ആധുനിക കേരളചരിത്രത്തില്‍ ഒരുവേള ഏറ്റവുമധികം എഴുതപ്പെട്ട ഒരു സംഭവമായിരിക്കും മലബാര്‍ കലാപം. ചരിത്രം പൂര്‍ണമായും വസ്തുനിഷ്ഠമല്ല എന്നതും പ്രത്യയശാസ്ത്രപരമാണെന്നതും ഇതിനൊരു പ്രധാന കാരണമാണ്. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക-സാമ്പത്തിക മണ്ഡലങ്ങളില്‍ മലബാര്‍ കലാപംപോലെ പ്രത്യാഘാതം ഏല്പിച്ച മറ്റൊരു സംഭവമില്ല എന്നതാണ് മറ്റൊരു കാരണം. സൈനികോദ്യോഗസ്ഥര്‍, രാഷ്ട്രമീമാംസകര്‍, പൊതുപ്രവര്‍ത്തകര്‍, ചരിത്രകാരന്മാര്‍, പത്രപ്രവര്‍ത്തകര്‍- കലാപത്തെപ്പറ്റി എഴുതിയവര്‍ അനവധിയുണ്ട്. ദൃക്സാക്ഷി വിവരണങ്ങളും ജീവസ്മരണകളും ധാരാളം. അക്കാദമിക പഠനങ്ങളെ കൂടാതെയാണിവ. ഇവയുടെ വിമര്‍ശനാത്മകമായ വിലയിരുത്തലിന് ഇവിടെ ശ്രമിച്ചിട്ടില്ല. ഏതാനും ചില കൃതികളെ ആസ്പദമാക്കിയുള്ള ഒരു പ്രാരംഭപഠനം മാത്രമാണിത്.
കലാപത്തെ തുടര്‍ന്ന് കുറ്റം മുഴുവന്‍ കോണ്‍ഗ്രസ്സില്‍ കെട്ടിവയ്ക്കാന്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാര്‍ ശ്രമിച്ചു. ഹിച്ച്കോക്കിന്റെ1 പുസ്തകത്തെ ഈ ഗണത്തില്‍പെടുത്താം. വര്‍ഷങ്ങളോളം മലബാറില്‍ ദേശീയ പ്രസ്ഥാനം മന്ദീഭവിക്കുവാന്‍ ഇടയാക്കിയ കലാപത്തെക്കുറിച്ചുള്ള കോണ്‍ഗ്രസ് കാഴ്ചപ്പാട് അവതരിപ്പിച്ചത് കെ മാധവന്‍നായരാണ്.2 ഒരു കേസ് അവതരിപ്പിക്കുന്ന വക്കീലിന്റെ സാമര്‍ഥ്യത്തോടെ അദ്ദേഹം കോണ്‍ഗ്രസ് ഒരു തെറ്റും ചെയ്തിട്ടില്ല എന്നും കലക്ടര്‍ തോമസിന്റെ എടുത്തുചാട്ടവും ബ്രിട്ടീഷ് സര്‍ക്കാര്‍ പിന്തുടര്‍ന്ന മര്‍ദകഭരണവുമാണ് കലാപത്തിന് പ്രേരകമായത് എന്നും വാദിക്കുന്നു. കോണ്‍ഗ്രസ്സുകാര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചതിനാല്‍ അഹിംസാ തത്വങ്ങള്‍ വേണ്ടരീതിയില്‍ മലബാറില്‍ പൊതുവെയും ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ പ്രത്യേകിച്ചും പ്രചരിപ്പിക്കുവാന്‍ തങ്ങള്‍ക്ക് കഴിഞ്ഞില്ല എന്നും അദ്ദേഹം വാദിക്കുന്നു. അപ്പോള്‍ കുറ്റം ബ്രിട്ടീഷ് സര്‍ക്കാരിന്റേതാകുമല്ലോ. കലാപബാധിത പ്രദേശത്തെ ദാരിദ്രാവസ്ഥയെപ്പറ്റി അദ്ദേഹം ബോധവാനാണ്; അതാണ് കലാപത്തിന്റെ പ്രധാന ഹേതു എന്നു പറയുന്നില്ലെങ്കിലും. കോണ്‍ഗ്രസ് ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിയുന്നതിനെ കോണ്‍ഗ്രസുകാര്‍തന്നെ വിമര്‍ശിച്ചിട്ടുണ്ട്. അക്രമങ്ങളില്‍ പങ്കില്ലായിരുന്നിട്ടും അറസ്റ്റിലായ മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്, ലഹളയ്ക്കുള്ള ഉത്തരവാദിത്ത ത്തില്‍നിന്ന് തലയൂരാന്‍വേണ്ടി നടത്തിയ ശ്രമമായിട്ടാണ് ടി പ്രകാശം നടത്തിയ അന്വേഷണത്തെപ്പറ്റി എഴുതിയിട്ടുള്ളത്.3
'മാതൃഭൂമി'യില്‍ കലാപത്തെപ്പറ്റി മാധവന്‍നായര്‍ എഴുതിയിരുന്ന കാലത്തുതന്നെ സി ഗോപാലന്‍നായരുടെ4 പുസ്തകം പ്രസിദ്ധീകൃതമായി. ഒരു ബ്രിട്ടീഷ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തിന് സര്‍ക്കാരിനോട് കൂറ് പ്രകടിപ്പിക്കാനുണ്ടായിരുന്നു. അതദ്ദേഹം ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു. പക്ഷേ അതിനുമപ്പുറം കലാപം ഒരു വര്‍ഗീയ ലഹളയായിരുന്നു. എന്ന് സ്ഥാപിക്കുവാനും അദ്ദേഹം ശ്രമിച്ചു.
