Wednesday, November 10, 2010

എന്‍ഡോസള്‍ഫാന്‍: ഇരകളും വില്ലന്‍മാരും

'എന്‍ഡോസള്‍ഫാന്‍' എന്ന ദുരന്തത്തിലെ ഭാഗ്യഹീനരായ ഇരകളെ എല്ലാവര്‍ക്കുമറിയാം. കാസര്‍കോടു ജില്ലയിലെ എന്‍മകജെ, മൂളിയാര്‍, പാദ്രേ തുടങ്ങിയ പതിനൊന്നു ഗ്രാമങ്ങളിലെ കര്‍ഷകരും തൊഴിലാളികളുമായ ആയിരത്തിലധികം ദരിദ്ര കുടുംബങ്ങള്‍, അവരുടെ ദുരിതം ഏറെനാള്‍ പുറംലോകം അറിഞ്ഞില്ല. അറിയാന്‍ വഴികളേറെ ഉണ്ടായിരുന്നിട്ടും നാം അവരുടെ നിലവിളികള്‍ക്കു ചെവികൊടുത്തില്ല. അറിഞ്ഞതോടുകൂടി വില്ലന്‍മാരെ തേടിയുള്ള അന്വേഷണമായി. കേരള പ്ലാന്റേഷന്‍ കോര്‍പറേഷനാണ് സ്വാഭാവികമായും പ്രതിപ്പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. എന്നിരുന്നാലും അതൊരു പൊതുമേഖലാ സ്ഥാപനമാകയാല്‍ വില്ലത്തരത്തിനു രൗദ്രത പോരാ. ഒരു സ്വകാര്യകമ്പനി ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു പുകില്! എന്നാല്‍, ഈ മാരകവിഷം ഉണ്ടാക്കി വില്‍ക്കുന്നവരുടെ കാര്യമാണെങ്കിലോ? പ്രമുഖസ്ഥാനത്ത് മറ്റൊരു പൊതുമേഖലാസ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ്! എങ്കിലും അവരേക്കാള്‍ വലിയ നിര്‍മാതാക്കളായ ഹെക്‌സ്ട് എന്ന ബഹുരാഷ്ട്ര ഭീമന്‍ അണിയറയില്‍ പതുങ്ങിനില്‍പ്പുണ്ടുപോല്‍. ഹാവൂ! സമാധാനമായി. എല്ലാം തികഞ്ഞ ഒരു വില്ലനാണല്ലോ അവന്‍. ഇത്രയും മാരകമായ ഈ വിഷം നിരോധിക്കുന്നതില്‍ നിന്നു സര്‍ക്കാരിനെ വിലക്കുന്നത് ഈ ബഹുരാഷ്ട്ര കുത്തകയുടെ ദുഃസ്വാധീനം തന്നെ ആയിരിക്കണം. സംശയമില്ല.
പക്ഷേ അത്ര ലളിതമാണോ കാര്യങ്ങള്‍? പലപ്പോഴും നാം വില്ലന്‍മാരെ തേടുന്നത് നമ്മുടെ സ്വന്തം കുറ്റബോധം മറക്കാനും മറയ്ക്കാനും ആണോ? കേരളത്തിന്റെ ഒരു മൂലയ്ക്ക് ഇരുപത്തഞ്ചു വര്‍ഷത്തോളം സകലവിധ നിയമങ്ങളും നിയന്ത്രണങ്ങളും ലംഘിച്ച് ഈ മാരകവിഷം വിമാനത്തില്‍ നിന്നു വിതറിക്കൊണ്ടിരുന്നു എന്നതും അതിനു വിധേയരായവരില്‍ നാനാവിധ രോഗങ്ങളും അംഗവൈകല്യങ്ങളും പടര്‍ന്നിരുന്നു എന്നതും 'ഉത്ബുദ്ധ' കേരളത്തിനു നാണക്കേടല്ലേ? 1978 മുതലാണ് കാസര്‍കോട്ടെ കശുമാവിന്‍ തോട്ടങ്ങളില്‍ വിമാനമാര്‍ഗേണ എന്‍ഡോസള്‍ഫാന്‍ വിതറിത്തുടങ്ങിയത്. നാട്ടുകാര്‍ പാവങ്ങള്‍. വിവരമില്ലാത്തവര്‍. പക്ഷേ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ പോലുള്ള ഒരു സ്ഥാപനത്തില്‍ ഇതേപ്പറ്റി വിവരമുള്ളവര്‍ ഉണ്ടാകണമല്ലോ. ഏരിയല്‍ സ്‌പ്രേയിംഗിന് അനുവര്‍ത്തിക്കേണ്ട മുന്‍കരുതലുകളെപ്പറ്റി അറിയാത്തവരല്ലല്ലോ അവരും അവരുടെ
മേലധികാരികളും. അവരെല്ലാം ഇതിനു നേരേ കണ്ണടച്ചതിന്റെ അര്‍ഥം ഇതൊക്കെ ഇവിടെ പതിവാണെന്നല്ലേ?

