ദക്ഷിണാഫ്രിക്കയ്ക്ക് നെല്‍സന്‍ മണ്ടേല എന്നതു പോലെയാണ് ബര്‍മന്‍ജനതയ്ക്ക് സൂകി. സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ജനതയുടെ സമാധാനപരമായ പോരാട്ടത്തിന്റെ പ്രതീകം. കഴിഞ്ഞ 21 വര്‍ഷത്തില്‍ കൂടുതല്‍ കാലവും തടവറയില്‍ കഴിഞ്ഞ ആങ് സാന്‍സൂകിയുടെ ജീവിതം ലോകമെമ്പാടുമുള്ള മര്‍ദ്ദിതരുടെ ചെറുത്തുനില്‍പ്പിന് ആവേശം പകരുന്നു.
സൂകിക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് പിതാവ് ആങ് സാന്‍ വധിക്കപ്പെട്ടത്. ബര്‍മന്‍ജനതയുടെ വിമോചനനായകനായ ജനറല്‍ ആങ് സാനിനെ രാജ്യം സ്വാതന്ത്യ്രം നേടുന്നതിന് ആറ് മാസംമുമ്പ് 1947 ജൂലൈയിലാണ് വധിച്ചത്. പിന്നീട് അധികാരത്തില്‍ വന്ന സര്‍ക്കാര്‍ 1960ല്‍ ആങ് സാനിന്റെ ഭാര്യ ദാഖിന്‍ കീയെ ഇന്ത്യയില്‍ സ്ഥാനപതിയായി നിയമിച്ചു. അമ്മയോടൊപ്പം ഇന്ത്യയില്‍ വന്ന സൂകി നാല് വര്‍ഷത്തിനുശേഷം ഉപരിപഠനത്തിനായി ബ്രിട്ടനില്‍ പോയി. ഓക്സ്ഫഡില്‍ വിദ്യാര്‍ഥിനിയായി. പഠനത്തിനുശേഷം ഡോ. മൈക്കിള്‍ ഏരിസിനെ വിവാഹംചെയ്ത് ലണ്ടനില്‍ കുടുംബജീവിതം തുടങ്ങി. അലക്സാണ്ടര്‍, കിം എന്നീ ആകുട്ടികള്‍ പിറന്നു. 1988ല്‍ രോഗബാധിതയായ അമ്മയെ പരിചരിക്കാന്‍ സൂകി ബര്‍മയില്‍ തിരിച്ചെത്തിയതോടെയാണ് ജീവിതം തന്നെ മാറിമറിഞ്ഞത്.
അക്കാലത്ത് ജനറല്‍ നെവിന്റെ ഏകാധിപത്യഭരണത്തിനെതിരെ ബര്‍മ ഇളകിമറിയുകയായിരുന്നു. ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ തെരുവില്‍ പ്രക്ഷോഭത്തില്‍. 1988 ആഗസ്ത് 26ന് റംഗൂണില്‍ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗത്തില്‍ സൂകി രാജ്യത്തെ ജനാധിപത്യപ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചു. രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത നേതാവിന്റെ മകളായ തനിക്ക് ഇനി വിശ്രമമില്ലെന്ന് അവര്‍ പറഞ്ഞു. ഇതേതുടര്‍ന്ന് കത്തിപ്പടര്‍ന്ന പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ സൈന്യം കിരാതനടപടികള്‍ സ്വീകരിച്ചു. 1989ല്‍ സൂകിയെബ വീട്ടുതടങ്കലിലാക്കുകയും രാജ്യത്ത് സൈനികനിയമം പ്രഖ്യാപിക്കുകയും ചെയ്തു. ബര്‍മയുടെ പേര് മ്യാന്‍മര്‍ എന്നും രാജ്യത്തെ ഏറ്റവും വലിയ നഗരമായ റംഗൂണിന്റെ പേര് യാന്‍ഗൂ എന്നും മാറ്റി. 1990ല്‍ നടത്തിയ തെരഞ്ഞെടുപ്പില്‍ സൂകിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ലീഗ് ഫോര്‍ ഡമോക്രസി വന്‍വിജയം നേടിയെങ്കിലും സൈന്യം അംഗീകരിച്ചില്ല. തൊട്ടടുത്ത വര്‍ഷം സൂകിക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു. മകന്‍ അലക്സാണ്ടറാണ് സൂകിക്ക് വേണ്ടി സമ്മാനം ഏറ്റുവാങ്ങിയത്. 1995ല്‍ സൂകിയെ മോചിപ്പിച്ചെങ്കിലും നീക്കങ്ങള്‍ സൈന്യം നിയന്ത്രിച്ചു. ഇതിനിടെ, അര്‍ബുദരോഗബാധിതനായ മൈക്കിളിന് ഭാര്യയെ സന്ദര്‍ശിക്കാന്‍ വിസ നല്‍കണമെന്ന അന്താരാഷ്ട്രസമൂഹത്തിന്റെ അഭ്യര്‍ഥന മ്യാന്‍മര്‍ തള്ളി. ഭര്‍ത്താവിനെ സന്ദര്‍ശിക്കാന്‍ ബ്രിട്ടനിലേക്ക് പോകാന്‍ സൂകിക്ക് അനുമതി നല്‍കാമെന്ന് സൈന്യം അറിയിച്ചുവെങ്കിലും പിന്നീട് മടങ്ങിവരാന്‍ സമ്മതിക്കില്ലെന്ന് കരുതിയ സൂകി ഈ വാഗ്ദാനം നിരസിച്ചു. 1999 മാര്‍ച്ച് 27ന് മൈക്കിള്‍ അന്തരിച്ചു. മക്കള്‍ രണ്ടുപേരും ബ്രിട്ടനില്‍ തുടര്‍ന്നു.