വര്‍ഗീയകലാപം/കാര്‍ഷിക മുന്നേറ്റം എന്നീ ദ്വന്ദ്വങ്ങളെ ആസ്പദമാക്കിയുള്ള വിശകലനങ്ങള്‍ അന്നത്തെ രാഷ്ട്രീയത്തിലും പ്രതിഫലിച്ചതായി കാണാം. 1938 ല്‍ ഒമ്പതാം കേരള രാഷ്ട്രീയ സമ്മേളനത്തില്‍ മുഹമ്മദ് അബ്ദുറഹിമാന്‍ 1921 ലെ കലാപം ഒരു കര്‍ഷക കലാപമാണെന്ന് അഭിപ്രായപ്പെട്ടത് വലിയ വാദപ്രതിവാദങ്ങള്‍ക്ക് ഇടയാക്കി. കോഴിപ്പുറത്ത് മാധവമേനോനാണ് ഇത്തരമൊരു ചിത്രീകരണത്തെ ശക്തമായി എതിര്‍ത്തത്.5
ആദ്യകാല രചനകള്‍ ആനുകാലികം എന്ന മേന്മമാത്രം ഉള്ളവയായിരുന്നു. സര്‍ക്കാര്‍ രേഖകളുടെ പിന്‍ബലം അവയ്ക്കില്ലായിരുന്നു. 1972ല്‍ ആര്‍ക്കൈവ്സില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍ ഗവേഷകര്‍ക്ക് തുറന്നുകൊടുത്തത്6 കലാപത്തെപ്പറ്റിയുള്ള പല അക്കാദമിക്ക് പഠനങ്ങളിലേക്കും വഴിതെളിച്ചു. അവയും, രാഷ്ട്രീയമായി ഉദ്ദീപിപ്പിക്കപ്പെട്ട മതവികാരത്തിന്റെ പ്രകടിതരൂപമായോ, കര്‍ഷക ദുരിതങ്ങളാല്‍ ഉയര്‍ന്ന പ്രക്ഷോഭമായോ മലബാര്‍ കലാപത്തെ വ്യാഖ്യാനിച്ചു. അമേരിക്കന്‍ ചരിത്ര വിശകലനത്തില്‍ ഉപയോഗിച്ച 'ഫ്രോണ്ടിയര്‍ തീസിസ്' (Frontier Thesis) സ്റ്റീഫന്‍ എഫ് ഡേല്‍ (Stephen F dale)7 ഉപയോഗിക്കുന്നത് ഈ കാലത്താണ്. തീരദേശത്തുനിന്ന് മാപ്പിളമാര്‍ ഉള്‍നാട്ടിലേക്ക് വ്യാപിക്കുന്നതിനെ വിശേഷിപ്പിക്കുവാനാണിത് ഉപയോഗിച്ചത്. എന്നിരുന്നാലും അദ്ദേഹത്തിന്റെ സമീപനവും അടിസ്ഥാനപരമായി മതകേന്ദ്രീകൃതമാണ്. ജന്മിമാരുടെ ചൂഷണവും കര്‍ഷകരുടെ അവശതകളും കലാപത്തിന് മതിയായ കാരണങ്ങളല്ല. ഉലമാക്കളുടെ മതപ്രവര്‍ത്തനമാണ് ഇതില്‍ നിര്‍ണായകമായത്. കോണലി മമ്പുറം തങ്ങളെ മെക്കയിലേക്ക് നാടുകടത്തിയതിനെ തുടര്‍ന്നുള്ള 30 കൊല്ലം കാര്യമായ കലാപങ്ങള്‍ ഇവിടെ ഇല്ലായിരുന്നു എന്നത് ഡേല്‍ ചൂണ്ടിക്കാണിക്കുന്നു. തസ്കരസംഘങ്ങള്‍ പൂര്‍വാധികം ശക്തിയാര്‍ജിച്ച ഒരു കാലമായിരുന്നു ഇതെന്ന കാര്യം അദ്ദേഹം പക്ഷേ കണക്കിലെടുക്കുന്നില്ല.8
