Tuesday, November 16, 2010

അഴിമതിയുടെ കൂടാരം

കുംഭകോണങ്ങളുടെ കുംഭമേളയാണ് കേന്ദ്ര യുപിഎ ഭരണത്തില്‍. പ്രതിരോധ ഇടപാടുകളിലൂടെയും ടെലികോം, കോമൺ‌വെല്‍ത്ത്, ഐപിഎല്‍ അഴിമതികളിലൂടെയും രാജ്യത്തിനകത്തും പുറത്തും ഇന്ത്യക്കാര്‍ക്ക് ശിരസ്സ് കുനിക്കേണ്ട അവസ്ഥയാണ് യുപിഎ ഭരണം സൃഷ്‌ടിച്ചത്. കേന്ദ്രഭരണത്തിന് നേതൃത്വം കൊടുക്കുന്നവര്‍ നടത്തുന്ന അഴിമതി സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് നേതാക്കളും മാതൃകയാക്കുകയാണ്. അതാണ് ആദര്‍ശ് ഫ്ളാറ്റ് കുംഭകോണം. കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യരക്ഷയ്‌ക്കുവേണ്ടി പൊരുതി വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തെ സഹായിക്കാനെന്നു പറഞ്ഞ് സര്‍ക്കാരില്‍നിന്ന് കണ്ണായ സ്ഥലത്തെ ഭൂമി തട്ടിയെടുക്കുക. അനുവദിക്കപ്പെട്ടതിന്റെ പലമടങ്ങ് വലുപ്പമുള്ള കെട്ടിടം നിര്‍മിക്കുക. ഒടുവില്‍ ആ കെട്ടിടത്തിലെ ഫ്ളാറ്റുകള്‍ മുഖ്യമന്ത്രിയുടെയും കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെയും ബന്ധുക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മുന്‍ കരസേനാ മേധാവികള്‍ക്കും വീതംവച്ച് നല്‍കുക- ജനങ്ങളുടെ ചിന്തകള്‍ക്കപ്പുറമാണ് കോൺഗ്രസ് നടത്തുന്ന ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍. അഴിമതിയുടെ വിശദാംശങ്ങള്‍ വിലയിരുത്തുന്ന രാജ്യാന്തര സംഘടനയാണ് ട്രാന്‍സ്‌പരന്‍സി ഇന്റര്‍നാഷണല്‍. ഈ സംഘടനയുടെ 2009ലെ സര്‍വേ റിപ്പോര്‍ട്ടു പ്രകാരം ഇന്ത്യയുടെ സ്ഥാനം ഏറ്റവും വലിയ അഴിമതിക്കാരുടെ രാജ്യമെന്നതാണ്. ഈ വര്‍ഷം പുറത്തുവന്ന അഴിമതികള്‍കൂടി ചേര്‍ത്താല്‍ ആ സ്ഥാനം ഊഹിക്കാവുന്നതിലും അപ്പുറമാകും.

രണ്ടാം തലമുറ സ്‌പെക്‌ട്രം ഇടപാടില്‍ 1.76 ലക്ഷം കോടി രൂപയുടെ നഷ്‌ടമാണ് പൊതുഖജനാവിനുണ്ടായതെന്ന് സര്‍ക്കാരിന്റെ മുഖ്യ വരവ് ചെലവ് കണക്ക് പരിശോധകന്‍തന്നെ ചൂണ്ടിക്കാട്ടി. മൂന്നാംതലമുറ സ്‌പെക്‌ട്രം ലൈസന്‍സ് ലേലംചെയ്‌തപ്പോഴാണ് അഴിമതിയുടെ ആഴം ബോധ്യമായത്. ആദ്യം വന്നവര്‍ക്ക് ആദ്യം എന്ന നയമാണ് ഇടപാടില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. ഇതാകട്ടെ കേന്ദ്രമന്ത്രി രാജയുടെ സ്വന്തക്കാര്‍ക്ക് ലൈസന്‍സ് നല്‍കാന്‍ വേണ്ടിയുണ്ടാക്കിയ മാനദണ്ഡമായിരുന്നു. ധന-നിയമ മന്ത്രാലയങ്ങളുടെയും ടെലികോംവകുപ്പിന്റെയും എതിര്‍പ്പ് അവഗണിച്ചാണ് മന്ത്രി രാജ 2008ല്‍ 12 മൊബൈല്‍ കമ്പനികൾക്കായി 35 ലൈസന്‍സ് നല്‍കിയത്. 1,76,379 കോടി രൂപയുടെ നഷ്‌ടമാണ് ഈ നടപടിമൂലം കേന്ദ്രസര്‍ക്കാരിന് സംഭവിച്ചത്. സിഎജി റിപ്പോര്‍ട്ടിനുമുമ്പുതന്നെ പാര്‍ലമെന്റിനകത്തും പുറത്തും സ്‌പെക്‌ട്രം അഴിമതിയെക്കുറിച്ച് സിപിഐ എം ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണമായും ശരിയാണെന്നും തെളിഞ്ഞു.

