Monday, November 22, 2010

ആകാശത്തുനിന്നും ഭൂമിയിലേയ്ക്ക് ഇറങ്ങി വന്ന ഒറ്റനക്ഷത്രം

ചരിത്രം അതിന്റെ അനിവാര്യതകളെ ചില സന്ദര്‍ഭങ്ങളില്‍ നമുക്ക് ബോധ്യമാക്കിത്തരും. അതുകണ്ട് അത്ഭുതപ്പെടുന്നവരാവും നമ്മള്‍. സഹനത്തിന്റെയും പോരാട്ടത്തിന്റെയും അഗ്നി കടഞ്ഞ വര്‍ഷങ്ങളിലൂടെ സഞ്ചരിക്കുകയും ഒടുവില്‍ സ്വാതന്ത്ര്യത്തിന്റെ വെള്ളിവെളിച്ചത്തിലൂടെ പറന്നുയരുകയും ചെയ്ത ഓങ്‌സാന്‍ സൂചി പുതിയ ഒരു അധ്യായമാണ് ചരിത്രത്തില്‍ രേഖപ്പെടുത്തുന്നത്. തടവറകള്‍കൊണ്ടോ, ഇരുമ്പഴികള്‍കൊണ്ടോ തിളച്ചുമറിയുന്ന മനസ്സിനെയും അതിന്റെ ആയലുകളെയും തമസ്‌ക്കരിക്കാനാവില്ലെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. പീഡനത്തിന്റെ എല്ലാ രസതന്ത്രങ്ങളെയും ഉല്ലംഖിച്ച് അജ്ഞാതമായ വിതാനങ്ങളിലൂടെ പറക്കാന്‍ സ്വതന്ത്ര ചിന്തകള്‍ക്ക് കഴിയുമെന്നും. ഇവിടെ നമ്മുടെ മനസ്സിലേയ്ക്ക് കടന്നുവരുന്ന നിരവധി തീച്ചിത്രങ്ങളുണ്ട്. ചുരുളഴിഞ്ഞു വരുമ്പോള്‍ ആ ചിത്രങ്ങളോരോന്നും പറയുന്ന അവിസ്മരണീയമായ ചരിത്രമുണ്ട്. മര്‍ദ്ദക ഭരണകൂടങ്ങളുടെ ചാട്ടവാറിനും തോക്കിന്‍ കുഴലിനും മുന്നില്‍ ഒട്ടും പതറാത്ത ഫീനിക്‌സ് പക്ഷിയുടേതുപോലുള്ള ജന്മങ്ങള്‍ ചരിത്രസൃഷ്ടാക്കളായി മാറുന്ന കാഴ്ചയും നിരവധി.

