Thursday, November 18, 2010

കവിതയിലേക്കുള്ള ദൂരം

സച്ചിദാനന്ദനുമായി എസ്. രമേശന്‍ നടത്തിയ അഭിമുഖം

ചരിത്രപരമായ ദര്‍ശനങ്ങളിലേക്കു താങ്കളുടെ കവിത എത്തിച്ചേരുന്നത് എങ്ങനെയാണ് ? ചരിത്രം താങ്കളുടെ ഇഷ്‌ടപ്പെട്ട വിഷയമായിരുന്നോ?

ചരിത്രം സ്‌കൂളില്‍ എനിക്കു പ്രിയപ്പെട്ട ഒരു വിഷയമായിരുന്നില്ല. ഇന്നാലോചിക്കുമ്പോള്‍ അതിന്റെ മുഖ്യകാരണങ്ങള്‍ ചരിത്രത്തെ കുറെ പേരുകളും തീയതികളും മാത്രമായി ചുരുക്കുന്ന പാഠപുസ്‌തകങ്ങളും അതിനെ ഒരു മര്‍ദ്ദനോപാധിയാക്കുന്ന അധ്യാപകരും ആയിരുന്നിരിക്കണം എന്നു തോന്നുന്നു. ഇ.എച്ച്. കാറിന്റെ 'വാട്ട് ഈസ് ഹിസ്‌റ്ററി' എന്ന പുസ്‌തകമാണ് ചരിത്രത്തിന് അര്‍ഥമുണ്ടെന്ന് എനിക്കു തോന്നിയ ആദ്യകൃതി.

കോളെജുവിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് അതു വായിക്കുന്നത്. അക്കാലത്തുതന്നെ ആര്‍നള്‍ഡ് ടോയ്ന്‍ബീയുടെ 'എ സ്‌റ്റഡി ഓഫ് ഹിസ്‌റ്ററി' സംക്ഷിപ്‌തരൂപത്തില്‍ ഇറങ്ങുകയുണ്ടായി, അതും വായിച്ചു കഴിഞ്ഞാണ് ഡി.ഡി. കൊസാംബിയുടെ കൃതികള്‍ വായിക്കാന്‍ കിട്ടുന്നത്. ആദ്യം വായിച്ചത് 'ദി കള്‍ച്ചര്‍ ആന്‍ഡ് സിവിലൈസേഷന്‍ ഓഫ് എന്‍ഷ്യന്റ് ഇന്ത്യ' ആയിരുന്നു. ആ പുസ്‌തകം ചരിത്രത്തെപ്പറ്റിത്തന്നെയുള്ള എന്റെ കാഴ്‌ചപ്പാട് പാടേ മാറ്റാന്‍ സഹായിച്ചു. ചരിത്രമെന്നാല്‍ രാജാക്കന്മാരുടെയും പ്രഭുക്കളുടെയും ഭരണാധികാരികളുടെയും യുദ്ധങ്ങളുടെയും ഭരണപരിഷ്‌കാരങ്ങളുടെയും വീരകൃത്യങ്ങളുടെയും ചരിത്രം മാത്രമല്ലെന്നും ജനജീവിതത്തിന്റെ ആഖ്യാനമാണെന്നും ആ പുസ്‌തകം എന്നെ പൂര്‍ണമായും ബോധ്യപ്പെടുത്തി. തുടര്‍ന്ന് കൊസാംബിയുടെ മറ്റു കൃതികളെല്ലാം - 'ആന്‍ ഇന്‍ട്രൊഡക്ഷന്‍ ടു ദി സ്‌റ്റഡി ഓഫ് ഇന്ത്യന്‍ ഹിസ്‌റ്ററി', 'മിത്ത് ആന്‍ഡ് റിയാലിറ്റി', 'എഗ്‌സാസ് പെരേറ്റിങ്'എസ്സെയ്‌സ് ' തപ്പിപ്പിടിച്ചു വായിച്ചു.

ഏതാണ്ടിതേ കാലത്തുതന്നെയാണ് മാർക്‌സിസ്‌റ്റു ക്ളാസിക്കുകളും ഞാന്‍ വായിക്കാന്‍ തുടങ്ങുന്നത്. ആദ്യം വായിച്ചത് കമ്യൂണിസ്‌റ്റ് മാനിഫേസ്‌റ്റോ തന്നെ, അതിന്റെ ആവിഷ്‌ട ഭാഷ മുന്‍പ് ബൈബിള്‍ എന്നിലുണ്ടാക്കിയിരുന്ന അതേ അനുഭൂതികള്‍ സൃഷ്‌ടിച്ചു. അതിന്റെ സ്വപ്‌നമോ തികച്ചും ആവേശകരമായിരുന്നു. തുടര്‍ന്ന് മാർക്‌സിസത്തിന്റെ അടിസ്ഥാനതത്വങ്ങളെക്കുറിച്ച് മോസ്‌കോവിലെ 'പ്രോഗ്രസ്സ് പബ്ളിഷേഴ്‌സ്' പ്രസിദ്ധീകരിച്ചിരുന്ന എ. അഫാനസ്യേവിന്റെയും മറ്റും കൃതികള്‍ വായിച്ചു. അവയില്‍ പല ലളിതവല്‍ക്കരണങ്ങളും ഉണ്ടായിരുന്നുവെന്നും പലപ്പോഴും മാർക്‌സിസത്തിന്റെ യാന്ത്രിക വ്യാഖ്യാനങ്ങളായിരുന്നു അവയെന്നും അന്ന് എനിക്ക് മനസ്സിലായിരുന്നില്ല. എറണാകുളം മഹാരാജാസില്‍ പഠിക്കുമ്പോള്‍ 'പ്രഭാത് ബുക് ഹൌസില്‍' ഞാനൊരു സ്ഥിരം സന്ദര്‍ശകനായിരുന്നു. ഷൊളൊഖോവിന്റെയും ഗോര്‍ക്കിയുടെയും ല്യുനച്ചാര്‍സ്‌കിയുടെയും മറ്റും കൃതികളും മാർക്‌സ്, ഏംഗല്‍സ്, ലെനിന്‍ തുടങ്ങിയവരുടെ കൃതികള്‍ക്കൊപ്പം അവിടെ നിന്നാണ് വാങ്ങിവായിച്ചിരുന്നത്. അവിടെ മഹാരാജാസിലെ ഭരതന്‍ മാസ്‌റ്റര്‍ വന്നിരിക്കുമായിരുന്നു. പല പുസ്‌തകങ്ങളും നിര്‍ദ്ദേശിച്ചിരുന്നത് നാനാവിഷയകുതുകിയായ അദ്ദേഹമായിരുന്നു. അങ്ങനെ ക്രമേണ മാർക്‌സിന്റെയും മറ്റും മൌലികകൃതികളിലേയ്‌ക്ക് തിരിയുകയും ചെയ്‌തു.

കൌമാരസഹജമായ ആശയക്കുഴപ്പങ്ങളും ആന്തരവൈരുധ്യങ്ങളും അസ്‌തിത്വവാദസ്വാധീനവും എം.എന്‍. റോയിയുടെ നവഹ്യൂമനിസ സ്വാധീനവുമുള്‍പ്പെടെ ഉണ്ടായിരുന്നുവെങ്കിലും ചരിത്രത്തെ ശാസ്‌ത്രീയമായി സമീപിക്കാനുള്ള രീതി മാർക്‌സിസത്തിന്റേതുതന്നെ എന്ന് അന്നുണ്ടായ ബോധ്യത്തിന് ഇന്നും ഇളക്കം തട്ടിയിട്ടില്ല. ആ ധാരണ ലൂയി അല്‍ത്യൂസെര്‍, എറിക് ഹോബ്‌സ്‌ബോം, മിഷേല്‍ ഫൂക്കോ തുടങ്ങിയവരുടെ ചിന്തകളിലൂടെ പുതിയ സങ്കീര്‍ണതകള്‍ നേടിയിട്ടുണ്ടെന്നേയുള്ളൂ. ഒപ്പം മാർക്‌സിസത്തിന്റെ ചില മൌനങ്ങളെക്കുറിച്ചും വംശം, ജാതി, ലിംഗം തുടങ്ങിയ തലങ്ങളിലുള്ള വൈരുധ്യങ്ങളെ നേരിടേണ്ട മാര്‍ഗങ്ങളെക്കുറിച്ചും ചിന്തിച്ചിട്ടുമുണ്ട്.

ഇതേകാലത്ത് ഞാന്‍ വിദ്യാര്‍ഥി ഫെഡറേഷനുമായി അടുക്കുകയും അതിന്റെ (സ്വതന്ത്ര) സ്ഥാനാര്‍ഥിയായി കോളെജുതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും ടി. കെ. രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള സുഹൃദ്സംഘം വികസിപ്പിക്കുകയുമൊക്കെ ചെയ്‌തിരുന്നു. എന്റെ ചിന്തയെ എന്നപോലെ കവിതയെയും അക്കാലത്തെ ജീവിതവും വായനയും ചുറ്റുമുള്ള അനുഭവങ്ങളും പതുക്കെ രാഷ്‌ട്രീയവല്‍ക്കരിക്കുകയായിരുന്നു. ആധുനികകവിതയുടെ രീതികളോട് ആഭിമുഖ്യം പുലര്‍ത്തുമ്പോള്‍ത്തന്നെ അതിന്റെ ആദ്യകാലങ്ങളിലെ കേവല വ്യക്തിവാദത്തോട് കലഹിക്കുവാനും ഇവയെല്ലാം എന്നെ പ്രാപ്‌തനാക്കി.

