വാഗ്ദാനം ചെയ്യപ്പെട്ട 'മാന്യദേഹം' ഇതാ വരുന്നു! എന്‍ഡോസള്‍ഫാന്‍ തളിച്ചതുകൊണ്ട് കാസര്‍കോട് ജില്ലയില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടായോ എന്ന് അന്വേഷിച്ച് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാന്‍ ഒരു വിദഗ്ദ്ധനെ അയക്കുന്നതാണെന്ന പ്രഖ്യാപനത്തിന് പിന്നാലെ മന്ത്രി കെ വി തോമസ് അദ്ദേഹം ആരെന്നും വെളിപ്പെടുത്തി: കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ ചെയര്‍മാന്‍ സി ഡി മായി. നമുക്ക് സുപരിചിതമാണ് ഈ പേര്. 2004 സെപ്തംബറില്‍ ഇതേ പ്രശ്‌നം അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ കേന്ദ്ര കൃഷിമന്ത്രാലയം ഇങ്ങോട്ടയച്ചത് ഇദ്ദേഹത്തെയായിരുന്നു. അപ്പോള്‍ മായി അഗ്രിക്കള്‍ച്ചര്‍ കമ്മിഷണറായിരുന്നു. ഇപ്പോള്‍ പദവികളുടെ പരിവേഷം കൂടിയിട്ടുണ്ട്. കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ മാത്രമല്ല, കാര്‍ഷിക ശാസ്ത്രഗവേഷണ ബ്യൂറോയുടെയും ചെയര്‍മാനാണ്. 2004 ജൂലൈ 7 ന് ലോക്‌സഭയില്‍ കൃഷിമന്ത്രി ശരത്പവാര്‍ പി കരുണാകരന്‍ എം പിയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍, ഒ പി ദുബെയുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് പറയുന്നു
''പഡ്രെവില്ലേജിലെ പി സി കെയുടെ കശുമാവിന്‍ തോട്ടത്തില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചതും ആരോഗ്യ പ്രശ്‌നങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല. എങ്കിലും മറ്റൊരു പഠനം മറിച്ചൊരു നിഗമനത്തിലെത്തിയിട്ടുണ്ട്. വ്യത്യസ്ത അഭിപ്രായങ്ങളുയര്‍ന്ന സ്ഥിതിക്ക് പുതിയൊരു പഠനം ആവശ്യമായി വന്നിരിക്കുന്നു!'' അതുപ്രകാരം നിയുക്തനായ സി ഡി മായി 2004 ഡിസംബറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു-കൃത്യം നാലാം മാസത്തില്‍.
പഡ്രെ ഗ്രാമത്തിലെ ആരോഗ്യപ്രശ്‌നങ്ങളും എന്‍ഡോസള്‍ഫാന്‍ പ്രയോഗവും തമ്മില്‍ യാതൊരു ബന്ധവുമില്ല. ആകാശത്തു നിന്നുള്ള കീടനാശിനി പ്രയോഗവും അനുവദനീയമാണ്. 1968 ലെ കീടനാശിനി നിയമപ്രകാരം എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് തുടരാവുന്നതാണ്. ഒ പി ദുബെയുടെ റിപ്പോര്‍ട്ടിന്റെ ശരിപകര്‍പ്പ് തന്നെ! അതുകൊണ്ടാണ് സമരസമിതി റിപ്പോര്‍ട്ട് കത്തിച്ചുകൊണ്ട് പ്രകടനം നടത്തിയത്.
അതേ സി ഡി മായിയാണ് വീണ്ടും വരുന്നത്. കൃഷിവകുപ്പാണ് അദ്ദേഹത്തെ അയയ്ക്കുന്നതെങ്കില്‍, കേന്ദ്ര പരിസ്ഥിതി മന്ത്രാലയം മറ്റൊരു സംഘത്തെ അയയ്ക്കുന്നുണ്ട്. വേണമെങ്കില്‍, കേരളത്തില്‍നിന്നുള്ള ഒരാളെയും സംഘത്തില്‍ ഉള്‍പ്പെടുത്താം-മന്ത്രി ജയറാം രമേശ് ഔദാര്യം കാണിക്കുന്നു. സി ഡി മായിയുടെ സംഘത്തിലും ഉണ്ടായിരുന്നു കേരളത്തില്‍ നിന്നുള്ള ഒരാള്‍-കൃഷിവകുപ്പ് ഡയറക്ടര്‍ ജ്യോതിലാല്‍. മായി കമ്മിഷന്റെ രണ്ടാമത്തെ യോഗത്തില്‍ (2004 നവംബര്‍ 5) ദുബെയുടെയും എന്‍ ഐ ഒ എച്ചിന്റെയും റിപ്പോര്‍ട്ടുകളെക്കുറിച്ച് ചര്‍ച്ച ചെയ്തു. രണ്ട് റിപ്പോര്‍ട്ടുകളും തമ്മില്‍ വൈരുധ്യങ്ങളുണ്ടെന്ന് പറഞ്ഞ അംഗങ്ങള്‍ ഒരു കാര്യത്തില്‍ യോജിപ്പിലെത്തി. എന്‍ഡോസള്‍ഫാന്‍ കാന്‍സറിന് കാരണമാകും; ജനിതക വൈകല്യങ്ങള്‍ക്കും (കാര്‍സിനോജെനിക്, ജെനോടോക്‌സിക്ക്). പക്ഷേ, അന്തിമ റിപ്പോര്‍ട്ട് നല്‍കിയത് എന്‍ഡോസള്‍ഫാന്‍ ആകാശത്തു നിന്നുപോലും തളിക്കാന്‍ വിരോധമില്ല; പഡ്രെയിലെ അപൂര്‍വരോഗങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാനല്ലെന്ന്!
