കേരളത്തിലെ യുഡിഎഫിന് പ്രത്യയശാസ്ത്രത്തിന്റെ അഭാവമോ ദാരിദ്ര്യമോ ഉണ്ടെന്ന് ഡോ. എം ജി എസ് നാരായണന്‍ കണ്ടുപിടിച്ചിരിക്കുന്നു. നവംബര്‍ 16ലെ മലയാള മനോരമ ദിനപത്രത്തില്‍ "ജനാധിപത്യമുന്നണിക്കും വേണം ഒരു പ്രത്യയശാസ്ത്രം'' എന്ന തലക്കെട്ടില്‍ എഴുതിയിരിക്കുന്ന ലേഖനത്തിലാണ് ഈ ചരിത്ര അധ്യാപകന്‍ തന്റെ വിജ്ഞാന ദാരിദ്ര്യം വിളമ്പിയിരിക്കുന്നത്. താമര വിടര്‍ന്നിരുന്ന സന്ദര്‍ഭങ്ങളില്‍ കാവിയില്‍ അഭിരമിക്കുകയും അതിന്റെ ഭാഗമായി നേട്ടങ്ങള്‍ അനുഭവിക്കുകയും ചെയ്തിരുന്ന ഡോ. എം ജി എസ് നാരായണന് ഇപ്പോള്‍ ഹിന്ദു രാഷ്ട്രവാദത്തോട് പഴയ കമ്പം കാണുന്നില്ല. സെക്കുലറിസം മാനിക്കപ്പെടണമെന്നാണ് ഇപ്പോള്‍ അദ്ദേഹത്തിനുണ്ടായ തിരിച്ചറിവ്. യുഡിഎഫ് നേതാക്കള്‍ക്ക് ബുദ്ധിയുണ്ടോ എന്ന നേരിയ സംശയം പോലുമില്ലാതെ മനോരമയുടെ താളുകളിലൂടെ എം ജി എസ് തന്റെ ചിന്താഭാരം ഒന്നൊന്നായി ഇറക്കിവെക്കുമ്പോള്‍ ഇപ്പോള്‍ സൌജന്യമാണെങ്കിലും ഭാവിയില്‍ എന്തു വിലയാണ് നല്‍കേണ്ടിവരുക എന്ന ആശങ്ക വലതുപക്ഷത്തെ ആസ്ഥാന ബുദ്ധിജീവികള്‍ക്കു തോന്നും. കാവിപക്ഷത്തിന് ഇനി ആരു ബുദ്ധി പകരുമെന്നേ കണ്ടറിയാനുള്ളൂ.
ഇടതുപക്ഷത്തെപ്പറ്റിയുള്ള അപവാദകഥകള്‍ക്കുമേലാണ് എം ജി എസിന്റെ പ്രത്യയശാസ്ത്ര ചിന്തകള്‍ ആരംഭിക്കുന്നത്. "ഇടതെന്ന് വിളിക്കപ്പെടുന്നവര്‍ അധികാരത്തിന്റെയും, സമ്പത്തിന്റെയും, സ്വാധീനത്തിന്റെയും കൊടിമുടിയില്‍ കയറിയെന്നും ഏറ്റവും വലിയ പണക്കാരും അഴിമതിക്കാരുമായി മാറിയെന്നും തീവ്രവാദികളുമായി കൂട്ടുകൂടി''യെന്നുമൊക്കെയാണ് ലേഖനത്തില്‍ പുലമ്പുന്നത്. ഇടതുപക്ഷം സര്‍ക്കാരിലും അല്ലാതെയുമായി കേരളത്തിനു ചെയ്ത അനവധി സേവനങ്ങളെ ഓര്‍മിക്കുകപോലും ചെയ്യാത്ത ഒരാള്‍ മലയാളിയാണോ? ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കേസുകള്‍ ഒന്നൊന്നായി പുറത്തുവരികയും കോണ്‍ഗ്രസിന്റെ പങ്ക് പല തവണ തുറന്നുകാട്ടപ്പെടുകയും ചെയ്യുമ്പോഴാണ് അഴിമതിയുടെ ആടയാഭരണങ്ങള്‍ ചാര്‍ത്തി ഇടതിനെ മോശമാക്കാന്‍ എം ജി എസ് ശ്രമിക്കുന്നത്. ചെറുകാര്‍ നിര്‍മാതാവായ രത്തന്‍ ടാറ്റയോട്, ആഭ്യന്തര വിമാന ഏജന്‍സി നടത്താന്‍ ലൈസന്‍സിന് ഒരു കേന്ദ്രമന്ത്രി 15 കോടി രൂപാ നേരിട്ട് കോഴ ചോദിച്ച വാര്‍ത്തയും ഇതേ തീയതിയിലെ മനോരമയിലുണ്ട്. താന്‍ പ്രത്യയശാസ്ത്രമുണ്ടാക്കാന്‍ നടക്കുന്ന കോണ്‍ഗ്രസ്സാണ് അഴിമതിയുടെ കൂടെന്ന് തിരിച്ചറിയാനാകാത്ത ഈ ബുദ്ധിജീവി, വലതുപക്ഷത്തിന്റെ അടിമയോ, തടവറയില്‍ കഴിയുന്ന വ്യക്തിയോ ആണെന്ന് വ്യക്തമാകുന്നു.
