ബരാക് ഒബാമയുടെ സന്ദര്‍ശനംകൊണ്ട് വിശേഷിച്ചൊരു നേട്ടവും ഉണ്ടായെന്ന് പറയാന്‍ ബുദ്ധിമുട്ടുമ്പോഴും, ആള്‍ വന്നത് നന്നായി എന്ന് എനിക്കു തോന്നുന്നു. അതിന്റെ പ്രധാന കാരണം, അങ്ങോര്‍ വന്ന ആ ഒരാഴ്ചക്കാലം ഇവിടെ അഴിമതികള്‍ അല്‍പം ശമിച്ചതുപോലെ തോന്നി. അദ്ദേഹം വരുന്നതിന് മുമ്പ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉള്‍പ്പെടുന്ന കടുത്ത ഫ്‌ളാറ്റുനിര്‍മാണ അഴിമതിക്കുശേഷം കേന്ദ്രമന്ത്രി രാജയെ പിടികൂടിയ ടെലികോം അഴിമതി നാടാകെ നാറ്റിച്ചത് അദ്ദേഹം പോയശേഷമായിരുന്നു. അത്രയും നാള്‍ ചെറിയൊരാശ്വാസം. ഇപ്പോള്‍ വിലസുന്നത് അഴിമതി നടത്തുന്നവരുടെയും അതിനെ വെളുപ്പിക്കാന്‍ ശ്രമിക്കുന്നവരുടെയും തട്ടുപൊളിപ്പന്‍ താണ്ഡവമാണ്.
മലവെള്ളം പോലെ കുതിപ്പ് കൂടിവരുന്ന ഈ നശിച്ച വാക്കിനെപ്പറ്റി ഞാന്‍ സ്വല്‍പം പഠനം നടത്തിയപ്പോഴാണ് അത് ഒറ്റവാക്കാണെങ്കിലും രണ്ടായി മുറിക്കാമെന്ന് മനസ്സിലായത്-മുറിച്ചപ്പോള്‍ ഉണ്ടായ ചിത്രമാണ് അഴി മതി എന്ന തലക്കെട്ടില്‍ കാണുന്നത്. അഴി എന്നുവെച്ചാല്‍ ജനാലയ്ക്കും മറ്റും വച്ചു പിടിപ്പിക്കുന്ന ഇരുമ്പഴി ആകാം. അഴി, ഇരുമ്പഴി എന്നൊക്കെ പറഞ്ഞാല്‍ തടവുമുറി എന്നും അര്‍ഥമുണ്ട്.
(എന്റെ പേരിലുള്ള അഴി മറ്റൊരു വാക്കാണെന്ന് ദയവായി ധരിക്കണം. അത് കടലും പുഴയും ചേരുന്ന അഴിമുഖം ആണ്. അഴീക്കോടിനും അഴിമുഖത്തിനും അഴിമതിയുമായി ഒരു ബന്ധവുമില്ല) നമ്മുടെ അഴിമതിക്കാര്‍ അതി പ്രമുഖരാണ്-മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ജഡ്ജിമാരും മറ്റും. താഴെക്കിടക്കാര്‍ ചെയ്യുന്നതൊന്നും അഴിമതിയല്ല. വെറും കൊച്ചു കളവുകള്‍ മാത്രം. ബൊഫോഴ്‌സ് അഴിമതിയായിരുന്നു പഴയ കാലത്തെ വന്‍ കൊള്ള.
ഇപ്പോഴത്തെ അഴിമതിക്കടലുകളുടെ മുന്നില്‍ അത് ഒരു ചെറു തോടുപോലുമല്ല. ഇന്ത്യയുടെ വ്യക്തമായ പുരോഗതി അഴിമതിയിലാണ്. ശ്രീകണ്‌ഠേശ്വരത്തിന്റെ നിഘണ്ടുവില്‍ ഈ വാക്കിന് അക്രമം, കൈക്കൂലി, അനീതി, ദുര്‍ന്നടപ്പ് എന്നൊക്കെ അര്‍ഥം കൊടുത്തിട്ട് ഒടുവില്‍ 'നാശം' എന്നും അര്‍ഥം കാണുന്നു.
