Wednesday, November 17, 2010

വീരന്റെ ദുഃഖവും മാണിയുടെ പുഞ്ചിരിയും

ഒരു ലോക്‌സഭാ സീറ്റിന്റെ പേരില്‍ മുന്നണി മാറാന്‍ വളരെ പെട്ടെന്ന് തീരുമാനിച്ച വീരനും വീരന്റെ പാര്‍ടിയും ഒരു തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍തന്നെ ആവേശം ചോര്‍ന്ന മട്ടാണ്. പന്തളത്തെ പന്തം കൊളുത്തിപ്പടപോലെ ചിറ്റൂരിലെ അച്യുതന്‍ കോൺഗ്രസിന്റെ മൊഴികള്‍ വീരന്റെ ഉറക്കം കെടുത്തുന്നതാണ്. അല്‍പ്പം വീര്യം ബാക്കിയുണ്ടായിരുന്ന വടകരയില്‍ ഉടുതുണിപോലും നഷ്‌ടപ്പെട്ട് നില്‍പ്പാണ്. യുഡിഎഫ് പാളയത്തിലെത്തിയിട്ട് വീരന്റെ ദളിന് ലാഭമോ നഷ്‌ടമോയെന്ന കണക്കെടുപ്പിന് മാതൃഭൂമി ഇതുവരെ തുനിഞ്ഞുകണ്ടില്ല.

കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പുഫലം വന്നുകൊണ്ടിരുന്നപ്പോള്‍ വീരന്റെ പാര്‍ടി നൂറില്‍ നൂറ് വിജയം നേടിയെന്നാണ് ചാനലുകള്‍ മൊഴിഞ്ഞത്. ആകെ മത്സരിച്ച നാലില്‍ നാലും തിളങ്ങിയെന്നാണ് മാധ്യമങ്ങള്‍ ഉന്മാദംകൊണ്ടത്. വടകരയിലെ തട്ടകത്തില്‍ മാത്രമല്ല, പെരിങ്ങളത്തെ കളരിയിലും കാലിടറി വീണ സോഷ്യലിസ്‌റ്റ് ജനതയുടെ സീറ്റും വോട്ടുമെല്ലാം കണക്കിലെടുക്കുമ്പോള്‍ പതിറ്റാണ്ടുകളായി അഭിനയിച്ചുവന്ന ഇടതുപക്ഷ പാരമ്പര്യം മാത്രമല്ല, ഇടതിന്റെ ബലത്തില്‍ നേടിയ സീറ്റുകളും ബലികൊടുക്കേണ്ട ഗതികേടിലായി വീരേന്ദ്രകുമാറിന്റെ സോഷ്യലിസ്‌റ്റ് ജനത. മുന്നണി മാറിയപ്പോള്‍ പാര്‍ടിയുടെ പേരും കൊടിയും മാറ്റേണ്ടിവന്ന ജാള്യം വേറെ.

വീരന് ഇപ്പോള്‍ പരമസുഖം. അഴിമതിയില്ലാത്തൊരു ദേശീയ പാര്‍ടിയാണല്ലോ കോൺഗ്രസ്. കോമൺവെല്‍ത്ത് എന്നാല്‍ പൊതുവായി തങ്ങള്‍ക്ക് പങ്കിട്ടെടുക്കാനുള്ള സ്വത്താണെന്ന സാമാന്യ അര്‍ഥം കല്‍മാടിക്കുട്ടന്മാര്‍ നടപ്പാക്കിക്കൊടുത്തപ്പോള്‍ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കഥകള്‍ അതൊക്കെയായി. കായികതാരങ്ങള്‍ ഭാരതത്തിന്റെ അഭിമാനമുയര്‍ത്തി മെഡല്‍ വേട്ടയില്‍ സെഞ്ച്വറി തികച്ചപ്പോള്‍ സോണിയാ കോണ്‍ഗ്രസിന് അഴിമതിയിലാണ് നൂറുവിളഞ്ഞത്. ലോക്‌സഭാ സമ്മേളനം തുടങ്ങിക്കഴിഞ്ഞപ്പോള്‍ പാര്‍ലമെന്ററി പാര്‍ടി സെക്രട്ടറി പദവിയില്‍നിന്ന് കല്‍മാഡിയെ ഇറക്കി നടപടിയെടുത്തുവെന്നാക്കി. അത് അത്ര വലിയ സ്ഥാനമാണോ. വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി എംപിസ്ഥാനം പോയ കൊടിക്കുന്നേല്‍ സുരേഷും ഇതേ സ്ഥാനത്ത് തുടരുന്നയാളാണ്.

ആദര്‍ശ് ഫ്ളാറ്റ് കുംഭകോണം മറ്റൊരുവഴിക്ക്. 1,76,000 കോടിയുടെ സ്‌പെക്‌ട്രം അഴിമതിയും തെളിവുകളേറെയുള്ളതാണ്. അഴിമതിക്കെതിരായി കുരിശുയുദ്ധം നടത്തുന്നതായി അഭിനയിക്കുന്ന വീരേന്ദ്രകുമാര്‍ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും അഴിമതിക്കെതിരെ ഉരിയാടുമെന്ന പ്രതീക്ഷ തീരെയില്ല. എങ്കിലും ലാവ്‌ലിന്‍ കഥകള്‍ ഖണ്ഡശ്ശഃ എഴുതിയും മൊഴിഞ്ഞും എത്രനാള്‍ നേരം വെളുപ്പിക്കും.

