ഇന്നത്തെ ലോകസാഹചര്യത്തില്‍ ഒരു രാജ്യത്തിനും ഒറ്റപ്പെട്ടു കഴിയാനാവില്ലെന്നതും ഒട്ടേറെ മേഖലകളില്‍ മറ്റ് രാജ്യങ്ങളുമായി സഹകരിക്കേണ്ടി വരുമെന്നതും വസ്‌തുതയാണ്. ഇത്തരം സഹകരണത്തിന്റെ ലക്ഷ്യം ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പൊതുതാല്‍പ്പര്യങ്ങളെ സംരക്ഷിക്കുകയും പൊതുവായ വളര്‍ച്ച നേടുകയുമാണ്. ഇന്ത്യയും യുഎസും തമ്മില്‍ തുല്യത നിലനിര്‍ത്തിക്കൊണ്ടുള്ള സഹകരണത്തിന് തയ്യാറായാല്‍ ആര്‍ക്കും അതിനെ എതിര്‍ക്കാനാവില്ല. ഇന്ത്യ-യുഎസ് സഹകരണത്തിന്റെ പേരില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും ബഹുരാഷ്‌ട്ര കമ്പനികളുടെയും താല്‍പ്പര്യത്തിനുമുമ്പില്‍ ഇന്ത്യന്‍ ജനതയുടെ താല്‍പ്പര്യങ്ങള്‍ അടിയറ വയ്‌ക്കുന്നതിനെയാണ് സിപിഐ എം എതിര്‍ക്കുന്നത്.
ഇന്ത്യ-യുഎസ് ആണവ കരാറിന്റെയും പ്രതിരോധ കരാറുകളുടെയും ആയുധക്കച്ചവടത്തിന്റെയും അപകടങ്ങളെയും ദോഷഫലങ്ങളെയും പറ്റി സജീവമായ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. വേണ്ടത്ര ജനശ്രദ്ധ ലഭിക്കാതെപോയ ഒന്നാണ് കാര്‍ഷിക രംഗത്തുള്ള ഇന്ത്യ-യുഎസ് സഹകരണം. കാര്‍ഷിക രംഗത്തെ വിദ്യാഭ്യാസം, ഗവേഷണം, സേവനങ്ങള്‍, കച്ചവട ബന്ധങ്ങള്‍ എന്നിവ സംബന്ധിച്ച 'ഇന്ത്യ-യുഎസ് വിജ്ഞാന പ്രാരംഭക കരാര്‍' എന്ന പേരിലാണ് കാര്‍ഷിക മേഖലയിലെ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ കരാര്‍ അറിയപ്പെടുന്നത്. ഈ കരാര്‍ മറ്റ് കരാറുകളെപ്പോലെയോ അതിലേറെയോ അപകടം നിറഞ്ഞതും ദോഷകരവുമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതുമാണ്. ഇന്ത്യന്‍ കാര്‍ഷികമേഖലയും ഇന്ത്യന്‍ ജനതയുടെ ഭക്ഷ്യസുരക്ഷിതത്വവും അമേരിക്കയിലെ ഭീമന്മാരായ ബഹുരാഷ്‌ട്ര കമ്പനികളുടെ കൈപ്പിടിയില്‍ അമരുമെന്ന അപകടമാണ് ഇന്ത്യ-യുഎസ് കാര്‍ഷിക കരാര്‍ വഴി സംഭവിക്കുന്നത്.
