Wednesday, November 10, 2010

119-ാമത്തെ സ്വര്‍ഗത്തില്‍

സ്വര്‍ഗം എന്നുവച്ചാല്‍ പരമമായ ആനന്ദത്തിന്റെ ഇരിപ്പിടം. എല്ലാ മതങ്ങളിലുമുണ്ട് സ്വര്‍ഗം എന്ന സങ്കല്‍പ്പം. ഇസ്ളാമില്‍ ഏഴ് സ്വര്‍ഗത്തെപ്പറ്റിയോ ആകാശമാര്‍ഗങ്ങളെപ്പറ്റിയോ സൂചനകള്‍ ഉണ്ട്. ഇംഗ്ളീഷില്‍ ഏഴാം സ്വര്‍ഗം എന്നൊരു ശൈലിതന്നെയുണ്ട്. അങ്ങേയറ്റത്തെ സുഖം അനുഭവിക്കാവുന്ന സ്ഥാനം എന്നര്‍ഥം. ഇന്ത്യയെ സ്വാതന്ത്ര്യസ്വര്‍ഗത്തില്‍ എത്തിക്കേണമേ എന്ന് മഹാകവി ടാഗോറിന്റെ പ്രാര്‍ഥനയുണ്ട്. മഹാകവിയുടെ സങ്കല്‍പ്പസ്വര്‍ഗം ഇവിടത്തെ പാവങ്ങളുടെ ക്ളേശങ്ങളും ദാരിദ്ര്യവും അവസാനിച്ച ഒരു ക്ഷേമരാജ്യമാണ്. ഗാന്ധിജി സദാ ക്ഷേമരാജ്യത്തെപ്പറ്റി പറഞ്ഞുകൊണ്ടേയിരുന്നു. അധികാരമേറ്റെടുത്ത ഉടനെ ഇന്ത്യക്കാരോട് സംസാരിക്കുമ്പോള്‍ നെഹ്റുവും പാവങ്ങളുടെ കണ്ണീര്‍ തുടച്ച് അവരെ നല്ല മനുഷ്യരാക്കുന്ന ഐശ്വര്യപൂര്‍ണമായ രാജ്യത്തിന്റെ ഉദയം അതിവേഗം വേണമെന്ന് തറപ്പിച്ചുപറഞ്ഞു.

ഇന്ത്യ ഇന്ന് 119-ാം സ്വര്‍ഗത്തിലാണ്. ഏഴാം സ്വര്‍ഗമൊക്കെ പഴയ കഥ. ഇന്ത്യയുടെ ഈ അസൂയാവഹമായ നില 169 രാജ്യങ്ങളുടെ സാമ്പത്തികസ്ഥിതിയെപ്പറ്റി ഐക്യരാഷ്‌ട്രസഭയുടെ ഒരു വിദഗ്ധ സമിതി പഠിച്ച് തയ്യാറാക്കിയ ഒരു റിപ്പോര്‍ട്ടിലെ നിഗമനങ്ങളിലൊന്നാണ്. ഈ റിപ്പോര്‍ട്ട് ഒബാമയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് തൊട്ടു മുമ്പാണെന്നത് യാദൃച്‌ഛികമോ ചരിത്രത്തിന്റെ കരുതിക്കൂട്ടിയുള്ള ചിരിയോ എന്ന് നിങ്ങള്‍ തീരുമാനിക്കുക.

