Tuesday, November 23, 2010

കാല്‍നടക്കാരുടെ ദുരിതങ്ങള്‍

തിരുവനന്തപുരത്തെ മ്യൂസിയം-വെള്ളയമ്പലം റോഡിനെ പ്രഭാത സവാരിക്കാര്‍ക്കുവേണ്ടി വാഹന വിമുക്തമാക്കാനുള്ള നീക്കത്തെപ്പറ്റി കേട്ടപ്പോള്‍ പഴയൊരു ഓര്‍മയാണു മനസ്സിലുണര്‍ന്നത്. പണ്ട് (എന്നുവച്ചാല്‍ ഏതാണ്ടു 45 വര്‍ഷം മുമ്പ്) തൃശൂര്‍ എന്‍ജിനീയറിംഗ് കോളജില്‍ പഠിപ്പിക്കുന്ന കാലത്ത്. വൈകിട്ട് കൗതുകകരമായ ഒരു കാഴ്ച പതിവായിരുന്നു. തൃശൂരിലെ വന്ദ്യവയോധികനായ ബിഷപ് കാറില്‍ ചേറൂര്‍ ജംഗ്ഷനില്‍ എത്തും. എന്‍ജിനീയറിംഗ് കോളജിനു മുമ്പില്‍ വെച്ച് കാറില്‍ നിന്നിറങ്ങി വിയ്യൂര്‍ ജംഗ്ഷന്‍ വരെ നടക്കും. കാറ് പിറകേ മന്ദം മന്ദം നീങ്ങും. വിയ്യൂര്‍ ജംഗ്ഷനിലെത്തുമ്പോള്‍ അദ്ദേഹം കാറില്‍ കയറി അരമനയിലേയ്ക്കു മടങ്ങും.

ഇങ്ങനെ വെളുപ്പിനേ കാറില്‍ കയറി 'നടക്കാന്‍' പോകുന്നവരെ പിന്നെക്കാണുന്നത് തിരുവനന്തപുരത്തു താമസമാക്കിയപ്പോഴാണ്. മ്യൂസിയം കോംപൗണ്ട് തുടങ്ങിയ ചില 'പുണ്യ' ക്ഷേത്രങ്ങളാണ് ലക്ഷ്യം. അങ്ങനെയുള്ളവര്‍ക്ക് വേണ്ടിയായിരുന്നുവല്ലോ പാളിപ്പോയ ആ പരിഷ്‌കാരം. നമ്മെപ്പോലുള്ള 'സാദാ' ജനങ്ങള്‍ക്ക് നടക്കാന്‍ വീട്ടിനടുത്തുള്ള പെരുവഴി തന്നെ ശരണം. സത്യം പറഞ്ഞാല്‍ വെളുപ്പാന്‍കാലത്ത് വാഹനങ്ങള്‍ തീരെ കുറവാകയാല്‍ നടപ്പ് താരതമ്യേന സുഖകരമാണ്. (നായ്ക്കളുടെ ശല്യമാണ് യഥാര്‍ഥ പ്രശ്‌നം. അതു പക്ഷേ വേറൊരു കാര്യം). ഞാന്‍ പറഞ്ഞുവരുന്നത് അല്ലാത്ത സമയത്തും വഴി നടക്കേണ്ടിവരുന്ന ഹതഭാഗ്യരുടെ കാര്യമാണ്. അങ്ങനെയും ഒരു വര്‍ഗമുണ്ടല്ലോ ഈ നാട്ടില്‍. അതോ ''ഇന്നത്തെക്കാലത്ത് ഒരു സ്‌കൂട്ടറെങ്കിലും ഇല്ലാത്ത ആരാ ഈ നാട്ടിലുള്ളത്'' എന്നു ചിന്തിക്കുന്നവരാണോ നമ്മുടെ നേതാക്കളെല്ലാം? (ഇപ്പോഴത്തെ കാലത്ത് വീട്ടിലൊരു സ്വിമ്മിങ് പൂള്‍ ഉണ്ടാക്കുന്നത് അത്ര വലിയ ലക്ഷ്വറി ആണോ? എന്ന് പണ്ടൊരു പ്രധാനമന്ത്രി ചോദിച്ചതായി കേട്ടിട്ടുണ്ടല്ലോ!) എങ്കിലും ബസ്സില്‍ യാത്ര ചെയ്യുകയും വഴിയോരത്തുകൂടി നടക്കുകയും ചെയ്യുന്ന ധാരാളം ആളുകള്‍ ഇന്നും ഈ രാജ്യത്തുണ്ട്. അക്കൂട്ടരുടെ ദുരിതത്തെപ്പറ്റിയാണ് പറഞ്ഞുവരുന്നത്.

