ഈ ലേഖനത്തിന്റെ തലവാചകം എഴുതിക്കഴിഞ്ഞപ്പോഴാണ് ഇക്കാലത്ത് മലയാളി പെട്ടെന്ന് തെറ്റിദ്ധരിക്കുന്ന ഒരു മോശം അര്‍ഥസൂചന അതിനുണ്ടല്ലോ എന്ന് എനിക്ക് തിരിച്ചറിവുണ്ടായത്. കുടികൂടിവരുന്ന ഈ നാട്ടില്‍ 'വെള്ളത്തില്‍' എന്നുപറഞ്ഞാല്‍ ഉടനെ തെറ്റിദ്ധരിക്കും. അമേരിക്കന്‍ പ്രസിഡന്റ് ഇവിടെ വന്ന് ലഹരിയില്‍പ്പെട്ടു എന്നൊന്നും ദയവായി അര്‍ഥം ഉണ്ടാക്കരുത്. 'വെള്ളത്തില്‍ എഴുതുക' എന്നത് മനോഹരമായ മലയാളശൈലികളില്‍ ഒന്നാണ്. സംസ്കൃതത്തില്‍ 'ജലരേഖ' എന്ന് സമാനമായ പ്രയോഗമുണ്ട്. ഇംഗ്ളീഷില്‍ അങ്ങനെ ഒരു ശൈലി ഇല്ലെന്ന് തോന്നുന്നു. എഴുതിയത് അപ്പോള്‍ത്തന്നെ മാഞ്ഞുപോകുന്നുവെന്നാണ് ഇതിന്റെ വ്യംഗ്യം.
രാഷ്ട്രത്തലവന്മാര്‍ വിദേശസന്ദര്‍ശനം നടത്തുമ്പോള്‍, രാഷ്ട്രീയ നേതാക്കളുടെ പതിവുരീതിയിലും കൂടുതല്‍ കൂട്ടിപ്പറയുന്നത് മനസിലാക്കാം. കേള്‍ക്കുന്നവരെ നല്ലപോലെ പ്രീതിപ്പെടുത്തുക എന്ന ഉദ്ദേശ്യമേയുള്ളൂ. അത്തരത്തിലുള്ള അത്യുക്തിക്ക് നല്ലൊരു 'മാര്‍ജിന്‍' കൊടുത്താലും ബറാക് ഒബാമ ഇന്ത്യയില്‍ചെയ്ത നയപ്രസ്താവനാരൂപത്തിലുള്ള പ്രസംഗങ്ങളില്‍ പറഞ്ഞ പല കാര്യങ്ങളും പറഞ്ഞ ഉടനെ അസത്യമാണെന്ന് തെളിഞ്ഞുപോയി. ജലരേഖയുടെ ആയുസ്സുപോലും പല പ്രസ്താവനകള്‍ക്കും ഉണ്ടായില്ല.
ഉദാഹരണത്തിന്, ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം കൊടുക്കുന്നതിനെപ്പറ്റി ഇന്ത്യന്‍ പാര്‍ലമെന്റിന്റെ സംയുക്തസഭയില്‍ പ്രസിഡന്റ് ചെയ്ത പ്രഭാഷണം ഒന്നുമതി. സെക്യൂരിറ്റി കൌണ്‍സിലില്‍ ഇന്ത്യക്ക് സ്ഥിരമായ അംഗത്വം ലഭിക്കും എന്ന് പറഞ്ഞുതീരുംമുമ്പേ വമ്പിച്ച കരഘോഷവും ആഹ്ളാദപ്രകടനവും ഉണ്ടായെന്ന് പത്രങ്ങള്‍ എടുത്തെഴുതിക്കണ്ടു. പ്രഥമശ്രവണത്തില്‍ ആ പ്രസ്താവന കേള്‍വിക്കാരുടെ ആഗ്രഹം പൂര്‍ണമായും സഫലമാക്കുമെന്ന ഒരു പ്രതീതിയാണ് ഉളവാക്കിയത്. അത് സ്വാഭാവികമാകയാലാണ് സദസ്യര്‍ അത്രമേല്‍ ആഹ്ളാദം പ്രകടിപ്പിച്ചത്. ഗാന്ധിജി ഉണ്ടായിരുന്നില്ലെങ്കില്‍ താന്‍ അമേരിക്കയില്‍ പ്രസിഡന്റാവില്ലായിരുന്നു എന്ന വാചകത്തിനുപോലും ഇത്ര കൈയടി ലഭിച്ചില്ലത്രേ.
