Sunday, November 14, 2010

എത്ര ബാപ്പുമാരുണ്ട് ?

സബര്‍മതിയില്‍ ഒഴുക്കു കുറവാണ്. നിളപോലെ ഓര്‍മകളും ചരിത്രവും നിശ്ചലമാകുകയാണ് അവിടെ. ഇന്ത്യക്കാരന് അത് നദിയായിരുന്നില്ല, ദേശീയ പ്രസ്ഥാനത്തിന്റെ പ്രവാഹം. പിന്നിടാണ് അത് നദികൂടിയായിരുന്നുവെന്ന് അറിയുന്നത്. ബാപ്പു എന്നാല്‍ വ്യക്തിയായിരുന്നില്ല. ഇതിഹാസത്തിന്റെ പേരായിരുന്നു. സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ ലളിതവും ചൂടേറിയതുമായ അനുഭവം.

ഇന്ന് സബര്‍മതി ഒഴുക്കു നിര്‍ത്തുമ്പോള്‍ ശവംനാറികള്‍ ഇതിഹാസത്തെ അട്ടിമറിക്കുകയാണ്. ബാപ്പു ഇന്ന് ഒരു ഗാന്ധിയല്ല എന്ന് തിരിച്ചറിയുന്നു. ഗാന്ധിക്ക് രണ്ട് മാര്‍ഗമാകാം എന്നാണ് പുതിയ ഗുജറാത്ത് നല്‍കുന്ന ആനുകൂല്യം. ഒന്ന് ആള്‍ദൈവമായി മാറുക, രണ്ട് പൂര്‍ണ വസ്‌ത്രം ധരിച്ച് തലമുറയെ ആശയക്കുഴപ്പത്തില്‍നിന്ന് ഒഴിവാക്കുക. ആള്‍ദൈവം ഇല്ലാത്ത ആശ്രമം അവര്‍ക്ക് ഊഹിക്കാനേ കഴിയുന്നില്ല. ലഹരിക്ക് സബര്‍മതി നല്‍കിയ സന്ദേശം വഴങ്ങുന്നില്ല. സബര്‍മതിയിലും ബാര്‍ ആവാം. ഗുജറാത്തില്‍ സമ്പൂര്‍ണ മദ്യനിരോധം എന്ന് അറിയപ്പെടും. ലോകത്തിന് സബര്‍മതിയും ഗാന്ധിയും ബാപ്പുവും തണലിടമാകുമ്പോള്‍ അതിന്റെ ബാധ്യത പേറാനാവുന്നില്ല. അതുകൊണ്ട് ക്ഷമിക്കുക- ഇവിടെ ബാപ്പു ഉദ്ദേശിച്ച ആളല്ല.

മദ്യത്തിനെതിരായ പോരാട്ടം സ്വാതന്ത്ര്യ സമരത്തിന്റെ ‘ഭാഗമാക്കിയ ഗാന്ധിയുടെ വീട്, സമ്പൂര്‍ണ മദ്യനിരോധം ഏര്‍പ്പെടുത്തിയ ഗുജറാത്ത് സര്‍ക്കാര്‍ വാറ്റുകേന്ദ്രമാക്കുകയാണ് എന്ന് പറഞ്ഞാല്‍ മതനിരപേക്ഷ വാദിക്ക് ഭ്രാന്തുപിടിക്കും. പുതിയ ഗുജറാത്ത് തുടങ്ങിയത് ഇത്തരം ഭ്രാന്തില്‍നിന്നാണ്. വികസനത്തിന്റെ റോള്‍ മോഡല്‍ എന്നാണ് ഗുജറാത്തിനെക്കുറിച്ച് പുറത്തറിയിച്ചുകൊണ്ടിരിക്കുന്നത്. നേരില്‍ കാണുക. പറയുന്നതിനേക്കാള്‍ അതാവും ഉത്തമം.

