സാംസ്‌കാരിക പുരോഗതി ഇല്ലാത്തൊരു രാജ്യത്ത് ജനാധിപത്യം വിജയിക്കാനുള്ള സാധ്യത തീരെ വിരളമാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയം ഇതിന്റെ ഉത്തമദൃഷ്ടാന്തമാണെന്ന തോന്നല്‍ ചില സമീപകാല സംഭവവികാസങ്ങള്‍ ബലപ്പെടുത്തുന്നു. നമ്മുടെ രാഷ്ട്രീയം ജനങ്ങളുടെ ജീവിത യാഥാര്‍ഥ്യങ്ങളെ സ്പര്‍ശിക്കാതെ, കുതിരക്കച്ചവടത്തെയും രാഷ്ട്രീയ മുതലാളിത്തത്തെയും വട്ടം ചുറ്റിപോകുന്ന സ്ഥിതിയിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. അത് വര്‍ധിച്ച തോതില്‍ സ്വകാര്യവല്‍ക്കരിക്കപ്പെടുകയും അതൊരു വ്യവസായമായിത്തന്നെ പരിണമിച്ചുകൊണ്ടുമിരിക്കുന്നു. രാഷ്ട്രീയം=വ്യവസായം, വ്യവസായം=രാഷ്ട്രീയം. ഇതാണ് ഉരുത്തിരിയുന്ന സമവാക്യം. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, പല വഴിവാണിഭങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് രാഷ്ട്രീയം. കര്‍ണാടകയില്‍ അടുത്തകാലത്ത് അരങ്ങ് തകര്‍ത്ത രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്രയും പറഞ്ഞത്.
രാഷ്ട്രീയത്തില്‍ പകല്‍ എന്ത് നടക്കുന്നു എന്നതിനേക്കാള്‍ പ്രധാനം രാത്രിയില്‍ എന്ത് നടക്കുന്നു എന്നതാണ്, പ്രത്യേകിച്ച് അതില്‍നിന്ന് ധാര്‍മ്മികതയുടെ അംശങ്ങള്‍ വാര്‍ന്നു പോകുകകൂടി ചെയ്താല്‍. കുതിരക്കച്ചവടവും കൊടുക്കല്‍ വാങ്ങലും വിലപേശലും നടക്കുന്നത് എപ്പോഴും ഇരുട്ടിന്റെ മറവിലാണ്. പുരാതന റോമാ സാമ്രാജ്യത്തില്‍ നിലനിന്നിരുന്ന അടിമ കച്ചവടം പോലെയാണ് എം എല്‍ എ മാരുടെ കച്ചവടം കര്‍ണാടകത്തില്‍ യദ്യൂരപ്പ സര്‍ക്കാര്‍ നിലവില്‍ വന്നതിനുശേഷം അരങ്ങേറിക്കൊണ്ടിരിക്കുന്നത്. കച്ചവടത്തില്‍ ഒരു നിയമസഭാ സാമാജികന്റെ വില എന്താണെന്ന് അറിയില്ല. എന്നാല്‍ ഒന്ന് വ്യക്തമാണ്. അവര്‍ എന്തിനും ഉപയോഗിക്കാവുന്ന തടിക്കഷണങ്ങളായി തരംതാണിരിക്കുന്നു.
ഗര്‍ഭധാരണത്തിന്റെ കാര്യത്തില്‍ അല്‍പം ഗര്‍ഭംധരിക്കാനാവില്ലെന്ന് പറയാറുണ്ട്. അതുപോലെതന്നെയാണ് രാഷ്ട്രീയത്തിലെ കുതിരക്കച്ചവടത്തിന്റെ കാര്യവും. കച്ചവടം തുടങ്ങിക്കഴിഞ്ഞാല്‍ അത് സര്‍വ്വവും മറന്ന് മുടിയഴിച്ചാടും. ബലൂണ്‍പോലെ വീര്‍ത്ത് വികൃതമാവും. ഭാരതീയ ജനതാപാര്‍ട്ടി (ബി ജെ പി) കര്‍ണാടകത്തില്‍ നടത്തിയ 'എം എല്‍ എ' കച്ചവടം ഇതിലേയ്ക്കാണ് വിരല്‍ചൂണ്ടുന്നത്.
