അഴിമതിയെ സംബന്ധിച്ച പഴയ സങ്കല്‍പ്പങ്ങളും കണക്കുകളും കാലഹരണപ്പെട്ടിരിക്കുന്നു. 1989ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിന്റെ പ്രധാന കാരണമായ ബൊഫോഴ്സ് അഴിമതി 64 കോടി രൂപയുടേതായിരുന്നു. ഇപ്പോള്‍ രണ്ടാം യുപിഎ സര്‍ക്കാരിനെ വേട്ടയാടുന്ന 2 ജി സ്പെക്ട്രത്തിലൂടെ രാജ്യത്തിനു നഷ്ടമായത് സിഎജി റിപ്പോര്‍ട്ട് പ്രകാരം 1.76 ലക്ഷം കോടി രൂപയാണ്. ഒരു കാലത്ത് ലക്ഷം കോടി എന്നത് അമ്പരപ്പിക്കുന്ന കണക്കായിരുന്നു. എന്നാല്‍, ഇന്നതിനേക്കാള്‍ അധികമാണ് ഒറ്റ ഇടപാടിലൂടെ രാജ്യത്തിനു നഷ്ടമായ തുക.
വാഷിങ്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗ്ളോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രറ്റി കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോര്‍ട്ടുപ്രകാരം ഇന്ത്യയിലെ അവിഹിത മൂലധനം 20 ലക്ഷം കോടി രൂപയാണ്. നികുതി വെട്ടിപ്പുകളിലൂടെയും അഴിമതിയിലൂടെയും മറ്റും രാജ്യത്തിനു നഷ്ടമായ തുകയാണിത്. ഇന്ത്യയുടെ മൊത്തം വിദേശകടത്തിന്റെ ഇരട്ടിയിലധികം വരുന്ന തുകയാണിത്. 2004-08 ലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷം 95000 കോടി രൂപയുടെ ആസ്തി രാജ്യത്തിനു നഷ്ടമാകുന്നെന്നാണ് ഈ റിപ്പോര്‍ട്ട് പറയുന്നത്.
1991 മുതല്‍ നടപ്പാക്കുന്ന ഉദാരവല്‍ക്കരണനയത്തോടെ ചങ്ങാത്ത മുതലാളിത്തം രാജ്യത്ത് ശക്തിപ്പെട്ടിരിക്കുന്നു. സാധാരണമുതലാളിത്തത്തില്‍നിന്ന് വ്യത്യസ്തമാണ് ചങ്ങാത്തമുതലാളിത്തം. കമ്പോളത്തിന്റെ മത്സരനിയമങ്ങള്‍ അനുസരിച്ചല്ല അതിന്റെ പ്രവര്‍ത്തനം. രാഷ്ട്രീയനേതൃത്വവും ഭരണസംവിധാനവും തമ്മിലുള്ള ചങ്ങാത്തത്തിലൂടെ അതിവേഗ വളര്‍ച്ച നേടുന്ന മുതലാളിത്തമാണിത്. ഇന്നത്തെ ഇന്ത്യയാണ് അതിന്റെ ഏറ്റവും മികച്ച ഉദാഹരണം. വന്‍കിട കോര്‍പറേറ്റുകളും രാഷ്ട്രീയനേതൃത്വവും ബ്യൂറോക്രാറ്റുകളും ചേരുന്ന ചങ്ങാത്ത മുന്നണിയില്‍ മാധ്യമപ്രമാണിമാരുംകൂടി ചേര്‍ന്നിരിക്കുന്നു. ഓപ്പണ്‍ മാഗസിനും ഔട്ട്‌ലുക്കും പ്രസിദ്ധീകരിച്ച ടെലിഫോണ്‍ സംഭാഷണം ഞെട്ടിപ്പിക്കുന്നതാണ്. രണ്ടാം യുപിഎ സര്‍ക്കാരിലെ മന്ത്രിമാരെയും വകുപ്പുകളും നിശ്ചയിക്കുന്നതില്‍ ബിസിനസ് ലോബി നേരിട്ട് ഇടപെട്ടു.