നമ്മുടെ നഗരങ്ങളില്‍ എത്ര റോഡുകളില്‍ നടപ്പാതകള്‍ (ഫുട്പാത്ത്) ഉണ്ട്? ഇപ്പോഴത്തെ ഒരു ''സ്റ്റൈല്‍'' 'വാള്‍ ടു വാള്‍ കാര്‍പറ്റിങ്ങ്' എന്നു പറയുംപോലെ 'മതില്‍ ടു മതില്‍ ടാറിങ്' ആണ്. അതുകൊണ്ട് ടാറിടുന്ന കോണ്‍ട്രാക്ടര്‍ക്ക് ലാഭം കൂടുമായിരിക്കാം! പക്ഷേ കാല്‍നടക്കാരുടെ ദുരിതം കൂടുകയേ ഉള്ളൂ. എന്തെന്നാല്‍ ടാറിട്ട സ്ഥലമെല്ലാം തങ്ങളുടെ മേഖലയാണെന്നാണ് വണ്ടി ഓടിക്കുന്നവരുടെ വിചാരം. ഇപ്പോള്‍ ആകെ ഒരു രക്ഷയുള്ളത് ഇലക്ട്രിക് പോസ്റ്റുകളാണ്. അവയുടെ മറപറ്റിയേ കാല്‍നടക്കാര്‍ക്കു സുരക്ഷിതമായി നടക്കാനാകൂ. (കെ എസ് ഇ ബി ക്കു സ്തുതി!) ഇനി ആധുനികവത്കരണത്തിന്റെ ഭാഗമായി അവര്‍ പവര്‍ലൈനെല്ലാം അണ്ടര്‍ഗ്രൗണ്ട് കേബിള്‍ ആക്കാന്‍ തീരുമാനിച്ചാല്‍ ആ സുരക്ഷിതത്വവും പോകും!.