സര്‍ക്കാരിന് നഷ്‌ടമുണ്ടായ തുക ലൈസന്‍സ് നേടിയ കമ്പനികളില്‍നിന്ന് ഈടാക്കാന്‍ നടപടി സ്വീകരിക്കാതെ അഴിമതിക്കാരനായ മന്ത്രിയെ കോൺഗ്രസ് നേതൃത്വം സംരക്ഷിക്കുകയായിരുന്നു ഇതുവരെ. സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ മറുപടിയാണ് ഏറെ വിചിത്രം. 2001ലെ ടെലികോം നയമനുസരിച്ചാണ് മന്ത്രി പ്രവര്‍ത്തിച്ചതെന്നും സര്‍ക്കാരിന്റെ നയപരമായ കാര്യത്തില്‍ ഇടപെടാന്‍ സിഎജിക്കോ കോടതിക്കോ അധികാരമില്ലെന്നുമായിരുന്നു സര്‍ക്കാര്‍ വിശദീകരണം. അഴിമതി നടത്തുക എന്നതാണോ സര്‍ക്കാര്‍നയം?

നടപടിക്രമം പാലിക്കാതെയാണ് കമ്പനികള്‍ക്ക് മന്ത്രി ലൈസന്‍സ് നല്‍കിയതെന്നാണ് മുന്‍ ടെലികോം സെക്രട്ടറി സി എസ് മാഥൂറിന്റെ വെളിപ്പെടുത്തല്‍. 2007 ഡിസംബര്‍ 31ന് സര്‍വീസില്‍നിന്നു പിരിഞ്ഞ മുതിര്‍ന്ന ഐഎഎസുകാരനായ ഈ ഉദ്യോഗസ്ഥനോട് 2007 നവംബറില്‍ത്തന്നെ ലൈസന്‍സ് നല്‍കുന്ന ഫയലുകളില്‍ ഒപ്പിടാന്‍ രാജ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ഉദ്യോഗസ്ഥന്‍ മന്ത്രിയുടെ അഴിമതിക്ക് കൂട്ടുനിന്നില്ല. റിയല്‍ എസ്‌റ്റേറ്റ് കമ്പനിക്കുപോലും ലൈസന്‍സ് നല്‍കണമെന്നാണ് മന്ത്രി നിര്‍ബന്ധിച്ചത്. 500 അപേക്ഷയുണ്ടായിരുന്നതിനാല്‍ പരസ്യലേലത്തിലൂടെ ലൈസന്‍സ് നല്‍കണമെന്ന് ടെലികോം കമീഷന്‍ (ധനകാര്യം) അംഗം മഞ്ജു മാധവ ഫയലില്‍ എഴുതിയത് മന്ത്രി അവഗണിച്ചു. ഈ ഉദ്യോഗസ്ഥന്‍ അഴിമതിക്ക് കൂട്ടുനില്‍ക്കാന്‍ കഴിയാത്തതിനാല്‍ നേരത്തെ സര്‍വീസില്‍നിന്ന് സ്വയം പിരിഞ്ഞു. 2008 ജനുവരിയില്‍ പുതിയ ടെലികോം സെക്രട്ടറി വന്നതോടെ സ്‌റ്റോറേജിലുണ്ടായിരുന്ന സ്‌പെക്‌ട്രം ഇടപാട് സംബന്ധിച്ച ഫയലില്‍ ഒപ്പിട്ടത് 2001ലെ നിരക്കിലാണ്. 