Friday, November 19, 2010

അഴിമതിക്ക് കൈയൊപ്പ് ചാര്‍ത്തിയ മൌനം

രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായിട്ടാകും അഴിമതിക്കേസില്‍ ഇത്ര രൂക്ഷമായ വിമര്‍ശം സുപ്രീംകോടതി പ്രധാനമന്ത്രിക്കുനേരെ നടത്തുന്നത്. സ്വന്തം കസേര സംരക്ഷിക്കുന്നതിന് എംപിമാരെ വിലക്കെടുത്തതിന്റെ പേരില്‍ പ്രധാനമന്ത്രിസ്ഥാനത്തിന് അപമാനകരമായ പ്രവൃത്തി നടത്തിയെന്ന ചീത്തപ്പേരാണ് മരിക്കുമ്പോഴും നരസിംഹറാവുവിനെ വേട്ടയാടിയത്. ജെഎംഎം കോഴക്കേസിലൂടെ കുപ്രസിദ്ധനായ റാവു രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് ആനയിച്ച മന്‍മോഹന്‍സിങ്ങിന്റെ നടപടികള്‍ കൂട്ടുകക്ഷി മന്ത്രിസഭ നിലനിര്‍ത്തുന്നതിനുള്ള മൌനം മാത്രമായിരുന്നോ എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയാത്തവിധം കാര്യങ്ങള്‍ പുറത്തുവന്നിരിക്കുന്നു. ടെലികോം മന്ത്രിയായിരുന്ന രാജയെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നല്‍കണമെന്ന ആവശ്യത്തിന്മേല്‍ 16 മാസം അടിയിരുന്നതിനാണ് സുപ്രീംകോടതി മന്‍മോഹന്‍സിങ്ങിനെ രൂക്ഷമായി വിമര്‍ശിച്ചത്. പ്രോസിക്യൂഷന് അനുമതി നല്‍കണമെന്ന ആവശ്യത്തില്‍ മൂന്നുമാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കെയാണ് ഈ കുറ്റകരമായ സമീപനം പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുമുണ്ടായത്. അപേക്ഷ നല്‍കി 11 മാസം കഴിഞ്ഞപ്പോള്‍ സിബിഐ കേസ് രജിസ്റര്‍ചെയ്യുകയും അതുകഴിഞ്ഞ് അഞ്ചുമാസം കഴിഞ്ഞപ്പോള്‍ ഈ ന്യായത്തിന്‍മേല്‍ പ്രോസിക്യൂഷന്‍ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് അറിയിക്കുകയും ചെയ്തതിലെ ദുരൂഹതയും കോടതിയുടെ നിരീക്ഷണത്തിലുണ്ട്. സിബിഐ പ്രധാനമന്ത്രി കൈകാര്യംചെയ്യുന്ന വകുപ്പ് തന്നെയാണ് എന്നത് പ്രശ്നത്തിന്റെ ഗൌരവം വര്‍ധിപ്പിക്കുന്നു.