ദോഷം പറയരുതല്ലോ? ചില റോഡുകളിലെല്ലാം ഫുട്പാത്തുകള്‍ പണിതിട്ടിട്ടുണ്ട്. പക്ഷേ അവയ്ക്കും പല കുഴപ്പങ്ങളുണ്ട്. ഒന്നാമത്തെ കാര്യം അവയുടെ സിംഹഭാഗവും വഴിവക്കിലുള്ള കടകളും വഴിവാണിഭക്കാരും വണ്ടിക്കടക്കാരും കൈയടക്കിക്കാണും എന്നതാണ്.
സെക്രട്ടേറിയറ്റിന്റെ ചുറ്റവട്ടത്തുപോലും ഇതാണവസ്ഥ. പിന്നെ മറ്റുള്ളിടങ്ങളിലെ കാര്യം പറയേണ്ടതില്ലല്ലോ. രണ്ടാമത്തെ പ്രശ്‌നം മിക്ക നടപ്പാതകളും അശാസ്ത്രീയമായാണ് രൂപകല്‍പന ചെയ്തിട്ടുള്ളത് എന്നതാണ്. പത്തു ചുവടു നടക്കുമ്പോഴേയ്ക്കും അതില്‍ വിടവ് ആകും. വഴിയോരത്തുള്ള ഗേറ്റിലേയ്ക്കുള്ള ഡ്രൈവ്‌വേ ആയിരിക്കും, അല്ലെങ്കില്‍ ഇടവഴി. പലപ്പോഴും ആ വിടവിന് ഒരു സാധാരണ ചവിട്ടുപടിയേക്കാള്‍ ഉയരവ്യത്യാസവും കാണും. ഇത് കാല്‍നടക്കാര്‍ക്ക് എത്രമാത്രം അസൗകര്യമാണെന്ന് നടക്കുന്നവര്‍ക്കേ അറിയൂ. വിദേശങ്ങളില്‍ മാത്രമല്ല ദില്ലിയില്‍ പോലും കാല്‍നടക്കാരോട് പരമാവധി പരിഗണന കാണിച്ചുകൊണ്ടാണ് നടപ്പാത നിര്‍മിക്കുക. ഇത്തരം വിടവ് വരുമ്പോള്‍, ഒന്നുകില്‍ നടപ്പാതയ്ക്ക് വളരെ ചെറിയ ചെരിവു കൊടുത്ത് ക്രമേണ ഉയരം കുറച്ചുകൊണ്ടുവരിക അല്ലെങ്കില്‍ ഡ്രൈവ്‌വേ അതിനനുസരിച്ച് ഉയര്‍ത്തി നടപ്പാതയുടെ നിരപ്പിലേയ്ക്ക് കൊണ്ടുവരുക. അപ്പോഴത് ഒരു 'ബംപ്' പോലെ സ്ഥിതിചെയ്യും എന്നതുകൊണ്ട് വാഹനയാത്രക്കാര്‍ക്ക് അതിഷ്ടപ്പെടില്ല. അതുകൊണ്ടായിരിക്കാം ഇവിടെ അതു ചെയ്യാത്തത്. നമ്മുടെ നാട്ടില്‍ വാഹനയാത്രക്കാര്‍ക്കാണല്ലോ മുന്‍ഗണന!

രണ്ടില്‍ ഏതു രീതി സ്വീകരിച്ചാലും ശരി, നടപ്പാതകളിലെ പൊടുന്നനെയുള്ള സ്റ്റെപ്പുകള്‍ ഒഴിവാക്കിയേ തീരൂ. നടക്കുന്നതിനിടെ ഇടയ്ക്കിടെ 'ചാടേണ്ടി'വരുന്നത് ആര്‍ക്കും സുഖം തോന്നുന്ന കാര്യമല്ല. അതുകൊണ്ടാണ് പലപ്പോഴും നടപ്പാത ഉള്ള സ്ഥലങ്ങളില്‍ പോലും മിക്കവരും അതുപേക്ഷിച്ച് ടാറിട്ട റോഡിലൂടെ നടക്കുന്നത്. വെറുതെയല്ല കേരളത്തിലെ റോഡപകടങ്ങളില്‍ കൊല്ലപ്പെടുന്നവര്‍ ഭൂരിപക്ഷവും കാല്‍നടക്കാരാകുന്നത്! നമ്മുടെ ഫുട്പാത്തുകളുടെ മറ്റൊരു കുഴപ്പം അവ പലപ്പോഴും ഓടകള്‍ക്കു മുകളില്‍ ഇട്ട സ്ലാബുകള്‍ മാത്രമാണ് എന്നതാണ്. ഈ സ്ലാബുകള്‍ ഒരേ നിരപ്പിലാവില്ല. ഇടയ്ക്കിടയ്ക്ക് വിടവും കാണും. കാല്‍ നടക്കാരെ അപകടത്തില്‍പെടുത്തുന്ന കെണികളാണ് അവിടെ ഒരുക്കിയിരിക്കുന്നത്. പ്രത്യേകിച്ചും ഇരുട്ടത്ത് അതിലൂടെ വിശ്വസിച്ചു നടക്കാന്‍ ആരും ധൈര്യപ്പെടില്ല.