പ്രഥമസ്വര്‍ഗത്തില്‍ പ്രതിഷ്‌ഠിക്കപ്പെട്ടിട്ടുള്ളത് ഉത്തരധ്രുവത്തിനടുത്തുള്ള തണുത്ത രാജ്യങ്ങളിലൊന്നായ നോര്‍വേയാണ്. നോര്‍വേയെപ്പറ്റി പുറംലോകം അറിയുന്നത് ഒരൊറ്റ കാര്യത്തിലാണ്- നോബല്‍ സമ്മാനം ഒരു നൂറ്റാണ്ടിലേറെക്കാലമായി മുടങ്ങാതെ നടത്തിവരുന്ന ഒരു ചെറിയ രാജ്യമെന്ന നിലയ്‌ക്ക്. പക്ഷേ, ഈ ഒരൊറ്റ വിഷയംകൊണ്ട് നോര്‍വേ ലോകാരാധ്യമായിത്തീര്‍ന്നു. സമാധാനത്തിനും ഐശ്വര്യത്തിനും വിളനിലമാണ് ഈ നിസ്സാര രാജ്യമെന്ന് ആരറിഞ്ഞു. എല്ലാത്തിന്റെയും വിളനിലം അമേരിക്കയാണെന്ന് അമേരിക്ക പറയുന്നത് കേട്ടുപഠിച്ചവരാണ് ഇന്ത്യക്കാര്‍. 'മനുഷ്യാവകാശങ്ങളുടെ വിളനിലം' മറ്റൊരു രാജ്യമല്ല? സമാധാനത്തിന്റെ കാവല്‍ക്കാരനാണ്, പക്ഷേ സമ്പത്ത് ഏറ്റവും കൂടുതല്‍, വ്യക്തിവരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നോര്‍വേയാണ്. 'പാതിരാസൂര്യന്റെ നാട് ' എന്ന പ്രശസ്‌തി അര്‍ഥപൂര്‍ണമാണ്. അവിടെ മെയ് മധ്യംതൊട്ട് ജൂലൈ അവസാനംവരെ സൂര്യന്‍ അസ്‌തമിക്കുന്നില്ല. നോര്‍വേയുടെ ഐശ്വര്യസൂര്യന് തീരെ അസ്‌തമയമില്ല. അമേരിക്കയുടെ സൂര്യന്‍ മങ്ങിപ്പോയി. നോര്‍വേയുടെ ഭൂമി മിക്കവാറും മലകളും പുഴകളും ചതുപ്പുനിലങ്ങളും മഞ്ഞുകട്ടികളും നിറഞ്ഞ് വാസയോഗ്യമല്ല. ഭരണം പരമ്പരാഗതവും ഭരണഘടനയുള്ളതുമായ രാജവാഴ്‌ചയാണ്. നാം പഠിച്ചത് ജനാധിപത്യമില്ലാത്ത രാജ്യം പ്രാകൃതമാണെന്നാണ്.

ഭരണഘടനയും ജനാധിപത്യവും ഉള്ള അമേരിക്ക മധ്യപൌരസ്‌ത്യ ദേശങ്ങളിലും ആഫ്രിക്കയിലും തെക്കേ അമേരിക്കയിലും യുദ്ധവും ചാരപ്പണിയും പണംകൊടുത്ത് കലാപങ്ങള്‍ വര്‍ധിപ്പിക്കലും കാരണമില്ലാതെ ബോംബാക്രമണവും യുദ്ധത്തടവുകാരെ മനുഷ്യത്വരഹിതമായി മര്‍ദിക്കലും ആണവകരാര്‍ അടിച്ചേല്‍പ്പിച്ച് പല രാജ്യങ്ങളെയും കുടുക്കി അവരെ നാശത്തിലും ധനനഷ്‌ടത്തിലും ഇറക്കി ഒരു പോറലുമില്ലാതെ കഴിഞ്ഞുകൂടുന്ന തട്ടിപ്പുനടത്തലും എല്ലാമായിട്ടും പ്രതിശീര്‍ഷ വരുമാനത്തില്‍ നോര്‍വേ മുന്നില്‍.

സ്‌കാന്‍ഡിനേവിയന്‍ നാടുകളായ സ്വീഡന്‍, ഡെന്മാര്‍ക്ക് എന്നിവിടങ്ങളിലും പ്രതിശീര്‍ഷ വരുമാനം വളരെ ഉയര്‍ന്നതാണ്. അവയിലെല്ലാം പരമ്പരാഗത രാജഭരണമാണ്. തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ ഒരു ഭരണഘടനയനുസരിച്ച് ഭരിക്കുകയാണ് ആ രാജ്യങ്ങളിലെ രാഷ്‌ട്രീയസമ്പ്രദായം.

