപ്പെടും. പക്ഷെ, പരിഷ്കരണവാദശക്തികളുടെ ഒരു സംഘത്തിനും, അവ എത്ര തന്നെ അര്‍ത്ഥവത്തും ഗൌരവമുള്ളതുമായാലും, അടിസ്ഥാന വര്‍ഗ്ഗത്തിന്റെ താല്പര്യ സംരക്ഷകരെന്ന നിലയില്‍, കമ്മ്യൂണിസ്റുകാര്‍ക്ക് പകരമാവാന്‍ കഴിയില്ല. എന്നാല്‍ ഇതൊന്നും തന്നെ, പൊതുവായ വിഷയങ്ങളില്‍, അവരുടെ യോജിച്ച പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നില്ല.


*****

പ്രൊ: പ്രഭാത് പട്നായിക്

EPWല്‍ പ്രസിദ്ധീകരിച്ച The Left in Decline എന്ന ലേഖനത്തിന്റെ മലയാള രൂപാന്തരം. പരിഭാഷ സി.ബി. വേണുഗോപാല്‍, കടപ്പാട് : പി എ ജി ബുള്ളറ്റിൻ

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ധനമൂലധനത്തിന്റെ ശമ്പളം പറ്റുന്ന കിങ്കരന്മാര്‍ മുതല്‍ പാശ്ചാത്യമാര്‍ക്സിസ്റുകളും ചൈനയിലെ ഔദ്യോഗിക വക്താക്കളും ഇന്ത്യയെപ്പോലുള്ള മൂന്നാം ലോക രാജ്യങ്ങളിലെ ബുദ്ധിജീവികള്‍വരെയുള്ള ധാരാളമാളുകള്‍, മദ്ധ്യവര്‍ഗ്ഗത്തിന് പ്രകടമായ നേട്ടങ്ങളുണ്ടാക്കിയിട്ടുള്ളതും, പറയപ്പെടുന്ന ഉയര്‍ന്ന വളര്‍ച്ചാനിരക്കു കണ്ട് വിസ്മയിച്ച്, സാമ്രാജ്യത്വം എന്ന സങ്കല്പം ഉപേക്ഷിച്ചിരിക്കുന്ന ഒരു കാലത്ത്, സിപിഐ (എം) ഇപ്പോഴും ആ സങ്കല്പത്തില്‍ മുറുകെ പിടിക്കുന്നു എന്നതുകൊണ്ടുതന്നെ, ലെനിനും മറ്റുള്ളവരും അതിനു ചുറ്റും ബൌദ്ധികമായി തീര്‍ത്ത, അത്യുല്‍കൃഷ്ടമായ മുഴുവന്‍ പദ്ധതികളെയും അത് മുറുകെ പിടിക്കുന്നു എന്നാണര്‍ത്ഥം. പ്രസ്തുത സങ്കല്പവും പദ്ധതിയും സാധുവായിരിക്കുന്നിടത്തോളം കാലം, സിപിഐഎമ്മിന്റെ ചരിത്രപരമായ പ്രസക്തി, ഒരു കോട്ടവും തട്ടാതെ നിലനില്‍ക്കും.

എന്നാല്‍, ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രായോഗികതാവല്‍ക്കരണം തടഞ്ഞു നിര്‍ത്താന്‍, ഒരു പക്ഷേ, പാര്‍ട്ടി പരാജയപ്പെടുകയും ഒടുവില്‍ ബൂര്‍ഷ്വാ സിദ്ധാന്തത്തിന്റെ അധീശത്വം സ്വീകരിക്കുന്ന സ്ഥിതിയിലെത്തിച്ചേരുകയും ചെയ്താല്‍, അതിന്റെ ഇന്നത്തെ സൈദ്ധാന്തിക നിലപാടിനു സമാനമായ നിലപാടുള്ള മറ്റേതെങ്കിലും കമ്മ്യൂണിസ്റ് പ്രസ്ഥനത്താല്‍ അത് പകരം വയ്ക്കപ്പെടും. പക്ഷെ, പരിഷ്കരണവാദശക്തികളുടെ ഒരു സംഘത്തിനും, അവ എത്ര തന്നെ അര്‍ത്ഥവത്തും ഗൌരവമുള്ളതുമായാലും, അടിസ്ഥാന വര്‍ഗ്ഗത്തിന്റെ താല്പര്യ സംരക്ഷകരെന്ന നിലയില്‍, കമ്മ്യൂണിസ്റുകാര്‍ക്ക് പകരമാവാന്‍ കഴിയില്ല. എന്നാല്‍ ഇതൊന്നും തന്നെ, പൊതുവായ വിഷയങ്ങളില്‍, അവരുടെ യോജിച്ച പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നില്ല.

Vivara Vicharam said...

അടിയന്തിരമായ ശ്രദ്ധ അര്‍ഹിക്കുന്നതും ചര്‍ച്ചയ്ക്കു് വിധേയമാക്കേണ്ടതുമായ പ്രമേയം.