കാല്‍നടക്കാരുടെ മറ്റൊരു പ്രശ്‌നം റോഡു മുറിച്ചുകടക്കലാണ്. വാഹനത്തിരക്ക് കൂടിക്കൂടി വരുന്തോറും അത് ജീവന്‍ പണയംവച്ചുള്ള ഒരു സാഹസം ആയിത്തീര്‍ന്നിരിക്കുന്നു. ട്രാഫിക്ക് ലൈറ്റും അതില്‍ കാല്‍നടക്കാര്‍ക്കുള്ള ഊഴവും ഉള്ളത് എത്രയോ കുറച്ചു സ്ഥലങ്ങളില്‍ മാത്രം! പല ജംഗ്ഷനുകളിലും 'സീബ്ര' വരകള്‍ വരച്ചിട്ടുണ്ട് എന്നതു ശരിയാണ്. പക്ഷേ 'പുസ്തകത്തില്‍' പറയുന്നതുപോലെ സീബ്രാവരയുള്ളിടത്ത് കാല്‍നടക്കാര്‍ക്കാണ് മുന്‍ഗണന എന്നു കരുതി റോഡു മുറിച്ചു കടക്കാന്‍ ശ്രമിച്ചാല്‍ ദുരന്തമാകും ഫലം. അതൊക്കെ വല്ല വിദേശരാജ്യത്തും ശരിയായിരിക്കാം. ഇവിടെ സീബ്രാ വരയിലായാലും എവിടെയായാലും 'നോക്കിയും കണ്ടും' മാത്രമേ റോഡു മുറിച്ചു കടക്കാവൂ. സാമാന്യം നല്ല ആരോഗ്യവും ചുറുചുറുക്കും ഉള്ളവര്‍ക്ക് മാത്രമേ അത് കഴിയൂ. പ്രായം കൂടിയവരും വികലാംഗരും അതിനു മുതിരാതിരിക്കുന്നതാണ് അവര്‍ക്ക് നല്ലത്!

പറയുമ്പോള്‍ മുഴുവന്‍ പറയണമല്ലോ - സീബ്രാ വരകളുള്ള ഇടങ്ങള്‍ വിശേഷിച്ചു സുരക്ഷയൊന്നും നല്‍കാത്തതുകൊണ്ടായിരിക്കാം എവിടെയും യഥേഷ്ടം റോഡു മുറിച്ചുകടക്കാന്‍ പലരും മുതിരുന്നത്., ചിലപ്പോള്‍ അത് സീബ്രാ ക്രോസിങ്ങില്‍ നിന്നു കുറച്ചു മീറ്ററുകള്‍ മാത്രം മാറി ആയിരിക്കാം സ്വല്പം അങ്ങോട്ടോ ഇങ്ങോട്ടോ നടന്ന് സീബ്രാവരയിലൂടെ മുറിച്ചുകടക്കാനുള്ള ക്ഷമ അവര്‍ കാണിക്കുന്നില്ല. കാല്‍നടക്കാര്‍ തോന്നുന്നിടത്തെല്ലാം റോഡു മുറിച്ചു കടക്കുന്നത് വണ്ടി ഓടിക്കുന്നവരെയും അസ്വസ്ഥരാക്കുമല്ലോ. ഒരുപക്ഷേ അതുകൊണ്ടായിരിക്കാം അവര്‍ സീബ്രാ ക്രോസിങ്ങിനും പ്രത്യേക പരിഗണന നല്‍കാത്തത്.

ചുരുക്കത്തില്‍, ഒരു നിയമവും പാലിക്കപ്പെടാത്ത വന്യമായ ഇടങ്ങളായിത്തീര്‍ന്നിരിക്കുന്നു നമ്മുടെ നിരത്തുകള്‍. ചിലേടത്തെല്ലാം അവയ്ക്കു വീതി കൂട്ടുന്നുണ്ട്. നല്ലത്. പക്ഷേ അതും വാഹനങ്ങള്‍ക്കു കൂടുതല്‍ ലെയിനുകള്‍ ഇടാനും പാര്‍ക്കിങ്ങിനും ആണ് ഉതകുന്നത്. നേരത്തേ സൂചിപ്പിച്ചതുപോലെ സുരക്ഷിതമായ, സുഗമമായ ഫുട്പാത്തുകള്‍ കൂടി ഉണ്ടായാലേ കാല്‍നടക്കാര്‍ക്ക് ഗുണമുള്ളൂ. എത്ര വീതി കുറഞ്ഞ റോഡായാലും ഫുട്പാത്ത് നിര്‍ബന്ധമായും ഉണ്ടാകണം. അതുകഴിഞ്ഞുള്ള സ്ഥലമേ വാഹനങ്ങള്‍ക്കു വിടാവൂ. അതാണ് ലോകത്തെങ്ങുമുള്ള മര്യാദ. അത്തരം ഇടുങ്ങിയ നിരത്തുകളില്‍ പാര്‍ക്കിങ്ങും നിരോധിക്കണം. ഫുട്പാത്തു പണിയാത്ത, വീതി കുറഞ്ഞ റോഡുകളില്‍ വാഹനം പാര്‍ക്ക് ചെയ്യുകകൂടി ചെയ്താല്‍ പിന്നെ കാല്‍നടക്കാര്‍ക്ക് റോഡിന്റെ നടുവിലേയ്ക്കു നീങ്ങാതെ പറ്റില്ല.