പൊതുവെ മാന്യനായ വ്യവസായിയെന്ന വിശേഷണം മാധ്യമങ്ങള്‍ ചാര്‍ത്തിക്കൊടുത്തിട്ടുള്ള രത്തന്‍ ടാറ്റയുള്‍പ്പെടുന്ന ബിസിനസ് ലോബിക്കുവേണ്ടി ഇടനിലക്കാരി നീര റാഡിയ രംഗത്തിറങ്ങുന്നു. ഇവരുടെ ഉപജാപകസംഘത്തില്‍, പുതിയ തലമുറയിലെ മാധ്യമപ്രവര്‍ത്തകര്‍ മാതൃകയായി കൊണ്ടാടുന്ന ബര്‍ക്കാ ദത്തിനെപ്പോലുള്ളവരും ഉള്‍പ്പെടുന്നു. അഹമ്മദ് പട്ടേലുമായി സംസാരിച്ച് കോണ്‍ഗ്രസിന്റെ കാര്യം താന്‍ കൈകാര്യം ചെയ്തുകൊള്ളാമെന്നാണ് ബര്‍ക്ക നല്‍കുന്ന ഉറപ്പ്. കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡായ സോണിയ ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറിയാണ് അഹമ്മദ് പട്ടേല്‍. അദ്ദേഹത്തിന്റെ അറിവോടെയല്ലാതെ സോണിയ ഒരു തീരുമാനവും എടുക്കാറില്ലെന്നത് പരസ്യമായ രഹസ്യമാണ്. അപ്പോള്‍ രണ്ടാം യുപിഎ സര്‍ക്കാരില്‍ രാജ ടെലികോം മന്ത്രിയാകുന്നത് അഹമ്മദ് പട്ടേല്‍ വഴി കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് വ്യക്തം. ഗുലാംനബി ആസാദ് വഴിയും കാര്യങ്ങള്‍ ശരിയാക്കാന്‍ കഴിയുമെന്ന് റാഡിയ മറ്റൊരു പത്രപ്രവര്‍ത്തകനായ വേണുവിനോട് പറയുന്നുണ്ട്.
ഒന്നാം യുപിഎ സര്‍ക്കാരില്‍ ടെലികോം വകുപ്പ് കൈകാര്യം ചെയ്യുമ്പോഴാണ് രാജ സ്പെക്ട്രം ഇടപാട് നടത്തുന്നത്. പ്രധാനമന്ത്രിയുടെ എതിര്‍പ്പിനെ മാനിക്കുന്നില്ലെന്ന് പരോക്ഷമായി ഓര്‍മിപ്പിക്കുകയും പ്രണബ്‌മുഖര്‍ജിയുമായി കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും ഇതു താന്‍ നേരില്‍ സംസാരിച്ചതാണെന്നും രേഖാമൂലം എഴുതിക്കൊടുത്തയാളാണ് രാജ. അന്നത്തെ ഇടപാടുകളുടെ അന്വേഷണം വഴിതിരിച്ചുവിടുന്നതിനും 3ജി സ്പെക്ട്രം നല്‍കുന്ന രീതിയെ സ്വാധീനിക്കുന്നതിനുമാണ് രാജതന്നെ തുടരുന്നതിനു ഈ ലോബി സമ്മര്‍ദം ചെലുത്തിയത്. ഇത് കോണ്‍ഗ്രസിന്റെകൂടി ആവശ്യമായിരുന്നു.
ഈ സര്‍ക്കാരിന്റെ തുടക്കത്തില്‍ വിവാദമായ ഐപിഎല്ലും ചങ്ങാത്തമുതലാളിത്തത്തിന്റെ ഉദഹാരണമാണ്. ഭാവിവധു ഇടനിലക്കാരിയായി പ്രവര്‍ത്തിക്കുന്ന കൊച്ചി ടീമിനുവേണ്ടി തന്റെ മന്ത്രിസ്ഥാനം ഉപയോഗിക്കുകയാണ് ശശി തരൂര്‍ ചെയ്തത്. വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ച് അനുഭവമുള്ള ശശി തരൂരിന് പുതിയ കാലത്തിന്റെ വഴികള്‍ ഏറെ പരിചിതമാണ്.