സാമ്പത്തിക ഹേതുക്കളിലൂന്നി നടത്തിയ വിശദീകരണങ്ങളില്‍ ആദ്യത്തേതായിരുന്നു സൌമേന്ദ്രനാഥ് ടാഗോറിന്റേത.9 ഇത് 1937 ല്‍ പ്രസിദ്ധീകൃതമായി. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം പരമേശ്വരന്‍ എന്ന തൂലികാ നാമത്തില്‍ എഴുതിയ പഠനത്തില്‍, കേരളത്തിലുണ്ടായിരുന്ന ജാതി-ജന്മി-നാടുവാഴിത്ത സമ്പ്രദായത്തെ (ഫ്യൂഡല്‍ എന്ന് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചില്ല എന്നത് ശ്രദ്ധേയമാണ്) ഇ എം എസ് വിശകലനം ചെയ്യുന്നു.10 ഈ സമ്പ്രദായത്തിനെതിരായും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായുമുള്ള മുന്നേറ്റമായാണ് അദ്ദേഹം കലാപത്തെ വിലയിരുത്തിയത്. മാപ്പിളമാരുടെ ഇടയിലെ വര്‍ഗവേര്‍തിരിവുകളെക്കുറിച്ച് ആദ്യമായി വിശകലനം ചെയ്തതും അദ്ദേഹമാണ്.
ബ്രിട്ടീഷ് കമ്യൂണിസ്റ്റായ കോണ്‍റാഡ് വുഡ്ഡിന്റെ11 പഠനം സാമ്പത്തിക കേന്ദ്രീകൃതമാണ്. ആശയങ്ങളെ (themes) ആസ്പദമാക്കിയാണ് അദ്ദേഹം പഠനം നടത്തിയത്, കാലഗണന (chronology) അനുസരിച്ചില്ല. താഴെക്കിടയിലുള്ളവരുടെ ചെറിയ സംഭാവനകള്‍മാത്രം വരുമാനമായുണ്ടായിരുന്ന മതപുരോഹിതര്‍ കലാപത്തിന് അനുകൂലമായ നിലപാടെടുത്തതും, സമ്പന്നനും ബ്രിട്ടീഷ് സര്‍ക്കാരിന്റെ നികുതിയിളവും മറ്റ് ആനുകൂല്യങ്ങളും അനുഭവിച്ച കൊണ്ടോട്ടി തങ്ങള്‍ കലാപവിരുദ്ധ, ബ്രിട്ടീഷ് അനുകൂല നിലപാടെടുത്തതും അദ്ദേഹം എടുത്തുപറയുന്നു. മാപ്പിളമാരെ സംഘടിതരും സമര സന്നദ്ധരുമാക്കുന്നതിനുള്ള ഒരു ഉപകരണം മാത്രമായേ ഇസ്ളാമിനെ അദ്ദേഹം കാണുന്നുള്ളു.
ചരിത്രകാരനല്ലെങ്കിലും ഡോ. എം പി എസ് മേനോന്‍12 മലബാര്‍ കലാപത്തെപ്പറ്റി എഴുതിയ ആളാണ്. മറ്റ് ഗ്രന്ഥങ്ങളില്‍നിന്ന് വ്യത്യസ്തമായി വ്യക്തികേന്ദ്രീകൃതമാണ് ഈ പുസ്തകം. വ്യക്തികളുടെയോ സമൂഹത്തിന്റെയോ അന്തസ്സിനെ ചവിട്ടിമെതിച്ചാല്‍ അവര്‍ സമരത്തിന് മുതിര്‍ന്നേക്കുമെന്നും, 'ജന്മിമാരുടെ മുഷ്ക്ക്, മതത്തോടുള്ള അതിയായ കടപ്പാട്, സാമ്പത്തികചൂഷണം, ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്മാരുടെ പക്ഷപാതിത്വം' എന്നിവ ഇവയോട് കൂടിച്ചേര്‍ന്ന് ഒരു പൊട്ടിത്തെറിക്ക് മാപ്പിളമാരെ സന്നദ്ധരാക്കിയെന്നും മേനോന്‍ അഭിപ്രായപ്പെടുന്നു. മാധവന്‍നായരെ മോശമായി ചിത്രീകരിക്കുവാനുള്ള വ്യഗ്രതയും മറ്റ് പക്ഷപാതിത്വങ്ങളും പ്രകടമാണ് ഈ പുസ്തകത്തില്‍.
