Sunday, November 21, 2010

കടലിന്റെ കൈയൊപ്പ്

എഴുത്തുപള്ളിക്കൂടത്തിനപ്പുറം അറിവിന്റെ ലോകം കണ്ടിട്ടില്ലാത്ത കടലോരഗ്രാമത്തിലെ പാവം മനുഷ്യര്‍. അനുഭവങ്ങളുടെ വന്‍കരകള്‍താണ്ടി തിരിച്ചെത്തിയവരുടെ വിസ്മയിപ്പിക്കുന്ന കഥകളാണ് കോട്ടിക്കുളത്തിനു പറയാനുള്ളത്. കാസര്‍കോട് ജില്ലയിലെ സാധാരണ ഗ്രാമമാണത്. പറയത്തക്ക ഈടുവയ്പുകളൊന്നുമില്ലാത്ത നാട്ടിന്‍പുറം. അറബിക്കടലും പച്ചപ്പുനിറഞ്ഞ തീരപ്രദേശവും ചേര്‍ന്ന് വര്‍ണാഞ്ചിത ചിത്രം വരച്ച ഗ്രാമം ചരിത്രത്തില്‍ ഇടംനേടുന്നത് സാഹസികത കൈമുതലാക്കിയ സമുദ്രസഞ്ചാരികളിലൂടെ.

ചരിത്രപ്രധാനമായ ബേക്കല്‍കോട്ടമുതല്‍ ചന്ദ്രഗിരിപ്പുഴവരെയുള്ള ആറുകിലോമീറ്റര്‍ ചുറ്റളവിലുള്ള ഗ്രാമത്തില്‍നിന്ന് അഞ്ഞൂറിലധികംപേര്‍ ഇതെഴുതുമ്പോഴും മഹാസമുദ്രങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കയാണ്. ലോകമെങ്ങുമുള്ള ചരക്കുകപ്പലുകളില്‍ നാനാതരം ജോലികളിലേര്‍പ്പെട്ട് കോട്ടിക്കുളത്തിന്റെ സ്നേഹവും സത്യസന്ധതയും വന്‍കരകളില്‍ അടയാളപ്പെടുത്തുകയാണ് അവര്‍.

ഒരു കൂട്ടായ്മയില്‍ പങ്കാളികളാവാന്‍ അവസരം ലഭിക്കാത്ത കോട്ടിക്കുളത്തെ കപ്പല്‍ജോലിക്കാരില്‍നിന്ന് ആദ്യം കണ്ടുമുട്ടിയത് ജീവിതസായന്തനത്തിലെത്തിനില്‍ക്കുന്ന നാരായണേട്ടനെ. ഉദുമ പടിഞ്ഞാറിലെ കെ പി കുഞ്ഞിരാമന്‍ നാലുദശാബ്ദത്തിലേറെ നീണ്ട സമുദ്രയാത്ര അവസാനിപ്പിച്ച് വിശ്രമജീവിതത്തിലും. കടല്‍സഞ്ചാരത്തിന്റെ നാള്‍വഴികള്‍ മിഴിവോടെ ഓര്‍ത്തെടുക്കാനാകുന്നുണ്ട് അദ്ദേഹത്തിന്.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുംമുമ്പുതന്നെ കോട്ടിക്കുളത്തിന്റെ സമുദ്രസഞ്ചാരപാരമ്പര്യം തുടങ്ങി. രണ്ടാം ലോകയുദ്ധാനന്തരമുണ്ടായ വറുതിയില്‍നിന്നു രക്ഷപ്പെടാന്‍ ഒരുപാട് ചെറുപ്പക്കാര്‍ തൊഴില്‍തേടി ബോംബെയിലേക്കു കടന്നിരുന്നു. കൌമാരം വിടപറയുംമുമ്പേ മഹാനഗരത്തില്‍ ചെന്നുപെട്ട് ഹോട്ടല്‍തൊഴിലാളിയായ കുഞ്ഞിരാമന് ബോംബെയിലെ സീമെന്‍സ് ക്ളബ് മുഖാന്തരമാണ് ചരക്കുകപ്പലില്‍ ജോലി ലഭിച്ചത്. 'ചെന്നൈ ജയം' എന്ന കപ്പലില്‍ കുക്ക്. കര്‍ശന വൈദ്യപരിശോധനകള്‍ക്കുശേഷമാണ് തെരഞ്ഞെടുത്തത്. ആംസ്റ്റര്‍ഡാമില്‍നിന്നാണ് ജോലിക്കുകയറിയത്. അവിടെവരെ ഷിപ്പിങ് കമ്പനിവക വിമാനത്തിലായിരുന്നു യാത്ര.