രാജ്യത്തിന് അപമാനകരമായ രീതിയില്‍ അഴിമതി കൊണ്ടാടിയ സന്ദര്‍ഭമായിരുന്നു കോമണ്‍വെല്‍ത്ത് ഗെയിംസ്. അതിന്റെ വേദിയാകാനുള്ള മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ സംഘാടകസമിതിയുടെ അധ്യക്ഷന്‍ സര്‍ക്കാര്‍ പ്രതിനിധിയായിരിക്കുമെന്ന ഉറപ്പ് രേഖാമൂലം നല്‍കിയിരുന്നു. വേദി ലഭിച്ചുകഴിഞ്ഞപ്പോള്‍ അത് അട്ടിമറിക്കുകയും കല്‍മാഡി നിശ്ചയിക്കുന്ന സംവിധാനമായി അത് മാറുകയുംചെയ്തു. 8000 കോടി രൂപയിലധികം വരുന്ന അഴിമതിയാണ് നടന്നിട്ടുള്ളത്.
പൊതുവെ അഴിമതിവിരുദ്ധ പ്രതിച്ഛായയുള്ള പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ വകുപ്പും അഴിമതിമുക്തമല്ല. പ്രതിരോധഇടപാടില്‍ 18000 കോടി രൂപയാണ് ഇടനിലക്കാര്‍ അടിച്ചെടുത്തതെന്നാണ് വാര്‍ത്ത. മഹാരാഷ്ട്രയിലെ ആദര്‍ശ് ഫ്ളാറ്റ് വിവാദത്തില്‍ പ്രതിരോധവകുപ്പിന്റെ കൈയിലുണ്ടായിരുന്ന ഭൂമി എങ്ങനെയാണ് സൊസൈറ്റിക്ക് ലഭിച്ചതെന്ന കാര്യവും അന്വേഷണവിഷയമാണ്. അരി കയറ്റുമതിചെയ്യുന്നതില്‍ നടന്ന വന്‍ അഴിമതി നേരത്തെ പാര്‍ലമെന്റിനെ ഇളക്കിമറിച്ചിരുന്നു. 2500 കോടി രൂപയുടെ അഴിമതിയാണ് അന്നത്തെ വാണിജ്യമന്ത്രി കമല്‍നാഥിന്റെ അറിവോടെ നടന്നത്.
ഒന്നാം യുപിഎ സര്‍ക്കാരിനെ നിലനിര്‍ത്തുന്നതിനായി പണമിറക്കി എംപിമാരെ വിലക്കെടുത്ത അപമാനകരമായ അനുഭവത്തിനും സമീപകാലത്ത് രാജ്യം സാക്ഷ്യം വഹിക്കുകയുണ്ടായി. സര്‍ക്കാരുകളെ വാഴിക്കുന്നതിനും വീഴിക്കുന്നതിനും തങ്ങള്‍ക്ക് കഴിവുണ്ടെന്ന് ബിസിനസ് ലോബി പല ഘട്ടങ്ങളിലും തെളിയിച്ചിട്ടുണ്ട്. അതിനായി എത്ര പണം വേണമെങ്കിലും ഒഴുക്കുന്നതിന് അവര്‍ തയ്യാറാണ്. അവരെ സംബന്ധിച്ച് അത് ചെറിയ നിക്ഷേപം മാത്രമാണ്. അതിലൂടെ കോടികള്‍ കൊള്ളയടിക്കുന്നതിനുള്ള അവസരമാണ് ഇവര്‍ ഒപ്പിച്ചെടുക്കുന്നത്. ഭൂമി ഏറ്റെടുക്കല്‍, സാങ്കേതികവിദ്യയുടെ ഉപയോഗം, പൊതുമേഖല വിറ്റഴിക്കല്‍, പൊതു-സ്വകാര്യപങ്കാളിത്തം എന്നിങ്ങനെയുള്ള മേഖലകളിലാണ് ഇവര്‍ കേന്ദ്രീകരിക്കുന്നത്. ലേലം ഒഴിവാക്കി ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രീതി കൊണ്ടുവന്നത് ഇവരുടെ തന്ത്രമാണ്. തങ്ങള്‍ക്ക് ഇഷ്ടമുള്ള വ്യവസ്ഥകള്‍ കൊണ്ടുവരുന്നതിനും തങ്ങളുടെയാളുകള്‍ക്ക് കരാര്‍ ഉറപ്പിക്കുന്നതിനും ഇവര്‍ക്ക് കഴിയുന്നു. പരിസ്ഥിതി വകുപ്പ് പോലും ഇതിനുള്ള ആയുധമാണ്.