2008ല്‍ ആണ് ലൈസന്‍സ് നല്‍കുന്നത്. പ്രധാനമന്ത്രിയുമായി മന്ത്രി രാജ 2007 നവംബര്‍ രണ്ടിന് നടത്തിയ കത്തിടപാട് സഹിതം ഒരു സ്വകാര്യ ടെലിവിഷന്‍ പുറത്തുവിട്ടിരിക്കയാണ്. തന്റെ ഓഫീസറിയാതെ സ്‌പെക്‌ട്രം ഇടപാട് നടത്തരുതെന്നും സുതാര്യമായി ലേലംചെയ്‌തുവേണം ലൈസന്‍സ് നല്‍കാനെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ച വിവരം മൂന്നുവര്‍ഷത്തിനുശേഷമാണ് പുറത്തുവരുന്നത്. വാര്‍ത്ത ശരിയാണെങ്കില്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടും തന്നിഷ്‌ടം കാട്ടിയ മന്ത്രിയെ എന്തിന് സംരക്ഷിക്കുന്നെന്ന ചോദ്യത്തിന് മന്‍മോഹന്‍സിങ് മറുപടി പറയേണ്ടതല്ലേ. പ്രധാനമന്ത്രി കാര്യാലയത്തിന്റെ അറിവോടെയാണ് അഴിമതി നടന്നതെന്ന് ന്യായമായും സംശയിക്കാം.

സിഎജി റിപ്പോര്‍ട്ട് വന്നപ്പോള്‍ത്തന്നെ രാജ്യമാകെ മന്ത്രി രാജ രാജിവയ്‌ക്കണമെന്ന ആവശ്യമുയര്‍ത്തി. പ്രധാനമന്ത്രിയുടെ വിദേശപര്യടനം കഴിഞ്ഞ് തിരിച്ചെത്തിയാല്‍ മന്ത്രി രാജിവയ്‌ക്കുമെന്ന അഭ്യൂഹവും പ്രചരിച്ചു. രാജിവയ്‌ക്കേണ്ടതില്ലെന്ന കരുണാനിധിയുടെ പ്രതികരണവും രാജയുടെ പ്രഖ്യാപനവും പുറത്തുവന്നതോടെ മന്‍മോഹന്‍സിങ് മന്ത്രിസഭ അഴിമതിക്കാരുടെ കൂടാരമാണെന്നു വ്യക്തമായി. ഒടുവില്‍ രാജയെ ഒഴിവാക്കിയില്ലെങ്കില്‍ പാര്‍ലമെന്റിലും പുറത്തും വന്‍ പ്രക്ഷോഭമുയരും; മുന്നോട്ടുപോകാനാകില്ല എന്നുവന്നപ്പോഴാണ് രാജയുടെ രാജിയുണ്ടായത്. ലാവ്‌ലിന്‍ സംബന്ധിച്ച് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ പ്രധാന തുറുപ്പ് ചീട്ടായിരുന്നല്ലോ സിഎജി റിപ്പോര്‍ട്ട്. 'ചെന്നിത്തല'മാരുടെ ടെലികോം- സിഎജി റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള പ്രതികരണമെന്തെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. സുപ്രീംകോടതി മന്ത്രി രാജയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി രാജിയുടെ ആവശ്യമുന്നയിച്ചു കണ്ടില്ല. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് സ്‌പെക്‌ട്രം ഇടപാടിലൂടെ നടന്നതെന്ന് സ്വകാര്യ സംഭാഷണത്തില്‍ ഏതൊരു കോൺഗ്രസുകാരനും സമ്മതിക്കുന്നു.

