വീണ്ടും ഒരു കേരളപ്പിറവിദിനം. തിരു-കൊച്ചി, മലബാര്‍ എന്നിങ്ങനെ ഭൂമിശാസ്‌ത്രപരമായി വേര്‍തിരിഞ്ഞുകിടന്ന പ്രവിശ്യകള്‍ ചേര്‍ത്ത് ഐക്യകേരളം സ്ഥാപിച്ചതിന്റെ അമ്പത്തിനാലാം വാര്‍ഷികദിനം. കേരളപ്പിറവിയുടെ ഘട്ടത്തില്‍, അതിനായി മുന്‍നിന്ന് പ്രവര്‍ത്തിച്ച ഇ എം എസ്, എ കെ ജി എന്നിവരടക്കമുള്ള നേതാക്കളുടെ മനസ്സില്‍ ഭാവികാല കേരളത്തെക്കുറിച്ച് ചില സ്വപ്‌നങ്ങളുണ്ടായിരുന്നു. ആ സ്വപ്‌നങ്ങള്‍ എത്രത്തോളം സഫലമാകാന്‍ ബാക്കിയുണ്ട് എന്ന ചിന്തയ്‌ക്ക് പ്രേരണ നല്‍കുന്നതാണ് കേരളപ്പിറവിദിനാഘോഷം.
കേരളം ഏറെ മാറിയിരിക്കുന്നു. ഈ മാറ്റമാവട്ടെ, കേരളപ്പിറവിക്ക് മുന്‍പേ തുടങ്ങിയതും കേരളപ്പിറവിക്കുശേഷവും തുടര്‍ന്നുപോന്നതുമായ ഒരുപാട് സമരപരമ്പരകളുടെ ഫലമാണ്; ബോധപൂര്‍വമായ സാമൂഹ്യ ഇടപെടലുകളുടെ ഫലവുമാണ്.
അധഃകൃതര്‍ എന്നു മുദ്രയടിക്കപ്പെട്ട് നീക്കിനിര്‍ത്തിയിരുന്ന സമുദായങ്ങളില്‍പ്പെട്ട സ്‌ത്രീകള്‍ക്ക് കല്ലുമാലയണിഞ്ഞേ ഈ നാട്ടില്‍ നടക്കാന്‍ കഴിയുമായിരുന്നുള്ളൂ. ആ കല്ലുമാല പൊട്ടിച്ചെറിയാന്‍ നടത്തിയ സമരങ്ങളുണ്ട്. മാറുമറയ്‌ക്കാന്‍ ആ സമുദായങ്ങളില്‍പ്പെട്ട സ്‌ത്രീകള്‍ക്ക് അവകാശമുണ്ടായിരുന്നില്ല. ആ അവകാശം സ്ഥാപിച്ചെടുക്കാന്‍ നടത്തിയ സമരങ്ങളുണ്ട്. സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം ചെയ്യാനോ, വിദ്യാഭ്യാസ യോഗ്യതയ്‌ക്കനുസരിച്ചുള്ള ഉദ്യോഗം ലഭിക്കാനോ അവസരമുണ്ടായിരുന്നില്ല. ആ അവസരങ്ങള്‍ നേടിയെടുക്കാനായി നടത്തിയ നിവേദനസമരങ്ങളുണ്ട്. ക്ഷേത്രപരിസരങ്ങളിലൂടെ വഴിനടക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ആ സ്വാതന്ത്ര്യം നേടിയെടുക്കാനായി നടന്ന വൈക്കം സത്യഗ്രഹം, ശുചീന്ദ്രം സത്യഗ്രഹം, തിരുവാര്‍പ്പ് സത്യഗ്രഹം, പാലിയം സത്യഗ്രഹം തുടങ്ങിയവയുണ്ട്. ക്ഷേത്രത്തില്‍ കയറി ആരാധന നടത്താനുള്ള അവകാശമുണ്ടായിരുന്നില്ല. ആ അവകാശം സ്ഥാപിച്ചെടുക്കാന്‍ പി കൃഷ്‌ണപിള്ളയടക്കമുള്ളവരുടെ നേതൃത്വത്തില്‍ നടന്ന ഗുരുവായൂര്‍ സത്യഗ്രഹമുണ്ട്. അങ്ങനെയുള്ള സമരപരമ്പരകള്‍.