ടൈമൂര്‍ ചക്രവര്‍ത്തിയെക്കുറിച്ച് ചരിത്രകാരന്‍മാര്‍ പറയുന്നൊരു കാര്യമുണ്ട്. അദ്ദേഹം തന്റെ ദിനങ്ങളെ രണ്ടായി പകുത്ത് വയ്ക്കുമായിരുന്നത്രെ. ആദ്യപകുതി ശത്രുക്കളെ വകവരുത്താനും രണ്ടാം പകുതി കലാപരിപാടികള്‍ ആസ്വദിക്കുവാനും അദ്ദേഹം ഉപയോഗിച്ചിരുന്നു. ഏതാണ്ട് ഇതിന് സമാനമാണ് കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പയുടെ ദിനങ്ങളും - ആദ്യപകുതിയില്‍ കുതിരക്കച്ചവടവും ശേഷിച്ച സമയത്ത് അധികാരത്തിന്റെ ആസ്വാദനവും. ഈ വിധം ദിനങ്ങളെ പകുത്ത് വച്ചതുമൂലമാണ് അദ്ദേഹത്തിന് ഇത്രയും നാള്‍ ഭരിക്കാനായതും ഇപ്പോഴത്തെ പ്രതിസന്ധി തരണം ചെയ്യാനായതും. 2008 ലെ തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തിന് മൂന്ന് അംഗങ്ങള്‍ കുറവുണ്ടായിരുന്ന ബി ജെ പിയ്ക്ക് (111/225) ആറ് സ്വതന്ത്രന്മാരെ ചാക്കിട്ട് പിടിച്ച് സ്വന്തം അംഗബലം 117 ലേയ്ക്ക് (സ്പീക്കറെ കൂടാതെ) ഉയര്‍ത്താനായത് ഈ മാര്‍ഗം സ്വീകരിച്ചുകൊണ്ടാണ്.
എന്നാല്‍ യദ്യൂരപ്പയ്ക്ക് കാലിടറിയത് കഴിഞ്ഞമാസം മന്ത്രിസഭ പുനഃസംഘടിപ്പിക്കുവാന്‍ തീരുമാനിച്ചപ്പോഴാണ്. ക്യാബിനറ്റില്‍ നിന്ന് രണ്ടുപേരെ ഒഴിവാക്കാനും ആറുപേരെ പുതിയതായി ഉള്‍പ്പെടുത്താനുമായിരുന്നു നീക്കം. ഇതിനെ തുടര്‍ന്ന്, പക്ഷേ, പതിനാല് ബി ജെ പി എം എല്‍ എ മാരും അഞ്ച് സ്വതന്ത്രരുമടക്കം പത്തൊമ്പത്‌പേര്‍ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിക്കുകയും ഇക്കാര്യം ഗവര്‍ണറെ എഴുതി അറിയിക്കുകയും ചെയ്തു. ഇവിടം മുതലാണ് കുതിരക്കച്ചവടത്തിന്റെ രണ്ടാം ഭാഗം അരങ്ങേറുന്നത്. ഇതോടെ മുഖ്യമന്ത്രി യദ്യൂരപ്പയും ജനതാദള്‍ (എസ്) നേതാവ് കുമാരസ്വാമിയും കത്തിവേഷത്തില്‍ രംഗപ്രവേശം ചെയ്തു.
