കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക ബന്ധങ്ങളില്‍ വലിയ ചലനം സൃഷ്ടിച്ച ഒരു സംഭവ പരമ്പരയായിരുന്നു മലബാര്‍ കലാപം. കലാപത്തിന്റെ പല പഠനങ്ങളിലും ഊന്നിക്കാണിക്കാതെ വന്ന ഒരു മാനമാണിത്. ഗാന്ധിയന്‍ ആഹ്വാനമനുസരിച്ച് ഖിലാഫത്ത് പ്രസ്ഥാനം പിന്‍വലിക്കപ്പെട്ടപ്പോള്‍ രക്തരൂഷിതം കൂടിയായ കലാപത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്നും കോണ്‍ഗ്രസുകാര്‍ പിന്‍മാറി. ഇതാകട്ടെ ഒരു വഞ്ചനയായിപ്പോയെന്നാണ് ആര്‍ സി മജുംദാറിനെപ്പോലുള്ള ദേശീയ ചരിത്രകാരന്മാര്‍ വിലയിരുത്തിയത്.
തെക്കെ മലബാറില്‍ സൈനിക നിയമം നടപ്പിലാക്കപ്പെട്ടതോടെ ജീവിതം നിലനിര്‍ത്തുവാനുള്ള ആത്യന്തികമായ ഒരു കലാപശ്രമത്തില്‍ മാപ്പിളമാരായ കലാപകാരികള്‍ ഹൈന്ദവ വിഭാഗത്തിലെ പാവപ്പെട്ടവരെപ്പോലും ഇരകളാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. അവരെ തടയുവാനും നേതൃത്വത്തിലേക്ക് നയിക്കുവാനും ആളില്ലാത്തവിധം ഒരു പാക്ഷിക സമരമായി അത് രൂപാന്തരപ്പെട്ടു. ചൈനയില്‍ 1850കളില്‍ നടന്ന തെയ്പിങ് കലാപങ്ങളിലും ഇത്തരത്തിലുള്ള കാര്‍ഷികസമരങ്ങളുടെ സ്വഭാവം പ്രതിഫലിച്ചതായിക്കാണാം. കലാപം നല്‍കുന്ന താക്കീത് ഇ എം എസ്സിനെപ്പോലുള്ള രാഷ്ട്രീയ നേതൃത്വം സൂചിപ്പിക്കുന്നതും കലാപത്തിന്റെ ഈ വിഭജനപരമായ സ്വഭാവവും മതപരമായ ആശയ സ്വാധീനവുമാണ്.
തെക്കെ മലബാറിലെ ഏറനാടന്‍, വള്ളുവനാടന്‍ ഗ്രാമങ്ങള്‍ കൊളോണിയല്‍ ദാരിദ്യ്രത്തിന്റെ ഈറ്റില്ലമായി മാറിയ പശ്ചാത്തലം കൂടിയായി കലാപം രൂപാന്തരപ്പെട്ടു. ഹൈന്ദവ- ഇസ്ളാമിക സാഹോദര്യത്തെ എന്നത്തെക്കാളും ഈ സംഭവങ്ങള്‍ പ്രതികൂലമായി ബാധിച്ചു. മതപരമായ സംഘടനകളും ശക്തികളും ഈ സംഭവം തങ്ങളുടെ താല്‍പ്പര്യസംരക്ഷണത്തിന് ഉപയോഗപ്പെടുത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍പോലും വര്‍ഗീയമായി രൂപപ്പെടുത്തിവന്നു. ആര്യസമാജംപോലുള്ള സംഘടനകള്‍ ഹിന്ദുമതത്തിലേക്ക് പുനഃപരിവര്‍ത്തനം നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യാപരിച്ചു. ഇതെല്ലാം ആത്യന്തികമായി ഗ്രാമങ്ങളില്‍ മതസൌഹാര്‍ദം നഷ്ടപ്പെടുത്തി. മതപരമായ വിഭജനം പിന്നീട് ഇന്ത്യന്‍ മുസ്ളിം ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ പ്രദേശങ്ങളില്‍ ശക്തമാക്കി.
