Monday, November 29, 2010

പാര്‍ലമെന്റ് സ്തംഭനം ഉത്തരവാദി യുപിഎ

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ചത് നവംബര്‍ ഒന്‍പതിനാണ്. അതിനു തലേന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പാര്‍ലമെന്റിനെ അഭിസംബോധനചെയ്തത്. ഇരുസഭയിലെയും എംപിമാര്‍ക്കു പുറമെ മുന്‍ എംപിമാരും ക്ഷണിക്കപ്പെട്ട മറ്റ് വിശിഷ്ട അതിഥികളും ചേര്‍ന്നതായിരുന്നു സമ്മേളനം. ഒബാമയെ സ്വീകരിച്ചുകൊണ്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, സ്പീക്കര്‍ മീരാകുമാര്‍ എന്നിവരാണ് വേദിയില്‍ സന്നിഹിതരായത്. വിവിധ രംഗങ്ങളില്‍ അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഒട്ടേറെ നിര്‍ദേശങ്ങള്‍ അടങ്ങിയതായിരുന്നു ഒബാമയുടെ പ്രസംഗം. സാമ്പത്തിക മാന്ദ്യത്തില്‍നിന്നും വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയില്‍നിന്നും കരകയറാന്‍ കഴിയാത്ത അമേരിക്കയ്ക്ക് ഇന്ത്യയുടെ വിപണി തുറന്നുകിട്ടാനുള്ള നടപടിയുടെ ഭാഗമായിരുന്നു ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനം.

ശീതകാല സമ്മേളനത്തിന്റെ ആദ്യദിനം രാജ്യസഭ അനുശോചനം രേഖപ്പെടുത്തി പിരിഞ്ഞു. ലോക്സഭയില്‍ തുടക്കത്തില്‍ ചില പ്രശ്നങ്ങള്‍ ഉന്നയിക്കപ്പെട്ടെങ്കിലും ചോദ്യോത്തരവേള ഉള്‍പ്പെടെ സഭ സുഗമമായി നടത്തുന്നതില്‍ പ്രതിപക്ഷം സഹകരിച്ചു. എന്നാല്‍, അഴിമതിപ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യണമെന്ന് തുടക്കംമുതലേ ആവശ്യപ്പെട്ടിരുന്നു. രണ്ടാംദിനംമുതല്‍ 2ജി സ്പെക്ട്രം അഴിമതിപ്രശ്നത്തില്‍ പ്രതിപക്ഷമൊന്നടങ്കം മന്ത്രി രാജയുടെ രാജി ആവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങി. രാജ രാജിവയ്ക്കുന്ന പ്രശ്നമേയില്ലെന്ന സമീപനമാണ് കോണ്‍ഗ്രസ്് സ്വീകരിച്ചത്. ഡിഎംകെയും മന്ത്രി രാജയും ഇതേസമീപനത്തില്‍ ഉറച്ചുനിന്നു. പതിനാലാം ലോക്സഭയില്‍ത്തന്നെ സ്പെക്ട്രം അഴിമതി പ്രധാന പ്രശ്നമായി ഉയര്‍ന്നുവന്നിരുന്നു. ഐപിഎല്‍ പ്രശ്നത്തില്‍ പാര്‍ലമെന്റില്‍ ഉയര്‍ന്ന പ്രതിഷേധത്തെതുടര്‍ന്ന് മന്ത്രി ശശി തരൂര്‍ രാജിവച്ചപ്പോള്‍ പ്രതിപക്ഷം രാജയുടെ രാജിയും ആവശ്യപ്പെട്ടിരുന്നു. അന്ന് ഒരു ലക്ഷം കോടിയുടെ അഴിമതിയാണ് ഉന്നയിച്ചതെങ്കില്‍ സിഎജി റിപ്പോര്‍ട്ട് 1.76 ലക്ഷം കോടി രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. സുപ്രീം കോടതിയുടെ ശക്തമായ വിമര്‍ശം പ്രധാനമന്ത്രിയുടെ ഓഫീസിനെതിരെപോലും ഉയര്‍ന്നു.

ഇത് സര്‍ക്കാരിന്റെ തീരുമാനവുമായി ബന്ധപ്പെട്ട നയപരമായ പ്രശ്നമാണെന്നും സിഎജിയോ സുപ്രീം കോടതിയോ ഇതില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നുവരെ തുടക്കത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വാദിച്ചു. ഓരോ ദിവസം കഴിയുന്തോറും അഴിമതിയുടെ പുതിയ കഥകള്‍ പുറത്തുവന്നതോടെ കോണ്‍ഗ്രസിനും രാജയ്ക്കും മറ്റു പോംവഴി ഇല്ലാതായി. മന്ത്രിയുടെ രാജിയും ജെപിസി അന്വേഷണവും ഒന്നിച്ചാവശ്യപ്പെട്ട് പ്രതിപക്ഷം തുടര്‍ച്ചയായ സമരത്തിലായിരുന്നു. ഇതേ ത്തുടര്‍ന്നാണ് 15ന് മന്ത്രി രാജയ്ക്ക് രാജിവയ്ക്കേണ്ടിവന്നത്.