എഴുപതുകളില്‍ കടമ്മനിട്ടയും കെ.ജി. ശങ്കരപ്പിള്ളയും ബി. രാജീവനുമുള്‍പ്പെട്ട സുഹൃദ് വലയവും ജനകീയ സാംസ്‌കാരികവേദിയുടെ പ്രവര്‍ത്തനങ്ങളിലുള്ള ഉള്‍പ്പെടലും എന്റെ കവിതയ്‌ക്കും ചരിത്രത്തിന്റെ കണ്ണുകള്‍ നല്‍കി. അതിനിടത്തന്നെ മാവോയുടെയും ചെഗുവേരയുടെയും ഫിദെല്‍ കാസ്‌ട്രോയുടെയും റെഗിസ് ദെബ്രേയുടെയും ഡാനിയേല്‍ കോഹെന്‍ ബന്‍ഡിറ്റിന്റെയും ഫ്രാന്റ്സ് ഫാനന്റെയും അംബേദ്കറുടെയും മറ്റും താത്വിക - പ്രായോഗികരചനകളും ഇര്‍ഫാന്‍ ഹബീബ്, ആര്‍.എസ്. ശര്‍മ, റോമിള ഥാപ്പാര്‍, കെ.എന്‍. പണിക്കര്‍ തുടങ്ങിയവരുടെ ചരിത്രപഠനങ്ങളും ഞാന്‍ വായിച്ചുകൊണ്ടിരുന്നു.

ഇവയ്‌ക്കു സമാന്തരമായിത്തന്നെ ചരിത്രബോധത്താല്‍ ഉദ്ദീപ്‌തമായ ഒരു കാവ്യധാരയും ഞങ്ങളില്‍ ചിലര്‍ കണ്ടെത്തി. ആധുനിക ലോകകവിതയുടെ മറ്റൊരു പാരമ്പര്യമായിരുന്നു അത്. മയക്കൊവ്‌സ്‌കി, പാബ്ളോ നെരൂദ, നാസിം ഫിക്മെഥ്, ലൂയി അരഗങ്, പോള്‍ എല്വാദ്, ചെസ്വാ മീവാഷ്, ബെര്‍തോള്‍ട് ബ്രെഹ്റ്റ്, മാര്‍ടിന്‍ എന്‍സെന്‍സ് ബെര്‍ഗെര്‍, ലാങ്സ്‌റ്റണ്‍ ഹ്യൂസ്, വോള്‍ സോയിന്‍കാ, ലീറോയ് ജോണ്‍സ്, മാര്‍ഗററ്റ് വാക്കര്‍, ലിയോപ്പോള്‍ഡ് സെങ്കോര്‍, നസ്രുള്‍ ഇസ്ലാം, ഫയ്സ് അഹ്മ്മദ് ഫയ്സ്, അലി സര്‍ദാര്‍ ജാഫ്രി, സഹീര്‍ ലുധിയാന്‍വി, സുഭാഷ് മുഖോപാധ്യായ, പി. ലങ്കേഷ്, ശ്രീശ്രീ, മുക്തിബോധ്, വിന്ദാ കരണ്‍ഡികര്‍ തുടങ്ങിയവരെല്ലാമുള്‍പ്പെട്ടതും പിന്നീടു വന്ന ഏറെ കവികളിലൂടെ മുന്നോട്ടുപോകുന്നതുമായ ഒന്ന്. ഭാവുകത്വപരമായും ശൈലീപരമായും സമകാലീനമായിരിക്കുമ്പോള്‍ത്തന്നെ സാമൂഹ്യോല്‍ക്കണ്‌ഠകളും സ്വപ്‌നങ്ങളും പങ്കിടുന്ന ഈ കാവ്യധാരയെ ഞാന്‍ എഡിറ്റു ചെയ്‌ത 'സോഷ്യലിസ്‌റ്റു കവിത' എന്ന സമാഹാരത്തില്‍ മുന്നോട്ടുവച്ചിട്ടുണ്ട്. അങ്ങനെ ചരിത്രബോധത്തിന് സൌന്ദര്യാത്മകമായ ആവിഷ്‌കാരം സാധ്യമാണെന്നും അതിന് ഒട്ടേറെ വഴികളുണ്ടെന്നും വായനയിലും അനുഭവത്തിലും കൂടി എനിക്കു ബോധ്യമായി.

അക്കാലത്തെ കവിതകളെന്നപോലെ വിശേഷിച്ചും 'സത്യവാങ്മൂലം' മുതലുള്ള കവിതകള്‍ - വിവര്‍ത്തനങ്ങളും (നെരൂദയുടെ തെരഞ്ഞെടുത്ത കവിതകള്‍, ബ്രെഹ്റ്റിന്റെ നൂറു കവിതകള്‍, നൂറു റഷ്യന്‍ കവിതകള്‍, പത്തു നവീന
കവികള്‍, ഹോചീമിന്‍ ജയില്‍ ഡയറി, മാവോയുടെ കവിതകള്‍ തുടങ്ങിയവ), നിരൂപണകൃതികളും (കവിതയും ജനതയും, സംവാദങ്ങള്‍, സമീപനങ്ങള്‍, വീണ്ടുവിചാരങ്ങള്‍, സൌന്ദര്യവും അധികാരവും, കലയും നിഷേധവും തുടങ്ങിയവ) ഞാന്‍ എഡിറ്റുചെയ്‌ത മാസികകളും (ഇന്ന്, ഉത്തരം, പച്ചക്കുതിര തുടങ്ങിയവ) ഈ ബോധ്യത്തിന്റെയും തുടര്‍ന്നുള്ള അന്വേഷണങ്ങളുടെയും നിദര്‍ശനങ്ങളാണ്.

ഓര്‍മ, കാവ്യപരമായ സ്വത്വം തേടി ജീവിതത്തെ എങ്ങനെയൊക്കെ സമീപിക്കുന്നു?


ഓര്‍മ ഒരു ശാരീരികപ്രതിഭാസമെന്ന നിലയില്‍ വൈയക്തികമാണെങ്കിലും അതിന്റെ ഉള്ളടക്കം വ്യക്തിയെക്കവിഞ്ഞ് വംശത്തിലേയ്‌ക്കു പോകുന്നു. ഏതു കവിയുടേതുമെന്ന പോലെ എന്റെയും കവിതകളില്‍ ഓര്‍മ, അനുഭവം, ഭാവന എന്നീ അംശങ്ങള്‍ വ്യത്യസ്‌തമായ അനുപാതങ്ങളില്‍ ഉണ്ടായിരിക്കണം. സാമൂഹ്യാവബോധം മുന്നിട്ടുനില്‍ക്കുന്ന കവികളില്‍ ഓര്‍മ ചരിത്രം കൂടിയാണ്. ചരിത്രം മൃതമായ ഭൂതകാലമല്ല, വര്‍ത്തമാനത്തിന്റെ ഉള്ളില്‍ അതുണ്ട്. വര്‍ത്തമാനത്തില്‍ ഭൂതകാലമുള്ളതുപോലെ ഭാവിയില്‍ ഭൂത വര്‍ത്തമാനങ്ങളുമുണ്ട്. അതുകൊണ്ടാണ് കവിതയിലെ കാലം ഭൂത - വര്‍ത്തമാന - ഭാവികളായി വേര്‍തിരിക്കാന്‍ കഴിയാത്തവിധം കാണപ്പെടുന്നത്. അനുഭവത്തിനുള്ളില്‍ തന്നെ ഓര്‍മയും സ്വപ്‌നവും വര്‍ത്തിക്കുന്നു. സ്വപ്‌നം 'നാളെയുടെ ഓര്‍മ'യാണ്, ഓര്‍മ 'ഇന്നലത്തെ അനുഭവ'വും. അതുകൊണ്ട് കവി ഒരു പഴയ മിത്തിലൂടെ പുതിയൊരനുഭവം ആവിഷ്‌കരിച്ചേക്കാം (നാവുമരം, വടക്കന്‍പാട്ട്, ശാകുന്തളം), വര്‍ത്തമാനത്തിനായി ഒരോര്‍മയെ വീണ്ടെടുത്തേക്കാം (മഹാബലി അവശിഷ്‌ടങ്ങളിലൂടെ നടക്കുന്നു, ഉയിര്‍ത്തെഴുന്നേല്‍പ്, പിന്നെയും പിന്നെയും, കായിക്കരയിലെ മണ്ണ്, പഴശ്ശിക്കൊന്ന). ഭാവിയിലേയ്‌ക്കു കൂര്‍ത്തു നില്‍ക്കുന്ന ഭൂത - വര്‍ത്തമാനങ്ങളുടെ ഗോപുരം നിര്‍മിച്ചേക്കാം (വേനല്‍ മഴ, മലയാളം, ഇവനെക്കൂടി). ഗൃഹാതുരത്വം എന്റെ കവിതകളുടെ ഒരു മുഖ്യധമനി അല്ലെങ്കിലും ചിലപ്പോള്‍ അങ്ങനെയും ഓര്‍മകള്‍ അവതരിക്കാം (പഴയവീട്, വീട്ടിനെക്കുറിച്ചുള്ള അവസാനത്തെ കവിത). ചിലപ്പോള്‍ ബാധയൊഴിക്കുംപോലെ ചില ഓര്‍മകളെ ആണിയടിച്ചു തളയ്‌ക്കാനാവാം ശ്രമം (ബാധ, എന്തിനുവീണ്ടും, പഴയ കവിതകള്‍, ശവം, ഹിരോഷിമയുടെ ഓര്‍മ, ഉള്ളില്‍ വെടിയുണ്ടയുള്ള ഒരാള്‍). ചിലപ്പോള്‍ ഭൂതകാലം വര്‍ത്തമാനത്തെ അഭിസംബോധന ചെയ്‌തേക്കാം (ഗാന്ധിയും കവിതയും, അഹിംസയെക്കുറിച്ചൊരു സംവാദം, അവിടെ, ലാല്‍ദെദ്ദ് അതിര്‍ത്തികള്‍ക്കെതിരെ സംസാരിക്കുന്നു, പറയുന്നു കബീര്‍, മീര പാടുന്നു, നാമദേവന്‍ ക്ഷേത്രങ്ങളെ ചോദ്യം ചെയ്യുന്നു). ചിലവ മറിച്ച് ഭൂതത്തിനുള്ള വര്‍ത്തമാനത്തിന്റെ തിലോദകമാകാം (തിരിച്ചുവരവ്, അച്ഛന്‍, ഇടശ്ശേരി, സോദരാ-പോരൂ, ശേഷം, അമ്മ, ഗാന്ധിയും വൃക്ഷവും, ഇ.എം.എസിനൊരു വാഴ്ത്ത്, ഹോ ചീമിന്‍, ഗുരു, രാമനാഥന്‍ പാടുമ്പോള്‍, തുടക്കങ്ങള്‍). ചിലപ്പോള്‍ ഓര്‍മകള്‍ ജീവിതത്തെയോ പ്രപഞ്ചത്തെയോ കുറിച്ചുള്ള ധ്യാനത്തിനു നിമിത്തമാകാം (താവോ ക്ഷേത്രത്തില്‍ പോകേണ്ടതെങ്ങനെ, മറന്നുവച്ച വസ്‌തുക്കള്‍)