പിന്നീടുള്ള 46 വര്‍ഷം വന്‍കരകളിലൂടെയുള്ള നീണ്ട യാത്രകള്‍. അതിനിടെ കാണാത്ത നഗരങ്ങളില്ല. ന്യൂയോര്‍ക്ക്, അറ്റ്ലാന്റ, ന്യൂഓര്‍ലിയന്‍സ്, കെയ്റോ, ജൊഹന്നസ്ബര്‍ഗ്, സിംഗപ്പുര്‍, ഹോങ്കോങ്, കോലാലംപൂര്‍, അംഗാറ, സെന്റ് പീറ്റേഴ്സ് ബര്‍ഗ്.

മൂന്നാംക്ളാസിനപ്പുറം പഠിക്കാത്ത കുഞ്ഞിരാമന്‍ ഇടപഴകിയത് വിവിധ രാജ്യങ്ങളിലെ എണ്ണമറ്റ മനുഷ്യരും അവരുടെ വികാരവിചാരങ്ങളുമായി. അരദശാബ്ദത്തോളം നീണ്ട കപ്പല്‍യാത്ര സമ്മാനിച്ച അനുഭവങ്ങളുടെ കടലിരമ്പം ഇപ്പോഴും മുഴങ്ങുന്നുണ്ട് ആ മനസ്സില്‍. അതെങ്ങനെ വാങ്മയചിത്രങ്ങളാക്കി അവതരിപ്പിക്കുമെന്നോര്‍ത്ത് ഒരുനിമിഷം കുഴങ്ങുന്നു അദ്ദേഹം.