വളരെയധികം ആള്‍ത്തിരക്കുള്ള, വീതി കുറഞ്ഞ കമ്പോള നിരത്തുകളില്‍ വാഹനഗതാഗതം നിരോധിക്കുന്ന കാര്യവും ആലോചിയ്ക്കണം. അതും ലോകത്തു പല സ്ഥലങ്ങളിലും ചെയ്തിട്ടുള്ള കാര്യമാണ്. തിരുവനന്തപുരത്തെ ചാലക്കമ്പോളം, എറണാകുളത്തെ ബ്രോഡ്‌വേ, കോഴിക്കോട്ടെ മിഠായിത്തെരുവ് തുടങ്ങിയ സ്ഥലങ്ങളില്‍ വൈകുന്നേരത്തെ തിരക്കേറിയ സമയത്തെങ്കിലും വാഹനഗതാഗതം നിരോധിക്കേണ്ടതല്ലേ? കാല്‍നടക്കാരോടു കരുണ കാട്ടണമെങ്കില്‍ അത്തരം നിരോധനമാണു പരിഗണിക്കേണ്ടത്.

പക്ഷേ പരമമായ മുന്‍ഗണന എല്ലാ റോഡുകള്‍ക്കും സുരക്ഷിതവും സുഗമവും ശാസ്ത്രീയവും ആയ ഫുട്പാത്തുകള്‍ പണിയുക എന്നതിനായിരിക്കണം.

*
ആര്‍ വി ജി മേനോന്‍ കടപ്പാട്: ജനയുഗം 23-11-2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...

തിരുവനന്തപുരത്തെ മ്യൂസിയം-വെള്ളയമ്പലം റോഡിനെ പ്രഭാത സവാരിക്കാര്‍ക്കുവേണ്ടി വാഹന വിമുക്തമാക്കാനുള്ള നീക്കത്തെപ്പറ്റി കേട്ടപ്പോള്‍ പഴയൊരു ഓര്‍മയാണു മനസ്സിലുണര്‍ന്നത്. പണ്ട് (എന്നുവച്ചാല്‍ ഏതാണ്ടു 45 വര്‍ഷം മുമ്പ്) തൃശൂര്‍ എന്‍ജിനീയറിംഗ് കോളജില്‍ പഠിപ്പിക്കുന്ന കാലത്ത്. വൈകിട്ട് കൗതുകകരമായ ഒരു കാഴ്ച പതിവായിരുന്നു. തൃശൂരിലെ വന്ദ്യവയോധികനായ ബിഷപ് കാറില്‍ ചേറൂര്‍ ജംഗ്ഷനില്‍ എത്തും. എന്‍ജിനീയറിംഗ് കോളജിനു മുമ്പില്‍ വെച്ച് കാറില്‍ നിന്നിറങ്ങി വിയ്യൂര്‍ ജംഗ്ഷന്‍ വരെ നടക്കും. കാറ് പിറകേ മന്ദം മന്ദം നീങ്ങും. വിയ്യൂര്‍ ജംഗ്ഷനിലെത്തുമ്പോള്‍ അദ്ദേഹം കാറില്‍ കയറി അരമനയിലേയ്ക്കു മടങ്ങും.