പക്ഷേ, ഇത്രയൊന്നും തകൃതി കൂട്ടത്തക്കവണ്ണം ആ പ്രസ്താവനയില്‍ യാഥാര്‍ഥ്യത്തിന്റെ ഒരംശംപോലും ഉണ്ടായിരുന്നില്ല. അത് ഒരു വസ്തുതയെ ഉറപ്പിച്ചതല്ല, ഒരു ആഗ്രഹപ്രകടനം മാത്രമായിരുന്നു. ഐക്യരാഷ്ട്രസഭ കുറേക്കൂടി സംസ്കൃതമായിവരുമ്പോള്‍ (ൃലളശിലറ എന്നാണ് ഇംഗ്ളീഷ് വാക്ക്) ഇന്ത്യ സ്ഥിരാംഗമാകുമെന്ന നിലവരും എന്ന് പറഞ്ഞാല്‍ എന്താണ് അര്‍ഥം? പാശ്ചാത്യദേശങ്ങള്‍ക്ക് മുന്‍കൈയുള്ള ഒരു സഭയിലെ അംഗരാഷ്ട്രങ്ങള്‍ക്ക് മനഃപരിവര്‍ത്തനം വരണമത്രേ! എപ്പോള്‍? 'നീലസൂര്യന്‍ ഉദിക്കുമ്പോള്‍' എന്ന ശൈലി ഒബാമയ്ക്ക് മനസിലാകുമല്ലോ. ഒബാമ പറഞ്ഞതില്‍ എന്തെങ്കിലും ആത്മാര്‍ഥതയുള്ളതായി ആര്‍ക്കും തോന്നുകയില്ല. സ്ഥിരാംഗം ആകാന്‍ നൂറുകണക്കിന് അംഗങ്ങളുടെ സമ്മതി വേണം. ഈ ആഗ്രഹം പ്രകടിപ്പിച്ച പ്രസിഡന്റിന്റെ ആയുഷ്കാലത്തില്‍ അത് നടപ്പില്ല. അത്രമാത്രം അപ്രായോഗികവും സാങ്കല്‍പ്പികവുമായ ഒരു 'ആകാശകുസുമം' ഉയര്‍ത്തിക്കാട്ടുകയാണ് ഒബാമ ചെയ്തത്. ഇത് അദ്ദേഹത്തിന്റെ വാഗ്മിത്വത്തിന്റെ സാമര്‍ഥ്യമാണെന്ന് പറഞ്ഞേക്കാം. സന്ദര്‍ഭമനുസരിച്ച് പറയേണ്ടത് പറയേണ്ടതുപോലെ വെടിപ്പായി പറയലാണ് വാഗ്മിത്വം-'മിതം ച സാരായ വചഃ' എന്ന പഴയ പ്രമാണം എത്രയോ ശരി. ഇത് രണ്ടാംകിട രാഷ്ട്രീയനേതാവിന്റെ സത്യസന്ധതയില്ലാത്ത വചനകൌശലം മാത്രം.
