Showing posts with label കാക്കനാടൻ. Show all posts
Showing posts with label കാക്കനാടൻ. Show all posts

Wednesday, October 19, 2011

എഴുത്തിലെ ഉഷ്ണമേഖലകള്‍

ഒരു കലാപകാരിയായാണ് സാഹിത്യത്തില്‍ കാക്കനാടന്റെ ഉദയം. കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള കുടുംബം. ചൂഷണത്തിനും ഉപചാരത്തിനും സ്വകാര്യ സ്വത്താര്‍ജ്ജനത്തിനും എതിരുനില്‍ക്കുന്നതിനൊപ്പം വ്യവസ്ഥിതിക്കെതിരെ അരാജകമായൊരു ജീവിതവീക്ഷണവും കാക്കനാടനില്‍ വളര്‍ന്നു. മതത്തിന്റെയോ മറ്റേതെങ്കിലും തത്വങ്ങളുടെയോ പ്രചാരകനോ പ്രയോക്താവോ ആയല്ല, ജീവിതയാഥാര്‍ഥ്യങ്ങളെ തന്റേതായ കണ്ണിലൂടെ നോക്കി നിശിതമായി പ്രതികരിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകൃതം.

"ഉഷ്ണമേഖല"യിലും "ഏഴാംമുദ്ര"യിലും "വസൂരി"യിലും "ഈ നായ്ക്കളുടെ ലോക"ത്തിലും ഒക്കെ കലാപകാരിയുടെ സ്വരം ഉയര്‍ന്നുകേള്‍ക്കാം. പലതും അരാജകമായ രീതിയില്‍ ആണെന്നും പറയാം. "കമ്യൂണിസ്റ്റ് പാര്‍ടിയോട് വിരോധമോ നീരസമോ ഇല്ല. തീരെ എതിര്‍പ്പില്ലെന്നല്ല. എനിക്കെന്റേതായ വിമര്‍ശനമുണ്ട്. പക്ഷേ, അതിനേയൊക്കെ അതിജീവിക്കുന്ന ഇഷ്ടവുമുണ്ട്" -തന്റെ "ഉഷ്മേഖല" പുറത്തിറങ്ങിയപ്പോള്‍ പാര്‍ടി പ്രവര്‍ത്തകരില്‍ നിന്നുയര്‍ന്ന കടുത്ത വിമര്‍ശനങ്ങളെക്കുറിച്ച് പരാമര്‍ശിച്ച് ഒരിക്കല്‍ കാക്കനാടന്‍ പറഞ്ഞു.

തന്റെ നോവലുകളില്‍ അശ്ലീലം കുത്തിച്ചെലുത്തുകയും യുവാക്കളെ വഴിപിഴപ്പിക്കുകയും ചെയ്തുവെന്ന വിമര്‍ശനത്തെ കാക്കനാടന്‍ എന്നും ശക്തമായ ഭാഷയിലാണ് നേരിട്ടത്. തന്റെ നോവലുകള്‍ വായിച്ച് ആരെങ്കിലും വഴിപിഴച്ചിട്ടുണ്ടെങ്കില്‍ അതിനുത്തരവാദി വായിക്കുന്ന ആള്‍ തന്നെ ആണെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്.

ജനയുഗത്തില്‍ പ്രസിദ്ധീകരണം തുടങ്ങിയ "വസൂരി" എന്ന നോവല്‍ അശ്ലീലമെന്ന പേരില്‍ ചില ഭാഗം ഒഴിവാക്കിയപ്പോള്‍ കാക്കനാടന്‍ എതിര്‍ത്തു. പകുതിക്ക് പ്രസിദ്ധീകരണം നിര്‍ത്തി.
തന്റെ ലോകവീക്ഷണം തന്റെ കൃതികളില്‍ തന്നെ അന്തലീനമായിക്കിടക്കുന്നുണ്ടെന്ന നിലപാടായിരുന്നു കാക്കനാടന്റേത്. വായനക്കാരന് അത് കണ്ടെത്താന്‍ കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചു. യഥാര്‍ഥ രചനയാണെങ്കില്‍ അതില്‍ മണ്ണിന്റെ മണമുണ്ടാകും. ജനങ്ങളെ നേര്‍വഴിക്ക് നയിക്കാനുള്ള ഉപദേശമാണ് സാഹിത്യം എന്ന നിലപാടൊന്നും കാക്കനാടനുണ്ടായിരുന്നില്ല.