ഒബാമയുടെ സന്ദര്‍ശനത്തിനിടയില്‍ ഇന്ത്യയെ ഏറെ വേദനിപ്പിക്കുന്ന ഒരു പഠനറിപ്പോര്‍ട്ട് വെളിച്ചത്തുകാട്ടിയ ഐക്യരാഷ്‌ട്രസഭയുടെ പ്രവൃത്തി സോദ്ദേശ്യമല്ലെന്ന് കുറ്റപ്പെടുത്തുന്നില്ല, പക്ഷേ അവരുടെ നടപടി ഒട്ടും ഉചിതമായില്ല. 'ഉചിതമായില്ല' എന്ന് എഴുതിയത് പെട്ടെന്ന് ആര്‍ക്കും തോന്നിപ്പോകാവുന്ന ഒരു പ്രതികരണം ആയിട്ടാണ്. ഈ ലേഖനം എഴുതുന്നയാള്‍ എന്ന നിലയില്‍. ഐക്യരാഷ്‌ട്രസഭയുടെ പഠനറിപ്പോര്‍ട്ട് ലോകദൃഷ്‌ടിയില്‍ എത്തിയത് എത്തേണ്ട നല്ല മുഹൂര്‍ത്തം നോക്കിത്തന്നെയാണ്. ഇപ്പോഴത്തെ അമേരിക്കല്‍ പ്രസിഡന്റിന്റെ പ്രഥമസന്ദര്‍ശനം എന്ന നിലയ്‌ക്ക് നാടകീയത വളര്‍ത്തിക്കൊണ്ടുവന്ന ഈ സംഭവത്തിന്റെ പിറകില്‍ ഒളിച്ചുവച്ചിരിക്കുന്ന തന്ത്രങ്ങളുടെയും ഉപായങ്ങളുടെയും നശീകരണ വിദ്യകളുടെയും ഉള്ളുകള്ളി പുറത്തുകൊണ്ടുവരാന്‍ ഈ റിപ്പോര്‍ട്ട് മറ്റെന്തിനേക്കാളും അവസരോചിതമായി വന്നിരിക്കുന്നു. ചരിത്രത്തിന്റെ ഒരു ചെറുചിരി ഉണ്ടിവിടെ.

ഒബാമയുടെ ആഗമനവിവരണങ്ങള്‍ നീറിപ്പിടിച്ചുവരുന്ന സമയത്താണ് ഒരു അമേരിക്കന്‍ മാസികയായ 'ഫോര്‍ബ്‌സ് ' ലോകത്തിലെ അതിശക്തമായ നേതാക്കളുടെ ഒരു പട്ടിക പ്രസിദ്ധീകരിച്ചത്. ഒട്ടും നാണിക്കാനില്ല ഇന്ത്യക്ക്. മന്‍മോഹന്‍സിങ് ശക്തനാണ് - 18-ാമനോ മറ്റോ. സോണിയ ഗാന്ധി ശക്തയാണ് - പത്താമതോ മറ്റോ. ഇന്ത്യ ശക്തമായ രാഷ്‌ട്രമാണെന്ന് പാടിത്തകര്‍ക്കുന്നവരുടെ പക്കമേളമാണ് 'ഫോര്‍ബ്‌സ്' മാസികയിലും മറ്റും കാണുന്ന ഈ വിലകുറഞ്ഞ മഹത്വാഭിഷേകങ്ങള്‍. ഇത് കണ്ടാല്‍ പരമതൃപ്‌തിയടയുന്നവനാണ് ഇന്ത്യക്കാരന്‍ - പ്രധാനമന്ത്രി തൊട്ടുള്ള മഹാനേതാക്കള്‍ - എന്ന് അമേരിക്കന്‍ തന്ത്രിമാര്‍ക്ക് നന്നായിട്ടറിയാം. ഇംഗ്ളീഷില്‍ ഈ കലയെ 'ഗുഡാപ്പി'ടല്‍ എന്ന് പറയും. അമേരിക്കക്കാരന്‍ ഇന്ത്യയെ ഏഷ്യയിലെ പുലിയെന്നോ നരിയെന്നോ കുറേ മുമ്പ് പറഞ്ഞതോര്‍ക്കുന്നു. ഇന്ന് ബാലിശങ്ങളും കപടലക്ഷ്യത്തോടുകൂടിയതുമായ പ്രശംസകളെ നല്ല നയതന്ത്രഭാഷയില്‍ പരിഹസിച്ചുവിടാന്‍ ഇവിടെ ആരുമില്ലാതെപോയല്ലോ.