സ്പെക്ട്രം പ്രശ്നത്തില്‍ ആദ്യം ശരിയായ നിലപാട് സ്വീകരിച്ചശേഷം പിന്നീട് മൌനം പാലിച്ച് വന്‍കൊള്ളയ്ക്ക് നിശബ്ദമായി അനുമതി നല്‍കിയത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രധാനമായും മറുപടി പറയേണ്ടത്. പാര്‍ലമെന്റും ഇന്ത്യന്‍ ജനതയും കാത്തിരിക്കുന്നത് ആ മറുപടിക്കു വേണ്ടിയാണ്. 2007 നവംബര്‍ രണ്ടിനാണ് രാജയ്ക്ക്പ്രധാനമന്ത്രി കത്തെഴുതുന്നത്. വിലനിര്‍ണയം സുതാര്യവും നീതിപൂര്‍വവുമാക്കുന്നതിനായി ലേലം നടത്തണമെന്ന നിര്‍ദേശമാണ് പ്രധാനമന്ത്രി രാജയ്ക്ക് നല്‍കിയത്. പ്രവേശനഫീസ് കാലോചിതമായി പുതുക്കി നിശ്ചയിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ടെലികോം കമീഷന്‍ ലേലത്തിന് എതിരാണെന്ന മറുപടിയാണ് രാജ ആദ്യം നല്‍കിയത്. സിഎജി റിപ്പോര്‍ട്ട് ഇതിലെ കള്ളം തുറന്നുകാണിക്കുന്നുണ്ട്. കമീഷന്‍ ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നില്ലെന്നാണ് രേഖകള്‍ പരിശോധിച്ചശേഷം സിഎജി റിപ്പോര്‍ട്ട് ചെയ്തത്. ഇങ്ങനെയൊരു യോഗം നടന്നിട്ടില്ലെന്ന കാര്യം പ്രധാനമന്ത്രിയുടെ ഓഫീസിനു അന്വേഷിച്ചാല്‍ എളുപ്പം അറിയാന്‍ കഴിയുന്നതാണ്. ടെലികോം കമീഷന്‍ ഇനി അങ്ങനെ തീരുമാനിച്ചാല്‍പോലും അതിനെ മറികടക്കാന്‍ വകുപ്പിനും മന്ത്രിസഭയ്ക്കും എളുപ്പം കഴിയുമെന്ന കാര്യം അറിയാവുന്ന പ്രധാനമന്ത്രി എന്തുകൊണ്ട് ഈ പ്രശ്നം മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടാന്‍ രാജയോട് ആവശ്യപ്പെട്ടില്ല?

2001ലെ വിലയ്ക്ക് 2008ല്‍ സ്പെക്ട്രം അനുവദിക്കുന്നതിന് ധനമന്ത്രാലയം തുടക്കം മുതല്‍ എതിരായിരുന്നു. പൊതുഖജനാവിലേക്ക് പണം വരുന്ന വിഷയത്തില്‍ ധനമന്ത്രാലയത്തിന്റെ അഭിപ്രായത്തിനു പ്രത്യേക പ്രാധാന്യമുണ്ട്. ഈ അഭിപ്രായം തള്ളിക്കളയാന്‍ എങ്ങനെയാണ് രാജയെപ്പോലെ ആ വകുപ്പില്‍ പുതുമുഖമായ ഒരാള്‍ക്ക് ധൈര്യമുണ്ടാകുന്നത്? വാര്‍ത്താവിനിമയ മന്ത്രാലയം ഈ വിഷയത്തില്‍ നിയമവകുപ്പിന്റെ അഭിപ്രായം ആരായാന്‍ തീരുമാനിച്ചു. 2007 നവംബര്‍ ഒന്നിന് അന്നത്തെ നിയമമന്ത്രിയായിരുന്ന എച്ച് ആര്‍ ഭരദ്വാജ് തന്റെ വകുപ്പിന്റെ അഭിപ്രായം അറിയിച്ചു. മന്ത്രിതല സംഘത്തിന്റെ പരിഗണനയ്ക്ക് വിഷയം വിടുന്നതിനാണ് നിയമവകുപ്പ് ശുപാര്‍ശ ചെയ്തത്. ഈ അഭിപ്രായം അസാന്ദര്‍ഭികം(out of context) ആണെന്ന് പരിഹാസത്തോടെ എഴുതിത്തള്ളുകയാണ് രാജ ചെയ്തത്. നിയമപരമായ കാര്യങ്ങളില്‍ സര്‍ക്കാരിന്ആധികാരികമായി നിര്‍ദേശം നല്‍കാന്‍ അധികാരമുള്ള നിയമവകുപ്പിന്റെ ശുപാര്‍ശ തള്ളിക്കളയുന്നത് സര്‍ക്കാരിന്റെ പ്രവര്‍ത്തനച്ചട്ടങ്ങള്‍ക്ക് എതിരാണ്. അതിലെ വകുപ്പ് ഏഴു പ്രകാരം സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന കാര്യങ്ങളിലും രണ്ടു മന്ത്രാലയങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുന്ന പ്രശ്നങ്ങളിലും മന്ത്രിസഭയുടെ അഭിപ്രായം മാനിക്കണമെന്ന് വ്യവസ്ഥയുള്ളത് സിഎജി റിപ്പോര്‍ട്ട് ഓര്‍മിപ്പിക്കുന്നുണ്ട്.