കലാപത്തെപ്പറ്റിയുള്ള ഏറ്റവും സമഗ്രമായ പഠനമാണ് കെ എന്‍ പണിക്കരുടേത്.13 കലാപമുണ്ടായ സാഹചര്യവും (കര്‍ഷകരും, ഭൂവുടമകളും, ഭരണകൂടവും എന്ന ഒന്നാം അധ്യായം), ഒരു പാരമ്പര്യം എങ്ങനെ രൂപപ്പെടുന്നു (രണ്ടാം അധ്യായം) എന്നും വിവിധ പരിഹാര ശ്രമങ്ങള്‍ എങ്ങനെ പ്രാവര്‍ത്തികമാവാതെപോയി (മൂന്നാം അധ്യായം) എന്നും അദ്ദേഹം വിശദീകരിക്കുന്നു. ഇറ്റാലിയന്‍ ചിന്തകനായ അന്റോണിയൊ ഗ്രാംഷിയുടെ ബുദ്ധിജീവികളെപ്പറ്റിയുള്ള ആശയങ്ങള്‍ പണിക്കര്‍ ഇവിടെ ഉപയോഗിക്കുന്നത് ശ്രദ്ധേയമാണ്. ഇസ്ളാംമത പ്രവര്‍ത്തകരെയും ചിന്തകരെയും പരമ്പരാഗത ബുദ്ധിജീവി (traditional intellectuals) കളായി പണിക്കര്‍ വിശേഷിപ്പിക്കുന്നു. ഇവര്‍ പുഷ്ടിപ്പെടുത്തിയെടുത്ത ജനകീയ സാംസ്കാരിക ( popular culture) സാഹചര്യം മാപ്പിള കലാപങ്ങള്‍ക്ക് മതപരമായ ന്യായീകരണം നല്‍കി എന്നും അദ്ദേഹം കണ്ടെത്തുന്നു. കലാപകാരികളായ നാട്ടിന്‍പുറത്തെ ദരിദ്രര്‍ ഒരു സാമ്പത്തികവര്‍ഗമായി ( economic class) സ്വയം മാറിക്കഴിഞ്ഞിരുന്നില്ല എന്നും അവരുടെ ശത്രുക്കളാര് എന്നതിലധിഷ്ഠിതമായ, വര്‍ഗവീക്ഷണം ഉള്‍ക്കൊണ്ട ഒരു നിഷേധാത്മക വര്‍ഗബോധമായിരുന്നു അവരുടേത് എന്നും അദ്ദേഹം ഉപസംഹരിക്കുന്നു. ഭൂവുടമകള്‍ക്കും കോളനി ഭരണത്തിനും വിരുദ്ധമായ ഒരവബോധത്തിന്റെ ശക്തമായ പ്രകടനമായി 1921ലെ അന്തിമപോരാട്ടത്തെ അദ്ദേഹം വിലയിരുത്തുകയും ചെയ്യുന്നു.