ഹൃദയം സംസ്കരിക്കപ്പെട്ടാല്‍ എന്ന് പ്രസിഡന്റ് പറഞ്ഞല്ലോ. രണ്ടു ഭൂഖണ്ഡങ്ങള്‍ (ആഫ്രിക്കയും ലാറ്റിനമേരിക്കയും) രക്ഷാസമിതിയില്‍ കാല് കുത്താതെ ഇത്രകാലമായല്ലോ. ഹൃദയമുണ്ടെങ്കില്‍ കറുത്ത വന്‍കരയോടും ദരിദ്രരാഷ്ട്രങ്ങളോടും ദാസന്മാരെന്ന മട്ടിലുള്ള പെരുമാറ്റം തുടരാന്‍ പാടുണ്ടോ? ചൈന സ്ഥിരാംഗത്വം നേടിയത് അവരുടെ സ്വന്തം ശക്തിയും സ്വാധീനവും കൊണ്ടാണ്. അവര്‍ക്ക് ആവശ്യമായ വോട്ട് ലഭിച്ചത് ഈ ആത്മബലംമൂലമാണ്. സൌജന്യംമൂലമല്ല. ചൈനയോളം വിശ്വസംസ്കാരവേദിയില്‍ പ്രാചീനതയും ബഹുമാന്യതയും നേടിയ ഇന്ത്യയിലെ ഇന്നത്തെ നേതാക്കള്‍ ഈ വിഷയത്തില്‍ ചൈനയെ കണ്ടു പഠിക്കണം. പണത്തിനും സഹായത്തിനും വേണ്ടി പിച്ചപ്പാത്രം എടുക്കുന്നതുപോലെ അന്താരാഷ്ട്രീയമായ അവകാശങ്ങളും ഭിക്ഷയായി കിട്ടുമെന്ന് കരുതി നടക്കുന്ന ഇവര്‍ നെഹ്റു പാരമ്പര്യമുള്ള നേതാക്കളാണോ? ഏതോ വാമനവര്‍ഗം ഭരണം സ്വന്തമാക്കിയിരിക്കയാണ്.
രക്ഷാസമിതി പ്രവേശനത്തെപ്പറ്റി ഇവിടെ ഇത്രത്തോളം വിശകലനം ചെയ്തത്, നമ്മുടെ നേതൃമ്മന്യന്മാരില്‍നിന്ന് ധീരമായ പ്രതികരണം ഉണ്ടായില്ലെന്നതോ പോകട്ടെ, പ്രഭാഷണ നൈപുണിയില്‍ ഒബാമയാണോ പത്നി മിഷേല്‍ ആണോ മേലേ എന്ന് തുടങ്ങിയ ഉപവിഷയങ്ങളിലേക്ക് നമ്മുടെ പത്രങ്ങളും ചാനലുകളുംപോലും വഴിതെറ്റിപ്പോയിരിക്കുന്നു. പ്രധാന വിഷയത്തെ നേരിടാന്‍ ഭയപ്പെടുന്നവര്‍ ഉപവിഷയങ്ങളെ പ്രധാനമാക്കിക്കളയും. ഒബാമയെ വിട്ട് മിസിസ് ഒബാമയുടെ നായികാസ്ഥാനത്തെപ്പറ്റി എഴുതിക്കൂട്ടിയ പത്രങ്ങള്‍ക്ക് കാഴ്ച മങ്ങിയിരിക്കുന്നു. വളരെ കരുതിക്കൂട്ടിയാണ് പാര്‍ലമെന്റംഗങ്ങളോട് ഒരു പൊള്ളയായ വാഗ്ദാനം നടത്തി കൈയടി നേടിയത്.
കൈയടിച്ച പാര്‍ലമെന്റംഗങ്ങളെക്കുറിച്ച് അത്ഭുതം തോന്നുന്നു. ഒബാമയുടെ വാക്കുകള്‍ ശ്രദ്ധിച്ചുകേട്ട ഒരു സദസ്സാണെങ്കില്‍, ആ വാക്യം കേട്ട് ആഘോഷം ഉയര്‍ത്താന്‍ പാടില്ലായിരുന്നു. ഐക്യരാഷ്ട്രസഭയ്ക്ക് മനഃപരിവര്‍ത്തനം വന്നാല്‍ എന്നുപറഞ്ഞതിന്റെ സാരം എന്താണ്? 'ഇപ്പോഴൊന്നും സെക്യൂരിറ്റി കൌണ്‍സിലില്‍ അംഗമാകാമെന്ന് സ്വപ്നം കാണേണ്ട; അതൊക്കെ ഞങ്ങളുടെ മനസ്സുപോലെയിരിക്കും' എന്ന് പച്ചയായി പറഞ്ഞിട്ടുവേണമോ അതാണ് ഒബാമയുടെ ഉദ്ദേശ്യം എന്ന് മനസ്സിലാക്കാന്‍? നമ്മുടെ പാര്‍ലമെന്റംഗങ്ങളെപ്പറ്റി വളരെ ഉയര്‍ന്ന മതിപ്പ് പ്രസിഡന്റില്‍ ഈ പ്രതികരണം വഴി സൃഷ്ടിക്കാന്‍ കഴിഞ്ഞിരിക്കുമെന്ന് കരുതുന്നവരുണ്ടെങ്കില്‍ അവരെ നമസ്കരിക്കുന്നു.