1947ന് ശേഷമുള്ള ഇന്ത്യന്‍ യൗവനത്തിന്റെ സ്വപ്നത്തകര്‍ച്ചയാണ് കാക്കനാടന്റെ നോവലുകള്‍ പ്രശ്നവല്‍ക്കരിച്ചത്. ആ വിഷയം കൈകാര്യം ചെയ്യാതിരിക്കാന്‍ ആത്മാര്‍ഥതയുള്ള ഒരെഴുത്തുകാരനും കഴിയില്ല എന്നദ്ദേഹം ഉറച്ചു വിശ്വസിച്ചു. ജീവിതത്തില്‍ നിന്നാണ് അദ്ദേഹം കഥാപാത്രങ്ങളെ തിരഞ്ഞെടുത്തത്, കണ്ടെടുത്ത് ആക്കം കൂട്ടിയത്, ആവിഷ്കരിച്ചത്. ഒത്തു തീര്‍പ്പുകള്‍ക്ക് സന്നദ്ധമല്ലാത്തതും ധീരവുമായ ചുവടുവെപ്പുകളായിരുന്നു അദ്ദേത്തിന്റെത്. ആരെയും കൂസാത്ത ധിക്കാരം. എഴുത്ത് കാക്കനാടന് ജീവിത മാര്‍ഗമായിരുന്നു. ജീവനത്തിന് വേണ്ടി പക്ഷെ ഒത്തു തീര്‍പ്പുകള്‍ക്കൊന്നും അദ്ദേഹം വഴങ്ങിയില്ല.

"അജയ്യത"യുടെ അവകാശം

ഇ പി രാജഗോപാലന്‍

കാക്കനാടന്‍ മതത്തെയും രാഷ്ട്രീയത്തെയും ഗൗരവത്തോടെ നോക്കിക്കണ്ട കഥാകാരനാണ്. രണ്ടിന്റെയും ആധികാരികതയില്‍ കഥാകാരന്‍ വിമര്‍ശനം രേഖപ്പെടുത്തുകയും ചെയ്തു. മതത്തെ പാപവേലകളുടെ മുദ്രണം കൊണ്ടും രാഷ്ട്രീയത്തെ ചരിത്രത്തിന്റെ അട്ടിമറി കൊണ്ടുമാണ് കാക്കനാടന്‍ വിമര്‍ശിച്ചത്. മതത്തിനും രാഷ്ട്രീയത്തിനുമപ്പുറത്തെ സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങളെ വിലപ്പെട്ടതായി കാണുക എന്നതായി കാക്കനാടന്റെ സര്‍ഗതത്വം. ശരീരത്തിന്റെ അഴിഞ്ഞുലയുന്ന വര്‍ണനകളും ലഹരിദ്രവ്യങ്ങള്‍ മുഖേനയുണ്ടാകുന്ന സ്മൃതിപ്രതീതികളുടെ തോന്നിയതുപോലുള്ള ഒഴുക്കുകളും ഈ തത്വത്തിന്റെ ഭാഗമായാണ് കാക്കനാടന്റെ കടലാസുകളില്‍ വീണ്ടും വീണ്ടും കാണാനിടവന്നത്.

