Thursday, November 11, 2010

മന്‍മോഹന്‍ സിംഗിനെ നോക്കി പരിഹസിക്കുന്ന എ രാജയും സ്‌പെക്ട്രം അഴിമതിയും

കേന്ദ്ര മന്ത്രി എ രാജ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് വെല്ലുവിളി ഉയര്‍ത്തി നിലകൊള്ളുന്നു. വൈകല്യമായി. രാജീവ് ഗാന്ധിയെ സംബന്ധിച്ച് ബോഫോഴ്‌സ് തോക്കിടപാടും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് ഗോധ്രാ സംഭവവും ഈ ഗണത്തില്‍പ്പെട്ടതായിരുന്നു. ഇത്തരം കളങ്കങ്ങള്‍ ഇവരുടെ കാലത്തും കാലശേഷവും ഒഴിയാബാധപോലെ പിന്‍തുടരുന്നുവെന്നത് ചരിത്ര സത്യം. ഇതില്‍ ഇപ്പോഴത്തെ കണ്ണിയായി എ രാജയുടെ സ്പെക്ട്രം ഇടപാടും.

സ്‌പെക്ട്രം ഇടപാട് പ്രധാനമന്ത്രിക്ക് മാത്രമല്ല രാജ്യം ഭരിക്കുന്ന യു പി എ സര്‍ക്കാരിന് തന്നെ കളങ്കം വീഴ്ത്തിയ സംഭവമായി മാറി. 1.4 ലക്ഷം കോടി രൂപയുടെ അഴിമതി ഇടപാട് നടത്തിയ എ രാജയ്െക്കതിരെ ചെറുവിരല്‍ അനക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ് മന്‍മോഹന്‍ സിംഗിന് ഉണ്ടായിട്ടുള്ളത്. ഇക്കാര്യം പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അറിയാവുന്നതാണ്. എന്നാല്‍ യു പി എ മുന്നണിയിലെ ഘടക കക്ഷിയായ ഡി എം കെയുടെ നേതാവ് എം കരുണാനിധി രാജയ്‌ക്കെതിരെ നടപടിയെടുക്കുന്നതില്‍ നിന്നും മന്‍മോഹന്‍ സിംഗിന് വിലങ്ങുതടിയാകുന്നു. രാജയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാനോ എന്തിന് വകുപ്പ് മാറ്റി നല്‍കാന്‍പോലുമോ യു പി എ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.

പൊതുജന താല്‍പ്പര്യത്തിന് പ്രാധാന്യം കൊടുക്കാതെ കളങ്കിതനായ മന്ത്രി എ രാജയെ സംരക്ഷിക്കേണ്ട ഗതികേടാണ് മന്‍മോഹന്‍ സിംഗിന് ഇപ്പോഴുള്ളത്. പരിചിതമായ രാഷ്ട്രിയ നിസംഗത സൃഷ്ടിച്ച് തന്റെ പാര്‍ട്ടിക്കാര്‍ നടത്തുന്ന വന്‍ അഴിമതികളെ വെള്ളപൂശാനുള്ള വൈദഗ്ധ്യം കരുണാനിധി രാജയുടെ കാര്യത്തിലും സ്വീകരിച്ചു എന്നതാണ് വാസ്തവം.

ദളിത് വിഭാഗത്തിലെ അഗം എന്നത് കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയ രാജയക്ക് കൂടുതല്‍ സംരക്ഷണത്തിനായി ഉപയോഗിക്കുന്നു. വരേണ്യ വര്‍ഗത്തിന്റെ പീഡനങ്ങള്‍ അനുഭവിച്ചാണ് ദലിത് വിഭാഗത്തിലുള്ളവര്‍ രാഷ്ട്രീയത്തിന്റെ ഉന്നത ശ്രേണിയില്‍ എത്തിയതെന്നും അതുകൊണ്ടുതന്നെ ഇവര്‍ക്കെതിരെ ഉണ്ടാകുന്ന ആരോപണങ്ങള്‍ ഭൂരിപക്ഷം മനപ്പൂര്‍വം കെട്ടിച്ചമച്ചതാണെന്നുമുള്ള മുടന്തന്‍ ന്യായം പറഞ്ഞാണ് ഇവര്‍ പലപ്പോഴും രക്ഷപ്പെടുന്നത്. ഉത്തര്‍പ്രദേശിലെ മായാവതിയും ജസ്റ്റിസ് പി ഡി ദിനകരനും തങ്ങള്‍ക്കെതിരെ ഉണ്ടായ അഴിമതി ആരോപണങ്ങളില്‍ നിന്നും രക്ഷപ്പെട്ടത് ഇക്കാര്യങ്ങള്‍ നിരത്തിയാണ്.