ഇത്തരം ഓര്‍മകള്‍, വ്യക്തിജീവിതം, ചരിത്രം എന്നിവയുടെ മുന്‍ഗണനാക്രമം താങ്കളുടെ അഭിപ്രായത്തില്‍ എങ്ങനെയാണ് ?


ഈ മൂന്നു ഘടകങ്ങളെയും കവിയെന്ന നിലയില്‍ വേര്‍പെടുത്താന്‍ എനിക്കു പ്രയാസമുണ്ട്. വ്യക്തിജീവിതം രൂപപ്പെടുന്നതില്‍ ഓര്‍മകള്‍ക്കു വലിയ പങ്കുണ്ട്. ചരിത്രമാകട്ടെ വംശസ്‌മൃതികളുടെ സമാഹാരമാണ് - അടിമത്തം മുതല്‍ ജനാധിപത്യം വരെയുള്ള മനുഷ്യന്റെ പ്രയാണത്തിന്റെ, അവന്‍ (അവള്‍) നടത്തിയ മുന്നേറ്റങ്ങളുടെ, ഏറ്റുവാങ്ങിയ പരാജയങ്ങളുടെ, വ്യവസ്ഥാസംക്രമണത്തിനായി നടത്തിയ സംഘര്‍ഷങ്ങളുടെ, അതിനിടയില്‍ വന്നുപെട്ട തിന്മകളുടെ, സ്വപ്‌ന യാഥാര്‍ഥ്യങ്ങള്‍ തമ്മിലുണ്ടായ ഭീമമായ വിടവുകളുടെ വൈരുധ്യസങ്കുലമായ കഥ. മിക്ക കവിതകളിലുമുണ്ട് ഈ മൂന്നു ഘടകങ്ങളും. ചിലവയില്‍ ചിലത് ദൃശ്യമോ പ്രകടമോ ആകാം, ചിലത് അദൃശ്യവും. പ്രണയകവിതകളിലേയ്‌ക്കുപോലും ചരിത്രം പൊട്ടി വീഴുന്നതു ഞാനനുഭവിച്ചിട്ടുണ്ട്. 'അനന്ത'മോ 'അപൂര്‍ണ'മോ കാണുക. ഏറ്റവും സ്വകാര്യമായതില്‍പോലും ഏറ്റവും പൊതുവായത് സംസാരിച്ചുകൊണ്ടിരിക്കുന്നു. പ്രണയം പോലും ആവിഷ്‌കരിക്കപ്പെട്ടു കഴിയുമ്പോള്‍ എല്ലാവരുടെയും പ്രണയമാകുന്നു, അതില്‍ പ്രണയത്തിന്റെ ചരിത്രം മുഴുവന്‍ എഴുതപ്പെട്ടിരിക്കുന്നു. കാലം മാറുംതോറും അതു സ്വീകരിക്കുന്ന നവരൂപങ്ങളുടെ ചരിത്രവും, ഓരോ കാമുകനും മജ്‌നു, റോമിയോ, ആന്റണി ആണെന്നു പറയാം. എന്നാല്‍ അയാള്‍ 2010-ല്‍ കേരളത്തിലെ ഒരു കോളെജില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥിയുടെ ഭാഷയിലാകാം തന്റെ പ്രണയം ആവിഷ്‌കരിക്കുന്നത്. ചരിത്രത്തിന്റെ മുദ്ര ചേഷ്‌ടകളിലും വാക്കുകളിലും പതിഞ്ഞുകിടക്കുന്നു. മനുഷ്യര്‍ അതീതത്വം നേടുന്നതുപോലും ചരിത്രത്തിനുള്ളിലാണ് ബുദ്ധനായാലും ശ്രീനാരായണഗുരുവായാലും. എന്റെ കവിത എന്റെ ജീവിതത്തിന്റെയെന്നപോലെ എന്റെ കാലത്തിന്റെ ചരിത്രത്തിന്റെയും അനുഭൂതിപരമായ രേഖയാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

അറുപതുകള്‍ക്കിപ്പുറമുള്ള കേരള ചരിത്രത്തില്‍ സച്ചിദാനന്ദന്റെ സ്ഥാനം? കവിയെന്ന രീതിയിലുള്ള സ്വയം വിലയിരുത്തല്‍?

ചരിത്രത്തിലെ എന്റെ സ്ഥാനം നിര്‍ണയിക്കേണ്ടത് ഞാനല്ല. കേരളചരിത്രം ഏറെ വിപുലമാണ്. അതിലൊന്നും എനിക്ക് ഒരു സ്ഥാനവും ഞാന്‍ കാണുന്നില്ല. കേരളീയ ഭാവുകത്വത്തിന്റെയോ കവിതയുടെയോ ചരിത്രത്തില്‍ പലര്‍ക്കിടയില്‍ ഞാനുമുണ്ടാകാം; ആധുനികത അടിസ്ഥാനപരമായ ഒരു ഭാവുകത്വസംക്രമണമായിരുന്നു എന്നു തന്നെ ഞാന്‍ കരുതുന്നു. 'കാലമതീവവിശാലം കാമിനി, കരയും ശീലം കളയുക നാമിനി' എന്ന് അയ്യപ്പപ്പണിക്കര്‍. അപ്പോള്‍ ചരിത്രത്തെയോര്‍ത്ത് നാം കരയേണ്ടതില്ലെന്നു തോന്നുന്നു. അതിജീവിക്കാനുള്ളവ അതിജീവിക്കും; വിസ്‌മൃതമാകേണ്ടത് വിസ്‌മൃതമാകും. എത്രയോ പ്രശസ്‌തര്‍ വിസ്‌മരിക്കപ്പെട്ടു. അപ്രശസ്‌തര്‍ വീണ്ടെടുക്കപ്പെട്ടു. ഒരു കാര്യം എനിക്കു തീര്‍ച്ചയുണ്ട്. തല്‍ക്കാലം നേടുന്ന ജനപ്രീതിയിക്കും പുരസ്‌കാരങ്ങള്‍ക്കും ഒരെഴുത്തുകാരനെയും അനശ്വരനാക്കാനാവില്ല. നോബല്‍ സമ്മാനജേതാക്കളിലെത്രയോ പേര്‍ പൂര്‍ണമായും വിസ്‌മരിക്കപ്പെട്ടു കഴിഞ്ഞു. ഭാഷയിലും സൌന്ദര്യബോധത്തിലും ജീവിതാവബോധത്തിലും പരിവര്‍ത്തനം വരുത്താത്ത ഒരെഴുത്തുകാരനും അതിജീവിച്ചിട്ടില്ല. മൌലികത എന്നു പറയുമ്പോള്‍ നാമുദ്ദേശിക്കന്നത് ഇതിനുള്ള ശേഷിയാണ്. കേവലമായ മൌലികത എന്നൊന്നില്ല. പാരമ്പര്യമെന്നത് പരിവര്‍ത്തനങ്ങളുടെ ഈ അനുസ്യൂതിയാണ്, പഴയതിന്റെ അനുവര്‍ത്തനമല്ല.