അന്നൊക്കെ കപ്പല്‍ജോലി തീര്‍ത്തും സാഹസികവും ദുരിതപൂര്‍ണവുമായിരുന്നു. ഒരു തുറമുഖം പിന്നിട്ടാല്‍ മാസങ്ങളെടുക്കും അടുത്തതില്‍ അടുക്കാന്‍. ഇന്നത്തെപ്പോലെ വേഗമുള്ള കപ്പലുകളായിരുന്നില്ല അന്ന്. അകത്തെ സൌകര്യങ്ങളും പരിമിതം. നാട്ടില്‍നിന്ന് കത്തു ലഭിക്കാന്‍ ആറുമാസമെങ്കിലുമെടുക്കും. കര കാണാനും ഉറ്റവരുമായി ഇടപഴകാനും ത്രസിക്കുന്ന മനസ്സുമായി ഓളപ്പരപ്പിലൂടെയുള്ള യാത്രയുടെ വിരസത പറഞ്ഞറിയിക്കാനാകില്ല. അസുഖം പിടിപെട്ടാല്‍ കപ്പലിലെ ഫസ്റ്റ് ഓഫീസര്‍ മരുന്നു നല്‍കും. തുറമുഖം വിടുമ്പോള്‍ ആറുമാസത്തേക്കുള്ള ഭക്ഷണവും മരുന്നും കരുതിവയ്ക്കുക പതിവാണ്. ജീവനക്കാരില്‍ ആരെങ്കിലും മരിച്ചാല്‍ മൃതശരീരം കടലില്‍ ഉപേക്ഷിക്കും. എത്രയോപേരുടെ മരണത്തിനും അനാഥത്വം കാവല്‍നിന്ന അന്ത്യകര്‍മങ്ങള്‍ക്കും സാക്ഷിയായിട്ടുണ്ട് നാരായണേട്ടന്‍. അതൊക്കെ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും മനസ്സ് വിറങ്ങലിക്കുന്നു. മനുഷ്യന്റെ നാനാവിധങ്ങളായ വികാരവിചാരങ്ങളും സ്വപ്നങ്ങളും സംഭ്രമങ്ങളും സങ്കടങ്ങളും ഇതള്‍വിരിയുകയും ഘനീഭവിക്കുകയുംചെയ്യുന്ന ജീവിതനൌകതന്നെയാണ് കടലിലൊഴുകിനടക്കുന്ന ഓരോ കപ്പലുമെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. പിറന്നനാട്ടിലേക്ക്, ഉറ്റവരുടെ അടുത്തേക്ക് പറന്നെത്താനുള്ള വെമ്പല്‍ ഓരോ സമുദ്രസഞ്ചാരിയും അനുഭവിക്കുന്നു. പ്രതീക്ഷാനിര്‍ഭരമായ ദിനരാത്രങ്ങളിലൂടെ ഒഴുകിനടക്കുന്ന മനുഷ്യമനസ്സാണ് ഓരോ സമുദ്രയാനവുമെന്ന് അല്‍പ്പം തത്ത്വചിന്ത കലര്‍ത്തി കുഞ്ഞിരാമേട്ടന്‍ പറഞ്ഞു. വികാരവിക്ഷോഭങ്ങള്‍ തിരയടിക്കുന്ന മധുരപ്പതിനേഴുകാരിയുടെ ചപലമനസ്സാണ് കടലിനെന്ന് അദ്ദേഹം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. കാല്‍പ്പനിക സ്വപ്നത്തിന്റെ സുഖാലസ്യത്തില്‍ നിര്‍മലമാകുന്ന കടല്‍ ഓര്‍ക്കാപ്പുറത്ത് പ്രതികാരദാഹിയെപ്പോലെ ആര്‍ത്തിരമ്പും. അനന്തനീലിമയിലൂടെ ഒഴുകിപ്പോകുമ്പോള്‍ സമുദ്രത്തിന്റെ അജ്ഞാതകോണില്‍ മുങ്ങിമറയുന്ന അസ്തമയസൂര്യന്‍ നിര്‍വചിക്കാനാവാത്ത ദുഃഖങ്ങളിലേക്ക് ഓരോ സഞ്ചാരിയെയും വലിച്ചുകൊണ്ടുപോകും. ഇരുള്‍പ്പടര്‍പ്പില്‍ നിലാവുദിച്ചുയരുന്നതും പ്രഭാതം പൊട്ടിവിരിയുന്നതും ചേതോഹര കാഴ്ചകള്‍.

നിരവധി കപ്പല്‍കമ്പനികളില്‍ മാറിമാറി ജോലിചെയ്ത കുഞ്ഞിരാമന്‍ വിരമിച്ചിട്ട് പത്തുവര്‍ഷമായി. അതിനിടെ കോട്ടിക്കുളത്തെ പുതിയ തലമുറ ഗോവയിലും പുണെയിലും ബോംബെയിലും ചെന്ന് കപ്പല്‍ജോലിയുടെ നാനാവശങ്ങള്‍ സ്വായത്തമാക്കി. അക്കൂട്ടത്തില്‍ ഉയര്‍ന്നപദവികള്‍ നേടിയവരും. അലക്കുകാരായും പാചകക്കാരായും പണിയെടുത്ത പൂര്‍വികരുടെ സ്ഥാനത്ത് കോട്ടിക്കുളത്തെ പുതിയ തലമുറ ക്യാപ്റ്റന്‍, ചീഫ് എന്‍ജിനിയര്‍, ചീഫ് ഓഫീസര്‍ തുടങ്ങിയ ഉന്നതസ്ഥാനങ്ങള്‍ അലങ്കരിക്കുന്നു. ലക്ഷത്തിനുമീതെയാണ് പലരുടെയും പ്രതിമാസ വരുമാനം. മറ്റു സൌകര്യങ്ങള്‍ വേറെ.