സ്‌പെക്‌ട്രം ഇടപാടില്‍ കോൺഗ്രസിന് നേരിട്ട് പങ്കില്ലെന്നു പറയുന്നവര്‍ ഇസ്രയേലി ആയുധ ഇടപാടിലെ കോഴപ്പണത്തെക്കുറിച്ച് എന്തുപറയും. ഗുണനിലവാരമില്ലാത്ത ആയുധങ്ങള്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട ഇസ്രയേല്‍ കമ്പനിയില്‍നിന്ന് വാങ്ങിക്കൂട്ടി, ഈ ക്രമവിരുദ്ധ നടപടി സൈനികോദ്യോഗസ്ഥരുടെ തലയില്‍വച്ച് രക്ഷപ്പെടാന്‍ പ്രതിരോധമന്ത്രിക്ക് തല്‍ക്കാലം സാധിച്ചു. എന്നാല്‍, ആദര്‍ശ് ഫ്ളാറ്റ് അഴിമതി അന്വേഷിക്കാന്‍ നിര്‍ദേശിച്ച എ കെ ആന്റണി സ്വന്തം ഉത്തരവാദിത്തത്തില്‍നിന്ന് ഒളിച്ചോടുകയാണ്. പ്രതിരോധമന്ത്രിക്ക് ഫ്ളാറ്റ് അഴിമതി കൂനിന്മേല്‍ കുരുവായി. മഹാരാഷ്‌ട്രയുടെ സംഘടനാ ചുമതലകൂടിയുള്ള ആളാണ് എ കെ ആന്റണി. വകുപ്പും സംഘടനാ ചുമതലയും പ്രതിരോധമന്ത്രിയുടെ ഉത്തരവാദിത്തത്തിലുള്ള ഘട്ടത്തിലാണ് ആദര്‍ശ് ഫ്ളാറ്റ് അഴിമതി. കാര്‍ഗില്‍ സൈനികരുടെ വിധവകളുടെ പേരിലാണ് മുംബൈ ഹൌസിങ് സൊസൈറ്റി രൂപീകരിച്ചത്. യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ വിധവകള്‍ക്കും പൊരുതിയ സൈനികര്‍ക്കും വീട് നിര്‍മിച്ചുകൊടുക്കുക എന്നതായിരുന്നു സൊസൈറ്റിയുടെ ലക്ഷ്യം. മുംബൈയിലെ സമ്പന്നമേഖലയായ കൊളാബയില്‍ പ്രതിരോധവകുപ്പിന്റെ കെട്ടിട നിര്‍മാണ നിയന്ത്രണങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ഫ്ളാറ്റ് നിര്‍മിച്ചത്. നിയമവ്യവസ്ഥപ്രകാരം ആറു നിലമാത്രം പാടുള്ള ഒരിടത്ത് 26 നില പണിയാന്‍ വളഞ്ഞവഴികളിലൂടെ അനുമതി തേടുകയും പണി പൂര്‍ത്തീകരിച്ചപ്പോള്‍ 32 നിലയുള്ള ആകാശസൌധമായി തീരുകയുംചെയ്‌താല്‍ ഫ്ളാറ്റിനു വേണ്ടി ഉന്നതര്‍ വല വീശിയില്ലെങ്കിലേ അത്ഭുതമുള്ളൂ. മഹാരാഷ്‌ട്ര മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവച്ച അശോക് ചവാന്‍, കേന്ദ്രമന്ത്രിമാരായ വിലാസ് റാവു ദേശ്‌മുഖ്, സുശീല്‍കുമാര്‍ ഷിന്‍ഡെ, സംസ്ഥാനമന്ത്രി നാരായ റാണെ എന്നിവരുടെ ബന്ധുക്കളും ഫ്ളാറ്റുകള്‍ കൈവശപ്പെടുത്തി.