ഡോ. മായി പ്രമാണമാക്കുന്ന ദുബെ കമ്മിഷനും ഇതുപോലൊരു കഥയുണ്ട്. കമ്മിഷന്റെ മെമ്പര്‍ സെക്രട്ടറി ഡോ സന്ധ്യാകുല ശ്രേഷ്ഠ അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ തറപ്പിച്ചു പറഞ്ഞു: ''എന്‍ഡോസള്‍ഫാന്‍ തന്നെ രോഗങ്ങള്‍ക്ക് കാരണം. മറ്റൊരു സാധ്യതയും കാണുന്നില്ല.'' പക്ഷേ, അന്തിമ റിപ്പോര്‍ട്ടില്‍ എന്‍ഡോസള്‍ഫാന് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ്.
ഡോ. മായിയുടെ പുതിയ ചില ബന്ധങ്ങള്‍: ജനിതക വ്യതിയാനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന നാഷണല്‍ സര്‍വീസസ് ഫോര്‍ ദി അക്വിസിഷന്‍ ഓഫ് അഗ്രിബയോടെക് ആപ്ലിക്കേഷന്‍സ് ബോര്‍ഡംഗമാണ് അദ്ദേഹം. മോണ്‍സെന്റോ, ബായെര്‍, ഡ്യൂപോണ്ട് കമ്പനികളുടെ പ്രതിനിധികളാണ് ബോര്‍ഡിലെ മറ്റ് അംഗങ്ങള്‍. എന്‍ഡോസള്‍ഫാന്‍ നിര്‍മാണ കമ്പനിയാണ് ബായെര്‍. വിജയ് മല്യയായിരുന്നു ദുബെ കമ്മിഷന്റെ കാലത്ത് ബായെര്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍. എന്‍ഡോസള്‍ഫാന് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിക്കൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രിക്കും കൃഷിമന്ത്രിക്കും കത്തെഴുതിച്ചത് മല്യയായിരുന്നു. ഈ കത്ത് ദുബെയുടെ പഠന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൃഷിവകുപ്പ് സഹമന്ത്രി ഡോ മായിയെ വീണ്ടും ഇങ്ങോട്ടയയ്ക്കുമ്പോള്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശ് വെറുതെയിരിക്കുമോ? അദ്ദേഹവും അയയ്ക്കുന്നു ഒരു പഠനസംഘത്തെ കേരളത്തിലേയ്ക്ക്! വേണമെന്നുണ്ടെങ്കില്‍ ഒരു കേരളീയനെയും സംഘത്തില്‍ ഉള്‍പ്പെടുത്താമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. ദുബെയുടെ സംഘത്തിലുണ്ടായിരുന്നല്ലോ കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഗവേഷണ വിഭാഗം അസോസിയേറ്റ് ഡയറക്ടര്‍ സി സുന്ദരേശന്‍ നായര്‍.
മറ്റൊരു പ്രശ്‌നം: കൃഷി മന്ത്രാലയത്തിന്റെയും പരിസ്ഥിതി മന്ത്രാലയത്തിന്റെയും പഠന സമിതികള്‍ സമവായത്തിലെത്തിയില്ലെങ്കിലോ? നേരത്തെ സംഭവിച്ചതെന്തെന്ന് നമുക്കറിയാം. ഡോ പി കെ ശിവരാമന്റെയും ഡോ ഹബീബൂള്ള സെയിദിന്റെയും (എന്‍ ഐ ഒ എച്ച്) നിഗമനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ദുബെയുടെ ''കണ്ടെത്തല്‍'' എന്ന് പറഞ്ഞിട്ടില്ലേ 2004 ല്‍ സി ഡി മായിയെ പറഞ്ഞയച്ചത് പുതിയൊരു പഠന നിയോഗവുമായിട്ട്.
അതുപോലെ ഇനിയും സംഭവിച്ചുകൂടാ എന്നില്ലല്ലോ! വീണ്ടും അയയ്ക്കാം മറ്റൊരു കമ്മിഷനെ! അന്തിമ റിപ്പോര്‍ട്ട് വരുന്നതുവരെ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ് ലിമിറ്റഡ്, നിര്‍മാണവും വ്യാപാരവും നിര്‍ബാധം തുടരട്ടെ!
*
നാരായണന്‍ പേരിയ കടപ്പാട്: ജനയുഗം
Sunday, November 21, 2010
Subscribe to:
Post Comments (Atom)
1 comment:
വാഗ്ദാനം ചെയ്യപ്പെട്ട 'മാന്യദേഹം' ഇതാ വരുന്നു! എന്‍ഡോസള്‍ഫാന്‍ തളിച്ചതുകൊണ്ട് കാസര്‍കോട് ജില്ലയില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടായോ എന്ന് അന്വേഷിച്ച് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാന്‍ ഒരു വിദഗ്ദ്ധനെ അയക്കുന്നതാണെന്ന പ്രഖ്യാപനത്തിന് പിന്നാലെ മന്ത്രി കെ വി തോമസ് അദ്ദേഹം ആരെന്നും വെളിപ്പെടുത്തി: കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ ചെയര്‍മാന്‍ സി ഡി മായി.
Post a Comment