ആദ്യം ചന്ദ്രഹാസം ഇളക്കുന്നത് തുകയുടെ വലുപ്പം വര്‍ധിക്കുന്നതിനുവേണ്ടിയാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. കര്‍ണാടകത്തിലെ ഭൂമി ഇടപാടില്‍ സര്‍ക്കാരിന്റെ പങ്ക് പ്രകടമാണ്. ഖനി രാജാക്കന്‍മാര്‍ നിയന്ത്രിക്കുന്ന സംവിധാനമായി അവിടത്തെ രാഷ്ട്രീയം അധഃപതിച്ചിരിക്കുന്നു. സമാനമാണ് കോണ്‍ഗ്രസ് ഭരിക്കുന്ന ആന്ധ്രയിലെ സ്ഥിതിയും. കര്‍ണാടകത്തില്‍ തൊട്ടാല്‍ ആന്ധ്രയില്‍ പൊള്ളുമെന്ന് കോണ്‍ഗ്രസിന് അറിയാവുന്നതുകൊണ്ടാണ് നിശബ്ദത പാലിക്കുന്നത്.
ചങ്ങാത്തമുതലാളിത്തത്തിന്റെ പ്രയോഗത്തിലൂടെ വന്‍വളര്‍ച്ചയാണ് വന്‍കിട വ്യവസായികള്‍ നേടുന്നത്. ഇന്ന് ലോകത്തില്‍ ഏറ്റവും വേഗത്തില്‍ ശതകോടീശ്വരന്‍മാരുടെ എണ്ണം വര്‍ധിക്കുന്ന രാജ്യമാണ് ഇന്ത്യ. അമേരിക്കയും റഷ്യയും കഴിഞ്ഞാല്‍ ഏറ്റവുമധികം ശതകോടീശ്വരന്‍മാരുള്ള രാജ്യമാണ് നമ്മുടേത്. 77 ശതമാനം ജനങ്ങള്‍ക്കും 20 രൂപയില്‍ താഴെമാത്രം വരുമാനമുള്ള രാജ്യത്ത് ആദ്യത്തെ പത്ത് ശതകോടീശ്വരന്‍മാരുടെ കൈയിലാണ് മൊത്തം ജിഡിപിയുടെ 12 ശതമാനം. ഇത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ ഒന്നാണ്. 1990ല്‍ 3200 കോടി രൂപയുടെ ആസ്തിയുണ്ടായിരുന്ന റിലയന്‍സിന് ഇപ്പോള്‍ രണ്ടുലക്ഷം കോടി രൂപയോളം ആസ്തിയുണ്ട്. ടാറ്റയുടെ ആസ്തി 6851 കോടി രൂപയില്‍നിന്ന് ഒരു ലക്ഷം കോടി രൂപയിലധികമായി വര്‍ധിച്ചു. 1991ന് ശേഷം രൂപംകൊണ്ട പല കമ്പനികളും ടെലികോം, വ്യോമയാനമേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് ആദ്യത്തെ കുത്തകകളുടെ പട്ടികയില്‍ ഇടം നേടിയവയുമാണ്. സര്‍ക്കാരിന്റെ വഴിവിട്ട സഹായത്തോടെയാണ് ഇവര്‍ വളര്‍ന്നത് എന്ന കാര്യം ഉറപ്പ്. അങ്ങനെ വളര്‍ന്ന സ്ഥാപനങ്ങള്‍ ഇന്ന് കേന്ദ്രസര്‍ക്കാരിനെ വിലക്കെടുക്കാവുന്ന രൂപത്തിലേക്ക് വളര്‍ന്നിരിക്കുന്നു.