ആധുനിക ഇന്ത്യാ ചരിത്രത്തില്‍ ഏറ്റവുമധികം എഴുതപ്പെട്ട ഒന്നാണ് വിഭജനം. വിഭജനത്തെപ്പറ്റിയുള്ള പഠനങ്ങളില്‍ ഇപ്പോഴത്തെ ഒരു രീതി വിഭജനത്തില്‍പ്പെട്ടുപോയവരുടെ അനുഭവങ്ങള്‍ , പ്രത്യേകിച്ച് സ്ത്രീകാഴ്ചപ്പാടില്‍ ഊന്നിയുള്ളവ, വെളിച്ചത്തുകൊണ്ടുവരിക എന്നതാണ്. കൂടാതെ കിംവദന്തികളെപ്പറ്റിയും പല പഠനങ്ങളും വരുന്നു. 1921 നെ സംബന്ധിച്ചിടത്തോളം ഇതൊരു പോരായ്മയാണ്. കിംവദന്തികളെപ്പറ്റി ഈ ലേഖനകര്‍ത്താവിന്റെ ഒരു പഠനമുണ്ട്.14 ഷംഷാദ് ഹുസൈന്‍, അഭിമുഖങ്ങളിലൂടെ 1921 നെ സംബന്ധിക്കുന്ന ഓര്‍മ പിടിച്ചെടുക്കുവാന്‍ ഒരു പ്രബന്ധത്തിലൂടെ ശ്രമിച്ചിട്ടുണ്ട്. മലബാര്‍ കലാപത്തിന്റെ വാമൊഴി പാരമ്പര്യം വീണ്ടെടുക്കേണ്ടതുണ്ട്. കലാപത്തിന്റെ ദൃക്സാക്ഷികളില്‍നിന്നു മാത്രമേ വിവരങ്ങള്‍ ശേഖരിക്കാവൂ എന്നില്ല. ഉദാഹരണത്തിന് 1922ല്‍ ചൌെരിചൌെരയില്‍ നടന്ന അക്രമത്തെപ്പറ്റി പഠനം നടത്തിയ ഷഹീദ് അമീന്‍ '1922-1992' എന്നാണ് പഠനത്തിനെ കാലഗണന നടത്തിയിട്ടുള്ളത്. അക്രമത്തില്‍ കൊല്ലപ്പെട്ട പൊലീസുകാരുടെ പേരക്കുട്ടികളുമായിപ്പോലും ഷഹീദ് അമീന്‍ സംഭാഷണം നടത്തുന്നുണ്ട്. എങ്ങനെ ചൌെരിചൌെര ഒരു ഓര്‍മയും ഒരു പ്രതീകവുമായി എന്നാണ് അമീന്‍ അന്വേഷിച്ചത്. 'സംഭവങ്ങളുടെ' യഥാതഥ വിവരണമല്ലല്ലൊ ചരിത്രം. 1921 ലെ കലാപത്തെതുടര്‍ന്ന് ആന്തമാനിലേക്ക് നാടുകടത്തപ്പെട്ടവരുടെ ഓര്‍മകളെന്താണ്? കലാപത്തില്‍ കിംവദന്തികള്‍ വഹിച്ച പങ്കെന്ത്? കലാപത്തില്‍ പരോക്ഷമായിപോലും പങ്കെടുക്കാത്ത സ്ത്രീകളുടെ അനുഭവങ്ങള്‍ എന്തൊക്കെയാണ്? ഈ വക ചോദ്യങ്ങള്‍ ഉത്തരങ്ങള്‍ തേടുന്നു.
അടിക്കുറിപ്പുകള്‍
1. ആര്‍ എച്ച് ഹിച്ച്കോക്ക്, എ ഹിസ്റ്ററി ഓഫ് ദ മലബാര്‍ റബല്ല്യന്‍, 1921 (1925) പുനഃപ്രസിദ്ധീകരണം 1983. കൂടാതെ ജി ആര്‍ എഫ് ടോട്ടന്‍ ഹാം (എഡി) ദ മാപ്പിള റബല്ല്യന്‍ 1921-22, മദിരാശി, 1922.
2. കെ മാധവന്‍നായര്‍, മലബാര്‍ കലാപം, കോഴിക്കോട്, 1971.
3. മോഴിക്കുന്നത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്, ഖിലാഫത്ത് സ്മരണകള്‍, കോഴിക്കോട്, 1965.
4. സി ഗോപാലന്‍നായര്‍, ദ മലബാര്‍ റബല്ല്യന്‍, 1921, കോഴിക്കോട്, 1923.
5. മാതൃഭൂമി, 27-4-1938.
6. 30 കൊല്ല കാലാവധിയാണ് രേഖകള്‍ കാണുന്നതിന് പരിധിയായി സാധാരണ വയ്ക്കുക. കലാപത്തിന്റെ കാര്യത്തില്‍ ഇത് 50 കൊല്ലമാക്കി ദീര്‍ഘപ്പിച്ചിരുന്നു.
7. സ്റ്റീഫന്‍ എഫ് ഡേല്‍, ദ മാപ്പിളാസ് ഓഫ് മലബാര്‍, 1498-1922, ഓക്സ്ഫോര്‍ഡ്, 1980.