പിന്നീട് നടന്ന ദേശീയപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന മേഖലകളില്‍നിന്നും ഈ ഗ്രാമങ്ങള്‍ എന്നേക്കുമായി വിച്ഛേദിക്കപ്പെട്ടു. അതാകട്ടെ സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍പ്പോലും ദേശീയപ്രസ്ഥാനത്തിന്റെ മതേതരത്വ സ്വഭാവം, ലിംഗസമത്വം തുടങ്ങിയ ആശയങ്ങള്‍ വളര്‍ന്നുവരാന്‍ സഹായകമായില്ല. ഇന്ന് വലിയ വികസനസ്വഭാവം ഉള്‍ക്കൊണ്ടുവെങ്കിലും ഒരു പിന്നോക്കപ്രദേശമായി മലപ്പുറം മാറിയതിന്റെ കാരണം മലബാര്‍ കലാപമാണെന്നു പറയാം.
ജന്മിത്വത്തെ സംബന്ധിച്ച് ഏറ്റവും വലിയ ആഘാതമായിരുന്നു കലാപമേല്‍പ്പിച്ചത്. ഈ ആഘാതം ഭൂമി കാര്‍ഷികമായി കൃഷിചെയ്യുന്നവന്റെയും കുടികിടപ്പുകാരന്റെയും കൂടിയാണെന്നുള്ള ഒരു ബോധം കലാപത്തിന് അധികാരിവര്‍ഗത്തിലുളവാക്കുവാന്‍ കഴിഞ്ഞു. മലബാറിലെ കുഴിക്കാണം സംബന്ധിച്ച കുടിയായ്മ നിയമം 1928 ല്‍ അവതരിപ്പിച്ചതിന്റെ ഒരു കാരണം ഇതാണെന്നു പറയാം.
ഹൈന്ദവമായ ജാതി വ്യവസ്ഥയുടെ തൊട്ടുകൂടായ്മ തുടങ്ങിയ ആശയങ്ങളെ ഇല്ലാതാക്കുന്നതില്‍ കലാപം വലിയ സ്വാധീനം ചെലുത്തി. ഒരു ഹരിജന്‍ യുവാവ് ഒരു അന്തര്‍ജനത്തെ വിവാഹം കഴിക്കുന്ന ചിത്രം കുമാരനാശാന്‍ തന്റെ ദുരവസ്ഥയില്‍ അവതരിപ്പിച്ചത് ആദ്യമായി ചിന്താപരമായ ഒരു വിപ്ളവത്തിന്റെ തുടക്കമായിരുന്നു. എത്ര സാവിത്രിമാര്‍ അന്ന് എത്ര ചാത്തന്മാരെ വിവാഹം കഴിച്ചുവെന്നതല്ല പ്രശ്നം. ആശയപരമായ ഇത്തരം ഒരു ചിന്ത അന്നത്തെ സമൂഹത്തില്‍ ഉളവാക്കിയത് കലാപത്തിന്റെ ദൃശ്യങ്ങളായിരുന്നു.അതുപോലെ പന്തിഭോജനം എന്ന ആശയംപോലും ജാതി വ്യവസ്ഥക്കെതിരായി ഉയര്‍ന്നുവന്ന പശ്ചാത്തലം ഇതായിരുന്നു. പിന്നീടത് ദേശീയ പ്രസ്ഥാനത്തിന്റെ ആശയമായി മാറി.
മലബാറിലെ കര്‍ഷക പ്രസ്ഥാനത്തിന്റെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ വളര്‍ത്തിയെടുക്കുന്നതില്‍ കലാപം വലിയ സ്വാധീനം ചെലുത്തി. കലാപബാധിത പ്രദേശങ്ങളില്‍ കെ എ കേരളീയന്‍ മുപ്പതുകളില്‍ ഏതാണ്ട് മൂന്നു മാസക്കാലം സഞ്ചാരം നടത്തിയിരുന്നു. അദ്ദേഹത്തെ ഈ കലാപം വലിയ ഒരു വിപ്ളവകാരിയാക്കി മാറ്റി.