ഏറ്റവുമധികം സഞ്ചരിച്ചിട്ടുള്ള കേരളീയ കവി താങ്കളാണ്. ഈ സഞ്ചാരത്തിനിടയില്‍ ലോകം താങ്കളെ എങ്ങനെയാണു കീഴ്പ്പെടുത്താന്‍ ശ്രമിച്ചത്? ആഗോളീകരണത്തിന്റെ നന്മ തിന്മകള്‍ കണ്ടപ്പോള്‍ അവ താങ്കളുടെ കവിതകളുമായും ബന്ധപ്പെട്ടിരിക്കുന്നു എന്നു തോന്നിയോ? വിശദമാക്കാമോ?

ഏറ്റവുമധികം സഞ്ചരിച്ചിട്ടുള്ള കേരളീയകവി ഞാനാണോ എന്ന് എനിക്കറിയില്ല, ആയിരിക്കാനിടയുണ്ട്. ഞാന്‍ ലോകത്തെയോ ലോകം എന്നെയോ കീഴ്പ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. ഒരാള്‍ക്ക് കീഴ്പ്പെടുന്നതല്ല ലോകം, ഒരാളെ കീഴ്പ്പെടുത്താന്‍ മാത്രം ലഘുവല്ല അതിന്റെ ആഗ്രഹങ്ങള്‍. യാത്രകളില്‍ സംഭവിക്കുന്നത് ഒരു സംവാദമായിരിക്കണം, സംസ്‌കാരങ്ങള്‍ക്കിടയിലെ സംഭാഷണങ്ങളുടെ ഒരു നൈരന്തര്യം. എന്റെ കവിതയില്‍ അത്തരമൊരു സജീവസംഭാഷണമുണ്ടെന്നു തന്നെ ഞാന്‍ കരുതുന്നു. ഇന്നത്തെ ഏതു കവിക്കും പ്രാദേശികവും ദേശീയവുമായ പാരമ്പര്യങ്ങള്‍ക്കൊപ്പം ഒരു ആഗോളപാരമ്പര്യവുമുണ്ട്. മലയാളകവിതയിലും ഭാരതീയ കവിതകളിലുമെന്നപോലെ ലോകകവിതയില്‍ താനെവിടെ നില്‍ക്കുന്നു എന്നും അയാള്‍/അവള്‍ അറിഞ്ഞേതീരൂ. കാരണം ആത്യന്തികമായി കവി വിലയിരുത്തപ്പെടാന്‍ പോകുന്നത് ലോകകവിതയുടെ പശ്ചാത്തലത്തില്‍തന്നെയാണ്. സാഹിത്യത്തിലായാലും സംസ്‌കാരത്തിലായാലും രാഷ്‌ട്രീയത്തിലായാലും 'ആഗോളവല്‍ക്കരണം', 'സാര്‍വദേശീയത' എന്നീ സങ്കല്‍പനങ്ങളെ നാം വ്യവഛേദിക്കേണ്ടതുണ്ട്. ആഗോളവല്‍ക്കരണം ലക്ഷ്യമാക്കുന്നത് ദേശാന്തരീയ മൂലധനത്തിന്റെ വ്യാപനവും അതിനനുകൂലമായ സാംസ്‌കാരികാന്തരീക്ഷത്തിന്റെ സൃഷ്‌ടിയുമാണ്. അതിന്റെ കാര്യപരിപാടി സാമ്രാജ്യത്വത്തിന്റേതാണ്. എല്ലാ പരിവര്‍ത്തനോല്‍സാഹങ്ങളെയും മന്ദീഭവിപ്പിക്കുക, വികേന്ദ്രീകരണത്തെ കേന്ദ്രീകരണത്താല്‍ നേരിടുക, അമേരിക്കന്‍ ആധിപത്യം എല്ലായിടത്തും ഉറപ്പിക്കുക, ലാഭത്തെ എല്ലാ മനുഷ്യപ്രവര്‍ത്തനത്തിന്റെയും പ്രഥമോദ്ദേശ്യമായിക്കാണുക, ജീവിതശൈലികള്‍ കയറ്റി അയയ്‌ക്കുക, ലോകത്തെ ഒരു ഉപഭോക്തൃശൃംഖലയായി മാത്രം കാണുക, സംഘര്‍ഷാവസ്ഥകള്‍ സൃഷ്‌ടിച്ച് യുദ്ധോപകരണങ്ങള്‍ കയറ്റുമതി ചെയ്യുക, മാധ്യമങ്ങളെ സാംസ്‌കാരികാക്രമണത്തിന്റെ ഉപാധികളാക്കുക, അവികസിതരാജ്യങ്ങളെ സാമ്പത്തിക കോളനികളാക്കുക, വികസ്വരരാജ്യങ്ങുടെ വികസനപദ്ധതികളെ തങ്ങള്‍ക്കനുകൂലമാക്കുക, 'മൂന്നാം ലോക' ജനതയ്‌ക്കുമേല്‍ സാംസ്‌കാരിക വിസ്‌മൃതി അടിച്ചേല്‍പ്പിക്കുക, അവരുടെ ജ്ഞാനോപകരണങ്ങളെ നിസാരവല്‍ക്കരിക്കുകയും ചെയ്യുക. ഇങ്ങനെയെല്ലാം പ്രവര്‍ത്തിക്കുന്ന ആഗോളവല്‍ക്കരണം അധികാരത്തിന്റെ ഒരു ഏകഭാഷണമാണ്. എന്നാല്‍ സോഷ്യലിസ്‌റ്റുകള്‍ മുന്നോട്ടുവച്ചുപോന്നിട്ടുള്ള സാര്‍വദേശീയത ഇതിനു കടകവിരുദ്ധമാണ്. അതു ലക്ഷ്യമിടുന്നത് സാര്‍വദേശീയസമാധാനം, സഹവര്‍ത്തിത്വം, സാംസ്‌കാരങ്ങള്‍ തമ്മിലുള്ള ക്രിയാത്മകമായ കൈമാറ്റങ്ങള്‍, സാംസ്‌കാരിക ബഹുലത, ജീവിതശൈലികള്‍ തമ്മിലുള്ള ബഹുമാനം, വികേന്ദ്രീകരണം, ഓരോ ദേശത്തിനും സ്വന്തം വികസനമാര്‍ഗം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, ഭാവനയുടെ സ്വാഛന്ദ്യം, പ്രാദേശികസംസ്‌കൃതികളുടെ സംരക്ഷണം തുടങ്ങിയവയാണ്. ഇവിടെ വാണിഭമല്ല സംസ്‌കാരമാണ് പ്രാഥമികം, ലാഭമല്ല മനുഷ്യനാണ് മുന്നില്‍; സമീകരണമല്ല വൈവിധ്യമാണ് ആദര്‍ശം; ഏകഭാഷണമല്ല, സംഭാഷണമാണ് ദൌത്യം. പരിസ്ഥിതിനശീകരണമുണ്ടാക്കുന്ന വികസനം മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കുമെന്ന തിരിച്ചറിവ് ഇവിടെയുണ്ട്. ചൂഷണാധിഷ്‌ഠിതമല്ല സംവാദോന്മുഖമാണ് രാജ്യാന്തരബന്ധങ്ങള്‍. സാഹിത്യരംഗത്ത് ആഗോളവല്‍ക്കരണത്തിന്റെ മാതൃകയല്ല, സാര്‍വദേശീയതയുടെ മാതൃകയാണ് പ്രസക്തം. അപ്പോള്‍ നമുക്ക് ലോര്‍ക്കയെപ്പലൊരു കവിയെ തികച്ചും സ്‌പാനിഷ് കവിയായിരിക്കെത്തന്നെ ലോകകവിയായി തിരിച്ചറിയാനാകും; വൈലോപ്പിള്ളിയെയും ഇടശ്ശേരിയെയും കേരളത്തിന്റെയെന്നപോലെ മനുഷ്യന്റെയും കവികളായി മനസ്സിലാക്കാനാവും.