രാഷ്‌ട്രീയ ഭരണനേതൃത്വത്തെ ഫ്ളാറ്റുകള്‍ നല്‍കി തൃപ്‌തിപ്പെടുത്തിയ ഉദ്യോഗസ്ഥരും ഫ്ളാറ്റുകള്‍ 60 ലക്ഷം രൂപയ്‌ക്ക് സ്വന്തമാക്കി. അവര്‍തന്നെയാണ് ഫ്ളാറ്റ് നിര്‍മാണത്തിനായി തീരദേശ നിയമമടക്കമുള്ള എല്ലാ നിയമവ്യവസ്ഥകളും ലംഘിച്ചതായി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇപ്പോള്‍ പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചിരിക്കുന്നതായി നോട്ടീസ് നല്‍കി കേന്ദ്രമന്ത്രി ജയറാം രമേഷ് വിലാപകാവ്യം രചിക്കുന്നു. മന്ത്രിബന്ധുക്കള്‍, മുന്‍സൈനിക മേധാവികള്‍, മുന്‍ കലക്‌ടര്‍മാര്‍, നിരവധി കോൺഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ അകപ്പെട്ട 'ആദര്‍ശ് അഴിമതി' അക്ഷരാര്‍ഥത്തില്‍ ആദര്‍ശ രഹിത കോൺഗ്രസിന്റെ മുഖം വ്യക്തമാക്കുന്ന ഒന്നാണ്. മുഖ്യമന്ത്രിയുടെ രാജിയിലും സിബിഐ അന്വേഷണത്തിലും അവസാനിപ്പിക്കാന്‍ കഴിയുന്ന ഒന്നല്ലതാനും. പട്ടാള ആസ്ഥാനത്തിനടുത്ത് ഒരു ഭവനസമുച്ചയം സ്വന്തമാക്കിയ വന്‍ സ്രാവുകള്‍ ഇപ്പോഴും കേന്ദ്രമന്ത്രിസഭയിലും സംസ്ഥാന മന്ത്രിസഭയിലും തുടരുന്നത് എന്ത് സാന്മാര്‍ഗികതയുടെ പേരില്‍ ന്യായീകരിക്കാനാകും. ഉന്നത രാഷ്‌ട്രീയ നേതാക്കള്‍ പ്രതികളായ നിരവധി കേസുകളില്‍ സിബിഐയെ ശിങ്കിടിയാക്കി മാറ്റി കേസൊതുക്കിയ അനുഭവമാണ് നമ്മുടെ മുന്നിലുള്ളത്. മനോരമ മുഖപ്രസംഗത്തില്‍ സൂചിപ്പിച്ചതുപോലെ വൈകിയാണെങ്കിലും പ്രതിച്‌ഛായ വീണ്ടെടുക്കാന്‍ കോൺഗ്രസ് പാര്‍ടി നടത്തുന്ന നീക്കമാണിതൊക്കെ. വെറും ഉപരിപ്ളവം- കണ്ണില്‍ പൊടിയിടാനുള്ളത്. അഴിമതി എന്നെന്നേക്കുമായി അവസാനിപ്പിക്കണമെന്ന ആത്മാര്‍ഥതയോടെയുള്ള നടപടികളല്ല.

ബ്രിട്ടീഷ് ഭരണത്തിനെതിരെ ഉണ്ടായ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കഥ ആരംഭിക്കുന്നത് 1857ല്‍ മുംബൈയില്‍നിന്നാണ്. 1885ല്‍ ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസ് ജന്മമെടുത്തതും മുംബൈയില്‍തന്നെയാണ്. ആ മുംബൈ ഇപ്പോള്‍ കോൺഗ്രസുകാര്‍ക്കുതന്നെ അപമാനകരമായ വിധത്തില്‍ അഴിമതിയുടെ കേന്ദ്രമായി മാറി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസിന് വമ്പിച്ച വിജയം സമ്മാനിച്ചതില്‍ അശോക് ചവാന് മധുരം നല്‍കിയത് സോണിയയും മന്‍മോഹന്‍സിങ്ങുമായിരുന്നു. 'പെയ്‌ഡ് ന്യൂസ്' വഴി പ്രതിയോഗികളായ സ്ഥാനാര്‍ഥികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമെതിരെ അപവാദപ്രചാരണം നടത്താന്‍ കോടികളായിരുന്നു മഹാരാഷ്‌ട്രയില്‍ തെരഞ്ഞെടുപ്പു വേളയില്‍ ചെലവഴിച്ചത്. മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്കായി കോൺഗ്രസ് ചെലവഴിച്ചത് അനേകായിരം കോടികളായിരുന്നു. ഇതിന്റെയൊക്കെ ഉറവിടം രാജ്യത്തെ സാമ്പത്തിക തലസ്ഥാനംകൂടിയായ മുംബൈ ആയിരുന്നു. ഒരു മുഖ്യന്റെ രാജിയെന്ന 'ചെപ്പടിവിദ്യ'കളിലൂടെ അഴിമതിയെയും അഴിമതിക്കാരെയും സംരക്ഷിക്കാനുള്ള നീക്കമാണ് കോൺഗ്രസ് ഇപ്പോള്‍ നടത്തുന്നത്.