പ്രസിഡന്റിന്റെ പാകിസ്ഥാന്‍ പക്ഷപാതവും എത്ര മൂടിവയ്ക്കാന്‍ ശ്രമിച്ചിട്ടും മുറിഞ്ഞ ചൂണ്ടുവിരല്‍പോലെ മൂടിവയ്ക്കാനാവാതെ എറിച്ചുനിന്നു. ഇന്ത്യയില്‍ എവിടെചെയ്ത പ്രസംഗങ്ങളിലും പാകിസ്ഥാന്‍ തീവ്രവാദിരാജ്യമല്ലെങ്കില്‍പ്പോലും തീവ്രവാദികളെ സംരക്ഷിച്ചുവരുന്ന രാജ്യമാണെന്നതിന്റെ അടുത്തെത്തണമെന്ന ഒരു ചിന്തപോലും തന്നില്‍നിന്ന് പുറത്തുചാടാതിരിക്കാന്‍ ഒബാമ വേണ്ടവണ്ണം ശ്രദ്ധിച്ചിരുന്നു. ലഷ്കര്‍ ഇ തോയ്ബ, ജയിഷ് എ മുഹമ്മദ് തുടങ്ങി നിണവേഷങ്ങളായ തീവ്രസംഘടനകള്‍ പാകിസ്ഥാന്റെ ചില പോക്കറ്റുകളില്‍ നിര്‍ബാധം വിലസുന്നുണ്ടെന്ന് അമേരിക്കയൊഴികെ എല്ലാവര്‍ക്കും അറിയാം. എന്നിട്ടും അമേരിക്കയെയും പാകിസ്ഥാനെയും ഒരേ നാട്ടില്‍വച്ച് കാണുന്ന ആ പഴയ അമേരിക്കന്‍തന്ത്രം ഈ പുതുപ്രസിഡന്റും ഉപേക്ഷിച്ചില്ല.
പക്ഷേ, ഈ സമര്‍ഥനായ നേതാവ് അപ്രതീക്ഷിതമായി ഒരു കെണിയില്‍പ്പെട്ടുപോയി. ജനപ്രിയങ്കരന്‍ എന്ന തന്റെ പ്രതിച്ഛായ വളര്‍ത്താന്‍ ടൈ കെട്ടാതെ, കുപ്പായത്തിന്റെ കൈനീട്ടിയിട്ട്, കുട്ടികളോടൊത്ത് തുറന്ന് സംസാരിക്കുക എന്ന ഒബാമയുടെ പരിപാടി അല്‍പ്പമൊന്ന് താളം പിഴച്ചു. മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജില്‍ വിദ്യാര്‍ഥിസംഗമം നടക്കുമ്പോള്‍ ഒരു കുട്ടി (അഫ്രിന്‍ ഇറാനി) എഴുന്നേറ്റ് ഒരു ചോദ്യം ഒബാമയോട് നേരെ ചോദിച്ചു- 'എന്തുകൊണ്ടാണ് അമേരിക്ക ഒരിക്കലും പാകിസ്ഥാനെ കുറ്റപ്പെടുത്താതെ ആ രാജ്യത്തോട് ഇഷ്ടത്തില്‍ കഴിയുന്നത്' എന്ന്. ഉത്തരം പറയാന്‍ ഒരു നിമിഷം ശങ്കിച്ചുനിന്നുപോയി ഒബാമ. എന്നിട്ട് പറഞ്ഞത് ഒരു