സ്വാനുഭവത്തെക്കുറിച്ച് ചോദിച്ചതുകൊണ്ടുമാത്രം പറയുകയാണ്, ഞാന്‍ എന്റെ കവിതകള്‍ റഷ്യയും ചൈനയും അമേരിക്കയും ഫ്രാന്‍സും ഇറ്റലിയും ജര്‍മനിയും സ്വീഡനും യൂഗോസ്ളാവിയയും ഹോളണ്ടും സിറിയയും പാകിസ്ഥാനും ഗള്‍ഫ് നാടുകളും ഉള്‍പ്പെടെ ഏറെ നാടുകളില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ ഭാഷകളിലെല്ലാം എന്റെ കവിതകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഫ്രഞ്ച്, ഇറ്റാലിയന്‍, ജര്‍മന്‍, അറബിഭാഷകളില്‍ - ഇംഗ്ളീഷിലും ഇന്ത്യന്‍ ഭാഷകളിലും കൂടാതെ എന്റെ കവിതകളുടെ സമാഹാരങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. എന്റെ അനുഭവം മുന്‍പറഞ്ഞ അനുഭവത്തെ തികച്ചും ശരിവയ്‌ക്കുന്നു. ഇവിടെയൊക്കെ ഒരു ഇന്ത്യന്‍ ഭാഷാകവിയായിത്തന്നെ ഞാന്‍ തിരിച്ചറിയപ്പെട്ടിട്ടുണ്ട്. അതേസമയം കവിതകളുടെ വികാര - വിചാരലോകം അവിടങ്ങളിലെ കേള്‍വിക്കാര്‍ക്കും വായനക്കാര്‍ക്കും നന്നായി പങ്കിടാന്‍ കഴിയുന്നുണ്ടെന്ന് വായനയുടെ പ്രതികരണങ്ങളും പല ഭാഷകളില്‍ വന്ന ലേഖനങ്ങളും നിരൂപണങ്ങളും തെളിയിക്കുന്നു. ഞാനാഗ്രഹിക്കുന്നത് കൃത്യമായും ഇതാണ്. എന്റെ ഭാഷയുടെയും ദേശത്തിന്റെയും മുദ്രകളുള്ളപ്പോള്‍ത്തന്നെ എന്റെ കാലത്തെ മനുഷ്യാനുഭവത്തിന്റെ അംശം കൂടിയായിരിക്കുന്നു കവിത. അത് ഞാന്‍ നേടി എന്നുവകാശപ്പെടുകയല്ല, ഞാന്‍ ലക്ഷ്യമാക്കാനാഗ്രഹിക്കുന്നത് അത്തരമൊരു കവിതയാണ്. അതില്‍ ഇന്നത്തെ പലവിധത്തില്‍ പീഡനമനുഭവിക്കുന്ന മനുഷ്യന്റെ ഹൃദയം പ്രതിഫലിക്കണമെന്ന് ഞാനാഗ്രഹിക്കുന്നു; അതിന്റെ ദുഃഖത്തോടും സ്വപ്‌നത്തോടുമൊപ്പം.

കവിത നമുക്കു മാത്രം അവകാശപ്പെടുന്ന കലയാണോ? എന്താണ് താങ്കളെ സംബന്ധിച്ചിടത്തോളം കവിതയുടെ മനസ്സ്? കവിയുടെ കുടുംബത്തിന് അതിലുള്ള സ്ഥാനം? സമൂഹത്തിന് അതിലുള്ള സ്ഥാനം?

കവിത മനുഷ്യരാശിയുടെ മാതൃഭാഷയാണ്. ഭാഷകള്‍ക്കുമപ്പുറമുള്ള ഭാഷ. അത് എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. മൃഗങ്ങള്‍ക്കും സസ്യങ്ങള്‍ക്കും പോലും എന്നു പറയാനെനിക്കാഗ്രഹമുണ്ട്. കാരണം, കവിതയിലൂടെ സംസാരിക്കുന്നത് മനുഷ്യര്‍ മാത്രമല്ല, ചരാചരപ്രപഞ്ചം മുഴുവനുമാണ്. 'കവിതയുടെ മനസ്സ് ' എന്ന പ്രയോഗം സാധുവാണെങ്കില്‍ അത് എല്ലാവരെയും എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്ന ഒന്നാണ്. പഴയവര്‍ 'ദൈവത്തിന്റെ മനസ്സി'നെക്കുറിച്ചു പറയുമായിരുന്നതുപോലെ. കവിയുടെ കുടുംബവും വിശാലാര്‍ഥത്തില്‍ 'പുല്‍കളും പുഴുക്കളും' കൂടി ഉള്‍ക്കൊള്ളുന്നതുതന്നെ. എങ്കിലും സാമാന്യവ്യവഹാരത്തിലുള്ള 'കുടുംബ'ത്തിനും വളരെ 'ഇന്റിമേറ്റ് ' ആയ അനുഭവങ്ങളുടെ ഒരു പ്രധാനസ്രോതസ്സെന്ന നിലയില്‍ ആ വലിയ 'കുടുംബ'ത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. എന്റെ അനേകം കവിതകള്‍ക്ക് കുടുംബം പ്രേരണയായിട്ടുണ്ട്. 'ആത്മഗീത' എന്ന ഖണ്ഡകാവ്യം മുതല്‍ 'മലമുകളില്‍ വീണ്ടും', 'കയറ്റം', 'ഇനിയൊന്നു വിശ്രമിക്കട്ടെ', 'അമ്മ', 'അച്ഛന്‍', 'അമ്മൂമ്മ', 'വീട്ടിലേയ്‌ക്ക്', 'വീട്', 'വീടുമാറ്റം', 'വീടൊരുക്കം', 'വീടുവാങ്ങല്‍', 'പഴയവീട്', 'വീടിനെക്കുറിച്ചുള്ള അവസാനത്തെ കവിത', 'മകള്‍', 'ഇരുപതുവയസ്സായ മകള്‍ക്ക് ഒരു താരാട്ട് ', 'രണ്ടു കുടുംബകവിതകള്‍', 'പിണക്കം', 'സിംഫണി', 'ഇടയപ്പാട്ട് ', 'അസ്വസ്ഥം' ഇങ്ങനെയുള്ള രചനകള്‍. കഴിഞ്ഞ നാല്‍പതുവര്‍ഷത്തിനിടയ്‌ക്ക് ഒരുപാടു കവിതകളിലൂടെ കുടുംബത്തിന്റെ ഭിന്നാനുഭവങ്ങള്‍ എന്റെ കവിതയ്‌ക്കു വിഷയമായിട്ടുണ്ട്. എന്നാല്‍ അതിന്റെ എത്രയോ ഇരട്ടികവിതകള്‍, എടുത്തു പറയാന്‍ കഴിയാത്തത്ര, സാമൂഹികാനുഭവങ്ങളെക്കുറിച്ചും (കുടുംബാനുഭവം അതിന്റെ ഭാഗമല്ലെന്നല്ല) ഉണ്ട്. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ എഴുതിയ 'വിയറ്റ്നാം' മുതല്‍ ഈയിടെ എഴുതിയ 'അവിടെ' വരെ നൂറുകണക്കിനു കവിതകള്‍. അവയില്‍ ചിലത് സംഭവങ്ങളോട് (ഡല്‍ഹിയിലെ സിഖ് കൂട്ടക്കൊല, ബാബ്റിമസ്‌ജിദ് തകര്‍ക്കല്‍, ഭോപ്പാലിലെ വാതകദുരന്തം, ഒറീസ്സയിലെ ക്രിസ്‌ത്യന്‍ സമുദായത്തിനെതിരെ ഉണ്ടായ രണ്ട് അക്രമങ്ങള്‍, ഖാലിസ്ഥാന്‍ കലാപം, ഗുജറാത്തിലെ മുസ്ളീം വംശഹത്യ, ഏഴിമല, സദ്ദാമിന്റെ തൂക്കിക്കൊല, നിഥാരിയിലെ കുട്ടികളുടെ കുരുതി, കൊറിയയിലെ കിം - ചിഹായ്‌ക്കെതിരെ വിധി, കെന്‍ - സരോവീവയുടെ തൂക്കിക്കൊല, കേരളത്തിലെ രാജന്‍ സംഭവം, അടിയന്തരാവസ്ഥ, നക്സല്‍ബാരിയിലും തുടര്‍ന്നുമുണ്ടായ കര്‍ഷകകലാപങ്ങള്‍, നന്ദിഗ്രാം, ചെങ്ങറ, അതിരപ്പള്ളി) പ്രതികരിക്കുന്നവയാണെങ്കില്‍ പലതും അവസ്ഥകള്‍ ആവിഷ്‌കരിക്കുന്നവയാണ്. (പനി, സത്യവാങ്മൂലം, വേനല്‍മഴ, അഷ്‌ടപദി, ഉജ്ജയിനി - ശ്രീനഗര്‍, ചിത, വിക്ക്, ആട് കശാപ്പുകാരനോട്, കോട്ടുവാ, ഇന്ത്യന്‍കവി, ഇടവേള...) കവിത ഒരു ഭാഷാവ്യവഹാരമായതുകൊണ്ടും ഭാഷ, എത്രമാത്രം വ്യഷ്‌ടിവല്‍ക്കരിക്കപ്പെട്ടാലും ഒരു സാമൂഹ്യോല്‍പന്നമായതുകൊണ്ടും കവിതയ്‌ക്ക് ഒരു സമൂഹ്യവ്യവഹാരമായേ നിലനില്‍ക്കാനാവൂ. ഓരോ വാക്കിലും അത്രയേറെ സാമൂഹ്യസന്ദര്‍ഭങ്ങളും വംശസ്‌മൃതികളും ചിത്തബന്ധങ്ങളും ഉടക്കിക്കിടക്കുന്നു. ഓരോ വാക്കും ഓര്‍മകളുടെ ഒരു 'ആര്‍ക്കൈവ് ' - അഥവാ മ്യൂസിയം തന്നെ ആണെന്നു പറയാം. അതുകൊണ്ടാണ് ഏറ്റവും വ്യക്തിഗതമായതിനുപോലും സാഹിത്യത്തില്‍ ഒരു സാമൂഹ്യമാനം കൈവരുന്നത്.