2005 ജൂലൈയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് യുഎസ് സന്ദര്‍ശിച്ച സമയത്താണ് കാര്‍ഷിക കരാര്‍ സംബന്ധിച്ച ധാരണ ഉണ്ടായത്. മാര്‍ച്ച് 2006ല്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഈ കരാര്‍ ഔദ്യോഗികമായി ഒപ്പിടുകയുംചെയ്‌തു. കരാറിലെ വ്യവസ്ഥകളും അതിന്റെ ലക്ഷ്യവും നിര്‍വഹിക്കുന്നതിനുള്ള ചുമതല അതിലെ ഡയറക്‌ടര്‍മാരുടെ സമിതിക്കാണ് നല്‍കിയിട്ടുള്ളത്. അമേരിക്കയിലെ കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബഹുരാഷ്‌ട്ര കമ്പനികളായ മൊസാന്റോ, വാള്‍മാര്‍ട്ട്, ആര്‍ച്ചര്‍ ഡാനിയല്‍സ് മിഡ്‌ലാന്‍ഡ് തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളും ഇന്ത്യന്‍ ടൊബാക്കോ കമ്പനിയുടെ പ്രതിനിധിയും ഈ ഡയറക്‌ടര്‍ ബോര്‍ഡില്‍ അംഗങ്ങളാണ്. യുഎസിലെയും ഇന്ത്യയിലെയും ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാറുണ്ട്. കരാറിന്റെയും അതിന്റെ അടിസ്ഥാനത്തില്‍ സംഘടിപ്പിച്ചിട്ടുള്ള ബോര്‍ഡിന്റെയും പ്രവര്‍ത്തനഫലമായി കാര്‍ഷിക വിജ്ഞാനം പകര്‍ന്നുകൊടുക്കുന്ന വിദ്യാഭ്യാസ രംഗവും ഗവേഷണ മേഖലയും സേവന രംഗവും കച്ചവടത്തിനുള്ള ക്രമീകരണങ്ങളും അമേരിക്കയിലെ ബഹുരാഷ്‌ട്ര കമ്പനികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉപകരിക്കുംവിധം സംഘടിപ്പിക്കപ്പെടും. ഇന്ത്യന്‍ കാര്‍ഷികമേഖലയാകെ അമേരിക്കന്‍ ബഹുരാഷ്‌ട്ര കമ്പനികളുടെ മേധാവിത്വത്തിലാകും.
ബഹുരാഷ്‌ട്ര കമ്പനികള്‍ക്ക് കടന്നുവരാനും മേധാവിത്വം സ്ഥാപിക്കാനും കഴിയത്തക്കവിധം ഇന്ത്യയിലെ കാര്‍ഷികമേഖലയിലെയും ഭക്ഷ്യമേഖലയിലെയും നിയന്ത്രണങ്ങള്‍ സംബന്ധിച്ച സംവിധാനങ്ങളാകെ അഴിച്ചുപണിയുകയാണ് ഇന്ത്യ-യുഎസ് കാര്‍ഷിക കരാറിന്റെ ലക്ഷ്യം. വിത്ത്, ജനിതക മാറ്റം വരുത്തിയ ജൈവ വസ്‌തുക്കള്‍, കരാര്‍കൃഷി, കാര്‍ഷികമേഖലയിലെ ബൌദ്ധിക സ്വത്തവകാശങ്ങള്‍ എന്നിവയെപ്പറ്റിയുള്ള നിയമങ്ങളില്‍ മാറ്റം വരുത്താന്‍ ഇന്ത്യ-യുഎസ് കാര്‍ഷിക കരാര്‍വഴി ധാരണയായിരിക്കുകയാണ്.
ഇന്ത്യ ഗവണ്‍മെന്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച 'വിത്ത് നിയമ'ത്തിന്റെ ലക്ഷ്യം വിത്ത് ഉല്‍പ്പാദിപ്പിക്കാനും സംഭരിക്കാനും കൈമാറ്റംചെയ്യാനുമുള്ള കൃഷിക്കാരന്റെ ജന്മാവകാശം ഇല്ലാതാക്കി ഇതിനെല്ലാമുള്ള കുത്തകാവകാശം ബഹുരാഷ്‌ട്ര കമ്പനികള്‍ക്ക് നല്‍കുകയായിരുന്നു. വിത്തിന്റെ നിയന്ത്രണം കൈയടക്കുന്നവര്‍ക്ക് കാര്‍ഷികമേഖലയുടെ മേധാവിത്വം നേടാനാവും. അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹെന്റി കിസിംഗര്‍ 1970 ല്‍ നടത്തിയ പ്രസ്‌താവന അമേരിക്കയുടെ ലക്ഷ്യം എന്തെന്ന് മറനീക്കിയ ഒന്നായിരുന്നു. എണ്ണയുടെ നിയന്ത്രണം കൈവശപ്പെടുത്തിയാല്‍ രാഷ്‌ട്രങ്ങളെ നിയന്ത്രിക്കാനും ഭക്ഷ്യോല്‍പ്പാദന മേഖലയിലെ മേധാവിത്വം സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ ജനങ്ങളെയാകെ നിയന്ത്രിക്കാനും കഴിയുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അമേരിക്കയുടെ ആഗോളതന്ത്രം ഈ കാഴ്ചപ്പാടിനനുസരിച്ച് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