മന്ത്രിസഭയുടെ കൂട്ടായ പ്രവര്‍ത്തനം പരസ്യമായി ലംഘിക്കപ്പെട്ടിരിക്കുന്നെന്ന് സിഎജി പറയുമ്പോള്‍ പ്രതിക്കൂട്ടില്‍ പ്രധാനമന്ത്രിതന്നെയാണ്്. വ്യത്യസ്ത മന്ത്രാലയങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുമ്പോഴും രാജ്യത്തിന്റെ ഖജനാവിനു വലിയ നഷ്ടമുണ്ടാകുമ്പോഴും അക്കാര്യത്തില്‍ ന്യായം നടക്കുന്നെന്ന് ഉറപ്പുവരുത്താന്‍ മന്ത്രിസഭയുടെ തലവനായ പ്രധാനമന്ത്രിക്കാണ് പൂര്‍ണമായ ഉത്തരവാദിത്തം. അതിന് മറ്റാരെയും കുറ്റപ്പെടുത്താനാവില്ല. യഥാര്‍ഥത്തില്‍ നവംബര്‍ രണ്ടിന് എഴുതിയ കത്തില്‍ പരോക്ഷമായി പ്രധാനമന്ത്രി അത് സൂചിപ്പിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇനി എന്തെങ്കിലും നടപടി എടുക്കുന്നെങ്കില്‍ അത് തന്നെ അറിയിക്കണമെന്ന് പ്രധാനമന്ത്രി പ്രത്യേകമായി പറയുന്നുണ്ട്. പ്രധാനമന്ത്രിക്ക് തുടര്‍ന്ന് ഇടപെടുന്നതിനുള്ള ആര്‍ജവം കൈമോശം വന്നത് 2007 ഡിസംബര്‍ 26ന് രാജ പ്രധാനമന്ത്രിക്ക് കത്തെഴുതിയതിനുശേഷമാണ്. നവംബര്‍ 11 ന് പ്രധാനമന്ത്രിക്ക് കത്തെഴുതിയ കാര്യം ഓര്‍മിപ്പിക്കുന്ന രാജ അതിനുശേഷം പ്രധാനമന്ത്രിയുമായി നടത്തിയ സ്വകാര്യചര്‍ച്ചകളും പ്രത്യേകം എടുത്തുപറയുന്നു. അന്നത്തെ വിദേശമന്ത്രിയോടും പലവട്ടം ചര്‍ച്ച നടത്തിയെന്ന കാര്യവും രാജ പ്രധാനമന്ത്രിയെ ഓര്‍മിപ്പിക്കുന്നു. ആ വിദേശകാര്യ മന്ത്രി റിലയന്‍സുമായുള്ള അടുപ്പത്തിന്റെ പേരില്‍ പലപ്പോഴും വിവാദങ്ങളില്‍ ചാടിയ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്.

ലേലം നടത്തണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശം തള്ളി ആദ്യം വരുന്നവര്‍ക്ക് ആദ്യം നല്‍കുക എന്ന രീതിയാണ് താന്‍ പിന്തുടരുന്നതെന്ന് രാജ ഈ കത്തിന്റെ അനുബന്ധത്തില്‍ ആധികാരികമായി വ്യക്തമാക്കുന്നു. ഈ ഘട്ടത്തില്‍ നിര്‍ബന്ധമായും പ്രധാനമന്ത്രി ഇടപെടണമായിരുന്നു. മന്ത്രിസഭയുടെ പരിഗണനയില്‍പോലും വിഷയം കൊണ്ടുവരാന്‍ തയ്യാറായില്ല. ഈ കത്ത് കൈപ്പറ്റിയെന്ന് മറുകുറി രാജയ്ക്ക് നല്‍കുകയും ചെയ്തു. ലക്ഷം കോടികളുടെ നഷ്ടമുണ്ടാകുമെന്ന് പലരും മുന്നറിയിപ്പ് നല്‍കിയ കേസില്‍ പ്രധാനമന്ത്രിയുടെ കൈകള്‍ കെട്ടിയിട്ടത് ആരാണ്? സര്‍ക്കാരിനു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് പാര്‍ടിയില്‍ സ്വാഭാവികമായും ഇത് ചര്‍ച്ച ചെയ്തിട്ടുണ്ടാകണമല്ലോ. വിവിധ വകുപ്പുകള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം അവഗണിച്ചുതന്നെ നടപടികളുമായി മുന്നോട്ടുപോകാന്‍ രാജയ്ക്ക് അനുമതി നല്‍കിയതിലൂടെ കോണ്‍ഗ്രസിന് എന്തു നേട്ടമുണ്ടായി എന്ന ചോദ്യത്തിനും ഉത്തരം കാണേണ്ടിവരും.