ഒഴികഴിവുപറച്ചില്‍ മാത്രമായിരുന്നു, നേരെയുള്ള മറുപടിയായിരുന്നില്ല. പാകിസ്ഥാനെ നേര്‍വഴിക്ക് കൊണ്ടുവരേണ്ടത് ഇന്ത്യയുടെ കടമയാണെന്നാണ് അദ്ദേഹം വാദിച്ചത്. അമേരിക്കയുടേതാണ് ശരിക്കും ഈ കടമ. അത് ഇന്ത്യയുടേതാണെന്ന് പറയണമെങ്കില്‍ കറുത്തവനായാലും അമേരിക്കന്‍ എന്ന സ്വഭാവം അതിനേക്കാള്‍ പ്രബലമായിരിക്കണമല്ലോ. രണ്ട് രാജ്യങ്ങള്‍ സംഘര്‍ഷത്തില്‍ കഴിയുമ്പോള്‍ മധ്യസ്ഥരായി വരുന്നവരുടെ കടമയാണ് അവരെ കലഹത്തിന്റെ വഴിയില്‍നിന്ന് പിന്തിരിപ്പിക്കുന്നത്. കലഹിക്കുന്ന ഒരു കക്ഷിക്ക് എതിര്‍കക്ഷിയെ ശക്തിപ്പെടുത്തുക എന്ന ചുമതലകൂടിയുണ്ടെന്ന് ഒബാമ പറയുന്നതുവരെ ആര്‍ക്കും അറിഞ്ഞുകൂടായിരുന്നു.
നവംബര്‍ ഏഴിനായിരുന്നു ഈ സെന്റ് സേവ്യേഴ്സ് കോളേജ് സംഗമം. തലേന്ന് താജില്‍ ചെയ്ത പ്രസംഗത്തില്‍ പാകിസ്ഥാന്‍ എന്ന പേരുപോലും ഉച്ചരിച്ചിരുന്നില്ല അദ്ദേഹം. കോളേജില്‍ മിടുക്കനായ ഒരു വിദ്യാര്‍ഥി മര്‍മപ്രധാനമായ ഈ ചോദ്യം ചോദിക്കാന്‍ ധൈര്യം കാട്ടിയപ്പോള്‍, ആ കുട്ടിയെ ബഹുമാനിക്കാന്‍ തോന്നിപ്പോകുന്നു. അവന്റെ ഒരു പടംപോലും പത്രങ്ങളില്‍ കണ്ടില്ല. ഇവര്‍ ആരോടൊപ്പമാണ്? ഇവര്‍ക്ക് പാര്‍ലമെന്റംഗങ്ങളേക്കാള്‍ ഈ വിദ്യാര്‍ഥി ഇന്ത്യയുടെ അഭിമാനത്തെ കാത്തു എന്ന് തോന്നുന്നുണ്ടോ? എങ്കില്‍ അത് ഇങ്ങനെയല്ല പ്രദര്‍ശിപ്പിക്കേണ്ടത്.
അടുത്തയാഴ്ചയോ മറ്റോ പ്രസിഡന്റ് ഇസ്ളാമാബാദ് സന്ദര്‍ശിക്കുന്നുണ്ട്. അന്ന് അദ്ദേഹം എന്തുപറയുമെന്ന് കേള്‍ക്കാന്‍ നമുക്ക് കാത്തിരിക്കാം. ഒബാമയെ വിലയിരുത്തുന്നത് പൂര്‍ത്തിയാക്കാന്‍ അതുകൂടി കേള്‍ക്കണം.