അമേരിക്കന്‍ ബഹുരാഷ്‌ട്ര കമ്പനികള്‍ക്ക് ജനിതക മാറ്റം വരുത്തിയ ജൈവ വസ്‌തുക്കളുടെയും വിത്തിന്റെയും നിയന്ത്രണം കൈവശപ്പെടുത്താന്‍ കഴിയത്തക്കവിധം ഇന്ത്യ ഗവമെന്റ് നിയമങ്ങള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ജനിതകമാറ്റം വരുത്തുന്ന സാങ്കേതികവിദ്യയുടെ കുത്തകാവകാശം പേറ്റന്റ് നിയമം അനുസരിച്ച് അമേരിക്കയിലെ രണ്ട് ബഹുരാഷ്‌ട്ര കമ്പനികളായ മൊസാന്റോയും ഡുപോണ്ടും നേടിക്കഴിഞ്ഞു. രണ്ട് പ്രത്യേക സാങ്കേതികവിദ്യകളാണ് ജനിതകമാറ്റം വരുത്തുന്നതിന് ഇന്ന് പ്രയോഗത്തിലുള്ളത്. ഇത് രണ്ടിന്റെയും പേറ്റന്റ് അവകാശമാണ് മൊസാന്റോക്കും ഡുപോണ്ടിനുമുള്ളത്. ജനിതക മാറ്റം വരുത്തുന്ന സാങ്കേതികവിദ്യ ലോകത്ത് എവിടെ ഉപയോഗിച്ചാലും മൊസാന്റോവിനും ഡുപോണ്ടിനും തടയാന്‍ കഴിയും. റോയല്‍റ്റി ഈടാക്കാനാവും.
ജനിതകമാറ്റം വരുത്തിയ വസ്‌തുക്കള്‍ ഉപയോഗിക്കണോ വേണ്ടയോ എന്നതല്ല ഇന്നത്തെ മുഖ്യപ്രശ്‌നം. ദോഷഫലങ്ങള്‍ ഉണ്ടാക്കാത്ത എല്ലാ ശാസ്‌ത്രീയ സാങ്കേതികനേട്ടങ്ങളും ഉപയോഗപ്പെടുത്തുകതന്നെ ചെയ്യണം. ദോഷഫലങ്ങള്‍ ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തണമെന്ന് മാത്രം. ജനിതകമാറ്റം വരുത്തിയ ജൈവ വസ്‌തുക്കളുടെയും വിത്തിന്റെയും മേലുള്ള ബഹുരാഷ്‌ട്ര കമ്പനികളുടെ പരമാധികാരവും കുത്തകാവകാശവുമാണ് പ്രധാന വിഷയം. സാങ്കേതികവിദ്യ കൈമാറാന്‍ വന്‍ തുകയാണ് ബഹുരാഷ്‌ട്ര കമ്പനികള്‍ വസൂലാക്കുന്നത്. ശാസ്‌ത്ര-സാങ്കേതികവിദ്യയുടെ നേട്ടങ്ങളെ കര്‍ഷകര്‍ക്കും സാമാന്യജനങ്ങള്‍ക്കും പ്രാപ്‌തമാക്കുകയാണ് പ്രധാനം. ഇക്കാര്യത്തിലും ഇന്ത്യ ഗവണ്‍മെന്റ് ജനങ്ങളുടെ പക്ഷത്തല്ല, മറിച്ച് അമേരിക്കയിലെ ബഹുരാഷ്‌ട്ര കമ്പനികളുടെ പക്ഷത്താണ് നില്‍ക്കുന്നത്.
ജൈവ സാങ്കേതികവിദ്യയുടെ ഉപയോഗം വ്യവസ്ഥ ചെയ്യാന്‍ ഒരു അധികാരസമിതി രൂപീകരിക്കാനുള്ള നിയമം കേന്ദ്രഗവണ്‍മെന്റ് അമേരിക്കന്‍ ബഹുരാഷ്‌ട്ര കമ്പനികളുടെ താല്‍പ്പര്യമനുസരിച്ച് തയ്യാറാക്കിക്കഴിഞ്ഞിരിക്കുകയാണ്. അടുത്തുതന്നെ ഈ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് മാധ്യമവാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ജനിതകമാറ്റം വരുത്തിയ ജൈവ വസ്‌തുക്കളുടെ ഉപയോഗത്തിനെതിരെ പ്രചാരവേല നടത്തുന്നവരെ ആറ് മാസത്തിലേറെ തടവില്‍ പാര്‍പ്പിക്കാനുള്ള ശിക്ഷ ഉറപ്പുവരുത്തുന്ന വകുപ്പുകളും ഇന്ന് തയ്യാറാക്കിയ ബില്ലില്‍ ഉണ്ട്.