ബര്‍മ്മയുടെ ചരിത്രവും രാഷ്ട്രീയവും നിര്‍ണയിച്ചവഴികളില്‍-പലവിധത്തിലുള്ള അധികാര ചിഹ്നങ്ങള്‍ തേരോട്ടം നടത്തിയിട്ടുണ്ട്. അവിടെ അശരണരായ മനുഷ്യരുടെ ദീനവിലാപങ്ങളും ഗദ്ഗദങ്ങളും ആരും കേള്‍ക്കാതെ ഇടറി ഒടുങ്ങിയിട്ടുമുണ്ട്. അവിടെയാണ് ഓങ് സാന്‍-സൂചിയുടെ പ്രസക്തി. ജണ്ടാഭരണത്തിന്റെ അതിക്രൂരമായ നിലപാടുകളോട് നിശ്ശബ്ദതകൊണ്ടു പ്രതികരിച്ചവരുണ്ടായിരുന്നു. എന്നാല്‍ പോരാട്ടത്തിന്റെ വന്‍ പ്രവാഹത്തിലേയ്ക്കാണ് സൂചി ഓരോ നിമിഷത്തെയും ഒരുക്കിയെടുത്തത്. തന്റെ ജീവിതത്തില്‍ നഷ്ട സ്മൃതികളെ ഓര്‍ത്ത് വിലപിക്കാന്‍ ഒരിക്കലും സൂചി ഒരുക്കമായിരുന്നില്ല. മറിച്ച് തീക്ഷ്ണമായ നിലപാടുകളും വെളിപ്പെടുത്തലും കൊണ്ട് ഭരണകൂട ഭീകരതയെ നിഷ്പ്രഭമാക്കാനാണ് അവര്‍ ശ്രമിച്ചത്. അതിനുവേണ്ടി തന്റെ ജീവിതം തന്നെ ബലി നല്‍കാന്‍ സൂചി ഒരുക്കമായിരുന്നു. അധികാരത്തിന്റെ ആള്‍രൂപങ്ങള്‍ നടത്തുന്ന ഭീതിതമായ നിഴല്‍ നാടകങ്ങളെ ആരേയും അത്ഭുതപ്പെടുത്തുന്ന സഹനത്തിലൂടെയാണ് സൂചി നേരിട്ടത്. അതുമനസ്സിലാക്കിയ ഭരണകൂടം എത്രയെത്ര സൂത്രവാക്യങ്ങള്‍ പ്രയോഗിച്ചിട്ടും അതിനെയൊക്കെ ചെറിയൊരു ചിരിയിലൂടെ താന്‍ സ്വീകരിച്ച നിലപാടുകളുടെ കറകളഞ്ഞ സ്ഥായിത്വത്തിലൂടെ എതിരിടാനും തിരസ്‌ക്കരിക്കാനുമാണ് സൂചി ശ്രമിച്ചതും, വിജയിച്ചതും.

ലോകത്തിന്റെ നെറുകയില്‍ ആഭിജാതമായ പോരാട്ടമുഖമായി സൂചിയുടെ സാന്നിധ്യം. അതിന് കരുത്തും കാതലും നല്‍കിയത് ഒരുപക്ഷെ അവര്‍ നേടിയ ചരിത്ര പാഠങ്ങളാകണം. പിതാവിന്റെ ജീവന്‍ ബലിനല്‍കിയത്, പ്രിയതമനില്‍ നിന്ന് ദൂരവാസിയാകാന്‍ നിശ്ചയിച്ചത്, മാതൃത്വത്തിന്റെ അകവിളികളെ അമര്‍ത്തിയത്-ഇതൊക്കെ തന്റെ ലക്ഷ്യത്തെക്കുറിച്ചും ഇടപെടലിന്റെ അനിവാര്യതയെക്കുറിച്ചുമുള്ള ബോധ്യം കൊണ്ടാകണം. ലോകത്ത് സ്ത്രീ ജീവിതത്തിന്റെ പുതിയ നിര്‍വചനമായി ഈ ഒളിമങ്ങാത്ത ചിരി മാറിയത്;’ അതിനു പിന്നില്‍ സഹിച്ച വേദനയുടെയും ദുരിതത്തിന്റേയും ആളല്‍കൊണ്ടാകണം. സ്ത്രീ അബലയാണെന്നൊക്കെയുള്ള പരമ്പരാഗത ധാരണകളെ അട്ടിമറിച്ച നിരവധി സ്ത്രീ ജന്മങ്ങളുണ്ട്. അവരൊക്കെ കടുത്ത പരീക്ഷണങ്ങളിലൂടെയാണ് കടന്നു വന്നിട്ടുള്ളത്. എന്നാല്‍ ലോകം അവരുടെ കണ്ണില്‍ തിരയടിച്ച കനല്‍വെട്ടം അത്ര പെട്ടന്നൊന്നും അംഗീകരിച്ചില്ല. ഭരണത്തിന്റെയും ആയുധത്തിന്റെയും ബലപരീക്ഷണത്തില്‍ അവര്‍ തോല്‍ക്കുമെന്നു കരുതിയവര്‍ ചരിത്രത്തിന്റെ മൂര്‍ദ്ധന്യ നിമിഷങ്ങളില്‍ കെട്ടൊടുങ്ങുന്നത് നാം കണ്ടിട്ടുണ്ട്. അതാണ് 'മ്യാന്‍മറില്‍' നാം കാണുന്നതും.