രാജയെ രക്ഷിക്കാനുള്ള കരുണാനിധിയുടെ തന്ത്രങ്ങള്‍ കൂട്ടുകക്ഷി ഭരണത്തിന്റെ കേവല ധാര്‍മ്മികത പോലും നഷ്ടപ്പെടുത്തിയതായി കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ പറയുന്നു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയേക്കാള്‍ കൂടുതല്‍ ഗൗരവമായ വീഴ്ച വരുത്തിയത് കോണ്‍ഗ്രസ് നേതൃത്വമാണ്. കേവലം അധികാരത്തിനുവേണ്ടി ഏത് നെറികെട്ട കൂട്ടുകെട്ടിനും കോണ്‍ഗ്രസ് നേതൃത്വം തയ്യറായി എന്നതാണ് രാജയുടെ പേരിലുള്ള സ്‌പെക്ട്രം അഴിമതി പകര്‍ന്ന് തരുന്ന പാഠം.

ആണവ ബില്ലിന്റെ കാര്യത്തില്‍ മന്‍മോഹന്‍ സിംഗ് സ്വീകരിച്ച കാര്‍ക്കശ്യം ഇക്കാര്യത്തില്‍ അദ്ദേഹത്തിന് സ്വീകരിക്കാന്‍ കഴിഞ്ഞില്ല. ഇടതു പക്ഷം പിന്തുണ പിന്‍വലിച്ച് സര്‍ക്കാര്‍ നിലം പതിക്കുമെന്ന സ്ഥിതിയില്‍പോലും തന്റെ നിലപാടില്‍ നിന്നും ലവലേശം പിന്നാക്കം പോകാന്‍ മന്‍മോഹന്‍ സിംഗ് തയ്യാറായില്ല. ഇതേ മന്‍മോഹന്‍ സിംഗാണ് രാജയുടെ കാര്യത്തില്‍ ഇരുട്ടില്‍ തപ്പുന്നത്. എന്നാല്‍ ഡി എം കെ പിന്തുണ പിന്‍വലിച്ചാന്‍ തന്റെ സര്‍ക്കാര്‍ വീഴുമെന്ന പേടി തന്റെ മുന്‍ നിലപാടില്‍ നിന്നും മന്‍മോഹന്‍ സിംഗിനെ പിന്നിലേക്ക് വലിക്കുന്നു. അഥവാ താന്‍ ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു എന്നതാകാം വസ്തുത.

അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ഏറെ വ്യാകുലതയുള്ള സന്ദര്‍ഭമാണ് ഇപ്പോഴുള്ളത്. ഈ അവസരത്തിലാണ് അധികമാര്‍ക്കും മനസിലാകാത്ത സ്‌പെക്ട്രം ഇടപാടുമായി രാജ മുന്നോട്ട് പോയത്. യു പി എ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന് പോലും 2 ജി മൊബൈല്‍ സംവിധാനങ്ങളുടെ നേട്ടങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ല. എന്നാല്‍ സ്‌െപക്ട്രത്തിന്റെ നേട്ടങ്ങളില്‍ രാജ വാചാലനാകുന്നു. ഇതില്‍ നിന്നും വ്യക്തമാകുന്ന ഒരു കാര്യം സ്‌പെക്ട്രം ഇടപാടില്‍ വന്‍ അഴിമതി നടന്നു എന്നുതന്നെ.

ആരോപിക്കപ്പെട്ട 1.4 ലക്ഷം കോടിയോ അതിലധികം രൂപയുടേയോ അഴിമതി സ്‌പെക്ട്രം ഇടപാടില്‍ നടന്നിട്ടുെണ്ടന്നത് ഏതൊര് സാധാരണ പൗരനും വ്യക്തം. 2001 ലെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് 2007ല്‍ കരാര്‍ നല്‍കിയത് എന്നത് ഈ വിശ്വാസത്തെ അരക്കിട്ടറുപ്പിക്കുന്നു. സ്‌പെക്ട്രം അഴിമതി സംബന്ധിച്ച് സുപ്രിം കോടതിയും സി എ ജിയും കേന്ദ്ര വിജിലന്‍സ് കമ്മിഷനും ആരോപണങ്ങള്‍ ശരിവെയ്ക്കുന്ന നിരീക്ഷണങ്ങളും നിലപാടുകളുമാണ് സ്വീകരിച്ചത്. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്- അഴിമതി നടന്നു എന്നതിലേയ്ക്കുതന്നെ.