ഇന്ത്യയില്‍ 1857 ന് ശേഷം ബ്രിട്ടീഷുകാര്‍ നേരിട്ട ഏറ്റവും വലിയ സായുധ സമരം ഈ കലാപമായിരുന്നു. ബ്രിട്ടീഷ് സൈന്യം ശത്രുരാജ്യം പിടിച്ചടക്കുന്ന തന്ത്രമായിരുന്നു പിന്തുടര്‍ന്നത്. റഷ്യയില്‍ ബോള്‍ഷെവിക്ക് വിപ്ളവവും മറ്റും നടന്നതുപോലെ തങ്ങള്‍ക്കെതിരായി വലിയ സായുധസമരങ്ങള്‍ ഉരുത്തിരിയുമോ എന്നവര്‍ ഭയപ്പെട്ടിരുന്നു. മീററ്റ് കലാപത്തെയും മറ്റും പിന്നീടവര്‍ ശക്തമായി നേരിട്ടത് ഇത്തരം ഒരു പശ്ചാത്തലത്തിലായിരുന്നു. കലാപം സംബന്ധിച്ച ഏതു ചര്‍ച്ചയും ആശയവും ബ്രിട്ടീഷ് ഭരണാധികാരികള്‍ അത്യന്തം ഭയപ്പെട്ടു. ഉദാഹരണത്തിന് സൌമ്യേന്ദ്രനാഥ ടാഗോര്‍ പ്രസിദ്ധീകരിച്ച കര്‍ഷക കലാപം എന്ന ഗ്രന്ഥം അവര്‍ നിരോധിക്കുകയുണ്ടായി. ഇതിന്റെ തുടര്‍ച്ചതന്നെയായിട്ടായിരുന്നു മലബാര്‍ കലാപത്തിന്റെ ആഹ്വാനവും താക്കീതും എന്ന ലഘുലേഖയെ അവര്‍ നിരോധിച്ചതും അച്ചടിച്ച പ്രസ്സിനു പിഴ ചുമത്തിയതും.
കലാപം മുസ്ളിം സമൂഹത്തില്‍ ആയിരക്കണക്കില്‍ അഗതികളെയും അനാഥരെയും സൃഷ്ടിച്ചുകൊണ്ട് ഗ്രാമീണ ദാരിദ്യ്രം ഏറ്റവും തീക്ഷ്ണമാക്കി. ഈ പശ്ചാത്തലത്തില്‍ ജെ ഡി ടി ഇസ്ളാംപോലുള്ള അനാഥാലയങ്ങള്‍ വളര്‍ന്നുവന്നു, അത് സമൂഹത്തിന് കുറെ ആശ്വാസകരമായിരുന്നു.
കലാപം പല പ്രദേശങ്ങളിലേക്കും കുടിയേറുവാന്‍ വ്യക്തികളെ പ്രേരിപ്പിച്ചു. ഒരര്‍ഥത്തില്‍ ഗ്രാമീണമായ കുടിയേറ്റങ്ങള്‍ക്ക് ഇത് പശ്ചാത്തലമൊരുക്കി. മാപ്പിളമാരായ കലാപകാരികളെ അന്തമാന്‍ പ്രോജക്ടിലേക്ക് നാടുകടത്തുകയും അവരെ അവിടെ കൂടുതല്‍ കൂടുതല്‍ പീഡനങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്തു. പലരും മലബാര്‍ വിട്ട് തൊഴിലന്വേഷിച്ച് രാജ്യാന്തരങ്ങളിലേക്ക് കൂടി കുടിയേറിയെന്ന് പറയാം.