1981 മുതല്‍ ശ്രീപദ്രേ എന്ന നാട്ടുകാരനായ പത്രപ്രവര്‍ത്തകന്‍ ആ ദേശത്തു പെരുകിവരുന്ന അസാധാരണ രോഗങ്ങളെപ്പറ്റി ഉത്കണ്ഠപ്പെടാന്‍ തുടങ്ങിയിരുന്നു. മറ്റുവിധ മലിനീകരണമോ പാരിസ്ഥിതിക കാരണങ്ങളോ ഇല്ലാത്ത ഈ ദേശത്തെ ഈ അസാധാരണ രോഗങ്ങള്‍ പ്രാദേശിക തെയ്യമായ ജടാധാരിയുടെ കോപം ആയി ഗ്രാമീണര്‍ വ്യാഖ്യാനിച്ചപ്പോള്‍ ശ്രീപദ്രേ ആണ് വിമാനത്തില്‍ നിന്നുള്ള മരുന്നു തളിയാകാം കാരണമെന്ന് ആദ്യമായി സംശയിച്ചത്. ദീര്‍ഘകാലമായി അവിടെ ആതുര സേവനം നടത്തുന്ന ഡോക്ടര്‍ വൈ എസ് മോഹന്‍ കുമാര്‍ ഇതേപ്പറ്റി ശാസ്ത്രീയമായ വിവരങ്ങള്‍ ശേഖരിച്ചു. 1996-97 ല്‍ അദ്ദേഹം 400 വീടുകളില്‍ നിന്നുള്ള രോഗികളെ പഠിച്ചു. ഏതാണ്ട് നാലു ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തു താമസിക്കുന്ന 126 വീടുകളിലെ 202 പേര്‍ക്ക് ഇത്തരം അസാധാരണ രോഗങ്ങളും വൈകല്യങ്ങളും അദ്ദേഹം കണ്ടെത്തി. അവരുടെ രോഗലക്ഷണങ്ങള്‍ അവിടെ തളിക്കുന്ന എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനിയുടെ അറിയപ്പെടുന്ന പാര്‍ശ്വഫലങ്ങളില്‍പെടുന്നവയാണ് എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. തന്റെ കണ്ടെത്തലുകള്‍ അദ്ദേഹം ഡോക്ടര്‍മാരുടെ സംഘടനയുമായി പങ്കുവച്ചു. പക്ഷേ അവരില്‍ നിന്നു പ്രതികരണമൊന്നും ഉണ്ടായില്ല.

തുടര്‍ന്ന് ശ്രീപദ്രേയുടെയും പ്രാദേശികപ്രവര്‍ത്തകരായ അരവിന്ദ യഡമലെ, നാഗരാജ് ബാലികെ തുടങ്ങിയവരുടെയും ശ്രമഫലമായാണ് പുറംലോകം ഈ പ്രശ്‌നത്തെപ്പറ്റി അറിയുന്നതും അതു ഗൗരവമായെടുക്കുന്നതും. ഈ സമയമത്രയും നമ്മുടെ 'സ്വന്തം' പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ദേശത്തെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് മരുന്നു തളിയുമായി ബന്ധമൊന്നും ഇല്ലെന്നു തെളിയിക്കാനുള്ള തത്രപ്പാടിലായിരുന്നു. അവര്‍ ദുരന്തബാധിതരുടെ പക്കല്‍ നിന്ന് തങ്ങളുടെ രോഗത്തിന് മരുന്നുതളി കാരണമേയല്ലെന്ന് എഴുതിവാങ്ങുക എന്ന അസംബന്ധനാടകത്തിനുപോലും മുതിര്‍ന്നു! ഇതിനകം ദുരന്തത്തെപ്പറ്റി കേട്ടറിഞ്ഞ ശാസ്ത്രസാഹിത്യപരിഷത്ത്, സീക്ക് (ടഋഋഗ), തണല്‍, ഇന്‍ടാക്ക് തുടങ്ങിയ സംഘടനകള്‍ ആ പ്രദേശത്ത് ആരോഗ്യ സര്‍വേകള്‍ നടത്തുകയും ദുരന്തത്തിന്റെ വ്യാപ്തി കേരളസമൂഹത്തിനു ബോധ്യപ്പെടുത്തി കൊടുക്കുകയും ചെയ്തു. എന്നിട്ടും മരുന്നു തളി അവസാനിപ്പിക്കാന്‍ കോര്‍പ്പറേഷന്‍ തയ്യാറായില്ല. അതിന് ഒരു കോടതിവിധി തന്നെ വേണ്ടിവന്നു. അതോ, കോര്‍പറേഷനിലെ ഒരു അഗ്രികള്‍ച്ചര്‍ ഓഫീസറായ ലീലാകുമാരിയമ്മയുടെ സ്വന്തം വീട്ടിലെ അംഗത്തിനെതന്നെ ഈ ദുരന്തം ബാധിച്ചപ്പോള്‍ അവര്‍ നടത്തിയ നിയമയുദ്ധത്തിന്റെ ഫലമായി!