8. ഇവിടെ ഹോബ്സ്ബാമിന്റെ സാമൂഹിക തസ്കരന്മാര്‍ (ീരശമഹ യമിറശ) എന്ന ആശയം ഉപയോഗിക്കാവുന്നതാണ്. പീനല്‍കോഡ് അനുസരിച്ചല്ലല്ലൊ സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ തസ്കരന്മാരെ നിശ്ചയിക്കേണ്ടതും അവരുടെ പ്രവര്‍ത്തനങ്ങളെ പഠന വിധേയമാക്കേണ്ടതും.
9. സൌമേന്ദ്രനാഥ് ടാഗോര്‍, പെസന്റ് റിവോള്‍ട്ട് ഇന്‍ മലബാര്‍, ബോംബെ, 1937.
10. എ ഷോര്‍ട്ട് ഹിസ്റ്ററി ഓഫ് പെസന്റ് മൂവ്മെന്റ് ഇന്‍ കേരള, ബോംബെ, 1943. കൂടാതെ കേരള എസ്റ്റര്‍ഡേ, ടുഡേ ആന്‍ഡ് ടു മാറോ. ഭൂ വ്യവസ്ഥയെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ ആദ്യകാല കാഴ്ചപ്പാടുകള്‍ 1940 ലെ കുടിയായ്മ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുള്ള വിയോജനക്കുറിപ്പില്‍ കാണാം.
11. കോണ്‍റാഡ് വുഡ്ഡ്, ദ മാപ്പിള റബല്ല്യന്‍ ആന്‍ഡ് ഇറ്റ്സ് ജനിസിസ്, ന്യൂഡല്‍ഹി, 1987.
12. പ്രൊഫ. എം വി എസ് മേനോന്‍, മലബാര്‍ സമരം എം പി നാരായണമേനോനും സഹപ്രവര്‍ത്തകരും കോഴിക്കോട്, 1992.
13. കെ എന്‍ പണിക്കര്‍, എഗെന്‍സ്റ്റ് ലോര്‍ഡ് ആന്‍ഡ് സ്റ്റേറ്റ് ന്യൂഡല്‍ഹി, 1989.
14. കെ ഗോപാലന്‍കുട്ടി, മലബാര്‍ പഠനങ്ങള്‍, തിരുവനന്തപുരം, 2007.
*
കെ ഗോപാലന്‍കുട്ടി കടപ്പാട്: ദേശാഭിമാനി വാരിക 29-11-2010
Subscribe to:
Post Comments (Atom)
2 comments:
ആധുനിക കേരളചരിത്രത്തില്‍ ഒരുവേള ഏറ്റവുമധികം എഴുതപ്പെട്ട ഒരു സംഭവമായിരിക്കും മലബാര്‍ കലാപം. ചരിത്രം പൂര്‍ണമായും വസ്തുനിഷ്ഠമല്ല എന്നതും പ്രത്യയശാസ്ത്രപരമാണെന്നതും ഇതിനൊരു പ്രധാന കാരണമാണ്. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക-സാമ്പത്തിക മണ്ഡലങ്ങളില്‍ മലബാര്‍ കലാപംപോലെ പ്രത്യാഘാതം ഏല്പിച്ച മറ്റൊരു സംഭവമില്ല എന്നതാണ് മറ്റൊരു കാരണം. സൈനികോദ്യോഗസ്ഥര്‍, രാഷ്ട്രമീമാംസകര്‍, പൊതുപ്രവര്‍ത്തകര്‍, ചരിത്രകാരന്മാര്‍, പത്രപ്രവര്‍ത്തകര്‍- കലാപത്തെപ്പറ്റി എഴുതിയവര്‍ അനവധിയുണ്ട്. ദൃക്സാക്ഷി വിവരണങ്ങളും ജീവസ്മരണകളും ധാരാളം. അക്കാദമിക പഠനങ്ങളെ കൂടാതെയാണിവ. ഇവയുടെ വിമര്‍ശനാത്മകമായ വിലയിരുത്തലിന് ഇവിടെ ശ്രമിച്ചിട്ടില്ല. ഏതാനും ചില കൃതികളെ ആസ്പദമാക്കിയുള്ള ഒരു പ്രാരംഭപഠനം മാത്രമാണിത്.
ഈ ലേഖനത്തെ പ്രാരംഭ പഠനം എന്ന് പോലും വിളിക്കാന്‍ പറ്റില്ല. അങ്ങേയറ്റം പോയാല്‍ ഒരു സൂചിക. അത്ര മാത്രം.
Post a Comment