ഏഴ് പത്രപ്രവര്‍ത്തകരാണ് സബര്‍മതിയില്‍ പോയത്. മൌണ്ട് ആബുവില്‍ നടന്ന മാധ്യമ സമ്മേളനം കഴിഞ്ഞ് സബര്‍മതി, അക്ഷര്‍ധാം എന്നിവിടങ്ങള്‍. അഹമ്മദാബാദില്‍നിന്നും ഗുജറാത്ത് സ്റ്റേറ്റ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ബസില്‍. രണ്ടുതവണ കണ്ടം ചെയ്യാന്‍ മാത്രം പഴകിയ ബസുകള്‍ ഗതാഗത മേഖലയുടെ മുഖം വിളിച്ചുപറഞ്ഞു. പൊട്ടിയതും തുരുമ്പിച്ചതുമാണവ. തിക്കിതിരക്കിയായിരുന്നു യാത്ര. വിടാതെ പിന്തുടരുന്ന ഓട്ടോഡ്രൈവര്‍മാര്‍ അവരുടെ ജീവിത നിലവാരവും കാണിച്ചുതന്നു. കഞ്ഞികുടിക്കാന്‍ പണമില്ല. ഈ ഓട്ടോയില്‍ കയറുമോ?’അഹമ്മദാബാദ് ബസ് സ്റ്റാന്‍ഡിലെ ചോദ്യം. തുരുമ്പിച്ച ഓട്ടോകള്‍.

ബസ് യാത്ര അക്ഷര്‍ധാം ക്ഷേത്രത്തിനു മുന്നില്‍ അവസാനിച്ചു. 2002-ല്‍ തീവ്രവാദി ആക്രമണത്തിന് വിധേയമായ ഇടം. കനത്ത സുരക്ഷ. പത്രപ്രവര്‍ത്തകള്‍ക്കുപോലും ക്യാമറ, മൊബൈല്‍, ബെല്‍റ്റ് എന്നിവയോടെ അകത്ത് പ്രവേശിക്കാന്‍ കഴിയില്ല. മതസൌഹാര്‍ദവും മനുഷ്യസ്‌നേഹവും പ്രേത്സാഹിപ്പിച്ച മഹാരാജാ സ്വാമിനാരായണന്റെ പേരിലെ ക്ഷേത്രമാണത്. ബ്രിട്ടീഷുകാര്‍ക്ക് കപ്പം കൊടുക്കുന്നതിനു പകരം അവരോട് കപ്പം സ്വീകരിച്ച രാജാവ്. ഇത്തരം കൃത്യങ്ങളുടെ ശില്‍പ്പങ്ങള്‍. സാധുജനങ്ങള്‍ അന്യമതസ്ഥര്‍ എന്നിവര്‍ക്ക് തുല്യപരിഗണനയാണ് രാജാവ് നല്‍കിയത് എന്നും അദ്ദേഹത്തിന്റെ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എല്ലാ മതവിഭാഗങ്ങളും എത്തിയിരുന്നുവെന്നും എഴുതിവച്ചിരിക്കുന്നു. ആര്‍ക്കും നിയന്ത്രണമില്ല. പ്രവേശനത്തിന് ഫീസും വാങ്ങാറില്ല. അക്ഷര്‍ധാമിനെ വ്യത്യസ്‌തമാക്കുന്നത് അത് ഇക്കാലത്ത് (1982) നിര്‍മിച്ചതാണെന്നതാണ്.

ഗുജറാത്തിന്റെ മതനിരപേക്ഷതയ്‌ക്ക് വലിയ സംഭാവന നല്‍കിയ അക്ഷര്‍ധാം 2002ലെ സംഭവത്തിനുശേഷം മാറ്റത്തിന് വിധേയമാകുന്നു. നേരില്‍ കണ്ട കാഴ്‌ച തന്നെയാണ് പ്രധാനം. അവിടെ പ്രവേശനത്തിന് ഒരു മുസ്ലിം കുടുംബവും. അകത്തേക്കുള്ള അവരുടെ ശ്രമം സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. പര്‍ദയഴിക്കാന്‍ ആവശ്യപ്പെട്ടു. ഒന്നും ആലോചിക്കാതെ പര്‍ദയും ശിരോവസ്‌ത്രവും നീക്കി. 2002നു ശേഷം പര്‍ദയ്‌ക്ക് നിരോധം. ക്ഷേത്രവും ചരിത്രവും ശില്‍പ്പങ്ങളും കണ്ട് പുറത്തിറങ്ങിയ ശേഷമാണ് അറിഞ്ഞത് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ വസതി മതില്‍കെട്ടിനു പുറത്ത് മറ്റൊരു വളപ്പിലാണെന്ന്. ഏറെ കാത്തിരുന്നിട്ടും സബര്‍മതിയിലേക്ക് വാഹനം ലഭ്യമായില്ല. ടാക്‌സിക്കാര്‍ക്ക് പലതരം വാടക.