ഇപ്പോള്‍ പുറത്തുവന്ന, അഴിമതിയുടെ ഞെട്ടിപ്പിക്കുന്ന ശൃംഖല ജനാധിപത്യത്തിന്റെ ഭാവിയെ സംബന്ധിച്ച് ഗൌരവമായ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. അതില്‍ ഏറ്റവും പ്രധാന അപകടം മാധ്യമങ്ങളുടെ പങ്കു തന്നെയാണ്. ആരും നിഷേധിച്ചിട്ടില്ലാത്ത തെളിവുകളോടെ പുറത്തുവന്ന വിവരങ്ങള്‍ പ്രസിദ്ധീകരിക്കാനും സപ്രേഷണം ചെയ്യാനും ഒരു പ്രധാന ദേശീയമാധ്യമവും തയ്യാറായില്ലെന്നത് അതിലേറെ അമ്പരപ്പിക്കുന്നതാണ്. മലയാളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. ആരെന്ത് വിളിച്ചുപറഞ്ഞാലും ആധികാരിക വാര്‍ത്തയായി നല്‍കുന്ന അച്ചടി, ദൃശ്യമാധ്യമങ്ങള്‍പലതും ഇതെല്ലാം കണ്ടില്ലെന്ന് നടിച്ചു. മലയാളത്തിലെ ഒന്നാമത്തെ മാധ്യമത്തിന് കുറച്ചുദിവസമായി സ്പെക്ട്രം ഒന്നാംപേജ് വാര്‍ത്തപോലുമല്ല. ചങ്ങാത്തമുതലാളിത്തം രാജ്യത്തെ കൊള്ളയടിക്കുമ്പോള്‍ അതിനെതിരെ ശക്തമായി ശബ്ദിക്കുമെന്ന് പ്രതീക്ഷിക്കുന്ന മാധ്യമങ്ങള്‍ക്ക് ഇന്ന് കപടമായ മുഖമാണുള്ളത്. പെയ്ഡ് ന്യൂസ് മാധ്യമമുതലാളിമാരാണ് നടപ്പാക്കിയതെങ്കില്‍ ഇപ്പോഴത്തെ സംഭവങ്ങളില്‍ പ്രതിപ്പട്ടികയില്‍ മാധ്യമപ്രപവര്‍ത്തകരാണ്. അവരാകട്ടെ അതതു മാധ്യമങ്ങളില്‍ എന്തു വരണമെന്നു തീരുമാനിക്കുന്ന പ്രക്രിയയില്‍ നിര്‍ണായക സ്വാധീനമുള്ളവരുമാണ്.
ആഗോളവല്‍ക്കരണകാലത്ത് ജനാധിപത്യത്തിന്റെ എല്ലാ ഘടകങ്ങളും പണാധിപത്യത്തിന്റെ പ്രതീകങ്ങളായി മാറുന്നു. ശക്തമായ അന്വേഷണം നടക്കുമ്പോള്‍ത്തന്നെ ഈ പ്രവണതകള്‍ക്കെതിരായി ജനവികാരവും ഉയരേണ്ടതുണ്ട്.
*
പി രാജീവ് കടപ്പാട്: ദേശാഭിമാനി ദിനപത്രം
Subscribe to:
Post Comments (Atom)
2 comments:
അഴിമതിയെ സംബന്ധിച്ച പഴയ സങ്കല്‍പ്പങ്ങളും കണക്കുകളും കാലഹരണപ്പെട്ടിരിക്കുന്നു. 1989ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിന്റെ പ്രധാന കാരണമായ ബൊഫോഴ്സ് അഴിമതി 64 കോടി രൂപയുടേതായിരുന്നു. ഇപ്പോള്‍ രണ്ടാം യുപിഎ സര്‍ക്കാരിനെ വേട്ടയാടുന്ന 2 ജി സ്പെക്ട്രത്തിലൂടെ രാജ്യത്തിനു നഷ്ടമായത് സിഎജി റിപ്പോര്‍ട്ട് പ്രകാരം 1.76 ലക്ഷം കോടി രൂപയാണ്. ഒരു കാലത്ത് ലക്ഷം കോടി എന്നത് അമ്പരപ്പിക്കുന്ന കണക്കായിരുന്നു. എന്നാല്‍, ഇന്നതിനേക്കാള്‍ അധികമാണ് ഒറ്റ ഇടപാടിലൂടെ രാജ്യത്തിനു നഷ്ടമായ തുക.
ബര്‍ക്ക ദത്തെ, നീയും!
http://kalpakenchery.blogspot.com/2010/11/blog-post.html
Post a Comment