പാര്‍ലമെന്ററി ജനാധിപത്യം, സ്ത്രീവാദം, വ്യാവസായികാടിത്തറയുള്ള വികസനവാദം ഇവയൊന്നും ഇടതുപക്ഷത്തിന്റെ മനസ്സില്‍ പതിഞ്ഞിരുന്നില്ല എന്നാണ് മറ്റൊരു കണ്ടുപിടുത്തം. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് പാര്‍ലമെന്ററി ജനാധിപത്യത്തെ അട്ടിമറിച്ച ചരിത്രമുള്ള കോണ്‍ഗ്രസ്സിനെ ലേഖകന്‍ വിശുദ്ധയുടെ പരിവേഷമണിയിക്കുന്നു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വനിതാ സംവരണം അന്‍പതു ശതമാനമാക്കി ഉയര്‍ത്തിയ ഇടതുപക്ഷത്തെയാണ് എം ജി എസ് സ്ത്രീവാദം പഠിപ്പിക്കുന്നത്.
"ഇപ്പോള്‍ തോറ്റു നിലംപതിച്ച കൂട്ടര്‍ക്ക് ഒരു പ്രത്യയശാസ്ത്രം ഉണ്ടായിരുന്നു എന്നും അതാണ് ഇടതുപക്ഷത്തിന്റെ കരുത്തായിരുന്നതെന്നും ഓര്‍മിപ്പിച്ചുകൊണ്ടാണ് വലതുപക്ഷ മുന്നണിക്ക് ഒരു മാനിഫെസ്റ്റോ എം ജി എസ് എഴുതുന്നത്. "മാര്‍ക്സിസ്റ്റുകളും മാവോയിസ്റ്റുകളും'' വിപ്ളവത്തിന്റെ പേരില്‍ ബലപ്രയോഗത്തെ സാധൂകരിക്കുന്നതായാണ് എം ജി എസ് ചിത്രീകരിക്കുന്നത്. ഇന്ത്യയിലെ മാവോയിസ്റ്റുകളുമായി ചൈനയിലെ മാവോ ചിന്തക്കോ മാര്‍ക്സിസത്തിനോ യാതൊരു ബന്ധവും സാമ്യവുമില്ല. ലോകചരിത്രത്തില്‍ വിപ്ളവത്തിന്റെ പേരില്‍ ആദ്യം ബലപ്രയോഗം നടത്തിയത് കമ്യൂണിസ്റ്റുകാരുമല്ല. 1789ലെ ഫ്രഞ്ചുവിപ്ളവം മാര്‍ക്സിസ്റ്റുകാരുടേതായിരുന്നില്ലല്ലോ. അതില്‍ ബലപ്രയോഗവും ഉണ്ടായിരുന്നു. ജനാധിപത്യത്തിന്റെ മൂലതത്വങ്ങള്‍ ജന്മംകൊണ്ടതവിടെനിന്നാണ്. സ്വാതന്ത്യ്രവും സമത്വവും സാഹോദര്യവും മുദ്രാവാക്യങ്ങളായുര്‍ന്നതവിടെ നിന്നാണ്. ഇതൊന്നുമറിയാത്ത എം ജി എസ് ഏതു കോളേജിലാണ് പഠിപ്പിച്ചത് എന്നല്ല പഠിച്ചത് എന്നാണ് മാലോകര്‍ക്ക് സംശയം. ഇറാക്കിലെ അമേരിക്കന്‍ അധിനിവേശത്തെ എതിര്‍ക്കാത്ത കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രം ഏതു ഗാന്ധിയുടേതാണെന്നുകൂടി, ഗാന്ധിജിയെക്കുറിച്ച് എഴുതുന്ന എം ജി എസ് പറഞ്ഞുതരണം.
