Sunday, November 14, 2010

സൂകി സ്വതന്ത്ര; ജനാധിപത്യം കാതോര്‍ത്ത് മ്യാന്‍മര്‍

ലോകത്തിന്റെ ആകാംക്ഷയ്ക്ക് വിരാമമിട്ട് ആങ് സാന്‍ സൂകി സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ചെങ്കിലും മ്യാന്‍മറില്‍ ജനാധിപത്യവെളിച്ചം അകലെ. സൂകി രാജ്യത്തെ രക്ഷിക്കുമെന്ന പ്രത്യാശയോടെ അവരുടെ അനുയായികള്‍ ആഹ്ളാദനിറവിലാണ് വിമോചിതയായ നേതാവിനെ വരവേറ്റത്. എന്നാല്‍, നവംബര്‍ ഏഴിനു നടന്ന തെരഞ്ഞെടുപ്പ് പ്രഹസനത്തിന്റെ പേരില്‍ വീണ്ടും ഭരണം ഉറപ്പാക്കിയ സൈനിക നേതൃത്വത്തിലുളള പാര്‍ടി സൂകിയെ എത്രത്തോളം മുന്നോട്ടുപോകാന്‍ അനുവദിക്കുമെന്ന് കണ്ടറിയണം. മ്യാന്‍മര്‍ സര്‍വകലാശാലാ വളപ്പിലെ മന്ദിരത്തില്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചുവന്ന സൂകിയെ (65) ശനിയാഴ്ച വൈകിട്ടാണ് സ്വതന്ത്രയാക്കിയത്. കഴിഞ്ഞ 21 വര്‍ഷത്തില്‍ ഏറിയപങ്കും തടവിലായിരുന്ന സൂകിയെ മോചിപ്പിക്കാനുള്ള ഉത്തരവില്‍ സൈനികമേധാവി ജനറല്‍ തന്‍ ഷ്യൂ നേരത്തെ ഒപ്പിട്ടിരുന്നു. സൂകിയുടെ മോചനം പ്രതീക്ഷിച്ച് അയ്യായിരത്തോളം അനുയായികള്‍ അവരുടെ വസതിക്കു മുന്നില്‍ തടിച്ചുകൂടിയിരുന്നു. വീടിനു മുന്‍വശത്തുനിന്ന് ബാരിക്കേഡുകള്‍ പൊലീസ് നീക്കാന്‍ തുടങ്ങിയതോടെ ജനങ്ങളുടെ ആവേശം അണപൊട്ടി. വൈകിട്ട് അഞ്ചിന് സൈനികജനറലിന്റെ ഉത്തരവുമായി വന്ന ഉദ്യോഗസ്ഥര്‍ വീടിനുള്ളില്‍ കയറി അതു വായിച്ചു. സ്വാതന്ത്ര്യം ഉറപ്പായതോടെ പുറത്തേക്കു വന്ന സൂകിയെ സ്വീകരിക്കാന്‍ ജനങ്ങള്‍ മുന്നോട്ടുകുതിച്ചു. സുരക്ഷാഭടന്മാര്‍ ഇവരെ തടയാന്‍ തുനിഞ്ഞില്ല. സൂകി ജനക്കൂട്ടത്തോട് സംസാരിക്കാന്‍ മുതിര്‍ന്നെങ്കിലും മുദ്രാവാക്യം വിളിയിലും ദേശീയ ഗാനാലാപനത്തിലും വാക്കുകള്‍ മുങ്ങിപ്പോയി. സൂകി രാജ്യത്തെ രക്ഷിക്കുമെന്ന് പലരും വിളിച്ചുപറയുന്നുണ്ടായിരുന്നു. കുറച്ചു സമയം അനുയായികളുമായി സന്തോഷം പങ്കിട്ടശേഷം സൂകി തന്റെ പാര്‍ടിയായ എന്‍എല്‍ഡിയുടെ നേതാക്കളുമായി വീടിനുള്ളിലേക്കു തന്നെ മടങ്ങി.