ഇതിനിടെ ഡല്‍ഹി ആസ്ഥാനമായ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് നടത്തിയ പഠനങ്ങളും അവര്‍ പ്രസിദ്ധീകരിച്ച ഉദ്വേഗജനകമായ റിപ്പോര്‍ട്ടുമാണ് സംഭവത്തെ ദേശീയ ശ്രദ്ധയില്‍ കൊണ്ടുവന്നത്. ആ റിപ്പോര്‍ട്ടിലെ ചില അപാകതകള്‍ ചൂണ്ടിക്കാട്ടി പെസ്റ്റിസൈഡ് ലോബി പ്രത്യാക്രമണം തുടങ്ങി. പഴയ പെരുമണ്‍ ദുരന്തത്തിലെ ചുഴലിക്കാറ്റിനെപോലെ അവര്‍ പുതിയ വില്ലന്‍മാരെ സൃഷ്ടിക്കാനുള്ള ശ്രമവും നടത്തി. ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പ്രാദേശികമായ മറ്റു കാരണങ്ങള്‍ ഉണ്ടാകാമെന്നും എന്‍ഡോസള്‍ഫാന്‍ തളിയ്ക്കുന്ന മറ്റു സ്ഥലങ്ങളിലൊന്നും ഈ വക കുഴപ്പങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ആയിരുന്നു അവരുടെ വാദം. ഇതേ തുടര്‍ന്നാണ് ഡോ. അച്യുതന്റെ നേതൃത്വത്തില്‍ കേരള സര്‍ക്കാര്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചത്. ദുരന്തത്തിന്റെ വ്യാപ്തിയും രൂക്ഷതയും ശരി വച്ച റിപ്പോര്‍ട്ട് ''സംശയത്തിന്റെ കുന്തമുന'' എന്‍ഡോസള്‍ഫാന്റെ നേരേ തന്നെയാണു നീട്ടിയത്. പക്ഷേ ഇതുപോലുള്ള സാഹചര്യങ്ങളില്‍ കാര്യകാരണബന്ധം ശാസ്ത്രീയമായി തെളിയിക്കാന്‍ പ്രയാസമാണെന്ന തത്വം അവര്‍ അംഗീകരിച്ചു. എങ്കിലും സാഹചര്യത്തെളിവുകള്‍ അതിശക്തമാകയാല്‍ എന്‍ഡോസള്‍ഫാന്‍ പ്രയോഗം ഉടനടി നിരോധിക്കാന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തു. അതനുസരിച്ച് കേരളസര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുകയും ചെയ്തു.

തടര്‍ന്നും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓക്കുപേഷണല്‍ ഹെല്‍ത്ത് (ച1ഛഒ) ഉള്‍പ്പെടെ പല വിദഗ്ധ സമിതികളും ഈ പ്രതിഭാസം പഠിച്ചെങ്കിലും എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് ഇനിയും ബോധ്യപ്പെട്ടിട്ടില്ല. ഇതിനകം യുറോപ്യന്‍ യൂണിയന്‍, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്് തുടങ്ങി 63 രാജ്യങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു കഴിഞ്ഞു. ഇന്ത്യയെപ്പോലുള്ള വന്‍ രാജ്യങ്ങള്‍ മാത്രമാണ് മറിച്ചു വാദിക്കുന്നത്! ഇനിയും ഇതിനെപറ്റി പഠിക്കാന്‍ മറ്റൊരു വിദഗ്ധ സമിതിയെ നിയമിക്കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം യഥാര്‍ഥത്തില്‍ ജനങ്ങളെ വിഡ്ഢികളാക്കലാണ്.