പാര്‍ലമെന്റ് സമ്മേളനത്തിനു മുമ്പ് അഴിമതിയുമായി ബന്ധപ്പെട്ട മൂന്ന് പ്രധാനവിഷയമാണ് സിപിഐ എമ്മും ഇടതുപക്ഷ പാര്‍ടികളും മുമ്പോട്ടുവച്ചത്. കോമണ്‍‌വെല്‍ത്ത് ഗെയിംസിലെ കോടിക്കണക്കിന് രൂപയുടെ അഴിമതി, കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച ജവാന്മാരുടെ വിധവകള്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി നിര്‍മിച്ച ആദര്‍ശ് ഫ്ളാറ്റ് അഴിമതി, നേരത്തെതന്നെ ഉയര്‍ന്നുവന്ന 2ജി സ്പെക്ട്രം അഴിമതി എന്നിവ. ഈ മൂന്ന് വിഷയവും പാര്‍ലമെന്റിന്റെ ഇരുസഭയിലും ഉന്നയിക്കുന്നതിന് നോട്ടീസ് നല്‍കിയിരുന്നു.

ഒന്നാം യുപിഎ സര്‍ക്കാരില്‍നിന്ന് തികച്ചും വ്യത്യസ്തമായ പ്രവര്‍ത്തന ശൈലിയും നയപരിപാടികളുമായാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. ഇടതുപക്ഷ പാര്‍ടികളുടെ സഹായമില്ലാതെ ഭരിക്കാന്‍ കഴിയുമെന്ന അവസ്ഥ വന്നപ്പോള്‍ ഉദാരവല്‍ക്കരണ നയം നടപ്പാക്കുന്നതില്‍ മത്സരബുദ്ധിയോടെ പ്രവര്‍ത്തിക്കുകയാണ് മന്‍മോഹന്‍ സിങ്. ബഹുരാഷ്ട്ര കമ്പനികള്‍ക്കും കുത്തകകള്‍ക്കും ഇന്ത്യയുടെ പൊതുമേഖലയും ആഭ്യന്തര രംഗവും തുറന്നുകൊടുത്തതോടെ സര്‍വ്വതന്ത്ര സ്വാതന്ത്യ്രത്തോടെ കുത്തകകളുടെ വളര്‍ച്ച കുതിച്ചുയര്‍ന്നു. ഭരണസിരാകേന്ദ്രങ്ങളിലും മന്ത്രിമാരെ മാറ്റുന്നതിലും വകുപ്പുകള്‍ വീതിക്കുന്നതിലും കോര്‍പറേറ്റ് മാനേജ്മെന്റും രാഷ്ട്രീയ നേതാക്കളും ചില മാധ്യമ പ്രവര്‍ത്തകരും കൈകോര്‍ത്തതിന്റെ ഞെട്ടിക്കുന്ന അഴിമതിക്കഥകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതായിരുന്നു ബൊഫോഴ്സ് അഴിമതി. എന്നാല്‍, അത് 71 കോടി രൂപയായിരുന്നുവെങ്കില്‍ ഇത് 1.76 ലക്ഷം കോടി എന്ന് പറയുമ്പോള്‍ ലോകത്തിനുമുമ്പില്‍ നാം ലജ്ജിച്ചു തലതാഴ്ത്തുകമാത്രമേ നിവൃത്തിയുള്ളു. എല്ലാ കാര്യങ്ങളിലും അമേരിക്കയെ അനുകൂലിക്കുന്ന മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ അഴിമതിക്കാര്യത്തിലും അവരുടെ പാത പിന്തുടരുകയാണ്. അമേരിക്കയില്‍ കോളിളക്കം സൃഷ്ടിച്ച വാട്ടര്‍ഗേറ്റ് സംഭവത്തെ അനുസ്മരിപ്പിക്കുന്നതാണ് ഇന്ത്യയില്‍ നടന്ന 2ജി സ്പെക്ട്രം അഴിമതി.