അയിത്തവും തീണ്ടലും തൊടീലും അടക്കമുള്ള സാമൂഹ്യ ദുഷ്‌ടുകള്‍കൊണ്ട് ജീര്‍ണമായിരുന്ന അവസ്ഥയെ നോക്കിയാണ് സ്വാമി വിവേകാനന്ദന്‍ കേരളം ഒരു ഭ്രാന്താലയമാണെന്ന് പറഞ്ഞത്. ആ ഭ്രാന്താലയത്തെ മനുഷ്യാലയമാക്കി മാറ്റാന്‍ നടന്ന സമരങ്ങളാണവ. ശ്രീനാരായണഗുരു, അയ്യങ്കാളി തുടങ്ങിയവരില്‍നിന്ന് പി കൃഷ്‌ണപിള്ള, ഇ എം എസ്, എ കെ ജി എന്നിവരിലൂടെയാണ് ആ പോരാട്ടത്തിന്റെ ദീപശിഖ കേരളത്തിന്റെ പല തലമുറകള്‍ക്ക് കൈമാറിക്കിട്ടിയത്. ആ വെളിച്ചത്തിലാണ് കേരളം ഇന്നുകാണുന്ന കേരളമായി രൂപപ്പെട്ടത്.
എന്നാലിന്ന്, മതഭ്രാന്ത് വീണ്ടും കേരളത്തെ പത്തൊമ്പതാം നൂറ്റാണ്ടിലെ അന്ധകാരത്തിലേക്ക് തിരിച്ചുകൊണ്ടുപോകുന്നുവോ എന്ന് ആശങ്കപ്പെടേണ്ട അവസ്ഥയായിരിക്കുന്നു. നവോത്ഥാനത്തിന്റെ സമസ്‌ത ദീപ്‌തികളെയും ജാതീയവും വര്‍ഗീയവുമായ അന്ധകാരത്തിന്റെ ശക്തികള്‍ അണച്ചുകളയുന്നുവോ എന്ന് ഉല്‍ക്കണ്‌ഠപ്പെടേണ്ടിയിരിക്കുന്നു. എല്ലാ ജാതി- വര്‍ഗീയ ശക്തികളും കൂടിച്ചേര്‍ന്ന് പുരോഗമന നവോത്ഥാന- മതേതരത്വ ശക്തികളെ തകര്‍ക്കാനായി വീണ്ടും സംഘടിത ശ്രമങ്ങളാരംഭിച്ചിരിക്കുന്നു. ഈ അവസ്ഥയെ മതനിരപേക്ഷമായ ജനകീയ ഒരുമകൊണ്ട് അതിജീവിച്ചാലല്ലാതെ കേരളത്തിന് ഇനി മുന്നോട്ടുപോകാനാകില്ല. ഇവിടെയാണ്, ഇ എം എസും എ കെ ജിയുമൊക്കെ കേരളമെന്ന മലയാളികളുടെ മാതൃഭൂമിയെക്കുറിച്ച് കണ്ട സ്വപ്‌നങ്ങളുടെ പ്രസക്തി.
സാമൂഹിക അനാചാരങ്ങള്‍ക്കും ജാതീയവും സമുദായികവുമായ അസമത്വങ്ങള്‍ക്കും എതിരായി ശ്രീനാരായണഗുരു അടക്കമുള്ള നവോത്ഥാനനായകര്‍ തുടങ്ങിവച്ച പോരാട്ടങ്ങള്‍ മുമ്പോട്ടു കൊണ്ടുപോയതും, ആ പോരാട്ടങ്ങളെ സാമ്പത്തികാസമത്വങ്ങള്‍ക്കെതിരായ സമരമെന്ന രാഷ്‌ട്രീയ ഉള്ളടക്കംനല്‍കി വികസിപ്പിച്ചെടുത്തതും കമ്യൂണിസ്‌റ്റുകാരാണ്. അതുകൊണ്ടുതന്നെ ആ പുരോഗമന ശ്രമങ്ങളില്‍ അസഹിഷ്‌ണുതയുള്ള എല്ലാ ശക്തികളും പഴയകാലത്തെ പുനരുജ്ജീവിപ്പിക്കാന്‍ കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തെ ഒറ്റപ്പെടുത്തേണ്ടതുണ്ടെന്ന് മനസിലാക്കുന്നു; അതിനായി യത്നിക്കുന്നു. കേരളത്തിന്റെ പുരോഗതിയിലും ജനമനസ്സുകളുടെ ഒരുമയിലും താല്‍പ്പര്യമുള്ള എല്ലാ ആളുകളും ചേര്‍ന്ന് ഈ ശ്രമങ്ങളെ ചെറുക്കുക എന്നതാണ് ഈ കേരളപ്പിറവി ആഘോഷവേളയില്‍ കേരളം ആവശ്യപ്പെടുന്നത്.
കേരളപ്പിറവിക്കുവേണ്ടി പൊരുതിയ നേതാക്കളുടെ മനസ്സിലുണ്ടായിരുന്ന മറ്റൊരു സ്വപ്‌നം നാടിന്റെ സ്വാശ്രയത്വമാണ്. അതിനെ തകര്‍ക്കുന്ന മുതലാളിത്തത്തിന്റെ പുത്തന്‍ അധിനിവേശശ്രമങ്ങളെയും അതിനുമുന്നില്‍ ചുവപ്പ് പരവതാനി വിരിക്കുന്ന രാഷ്‌ട്രീയശക്തികളെയും തിരിച്ചറിയേണ്ട സന്ദര്‍ഭംകൂടിയാണിത്. ഐക്യകേരളപ്പിറവിയുമായി ബന്ധപ്പെട്ട സങ്കല്‍പ്പങ്ങളില്‍ വേരുകളുള്ളതാണ് പുരോഗമന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ ഇവിടെ നടന്ന അധികാര വികേന്ദ്രീകരണ- ജനകീയാസൂത്രണ ശ്രമങ്ങള്‍. സുഭദ്രമായ ഒരു ഭാവികാല കേരളത്തിന്റെ സൃഷ്‌ടിക്കായുള്ള ആത്മാര്‍ഥമായ പരിശ്രമങ്ങളായിരുന്നു അവ. അതൊക്കെ തകര്‍ക്കാനം തിരുത്താനുമുള്ള നീക്കങ്ങള്‍ക്കെതിരായ ജാഗ്രതയും കേരളപ്പിറവി ജനങ്ങളില്‍നിന്ന് ആവശ്യപ്പെടുന്നു.
ഭാഷയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന പുനര്‍നിര്‍ണയം നടന്നത്; ഒരേ ഭാഷ സംസാരിക്കുന്നവര്‍ക്ക് ഒരു സംസ്ഥാനം എന്ന നിലയ്‌ക്ക്. മലയാള ഭാഷ അതി ദീര്‍ഘകാലത്തെ ചരിത്രമുള്ളതാണെന്ന വസ്‌തുത അംഗീകരിക്കാന്‍ കൂട്ടാക്കാത്ത ഡല്‍ഹി പാദുഷമാര്‍ നമ്മുടെ ഭാഷയ്‌ക്ക് ക്ളാസിക്കല്‍ പദവി നിഷേധിക്കുന്നു. ആ പദവി മലയാളത്തിന്റെ അവകാശമാണെന്ന നിലയ്‌ക്കുള്ള ബോധം ഇന്ന് കേരളത്തില്‍ പടരുന്നുണ്ട്. അത് കൂടുതല്‍ വളര്‍ത്തി അര്‍ഹതപ്പെട്ട പദവി ഭാഷയ്‌ക്കായി നേടിയെടുക്കാനുള്ള ശ്രമമുണ്ടാവണമെന്ന് ഈ ഘട്ടം നമ്മോട് ആവശ്യപ്പെടുന്നു.