ഏഴു വര്‍ഷത്തിനുശേഷമാണ് സൂകി സഹപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തുന്നത്. ഞായറാഴ്ച സൂകി മാധ്യമങ്ങളോടു സംസാരിക്കുമെന്ന് പാര്‍ടി നേതാക്കള്‍ പറഞ്ഞു. ജനാധിപത്യാവകാശങ്ങള്‍ നിഷേധിച്ചിരിക്കുന്ന രാജ്യത്ത് സൂകിക്ക് ഭാവിപ്രവര്‍ത്തനങ്ങള്‍ ദുഷ്കരമാണ്. സംഘര്‍ഷം സൃഷ്ടിച്ച് അതിന്റെ പേരില്‍ സൂകിയെ വീണ്ടും ജയിലില്‍ അടയ്ക്കാന്‍ പട്ടാളനേതൃത്വം സദാ ശ്രമിച്ചേക്കാം. എന്നാല്‍, വെല്ലുവിളികള്‍ അതിജീവിക്കാനുള്ള കരുത്ത് സൂകി ആര്‍ജിച്ചിട്ടുണ്ടെന്ന് സൂകിയുടെ അഭിഭാഷകന്‍ യു ന്യാന്‍വിന്‍ പറഞ്ഞു. പൊതുപ്രവര്‍ത്തനം പാടില്ലെന്ന ഉപാധിയോടെയുള്ള സ്വാതന്ത്യ്രം സൂകി അംഗീകരിക്കില്ലെന്ന് ന്യാന്‍വിന്‍ തുടര്‍ന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് സൂകിയുടെ പാര്‍ടി ബഹിഷ്കരിച്ചിരുന്നു. 25 ശതമാനം സീറ്റ് സൈനികനേതൃത്വത്തിലുള്ള യുഎസ്ഡിപിക്ക് സംവരണംചെയ്തും തടവുശിക്ഷ അനുഭവിക്കുന്നവര്‍ക്ക് മത്സരിക്കാന്‍ അവകാശമില്ലെന്ന് വ്യവസ്ഥ ചെയ്തുമാണ് 20 വര്‍ഷത്തിനുശേഷം തെരഞ്ഞെടുപ്പ് നടത്തിയത്. സമാധാനത്തിനുള്ള നൊബേല്‍സമ്മാന ജേതാവായ സൂകിയുടെ നേതൃത്വത്തിലുള്ള പ്രസ്ഥാനത്തെ ഇനിയും അവഗണിക്കാന്‍ സൈനികനേതൃത്വത്തിന് കഴിയില്ലെന്നു കരുതുന്ന നിരീക്ഷകരുമുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ സൂകിയുടെ മോചനത്തെ സ്വാഗതം ചെയ്തു. എന്നാല്‍, മ്യാന്‍മറില്‍ ജനാധിപത്യപ്രസ്ഥാനത്തെ അടിച്ചമര്‍ത്തിയിരിക്കുകയാണെന്ന് ഒബാമ പറഞ്ഞു.

എത്രനാള്‍... ഈ സ്വാതന്ത്ര്യം

പുറംലോകം കാണാന്‍ കഴിയില്ലെന്ന് ഉറപ്പായിരുന്നെങ്കിലും സൂകി ദിവസവും പുലര്‍ച്ചെ നാലിന് എഴുന്നേല്‍ക്കുമായിരുന്നു. സൈനികഭരണകൂടം തടവറയാക്കി മാറ്റിയ തന്റെ പഴയ ഇരുനില വസതിയില്‍ അവര്‍ മണിക്കൂറുകള്‍ ധ്യാനിച്ചിരിക്കും. തുടര്‍ന്ന് റേഡിയോ കേള്‍ക്കും. ആങ് സാന്‍ സൂകിക്ക് വര്‍ഷങ്ങളായി പുറംലോകത്തെ വിവരം ലഭിച്ചിരുന്നത് റേഡിയോ വഴി മാത്രം. ഫോണ്‍, ടെലിവിഷന്‍, ഇന്റര്‍നെറ്റ് ഇവയൊന്നും അനുവദിച്ചിരുന്നില്ല. കത്തുകള്‍ കര്‍ശനമായി സെന്‍സര്‍ ചെയ്തിരുന്നു. പലപ്പോഴും ഇവ കൈമാറിയിരുന്നില്ല. വായനയാണ് സൂകിയെ മുന്നോട്ടു നയിച്ചിരുന്നത്. ഇംഗ്ളീഷ് സാഹിത്യം, തത്ത്വചിന്ത, ജീവചരിത്രങ്ങള്‍ എന്നിവയാണ് ഇഷ്ടവിഷയങ്ങള്‍. ജോണ്‍ ലിക്കാറും ജോര്‍ജി സിമനോനും പ്രിയപ്പെട്ട എഴുത്തുകാര്‍. സൂകി പണ്ട് നന്നായി പിയാനോ വായിച്ചിരുന്നു. പോരാട്ടത്തിന്റെ തീക്ഷ്ണതയില്‍ പിയാനോയെയും കൈവിട്ടു. പക്ഷേ, സൂകി തീര്‍ത്തും തനിച്ചായിരുന്നില്ല. ദീര്‍ഘകാലമായുള്ള രണ്ടു സഹായികള്‍ കൂടെയുണ്ടായിരുന്നു. ഒരമ്മയും മകളും-ഖിന്‍ ഖിന്‍വിന്നും വിന്‍ മാമായും. ഇവരെയും സൂകിയോടൊപ്പം ശിക്ഷിച്ച് വീട്ടുതടങ്കലിലാക്കിയതാണ്. ചുരുക്കം സന്ദര്‍ശകരെ അനുവദിച്ചിരുന്നു. എന്നാല്‍, കടുത്ത നിരീക്ഷണത്തോടെ മാത്രം. ഭക്ഷണം ദിവസവും എത്തിച്ചിരുന്നു. കുടുംബ ഡോക്ടര്‍ മാസത്തില്‍ ഒരിക്കലെത്തും. സന്ദര്‍ശകരില്‍ ഒരാള്‍ സൂകിയുടെ അഭിഭാഷകനായ യുന്യാന്‍ വിന്‍ ആയിരുന്നു. സൂകി ലളിതവും കടുപ്പമേറിയതുമായ ജീവിതമാണ് നയിച്ചിരുന്നതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. വീട്ടുമുറ്റത്തെ ഉദ്യാനത്തില്‍ ഇറങ്ങാന്‍ പോലും സൂകിയെ അനുവദിച്ചിരുന്നില്ല. വ്യായാമംപോലും അകത്ത്.

കുടുംബസ്വത്തായി ലഭിച്ച 90 വര്‍ഷം പഴക്കമുള്ള വീടാണ് സൂകിയുടേത്. കാര്യമായ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. വൈദ്യുതി പലപ്പോഴും മുടങ്ങും. മെഴുകുതിരി വെളിച്ചത്തില്‍ വായിക്കേണ്ട അവസ്ഥ വന്നിട്ടുണ്ട്. വീട്ടുപരിസരം കാട് പിടിച്ചിരിക്കുകയാണ്. സൂകിയുടെ ഭര്‍ത്താവ് ഡോ. മൈക്കിള്‍ ഏരിസ് അര്‍ബുദം ബാധിച്ച് 1999ല്‍ മരിച്ചു. മൈക്കിളിനെ മ്യാന്‍മര്‍ സന്ദര്‍ശിക്കാന്‍ സൈനികനേതൃത്വം അനുവദിച്ചിരുന്നില്ല. തന്റെ രണ്ടു മക്കളെയും സൂകി കണ്ടിട്ട് പത്തു വര്‍ഷത്തിലേറെയായി. പേരക്കുട്ടികളെ അവര്‍ കണ്ടിട്ടേയില്ല. ഓരോ വര്‍ഷവും സൂകിയുടെ മക്കള്‍ വിസയ്ക്ക് അപേക്ഷ നല്‍കുമെങ്കിലും വിശദീകരണം കൂടാതെ അവ തള്ളും. ഒടുവില്‍, ഇളയമകന്‍ കിമ്മിനു സൂകിയെ കാണാന്‍ വിസ അനുവദിച്ചതായി നവംബര്‍ 10നു റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍, സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ഇപ്പോള്‍ സൂകിയെ മോചിപ്പിച്ചെങ്കിലും വീണ്ടും എന്തെങ്കിലും കാരണത്തിന്റെ പേരില്‍ അറസ്റുചെയ്യാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. 1989ല്‍ ആദ്യമായി അറസ്റ്റുചെയ്തശേഷം ഇന്നേവരെ സൂകി പ്രത്യക്ഷമായോ പരോക്ഷമായോ തടവില്‍ തന്നെയായിരുന്നു. നിയമപരമായി തടവ് പ്രഖ്യാപിക്കാത്ത സമയത്തുപോലും യാന്‍ഗൂണിനു പുറത്തുപോകാന്‍ അവരെ അനുവദിച്ചിരുന്നില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരംപോലും നിഷേധിച്ചശേഷമാണ് ഇപ്പോള്‍ 'സ്വാതന്ത്ര്യം' നല്‍കിയത്. സൂകിയുടെ സ്വാതന്ത്ര്യം ഹ്രസ്വായുസ്സാകാനുള്ള സാധ്യത അതുകൊണ്ട് വളരെയേറെയാണ്.

വെളിച്ചം കാണാതെ 2200ലേറെ രാഷ്ട്രീയത്തടവുകാര്‍

സൂകിയുടെ മോചനത്തില്‍ ബര്‍മന്‍ജനത ആഹ്ളാദിക്കുമ്പോഴും രാജ്യത്ത് 2200ല്‍പ്പരം രാഷ്ട്രീയത്തടവുകാര്‍ ഇപ്പോഴും നീതി നിഷേധിക്കപ്പെട്ട് തടങ്കലില്‍ കഴിയുന്നു. ഇവരില്‍ 68 വര്‍ഷംവരെ തടവിന് ശിക്ഷിക്കപ്പെട്ടവരുണ്ട്. രാജ്യത്തെ 43 ജയിലിലായാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. വിദ്യാര്‍ഥിനേതാക്കളും ബുദ്ധസന്ന്യാസിമാരും മനുഷ്യാവകാശപ്രവര്‍ത്തകരും തടവുകാരില്‍ ഉള്‍പ്പെടുന്നു. രാജ്യത്ത് 1988ല്‍ അലയടിച്ച വിദ്യാര്‍ഥിപ്രക്ഷോഭത്തിന്റെ നേതാക്കളായിരുന്ന ക്യാവ് മിന്‍യു (കോ ജിമ്മി), നിലര്‍ തീന്‍ എന്നിവര്‍ തടവറയില്‍ കഴിയുന്ന ദമ്പതികളാണ്. 65 വര്‍ഷത്തെ തടവിനാണ് ഇവരെ ശിക്ഷിച്ചിട്ടുള്ളത്. കോ ജിമ്മി 16 വര്‍ഷമായും നിലര്‍ തീന്‍ എട്ടുവര്‍ഷമായും ജയിലിലാണ്. സൂകിയുടെ പാര്‍ടിയായ നാഷണല്‍ ലീഗ് ഡെമോക്രസിയുടെ പ്രമുഖ നേതാക്കള്‍ ഉള്‍പ്പടെ 413 പ്രവര്‍ത്തകര്‍ വര്‍ഷങ്ങളായി ജയിലിലാണ്. രാജ്യത്ത് 2007ല്‍ ഉയര്‍ന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത ബുദ്ധസന്ന്യാസിമാരെയും തടവിലാക്കി. അക്കൊല്ലം ആഗസ്തില്‍ അലയടിച്ച പ്രക്ഷോഭത്തിന് ബുദ്ധസന്ന്യാസിമാരുടെ സംഘടനയാണ് നേതൃത്വം നല്‍കിയത്. നവംബര്‍ നാലിന് പ്രക്ഷോഭം അടിച്ചമര്‍ത്തിയശേഷം നേതാക്കളെ തെരഞ്ഞുപിടിച്ച് തടവറയില്‍ തള്ളുകയായിരുന്നു. സന്ന്യാസിമാരുടെ നേതാവ് യു ഗംഭീരയെ 68 വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചിട്ടുള്ളത്. രാജ്യത്തെ പ്രമുഖ നടനായിരുന്ന സര്‍ഗനാറിനെ സര്‍ക്കാരിനെ വിമര്‍ശിച്ചതിന് 2006ല്‍ അഭിനയം വിലക്കി. അദ്ദേഹം വീറോടെ സൈനികഭരണത്തിനെതിരെ നിലകൊണ്ടു. ഇതേത്തുടര്‍ന്ന് 2008ല്‍ 20 സഹപ്രവര്‍ത്തകര്‍ക്കൊപ്പം സര്‍ഗനാറിനെ അറസ്റ്റുചെയ്തു. 59 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. പിന്നീട് കാലാവധി 35 വര്‍ഷമായി കുറച്ചു. നിരവധി മാധ്യമപ്രവര്‍ത്തകരും തടവറകളിലുണ്ട്.

*
കടപ്പാട്: ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...