രണ്ട് ഓട്ടോകളിലായാണ് പുറപ്പെട്ടത്. പഴകിയവ. ഡ്രൈവര്‍മാര്‍ക്ക് യൂണിഫോമില്ല. കയറിത്തുടങ്ങിയതുമുതല്‍ ഡ്രൈവര്‍ സംസാരിക്കുകയാണ്. ഗുജറാത്തിയില്‍ ഏന്തൊക്കെയോ പറയുന്നു. പിന്നിട് സ്റ്റിയറിങ്ങില്‍നിന്നും ഒരു കൈ വിട്ടു. അതുകൊണ്ട് ആംഗ്യം കാണിച്ചായി പിന്നെ സംസാരം ഞങ്ങള്‍ക്ക് ഗുജറാത്തി അറിയില്ല എന്നുപോലും അയാള്‍ ശ്രദ്ധിക്കുന്നില്ല. പിന്നിട് ഞങ്ങള്‍ക്കു നേരെ തിരിഞ്ഞു. വണ്ടി ഓടിക്കൊണ്ടിരിക്കുകയാണ്. എന്തോ വശപിശക് മണത്തു. പാന്‍മസാലയും മദ്യവും ചേര്‍ന്ന ദുര്‍ഗന്ധവും തുപ്പലും റിക്ഷയെയും മത്തുപിടിപ്പിച്ചു. ചാഞ്ഞു ചരിഞ്ഞും പായുകയാണ് വണ്ടി. രണ്ടുവശത്തും തുപ്പിക്കൊണ്ടുള്ള സംസാരവും ആംഗ്യവുംകൂടിയായപ്പോള്‍ അയാള്‍ നന്നായി മദ്യപിച്ചിട്ടുണ്ടെന്നും അത് തലയില്‍ കൂടിക്കൂടിവരികയാണെന്നും മനസ്സിലായി. കാലെടുത്ത് സീറ്റില്‍ വച്ചു. ഒരു കൈയും ഒരു കാലുമാണ് വണ്ടി നിയന്ത്രിക്കുന്നത്. ആറുവരിപ്പാതയാണ് റോഡ്. അതിനിടയില്‍ മറികടന്ന ബസ് ഞങ്ങള്‍ക്കു മുന്നില്‍ നിര്‍ത്തി. അതില്‍ ചെന്നിടിച്ചു - ഇല്ല വീണ്ടും ഓട്ടം തുടര്‍ന്നു. തലങ്ങും വിലങ്ങും ആടിക്കൊണ്ടിരിക്കുകയാണ്. വണ്ടി നിര്‍ത്താന്‍ പറഞ്ഞു. അയാളുടെ തുപ്പല്‍ ഞങ്ങളുടെ വസ്‌ത്രത്തില്‍ പതിയാന്‍ തുടങ്ങി. ദേഷ്യം വന്ന് തല്ലാന്‍ പോയപ്പോള്‍ ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ കെ. മോഹനന്‍ പറഞ്ഞു. വേണ്ട, നാട്ടിലേക്കു മടങ്ങണം. ഒരുവിധത്തില്‍ വണ്ടി നിര്‍ത്തിച്ചു. രണ്ടാമത്തെ റിക്ഷക്കാരനെ വിളിച്ചു. അപ്പോഴാണ് അറിയുന്നത് മദ്യപന് ഓട്ടോ ഓടിക്കാനുള്ള ഒരു രേഖയും ഇല്ല എന്ന്. പിന്നിട് രണ്ടാമത്തെ റിക്ഷയില്‍ ഏഴുപേര്‍. അതിനിടെ ഡ്രൈവറോട് ചോദിച്ചു. സബര്‍മതിയിലേക്ക് കുറെ ദൂരമുണ്ടോ? അയാളുടെ ചോദ്യം കേട്ട് ഞങ്ങള്‍ തരിച്ചുപോയി. എവിടേക്കാണ് ? ’സബര്‍മതിയിലേക്ക് ‘ എന്ന് പറഞ്ഞപ്പോള്‍ ബാപ്പുവിന്റെ ആശ്രമത്തിലേക്കാണോ?’അതെ’ എന്ന് ഞങ്ങള്‍.