കത്തിവേഷം അണിഞ്ഞാല്‍ എന്തുംചെയ്യാം എന്നാണ് പ്രമാണം. ഇവിടെയും അത് അസ്ഥാനത്തായില്ല. പിന്തുണ പിന്‍വലിച്ചുകൊണ്ട് ഗവര്‍ണര്‍ക്ക് കത്തെഴുതിയ എം എല്‍ എ മാരുടെ സസ്‌പെന്‍ഷന്‍; ഇവരെയും കൊണ്ട് ചെന്നെയിലേയ്ക്കും കൊച്ചിയിലേയ്ക്കും മുംബൈയിലേയ്ക്കും ഗോവയിലേയ്ക്കും കുമാരസ്വാമി നടത്തിയ തീര്‍ഥയാത്രകള്‍; ഇത്രയുമൊക്കെ പണവും വിയര്‍പ്പും ഒഴുക്കിയിട്ടും യദ്യൂരപ്പ ഏതാനും റിബലുകളെ സര്‍ക്കാര്‍ പക്ഷത്തേയ്ക്ക് തിരികെ കൊണ്ടുവന്നത്; മറ്റു ചിലരെ രാജി വയ്പിച്ചത്; ഒക്‌ടോബര്‍ പതിനൊന്നിന് വിശ്വാസവോട്ടെടുപ്പ് നടത്തുമെന്ന പ്രഖ്യാപനം വന്നതോടെ ഓരോ കക്ഷിയും
'തങ്ങളുടെ കൂടെയുള്ള' എം എല്‍ എ മാരെ പഞ്ചനക്ഷത്ര ഹോട്ടലുകളിലേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ചത്; 11 ന് അസംബ്ലിയ്ക്ക് അകത്തും പുറത്തും നടന്ന കയ്യാംകളി - ഇങ്ങനെ ഒന്നിനുപുറകെ ഒന്നായി ഓരോ സീനും നാടകത്തിലെന്നപോലെ, അരങ്ങ് വാണു.
ഇതിനിടയില്‍ വളരെ രസകരമായൊരു സംഭവവും നടന്നു. ഗോവയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ യദ്യൂരപ്പയും കുമാരസ്വാമിയും ഒരുമിച്ച് തമ്പടിച്ച് എം എല്‍ എ മാരെ (റിബലുകള്‍) ചാക്കിടാന്‍ ശ്രമിച്ചു! ഈ വിധം പഞ്ചനക്ഷത്ര ആഘോഷങ്ങള്‍ക്കും വിമാനയാത്രകള്‍ക്കും തടവലിനും പിഴിച്ചിലിനും പണം ആരു മുടക്കി എന്നത് ആലോചനാമൃതമാണ്. സ്വന്തം പണമാണെന്ന് രാഷ്ട്രീയ കക്ഷികള്‍ പറയുന്നുണ്ടെങ്കിലും എല്ലാവര്‍ക്കും അറിയാവുന്ന പരസ്യമായൊരു രഹസ്യമുണ്ട്. വ്യവസായ ഗ്രൂപ്പുകളും ഖനിമാഫിയകളുമാണ് ഇതിലെ മുതല്‍മുടക്കുകാര്‍. ഇവിടെയാണ് വ്യവസായം രാഷ്ട്രീയവും രാഷ്ട്രീയം വ്യവസായവുമായി പരിണമിക്കുന്നത്. മരണം ബനാറസിന്റെ ഹൃദയത്തില്‍ ഉണ്ടെന്നുപറയുംപോലെയാണ് പണം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഹൃദയത്തില്‍ ഉള്ളത്. ഒരര്‍ഥത്തില്‍ ഇന്ത്യയില്‍ പണത്തിന്റെ സമ്മതിദാനാവകാശമാണ് നടക്കുന്നത്.