രണ്ടാം യുപിഎ സര്‍ക്കാരില്‍ രാജ സത്യപ്രതിജ്ഞചെയ്ത് 24 മണിക്കൂര്‍ തികയുന്നതിനു മുമ്പ് ഡല്‍ഹി ഹൈക്കോടതി അതിരൂക്ഷമായ വിമര്‍ശം നടത്തുകയുണ്ടായി. സിനിമാ ടിക്കറ്റ് വില്‍ക്കുന്നതുപോലെയാണ് വിലപിടിപ്പുള്ള ദേശീയ സമ്പത്ത് വിറ്റുതുലച്ചതെന്നാണ് ഹൈക്കോടതി പറഞ്ഞത്. ഇങ്ങനെയൊരാളെ എങ്ങനെയാണ് മന്‍മോഹന്‍സിങ് വീണ്ടും ടെലികോം വകുപ്പ് ഏല്‍പ്പിച്ചത്. 2008 ഫെബ്രുവരിയില്‍ പത്രസമ്മേളനം നടത്തി സിപിഐ എം നേതാവ് സീതാറാം യെച്ചൂരി വന്‍ അഴിമതി തുറന്നുകാണിച്ചു. അതിനുശേഷം മൂന്നുതവണ പ്രധാനമന്ത്രിക്ക് കത്തെഴുതി. 1,90,000 കോടി രൂപ കേന്ദ്രഖജനാവിനു നഷ്ടമുണ്ടായെന്ന് ആധികാരികമായി അതില്‍ സൂചിപ്പിച്ചു. ഇപ്പോള്‍ എല്ലാ രേഖകളും പരിശോധിച്ച സിഎജി 176379 കോടി രൂപയുടെ നഷ്ടമാണ് കണ്ടെത്തിയത്.

ഇനി ഇതൊന്നുമില്ലെങ്കിലും മന്‍മോഹന്‍സിങ്ങിനെപ്പോലൊരാള്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുംവിധം നിരവധി തെളിവുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന, യോഗ്യതയില്ലാത്ത കമ്പനിയായ സ്വാന്‍ സ്പെക്ട്രം ലൈസന്‍സ് നേടിയത് 1530 കോടി രൂപയ്ക്കാണ്. ആഴ്ചകള്‍ക്കുള്ളില്‍ അവരുടെ 45 ശതമാനം ഓഹരികള്‍ യുഎഇയിലുള്ള എത്തിസലാത്ത് കമ്പനിക്ക് വിറ്റത് 4500 കോടി രൂപയ്ക്കാണ്. മറ്റൊരു റിയല്‍ എസ്റ്റേറ്റ് കമ്പനിയായ യൂനിടെക് 1651 കോടി രൂപയാണ് ലൈസന്‍സിനായി മുടക്കിയത്. ആഴ്ചകള്‍ക്കുള്ളില്‍ അവരുടെ 60 ശതമാനം ഓഹരികളും നോര്‍വീജിയന്‍ കമ്പനിക്ക് 6120 കോടി രൂപയ്ക്കാണ് വിറ്റത്. ഇതെല്ലാം അന്നേ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളാണ്. നിരവധി മാധ്യമ വാര്‍ത്തകളും പാര്‍ലമെന്റ് അംഗങ്ങള്‍ നല്‍കിയ കത്തുകളുമാണ് ഈ വിഷയം അന്വേഷിക്കുന്നതിലേക്ക് നയിച്ചതെന്ന് സിഎജി സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍, പ്രധാനമന്ത്രിക്ക് എന്തേ അത്തരം ചിന്തകള്‍ ഉണ്ടായില്ല. ഇപ്പോള്‍ സുപ്രീംകോടതിയിലും രാജയെ ന്യായീകരിക്കുന്ന സത്യവാങ്മൂലമാണ് നല്‍കിയിട്ടുള്ളത്. എന്നു മാത്രമല്ല പ്രധാനമന്ത്രി കൈകാര്യംചെയ്യുന്ന സിബിഐയുടെ ഉദ്യോഗസ്ഥനും രാജയുടെ വക്കീലും ഒന്നിച്ചിരുന്ന് കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്ന സാഹചര്യം എങ്ങനെയാണ് ഒരുങ്ങിയത് എന്നതിനും മറുപടി പറയേണ്ടത് പ്രധാനമന്ത്രിയാണ്.

ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്നതുപോലും നടപ്പാക്കിയില്ല എന്ന് സിഎജി ഇപ്പോള്‍ രേഖകള്‍ സഹിതം പുറത്തുകൊണ്ടുവന്നിരിക്കുന്നു. പത്രക്കുറിപ്പില്‍ സ്വന്തം കൈപ്പടയിലാണ് ഇതിനുള്ള തിരുത്ത് രാജ വരുത്തിയത്. ആദ്യം അപേക്ഷ നല്‍കിയവര്‍ക്ക് പരിഗണന നല്‍കേണ്ടതില്ലെന്നാണ് രാജയുടെ തിരുത്ത്. ഒരു മണിക്കൂറിനുള്ളില്‍ കോടികള്‍ അടയ്ക്കാന്‍ അറിയിപ്പ് നല്‍കുകയും മിനിറ്റുകള്‍ക്കുള്ളില്‍ ചില കമ്പനികള്‍ പണം അടച്ച് ലിസ്റ്റില്‍ മുമ്പിലെത്തിയ കഥയും പ്രധാനമന്ത്രി അറിഞ്ഞിട്ടുണ്ടാകുമല്ലോ. ലൈസന്‍സ് കിട്ടിയ കമ്പനികളില്‍ 85 എണ്ണത്തിന് ആവശ്യമായ യോഗ്യതകള്‍ ഉണ്ടായിരുന്നില്ല. അതിലൊന്ന് റിലയന്‍സിന് പത്തുശതമാനത്തിലധികം ഓഹരിയുണ്ടായിരുന്ന സ്വാനാണ്. ഇവരുടെ ഓഹരി ലിസ്റ്റ് തിരുത്തി നല്‍കി പഴയ സീനിയോറിറ്റി നിലനിര്‍ത്തുകയാണ് ചെയ്തത്.

രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയില്‍ ഒന്നും മറയ്ക്കാനില്ലെങ്കില്‍ കുറ്റമറ്റ അന്വേഷണ സംവിധാനമെന്ന ആവശ്യത്തോട് പ്രധാനമന്ത്രിയും കോണ്‍ഗ്രസും ഇത്രയും നാള്‍ പുറംതിരിഞ്ഞുനില്‍ക്കുമായിരുന്നില്ല. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അഴിമതി നടത്തിയ കല്‍മാഡിയെ ഇപ്പോഴും കായികസംഘടനകളുടെയും മറ്റും സ്ഥാനത്ത് തുടരുന്നതിന് അനുവദിച്ച പ്രധാനമന്ത്രി കുടുതല്‍ കൂടുതല്‍ തുറന്നുകാട്ടപ്പെടുകയാണ്. 1991ല്‍ പുതിയ സാമ്പത്തിക നയത്തിനു തുടക്കമിട്ടതിനൊപ്പം പിറന്ന ഓഹരി കുഭകോണത്തിലൂടെ അഴിമതിയുടെ പുതിയ സാധ്യതകള്‍കൂടി തുറന്നിട്ടുകൊടുത്ത മന്‍മോഹന്‍സിങ് ഇപ്പോള്‍ എല്ലാ റെക്കോഡുകളും ഭേദിച്ചിരിക്കുന്നു. എത്ര മൌനവാല്‍മീകത്തിലിരുന്നാലും ഇനി രക്ഷയില്ലെന്ന അവസ്ഥയാണ് ഇന്നുള്ളത്. പുതിയ പുതിയ അഴിമതിക്കഥകള്‍ പുറത്തുവരുമ്പോള്‍ മന്‍മോഹന്‍സിങ്ങും കോണ്‍ഗ്രസുംതന്നെയാണ് പ്രതിക്കൂട്ടില്‍. പാര്‍ലമെന്റിലും കോടതിയിലും പുറത്തും നില്‍ക്കക്കള്ളിയില്ലാതായപ്പോഴാണ് പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് വഴങ്ങി സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണത്തിന് നിര്‍ബന്ധിതമാകുന്നത്. പക്ഷേ, അത്തരമൊരു തീരുമാനത്തിലേക്കെത്താന്‍ ഇത്രയും വൈകിയതുതന്നെ രണ്ടാം യുപിഎ സര്‍ക്കാര്‍ യാഥാര്‍ഥ്യം ഒളിപ്പിച്ചുവയ്ക്കാന്‍ കാട്ടിയ വ്യഗ്രതയ്ക്കാണ് തെളിവായത്.