ഇപ്പോള്‍ ഇന്ത്യ ഈ അവസാനത്തെ അര്‍ഥത്തിന്റെ വക്കിലാണ് കഴിയുന്നത്. രാജ്യത്തിന് നാശം വരുത്തുന്ന ഈ ദര്‍ന്നടപ്പിനെ നേരിടാന്‍ കടുത്ത പ്രതിവിധികള്‍ തന്നെ വേണം. അല്ലെങ്കില്‍ അത് കുടത്തില്‍ നിന്ന് പുറത്തുചാടിയ ജിന്നിനെപ്പോലെ ആകാശം മുട്ടെ വളര്‍ന്നുകളയും. ബൊഫോഴ്‌സ് കൈക്കൂലി ദശകോടി എന്ന അതിരില്‍ ഒതുങ്ങിയപ്പോള്‍ ഇപ്പോഴത്തെ പരിധി ദശലക്ഷം കോടിയുടേതാണ്. ഈ ധനാര്‍ത്തിക്കാരോടാണ് ഇന്ത്യയില്‍ ഭരണത്തിന് 'സോഫ്ട് കോര്‍ണര്‍' ഉള്ളത്. കള്ളന്‍മാരോട് മൃദുസമീപനമുള്ളവര്‍ ഒന്നുകില്‍ കള്ളന്‍മാരോ അല്ലെങ്കില്‍ കള്ളന് കഞ്ഞിവെച്ചുകൊടുക്കുന്നവരോ ആയിരിക്കണമല്ലോ, ഇങ്ങനെയുള്ള ഗവണ്മെന്റ് ഉള്ളപ്പോള്‍ അഴിമതി റോക്കറ്റുപോലെ മേലോട്ട് കുതിക്കുന്നതില്‍ ആശ്ചര്യപ്പെടേണ്ടതില്ല. അഴിമതിയില്‍ കുളിച്ചുനില്‍ക്കുന്ന ഗവണ്മെന്റുകളെല്ലാം സോഫ്ട് ഗവണ്മെന്റുകളാണ്. സാമ്പത്തിക വിദഗ്ദ്ധര്‍ എന്ന പേരാണ് ഞാന്‍ ഉപയോഗിക്കുന്നത്. അവര്‍ക്കും ഈ വ്യാജരക്ഷകരായ ഭരണകൂടങ്ങളോട് അല്‍പം മൃദുസമീപനം ഉണ്ടോ എന്ന് സംശയിക്കണം. അല്ലെങ്കില്‍ അഴിമതിയെ പ്രോത്സാഹിപ്പിക്കുന്നവരെ 'മൃദുമാ' എന്നു വിശേഷിപ്പിക്കാമോ?
ബൊഫോഴ്‌സിലെ മൃദുസമീപനം കാരണം തോക്കിടപാടിലെ അഴിമതി അന്വേഷിച്ച മഹാവീര്‍ ത്യാഗിക്ക് ഒടുവില്‍ സമ്മതിക്കേണ്ടിവന്നു, അഴിമതി നടന്നിട്ടുണ്ടെന്ന് സ്പഷ്ടമാണെങ്കിലും പണം എങ്ങോട്ടുപോയെന്ന് വ്യക്തമല്ലെന്ന്. കത്തികൊണ്ട് കുത്തുന്നത് കണ്ട സാക്ഷി കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍, കുത്ത് വീഴുന്ന സമയത്ത് തന്റെ കണ്ണില്‍ പൊടിപോയെന്നു പറഞ്ഞതായി കേട്ടിട്ടുണ്ട്. ആ സമയത്ത് പ്രധാനമന്ത്രി നരസിംഹറാവുവിന്റെയും അന്നത്തെ പ്രതിരോധമന്ത്രിയുടെയും കണ്ണുകളിലെല്ലാം പൊടിപോയി. ആ തക്കത്തിന് കള്ളപ്പണം എങ്ങോട്ടോപോയി!