കര്‍ണാടകയിലെ ഈ രാഷ്ട്രീയ നാടകത്തില്‍ സംസ്ഥാന ഗവര്‍ണറും അദ്ദേഹത്തിന്റേതായ സംഭാവന നല്‍കി എന്നതാണ് മറ്റൊരുവസ്തുത. ഒക്‌ടോബര്‍ പതിനൊന്നിനാണല്ലോ ആദ്യത്തെ വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്. അന്ന് നടന്ന കയ്യാംകളിയുടെയും ബഹളത്തിന്റെയും പശ്ചാത്തലത്തില്‍ അദ്ദേഹം പ്രസിഡന്റുഭരണത്തിന് ശുപാര്‍ശചെയ്തു. ഇതില്‍ കുഴപ്പമൊന്നും ഇല്ലെങ്കിലും തുടര്‍ന്നുണ്ടായ രണ്ട് നടപടികള്‍ അങ്ങേയറ്റം വിവാദപരമായി. രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശചെയ്തതിനു തൊട്ടുപുറകെ, തന്റെ ഭാഗം ന്യായീകരിക്കാനായി പത്രസമ്മേളനം വിളിച്ചു ചേര്‍ത്തതാണ് ഇതില്‍ ആദ്യത്തേത്. ഒരുപക്ഷേ ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടാവണം ഈ വിധം ഒന്ന് നടക്കുന്നത്. ഇതിനേക്കാള്‍ വിവാദപരമായ തീരുമാനമാണ് രണ്ടാമത്തേത്. രാഷ്ട്രപതി ഭരണത്തിനുള്ള ശൂപാര്‍ശ പിന്‍വലിക്കുകയും രണ്ടാമതൊരു വിശ്വാസ വോട്ടിന് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കേട്ടുകേള്‍വി ഇല്ലാത്ത ഒന്നാണ്. ഒരുവേള ബി ജെ പി സര്‍ക്കാരിനെ രക്ഷിച്ചത് ഗവര്‍ണറുടെ ഈ തീരുമാനമാണെന്ന് പറയേണ്ടിയിരിക്കുന്നു.
ജനങ്ങളെ അക്ഷരാര്‍ഥത്തില്‍ വിഡ്ഢികളാക്കുന്ന ഇത്തരം ചെയ്തികള്‍ നമ്മുടെ ജനാധിപത്യത്തിന്റെ മുഖമുദ്രയായിക്കൊണ്ടിരിക്കുന്നു എന്നതാണ് ഏറെ കഷ്ടം. ഇത് ഏതെങ്കിലും ഒരു കക്ഷിയുടെ അക്കൗണ്ടില്‍ കുറിച്ചിടാനുമാവില്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പൈതൃകം ബി ജെ പിയെ പോലെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അനുകരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. മുഖ്യമന്ത്രി യദ്യൂരപ്പ പറഞ്ഞതുപോലെ, ''കോണ്‍ഗ്രസ് കഴിഞ്ഞ ആറ് പതിറ്റാണ്ടുകാലമായി ചെയ്തുപോരുന്നത് ഞങ്ങളും ചെയ്യുന്നു എന്നേയുള്ളൂ. കൂടുതല്‍ കാര്യക്ഷമതയോടെ ചെയ്യുന്നു, അത്രമാത്രം''. മനുഷ്യന്റെ ഓര്‍മയ്ക്ക് മറവിയുടെ ശക്തമായൊരു ബിന്ദു ഉള്ളതുകൊണ്ട്, ഈ വിധം അഴിമതിയുടെ മെതിയടികള്‍ ചലിപ്പിച്ചുകൊണ്ട് പാര്‍ട്ടികള്‍ക്ക് നടക്കാനാവുന്നു, ഒന്നും നടന്നില്ലെന്ന മട്ടില്‍ വീണ്ടും ജനങ്ങളെ സമീപിക്കാനാവുന്നു. ഒരഭിമുഖത്തില്‍ യദ്യൂരപ്പ പറഞ്ഞത് ശ്രദ്ധിക്കുക, ''ഒക്‌ടോബര്‍ പതിനൊന്നിന് അസംബ്ലിയില്‍ നടന്ന നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ക്ക് ഞാന്‍ കര്‍ണാടകയിലെ ജനങ്ങളോട് ക്ഷമ ചോദിക്കുന്നു.'' ഇതോടെ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം എല്ലാ വൃത്തികേടിന്റെയും പ്രായശ്ചിത്തമായി. അറുപത് വര്‍ഷത്തെ ജനാധിപത്യം നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നത് ഇത്തരം പാഴ്‌വാക്കുകളുടെ പാലാഴിയിലാണ്.