ഇത്രയെല്ലാമായിട്ടും ഒബാമയുടെ പല പ്രസ്‌താവനകളും ആചാരത്തിനുവേണ്ടി പറഞ്ഞതാണെന്ന ഒരു പ്രതീതി അവശേഷിക്കുന്നു. ഗാന്ധിജിയെ'ലോകത്തിന്റെ ഹീറോ' എന്നാണു വിളിച്ചത്. മറ്റാര്‍ക്കോ ചേരുന്ന വിശേഷണമായിട്ടാണ് പലര്‍ക്കും തോന്നിയത്. 'ഹീറോ' എന്ന് വിശേഷിപ്പിക്കപ്പെടേണ്ട ആളല്ല ഗാന്ധിജി. ഗാന്ധിജിയുടെ സ്ഥാനം ലോകഗുരുക്കന്മാരുടെയും പ്രവാചകന്മാരുടെയും ഇടയിലാണ്. ബുദ്ധന്‍, ക്രിസ്‌തു തുടങ്ങിയവരുടെ കൂടെ. മറിച്ച് അലക്‌സാണ്ടര്‍, നെപ്പോളിയന്‍, വിക്രമാദിത്യന്‍ എന്നീ വീരപുരുഷന്മാരുടെ കൂട്ടത്തില്‍ കൂട്ടേണ്ട ആളല്ല. സാഹസികതയും ധീരതയും കലര്‍ന്ന പരാക്രമശാലിയായ വ്യക്തിയാണ് ഹീറോ. ജവാഹര്‍ലാല്‍ നെഹ്റുവിനെ വേണമെങ്കില്‍ യുവജനങ്ങളുടെ ഹീറോ എന്ന് വിളിക്കാം. അസുന്ദരമായ ശൈലിപ്പിശകോടുകൂടിയുള്ള ആ ഗാന്ധിപരാമര്‍ശം പലരെയും വല്ലാതെ നിരാശപ്പെടുത്തിക്കളഞ്ഞു.

ജവാഹര്‍ലാല്‍ നെഹ്റുവിനെപ്പറ്റി ഒരക്ഷരം മിണ്ടിയതുമില്ല. ഒരു രാഷ്‌ട്രീയനേതാവ് മറ്റൊരു രാജ്യത്തു ചെന്ന് പ്രസംഗിക്കുമ്പോള്‍ ആ രാജ്യത്തിന്റെ നയതന്ത്രഭരണത്തിന്റെ നാന്ദികുറിച്ച വലിയൊരു ലോകനേതാവിനെ വിട്ടുകളയുന്നത് സ്വാഭാവികമല്ല. വിശേഷിച്ച് അദ്ദേഹത്തിന്റെ പ്രഭാഷണം തയ്യാറാക്കാനും തിരുത്താനും മറ്റും എത്രയോ രചനാവിദഗ്ധര്‍ ചുറ്റുമുണ്ടായിരിക്കെ. ഒബാമയുടെ മനസ്സില്‍ നെഹ്റുവും ഗാന്ധിയും ഒന്നുമല്ല നിറഞ്ഞുനിന്നിരുന്നത്. താന്‍ പ്രഖ്യാപിച്ച നാല്‍പ്പതിനായിരം കോടി രൂപയുടെ ധനസഹായംകൊണ്ട് തിരിച്ചെടുക്കാവുന്ന തൊഴിലവസരങ്ങള്‍, ആണവക്കരാറിലെ അമേരിക്കയ്‌ക്കനുകൂലമായ സാധ്യതകള്‍, ഇന്ത്യയില്‍ മൂലധനം ഇറക്കുന്ന വന്‍കമ്പനികള്‍ക്ക് ഇന്ത്യ നല്‍കേണ്ട ആദായനികുതി ഇളവുകള്‍ തുടങ്ങി എത്രയെത്ര കാര്യങ്ങള്‍ വേറെ കിടക്കുന്നു. അവയിലൊന്നിലും ഒരു പിഴവും വന്നുകൂടരുത് - മഹാത്മാഗാന്ധിയെ വീരനായകന്‍ എന്ന് വിളിച്ച ഭാഷാപരമായ പിഴവ് സാരമില്ല.