പാലക്കുന്നിലെ ദിനേശന്‍മാഷുടെ ഷെയര്‍മാര്‍ക്കറ്റ് ഓഫീസില്‍ ഓഹരിവിപണിയിലെ പുതിയ കുതിപ്പുകള്‍ അന്വേഷിച്ചെത്തിയ കപ്പല്‍ജോലിക്കാരായ രണ്ടു ചെറുപ്പക്കാരെയും കാണാനായി. സജിത്തും പ്രസീതും. ലണ്ടന്‍ ആസ്ഥാനമായ ബ്രിട്ടീഷ് പെട്രോളിയം കമ്പനിയുടെ കപ്പലില്‍ സെക്കന്‍ഡ് ഓഫീസറാണ് സജിത്ത്. നാലുമാസംമുമ്പ് സൂയസ്കനാല്‍ കടന്ന് ഇവരുടെ കപ്പല്‍ ചെങ്കടലിലൂടെ സഞ്ചരിക്കുമ്പോള്‍ ആഫ്രിക്കന്‍ മുനമ്പില്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാരെ നേരിട്ടുകണ്ട അനുഭവം അയാള്‍ വിവരിച്ചു. ബ്രിട്ടീഷ് നേവിയുടെ കോണ്‍വോയ് കപ്പലുകള്‍ വന്നതുകൊണ്ടാണ് ആപത്തില്‍നിന്നു രക്ഷപ്പെട്ടതെന്നും കൂട്ടിച്ചേര്‍ത്തു. ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ 'അല്‍സമൃദ്ധ്' ചരക്കുകപ്പലില്‍ ടെക്നീഷ്യനാണ് പ്രസീത്.

മടങ്ങുംമുമ്പ് കോട്ടിക്കുളം മര്‍ച്ചന്റ്നേവി ക്ളബ്ബിലും കയറി. 1992ല്‍ സ്ഥാപിച്ച അത് സീമാന്‍മാരുടെ കേരളത്തിലെ ആദ്യകൂട്ടായ്മയാണ്. ഗ്രാമത്തിന്റെ സമുദ്രസഞ്ചാരപാരമ്പര്യം നിലനിര്‍ത്തുന്നതിലും പരിപോഷിപ്പിക്കുന്നതിലും സ്തുത്യര്‍ഹമായ സേവനമാണ് ക്ളബ് നടത്തുന്നത്. എസ്എസ്എല്‍സി കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് ഗോവ, ബോംബെ, പുണെ തുടങ്ങിയ മറൈന്‍ അക്കാദമികളില്‍ പരിശീലനത്തിന് മാര്‍ഗനിര്‍ദേശം നല്‍കാനും വിവിധ ഷിപ്പിങ് കമ്പനികളില്‍ ജോലി നേടിക്കൊടുക്കാനും അത് മുന്‍കൈയെടുക്കുന്നു. ക്ളബ് മുഖേന 185 പേര്‍ക്ക് കോട്ടിക്കുളത്തുനിന്നുമാത്രം നിയമനം ലഭിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് കെ എ നാരായണന്‍ പറഞ്ഞു. സീമാന്‍മാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്താനും വിരമിച്ചവര്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കാനും ക്ളബ്ബിനു കഴിഞ്ഞിട്ടുണ്ട്. ഹോങ്കോങ് ആസ്ഥാനമായ ഗ്രേറ്റ് ഈസ്റ്റേണ്‍ കമ്പനി ഉദ്യോഗാര്‍ഥികളെ ആവശ്യപ്പെട്ടുള്ള സന്ദേശം പോസ്റ്റ്മാന്‍ കൈമാറുന്നതിനു സാക്ഷിയായപ്പോള്‍ മര്‍ച്ചന്റ് നേവി ക്ളബ് വഹിക്കുന്ന പങ്ക് ശരിക്കും ബോധ്യപ്പെട്ടു. യൂണിയന്‍ ഷിപ്പിങ് കമ്പനിയില്‍നിന്നു വിരമിച്ച കെ എ നാരായണന്‍ ഇറാഖ് യുദ്ധത്തില്‍ അമേരിക്ക ബോംബ് വര്‍ഷിക്കുന്നത് നടുക്കത്തോടെ കണ്ടിട്ടുണ്ട്. ഗള്‍ഫ് കടലിടുക്കില്‍ നങ്കൂരമിട്ടതായിരുന്നു അദ്ദേഹമുണ്ടായ ചരക്കുകപ്പല്‍.