കവിയുടെ സങ്കല്‍പത്തിനും പ്രതീക്ഷയ്‌ക്കുമെതിരായി സമൂഹവും കുടുംബവും മാറുമ്പോള്‍ കവിയുടെ സ്വാതന്ത്ര്യാഭിവാഞ്ഛയുടെ സത്യം സത്യമായിത്തന്നെ അവശേഷിക്കുമോ?

സ്വാതന്ത്ര്യം ഒരുപക്ഷേ ഒരിക്കലും പൂര്‍ണമായി സാക്ഷാല്‍ക്കരിക്കാനാകാത്ത ഒരാദര്‍ശമാണ് - അങ്ങോട്ടുള്ള പ്രയാണമേ ഉള്ളൂ, എത്തിച്ചേരല്‍ ഇല്ലെന്നുതന്നെ വരാം. ഒരര്‍ഥത്തില്‍ പ്രകൃതി തന്നെയും സ്വാതന്ത്ര്യത്തിലേയ്‌ക്കുള്ള പരിണാമമാണ് - അചരങ്ങളില്‍നിന്നു ചരങ്ങളിലേയ്‌ക്ക്, ചരങ്ങളില്‍നിന്ന് ഒരേസമയം സഹിശ്ചരനും അന്തശ്ചരനുമായ മനുഷ്യനിലേയ്‌ക്ക് - ഇങ്ങനെ. രാഷ്‌ട്രീയസ്വാതന്ത്ര്യം ഈ മഹാസ്വാതന്ത്ര്യത്തിന്റെ ഒരു സന്ദര്‍ഭം മാത്രമാണ്. എക്കാലവും സ്വാതന്ത്ര്യത്തിന് സമൂഹം പലതരം അതിരുകള്‍ കല്‍പിക്കാനാണ് ഇട. കവിയുടെ ധര്‍മം ഈ അതിരുകള്‍ തുടര്‍ച്ചയായി ലംഘിക്കുകയാണ്. അതിനു ചിലപ്പോള്‍ നീതിയുടെ പക്ഷത്തുനിന്ന് നിയമത്തെയും വെല്ലുവിളിക്കേണ്ടിവരാം. കാരണം, നീതി എപ്പോഴും നിയമത്തെക്കാള്‍ മുമ്പിലായിരിക്കും. നീതിക്കായുള്ള പോരാട്ടങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ഇടങ്ങളിലേയ്‌ക്ക് പതുക്കെപ്പതുക്കെ നിയമം വരികയാണു ചെയ്യുന്നത്. ഇന്ന് നിയമം സ്‌ത്രീകളോടും കുട്ടികളോടും ന്യൂനപക്ഷങ്ങളോടും സ്വവര്‍ഗപ്രണയികളോടും ആദിവാസികളോടും ദളിതരോടുമെല്ലാം കുറച്ചുകൂടി ആനുകൂല്യം കാണിക്കുന്നുണ്ടെങ്കില്‍, എത്രയോ കാലമായുള്ള സമരങ്ങളും ത്യാഗങ്ങളും അവയ്‌ക്കു പിറകിലുണ്ടെന്നു കാണണം. എന്നിട്ടും ഇന്നും ജാതിയുടെയും ഗോത്രത്തിന്റെയും പേരില്‍ പ്രണയികള്‍ കൊല്ലപ്പെടുന്നു, സ്‌ത്രീകള്‍ എമ്പാടും അവമതിക്കപ്പെടുന്നു. ഒരു പുരുഷനും സ്‌ത്രീയും ഒന്നിച്ചു സഞ്ചരിച്ചാല്‍പോലും പുരോഗമനം അവകാശപ്പെടുന്ന, എന്നാല്‍ ഏറെ യാഥാസ്ഥിതികമായ, കേരളത്തില്‍പോലും, വേട്ടയാടപ്പെടുന്നു. ആദിവാസികള്‍ക്ക് പ്രാഥമിക മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും വിദേശക്കമ്പനികള്‍ക്ക് ഖനിജങ്ങള്‍ കൊള്ളയടിക്കാന്‍ സൌകര്യമുണ്ടാക്കാനായി വനപ്രദേശങ്ങളില്‍നിന്ന് ആട്ടിയോടിക്കപ്പെടുകയും അതിനെ ചെറുക്കുന്നവര്‍ ഭരണകൂട നായാട്ടിന് വിധേയരാവുകയും ചെയ്യുന്നു. ചില സംഭവങ്ങളുടെ പേരില്‍ ന്യൂനപക്ഷമാകെ ഭീകരവാദികളായി മുദ്രകുത്തപ്പെടുന്നു. വികസനത്തിന്റെ പേരില്‍ കര്‍ഷകര്‍ സ്വന്തം മണ്ണില്‍നിന്നു കുടിയിറക്കപ്പെടുന്നു. അസഹിഷ്ണുത പല രൂപങ്ങളില്‍ പെരുകുന്നു. സിവില്‍ സമൂഹത്തില്‍പോലും ഫാസിസ്‌റ്റു പ്രവണതകള്‍ വര്‍ധിക്കുന്നു. ഇന്ത്യന്‍ ഭരണകൂടം കോര്‍പ്പറേറ്റുകളുടെ ഏജന്റായി മാറിയിരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ ഈ ദുരവസ്ഥ, സ്വാതന്ത്ര്യവാഞ്ഛയും അതിനായുള്ള കലാപവും കൂടുതല്‍ തീവ്രവും പ്രസക്തവുമാക്കുന്നതേയുള്ളൂ: സിനിസിസവും പിന്‍വാങ്ങലും നമ്മെ കൂടുതല്‍ വലിയ ഇരുളിലേയ്‌ക്കു തള്ളിയിടുകയേയുള്ളൂ. ജനാധിപത്യമില്ലാത്ത സ്ഥിതിസമത്വം സമഗ്രാധിപത്യത്തിലേയ്‌ക്കു നയിക്കുമെങ്കില്‍, സ്ഥിതിസമത്വമില്ലാത്ത ജനാധിപത്യം വിപ്ളവത്തിലേയ്‌ക്കു നയിക്കുമെന്നും ചരിത്രം നമ്മെ പഠിപ്പിക്കുന്നു.

എഴുപതുകള്‍ക്കുശേഷം ആധുനികരാണ് കേരള സമൂഹത്തെ മാറ്റിമറിച്ചത്, അടിയന്തരാവസ്ഥയുടെ കാലത്തുപോലും പുരോഗമനസാഹിത്യകാരന്മാര്‍ നിഷ്‌ക്രിയരായിരുന്നു എന്നും മറ്റുമുള്ള എം. മുകുന്ദനെപ്പോലുള്ളവരുടെ അഭിപ്രായത്തോട്, സെന്‍സര്‍ ചെയ്യപ്പെട്ട ഒരുപാടു കവിതകളുടെ കവിയായ താങ്കളുടെ പ്രതികരണം?