ലോകത്തിലെ ശക്തരായ ഭരണാധിപന്മാരുടെ കൂട്ടത്തില്‍ ഒബാമയോടൊപ്പം പരിഗണിക്കപ്പെടുന്ന അതിപ്രശസ്‌തിയില്‍ മനംമയങ്ങിയ മനോമോഹനന്‍ ഈ മായാവിലാസത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യം ആവതും തീറെഴുതിക്കൊടുക്കുന്ന നനുത്ത മനോഭാവത്തില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമത്തില്‍ ഭേദഗതി വരുത്താനാണ് ഒബാമ ശ്രമിക്കുന്നത്. സ്വതന്ത്രവും അഭിമാനമുള്ളതുമായ ഒരു രാജ്യം ഇങ്ങനെ ഒരാവശ്യം അനുവദിക്കാമോ എന്നതല്ല പ്രധാനം, അത്തരമൊരു രാജ്യത്തെ ഒരു താഴേക്കിട രാജ്യത്തിന്റെ ദുര്‍ബലനായ അധിപനോടുപോലും പറയാന്‍ പാടില്ലാത്ത ഉദ്ധതമായ ഒരാവശ്യം ഉന്നയിക്കാമോ എന്നതാണ്.

മന്‍മോഹനും സോണിയയും പ്രബലരായ ലോകനേതാക്കളും ഇന്ത്യയുടെ 'ശക്തി'യെപ്പറ്റി വാതോരാതെ പറഞ്ഞുകേട്ട് യാഥാര്‍ഥ്യത്തിന്റെ ലോകത്തില്‍നിന്ന് ഇന്ത്യ ഏതോ മൂഢസങ്കല്‍പ്പം പിടികൂടിയ മരുദേശത്തെപ്പോലെ കഴിയുമ്പോള്‍, ഇന്ത്യ ദാരിദ്ര്യത്തില്‍ 119-ാമത്തെ പടവില്‍ കിടക്കുന്നു എന്ന ശാസ്‌ത്രീയമായ അഭിപ്രായം കടുത്തൊരു മസ്‌തിഷ്‌കാഘാതംതന്നെയാണ്. പല പത്രങ്ങളും ഈ വാര്‍ത്ത കൊടുത്തില്ല, കൊടുത്തവതന്നെ പ്രാധാന്യം വേണ്ടത്ര കൊടുത്തില്ല. ('ദേശാഭിമാനി' മുഖപ്രസംഗം എഴുതിയത് സ്‌മരണീയമാണ്.) എന്തുകൊണ്ട്? ഒബാമയുടെ ദൌത്യത്തിന്റെ വിജയത്തിനുവേണ്ടിയാണ് അവര്‍ നിലകൊള്ളുന്നത്; ഇന്ത്യക്കുവേണ്ടിയല്ല. 119 എന്നത് തന്റെ മുഖത്തിന്റെ യഥാര്‍ഥരൂപം ഇന്ത്യ നോക്കി മനസ്സിലാക്കുന്ന കണ്ണാടിയായി മാറിയിരിക്കുന്നു. 'കണ്ണാടി കാൺമോളവും തന്നുടെ മുഖമേറ്റം നന്നെന്ന് നിരൂപിക്കുന്ന' നമ്മുടെ നേതാക്കളെ 119-ന്റെ ഓര്‍മ രക്ഷിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഒബാമയും ഇന്ത്യന്‍ നേതാക്കളും മിക്കവാറും മറന്നുപോയ പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റുവെന്ന ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രി. ആ 'ഹീറോ' പറഞ്ഞ പലതും ഇവര്‍പോലും മറന്നുകളഞ്ഞു. 