സബര്‍മതിയെന്ന ചൂണ്ടുപലകയ്‌ക്കടുത്ത് എത്തിയപ്പോള്‍ അതിനെതിരെ അയാള്‍ പുറപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഞങ്ങള്‍ തടഞ്ഞു. സബര്‍മതി’ എന്ന ചുണ്ടുപലക കാണിച്ചുകൊടുത്തു. ബാപ്പുവിന്റെ ആശ്രമം എന്നല്ലേ പറഞ്ഞത്.’അയാള്‍ വീണ്ടും. അതെ, മഹാത്മാഗാന്ധിയുടെ. അയാളുടെ വഴിയില്‍ വണ്ടി വിട്ടു. കുറുക്കുവഴിയുണ്ടാകുമെന്ന ധാരണയില്‍ മിണ്ടിയില്ല. ഒടുവില്‍ എത്തിയത്. വിശ്വേശരയ്യ ആശ്രമം’ എന്ന് എഴുതിയ ഗേറ്റിനു മുന്നില്‍. ആശ്രമത്തിന്റെ മുന്നില്‍ നിര്‍ത്തിയതോടെ ഓട്ടോക്കാരനോട് തര്‍ക്കിച്ചു. അയാള്‍ ഗുജറാത്തിയില്‍ എന്തൊക്കെയോ പുലമ്പി. ഗേറ്റിനു മുന്നില്‍നിന്ന താടിക്കാരന്‍ സ്വാമി ഹിന്ദിയില്‍ പറഞ്ഞു. ഇപ്പോള്‍ ഇതിനാണ് പ്രശസ്‌തി. ബാപ്പു ആശ്രമം എന്നാല്‍ ഇതാണ് ’. ഞങ്ങള്‍ പറഞ്ഞു. "ഇവിടേക്ക് അല്ല ഞങ്ങള്‍ വന്നത് ഈ ഓട്ടോക്കാരന്‍ ചതിക്കുകയായിരുന്നു.’

വിശ്വേശരയ്യയുടെ ആശ്രമത്തിന് ബാപ്പു എന്ന് പേരിട്ട് സബര്‍മതി സന്ദര്‍ശകരെ ചതിക്കുകയാണ്. എവിടെയും കേട്ടറിവില്ലാത്തെ ആള്‍ദൈവ സന്നിധിയിലേക്ക് സബര്‍മതി സന്ദര്‍ശിക്കാനെത്തുന്നവരെ കൊണ്ടെത്തിക്കുകയാണ്. റിക്ഷാക്കാര്‍ ഇതിന്റെ ഏജന്റുമാര്‍. വിശേശ്വരയ്യ ആര്‍എസ്എസ് ബന്ധമുള്ള സന്യാസിമാരുടെ ആശ്രമമാണ്. ഞങ്ങള്‍ക്ക് പിറകെ വന്ന മാതൃഭൂമിയുടെ രജീഷിനെയും കൊണ്ടിറക്കിയത് അവിടെ.

നരേന്ദ്രമോഡിയുടെ വീട്ടിനടുത്താണ് വ്യാജമദ്യകേന്ദ്രം എന്ന് വ്യക്തം. അവിടെനിന്നു കുടിച്ച ചാരായത്തിന്റെ പരിണാമമാണ് റിക്ഷാഡ്രൈവറില്‍ കണ്ടത്.സമ്പൂര്‍ണ മദ്യനിരോധം ഏര്‍പ്പെടുത്തിയ ഗുജറാത്തില്‍ മുഖ്യമന്ത്രിയുടെ വീടിനരികെ ഇതാണ് അവസ്ഥ. കഴിഞ്ഞില്ല, സബര്‍മതിയില്‍ ഇതേക്കാള്‍ വലിയ കൌതുകമുണ്ട്.