മുകുന്ദന്‍ 'ആധുനികര്‍' എന്ന പദമുപയോഗിച്ചത് ആധുനികര്‍ക്കിടയിലെ രാഷ്‌ട്രീയമായ വേര്‍തിരിവുകള്‍ കണക്കിലെടുക്കാതെയാകാം. ഇടതുപക്ഷത്തിന്റെ തെറ്റുകളുടെ കഠിനവിമര്‍ശകനായിരിക്കെത്തന്നെ ഇടതുപക്ഷമേ ഇല്ലാത്ത ഒരവസ്ഥയില്‍ കേരളസമൂഹം എങ്ങോട്ടാണു നീങ്ങുക എന്നറിയാന്‍ വലിയ പ്രവാചകത്വമൊന്നും ആവശ്യമില്ല എന്നും ഞാന്‍ കരുതുന്നു. ജാതീയ - വര്‍ഗീയ ശക്തികള്‍ക്ക് നമ്മുടെ സമൂഹത്തെ പൂര്‍ണമായും വിട്ടുകൊടുക്കുകയായിരിക്കും അതിന്റെ ഫലം. അടിയന്തിരാവസ്ഥയെ തീവ്രവലതുപക്ഷത്തുനിന്ന് പ്രതിരോധിച്ചവരെ ഒഴിച്ചുനിറുത്തിയാല്‍ - അവര്‍ക്കത് മറ്റൊരു അജണ്ടയുടെ ഭാഗമായിരുന്നു എന്ന് പിന്നീടു തെളിഞ്ഞുവല്ലോ - ഇടതുപക്ഷത്തിലെ ചില വിഭാഗങ്ങള്‍ തന്നെയാണ് പ്രതിരോധത്തിനു നേതൃത്വം നല്‍കിയതെന്നു കാണാം. ജെ.പി.യുടെ പ്രസ്ഥാനത്തെയും ഒരു ഇടതുപക്ഷപ്രസ്ഥാനമായിത്തന്നെയാണ് വിശാലാര്‍ഥത്തില്‍ നാം കാണേണ്ടത്. ലോഹ്യയുടെ സോഷ്യലിസ്‌റ്റാദര്‍ശങ്ങളായിരുന്നു അതിനു പ്രചോദനം. 'അമര്‍ഷത്തിന്റെ കഥകള്‍', 'അമര്‍ഷത്തിന്റെ കവിതകള്‍' എന്നീ ശീര്‍ഷകങ്ങളില്‍ അടിയന്തിരാവസ്ഥയെ പ്രതിരോധിച്ച കുറെ കഥകളും കവിതകളും 'ചിന്ത' അന്നേ പ്രസിദ്ധീകരിക്കുകയുണ്ടായി. സിവിക് ചന്ദ്രനും പി. ഉദയഭാനുവും എഡിറ്റു ചെയ്‌ത 'തടവറക്കവിതകള്‍' മുതല്‍ ജോണ്‍ ഒലിവര്‍ പെറിയുടെ 'വോയ്‌സ് ഓഫ് ദി എമെര്‍ജെന്‍സി' വരെയുള്ള വേറെ സമാഹാരങ്ങളും ഉണ്ട്. ജനാധിപത്യാവകാശങ്ങളിലും സ്ഥിതിസമത്വത്തിലുമുള്ള വിശ്വാസമാണ് 'ഇടതുപക്ഷ'ത്തിന്റെ അടിസ്ഥാനസ്വഭാവങ്ങളെങ്കില്‍ ആ വിശ്വാസം പങ്കിടുന്നവര്‍ തന്നെയാണ് അടിയന്തരാവസ്ഥയെ എതിര്‍ത്തവരില്‍ ഭൂരിപക്ഷവും. ഒ.വി. വിജയന്‍, എം.പി. നാരായണപിള്ള, ആനന്ദ് തുടങ്ങിയവര്‍ ആധുനികരായിരിക്കെത്തന്നെ അടിസ്ഥാന ജനാധിപത്യബോധമുള്ളവരായതുകൊണ്ടാണ് അടിയന്തരാവസ്ഥയുടെ പ്രതിലോമസ്വഭാവം തിരിച്ചറിഞ്ഞ് എതിര്‍ത്തത്. കവിതയില്‍ അയ്യപ്പപ്പണിക്കര്‍ മുതല്‍ എം. കൃഷ്ണന്‍കുട്ടി വരെയുള്ളവരെ ഒന്നിച്ചുകൊണ്ടുവന്നതും ഇതേ ബോധമായിരുന്നു. ആദ്യം അടിയന്തിരാവസ്ഥയെ തെറ്റിദ്ധരിച്ച വൈലോപ്പിള്ളിയെപ്പോലുള്ളവരും പിന്നീട് പ്രതിരോധത്തിന്റെ ഭാഗമായി. എങ്കിലും അക്കാലം ധീരരെക്കാള്‍ ഭീരുക്കളെയാണ് ചൂണ്ടിക്കാട്ടിത്തന്നതെന്ന് പറയാതെ വയ്യ. ചില എഴുത്തുകാരെങ്കിലും അടിയന്തരാവസ്ഥയ്‌ക്കു സ്‌തുതി പാടി; ഏറെപ്പേര്‍ നിശബ്‌ദരായി. ഇടതുപക്ഷം അന്ന് വിഭക്തമായിരുന്നു എന്നതും കാണാതിരുന്നുകൂടാ. അപ്പോള്‍ സാഹിത്യരംഗം മാത്രമെടുത്താല്‍ മുകുന്ദന്‍ പറയുന്നതില്‍ പാതി ശരിയുണ്ട്. പക്ഷേ യു.പി. ജയരാജും പി.കെ. നാണുവും പട്ടത്തുവിള കരുണാകരനും കടമ്മനിട്ടയും ഞാനുമൊന്നും ആധുനികതയിലെ വ്യക്തിവാദ ധാരയില്‍പെട്ടവരായിരുന്നില്ല എന്നതുകൂടി കാണേണ്ടതുണ്ട്. ഇടതുപക്ഷ ആധുനികത എന്നൊരു സങ്കല്‍പനത്തിന്റെ അഭാവമാണ് ഈ ചിന്താക്കുഴപ്പത്തിനു കാരണം; ലോകസാഹിത്യത്തിലുടനീളം അങ്ങനെയൊന്നുണ്ട് - നല്ല പഴമയെക്കാള്‍ നന്ന് ചീത്ത പുതുമയാണെന്നു പറഞ്ഞ ബ്രെഹ്റ്റിന്റെ കാലം മുതലെങ്കിലും.

വിശ്വകവിതയില്‍ ഇന്ന് ഭാരതീയകവിതയ്‌ക്ക്, പ്രത്യേകിച്ച് മലയാളകവിതയ്‌ക്കുള്ള സ്ഥാനം?

ഇന്നത്തെ വിശ്വകവിതയെ ഇന്ത്യയിലിരുന്നു കാണുമ്പോള്‍ നമ്മുടെ കുറേ കവികളെങ്കിലും അതിനൊപ്പം സഞ്ചരിക്കുന്നുണ്ടെന്നുതന്നെ പറയണം. എന്നാല്‍ ലോകകവിതയുടെ സമാഹാരങ്ങളെടുത്തു നോക്കിയാല്‍ ഇന്ത്യന്‍കവികള്‍ തീരെ കുറവാണെന്നും ഉള്ളവരില്‍ത്തന്നെ ഏറെപ്പേരും ഇംഗ്ളീഷിലെഴുതുന്നവര്‍ മാത്രമാണെന്നും കാണാം. ഇന്ത്യന്‍കവിതയുടെ സമാഹാരങ്ങളില്‍ മലയാള കവിതയ്‌ക്ക് നല്ല സ്ഥാനം ലഭിക്കാറുണ്ട്. അതിനൊരു കാരണം മലയാളികളുടെ ഉള്‍പ്പെടല്‍ തന്നെയാകാം. 'ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് ' പ്രസിദ്ധീകരിച്ച 'ഇന്ത്യന്‍ പോയട്രി റ്റുഡേ'യില്‍ മലയാള വിഭാഗം അയ്യപ്പപ്പണിക്കാരാണ് എഡിറ്റു ചെയ്‌തത്. നാഷണല്‍ ബുക് ട്രസ്‌റ്റിനുവേണ്ടി 'സിഗ്നേച്ചേഴ്‌സ്' (Signatures)എന്ന ഇന്ത്യന്‍ കവിതാസമാഹരവും, സാഹിത്യ അക്കാദമിക്കുവേണ്ടി 'ജെസ്‌ചേഴ്‌സ്' (Gestures) എന്ന 'സാര്‍ക് ' കവിതാസമാഹാരവും ഞാനാണ് എഡിറ്റുചെയ്‌തത്. ഇപ്പോള്‍ ഓക്സ്ഫഡ് യൂണിവേഴ്‌സിറ്റി പ്രസ്സിനുവേണ്ടി ഒരു ആധുനികമലയാള കവിതാസമാഹാരവും ഞാന്‍ തയ്യാറാക്കുന്നു. മറ്റൊരു ഇന്ത്യന്‍ കവിതാസമാഹാരം 'നാവുമരം' (The Tree of Tongues) എന്ന പേരില്‍ ഇ.വി. രാമകൃഷ്ണനാണ് ഇംഗ്ളീഷില്‍ ചെയ്‌തത്. എന്നാല്‍ നമ്മുടെ കവിതകളുടെ നല്ല പരിഭാഷകള്‍ ഇംഗ്ളീഷിലും യൂറോപ്യന്‍ഭാഷകളിലും വരാത്തിടത്തോളം ലോകകവിതയില്‍ നാം അദൃശ്യരായിത്തുടരും. ഈയിടെ സ്വീഡിഷ് ഭാഷയില്‍ ഇറങ്ങിയ ഇന്ത്യന്‍ കവിതാസമാഹാരത്തില്‍ പതിനൊന്നു മലയാളകവികളുണ്ട്. ജര്‍മന്‍ ഭാഷയിലിറങ്ങിയ ഇന്ത്യൻ കവിതാസമാഹാരത്തില്‍ നാലു കവികളുണ്ട്. അറബിയിലും ഒരു മലയാള കവിതാസമാഹാരം ഇറങ്ങിയിട്ടുണ്ട്. ഇപ്പോഴും ബംഗാളികവിതയ്‌ക്ക് കിട്ടുന്ന സ്ഥാനം ലോകകവിതാരംഗത്ത് നമുക്ക് കിട്ടുന്നില്ല. ഇംഗ്ളീഷ് കവിതയാകട്ടെ ഭാഷാകവിതയെത്തന്നെ അപ്രത്യക്ഷമാക്കിക്കൊണ്ടിരിക്കുന്നു. വിദേശഭാഷാവിശാരദരായ മലയാളികള്‍ക്ക് ഈ രംഗത്ത് ക്രിയാത്മകമായ പങ്കു വഹിക്കാന്‍ കഴിയും.