മര്‍ച്ചന്റ് നേവി ക്ളബ്ബില്‍ കോട്ടിക്കുളത്തെ ആദ്യകാല സീമാന്‍മാരുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് കപ്പല്‍ജോലിക്കുപോയ ബാരയിലെ എം അച്യുതന്‍, മലാംകുന്നിലെ ഇബ്രാഹിം, തിരുവിക്കോളിയിലെ അപ്പു, പട്ടത്താനത്തെ അബ്ദുറഹ്മാന്‍, ചെമ്പിരിക്കയിലെ അപ്പക്കുഞ്ഞി, പൊടിപ്പള്ളത്തെ യു ദാമോദരന്‍, കൊട്ടോടിയിലെ കൃഷ്ണന്‍നായര്‍, പാലക്കുന്നിലെ സി കെ കുട്ടി, പള്ളത്തെ പി വി കൃഷ്ണന്‍, പി നാരായണന്‍, കടല്‍ക്കൊള്ളക്കാരുടെ കത്തിക്കുത്തേറ്റ് ചൂണ്ടുവിരല്‍ നഷ്ടപ്പെട്ട അപ്പു പക്കീരന്‍ എന്നിവരെക്കുറിച്ച്.

കോട്ടിക്കുളം എന്ന ചെറിയ ഗ്രാമത്തിന്റെ ഖ്യാതി ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്തെത്തിച്ചവരുടെ കൂടിച്ചേരല്‍ വര്‍ഷങ്ങളായുള്ള ഗ്രാമീണരുടെ സ്വപ്നമാണ്. ഓണത്തിനും വിഷുവിനും കുടുംബത്തോടൊപ്പം ചേരാന്‍ കഴിയാതിരുന്ന ഇവരെല്ലാം മാര്‍ച്ചില്‍ നടക്കുന്ന തൃക്കണ്ണാട്ട് ത്രയംബകേശ്വരി ക്ഷേത്രത്തിലെയും പാലക്കുന്ന് ഭഗവതിക്ഷേത്രത്തിലെയും ആറാട്ട്-ഭരണി ഉത്സവങ്ങളില്‍ പങ്കാളികളാവും എന്ന വിശ്വാസത്തിലാണ് ആ നാട്.

*
പവിത്രന്‍ നാറാത്ത് കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

എഴുത്തുപള്ളിക്കൂടത്തിനപ്പുറം അറിവിന്റെ ലോകം കണ്ടിട്ടില്ലാത്ത കടലോരഗ്രാമത്തിലെ പാവം മനുഷ്യര്‍. അനുഭവങ്ങളുടെ വന്‍കരകള്‍താണ്ടി തിരിച്ചെത്തിയവരുടെ വിസ്മയിപ്പിക്കുന്ന കഥകളാണ് കോട്ടിക്കുളത്തിനു പറയാനുള്ളത്. കാസര്‍കോട് ജില്ലയിലെ സാധാരണ ഗ്രാമമാണത്. പറയത്തക്ക ഈടുവയ്പുകളൊന്നുമില്ലാത്ത നാട്ടിന്‍പുറം. അറബിക്കടലും പച്ചപ്പുനിറഞ്ഞ തീരപ്രദേശവും ചേര്‍ന്ന് വര്‍ണാഞ്ചിത ചിത്രം വരച്ച ഗ്രാമം ചരിത്രത്തില്‍ ഇടംനേടുന്നത് സാഹസികത കൈമുതലാക്കിയ സമുദ്രസഞ്ചാരികളിലൂടെ.