ഇന്ത്യക്ക് ലഭിക്കേണ്ടതിനെപ്പറ്റി പറഞ്ഞതാണ് വെള്ളത്തിലെഴുത്തായി മാഞ്ഞുപോയത്. അമേരിക്കയുടെ കാര്യം ഒട്ടും മായാത്ത മട്ടില്‍ അദ്ദേഹം കരിങ്കല്ലില്‍ത്തന്നെ എഴുതി. അദ്ദേഹം ഇന്തോനേഷ്യ സന്ദര്‍ശനത്തിനായി ജക്കാര്‍ത്തയിലേക്ക് പോകുമ്പോള്‍ അദ്ദേഹത്തിന്റെ കീശയില്‍ 200 കോടി ഡോളറിന്റെ കച്ചവടക്കരാറും അമ്പതിനായിരം തൊഴില്‍ വാഗ്ദാനവും സുരക്ഷിതമായി കിടപ്പുണ്ടായിരുന്നു. നമ്മുടെ ഭരണാധികാരികളും മാധ്യമങ്ങളും ഒബാമയുടെ പ്രഭാഷണമഹിമയില്‍ മതിമറന്ന് സന്തോഷിച്ചുകഴിയുന്നു!
*
സുകുമാര്‍ അഴീക്കോട് കടപ്പാട്: ദേശാഭിമാനി ദിനപത്രം 28-11-2010
Subscribe to:
Post Comments (Atom)
1 comment:
ഈ ലേഖനത്തിന്റെ തലവാചകം എഴുതിക്കഴിഞ്ഞപ്പോഴാണ് ഇക്കാലത്ത് മലയാളി പെട്ടെന്ന് തെറ്റിദ്ധരിക്കുന്ന ഒരു മോശം അര്‍ഥസൂചന അതിനുണ്ടല്ലോ എന്ന് എനിക്ക് തിരിച്ചറിവുണ്ടായത്. കുടികൂടിവരുന്ന ഈ നാട്ടില്‍ 'വെള്ളത്തില്‍' എന്നുപറഞ്ഞാല്‍ ഉടനെ തെറ്റിദ്ധരിക്കും. അമേരിക്കന്‍ പ്രസിഡന്റ് ഇവിടെ വന്ന് ലഹരിയില്‍പ്പെട്ടു എന്നൊന്നും ദയവായി അര്‍ഥം ഉണ്ടാക്കരുത്. 'വെള്ളത്തില്‍ എഴുതുക' എന്നത് മനോഹരമായ മലയാളശൈലികളില്‍ ഒന്നാണ്. സംസ്കൃതത്തില്‍ 'ജലരേഖ' എന്ന് സമാനമായ പ്രയോഗമുണ്ട്. ഇംഗ്ളീഷില്‍ അങ്ങനെ ഒരു ശൈലി ഇല്ലെന്ന് തോന്നുന്നു. എഴുതിയത് അപ്പോള്‍ത്തന്നെ മാഞ്ഞുപോകുന്നുവെന്നാണ് ഇതിന്റെ വ്യംഗ്യം.
രാഷ്ട്രത്തലവന്മാര്‍ വിദേശസന്ദര്‍ശനം നടത്തുമ്പോള്‍, രാഷ്ട്രീയ നേതാക്കളുടെ പതിവുരീതിയിലും കൂടുതല്‍ കൂട്ടിപ്പറയുന്നത് മനസിലാക്കാം. കേള്‍ക്കുന്നവരെ നല്ലപോലെ പ്രീതിപ്പെടുത്തുക എന്ന ഉദ്ദേശ്യമേയുള്ളൂ. അത്തരത്തിലുള്ള അത്യുക്തിക്ക് നല്ലൊരു 'മാര്‍ജിന്‍' കൊടുത്താലും ബറാക് ഒബാമ ഇന്ത്യയില്‍ചെയ്ത നയപ്രസ്താവനാരൂപത്തിലുള്ള പ്രസംഗങ്ങളില്‍ പറഞ്ഞ പല കാര്യങ്ങളും പറഞ്ഞ ഉടനെ അസത്യമാണെന്ന് തെളിഞ്ഞുപോയി. ജലരേഖയുടെ ആയുസ്സുപോലും പല പ്രസ്താവനകള്‍ക്കും ഉണ്ടായില്ല.
Post a Comment