ജനാധിപത്യം എന്നാല്‍ എന്താണ് എന്നതിനെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടാണ് പ്രത്യയശാസ്ത്രത്തില്‍ സ്ഥാനം പിടിക്കേണ്ടതെന്ന് എം ജി എസ് ഉദ്ബോധിപ്പിക്കുന്നു. എല്ലാവര്‍ക്കും ഭക്ഷണം നല്‍കുന്നതാണ് ആഹാരത്തിന്റെ മേഖലയിലെ ജനാധിപത്യം. എല്ലാവര്‍ക്കും വീട് ലഭിച്ചാല്‍ അത് പാര്‍പ്പിടമേഖലയിലെ ജനാധിപത്യമാണ്. വിദ്യാഭ്യാസവും, ആരോഗ്യവും തൊഴിലും എല്ലാവര്‍ക്കും ലഭിച്ചാലേ അത് പൂര്‍ണ്ണ ജനാധിപത്യമാകൂ. ഇതൊന്നും ഭരണകൂടത്തിന്റെ ചുമതലയല്ല എന്ന കൃത്യമായ വലതുപക്ഷ പ്രത്യയശാസ്ത്രമാണ് കോണ്‍ഗ്രസ്സിനുള്ളത്. 2001ലെ ആന്റണി സര്‍ക്കാര്‍ ആശുപത്രി തകര്‍ത്തതും, സ്കൂള്‍ പൂട്ടിയതും അതുകൊണ്ടാണ്. ഇന്നത്തെ സര്‍ക്കാര്‍ സ്കൂളും ആശുപത്രിയും പൊതുമേഖലാ സ്ഥാപനങ്ങളും നന്നാക്കിയതും, എല്ലാവര്‍ക്കും വീട് നല്‍കുന്നതും ജനാധിപത്യത്തിന്റെ ഇടതുപക്ഷ പ്രയോഗ മികവുകൊണ്ടാണ്. ഇതൊക്കെ തിരിച്ചറിയാത്ത 'നിഷ്കളങ്ക'നാണ് ഡോ. എം ജി എസ് നാരായണനെന്ന് കേരള ജനതയ്ക്ക് തെറ്റിദ്ധാരണയില്ലെങ്കിലും, കണ്ണടച്ചു പാലു കുടിക്കുന്ന പൂച്ചയുടെ ബുദ്ധി ഡോക്ടര്‍ പുറത്തെടുത്തത് ബാലിശമായി എന്നു പറയാതെ വയ്യ.