*
എസ്. രമേശന്‍
'യമുന', പച്ചാളം
കൊച്ചി

നെരൂദാ പരിഭാഷയെപ്പറ്റി

കവിതയുടെ പ്രാഥമികാസ്വാദനം നടക്കുന്നത് കണ്ണിലൂടെയാണ്: അച്ചടിച്ച താളിന്റെ സമഗ്രസംവിധാനത്തിലൂടെ ലഭിക്കുന്ന ദൃശ്യമാതൃകയാണ് കവിതയുടെ താളത്തെയും ഒഴുക്കിനെയും കുറിച്ചുള്ള പ്രാഗ്‌ബോധം നമ്മില്‍ ജനിപ്പിക്കുന്നത്. നെരൂദയുടെ 'ഓഡാസ് എലിമെന്റാലിസ്സി'ലെ സ്‌തുതിഗീതങ്ങള്‍ കൊച്ചുകൊച്ചു വരികളിലൂടെ അവയുടെ ലാളിത്യവും മിതത്വവും നമ്മുടെ കണ്ണുകളിലേയ്‌ക്കു സംക്രമിപ്പിക്കുന്നു; പേജിന്റെ ഒരരികില്‍ ഒതുങ്ങിനില്‍ക്കുന്ന അവയുടെ വിനീതമായ വെളിച്ചം ശേഷിക്കുന്ന വിശാലശൂന്യതകളിലാകെ നിലാവു വിതറുന്നു. 'ജലഗീതിയുടെ അവസാന'ത്തിലോ, താളില്‍ നതോന്നതകള്‍ വന്നു നുരയുന്നു, വരികള്‍ സ്വയം മറന്നു ചിറ്റുച്ചുറ്റി നീളുന്നു. നെരൂദയുടെ ഇംഗ്ളീഷ് വിവര്‍ത്തകന് മൂലത്തിന്റെ ദൃശ്യപ്രതീതി ഏറെക്കുറെ നിലനിറുത്താനാവുന്നു; എന്നാല്‍ മലയാളവിവര്‍ത്തനത്തില്‍ ഒരു വരിക്ക് സ്‌പാനിഷിലെ വരിയുടെ ഒന്നര ഇരട്ടിയെങ്കിലും നീളം വരുന്നു. സ്വരചിഹ്നങ്ങളുടെയും മറ്റും അന്തരം ഇതിനു പുറമെയാണ്.

ശബ്‌ദതലത്തില്‍ ഈ അപര്യാപ്‌തത കൂടുതല്‍ കഠിനമാണ്. ഗദ്യഭാഷയും കാവ്യഭാഷയും തമ്മില്‍ ഓരോ ഭാഷയും പുലര്‍ത്തുന്ന ശൈലീപരമായ വിവേചനങ്ങള്‍, ഊന്നലുകളുടെയും താളവിന്യാസങ്ങളുടെയും വ്യത്യാസങ്ങള്‍ ഇവകാരണം, മൂലം ഉറക്കെച്ചൊല്ലിയാലുണ്ടാകുന്ന ശബ്‌ദാനുഭവം വിവര്‍ത്തനത്തില്‍ നഷ്‌ടപ്പെടുന്നു, അഥവാ രൂപം മാറുന്നു. നെരൂദ എഴുതുന്നത് ബ്ളാങ്ക് വേഴ്‌സിലാണ്. ഒരു കവി ഈ മുക്ത വൃത്തരൂപം തിരഞ്ഞെടുക്കുന്നത് വാക്കുകളുടെ തനിമയും തന്റേടവും അങ്ങേയറ്റം നിലനിറുത്താനാണ്. എന്നാല്‍ മലയാളത്തിലാവുമ്പോള്‍ ഛന്ദോമുക്തങ്ങളായ വരികള്‍പോലും അന്വയപരമായ പ്രത്യേകതകള്‍മൂലം വഴുവഴുപ്പനായിത്തീരുന്നു. ഈ സമാഹാരത്തിനുവേണ്ടി ചില കവിതകള്‍ സ്വതന്ത്രവൃത്തരൂപങ്ങളില്‍ ഞാന്‍ ചെയ്‌തുനോക്കിയെങ്കിലും പിന്നീട് അവയില്‍ ഭൂരിപക്ഷവും, കൂടുതല്‍ കരുത്തും വിശ്വസ്‌തതയുമുള്ള ഗദ്യപരിഭാഷകള്‍ക്കായി കയ്യൊഴിയുകയാണുണ്ടായത്. പാശ്ചാത്യഭാഷകളിലെ ബ്ളാങ്ക് വേഴ്‌സിന്റെ കാവ്യപരമായ ലക്ഷ്യങ്ങളുമായി കൂടുതല്‍ അടുത്തുവരുന്നത് മലയാളത്തില്‍ ഗദ്യത്തിലെഴുതപ്പെടുന്ന കവിതകളാണ്; സ്വതന്ത്രവൃത്തരൂപങ്ങളില്‍ എഴുതപ്പെടുന്നവയല്ല.

എന്നാല്‍ പരിഭാഷയുടെ കാതലായ അപൂര്‍ണത കാവ്യസങ്കല്‍പത്തില്‍ - അര്‍ഥത്തില്‍ -തന്നെ വന്നുചേരുന്ന ശൂന്യതകളാണ്. ഒരു ഭാഷയിലെ ഒരു പദത്തിനും മറ്റൊരു ഭാഷയില്‍ സമാനപദങ്ങളില്ല; എല്ലാ നിഘണ്ടുക്കളും നുണപറയുന്നു. വാക്കുകളുടെ അര്‍ഥം അവ ഉണര്‍ത്തുന്ന ചിത്തബന്ധങ്ങളുടെയും അനുഭൂതികളുടെയും നിറവാണ്. എത്ര വിശദമായ അടിക്കുറിപ്പുകള്‍ കൊടുത്താലും സംജ്ഞാനാമങ്ങള്‍ അതതു ദേശക്കാരിലുളവാക്കുന്ന അര്‍ഥസാമഗ്രി പുനരുജ്ജീവിപ്പിക്കാനാവില്ല - 'മാച്ചു പിച്ചു'വും 'ബ്യോ - ബ്യോ നദി'യും തെക്കേ അമേരിക്കക്കാരന് ഓരോ ലോകമാണ്, നമുക്കോ ഓരോ ശബ്‌ദവും. സാമാന്യനാമങ്ങളുടെ കഥയും ഏറെ വ്യത്യസ്‌തമല്ല. ഓരോ ഭാഷയും അതിന്റെ ദേശവും ജനതയും ജീവിതരീതികളും ആചാര-വിശ്വാസങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ട്, ഓരോ ഭാഷയും, സാമൂഹ്യവും ഭൂമിശാസ്‌ത്രപരവും ചരിത്രപരവുമായി നിര്‍ണയിക്കപ്പെട്ട ഒരു മൂല്യസംഹിതയാണെന്നതുകൊണ്ട്, സമ്പൂര്‍ണമായ പരിഭാഷയെന്ന സങ്കല്‍പം തന്നെ അബദ്ധമാണ്. ക്രിയയെയും കര്‍മത്തെയും ബന്ധപ്പെടുത്തുന്ന രീതിയുടെ, വ്യാകരണത്തിലൂടെ, ആണ് നാം ലോകത്തെ കാണുന്നതും പുതിയ തരത്തില്‍ ലോകത്തെ നോക്കാന്‍ പ്രാപ്‌തി നേടുന്നതും.

വ്യാകരണം മാറുമ്പോള്‍ കാഴ്‌ചപ്പാടുമാറുന്നു. ഒരു ജനതയുടെ, ഒരു മനുഷ്യഗോത്രത്തിന്റെ, കണ്ണാണ് അതിന്റെ ഭാഷയുടെ വ്യാകരണം. നാമവും ക്രിയയും ഗതിയും പുതിയ രീതിയില്‍ അടുക്കിവയ്‌ക്കുന്ന കവി ലോകത്തിന്റെ ക്രമം തന്നെയാണ് അഴിച്ചുപണിയുന്നത്. സ്‌പാനിഷ് ഭാഷയെപ്പോലെ തികച്ചും വ്യത്യസ്‌തമായ ഉല്‍പത്തിയും പരിണാമവുമുള്ള ഒരു ഭാഷയെ മലയാളം പോലുള്ള ഒരു ദ്രാവിഡഭാഷയിലേക്ക് ആവാഹിക്കാന്‍ ആര്‍ക്കു കഴിയും? തന്നെയല്ല, സ്‌പാനിഷ് കൂടുതല്‍ വളര്‍ന്ന ഒരു ഭാഷയാണ്, എന്നു പറഞ്ഞാല്‍ അതിന്റെ മഹാകവികള്‍ അതിന്റെ സാധ്യതകളെ കൂടുതല്‍ ആഴത്തില്‍ ഖനനം ചെയ്‌തിട്ടുണ്ടെന്നര്‍ഥം. നെരൂദയും വയെഹോവും ഇതുവരെയായി സ്‌പാനിഷ് ഭാഷ നേടിയിട്ടുള്ള ആവിഷ്‌കാര സാധ്യതയുടെ രണ്ട് ഔന്നത്യങ്ങളാണ് എന്നുകൂടി ഓര്‍മിക്കുക.

*
സച്ചിദാനന്ദന്‍
(നെരൂദയുടെ തെരഞ്ഞെടുത്ത കവിതകള്‍)

കടപ്പാട്: ഗ്രന്ഥാലോകം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സച്ചിദാനന്ദനുമായി എസ്. രമേശന്‍ നടത്തിയ അഭിമുഖം