ഇത്തരത്തില്‍ ഒരു വിശകലനം ചെയ്യുമ്പോള്‍ മലബാര്‍ കലാപം കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യരംഗങ്ങളില്‍ വലിയ ചലനം സൃഷ്ടിച്ച ഒരു സംഭവപരമ്പരയായിരുന്നു. ഈ വിഷയം ഇന്നും ഒരു വര്‍ഗീയ കലാപമായി വ്യാഖ്യാനിക്കുന്നവരെ നമുക്ക് കാണാവുന്നതാണ്. മതം ഉപയോഗപ്പെടുത്തിയപ്പോഴും രാഷ്ട്രീയവും കാര്‍ഷികവും സാമൂഹ്യവുമായ അനേകം പ്രശ്നങ്ങള്‍, കൊളോണിയല്‍ ഭരണത്തിന്റെ അടിച്ചമര്‍ത്തല്‍ നയം ഇതെല്ലാം കലാപത്തിന്റെ പിന്നിലെ പ്രചോദനപരമായ വസ്തുതകളാണ്. മാര്‍ക്സ് എഴുതിയതുപോലെ ബ്രിട്ടീഷ് ഭരണത്തിന് സംഹാരാത്മകവും നിര്‍മാണാത്മകവുമായ ചലനങ്ങള്‍ കാണാവുന്നതാണ്. ഇത്തരം രണ്ടു വശങ്ങള്‍ ഈ കലാപത്തിലും ചരിത്രപരമായി വിശകലനം നടത്തുമ്പോള്‍ നമുക്ക് കാണാന്‍ കഴിയും. അതിന്റെ ആഹ്വാനം സ്വീകരിച്ചുകൊണ്ട് സാമ്രാജ്യത്വത്തിനെതിരായി പടപൊരുതുമ്പോള്‍ അതുയര്‍ത്തുന്ന താക്കീത് കൂടി ശ്രദ്ധിക്കുവാന്‍ നമ്മള്‍ ബാധ്യസ്ഥരാണെന്ന് പ്രത്യേകം ഓര്‍മിക്കേണ്ടിയിരിക്കുന്നു.
*
ഡോ. കെ കെ എന്‍ കുറുപ്പ് കടപ്പാട്: ദേശാഭിമാനി വാരിക 28-11-2010
Subscribe to:
Post Comments (Atom)
9 comments:
കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക ബന്ധങ്ങളില്‍ വലിയ ചലനം സൃഷ്ടിച്ച ഒരു സംഭവ പരമ്പരയായിരുന്നു മലബാര്‍ കലാപം. കലാപത്തിന്റെ പല പഠനങ്ങളിലും ഊന്നിക്കാണിക്കാതെ വന്ന ഒരു മാനമാണിത്. ഗാന്ധിയന്‍ ആഹ്വാനമനുസരിച്ച് ഖിലാഫത്ത് പ്രസ്ഥാനം പിന്‍വലിക്കപ്പെട്ടപ്പോള്‍ രക്തരൂഷിതം കൂടിയായ കലാപത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്നും കോണ്‍ഗ്രസുകാര്‍ പിന്‍മാറി. ഇതാകട്ടെ ഒരു വഞ്ചനയായിപ്പോയെന്നാണ് ആര്‍ സി മജുംദാറിനെപ്പോലുള്ള ദേശീയ ചരിത്രകാരന്മാര്‍ വിലയിരുത്തിയത്.
തുര്‍ക്കിയിലെ ഖലീഫയെ പുറത്താക്കിയതിനു നടത്തിയ സമരം സ്വാതന്ത്ര്യ സമരമാകുമോ ???
കാര്‍ഷിക കലാപത്തില്‍ മരിച്ച മുസ്ലിം ജന്മികളുടെ പേരുവിവരം ഒന്നു വെളിപ്പെടുത്തുമോ . ഒന്നറിയാനാണ് . പോട്ടെ ജന്മികളെ കൊന്ന ഹിന്ദു കുടിയാന്മാരുടെ പേരുകള്‍ ?