പാവപ്പെട്ട രാജ്യമായ ദക്ഷിണാഫ്രിക്ക ലോകകപ്പ് ഫുട്ബോളും സോഷ്യലിസ്റ് രാജ്യമായ ചൈന ഒളിമ്പിക്സും ഏഷ്യാഡും ലോകത്തിന് മാതൃകയാവുന്ന നിലയില്‍ നടത്തി വിജയിച്ചപ്പോള്‍ ഇന്ത്യന്‍ ഭരണാധികള്‍ കോമണ്‍‌വെല്‍ത്ത് ഗെയിംസില്‍ റെക്കോഡിട്ടത് അഴിമതിക്കാണ്. 101 മെഡല്‍ നേടി നമ്മുടെ കായികപ്രതിഭകള്‍ വെന്നിക്കൊടി പറത്തിയപ്പോള്‍ കോടിക്കണക്കിന് രൂപ പോയത് കോണ്‍ഗ്രസ് നേതാവ് കല്‍മാഡിയുടെയും കൂട്ടരുടെയും പോക്കറ്റിലേക്കായിരുന്നു. അദ്ദേഹവും വിചാരണ നേരിടാന്‍ തയ്യാറെടുക്കുകയാണ്. പാര്‍ടി സ്ഥാനത്തുനിന്ന് കോണ്‍ഗ്രസ് കല്‍മാഡിയെ നീക്കിയതുകൊണ്ട് രാജ്യത്തിന് വന്നിട്ടുള്ള സാമ്പത്തികനഷ്ടം പരിഹരിക്കാന്‍ കഴിയുന്നതല്ല. ഭരണ സംവിധാനത്തിനേറ്റ കനത്ത ആഘാതത്തിന് കുറവുവരുന്നില്ല. ഇവിടെയും മറ്റ് നടപടികളിലേക്ക് ഇനിയും സര്‍ക്കാര്‍ നീങ്ങിയിട്ടില്ല.

ഭരണസ്വാധീനം ഉപയോഗിച്ച് സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും ഫ്ളാറ്റുകള്‍ നല്‍കി അഴിമതിയുടെ മറ്റൊരു മുഖമാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭരണനേട്ടങ്ങളില്‍ ഉയര്‍ന്നുകണ്ടത്. കോണ്‍ഗ്രസുകാരനായ മുഖ്യമന്തിയെ മാറ്റി മറ്റൊരു കോണ്‍ഗ്രസ് നേതാവിനെ മുഖ്യമന്ത്രിയാക്കിയതുകൊണ്ട് ആ പാര്‍ടിയുടെ നേതൃത്വത്തില്‍ നടന്ന അഴിമതി ഇല്ലാതാകുന്നില്ല.

പാര്‍ലമെന്റ് തുടര്‍ച്ചയായി സ്തംഭിക്കുന്നത് തീര്‍ച്ചയായും അഭികാമ്യമല്ല. ചോദ്യോത്തരവേള തടസ്സപ്പെടുക, ബില്ലുകള്‍ ചര്‍ച്ചചെയ്യാതിരിക്കുക, ഉപധനാഭ്യര്‍ഥന പാസാക്കാന്‍ കഴിയാതിരിക്കുക ഇതൊക്കെ പാര്‍ലമെന്റില്‍ ഇന്ന് കണ്ടുവരുന്നു. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു? ആരാണ് ഉത്തരവാദി? ഇത് മറുപടി ലഭിക്കേണ്ട ചോദ്യങ്ങള്‍ തന്നെയാണ്. വളരെ സുഗമമായും ശാന്തമായും ഈ കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ നടന്നിരുന്നുവെങ്കില്‍ മന്ത്രി രാജ, രാജിവയ്ക്കുമായിരുന്നോ? കോണ്‍ഗ്രസ് നേതൃത്വം രാജി ആവശ്യപ്പെടുമായിരുന്നോ? കോമണ്‍‌വെല്‍ത്ത് ഗെയിംസിലും ആദര്‍ശ് ഫ്ളാറ്റ് പ്രശ്നത്തിലും പരിമിതമാണെങ്കിലും ഇന്നത്തെ നടപടിക്രമങ്ങള്‍ ഉണ്ടാകുമായിരുന്നോ?