രാജ്യത്തെ പരമോന്നത നീതിപീഠം ഇത്തരമൊരു നിരീക്ഷണം നടത്തിയിട്ടും തന്റെ മന്ത്രിസഭയിലെ അംഗമായ രാജയ്‌ക്കെതിരെ നടപടിയെക്കാന്‍ മന്‍മോഹന്‍ സിംഗിന് കഴിഞ്ഞിട്ടില്ല. കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സിയായ സി ബി ഐയെകൊണ്ട് അന്വേഷണം നടത്തിച്ച് ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ് കൈകഴുകാന്‍ മന്‍മോഹന്‍ സിംഗിന് ഇനി കഴിയില്ല. കാരണം സുപ്രിം കോടതിയുടെ നിരീക്ഷണം അത്രമാത്രം ശക്തമാണ്.

രാജ്യത്തെ കുറ്റാന്വേഷേണ ഏജന്‍സികള്‍ ഭരിക്കുന്ന സര്‍ക്കാരിന്റെ തടവറയിലാകുമ്പോള്‍ രാജയെ പോലുള്ള അഴിമതിവീരനായ ഒരു മന്ത്രിയെ പുറത്താക്കാന്‍ മന്‍മോഹന്‍ സിംഗിന് കഴിയില്ല. രാജയെ സംരക്ഷിക്കുന്നതില്‍ പ്രധാനമന്ത്രിയ്ക്ക് മാത്രമല്ല കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയ്ക്കും ഉത്തരവാദിത്വമുണ്ട്. രാജയുടെ കാര്യത്തില്‍ അന്ധമായ നിലപാടാണ് ഇനിയും തുടരുന്നതെങ്കില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയും ഇതിന്റെ പഴികേള്‍ക്കേണ്ടിവരും.

എണ്‍പതുകളിലും തൊണ്ണൂറുകളിലും കോണ്‍ഗ്രസിനെതിരെയുണ്ടായ അഴിമതി ആരോപണങ്ങളാണ് ഇപ്പോഴും ലോക്‌സഭയില്‍ ഒറ്റയക്ക് ഭൂരിപക്ഷം കിട്ടാത്തതിനുള്ള മുഖ്യകാരണം. ഷിബു സോറനോട് സ്വീകരിച്ച കര്‍ക്കശമായ നിലപാട് രാജയോടും സ്വീകരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണം. രാജയെ മന്ത്രിസഭയില്‍ നിന്ന് മാത്രം പുറത്താക്കി പ്രശ്‌നം പരിഹരിക്കാന്‍ ഇനി കോണ്‍ഗ്രസിന് കഴിയില്ല. ഇതിന്റെ സമയം കഴിഞ്ഞു. ഇത്തരമൊരു നടപടി സുപ്രിംകോടതിയുടെ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രതികരണം മാത്രമായി ജനങ്ങള്‍ വിലയിരുത്തും.

*
അമൂല്യ ഗാംഗുലി കടപ്പാട്: ജനയുഗം 11-11-2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേന്ദ്ര മന്ത്രി എ രാജ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് വെല്ലുവിളി ഉയര്‍ത്തി നിലകൊള്ളുന്നു. വൈകല്യമായി. രാജീവ് ഗാന്ധിയെ സംബന്ധിച്ച് ബോഫോഴ്‌സ് തോക്കിടപാടും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് ഗോധ്രാ സംഭവവും ഈ ഗണത്തില്‍പ്പെട്ടതായിരുന്നു. ഇത്തരം കളങ്കങ്ങള്‍ ഇവരുടെ കാലത്തും കാലശേഷവും ഒഴിയാബാധപോലെ പിന്‍തുടരുന്നുവെന്നത് ചരിത്ര സത്യം. ഇതില്‍ ഇപ്പോഴത്തെ കണ്ണിയായി എ രാജയുടെ സ്പെക്ട്രം ഇടപാടും.