തടവറയെ ഭയക്കുന്നവര്‍ ചരിത്രത്തെ നിര്‍ണയിക്കാറില്ല. മറിച്ച് തനിക്കുമുന്നില്‍ ഭരണകൂടം തുറന്നുവെയ്ക്കുന്ന തടവറയെയും ആസുരമായ പീഡനങ്ങളെയും നിറഞ്ഞ ചിരിയോടും നിസ്സാരതയോടും നേരിട്ടവരാണ് ചരിത്രത്തിന്റെ വിധി കര്‍ത്താക്കളായി മാറുന്നത്. അതിന് ലോക ഭൂപടത്തില്‍ എത്രയെത്ര മാതൃകകളാണുള്ളത്. പതിനഞ്ചുവര്‍ഷമാണ് ഭരണകൂടം സൂചിയെ തടവറയുടെ ഇരുട്ടിലേയ്ക്ക് പറഞ്ഞയച്ചത്. ഓരോ സന്ദര്‍ഭങ്ങളിലും അവരെ നാടുകടത്തുന്നതിനും ചരിത്രത്തിന്റെ ഇരുണ്ട ഇടനാഴിയിലേയ്ക്ക് പറഞ്ഞയക്കുന്നതിനും അവര്‍ ശ്രമിച്ചു. എന്നാല്‍ അപ്പോഴൊക്കെ തനിക്കുനേരെ വരുന്ന ആ കഴുകന്‍ കണ്ണിന്റെ കാടന്‍ ലക്ഷ്യങ്ങളെ മുന്‍കൂട്ടി കാണാന്‍ സൂചിക്ക് സാധിച്ചു. പുറത്ത് തനിക്കുവേണ്ടി വിലപിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്ന കണ്ണുകളിലെ പ്രതീക്ഷയുടെ തിരിവെട്ടം താന്‍ സ്വീകരിക്കുന്ന നിലപാടുകളാണെന്ന് സൂചി മനസ്സിലാക്കിയിരുന്നു. ഈ തിരിച്ചറിവിനെയാണ് ഭരണകൂടവും അതിന്റെ പരമാധികാരികളും ഭയന്നത്. എന്നാല്‍ ഭയത്തില്‍ അകപ്പെട്ടവര്‍ ഒരുനാള്‍ ചരിത്രത്തില്‍ നിന്നു ബഹിഷ്‌കൃതരാകുമെന്ന് ഇപ്പോള്‍ കാലവും ചരിത്രവും തെളിയിച്ചിരിക്കുന്നു.

ഗോത്രപാരമ്പര്യത്തിന്റെ കരുത്തും കാളലും ബര്‍മ്മീസ് ജനതയെ എന്നും പോരാട്ടത്തിന്റെ വാള്‍ത്തലയിലൂടെ നടക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു. തിബത്ത്-ചൈന തുടങ്ങിയ സമൂഹങ്ങളില്‍ നിന്നും കുടിയേറിയ ജനതയുടെ നിസ്സഹായതയും അതിജീവനത്തിനായുള്ള വീര്യവും ബര്‍മ്മീസ് ജനത എന്നും പ്രകടിപ്പിച്ചിരുന്നു. പലവിധ അധിനിവേശങ്ങളെ മറികടന്നാണ് ബര്‍മ്മ ഇന്നത്തെ ചരിത്രം എഴുതിയുണ്ടാക്കിയത്. കോളനിവാഴ്ചയുടേയും ജപ്പാന്‍ പ്രാമാണ്യത്തിന്റെയും ഇരുണ്ട ദിനങ്ങളില്‍ നിന്നും കാലം ബര്‍മ്മീസ് ജനതയ്ക്ക് നല്‍കിയത് കൊടിയ ദുരിതങ്ങളായിരുന്നു. അങ്ങനെ അവിരാമമായ ഖേദങ്ങളുടെ ചരിത്രമാണ് ബര്‍മ്മയ്ക്ക് പറയാനുണ്ടായിരുന്നത്. 1974 ല്‍ നിലവില്‍ വന്ന പട്ടാളഭരണം ബര്‍മ്മയുടെ ഹൃദയത്തില്‍ മുറിവുകളുടെ ഘോഷയാത്രയാണ് സൃഷ്ടിച്ചത്. ഈ ചരിത്രസന്ധിയിലൊക്കെയും ഇല്ലാത്ത ഒരു രക്ഷാജാലകത്തിലേയ്ക്കു നോക്കി ഗദ്ഗദപ്പെടുകയായിരുന്നു അവിടുത്തെ ഓരോ മനസ്സും.