ഭരണഘടനാ സ്ഥാപനങ്ങളായ സുപ്രീം കോടതിക്കും സിഎജിക്കും കര്‍ക്കശമായ ഭാഷയില്‍ ഭരണരംഗത്തെ അഴിമതിയെ വിമര്‍ശിക്കേണ്ടിവന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ത്തന്നെ ഇത് ആദ്യത്തെ സംഭവമാകാം. കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തി പ്രതിഷേധം വരുമ്പോള്‍ മന്ത്രി മാറിനിന്നതുകൊണ്ടോ, മന്ത്രിയെ മാറ്റിയതുകൊണ്ടോ പ്രശ്നപരിഹാരമാകുന്നില്ല. നമ്മുടെ ഭരണ സംവിധാനത്തില്‍ ചൂഴ്ന്നിറങ്ങിയ അഴിമതിയുടെ ഭീകരമായ നീരാളിപ്പിടിത്തത്തിന്റെ കഥകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ നടപടിയെടുക്കാന്‍ പാര്‍ലമെന്റിന് അധികാരമുണ്ട്. നിയമം നടപ്പാക്കുകയും നിയമ നിഷേധം തടയുകയും ചെയ്യേണ്ടത് സര്‍ക്കാരാണ്. ഇവിടെ വേലിതന്നെ വിള തിന്നുന്ന അനുഭവമാണ്. ഈ സന്ദര്‍ഭത്തിലാണ് ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി(ജെപിസി)യുടെ ആവശ്യകത കൂടുതല്‍ പ്രസക്തമാകുന്നത്. സിഎജിയുടെ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റിക്ക് കഴിയും. അതിന്റെ അടിസ്ഥാനത്തില്‍ കമ്മിറ്റിയുടെ ശുപാര്‍ശയുമാവാം. സിബിഐ ആകട്ടെ രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ വിഭാഗമാണെങ്കിലും കേന്ദ്ര ഗവണ്‍‌മെന്റിന് അതിന്മേലുള്ള സ്വാധീനം ഇന്ന് ഏവര്‍ക്കും അറിയുന്നതാണ്. ഇത്തരം സന്ദര്‍ഭത്തില്‍ ജനാധിപത്യ വേദി എന്ന നിലയില്‍ ഗവണ്‍‌മെന്റ് ജെപിസി രൂപീകരിക്കാന്‍ തയ്യാറാവേണ്ടതുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിനെതിരെപോലും പരാമര്‍ശമുണ്ടായിട്ടും, സുപ്രീം കോടതിയും സിഎജിയും വിമര്‍ശങ്ങളും തെളിവുകളും നല്‍കിയിട്ടും സര്‍ക്കാര്‍ ഇതിന് തയ്യാറാവാത്തത് ഇതിലടങ്ങിയിരിക്കുന്ന ഞെട്ടിപ്പിക്കുന്ന അഴിമതിക്കഥകള്‍ പുറത്തുവരുമെന്നുള്ള ഭയം കൊണ്ടുതന്നെയാണ്.

പാര്‍ലമെന്റ് സ്തംഭനം എല്ലാ സന്ദര്‍ഭങ്ങളിലും അഭികാമ്യമല്ലെങ്കിലും എന്തുമാകാമെന്ന സര്‍ക്കാരിന്റെ ധിക്കാരത്തിന് പ്രതിഷേധത്തിന്റെ മറ്റൊരു വേദിയില്ല. യുപിഎ സര്‍ക്കാരിന്റെ വികൃതമായ അഴിമതിയുടെ മുഖം തുറന്നുകാണിക്കുന്നതില്‍ പാര്‍ലമെന്റ് സ്തംഭനത്തിലൂടെ ആണെങ്കിലും പ്രതിപക്ഷങ്ങള്‍ക്കാകെ വിജയിക്കാന്‍ കഴിഞ്ഞുവെന്നത് ജനാധിപത്യവിശ്വാസികള്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസവും പ്രതീക്ഷയും നല്‍കുന്ന സംഭവമാണ്.

*
പി കരുണാകരന്‍ - പാര്‍ലമെന്റ് അവലോകനം
കടപ്പാട്: ദേശാഭിമാനി ദിനപത്രം 29-11-2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പാര്‍ലമെന്റ് സ്തംഭനം എല്ലാ സന്ദര്‍ഭങ്ങളിലും അഭികാമ്യമല്ലെങ്കിലും എന്തുമാകാമെന്ന സര്‍ക്കാരിന്റെ ധിക്കാരത്തിന് പ്രതിഷേധത്തിന്റെ മറ്റൊരു വേദിയില്ല. യുപിഎ സര്‍ക്കാരിന്റെ വികൃതമായ അഴിമതിയുടെ മുഖം തുറന്നുകാണിക്കുന്നതില്‍ പാര്‍ലമെന്റ് സ്തംഭനത്തിലൂടെ ആണെങ്കിലും പ്രതിപക്ഷങ്ങള്‍ക്കാകെ വിജയിക്കാന്‍ കഴിഞ്ഞുവെന്നത് ജനാധിപത്യവിശ്വാസികള്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസവും പ്രതീക്ഷയും നല്‍കുന്ന സംഭവമാണ്.