"പുതിയ പ്രത്യയശാസ്ത്രത്തിന്റെ മൂന്നാമത്തെ ഘടകം സാര്‍വ്വലൌകിക മതബോധമാണ്' എന്ന് ഡോ. എം ജി എസ് നിഷ്കര്‍ഷിക്കുന്നു. അങ്ങനെയൊരു സാധനമുണ്ടോ. "സാര്‍വ്വലൌകിക മതബോധം'' എന്നൊരു കാല്‍പനിക പദാവലിയില്‍ മതങ്ങള്‍ തമ്മില്‍ ആശയത്തിലും പ്രയോഗത്തിലുമുള്ള അന്തരങ്ങള്‍ മറച്ചുവെക്കാനാകില്ല. മതങ്ങള്‍ തമ്മിലുള്ള സഹകരണം പോലും അസാധ്യമാക്കുന്ന വാഷിംഗ്ടണ്‍ തിയറിപോലുള്ള പല പ്രത്യയശാസ്ത്രങ്ങള്‍ ഉറക്കെപ്പറയുന്ന ഒരു ലോകത്താണ് സങ്കീര്‍ണ്ണമായ മത പ്രശ്നത്തെ അതിലളിതവല്‍ക്കരണത്തിലൂടെ ലേഖകന്‍ പരിഹാരം കണ്ടെന്നു നടിക്കുന്നത്. ഹിന്ദുരാഷ്ട്രവാദവും ഇസ്ളാമിക രാഷ്ട്ര സങ്കല്‍പവും സിക്കു രാഷ്ട്രമോഹവും, ക്രൈസ്തവ ലോക ആധിപത്യവും തങ്ങളുടെ അജണ്ടകളായി രഹസ്യമല്ലാതെ സൂക്ഷിച്ചുവരുന്ന മതനേതൃത്വങ്ങള്‍ ലോകമാകമാനം ശക്തിപ്പെടുമ്പോള്‍ ഇവിടെ കേരളത്തിലേക്കു മാത്രമായി യുഡിഎഫിന് ഒരു പ്രത്യയശാസ്ത്രം നിര്‍മിക്കാനാകുമോ? ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന് ശ്രീ നാരായണഗുരു ദേവന്‍ പറഞ്ഞത് ആവര്‍ത്തിച്ച് ഒന്നുറക്കെ പറയാന്‍ തയ്യാറാകുന്ന എത്ര ഘടകകക്ഷികള്‍ യുഡിഎഫിലുണ്ട് എന്ന് അറിയാനെങ്കിലും എം ജി എസ് മിനക്കെടണമായിരുന്നു.
നാലാമത്തെ ഘടകം ശാസ്ത്രബോധമാണെന്ന് എഴുതുന്ന ലേഖകന്‍ ഇക്കാര്യത്തില്‍ ഇടതുപക്ഷം വളരെ പിന്നിലാണെന്ന് എഴുതുമ്പോഴാണ് അറിവില്ലായ്മ എത്രയേറെയാണെന്ന് പുറത്താകുന്നത്. യൂറി ഗഗാറിന്റെ സോവിയറ്റ് യൂണിയനെപ്പറ്റി മറക്കാം. ഗാങ്ഷുവില്‍ ചൈനീസ് വസന്തം നിറഞ്ഞാടുമ്പോള്‍ ശാസ്ത്രമേഖലയില്‍ ആ കമ്യൂണിസ്റ്റ് രാജ്യം നേടിയ നേട്ടങ്ങള്‍ കണ്‍തുറന്ന് ലോകം കാണുകയാണ്. അതിനുനടുവിലും, ഇടതുപക്ഷം ശാസ്ത്രവിരുദ്ധമാണെന്നൊക്കെ പറയുന്നവരോട് സഹതപിക്കുക. മുതലാളിത്ത ലോകത്ത് യുദ്ധമാണ്, സമാധാനമല്ല, ശാസ്ത്രത്തെ വളര്‍ത്തുകയെന്ന് അമേരിക്ക ആറ്റംബോംബ് കണ്ടുപിടിച്ചതില്‍നിന്നും ആര്‍ക്കുമറിയാവുന്ന സത്യമാണ്. ചൂഷണത്തിന്റെയും യുദ്ധത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും, പ്രത്യയശാസ്ത്രമാണ് യുഡിഎഫിനെ നയിക്കുന്നത്. അത് തുറന്നു പറയാന്‍ കോണ്‍ഗ്രസ്സിനോ, യുഡിഎഫിനോ ധൈര്യമില്ല. അതിനുപകരം ആളെപ്പറ്റിക്കാനാണ് ആം ആദ്മിയെന്നുമൊക്കെയുള്ള നാട്യങ്ങള്‍ കോണ്‍ഗ്രസ് നടത്തുന്നത്. ഇടതുപക്ഷത്തോട് മല്‍സരിക്കാന്‍ ധൈര്യമുണ്ടെങ്കില്‍ തങ്ങളുടെ പ്രത്യയശാസ്ത്രമെന്തെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കട്ടെ. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ തൊഴില്‍നയങ്ങള്‍ക്കെതിരെ പണിമുടക്കിനിറങ്ങിയ ഐഎന്‍ടിയുസിക്കാരോട് ചോദിച്ചാല്‍ വലതുപക്ഷത്തിന്റെ പ്രത്യയശാസ്ത്രമെന്തെന്ന് എം ജി എസ്സിന് തിരിച്ചറിയാനാകും.