ഇന്ത്യ-യുഎസ് കാര്‍ഷിക കരാര്‍ അനുസരിച്ച് അപകടകരമായ ഒട്ടേറെ നടപടികള്‍ ഇന്ത്യ ഗവണ്‍മെന്റ് എടുത്തുകൊണ്ടിരിക്കുകയാണ്. കാര്‍ഷികമേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പൊതുമേഖലാ ഗവേഷണ സ്ഥാപനമായ ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് എന്ന സ്ഥാപനത്തിന്റെ 47 കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങളെയും സര്‍വകലാശാലകളെയും അമേരിക്കയിലെ ബഹുരാഷ്‌ട്ര കമ്പനികള്‍ക്ക് ഉപയോഗപ്പെടുത്താനാവുമെന്ന സ്ഥിതി നിലവില്‍ വന്നിരിക്കുകയാണ്. ഇന്ത്യയുടെ വമ്പിച്ച ജനിതക സമ്പത്ത് അമേരിക്കന്‍ ബഹുരാഷ്‌ട്ര കമ്പനികള്‍ക്ക് കവര്‍ന്നെടുക്കാന്‍ കഴിയും. കച്ചവട സാധ്യതയുള്ള മേഖലകള്‍ കണ്ടെത്താന്‍ സ്വകാര്യ-പൊതു മേഖലകള്‍ ഒരുമിച്ചു നീങ്ങും എന്നും ധാരണയായി.
ഇന്ത്യയിലെ പൊതുമേഖലയിലുള്ള ഗവേഷണ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും നടക്കുന്ന ഗവേഷണഫലങ്ങള്‍ അമേരിക്കന്‍ ബഹുരാഷ്‌ട്ര കമ്പനികളുടെ സ്വകാര്യസ്വത്തായി മാറ്റാന്‍ കഴിയത്തക്കവണ്ണം സ്ഥിതിഗതികള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. അമേരിക്കന്‍ ബഹുരാഷ്‌ട്ര കമ്പനികളുടെ താല്‍പ്പര്യങ്ങളനുസരിച്ച് ഗവേഷണ മേഖലകള്‍ നിശ്ചയിക്കുന്ന സ്ഥിതിയില്‍ കാര്യങ്ങളെത്തും. അടിസ്ഥാന വിഷയങ്ങള്‍ സംബന്ധിച്ചുള്ള ഗവേഷണങ്ങള്‍ അടിയന്തര കച്ചവട താല്‍പ്പര്യത്തിന്റെ പേരില്‍ പിന്തള്ളപ്പെടും. ഇതുണ്ടായാല്‍ ഇന്ത്യ എന്നും ഒരു പിന്നണിരാജ്യമായി തുടരുന്ന സ്ഥിതി കൈവരാം. വിത്തും ഗവേഷണവും അധ്യയനവും വിജ്ഞാനവ്യാപനവും നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ കാര്‍ഷികമേഖലയാകെ അമേരിക്കന്‍ ബഹുരാഷ്‌ട്ര കമ്പനികളുടെ മേധാവിത്വത്തിലാകും.
കാര്‍ഷികമേഖലയില്‍ അമേരിക്കന്‍ നിക്ഷേപം വര്‍ധിപ്പിക്കാനും ധാരണയായിട്ടുണ്ട്. കാര്‍ഷിക വിജ്ഞാന വ്യാപനം സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനമെടുത്ത് നടപടികള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ബഹുരാഷ്‌ട്ര കമ്പനികളുടെ വിത്തും വളവും കീടനാശിനിയും സാങ്കേതികവിദ്യയും ഉപകരണങ്ങളും വിറ്റഴിക്കാന്‍ ഉപകരിക്കുംവിധം വിജ്ഞാനവ്യാപനം നടത്തുന്നിടത്തേക്ക് കാര്യങ്ങളെത്തും. ഇന്ത്യന്‍ ജനതയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് പകരം അമേരിക്കന്‍ ബഹുരാഷ്‌ട്ര കമ്പനികളുടെ ലാഭം വര്‍ധിപ്പിക്കുകയാണ് ഇന്ത്യന്‍ കാര്‍ഷികമേഖലയുടെ ധര്‍മമെന്ന നില സംജാതമാകും.
ഇന്ത്യ-യുഎസ് കാര്‍ഷിക കരാര്‍ ഇന്ത്യന്‍ ജനതയുടെ താല്‍പ്പര്യങ്ങളെ അപകടത്തിലാക്കും. ഇന്ത്യന്‍ കാര്‍ഷികമേഖല ഇന്ന് അത്യഗാധമായ പ്രതിസന്ധി നേരിടുകയാണ്. കൃഷിക്കാരുടെ പാപ്പരീകരണത്തിന്റെയും ഗ്രാമീണമേഖലയിലെ തൊഴിലില്ലായ്‌മയുടെ വര്‍ധനയുടെയും വേഗം വര്‍ധിപ്പിച്ചിരിക്കുകയാണ്. മഹാഭൂരിപക്ഷം വരുന്ന പാവപ്പെട്ട കാര്‍ഷിക ജനവിഭാഗങ്ങള്‍ക്ക് കൃഷി അനാദായകരമായ പ്രവൃത്തിയായി മാറിക്കഴിഞ്ഞു. ഇന്ത്യ-യുഎസ് കാര്‍ഷിക കരാര്‍ ഇന്നത്തെ കാര്‍ഷിക പ്രതിസന്ധിയെ മൂര്‍ച്ഛിപ്പിക്കും. കൃഷിക്കാരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കും. അപകടകരമായ ഈ കരാറിനെതിരെ കര്‍ഷക ജനവിഭാഗങ്ങളുടെയും സാമാന്യ ജനങ്ങളുടെയും എതിര്‍പ്പും ചെറുത്തുനില്‍പ്പും വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്.
*****
എസ് രാമചന്ദ്രന്‍ പിള്ള, കടപ്പാട് : ദേശാഭിമാനി 08112010
Subscribe to:
Post Comments (Atom)
1 comment:
കാര്‍ഷികമേഖലയില്‍ അമേരിക്കന്‍ നിക്ഷേപം വര്‍ധിപ്പിക്കാനും ധാരണയായിട്ടുണ്ട്. കാര്‍ഷിക വിജ്ഞാന വ്യാപനം സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനമെടുത്ത് നടപടികള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ബഹുരാഷ്‌ട്ര കമ്പനികളുടെ വിത്തും വളവും കീടനാശിനിയും സാങ്കേതികവിദ്യയും ഉപകരണങ്ങളും വിറ്റഴിക്കാന്‍ ഉപകരിക്കുംവിധം വിജ്ഞാനവ്യാപനം നടത്തുന്നിടത്തേക്ക് കാര്യങ്ങളെത്തും. ഇന്ത്യന്‍ ജനതയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് പകരം അമേരിക്കന്‍ ബഹുരാഷ്‌ട്ര കമ്പനികളുടെ ലാഭം വര്‍ധിപ്പിക്കുകയാണ് ഇന്ത്യന്‍ കാര്‍ഷികമേഖലയുടെ ധര്‍മമെന്ന നില സംജാതമാകും.
ഇന്ത്യ-യുഎസ് കാര്‍ഷിക കരാര്‍ ഇന്ത്യന്‍ ജനതയുടെ താല്‍പ്പര്യങ്ങളെ അപകടത്തിലാക്കും. ഇന്ത്യന്‍ കാര്‍ഷികമേഖല ഇന്ന് അത്യഗാധമായ പ്രതിസന്ധി നേരിടുകയാണ്. കൃഷിക്കാരുടെ പാപ്പരീകരണത്തിന്റെയും ഗ്രാമീണമേഖലയിലെ തൊഴിലില്ലായ്‌മയുടെ വര്‍ധനയുടെയും വേഗം വര്‍ധിപ്പിച്ചിരിക്കുകയാണ്. മഹാഭൂരിപക്ഷം വരുന്ന പാവപ്പെട്ട കാര്‍ഷിക ജനവിഭാഗങ്ങള്‍ക്ക് കൃഷി അനാദായകരമായ പ്രവൃത്തിയായി മാറിക്കഴിഞ്ഞു. ഇന്ത്യ-യുഎസ് കാര്‍ഷിക കരാര്‍ ഇന്നത്തെ കാര്‍ഷിക പ്രതിസന്ധിയെ മൂര്‍ച്ഛിപ്പിക്കും. കൃഷിക്കാരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കും. അപകടകരമായ ഈ കരാറിനെതിരെ കര്‍ഷക ജനവിഭാഗങ്ങളുടെയും സാമാന്യ ജനങ്ങളുടെയും എതിര്‍പ്പും ചെറുത്തുനില്‍പ്പും വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്.
Post a Comment