ആ തര്‍ക്കം തുടരട്ടെ. പക്ഷേ നാം കേരളീയര്‍, ചെയ്യേണ്ടത് ചെയ്യേണ്ടേ? ഇപ്പോഴത്തെ സര്‍ക്കാര്‍ ഭരണമേറ്റ് അധികം താമസിയാതെ തന്നെ ദുരന്തബാധിതര്‍ക്ക് സൗജന്യ ചികിത്സയും ആശ്വാസവും പ്രഖ്യാപിച്ചു എന്നതു നല്ലതു തന്നെ. പക്ഷേ ദുരന്തത്തിന്റെ രൂക്ഷതയും അതിനിരയായവരുടെ ദൈന്യതയും നോക്കുമ്പോള്‍ അതു തീരെ അപര്യാപ്തമാണെന്നു സമ്മതിക്കാതെ വയ്യ. രോഗി മരിച്ചാല്‍ 50,000 രൂപ കുടുംബക്കാര്‍ക്ക് ''നഷ്ടപരിഹാരം' കൊടുക്കുന്നതിനേക്കാള്‍ എത്രയോ പ്രധാനമാണ് രോഗി ജീവിച്ചിരിക്കുമ്പോള്‍ ചികിത്സയ്ക്കും പരിചരണത്തിനുംവേണ്ട സഹായം എത്തിക്കുക എന്നത്. 162 രോഗികള്‍ക്കു സൗജന്യ ചികിത്സ നല്‍കുന്നു എന്നതും ദുരന്തബാധിര്‍ക്ക് പ്രതിമാസം 400 രൂപ വെച്ചും അതു കൂടാതെ അംഗവൈകല്യമുള്ളവര്‍ക്ക് 300 രൂപ വെച്ചും നല്‍കുന്നതും അവരെ പരിചരിക്കുന്നവര്‍ക്കു മാസം 300 രൂപ വെച്ചു നല്‍കുന്നതും തീര്‍ച്ചയായും നല്ല കാര്യമാണ്. പക്ഷ അതു മതിയോ? അതിനേക്കാള്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ആ കുടുംബങ്ങള്‍ക്കു നല്‍കാന്‍ കേരള സമൂഹത്തിനു കഴിയില്ലേ? ബാധ്യതയില്ലേ?

അതോടൊപ്പം, ശാസ്ത്രീയാന്വേഷണ രീതികളുടെ പരിമിതികള്‍ മറയാക്കി എന്‍ഡോസള്‍ഫാനെ രക്ഷിച്ചെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ഒളിച്ചുകളിയ്‌ക്കെതിരെയും ജനരോഷം ഉയരേണ്ടതുണ്ട്. ജനങ്ങളുടെ ആരോഗ്യത്തെക്കാള്‍ പ്രധാനമാണ് വിഷം ഉണ്ടാക്കുന്ന കമ്പനികളുടെ നിലനില്‍പ്പ് എന്നത് മാപ്പര്‍ഹിക്കാത്ത നിലപാടാണ്.

കാസര്‍കോട്ടെ ദുരന്തത്തില്‍ എന്‍ഡോസള്‍ഫാന്റെ പങ്കുതെളിയിക്കുന്ന സാഹചര്യത്തെളിവുകള്‍ ഒരുപഴുതുമില്ലാത്തവിധം സുശക്തമാണ്. അതിന്റെ നേരേ കണ്ണടച്ചുകൊണ്ട് എന്‍ഡോസള്‍ഫാനെ കുറ്റവിമുക്തമാക്കുന്നത് ശാസ്ത്രദൃഷ്ട്യാപോലും നീതീകരിക്കാനാവില്ല. പിതൃത്വം തെളിയിക്കാന്‍ എല്ലായ്‌പ്പോഴും ഡി എന്‍ എ ടെസ്റ്റു തന്നെ വേണമെന്നില്ലല്ലോ.