അന്നത്തെ വൈസ്രോയ് ആയിരുന്ന റീഡിംഗ് പ്രഭുവിന്റെ പത്നിക്ക് നിലമ്പൂര്‍ റാണി എഴുതിയ ഒരു കത്തും ഈ ഭീകരാന്തരീക്ഷം വിവരിക്കുന്നു. വിശ്വാസം മാറാന്‍ വിസമ്മതിച്ചതിനാല്‍, കൊത്തിയരിയപ്പെട്ട ജഡങ്ങള്‍ കൊണ്ടു നിറഞ്ഞ കിണറുകളും, ഗര്‍ഭസ്ഥശിശുക്കള്‍ തുറിച്ചു നില്‍ക്കുന്ന വെട്ടിമുറിച്ച ഗര്‍ഭിണികളുടെ ശവങ്ങളും, പശുവിന്റെ കുടല്‍ മാല ചാര്‍ത്തിയ വിഗ്രഹങ്ങളും ഒക്കെ അതിലെ പ്രതിപാദ്യമാകുന്നു.
നിലമ്പൂര്‍ രാജാവിന്റെ തോക്ക് മോഷ്ടിച്ചു എന്ന കുറ്റം ചുമത്തി, പൂക്കോട്ടൂര്‍ ഖിലാഫത്ത് കമ്മറ്റി സെക്രട്ടറിയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത് മുസ്ലീംകളെ ചൊടിപ്പിച്ച ഒരു സംഭവം ആയിരുന്നു. പലരും അഭിപ്രായപ്പെട്ടിട്ടുള്ള പോലെ വ്യക്തി വൈരാഗ്യം തീര്‍ക്കലും ലഹളയുടെ ഒരു അജന്‍ഡ ആയിരുന്നോ എന്നും സംശയിക്കണം.
ലഹളബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച, കെ.പി. കേശവമേനോന്റെ നേതൃത്തത്തിലുള്ള സംഘം ഇങ്ങനെ നിരീക്ഷിക്കുന്നു. "നിര്‍ഭാഗ്യവശാല്‍ മാപ്പിളമാരുടെ അത്യാചാരങ്ങളെ സംബന്ധിച്ച വാര്‍ത്തകള്‍ തികച്ചും വാസ്തവമാണ്. അഹിംസയിലും, നിസ്സഹകരണത്തിലും വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ച്, അവര്‍ക്കനുകൂലമായി ചിന്തിക്കാന്‍ ഒന്നുമില്ല. കേവലം കാഫിറുകളായിപ്പോയി എന്ന കാരണത്താല്‍ നിസ്സഹായരായ പുരുഷന്മാരും, സ്ത്രീകളും, കുട്ടികളും നിഷ്ഠൂരമായി കൊല ചെയ്യപ്പെടുന്നു."
http://orumalayaliblogan.blogspot.com/2008/11/blog-post.html
അർദ്ധനഗ്നനായ ഫക്കീർ....
മലബാറിൽ സംഭവിച്ച കാര്യങ്ങൾ അവിടുത്തെ ചുറ്റുപാടുകൾ ശരിക്കറിയാവുന്ന നമ്മുടെയെല്ലാം മനസ്സിനെ കാർന്നു തിന്നുകയാണു. നമ്മുടെ മാപ്പിള സഹോദരന്മാർക്ക് ഭ്രാന്ത് പിടിപെട്ടുപോയി എന്നോർമ്മിക്കുമ്പോൾ എന്റെ ഹൃദയം വേദനിക്കുകയാണു.അവർ ഹിന്ദു വീടുകൾ കൊള്ളയടിക്കുകയും 100 കണക്കിനു സ്ത്രീ പുരുഷന്മാരെ ഭവനരഹിതരും ഭക്ഷണരഹിതരുമാക്കുകയും ചെയ്തുവെന്നോർക്കുമ്പോൾ എന്റെ വേദനക്കതിരില്ല. ഹിന്ദുക്കളെ ഇസ്ലാമിലേക്ക് മതം മാറ്റാൻ ശ്രമിച്ചു എന്നോർക്കുമ്പോൾ ഞാൻ നീറിപ്പോകുന്നു
it needs courage to call a spade 'a spade'. unfortunately, the cpim and the left always lack it..!!