കോൺഗ്രസിന്റെ കറപ്‌ഷന്‍ വെല്‍ത്ത് ഗെയിംസായിരുന്നു കോമൺ‌വെല്‍ത്ത് ഗെയിംസ്. വിവിധ അന്വേഷണ ഏജന്‍സികളെല്ലാം ഗെയിംസ് നടത്തിപ്പിലെ ക്രമക്കേടുകളും അഴിമതിയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗെയിംസ് ആരംഭിക്കുന്നതിനുമുമ്പ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത് കായികമേള നടക്കട്ടെ, അതുകഴിഞ്ഞ് നടപടി എന്നായിരുന്നു. ലോകത്തിന്റെ മുമ്പാകെ നമ്മുടെ രാജ്യത്തിന്റെ യശസ്സ് കളങ്കപ്പെടുത്തിയവരാണ് സുരേഷ് കല്‍മാഡിയും മറ്റ് ഉന്നതരും. പ്രധാനമന്ത്രിയുടെ ഓഫീസുതന്നെയാണ് ഗെയിംസിന്റെ സംഘാടനം ഒടുവില്‍ ഏറ്റെടുത്തത്. അപ്പോള്‍ ജനങ്ങള്‍ക്കും പാര്‍ലമെന്റിനും നല്‍കിയ വാഗ്ദാനം കര്‍ശന നടപടി പിന്നീട് ഉണ്ടാകുമെന്നായിരുന്നു. ഗെയിംസ് കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടു. ആകെ ഉണ്ടായത് സുരേഷ് കല്‍മാഡിയെ പാര്‍ലമെന്ററി പാര്‍ടി സെക്രട്ടറിസ്ഥാനത്തുനിന്ന് ഒഴിവാക്കിയതാണ്. കോണ്‍ഗ്രസിന് സെക്രട്ടറിമാര്‍ 'കാക്കത്തൊള്ളായിര'മാണ്. അതില്‍ ഒരാളെ ഒഴിവാക്കിയാല്‍ കോണ്‍ഗ്രസിന് ഒന്നും സംഭവിക്കാനില്ല. അതുകൊണ്ടാണ് കല്‍മാഡിയെ ഒഴിവാക്കിയപ്പോള്‍ പുതുതായി ആരെയും എടുക്കാതിരുന്നത്. രാജ്യസഭയിലും ലോക്‌സഭയിലും വെറെയും സെക്രട്ടറിമാരുണ്ട്. സുരേഷ് കല്‍മാഡി പാര്‍ലമെന്ററി പാര്‍ടി പദവിയല്ല ദുരുപയോഗംചെയ്‌തത്. ഗെയിംസ് നടക്കുന്ന കാലത്ത് പാര്‍ലമെന്റില്‍ അധികമുണ്ടായിരുന്നില്ല. ഗെയിംസിന്റെ സംഘാടകന്‍ എന്ന പദവിയുപയോഗിച്ചാണ് ക്രമവിരുദ്ധ കാര്യങ്ങള്‍ചെയ്‌തത്. ഒളിമ്പിക് അസോസിയേഷന്‍ ഭാരവാഹിത്വം ഉള്‍പ്പെടെ കായികമേഖലയിലെ ഒരു ചുമതലയും ഒഴിവാക്കിയിട്ടുമില്ല.