കോണ്‍ഗ്രസിന്റെ അഴിമതിക്കേസുകള്‍ കണ്ടാല്‍ ഇപ്പോള്‍ കണ്ണടയ്‌ക്കുന്ന വീരന്‍ എന്‍ഡോസള്‍ഫാനില്‍ കൊത്തി. ശരദ്പവാറിന് ഒരു ദീര്‍ഘലേഖനം എഴുതിക്കളഞ്ഞു. ഇത്രയും വലിയ എഴുത്ത് വായിക്കാന്‍ മിനക്കെടുന്നതിനേക്കാള്‍ എളുപ്പം എന്‍ഡോസള്‍ഫാനെ കൈയൊഴിയുന്നതായിരിക്കുമെന്ന് ഏതു കേന്ദ്രമന്ത്രിക്കും തോന്നും. പവാറല്ല, കോണ്‍ഗ്രസാണ് ഇന്ത്യ ഭരിക്കുന്നതെന്ന് വീരന് അറിയാത്തതല്ല. ചിറ്റൂര്‍ സീറ്റുപോലും ഉറപ്പില്ലാത്ത നിലയില്‍ എങ്ങനെ ശബ്‌ദിക്കാനാണ്.

ലീഗും മാണി കേരളയും സന്തോഷത്തിലാണ്. ഇടതുപക്ഷത്തേക്കാളേറെ കോണ്‍ഗ്രസിനെ വെല്ലാനായ സന്തോഷമാണ് കെ എം മാണി പങ്കിടുന്നത്. ജോസഫിന്റെ പാര്‍ടിയെ അടര്‍ത്തിയെടുത്തതിന് അംഗീകാരം കിട്ടിയെന്ന് മാണി വീമ്പു പറയുന്നു. ജോസഫിന്റെ പാര്‍ടിക്ക് തൊടുപുഴയില്‍ ഒരു സീറ്റ്. ഇടുക്കി ജില്ലാ പഞ്ചായത്തില്‍ ഒരു സീറ്റ്. കോട്ടയം ജില്ലാ പഞ്ചായത്തില്‍ ജോസഫിന്റെ പാര്‍ടിക്കാര്‍ ആരുമില്ല. ലയനം വഴി ജോസഫ് ഒരു വഴിക്കായെങ്കിലും കോണ്‍ഗ്രസുമായുള്ള പോര് മൂക്കുകയാണ്. ജോസഫ് - മാണി ലയനം യുഡിഎഫിന് ഗുണമുണ്ടാക്കിയെന്ന് സ്ഥാപിക്കാന്‍ മാണി ശ്രമിക്കുമ്പോള്‍, കോണ്‍ഗ്രസ് അത് അംഗീകരിക്കുന്നില്ല. ഇടുക്കിയില്‍ മാണി കേരളയെ ഒരു വഴിക്കാക്കിയതിന്റെ ആവേശം കോണ്‍ഗ്രസ് പങ്കിടുമ്പോള്‍ കോട്ടയത്ത് കോണ്‍ഗ്രസിനെ കുത്താനായതിന്റെ ഗൂഢസ്‌മിതമാണ് മാണിയുടെ മുഖത്ത് തെളിയുന്നത്.

മലപ്പുറത്തുനിന്ന് ആരംഭിച്ച് മധ്യകേരളത്തിലെ അഞ്ചു ജില്ലയിലേക്ക് പടര്‍ന്ന യുഡിഎഫിന്റെ വിജയം കേരളത്തിന്റെ വടക്കും തെക്കും സാധിക്കാതെ പോയതെന്തുകൊണ്ടെന്ന് രാഷ്‌ട്രീയ കേരളം ചിന്തിക്കുന്നുണ്ട്. അധികാരത്തിലേക്കുള്ള യുഡിഎഫിന്റെ ഇടനാഴിയാണ് മലപ്പുറംമുതല്‍ പത്തനംതിട്ടവരെ രൂപപ്പെടുത്തിയിരിക്കുന്നതെന്നാണ് ഒരു യുഡിഎഫ് നേതാവ് ചാനല്‍ ചര്‍ച്ചയില്‍ ഊറ്റം കൊണ്ടത്. രാഷ്‌ട്രീയ സമവാക്യങ്ങളല്ല, വര്‍ഗീയ ചേരുവകളാണ് അത്തരമൊരു ഇടനാഴിയുടെ അടിത്തറ. നിലയ്‌ക്കല്‍ പ്രക്ഷോഭവും ചാലക്കമ്പോളം കത്തിയമര്‍ന്നതുമെല്ലാം ഈ കേരളത്തില്‍ തന്നെയാണ് നടന്നത്.

രാഷ്‌ട്രീയ കേരളത്തെ, മതാധിഷ്‌ഠിത കേരളമാക്കാന്‍ കഴിയുമോയെന്ന പരീക്ഷണത്തിന്റെ താല്‍ക്കാലികവിജയം കണ്ടാണ് മാണിയും മറ്റും ചിരിക്കുന്നത്. അത്തരമൊരു രാഷ്‌ട്രീയത്തിന്റെ പങ്കുപറ്റി എന്തെങ്കിലും നേടാന്‍ യുഡിഎഫിലെ ഘടകകക്ഷികളായ മതനിരപേക്ഷ പാര്‍ടികള്‍ക്കാവില്ല എന്ന പാഠമാണ് ഈ തെരഞ്ഞെടുപ്പ് നല്‍കുന്നത്. വര്‍ഗീയതയുടെ വികാരങ്ങളാല്‍ ചാലിച്ചെടുത്ത് എഴുതപ്പെടുന്ന രാഷ്‌ട്രീയത്തിന് അല്‍പ്പായുസ്സാണെങ്കിലും അതിന് നാം നല്‍കേണ്ടിവരുന്ന വില വലുതാണെന്ന് മാണിയും ലീഗും ഒഴികെയുള്ള യുഡിഎഫ് ഘടകകക്ഷികളും തിരിച്ചറിയണം.

*****

അനില്‍കുമാര്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...