*
പി രാജീവ് കടപ്പാട്: ദേശാഭിമാനി 19-11-2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...

രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായിട്ടാകും അഴിമതിക്കേസില്‍ ഇത്ര രൂക്ഷമായ വിമര്‍ശം സുപ്രീംകോടതി പ്രധാനമന്ത്രിക്കുനേരെ നടത്തുന്നത്. സ്വന്തം കസേര സംരക്ഷിക്കുന്നതിന് എംപിമാരെ വിലക്കെടുത്തതിന്റെ പേരില്‍ പ്രധാനമന്ത്രിസ്ഥാനത്തിന് അപമാനകരമായ പ്രവൃത്തി നടത്തിയെന്ന ചീത്തപ്പേരാണ് മരിക്കുമ്പോഴും നരസിംഹറാവുവിനെ വേട്ടയാടിയത്. ജെഎംഎം കോഴക്കേസിലൂടെ കുപ്രസിദ്ധനായ റാവു രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് ആനയിച്ച മന്‍മോഹന്‍സിങ്ങിന്റെ നടപടികള്‍ കൂട്ടുകക്ഷി മന്ത്രിസഭ നിലനിര്‍ത്തുന്നതിനുള്ള മൌനം മാത്രമായിരുന്നോ എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയാത്തവിധം കാര്യങ്ങള്‍ പുറത്തുവന്നിരിക്കുന്നു. ടെലികോം മന്ത്രിയായിരുന്ന രാജയെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നല്‍കണമെന്ന ആവശ്യത്തിന്മേല്‍ 16 മാസം അടിയിരുന്നതിനാണ് സുപ്രീംകോടതി മന്‍മോഹന്‍സിങ്ങിനെ രൂക്ഷമായി വിമര്‍ശിച്ചത്. പ്രോസിക്യൂഷന് അനുമതി നല്‍കണമെന്ന ആവശ്യത്തില്‍ മൂന്നുമാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കെയാണ് ഈ കുറ്റകരമായ സമീപനം പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുമുണ്ടായത്. അപേക്ഷ നല്‍കി 11 മാസം കഴിഞ്ഞപ്പോള്‍ സിബിഐ കേസ് രജിസ്റര്‍ചെയ്യുകയും അതുകഴിഞ്ഞ് അഞ്ചുമാസം കഴിഞ്ഞപ്പോള്‍ ഈ ന്യായത്തിന്‍മേല്‍ പ്രോസിക്യൂഷന്‍ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് അറിയിക്കുകയും ചെയ്തതിലെ ദുരൂഹതയും കോടതിയുടെ നിരീക്ഷണത്തിലുണ്ട്. സിബിഐ പ്രധാനമന്ത്രി കൈകാര്യംചെയ്യുന്ന വകുപ്പ് തന്നെയാണ് എന്നത് പ്രശ്നത്തിന്റെ ഗൌരവം വര്‍ധിപ്പിക്കുന്നു.