വോട്ടുകിട്ടുവാന്‍ വേണ്ടിയും കാശുകിട്ടുവാന്‍ വേണ്ടിയും കലാപം സ്വാതന്ത്രസമരമാക്കി മാറ്റിയെഴുതുന്നവരും അതിനെ മറയാക്കി മതത്തെ പുകഴ്ത്തിപറയുന്നവരും ഒക്കെ ധാരാളം ഉണ്ടാകും. കാശും പദവിയും കിട്ടിയാല്‍ പലരും സാംസ്കാരിക-മാധ്യമ കൂട്ടിക്കൊടുപ്പ് നടത്തുന്നതിന്റെ വിവരങ്ങള്‍ ഒക്കെ ദില്ലിമുതല്‍ ഇങ്ങോട്ട് പുറത്തു വന്നുകൊണ്ടിരിക്കുന്നുണ്ടല്ലോ?
മലബാറിലേത് ലഹളതന്നെ ആയിരുന്നു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അന്ന് ഹിന്ദു ലേബലില്‍ ഉള്ള ദളിതരും കൊല്ലപ്പെട്ടിട്ടുണ്ട്. അല്ലാതെ അത് സവര്‍ണ്ണതയ്ക്കെതിരും ബിട്ടീഷുകാര്‍ക്കെതിരെയും മാത്രമായ മഹത്തയ വിപ്ലവം ആയി കരുതുന്നില്ല.
ചിലപ്പോള്‍ ഫ്രഞ്ചു വിപ്ലവത്തോടും, റഷ്യന്‍ വിപ്ലവത്തോടും തുല്യം ചാര്‍ത്തി ചിത്രീകരിക്കാന്‍ ആളുണ്ടാകും.
വായുജിത്തെ,
തുര്‍ക്കിയിലെ ഖലീഫയെ പുറത്താക്കിയതിനെതിരെ ലോകത്തിന്റെ പല ഭാഗത്തും ആരംഭിച്ച സമരം ഇന്ത്യയില്‍ പക്ഷെ, പിന്നീട് സ്വാതന്ത്ര്യ സമരത്തിന്റെ അവിഭാജ്യഘടകമായി മാറുകയായിരുന്നു. വെറും പിന്തിരിപ്പനായിരുന്ന ഖിലാഫത്ത് പ്രസ്ഥാനത്തെ ഒരു കൊളോണിയല്‍ വിരുദ്ധസമരമാക്കി മാറ്റുന്നതില്‍ ഗാന്ധിജി വിജയിച്ചുവെങ്കിലും, അതേ ഗാന്ധി തന്നെ നിസ്സഹകരണസമരം പിന്‍വലിക്കുക വഴി പിന്നീട് ഖിലാഫത്തിനെ അതിന്റെ ആദ്യത്തെ അവസ്ഥയിലേക്ക് തിരിച്ചു നടത്തുകയും ചെയ്തു. ഗാന്ധിജിയുടെ എക്സന്‍ട്രിസിറ്റിയുടെ ഫലമായിരുന്നു അത്. സ്വാതന്ത്ര്യസമരത്തില്‍ മഹാത്മാവിന്റെ എക്സന്‍ട്രിസിറ്റിക്ക് ഇതുപോലെ എത്രയോ ഉദാഹരണങ്ങള്‍ വേറെയുമുണ്ട്. ഗാന്ധിജിയുടെ പ്രസക്തിയെ കുറച്ചുകാണുകയല്ല. എങ്കിലും സത്യം അതാണ്. മാപ്പിളലഹളക്കിടയില്‍ സംഭവിച്ച ചില അനിഷ്ട സംഭവങ്ങള്‍ക്കും ഇത് കാരണമായിരുന്നിരിക്കാം.