രാമായണം വായിച്ചശേഷം അയോധ്യയിലെത്തിയപോലെയാണ് സബര്‍മതിയില്‍. മഹാത്മാഗാന്ധി സത്യഗ്രഹസമരത്തില്‍ പങ്കെടുക്കാന്‍ പോയതേയുള്ളൂവെന്ന തോന്നലായിരുന്നു. ലോകനേതാക്കളുമായി സംസാരിക്കാനും ദേശീയ പ്രസ്ഥാനത്തിലെ നിര്‍ണായക സമരങ്ങള്‍ക്ക് രൂപംനല്‍കുകയും ചെയ്‌ത, ഫര്‍ണിച്ചര്‍പോലുമില്ലാത്ത സ്വീകരണ മുറി ഒരു ചരിത്രം അവസാനിക്കുന്നില്ലെന്ന് തോന്നിപ്പിക്കും. ഗാന്ധി ഉപയോഗിച്ച ചെരിപ്പ്, പേന, ചര്‍ക്ക, കണ്ണട, എഴുത്തുകള്‍-മഹാത്മാഗാന്ധി, ഇന്ത്യ-എന്ന് മാത്രമുള്ള വിലാസത്തില്‍, പങ്കെടുത്ത സമരങ്ങള്‍ എന്നിവയെല്ലാം ജീവിച്ചിരിക്കുന്നുവെന്ന തോന്നല്‍ ഉണ്ടാകും. സബര്‍മതിതീരത്ത് മ്യൂസിയവും ഗാന്ധിവനവും പഴയപോലെ. അതിനെ കൂടുതല്‍ ഉയരങ്ങളില്‍ കൊണ്ടെത്തിക്കാനോ, സന്ദര്‍ശകരെ ആകര്‍ഷിക്കാനോ ഒരു നടപടിയും ഇല്ല. ആശ്രമം എന്നാല്‍ ചെറുമുണ്ട് ഉടുത്ത് നാട്ടുകാരുടെ കൂടെ സമരം ചെയ്യാന്‍ പോയ ഒരാളുടെ വീടും കുറേ പുസ്‌തകവും എന്ന നിര്‍വചനം പുതിയ ഗുജറാത്തിന് മാത്രമല്ല, ഉത്തരേന്ത്യക്കു തന്നെ ഉള്‍കൊള്ളാന്‍ കഴിയുന്നില്ല. ആശ്രമം എന്നു കേള്‍ക്കുമ്പോള്‍ മനസ്സില്‍ സബര്‍മതി എഴുതപ്പെടുകയാണെന്നത് പുതിയ ആശ്രമജീവികളുടെ നെഞ്ചകം പൊള്ളിക്കുകയാണ്. അതുകൊണ്ട് അവര്‍ സബര്‍മതിക്കടുത്ത് പുതിയ ബാപ്പു ആശ്രമം വളര്‍ത്തികൊണ്ടുവന്നു. അതാണ് വിശ്വേശരയ്യ ആശ്രമം. മോഡിയുടെ ആള്‍ക്കാരുടെ ആശ്രമം എന്നുപറയും.

ഞങ്ങള്‍ ഗാന്ധി‘വനത്തിനു മുന്നില്‍ വിഡിയോ എടുത്തുകൊണ്ടിരിക്കുമ്പോള്‍ ആടികുഴഞ്ഞു വരികയാണ് ഒരു വിദ്വാന്‍. മൂക്കറ്റം കുടിച്ച് കാലുറക്കാതെ അയാള്‍. ആശ്രമത്തില്‍ വേലയെടുക്കുന്നയാളായിരുന്നു. അയാളോട് ചോദിച്ചു.

ഇത് എവിടെനിന്ന് ഒപ്പിച്ചു.

ദേശിയാ- വേണോ?

ഹേ റാം എന്ന് നെഞ്ചില്‍ കൈവച്ച് ഞങ്ങള്‍ മടങ്ങി.


*****


രവീന്ദ്രന്‍ രാവണേശ്വരം, കടപ്പാട് :ദേശാഭിമാനി വാരാന്തപ്പതിപ്പ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഞങ്ങള്‍ ഗാന്ധി‘വനത്തിനു മുന്നില്‍ വിഡിയോ എടുത്തുകൊണ്ടിരിക്കുമ്പോള്‍ ആടികുഴഞ്ഞുവരികയാണ് ഒരു വിദ്വാന്‍. മൂക്കറ്റം കുടിച്ച് കാലുറക്കാതെ അയാള്‍. ആശ്രമത്തില്‍ വേലയെടുക്കുന്നയാളായിരുന്നു. അയാളോട് ചോദിച്ചു. ഇത് എവിടെനിന്ന് ഒപ്പിച്ചു.

ദേശിയാ- വേണോ?

ഹേ റാം എന്ന് നെഞ്ചില്‍ കൈവച്ച് ഞങ്ങള്‍ മടങ്ങി.