നിയമനിര്‍മാണാധികാരം പിഴയ്ക്കുന്നിടത്ത് രാജ്യത്തിന്റെ തകര്‍ച്ച ആരംഭിക്കുമെന്നാണ് ഫ്രഞ്ച് തത്വചിന്തകന്‍ മൊണ്‍ടെസ്‌ക്യു പറഞ്ഞത്. ഇതിനെ അക്ഷരംപ്രതി ശരിവയ്ക്കുന്നതാണ് കര്‍ണാടകയിലെ സംഭവ വികാസങ്ങള്‍. ജനങ്ങള്‍ ദാരിദ്ര്യത്തിന്റെ കൊടുമുടി കയറുമ്പോള്‍ രാഷ്ട്രീയ നേതൃത്വങ്ങളുടെ ബാങ്ക് ബാലന്‍സ് സ്വിസ് ബാങ്കുകളില്‍ കൊടുമുടി സൃഷ്ടിക്കുന്നു. ആകെയുള്ള 607 ജില്ലകളില്‍ 160 ഉം നക്‌സലൈറ്റ് പ്രസ്ഥാനം പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്നു എന്ന് നമ്മുടെ പ്രധാനമന്ത്രി തന്നെ പറയുന്നു. ജനങ്ങളെ മറന്നുകൊണ്ടുള്ള വികസനവും അവരെ കൊഞ്ഞണം കുത്തുന്ന രാഷ്ട്രീയക്കാരുടെ ഇത്തരം പ്രവര്‍ത്തനങ്ങളും ഇതിന് വെടിമരുന്ന് ഇട്ടില്ലെങ്കിലേ അദ്ഭുതപ്പെടേണ്ടതുള്ളു.
*
ഡോ. ജെ പ്രഭാഷ് കടപ്പാട്: ജനയുഗം 10-11-2010
Thursday, November 11, 2010
കുതിരക്കച്ചവടത്തിന്റെ നവ നാടകങ്ങള്‍
Subscribe to:
Post Comments (Atom)
1 comment:
സാംസ്‌കാരിക പുരോഗതി ഇല്ലാത്തൊരു രാജ്യത്ത് ജനാധിപത്യം വിജയിക്കാനുള്ള സാധ്യത തീരെ വിരളമാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയം ഇതിന്റെ ഉത്തമദൃഷ്ടാന്തമാണെന്ന തോന്നല്‍ ചില സമീപകാല സംഭവവികാസങ്ങള്‍ ബലപ്പെടുത്തുന്നു. നമ്മുടെ രാഷ്ട്രീയം ജനങ്ങളുടെ ജീവിത യാഥാര്‍ഥ്യങ്ങളെ സ്പര്‍ശിക്കാതെ, കുതിരക്കച്ചവടത്തെയും രാഷ്ട്രീയ മുതലാളിത്തത്തെയും വട്ടം ചുറ്റിപോകുന്ന സ്ഥിതിയിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. അത് വര്‍ധിച്ച തോതില്‍ സ്വകാര്യവല്‍ക്കരിക്കപ്പെടുകയും അതൊരു വ്യവസായമായിത്തന്നെ പരിണമിച്ചുകൊണ്ടുമിരിക്കുന്നു. രാഷ്ട്രീയം=വ്യവസായം, വ്യവസായം=രാഷ്ട്രീയം. ഇതാണ് ഉരുത്തിരിയുന്ന സമവാക്യം. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, പല വഴിവാണിഭങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് രാഷ്ട്രീയം. കര്‍ണാടകയില്‍ അടുത്തകാലത്ത് അരങ്ങ് തകര്‍ത്ത രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്രയും പറഞ്ഞത്.
Post a Comment