ഇതു തന്നെയാണ് സ്‌പെക്ട്രം ടെലിക്കോം കുംഭകോണത്തിലും സംഭവിക്കാന്‍ പോകുന്നത്. കാത്തിരുന്നു കാണുക. അന്നത്തെ കോമാളി നാടകത്തിലെ രംഗങ്ങള്‍ ഓരോന്നായി നമ്മുടെ മുന്നില്‍ പുതിയ വേഷങ്ങളായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. രാജീവ് ഗാന്ധിയുടെ കാലത്ത് നടന്നത് ഇഴഞ്ഞിഴഞ്ഞ് റാവുവിന്റെ യുഗത്തിലെത്തിയതുപോലെ, പുതിയ കുംഭകോണം 2008 ല്‍ തന്നെ പുറത്തുകൊണ്ടുവന്നിരുന്നെങ്കിലും പോക്ക് ഇഴഞ്ഞിഴഞ്ഞ് തന്നെയായിരുന്നു. (പയനീര്‍ പത്രത്തിന്റെ റിപ്പോര്‍ട്ടറും മലയാളിയുമായ ഗോപീകൃഷ്ണനാണ് 'ഈ ക്രൂരകൃത്യം' ആദ്യം ചെയ്തത്). പിന്നെ പതുക്കെ ചൂടുപിടിച്ച് പിടിച്ച് ഒടുവില്‍ തൊട്ടാല്‍ പൊള്ളുമെന്ന സ്ഥിതിയായി. പ്രതിപക്ഷഭേദമന്യേ അന്വേഷണം ആവശ്യപ്പെടുകയും പാര്‍ലമെന്റ് പ്രവര്‍ത്തനം നിരന്തരം സ്തംഭിപ്പിക്കുകയും ചെയ്തു. പക്ഷേ ഗവണ്മെന്റിന്റെ മൃദുലനയം അതിമന്ദമായിരുന്നു. എന്തുവന്നാലും രാജ രാജിവെയ്ക്കുന്ന കാര്യമേ ചിന്തിക്കാന്‍ വയ്യെന്ന് അവര്‍ കടുംപിടുത്തം പിടിച്ചു. ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്ന കാര്യത്തില്‍ ഇത്തരം കടുംപിടുത്തം ഗവണ്മെന്റ് പ്രദര്‍ശിപ്പിച്ച് നാം മുമ്പൊരിക്കലും കണ്ടിട്ടില്ല. ധൃതരാഷ്ട്രര്‍ പറഞ്ഞതുപോലെ ''എല്ലാം നമ്മുടെ കുട്ടികള്‍!'' - 'മാമകാ!'.
ഈ നാടകരംഗങ്ങള്‍ പഴയ ബൊഫോഴ്‌സ് ഗ്രൂപ്പില്‍ നിന്ന് പകര്‍ത്തിയതാണ്. പ്രതിപക്ഷത്തിന്റെ പാര്‍ലമെന്റ് സ്തംഭനക്രിയയും നിഷേധവും എല്ലാം കോപ്പിയെടുത്തതാണ്. ഇപ്പോള്‍ 'ആകാം' എന്ന പാകത്തില്‍ വന്നിട്ടുണ്ടത്രേ. അന്നും വളരെയേറെ നഷ്ടം ജനങ്ങള്‍ക്ക് വരുത്തുന്ന സ്തംഭനം ഒടുവില്‍ ജെ പി സി നിയമനം കൊണ്ട് പരിഹരിച്ചു. ആദ്യമേ ചെയ്താല്‍ മതിയായിരുന്നു-ധനദുര്‍വ്യയം ഒഴിവാക്കാനും അല്‍പം സല്‍പേര് കിട്ടിയെന്നും വരും. പക്ഷേ ജനങ്ങളുടെ നഷ്ടവും സല്‍പേരും ഗവണ്മെന്റിന് പ്രശ്‌നമല്ല. കള്ള മന്ത്രിമാരെ അവസാനനിമിഷം വരെ കാത്തുരക്ഷിക്കുക എന്നതാണ് അവരുടെ ധര്‍മം.
ഒടുവില്‍ ബൊഫോഴ്‌സ് നാടകത്തിന്റെ അന്ത്യത്തില്‍ ത്യാഗി മഹാശയന്‍ കൈമലര്‍ത്തി പറഞ്ഞതുപോലെ, ഈ കോടി കോടികള്‍ എങ്ങോട്ടുപോയ് മറഞ്ഞുവെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ. മഹാജനങ്ങളെ എന്നു പറഞ്ഞ് കൈമലര്‍ത്താം. കൈയ്യില്‍ ഒന്നുമില്ല! അഴിമതി ഉണ്ടായിട്ടില്ലെന്ന് തെളിഞ്ഞാലോ.