സൂകിയെ 2000-2002ല്‍ വീണ്ടും വീട്ടുതടങ്കലിലാക്കി. 2003ല്‍ ജനാധിപത്യ പ്രക്ഷോഭകര്‍ സൈന്യവുമായി ഏറ്റുമുട്ടിയതിനെതുടര്‍ന്ന് സൂകിയുടെ തടങ്കല്‍ നീട്ടി. പീന്നീട് ഓരോ കാരണങ്ങളുടെ പേരില്‍ അറസ്റ്റും വീട്ടുതടങ്കലും ദീര്‍ഘിപ്പിച്ചു. 2007 സെപ്തംബറിലാണ് സൂകി ഏറ്റവും ഒടുവില്‍ പൊതുപരിപാടിയില്‍ പ്രത്യക്ഷപ്പെട്ടത്. ബുദ്ധസന്യാസിമാരുടെ റാലിയില്‍. 2009ല്‍ മോചനം പ്രതീക്ഷിച്ചിരിക്കെയാണ് വീട്ടില്‍ അമേരിക്കന്‍ പൌരനെ പാര്‍പ്പിച്ചുവെന്ന പേരില്‍ തടവ് നീട്ടിയത്. അന്താരാഷ്ട്രസമ്മര്‍ദ്ദത്തിന് വഴങ്ങി ഈയിടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും സൂകിക്ക് മത്സരിക്കാന്‍ കഴിയാത്തവിധം നിയമം ഭേദഗതി ചെയ്തു. ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അര്‍ഹതയില്ലെന്നാണ് നിയമം മാറ്റിയത്. സൂകിയെ മാറ്റിനിര്‍ത്താന്‍ കൊണ്ടുവന്ന വിചിത്രമായ നിയമം. എന്നാല്‍ അഞ്ച് കോടിയില്‍പരം ബര്‍മക്കാരുടെ പ്രത്യാശയുടെ പ്രതീകമായി സൂകി തിളങ്ങിനില്‍ക്കുന്നു.
(സാജന്‍ എവുജിന്‍)
സൂകിയെ മോചിപ്പിക്കാന്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്
യാന്‍ഗൂണ്‍: മ്യാന്‍മറിലെ ജനാധിപത്യപ്രസ്ഥാനനേതാവ് ആങ് സാന്‍ സൂകിയെ വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിക്കാനുള്ള ഉത്തരവില്‍ സൈനികഭരണ നേതൃത്വം ഒപ്പിട്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ആഗസ്തില്‍ സൂകിക്ക് വിധിച്ച ശിക്ഷയുടെ കാലാവധി ശനിയാഴ്ച അവസാനിക്കും. എന്നാല്‍, സൂകിയുടെ മോചനം അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നത് വിലക്കിക്കൊണ്ടാണ് മോചിപ്പിക്കുന്നതെങ്കില്‍ അത് സ്വീകരിക്കില്ലെന്ന് സൂകിയും വ്യക്തമാക്കിയിട്ടുണ്ട്. മ്യാന്‍മര്‍ സര്‍വകലാശാല ക്യാമ്പസിലുള്ള സൂകിയുടെ വസതിക്കുപുറത്ത് അവരെ വരവേല്‍ക്കാന്‍ അനുയായികള്‍ കാത്തുനില്‍പ്പുണ്ടെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നിരവധി പൊലീസുകാരെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്. അറുപത്തഞ്ചുകാരിയായ സൂകിയെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിച്ചിരുന്നില്ല. 1989ല്‍ രാജ്യത്ത് സൈനികനിയമം പ്രഖ്യാപിച്ചശേഷം കൂടുതല്‍ സമയവും സൂകി ജയിലിലോ വീട്ടുതടങ്കലിലോ ആയിരുന്നു. അമേരിക്കന്‍പൌരനെ അനധികൃതമായി വീട്ടില്‍ താമസിപ്പിച്ചെന്ന് ആരോപിച്ചാണ് ഒടുവില്‍ ശിക്ഷിച്ചത്.
*
കടപ്പാട്: ദേശാഭിമാനി 13-11-2010
Subscribe to:
Post Comments (Atom)
1 comment:

Post a Comment