*
ആര്‍ വി ജി മേനോന്‍ കടപ്പാട്: ജനയുഗം 09-11-2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കാസര്‍കോടു ജില്ലയിലെ എന്‍മകജെ, മൂളിയാര്‍, പാദ്രേ തുടങ്ങിയ പതിനൊന്നു ഗ്രാമങ്ങളിലെ കര്‍ഷകരും തൊഴിലാളികളുമായ ആയിരത്തിലധികം ദരിദ്ര കുടുംബങ്ങള്‍, അവരുടെ ദുരിതം ഏറെനാള്‍ പുറംലോകം അറിഞ്ഞില്ല. അറിയാന്‍ വഴികളേറെ ഉണ്ടായിരുന്നിട്ടും നാം അവരുടെ നിലവിളികള്‍ക്കു ചെവികൊടുത്തില്ല. അറിഞ്ഞതോടുകൂടി വില്ലന്‍മാരെ തേടിയുള്ള അന്വേഷണമായി. കേരള പ്ലാന്റേഷന്‍ കോര്‍പറേഷനാണ് സ്വാഭാവികമായും പ്രതിപ്പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. എന്നിരുന്നാലും അതൊരു പൊതുമേഖലാ സ്ഥാപനമാകയാല്‍ വില്ലത്തരത്തിനു രൗദ്രത പോരാ. ഒരു സ്വകാര്യകമ്പനി ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു പുകില്! എന്നാല്‍, ഈ മാരകവിഷം ഉണ്ടാക്കി വില്‍ക്കുന്നവരുടെ കാര്യമാണെങ്കിലോ? പ്രമുഖസ്ഥാനത്ത് മറ്റൊരു പൊതുമേഖലാസ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ്! എങ്കിലും അവരേക്കാള്‍ വലിയ നിര്‍മാതാക്കളായ ഹെക്‌സ്ട് എന്ന ബഹുരാഷ്ട്ര ഭീമന്‍ അണിയറയില്‍ പതുങ്ങിനില്‍പ്പുണ്ടുപോല്‍. ഹാവൂ! സമാധാനമായി. എല്ലാം തികഞ്ഞ ഒരു വില്ലനാണല്ലോ അവന്‍. ഇത്രയും മാരകമായ ഈ വിഷം നിരോധിക്കുന്നതില്‍ നിന്നു സര്‍ക്കാരിനെ വിലക്കുന്നത് ഈ ബഹുരാഷ്ട്ര കുത്തകയുടെ ദുഃസ്വാധീനം തന്നെ ആയിരിക്കണം. സംശയമില്ല.
പക്ഷേ അത്ര ലളിതമാണോ കാര്യങ്ങള്‍? പലപ്പോഴും നാം വില്ലന്‍മാരെ തേടുന്നത് നമ്മുടെ സ്വന്തം കുറ്റബോധം മറക്കാനും മറയ്ക്കാനും ആണോ? കേരളത്തിന്റെ ഒരു മൂലയ്ക്ക് ഇരുപത്തഞ്ചു വര്‍ഷത്തോളം സകലവിധ നിയമങ്ങളും നിയന്ത്രണങ്ങളും ലംഘിച്ച് ഈ മാരകവിഷം വിമാനത്തില്‍ നിന്നു വിതറിക്കൊണ്ടിരുന്നു എന്നതും അതിനു വിധേയരായവരില്‍ നാനാവിധ രോഗങ്ങളും അംഗവൈകല്യങ്ങളും പടര്‍ന്നിരുന്നു എന്നതും 'ഉത്ബുദ്ധ' കേരളത്തിനു നാണക്കേടല്ലേ? 1978 മുതലാണ് കാസര്‍കോട്ടെ കശുമാവിന്‍ തോട്ടങ്ങളില്‍ വിമാനമാര്‍ഗേണ എന്‍ഡോസള്‍ഫാന്‍ വിതറിത്തുടങ്ങിയത്. നാട്ടുകാര്‍ പാവങ്ങള്‍. വിവരമില്ലാത്തവര്‍. പക്ഷേ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ പോലുള്ള ഒരു സ്ഥാപനത്തില്‍ ഇതേപ്പറ്റി വിവരമുള്ളവര്‍ ഉണ്ടാകണമല്ലോ. ഏരിയല്‍ സ്‌പ്രേയിംഗിന് അനുവര്‍ത്തിക്കേണ്ട മുന്‍കരുതലുകളെപ്പറ്റി അറിയാത്തവരല്ലല്ലോ അവരും അവരുടെ
മേലധികാരികളും. അവരെല്ലാം ഇതിനു നേരേ കണ്ണടച്ചതിന്റെ അര്‍ഥം ഇതൊക്കെ ഇവിടെ പതിവാണെന്നല്ലേ?