1947 ആഗസ്‌ത് 14ന് ഭരണഘടന നിര്‍മാണ സഭാംഗങ്ങള്‍ ഉച്ചരിക്കേണ്ട പ്രതിജ്ഞയെപ്പറ്റി സംസാരിക്കവെ, ഇങ്ങനെയൊരു വാക്യം അദ്ദേഹം പറഞ്ഞിരുന്നു. 'ഇന്ത്യയെ സേവിക്കുക എന്നു പറഞ്ഞാല്‍ ഇന്ത്യയിലെ കോടിക്കണക്കിന് മനുഷ്യരെ സേവിക്കുക എന്നാണ് അര്‍ഥം. ദാരിദ്ര്യം, അജ്ഞത, രോഗം, അസമത്വം എന്നിവയെ അവസാനിപ്പിക്കുക എന്നാണതിനര്‍ഥം' 119-ാം സ്വര്‍ഗം ആ ദാരിദ്ര്യത്തിന്റെയും അജ്ഞതയുടെയും രോഗത്തിന്റെയും അസമത്വത്തിന്റെയും മഹാ സ്വര്‍ഗമാണ്. 1947ല്‍ ഇന്ത്യ എടുത്ത പ്രതിജ്ഞ ഇന്നും നിറവേറ്റിയിട്ടില്ല. 'ഓര്‍ക്കുക വല്ലപ്പോഴും'.

*****

സുകുമാര്‍ അഴീക്കോട്, കടപ്പാട് :ദേശാഭിമാനി 10112010

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഒബാമയും ഇന്ത്യന്‍ നേതാക്കളും മിക്കവാറും മറന്നുപോയ പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റുവെന്ന ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രി. ആ 'ഹീറോ' പറഞ്ഞ പലതും ഇവര്‍പോലും മറന്നുകളഞ്ഞു. 1947 ആഗസ്‌ത് 14ന് ഭരണഘടന നിര്‍മാണ സഭാംഗങ്ങള്‍ ഉച്ചരിക്കേണ്ട പ്രതിജ്ഞയെപ്പറ്റി സംസാരിക്കവെ, ഇങ്ങനെയൊരു വാക്യം അദ്ദേഹം പറഞ്ഞിരുന്നു. 'ഇന്ത്യയെ സേവിക്കുക എന്നു പറഞ്ഞാല്‍ ഇന്ത്യയിലെ കോടിക്കണക്കിന് മനുഷ്യരെ സേവിക്കുക എന്നാണ് അര്‍ഥം. ദാരിദ്ര്യം, അജ്ഞത, രോഗം, അസമത്വം എന്നിവയെ അവസാനിപ്പിക്കുക എന്നാണതിനര്‍ഥം' 119-ാം സ്വര്‍ഗം ആ ദാരിദ്ര്യത്തിന്റെയും അജ്ഞതയുടെയും രോഗത്തിന്റെയും അസമത്വത്തിന്റെയും മഹാ സ്വര്‍ഗമാണ്. 1947ല്‍ ഇന്ത്യ എടുത്ത പ്രതിജ്ഞ ഇന്നും നിറവേറ്റിയിട്ടില്ല. 'ഓര്‍ക്കുക വല്ലപ്പോഴും'.