സ്വന്തം ഭാഷയിലും സംസ്‌കാരത്തിലും അഭിമാനമില്ലാത്ത ഒരു ജനതയെ ഏത് അധിനിവേശ ശക്തികള്‍ക്കും വളരെവേഗം കീഴടക്കാനാവും. ആ ബോധത്തോടെ 'മാറ്റിവയ്‌ക്കാനുള്ളതല്ല മാതൃഭാഷ' എന്ന തിരിച്ചറിവ് സമൂഹത്തില്‍ വളര്‍ത്തേണ്ടിയിരിക്കുന്നു. നമ്മുടെ പുതുതലമുറകളെ നമ്മുടെ ഭാഷയിലും സംസ്‌കാരത്തിലും ഉറപ്പിച്ചുനിര്‍ത്തേണ്ടിയിരിക്കുന്നു. വേരുകളറ്റ ഒരു സമൂഹമായി, മേല്‍വിലാസമില്ലാത്ത ഒരു ജനതയായി മാറിപ്പോവാതിരിക്കാന്‍ ഈ നിലയ്‌ക്കുള്ള മാതൃഭാഷാ പ്രസ്ഥാനത്തിന് ഊന്നല്‍ നല്‍കേണ്ടിയിരിക്കുന്നു.
ആസിയന്‍ കരാര്‍ മുതല്‍ മലേഷ്യാ വ്യാപാരക്കരാര്‍വരെയുള്ളവ, കേരളത്തിന്റെ സമ്പദ്ഘടനയുടെ നടുവൊടിക്കുന്നു. കേരളീയമായ കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഇറക്കുമതിയിലൂടെ കേരളത്തെ കൂടുതല്‍ കൂടുതല്‍ ദരിദ്രമാക്കിക്കൊണ്ടിരിക്കുന്നു. ഇത്തരം കരാറുകള്‍ക്കും അതിനുപിന്നിലുള്ള ദേശദ്രോഹ താല്‍പ്പര്യങ്ങള്‍ക്കുമെതിരെ ജനങ്ങളെ ഉണര്‍ത്തി സജ്ജരാക്കിയല്ലാതെ കേരളത്തിന് നിലനില്‍ക്കാനോ അതിജീവിക്കാനോ ആവില്ല. ഇങ്ങനെ പലവിധത്തിലുള്ള ശ്രമങ്ങളിലൂടെ, സമരങ്ങളിലൂടെ മാത്രമേ ഐക്യകേരളപ്പിറവിക്കാലത്തെ കേരളത്തിന്റെ നേതാക്കളുടെ സ്വപ്‌നങ്ങളെ സാക്ഷാല്‍ക്കരിക്കാനാവൂ. അതിനായി ഈ ഐക്യകേരളപ്പിറവിദിനത്തില്‍ മലയാളി സ്വയം പുനരര്‍പ്പണം ചെയ്യേണ്ടിയിരിക്കുന്നു.
******
പ്രഭാവര്‍മ
Subscribe to:
Post Comments (Atom)
1 comment:
വീണ്ടും ഒരു കേരളപ്പിറവിദിനം. തിരു-കൊച്ചി, മലബാര്‍ എന്നിങ്ങനെ ഭൂമിശാസ്‌ത്രപരമായി വേര്‍തിരിഞ്ഞുകിടന്ന പ്രവിശ്യകള്‍ ചേര്‍ത്ത് ഐക്യകേരളം സ്ഥാപിച്ചതിന്റെ അമ്പത്തിനാലാം വാര്‍ഷികദിനം. കേരളപ്പിറവിയുടെ ഘട്ടത്തില്‍, അതിനായി മുന്‍നിന്ന് പ്രവര്‍ത്തിച്ച ഇ എം എസ്, എ കെ ജി എന്നിവരടക്കമുള്ള നേതാക്കളുടെ മനസ്സില്‍ ഭാവികാല കേരളത്തെക്കുറിച്ച് ചില സ്വപ്‌നങ്ങളുണ്ടായിരുന്നു. ആ സ്വപ്‌നങ്ങള്‍ എത്രത്തോളം സഫലമാകാന്‍ ബാക്കിയുണ്ട് എന്ന ചിന്തയ്‌ക്ക് പ്രേരണ നല്‍കുന്നതാണ് കേരളപ്പിറവിദിനാഘോഷം.
Post a Comment