*
അഡ്വ. കെ അനില്‍കുമാര്‍ കടപ്പാട് : ചിന്ത വാരിക
Subscribe to:
Post Comments (Atom)
1 comment:
കേരളത്തിലെ യുഡിഎഫിന് പ്രത്യയശാസ്ത്രത്തിന്റെ അഭാവമോ ദാരിദ്ര്യമോ ഉണ്ടെന്ന് ഡോ. എം ജി എസ് നാരായണന്‍ കണ്ടുപിടിച്ചിരിക്കുന്നു. നവംബര്‍ 16ലെ മലയാള മനോരമ ദിനപത്രത്തില്‍ "ജനാധിപത്യമുന്നണിക്കും വേണം ഒരു പ്രത്യയശാസ്ത്രം'' എന്ന തലക്കെട്ടില്‍ എഴുതിയിരിക്കുന്ന ലേഖനത്തിലാണ് ഈ ചരിത്ര അധ്യാപകന്‍ തന്റെ വിജ്ഞാന ദാരിദ്ര്യം വിളമ്പിയിരിക്കുന്നത്. താമര വിടര്‍ന്നിരുന്ന സന്ദര്‍ഭങ്ങളില്‍ കാവിയില്‍ അഭിരമിക്കുകയും അതിന്റെ ഭാഗമായി നേട്ടങ്ങള്‍ അനുഭവിക്കുകയും ചെയ്തിരുന്ന ഡോ. എം ജി എസ് നാരായണന് ഇപ്പോള്‍ ഹിന്ദു രാഷ്ട്രവാദത്തോട് പഴയ കമ്പം കാണുന്നില്ല. സെക്കുലറിസം മാനിക്കപ്പെടണമെന്നാണ് ഇപ്പോള്‍ അദ്ദേഹത്തിനുണ്ടായ തിരിച്ചറിവ്. യുഡിഎഫ് നേതാക്കള്‍ക്ക് ബുദ്ധിയുണ്ടോ എന്ന നേരിയ സംശയം പോലുമില്ലാതെ മനോരമയുടെ താളുകളിലൂടെ എം ജി എസ് തന്റെ ചിന്താഭാരം ഒന്നൊന്നായി ഇറക്കിവെക്കുമ്പോള്‍ ഇപ്പോള്‍ സൌജന്യമാണെങ്കിലും ഭാവിയില്‍ എന്തു വിലയാണ് നല്‍കേണ്ടിവരുക എന്ന ആശങ്ക വലതുപക്ഷത്തെ ആസ്ഥാന ബുദ്ധിജീവികള്‍ക്കു തോന്നും. കാവിപക്ഷത്തിന് ഇനി ആരു ബുദ്ധി പകരുമെന്നേ കണ്ടറിയാനുള്ളൂ.
Post a Comment