അല്ലാതെ, മലബാര്‍ കലാപത്തെ, "വോട്ടുകിട്ടുവാന്‍ വേണ്ടിയും കാശുകിട്ടുവാന്‍ വേണ്ടിയും കലാപം സ്വാതന്ത്രസമരമാക്കി മാറ്റിയെഴുതുന്നവരും അതിനെ മറയാക്കി മതത്തെ പുകഴ്ത്തിപറയുന്നവരും" എന്നൊക്കെ വ്യാഖ്യാനിക്കുന്നത് ചരിത്രപരമായ അജ്ഞതയല്ലാതെ മറ്റൊന്നുമല്ല.
കാര്‍ഷിക കലാപത്തില്‍ മരിച്ച മുസ്ലിം ജന്മികളുടെ പേരുവിവരവും, ജന്മികളെ കൊന്ന ഹിന്ദു കുടിയാന്മാരുടെ പേരുവിവരവും ശേഖരിക്കുന്നതിന്റെ കൂടെ, ഹിന്ദുജന്മികളുടെ ക്രൂരതകള്‍ക്കിരയായി മരിച്ച മാപ്പിള കുടിയാന്മാരുടെയും, ബ്രിട്ടീഷ് പട്ടാളത്തിന്റെ സൈനിക നടപടികളില്‍ കൊല്ലപ്പെട്ട മാപ്പിള കലാപകാരികളുടെയും കണക്കുകള്‍ കൂടി കയ്യില്‍ വെക്കുന്നത് നന്നായിരിക്കും. ആവശ്യം വരും.
അഭിവാദ്യങ്ങളോടെ
ചേലനാട്ടേ , ബ്രിട്ടീഷുകാരോടുള്ള യുദ്ധത്തില്‍ മാപ്പിളമാര്‍ മരണപ്പെട്ടിട്ടില്ലെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ. എന്റെ ചോദ്യം അതല്ല . ജന്മിമാര്‍ക്കെതിരെയുള്ള കര്‍ഷക കലാപമായിരുന്നു അതെങ്കില്‍ സ്വാഭാവികമായും മുസ്ലിം ജന്മികളും കൊല്ലപ്പെട്ടു കാണുമല്ലോ . അതോ അന്നു ഹിന്ദു ജന്മികളും മുസ്ലിം അടിയാളരും മാത്രമേ ഉണ്ടായിരുന്നുള്ളോ .
അതേയവസരത്തില്‍ തന്നെ ഹിന്ദു കുടിയാന്മാര്‍ ജന്മികളെ ആക്രമിച്ചു കാണുമല്ലോ . മതത്തിന്റെ പേരിലല്ലാത്ത ഒരു സമരമാകുമ്പോള്‍ അങ്ങനെയല്ലെ ഉണ്ടാകേണ്ടത് ? അപ്പോള്‍ അങ്ങനെയാരെങ്കിലുമുണ്ടെങ്കില്‍ അതൊന്നു പറഞ്ഞു തന്നാല്‍ ചരിത്രപരമായ അജ്ഞത മാറ്റിനിര്‍ത്താമായിരുന്നു .
തുര്‍ക്കിയിലെ ഖലീഫയെ പുറത്താക്കിയതിനു നടത്തിയ സമരം സ്വാതന്ത്ര്യസമരവുമായി ചേര്‍ത്തുകെട്ടാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ചതെന്തായിരുന്നു എന്നു കൂടി ഒന്നു പറഞ്ഞു തരുമോ .
സ്വാതന്ത്ര്യസമരത്തില്‍ മഹാത്മാവിന്റെ എക്സന്‍ട്രിസിറ്റിക്ക് ഇതുപോലെ എത്രയോ ഉദാഹരണങ്ങള്‍ വേറെയുമുണ്ട്. ഗാന്ധിജിയുടെ പ്രസക്തിയെ കുറച്ചുകാണുകയല്ല. എങ്കിലും സത്യം അതാണ്. മാപ്പിളലഹളക്കിടയില്‍ സംഭവിച്ച ചില അനിഷ്ട സംഭവങ്ങള്‍ക്കും ഇത് കാരണമായിരുന്നിരിക്കാം.
Post a Comment