Saturday, November 20, 2010

സ്വാതന്ത്ര്യാനന്തരം ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് 46,200 കോടി ഡോളര്‍

നികുതി വെട്ടിപ്പിലൂടെയും കമ്പനികളുടെ വ്യാജവാര്‍ഷിക കണക്കുകളിലൂടെയും വിദേശത്തേയ്ക്ക് കടത്തിയ കുഴല്‍പ്പണത്തിലൂടെയും ഇന്ത്യയ്ക്ക് 46,200 കോടി ഡോളറിന്റെ നഷ്ടമുണ്ടായതായി അമേരിക്ക ആസ്ഥാനമായ ഗ്‌ളോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റിയുടെ പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. 1948 മുതല്‍ 2008 വരെയുളള കണക്കുകളാണ് സംഘടന പഠനവിധേയമാക്കിത്. ഇതില്‍ 1991ലെ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ക്ക് ശേഷം അഴിമതിയുടെ തോത് വന്‍തോതില്‍ വര്‍ധിച്ചതായും വിലയിരുത്തപ്പെടുന്നു.

സര്‍ക്കാരും രാഷ്ട്രീയക്കാരുമാണ് അഴിമതിയ്ക്ക് പിന്നിലെന്ന് റിപ്പോര്‍ട്ട് ആരോപിക്കുന്നു. രാജ്യത്തിന് പുറത്തുനിന്നും വരുന്ന പണത്തിന്റെ ഉറവിടത്തെതക്കുറിച്ചുളള വ്യക്തമായ വിലയിരുത്തലുകള്‍ ഇല്ലാത്തതും അനധികൃത പണമിടപാടിന് ആക്കം കൂട്ടിയതായി സംഘടന വിലയിരുത്തുന്നു. സാമ്പത്തികമായി രാജ്യം വന്‍തോതിലുളള വളര്‍ച്ച നേടിയെങ്കിലും ഇത് നിരീക്ഷണ വിധേയമാക്കാന്‍ കാര്യക്ഷമമായ സംവിധാനമൊരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. പൊതുവിപണി ലോകത്തിനായി തുറന്നുകൊടുത്ത 1991 ന് ശേഷം 68 ശതമാനത്തോളം മൂലധനനഷ്ടമാണ് ഉണ്ടായതെന്ന് വിലയിരുത്തപ്പെടുന്നു. ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയുളള വ്യക്തികളും സ്വകാര്യ കമ്പനികളുമാണ് രാജ്യത്തിന്റെ മൂലധനം ചോരുന്നതില്‍ പ്രധാന പങ്കുവഹിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 1995ല്‍ വിദേശബാങ്കുകളിലെ ഇന്ത്യന്‍ കമ്പനികളുടെ നിക്ഷേപം 36.4 ശതമാനം മാത്രമായിരുന്നെങ്കില്‍ 2009 ല്‍ ഇത് 54.2 ശതമാനമായി വര്‍ധിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഐ എം എഫില്‍ സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന ദേവ് കാറിന്റെ നേതൃത്വത്തിലുളള സംഘമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ലോകബാങ്ക് മാതൃക ഉപയോഗിച്ചാണ് താന്‍ ഈ വിവരങ്ങള്‍ തയ്യാരാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആറ് പതിറ്റാണ്ടുകാലത്തെ ഇന്ത്യയുടെ കയറ്റുമതി ഇറക്കുമതി ഇടപാടുകള്‍ പഠനവിധേയമാക്കിയതായും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ പുറത്തുവിട്ട കണക്കുകളേക്കാള്‍ ഏറെയാണ് യഥാര്‍ഥ കണക്കുകളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കളളക്കടത്ത്, കുഴല്‍പ്പണമിടപാട് എന്നിവയിലൂടെ ചോരുന്ന കോടികളുടെ കണക്ക് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

*
കടപ്പാട്: ജനയുഗം 20-11-2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...