പട്ടാളഭരണകൂടം പലവിധ വഴികളിലൂടെ സൂചിയെയും അവര്‍ സൃഷ്ടിക്കാനിടയുള്ള പ്രതിരോധത്തെയും അകറ്റി നിര്‍ത്താന്‍ ശ്രമിച്ചു. ഒങ്‌സാന്‍ കുടുംബം ബര്‍മ്മയുടെ ചരിത്രത്തെ പുനഃനിര്‍വചിക്കുമെന്ന് ജണ്ടാഭരണകൂടം ഭയന്നു. എന്നാല്‍ അപ്പോഴൊക്കെയും ഓങ്‌സാന്‍ സൂചി മാതൃരാജ്യത്തിന്റെ നിലവിളി കേള്‍ക്കുന്നുണ്ടായിരുന്നു. ഓരോ തവണയും താനും കുടുംബവും പലായനത്തിന് വിധേയയരാകുമ്പോഴൂം സൂചിയുടെ ഹൃദയം ഒരു തിരിച്ചുവരവിനെക്കുറിച്ചാണ് സ്വപ്നം കണ്ടത്. അതുകൊണ്ടാകണം ഇന്ത്യയില്‍ നിന്നും സൂചി സ്വാതന്ത്ര്യത്തിന്റെ പുതിയ പാഠങ്ങള്‍ പഠിക്കാന്‍ ശ്രമിച്ചത്. ഇംഗ്ലണ്ടില്‍ നിന്നും തിരികെ ബര്‍മ്മയിലെത്തിയ സൂചി 1988 ല്‍ തന്റെ ദൗത്യം ജനിച്ച നാടിന്റെ സ്വാതന്ത്ര്യമാണെന്ന് പ്രഖ്യാപിച്ചു. അതുപറയുമ്പോള്‍, തന്നെ കാത്തിരിക്കുന്നത് കൊടിയ മര്‍ദ്ദനങ്ങളും ഇരുട്ടറകളുമായിരിക്കുമെന്ന് അവര്‍ക്ക് ബോധ്യമായിരുന്നു. എന്നാല്‍ കറകളഞ്ഞ ലക്ഷ്യം ഏതു പീഡനത്തെയും മറികടക്കാനുള്ള കരുത്ത് അവര്‍ക്ക് നല്‍കി,

നാഷണല്‍ ലിബറേഷന്‍ ഫോര്‍ ഡമോക്രസി എന്ന സംഘടനയിലൂടെ സൂചി ബര്‍മ്മയുടെ ചരിത്രത്തെ മറ്റൊരു വഴിയിലേയ്ക്ക് നയിക്കുമെന്ന് പ്രഖ്യാപിച്ചു. ജനങ്ങള്‍ തങ്ങളുടെ ഹൃദയത്തില്‍ സൂചിയെയും അവര്‍ പ്രതിനിധാനം ചെയ്ത രാഷ്ട്രീയ നൈതികതയെയും അംഗീകരിച്ചെങ്കിലും ഭരണകൂടം അതിന് ഒരുക്കമായിരുന്നില്ല. സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയിട്ടും ഭരണകൂട ഭീകരത സൂചിയെ വെറുതെ വിടാന്‍ ഒരുക്കമായിരുന്നില്ല. തടവും ശിക്ഷയുമൊക്കെ തുടര്‍ന്നും അവര്‍ക്കുനേരേ കരാളമായി തുടര്‍ന്നു.