ചെറുകിട വ്യാജ പദ്ധതികളെപ്പറ്റി എഴുതി നിങ്ങളുടെ സമയം കളയുന്നില്ല. കോമണ്‍വെല്‍ത്ത് കളികളില്‍ നിന്ന് പ്രത്യക്ഷപ്പെട്ട കല്‍മാഡിയല്ല, ഇങ്ങ് യെദ്യൂരപ്പയായാലും ഒടുക്കത്തെ നിമിഷംവരെ പൊരുതും, പിന്നെ കൈമലര്‍ത്തിക്കാട്ടും. തന്റെ അഴിമതി എത്ര ചെറുതാണെന്നാവും രാജയുടെ ചരിതം അറിഞ്ഞപ്പോള്‍ കല്‍മാഡിക്ക് തോന്നിയത്.
അംബാനി തുടങ്ങിയ കുബേരക്കൂട്ടങ്ങള്‍ക്ക് സ്‌പെക്ട്രം ഓഹരികള്‍ തുച്ഛവിലയ്ക്ക് കൊടുത്ത കരുണാനിധിയുടെ പ്രിയമിത്രമായ രാജ നേരത്തേ പറഞ്ഞുകൊണ്ടിരുന്ന ഒരു ന്യായമുണ്ട്. അര്‍ഹിക്കുന്ന രീതിയില്‍ അതാരും ശ്രദ്ധിച്ചില്ല. അദ്ദേഹം പ്രസ്താവിച്ചുപോന്നത് ഈ തെറ്റ് തന്റേതല്ല വ്യവസ്ഥയുടേത് ആണ് എന്നത്രേ.
ശരിയാണ്, നൂറുശതമാനം ശരി. ഇന്ത്യയിലെ വന്‍ ഇടപാടുകള്‍ പണവും രാഷ്ട്രീയ നേതൃസമൂഹവും നേരിട്ടുവരുന്ന ഒരു വ്യവസ്ഥയുണ്ട്. അതുപ്രകാരം അഴിമതി ഒഴിച്ചുകൂടാത്തതാണ്. വ്യവസ്ഥയനുസരിച്ച് അഴിമതി നടന്നപ്പോള്‍ താന്‍ അതിന്റെ പങ്കാളിയായെന്നു മാത്രം. അതിനാല്‍ താനെന്തിന് രാജിവെയ്ക്കണം! വ്യവസ്ഥ രാജിവെയ്ക്കണമെന്നാകാം.
ഇങ്ങനെയൊരു പരമമായ വാദം പണ്ട് കോടതിയില്‍ പറഞ്ഞ് ശിക്ഷയിളവു ചോദിച്ച ഒരു കൊലയാളിയുടെ കഥ മാത്രമേ ഇതിന് സമാനമായുള്ളൂ. സ്വന്തം അമ്മയെയും അച്ഛനെയും വെട്ടിക്കൊന്ന മകന്‍ കോടതിയോട് കേണപേക്ഷിച്ചതിങ്ങനെ - 'ഞാന്‍ അനാഥനാണ്. അച്ഛനും അമ്മയും പൊപ്പോയി. അതിനാല്‍ അനാഥനായ എനിക്ക് ശിക്ഷയില്‍ ഇളവു തരാന്‍ ദയവുണ്ടാകണം!.
കോടതി മിഴിച്ചിരുന്നുപോയി. ഈ കഥ നേരത്തേ കേട്ടതുകൊണ്ട് രാജയുടെ ന്യായവാദം കേട്ടപ്പോള്‍ ഞാന്‍ മിഴിച്ചുനിന്നില്ല. 'സിസ്റ്റം' ചീത്തയാക്കാന്‍ തന്നാലാവത് പ്രവര്‍ത്തിച്ച മഹാന്‍ പിടിക്കപ്പെട്ടപ്പോള്‍ ആ 'സിസ്റ്റ'ത്തിന്റെ മറവില്‍ രക്ഷപ്പെടാന്‍ നോക്കുന്നു. പഠിച്ച കള്ളന്‍ തന്നെ.