സ്‌റ്റേഡിയങ്ങളുടെ അറ്റകുറ്റപ്പണിക്കായിമാത്രം 44,459 കോടി രൂപ ചെലവഴിച്ചതായി ഗെയിംസ് സംഘാടക സമിതിതന്നെ പത്രപരസ്യം നല്‍കിയിരിക്കയാണ്. നാഗ്‌പുരില്‍ സ്‌റ്റേഡിയം നിര്‍മിക്കാന്‍ ചെലവായത് 34 കോടി രൂപമാത്രമായിരുന്നു. എന്നാല്‍, അതിനേക്കാള്‍ തുക അറ്റകുറ്റപ്പണിക്കായി അവിടെമാത്രം ചെലവഴിച്ചു. ഇതാണ് ഒരു മാതൃക. ഇതുപോലെതന്നെ മറ്റു പല ചെലവുകളുടെയും സ്ഥിതി. ലോകകപ്പ് ഫുട്ബോള്‍ പിന്നണി രാജ്യമായ ദക്ഷിണാഫ്രിക്കയില്‍ മികവോടെ നടന്നപ്പോള്‍ ഇന്ത്യയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് 70,000 കോടിയിലേറെ ചെലവഴിച്ചിട്ടും ഭംഗിയായി നടത്താന്‍ കഴിഞ്ഞില്ല. അഴിമതിയിലൂടെ കോടികള്‍ സമാഹരിക്കാനാണ് ഗെയിംസിന്റെ സംഘാടകര്‍ പരിശ്രമിച്ചത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണമാകട്ടെ കുറ്റംചെയ്‌തവര്‍ക്ക് ശിക്ഷ ഉറപ്പ് വരുത്തുന്നതല്ല. ആദര്‍ശ് ഫ്ളാറ്റ് അഴിമതിക്കേസ് അന്വേഷിക്കാന്‍ സിബിഐയെ ഏല്‍പ്പിച്ച സര്‍ക്കാര്‍ ഗെയിംസിന്റെ കാര്യത്തില്‍ എന്തുകൊണ്ട് സിബിഐ അന്വേഷണത്തിന് തയ്യാറാകുന്നില്ല. സിബിഐ അന്വേഷണം മെച്ചപ്പെട്ടതായതുകൊണ്ടല്ല. ഇപ്പോഴത്തെ അന്വേഷണം കുറ്റക്കാരെ രക്ഷിക്കുന്നതാണെന്നതാണ് ഗൌരവമായ പ്രശ്‌നം. ഗെയിംസ് അഴിമതിയെ ന്യായീകരിക്കുന്ന പത്രപരസ്യം നല്‍കാന്‍പോലും കല്‍മാഡിമാര്‍ക്ക് ധൈര്യമുണ്ടായിരിക്കുന്നു. അത് അന്വേഷണ ഏജന്‍സികളെ വെല്ലുവിളിച്ചാണുതാനും.

1962ല്‍ ജവാഹര്‍ലാല്‍ നെഹ്റു എഐസിസി സമ്മേളനത്തില്‍ അഴിമതിക്കാരായ കോണ്‍ഗ്രസുകാര്‍ക്ക് നല്‍കിയ താക്കീത് നെഹ്റുവിനെ സ്‌മരിക്കുന്ന നവംബറിലെങ്കിലും ഇപ്പോഴത്തെ കോണ്‍ഗ്രസുകാര്‍ ഓര്‍ക്കുമോ. പൊതുപ്രവര്‍ത്തനം സംശുദ്ധവും അഴിമതിരഹിതവും സുതാര്യവുമായിരിക്കണമെന്നും അല്ലാതിരുന്നാല്‍ കോണ്‍ഗ്രസില്‍ സ്ഥാനമുണ്ടായിരിക്കില്ലെന്നും ഭുവനേശ്വര്‍ എഐസിസിയില്‍ നെഹ്റു നടത്തിയ പ്രഭാഷണം ഓര്‍ക്കുന്ന എത്ര കോണ്‍ഗ്രസുകാരുണ്ട്. 2010 നവംബറില്‍ ഡല്‍ഹിയില്‍ നടന്ന എഐസിസി സമ്മേളനത്തിലെ പ്രസംഗത്തില്‍ സോണിയ ഗാന്ധിക്കും മന്‍മോഹന്‍സിങ്ങിനും നെഹ്റുവിന്റെ ഈ വാക്കുകള്‍ സ്‌മരിക്കാനോ അഴിമതിയില്‍ മുങ്ങിത്താണുകൊണ്ടിരിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലെ ചില മന്ത്രിമാരുടെ നടപടികളെക്കുറിച്ച് പരാമര്‍ശിക്കാനോ നേരമുണ്ടായിരുന്നില്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന ചോദ്യത്തിന് എന്തുത്തരമുണ്ട് കോണ്‍ഗ്രസിന് ? ഒരു വര്‍ഷത്തിനകം അഴിമതി ആരോപണത്തെതുടര്‍ന്ന് രാജിവച്ച് പോകേണ്ടിവന്ന കോണ്‍ഗ്രസ് മന്ത്രിമാരുടെ എണ്ണം കൂടുകയാണ്. ശശിതരൂര്‍, അശോക് ചവാന്‍ എന്നിവര്‍ അക്കൂട്ടത്തില്‍പ്പെടുന്നു. ജനങ്ങളുടെ കായിക പ്രേമം; ക്രിക്കറ്റിനോടുള്ള താല്‍പ്പര്യം കോടികള്‍ സമ്പാദിക്കാനുള്ള ചൂതാട്ടമാക്കിയാണ് ശശിതരൂര്‍ രാജിയിലേക്കെത്തിയത്. ഐപിഎല്‍ എന്ന പേരുതന്നെ അഴിമതിയോട് ഒട്ടിച്ചുചേര്‍ത്തു ആ മന്ത്രി. രാജിയിലൂടെ അഴിമതി ഇല്ലാതാക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. ബൂര്‍ഷ്വാ സമൂഹത്തില്‍ അഴിമതി വ്യാപകമാകുകയാണ് ചെയ്യുന്നത്. ജനാധിപത്യത്തില്‍ ജനങ്ങളേക്കാള്‍ വലുതായി ഒന്നുമില്ല. അഴിമതിക്കെതിരായ ജനകീയ പോരാട്ടമാണുയരേണ്ടത്.


*****

എം വി ജയരാജന്‍, കടപ്പാട് : ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കുംഭകോണങ്ങളുടെ കുംഭമേളയാണ് കേന്ദ്ര യുപിഎ ഭരണത്തില്‍. പ്രതിരോധ ഇടപാടുകളിലൂടെയും ടെലികോം, കോമണ്‍‌വെല്‍ത്ത്, ഐപിഎല്‍ അഴിമതികളിലൂടെയും രാജ്യത്തിനകത്തും പുറത്തും ഇന്ത്യക്കാര്‍ക്ക് ശിരസ്സ് കുനിക്കേണ്ട അവസ്ഥയാണ് യുപിഎ ഭരണം സൃഷ്‌ടിച്ചത്. കേന്ദ്രഭരണത്തിന് നേതൃത്വം കൊടുക്കുന്നവര്‍ നടത്തുന്ന അഴിമതി സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളും മാതൃകയാക്കുകയാണ്. അതാണ് ആദര്‍ശ് ഫ്ളാറ്റ് കുംഭകോണം. കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യരക്ഷയ്‌ക്കുവേണ്ടി പൊരുതി വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തെ സഹായിക്കാനെന്നു പറഞ്ഞ് സര്‍ക്കാരില്‍നിന്ന് കണ്ണായ സ്ഥലത്തെ ഭൂമി തട്ടിയെടുക്കുക. അനുവദിക്കപ്പെട്ടതിന്റെ പലമടങ്ങ് വലുപ്പമുള്ള കെട്ടിടം നിര്‍മിക്കുക. ഒടുവില്‍ ആ കെട്ടിടത്തിലെ ഫ്ളാറ്റുകള്‍ മുഖ്യമന്ത്രിയുടെയും കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെയും ബന്ധുക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മുന്‍ കരസേനാ മേധാവികള്‍ക്കും വീതംവച്ച് നല്‍കുക- ജനങ്ങളുടെ ചിന്തകള്‍ക്കപ്പുറമാണ് കോണ്‍ഗ്രസ് നടത്തുന്ന ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍.