Wednesday, November 10, 2010

രക്തസാക്ഷികളുടെ മണ്ണും വര്‍ഗവഞ്ചക രാഷ്‌ട്രീയവും

രക്തസാക്ഷികളുടെ മണ്ണാണ് ഒഞ്ചിയം. ജന്മിത്വത്തിനും ജനവിരുദ്ധ കോൺഗ്രസ് ഭരണകൂടത്തിനുമെതിരായി പൊരുതിവീണ രക്തസാക്ഷികളുടെ ഗ്രാമം. ഒറ്റുകാരായ കോൺഗ്രസിന്റെ ചെറുപയര്‍ പട്ടാളത്തിനും ഇൻ‌സ്‌പെക്‌ടര്‍ തലൈമയുടെ വെടിയുണ്ടകള്‍ക്കും പരാജയപ്പെടുത്താനാകാത്ത വിപ്ളവകാരികളുടെ നാട്. ഒഞ്ചിയത്തെ മുന്‍നിര്‍ത്തി ഇപ്പോള്‍ മനോരമയും മറ്റ് ബൂര്‍ഷ്വാ മാധ്യമങ്ങളും മറ്റൊരു കമ്യൂണിസ്‌റ്റ് വിരുദ്ധ യുദ്ധമുഖം തുറക്കാനാകുമോ എന്ന പരീക്ഷണത്തിലാണ്. വലതുപക്ഷത്തിന്റെ പേ റോളിലായിക്കഴിഞ്ഞ പാര്‍ടി വിരുദ്ധരെ ഉപയോഗിച്ച് ഇടതുപക്ഷ പ്രസ്ഥാനത്തില്‍ ഭിന്നിപ്പും വിഘടനവും സൃഷ്‌ടിച്ച് കമ്യൂണിസ്‌റ്റ് സ്വാധീനമേഖലകള്‍ പിടിച്ചെടുക്കാനുള്ള കുത്സിതമായ നീക്കങ്ങളാണ് പരീക്ഷിക്കപ്പെടുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അടിച്ചുകയറിയ യുഡിഎഫ് തരംഗത്തെ പൊതുവെ കോഴിക്കോട് പ്രതിരോധിച്ചെങ്കിലും ഒഞ്ചിയത്ത് സിപിഐ എമ്മിന്റെ അടിത്തറ ഇളകിയെന്നാണ് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്. യുഡിഎഫും പാര്‍ടിവിരുദ്ധരും ചേര്‍ന്നുള്ള അവിശുദ്ധ സഖ്യത്തെക്കുറിച്ച് നമ്മുടെ മാധ്യമങ്ങള്‍ക്കോ ചാനല്‍മുറികളില്‍ സദാ പ്രതികരണസജ്ജരായി കഴിയുന്ന ബൂര്‍ഷ്വാ ധാര്‍മികവാദികള്‍ക്കോ ഒരു മിണ്ടാട്ടവുമില്ല.

ജില്ലയിലെ കോര്‍പറേഷനിലും മുനിസിപ്പാലിറ്റികളിലും ത്രിതല പഞ്ചായത്തുകളിലും ഇടതുപക്ഷം നേടിയ വിജയത്തെതുടര്‍ന്ന് യുഡിഎഫിലെ പടലപ്പിണക്കങ്ങള്‍ മറനീക്കി പുറത്തുവന്നു. വോട്ട്ചോര്‍ച്ചയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെടുന്ന വീരേന്ദ്രകുമാറും കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവരുന്ന യൂത്ത് കോൺഗ്രസ് നേതാക്കളും യുഡിഎഫിന്റെ അരമനരഹസ്യങ്ങളെല്ലാം അങ്ങാടിപ്പാട്ടാക്കുകയാണ്. കാലഹരണപ്പെട്ട മതസമുദായ ശക്തികളുടെ സഹായത്തോടെ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്ന യുഡിഎഫിന്റെ തൊഴുത്തില്‍കുത്തും അധോലോക മാഫിയാബന്ധവും മറച്ചുപിടിക്കാനായി ഇടതുപക്ഷത്തിന്റെ ‘തിരിച്ചടികളെക്കുറിച്ച്’ നിരന്തരമായി വാര്‍ത്തകള്‍ ചമയ്‌ക്കുകയും കഥകള്‍ മെനയുകയുമാണ്.

നവംബര്‍ 1ന്റെ മനോരമ പത്രം ഒന്നാംപേജില്‍ കൊടുത്തത് ഒഞ്ചിയത്ത് സിപിഐ എം തറപറ്റിയെന്നാണ്. ചരിത്രത്തില്‍ ആദ്യമായി സിപിഐ എമ്മിനെ ഒഞ്ചിയത്തെ പഞ്ചായത്ത് ഭരണത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ കഴിഞ്ഞതിന്റെ ആവേശത്തിമിര്‍പ്പില്‍ മനോരമ വാചാലമാകുന്നത്, പാര്‍ടി വിട്ട വോട്ടുകള്‍ വിമതപക്ഷത്തേക്ക് കൂലംകുത്തി ഒഴുകിയപ്പോള്‍ രക്തസാക്ഷികളുടെ ചോരവീണ ഒഞ്ചിയം മണ്ണില്‍ സിപിഎം വടവൃക്ഷം കടപുഴകി എന്നാണ്. യുഡിഎഫുമായുള്ള റവല്യൂഷണറിക്കാരുടെ അവിശുദ്ധ ബാന്ധവത്തെ ന്യായീകരിക്കുകയും അതിന്റെ അധാര്‍മികതയെ ലളിതവല്‍ക്കരിക്കുയുംചെയ്യുന്ന മനോരമ പറയുന്നത് 17 വാര്‍ഡുകളില്‍ 8 എണ്ണം നേടിയ റവല്യൂഷണറി മാര്‍ക്സിസ്‌റ്റ് പാര്‍ടി ഒരു സീറ്റിന്റെ കുറവ് കാരണമാണ് യുഡിഎഫ് സഹായം തേടുന്നതെന്നാണ്.

മനോരമയും വര്‍ഗവഞ്ചകരായ പാര്‍ടി വിരുദ്ധന്മാരും എന്തെല്ലാം പറഞ്ഞാലും യുഡിഎഫ്-പാര്‍ടിവിരുദ്ധ സഖ്യമാണ് ഒഞ്ചിയത്തെ ഫലം നിര്‍ണയിച്ചത്. വന്‍രീതിയില്‍ പണമൊഴുക്കി പാര്‍ടിവിരുദ്ധരും യുഡിഎഫും നടത്തിയ ഒരു അട്ടിമറിയാണ് ഒഞ്ചിയത്ത് സംഭവിച്ചത്. കേന്ദ്രസഹമന്ത്രിയുടെ മേല്‍നോട്ടത്തില്‍ നടത്തിയ ഈ ആഭിചാരക്രിയയ്‌ക്ക് കൂട്ടുനിന്നവര്‍ അതിവിദൂരമല്ലാത്ത നാളുകളില്‍ രക്തസാക്ഷികളുടെ പാരമ്പര്യം തിരിച്ചറിയുന്ന ഒഞ്ചിയത്തെ ജനങ്ങളോട് ഉത്തരം പറയേണ്ടിവരും. ഒഞ്ചിയത്തെ പാര്‍ടിയുടെ അടിത്തറ തൊടാനൊന്നും ഈ ശിഖണ്ഡികള്‍ക്കാവില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങളെ വസ്‌തുനിഷ്‌ഠമായി വിശകലനംചെയ്താല്‍ തെളിയുക.

ഒഞ്ചിയത്തെ 17 വാര്‍ഡില്‍ 11 എണ്ണത്തിലും യുഡിഎഫ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ലായിരുന്നുവെന്ന വസ്‌തുത മറച്ചുപിടിച്ചാണ് പാര്‍ടിവിരുദ്ധരുടെ പക്ഷത്തേക്ക് സിപിഐ എം വോട്ടുകള്‍ കൂലംകുത്തി ഒഴുകി എന്നൊക്കെ മനോരമ ലേഖകന്‍ വച്ചു കാച്ചുന്നത്. ഈ 11 വാര്‍ഡിലും യുഡിഎഫുകാര്‍ വിമതര്‍ക്ക് വോട്ടുനല്‍കി. രണ്ട് കൂട്ടര്‍ക്കും കൂടി 9099 വോട്ടു കിട്ടി. യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ആകെ ലഭിച്ചത് 2796 വോട്ട് മാത്രം. പാര്‍ടി വിരുദ്ധര്‍ക്ക് 6303 വോട്ടാണ് ലഭിച്ചത്. സിപിഐ എം സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ട 5 വാര്‍ഡില്‍ ആകെ 220 വോട്ടിന്റെ ഭൂരിപക്ഷമാണ് പാര്‍ടി വിരുദ്ധര്‍ക്ക് കിട്ടിയത്. ഈ വാര്‍ഡുകളില്‍ 5 മുതല്‍ 80 വരെയുള്ള വോട്ടുകളുടെ നേരിയ ഭൂരിപക്ഷം മാത്രമേ പാര്‍ടി വിരുദ്ധര്‍ക്ക് കിട്ടിയിട്ടുള്ളൂ. എല്ലാ വിരുദ്ധശക്തികളും യോജിച്ചു നിന്നിട്ടും എല്‍ഡിഎഫിന് 6632 വോട്ടുകള്‍ കിട്ടി എന്നത് അസന്ദിഗ്ധമായി വ്യക്തമാക്കുന്നത് സിപിഐ എമ്മും ഇടതുപക്ഷ പ്രസ്ഥാനവും ഒഞ്ചിയത്ത് അപ്രതിരോധ്യമായ ശക്തിയാണെന്നാണ്.

ഏറാമല പഞ്ചായത്തിലെ പ്രസിഡന്റ് പദവി ജനതാദളിന് നല്‍കിയതില്‍ പ്രതിഷേധിച്ച് പാര്‍ടി വിട്ടവര്‍ എത്രവേഗമാണ് വീരന്‍ദളിന്റെ മാനസപുത്രന്മാരായി മാറിയത്. സിപിഐ എം ഒരു സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടിയായി അധഃപതിച്ചുപോയെന്ന് ആരോപിച്ചവര്‍ ആഗോളവല്‍ക്കരണ നയങ്ങളുടെ ഒന്നാം നമ്പര്‍ വക്താക്കളായ കോൺഗ്രസുകാരുമായി ചേര്‍ന്ന് അധികാരം പങ്കുവയ്‌ക്കുകയാണ്. 2-ാം ഇന്റര്‍നാഷണലിന്റെ വഞ്ചകരായ നേതാക്കളെക്കുറിച്ച് ലെനിന്‍ നടത്തിയ നിരീക്ഷണങ്ങള്‍ എത്ര ശരിയാണ്. വലതുപക്ഷ സഹായത്തിന്റെ ഉദാരതയില്‍ സിപിഐ എമ്മിനെ തറപറ്റിക്കാന്‍ നടക്കുന്നവര്‍ക്ക് എന്തായാലും ഒഞ്ചിയത്തിന്റെ മണ്ണ് മാപ്പുനല്‍കില്ല. ഇടതുപക്ഷ പ്രസ്ഥാനത്തിനകത്ത് ഭിന്നിപ്പും ആശയക്കുഴപ്പവും സൃഷ്‌ടിച്ച് യഥാര്‍ഥ വിപ്ളവപ്പാര്‍ടി തങ്ങളാണെന്ന് അവകാശപ്പെട്ടവരുടെ കാപട്യം ഒഞ്ചിയത്തുകാര്‍ തിരിച്ചറിയുന്നുണ്ട്. ബിരിയാണി പൊലീസിന്റെ മര്‍ദനങ്ങളേറ്റുവാങ്ങി ജീവന്റെ സ്‌പന്ദനം നിലച്ചുകൊണ്ടിരിക്കുമ്പോഴും ലോക്കപ്പ് മുറിയുടെ ഭിത്തിയില്‍ സ്വന്തം ശരീരത്തില്‍നിന്ന് ഒലിച്ചിറങ്ങിയ രക്തത്തില്‍ കൈമുക്കി അരിവാള്‍ ചുറ്റിക വരച്ച മണ്ടോടിയുടെ നാട്ടില്‍ കോൺഗ്രസുമായി ചേര്‍ന്ന് ചെങ്കൊടിയെ അപഹസിക്കുന്നവര്‍ക്ക് രക്തസാക്ഷികളുടെ മണ്ണ് ഉചിതമായ മറുപടി നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. തെറ്റിദ്ധരിക്കപ്പെട്ടവര്‍ പാര്‍ടി വിരുദ്ധരുടെ ഈ വഞ്ചനയെ തിരിച്ചറിയണം. കമ്യൂണിസ്‌റ്റ് വിപ്ളവകാരികള്‍ ജീവനും രക്തവും നല്‍കി കെട്ടിപ്പടുത്ത ഒഞ്ചിയത്തെ പാര്‍ടിയെ തകര്‍ക്കാനനുവദിക്കരുത്. വിപ്ളവകാരികളുടെ മണ്ണിനെ കൊലയാളികളായ കോൺഗ്രസുകാരുടെ കൂടാരമാക്കാന്‍ അച്ചാരം വാങ്ങിച്ചവരെ ഒറ്റപ്പെടുത്തണം.

ആര്‍എസ്എസ് - എസ്‌ഡിപിഐയുമായിപ്പോലും ഒളിഞ്ഞും തെളിഞ്ഞുമുള്ള ബാന്ധവത്തിലൂടെ വര്‍ഗീയവല്‍ക്കരണത്തിന്റെ തിക്താനുഭവങ്ങളിലേക്കാണ് യുഡിഎഫുകാര്‍ കേരളത്തെ നയിക്കുന്നത്. ബദല്‍ നയങ്ങളിലൂടെയും ക്ഷേമവികസന പരിപാടികളിലൂടെയും കേന്ദ്രസര്‍ക്കാരിന്റെ ആഗോളവല്‍ക്കരണ നയങ്ങളെ പ്രതിരോധിക്കുന്ന ഇടതുപക്ഷത്തെ തകര്‍ക്കാന്‍ യുഡിഎഫുകാര്‍ സര്‍വ മതവര്‍ഗീയ ശക്തികളെയും കൂട്ടുപിടിക്കുകയാണ്. മതനിരപേക്ഷ ജനാധിപത്യ നിലപാടില്‍ ഉറച്ചുനിന്ന് ഈ വലതുപക്ഷ സഖ്യത്തെ പ്രതിരോധിക്കുവാന്‍ ഇടതുപക്ഷ ശക്തികളൊന്നാകെ എല്ലാ പിളര്‍പ്പന്‍ ആശയങ്ങളെയും നിരാകരിച്ചുകൊണ്ട് ഒന്നിച്ചുനില്‍ക്കണം. രക്തസാക്ഷികളുടെ മഹാപാരമ്പര്യം അതാണിന്ന് വിപ്ളവശക്തികളെ ഉദ്ബോധിപ്പിച്ചുകൊണ്ടിരിക്കുന്നത്.


*****

ടി പി രാമകൃഷ്ണന്‍, കടപ്പാട് :ദേശാഭിമാനി 10112010

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഏറാമല പഞ്ചായത്തിലെ പ്രസിഡന്റ് പദവി ജനതാദളിന് നല്‍കിയതില്‍ പ്രതിഷേധിച്ച് പാര്‍ടി വിട്ടവര്‍ എത്രവേഗമാണ് വീരന്‍ദളിന്റെ മാനസപുത്രന്മാരായി മാറിയത്. സിപിഐ എം ഒരു സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടിയായി അധഃപതിച്ചുപോയെന്ന് ആരോപിച്ചവര്‍ ആഗോളവല്‍ക്കരണ നയങ്ങളുടെ ഒന്നാം നമ്പര്‍ വക്താക്കളായ കോണ്‍ഗ്രസുകാരുമായി ചേര്‍ന്ന് അധികാരം പങ്കുവയ്‌ക്കുകയാണ്. 2-ാം ഇന്റര്‍നാഷണലിന്റെ വഞ്ചകരായ നേതാക്കളെക്കുറിച്ച് ലെനിന്‍ നടത്തിയ നിരീക്ഷണങ്ങള്‍ എത്ര ശരിയാണ്. വലതുപക്ഷ സഹായത്തിന്റെ ഉദാരതയില്‍ സിപിഐ എമ്മിനെ തറപറ്റിക്കാന്‍ നടക്കുന്നവര്‍ക്ക് എന്തായാലും ഒഞ്ചിയത്തിന്റെ മണ്ണ് മാപ്പുനല്‍കില്ല. ഇടതുപക്ഷ പ്രസ്ഥാനത്തിനകത്ത് ഭിന്നിപ്പും ആശയക്കുഴപ്പവും സൃഷ്‌ടിച്ച് യഥാര്‍ഥ വിപ്ളവപ്പാര്‍ടി തങ്ങളാണെന്ന് അവകാശപ്പെട്ടവരുടെ കാപട്യം ഒഞ്ചിയത്തുകാര്‍ തിരിച്ചറിയുന്നുണ്ട്. ബിരിയാണി പൊലീസിന്റെ മര്‍ദനങ്ങളേറ്റുവാങ്ങി ജീവന്റെ സ്‌പന്ദനം നിലച്ചുകൊണ്ടിരിക്കുമ്പോഴും ലോക്കപ്പ് മുറിയുടെ ഭിത്തിയില്‍ സ്വന്തം ശരീരത്തില്‍നിന്ന് ഒലിച്ചിറങ്ങിയ രക്തത്തില്‍ കൈമുക്കി അരിവാള്‍ ചുറ്റിക വരച്ച മണ്ടോടിയുടെ നാട്ടില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ചെങ്കൊടിയെ അപഹസിക്കുന്നവര്‍ക്ക് രക്തസാക്ഷികളുടെ മണ്ണ് ഉചിതമായ മറുപടി നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. തെറ്റിദ്ധരിക്കപ്പെട്ടവര്‍ പാര്‍ടി വിരുദ്ധരുടെ ഈ വഞ്ചനയെ തിരിച്ചറിയണം. കമ്യൂണിസ്‌റ്റ് വിപ്ളവകാരികള്‍ ജീവനും രക്തവും നല്‍കി കെട്ടിപ്പടുത്ത ഒഞ്ചിയത്തെ പാര്‍ടിയെ തകര്‍ക്കാനനുവദിക്കരുത്. വിപ്ളവകാരികളുടെ മണ്ണിനെ കൊലയാളികളായ കോണ്‍ഗ്രസുകാരുടെ കൂടാരമാക്കാന്‍ അച്ചാരം വാങ്ങിച്ചവരെ ഒറ്റപ്പെടുത്തണം.