ഇതൊക്കെ നടക്കുമ്പോള്‍ ദിവ്യമായ വിവാഹത്തെയും നാം അഴിമതിയുടെ നടനവേദിയാക്കാന്‍ തുടങ്ങിക്കഴിഞ്ഞു. കരുണാനിധിയുടെ ഓമനപ്പേരക്കുട്ടിയായ ദയാനിധി (മുത്തച്ഛന്റെ 'കരുണ' തന്നെ പേരക്കുട്ടിയുടെ 'ദയ') യുടെ വിവാഹം പോലെയൊന്ന് തമിഴകത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലപോലും. സമ്മതിച്ചു. എത്ര കോടി രൂപ ചെലവാക്കിയിരിക്കും എന്ന് ആരെങ്കിലും കണക്കെടുക്കുമോ? കണക്കെടുക്കുകയാണെങ്കില്‍ ആ തുക എവിടെനിന്ന് വന്നുവെന്ന് അന്വേഷിക്കുമോ? അന്വേഷിച്ചാല്‍ ആ ധനത്തിന്റെ ഉറവിടം തുറന്നു കാണിക്കാന്‍ രണ്ട് 'നിധി'കള്‍ക്കും സാധിക്കുമോ?
ഈ അഴിമതി കല്യാണത്തില്‍ പ്രധാനമന്ത്രിയുടെ ആശിര്‍വാദം നേരിട്ടെത്തിക്കാന്‍ ധനകാര്യമന്ത്രി സാക്ഷാല്‍ പ്രണബ് മുഖര്‍ജി മധുരയില്‍ ചെന്നിരിക്കുന്നു. കോണ്‍ഗ്രസിന്റെ അതിപ്രാചീന ചരിത്രത്തിലെ ചില അയഥാര്‍ഥ ജീവികളായിരുന്നെങ്കില്‍ (ഉദാ: ഗാന്ധിജി, പണ്ഡിറ്റ് നെഹ്‌റു) ഇങ്ങനെയൊരു വിവാഹത്തില്‍ പങ്കെടുക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? ഇന്ത്യയില്‍ സമസ്തമനുഷ്യരും ഈ പാവനമായ മാതൃക പിന്തുടരുകയാണ്.
കേരളത്തില്‍ പഠിച്ച് വിശേഷിച്ചൊന്നുമില്ലാതെ ഒരുവന്‍ വൈസ് ചാന്‍സലറാണെന്ന് ഭാവിച്ചിട്ട് ഏതെല്ലാം വഴിയിലൂടെ കാശ് തട്ടിയിരിക്കുന്നു. ഒഴിവുണ്ടെങ്കില്‍ കേന്ദ്രത്തില്‍ ഒരു സ്ഥാനം കൊടുക്കണം. എന്തുെകൊണ്ടും അര്‍ഹനാണ്.
ഇവര്‍ക്ക് 'അഴി മതി' എന്ന് തലക്കെട്ട് കൊടുത്ത് ലേഖനം എഴുതുകയും അതച്ചടിക്കുകയും വായിക്കുകയും ചെയ്യുന്നവര്‍ ഏതോ അഴികളില്ലാത്ത മൂഢസ്വര്‍ഗത്തില്‍ പാര്‍ക്കുന്നു.
*
സുകുമാര്‍ അഴീക്കോട് കടപ്പാട് ജനയുഗം 22-11-2010
Subscribe to:
Post Comments (Atom)
1 comment:
ബരാക് ഒബാമയുടെ സന്ദര്‍ശനംകൊണ്ട് വിശേഷിച്ചൊരു നേട്ടവും ഉണ്ടായെന്ന് പറയാന്‍ ബുദ്ധിമുട്ടുമ്പോഴും, ആള്‍ വന്നത് നന്നായി എന്ന് എനിക്കു തോന്നുന്നു. അതിന്റെ പ്രധാന കാരണം, അങ്ങോര്‍ വന്ന ആ ഒരാഴ്ചക്കാലം ഇവിടെ അഴിമതികള്‍ അല്‍പം ശമിച്ചതുപോലെ തോന്നി. അദ്ദേഹം വരുന്നതിന് മുമ്പ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉള്‍പ്പെടുന്ന കടുത്ത ഫ്‌ളാറ്റുനിര്‍മാണ അഴിമതിക്കുശേഷം കേന്ദ്രമന്ത്രി രാജയെ പിടികൂടിയ ടെലികോം അഴിമതി നാടാകെ നാറ്റിച്ചത് അദ്ദേഹം പോയശേഷമായിരുന്നു. അത്രയും നാള്‍ ചെറിയൊരാശ്വാസം. ഇപ്പോള്‍ വിലസുന്നത് അഴിമതി നടത്തുന്നവരുടെയും അതിനെ വെളുപ്പിക്കാന്‍ ശ്രമിക്കുന്നവരുടെയും തട്ടുപൊളിപ്പന്‍ താണ്ഡവമാണ്.
Post a Comment