ബൗദ്ധ ദര്‍ശനത്തിന്റെ മണ്ണില്‍ മഴപോലെ പെയ്ത തിന്മകളെ എതിരിടുകയും തടവറകളും തോക്കിന്‍ കുഴലുകളും നിഷ്പ്രഭമാക്കുകയും ചെയ്യുന്ന കാഴ്ചയാണ് ഇന്ന് ലോകം കാണുന്നത്. സ്വാതന്ത്ര്യത്തിന്റെ ഇച്ഛകളെ ഒരു ഭരണകൂടത്തിനും ദീര്‍ഘനാള്‍ മെരുക്കാനോ, ഇല്ലാതാക്കാനോ കഴിയില്ലെന്ന് മ്യാന്‍മാര്‍ നമ്മോടു പറയുന്നു. ജീവിതത്തെ സഹനത്തിന്റെ ആകാശമാക്കിയ സൂചിയെ നക്ഷത്രങ്ങള്‍കൊണ്ട് ഭൂമി എതിരേല്‍ക്കുമ്പോള്‍ സ്വാതന്ത്ര്യത്തിന്റെ പക്ഷികള്‍ അവര്‍ക്കു ചുറ്റും ആഘോഷം സൃഷ്ടിക്കുന്നു. അത് ചരിത്രത്തിന്റെ അനവദ്യമായ കാഴ്ചയാണ്. ഇത് നമ്മെ കൂടുതല്‍ കൂടുതല്‍ സ്വാതന്ത്ര്യത്തിന്റെ അര്‍ഥങ്ങളെപ്പറ്റിയും വ്യാഖ്യാനങ്ങളെപ്പറ്റിയും ബോധ്യമാക്കുന്നു.

*
സി അനൂപ് കടപ്പാട് ജനയുഗം വാരാന്തപ്പതിപ്പ് 21-11-2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ചരിത്രം അതിന്റെ അനിവാര്യതകളെ ചില സന്ദര്‍ഭങ്ങളില്‍ നമുക്ക് ബോധ്യമാക്കിത്തരും. അതുകണ്ട് അത്ഭുതപ്പെടുന്നവരാവും നമ്മള്‍. സഹനത്തിന്റെയും പോരാട്ടത്തിന്റെയും അഗ്നി കടഞ്ഞ വര്‍ഷങ്ങളിലൂടെ സഞ്ചരിക്കുകയും ഒടുവില്‍ സ്വാതന്ത്ര്യത്തിന്റെ വെള്ളിവെളിച്ചത്തിലൂടെ പറന്നുയരുകയും ചെയ്ത ഓങ്‌സാന്‍ സൂചി പുതിയ ഒരു അധ്യായമാണ് ചരിത്രത്തില്‍ രേഖപ്പെടുത്തുന്നത്. തടവറകള്‍കൊണ്ടോ, ഇരുമ്പഴികള്‍കൊണ്ടോ തിളച്ചുമറിയുന്ന മനസ്സിനെയും അതിന്റെ ആയലുകളെയും തമസ്‌ക്കരിക്കാനാവില്ലെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. പീഡനത്തിന്റെ എല്ലാ രസതന്ത്രങ്ങളെയും ഉല്ലംഖിച്ച് അജ്ഞാതമായ വിതാനങ്ങളിലൂടെ പറക്കാന്‍ സ്വതന്ത്ര ചിന്തകള്‍ക്ക് കഴിയുമെന്നും. ഇവിടെ നമ്മുടെ മനസ്സിലേയ്ക്ക് കടന്നുവരുന്ന നിരവധി തീച്ചിത്രങ്ങളുണ്ട്. ചുരുളഴിഞ്ഞു വരുമ്പോള്‍ ആ ചിത്രങ്ങളോരോന്നും പറയുന്ന അവിസ്മരണീയമായ ചരിത്രമുണ്ട്. മര്‍ദ്ദക ഭരണകൂടങ്ങളുടെ ചാട്ടവാറിനും തോക്കിന്‍ കുഴലിനും മുന്നില്‍ ഒട്ടും പതറാത്ത ഫീനിക്‌സ് പക്ഷിയുടേതുപോലുള്ള ജന്മങ്ങള്‍ ചരിത്രസൃഷ്ടാക്കളായി മാറുന്ന കാഴ്ചയും നിരവധി.