മുതലാളിത്തം ഏര്‍പ്പെടുത്തുന്ന അന്യവത്കരണത്തിന്റെ ഇരകളാണ് ഓരോരുത്തരും എന്ന ബോധമാണ് കാക്കനാടന്റെ നായക സങ്കല്പത്തിലെ ബാധ. മുതലാളിത്തം എന്നതില്‍ പുതിയ കാലത്തെ (പൗരോഹിത്യ) മതത്തെയും (പ്രസ്ഥാനവത്കൃത) രാഷ്ട്രീയത്തെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് കാക്കനാടന്‍ എഴുതിയത്. അന്യവത്കൃതനാണ് എന്ന അനുഭവത്തിന്റെ ഭാഗമായി പല കാക്കനാടന്‍ കഥകളിലും ആവര്‍ത്തിക്കുന്ന പ്രവൃത്തിയാണ് ആഖ്യാനത്തിന്റെ രേഖീയതയെ മറികടക്കുക എന്നത്. ജീവിതത്തെ വൃത്തിയായി, ചിട്ടയായി മനസ്സിലാക്കാനാവുമെന്ന് കരുതുന്നവരുടെ സങ്കേതമാണ് രേഖീയവും യഥാതഥവുമായ ആഖ്യാനം എന്ന് ഈ കഥാകാരന്‍ കരുതിവന്നു. അങ്ങനെ മനസ്സിലാക്കാനായാല്‍ പ്രതീക്ഷയുടെ പ്രമേയം കൂടി അതിലുണ്ടാവും. ഇങ്ങനെയൊരു ലോകജ്ഞാനം കാക്കനാടന് സ്വതവേ ഇല്ല. അതിനാല്‍ പലപ്പോഴും നേരെ ചൊവ്വേയുള്ള കഥാധാരയല്ല, ബോധധാരയാണ് കാക്കനാടന് സ്വാഭാവികമായിത്തീരുന്നത്.
രേഖീയാഖ്യാനത്തില്‍ സ്വാതന്ത്ര്യമില്ല, തോന്നലുകളെയും തീര്‍പ്പുകളെയും മുറിച്ചുമാറ്റുകയോ വെട്ടിയൊതുക്കുകയോ ചെയ്താണ് യഥാതഥാഖ്യാനം ഉണ്ടാവുന്നത് എന്ന വിചാരം കാക്കനാടനെ നയിക്കുന്നുണ്ട്. അന്യവത്കൃതന്റെ റിയലിസം ബോധധാരയാണ് എന്നുതന്നെയും കാക്കനാടന്‍ കരുതിയിരുന്നതായി തോന്നുന്നു. അന്യവത്ക്കരണത്തിന്റെ നടുക്കത്തെ ആഖ്യാനത്തില്‍ സാധ്യമാക്കാനും അതേസമയം അതില്‍നിന്ന് രക്ഷനേടാനും ശ്രമിക്കുന്ന, കഥയിലെ "ഞാന്‍" അവലംബിക്കുന്ന രീതിയാണത്. അത് ഒരു കഥാരീതി മാത്രമാണെന്ന് മനസ്സിലാക്കുന്നത് തെറ്റാണ് - "ഞാന്‍" അനുഭവിക്കുന്ന ജീവിതാവസ്ഥയുടെ തന്നെ സ്വഭാവമാണത്.

"യൂസഫ് സരായിയിലെ ചരസ്വ്യാപാരി" എന്ന ചെറുകഥ വായിക്കുമ്പോള്‍ ഇങ്ങനെയൊക്കെയൊരു അറിവാണുണ്ടാകുന്നത്. ലഹരി ഇതില്‍ അനന്യവത്കരണത്തിന്റെ മരുന്നാണ്. ചരസ്സിന്റെ ചര്യയില്ലാത്ത ഒരു കഥാപാത്രവും ഈ ചെറുകഥയില്‍ ഇല്ല. "എന്റെ വിരലുകളെവിടെ?" എന്ന കഥയിലെ ആഖ്യാതാവിന്റെ നടുക്കത്തിന്റെ ഭൗതിക വ്യാഖ്യാനം എളുപ്പമാക്കുന്ന വിവരണം കുറച്ചുകഴിഞ്ഞ് കിട്ടുന്നുണ്ട്. "കൊണോട്ട് പ്ലേസിലെ പഴകി ദ്രവിച്ചൊരു കെട്ടിടത്തിന്റെ, ജീര്‍ണിച്ച അറയില്‍ , ചിതലു പിടിച്ച ഫയലുകള്‍ക്ക് നടുവില്‍ കുന്തിച്ചിരുന്ന് കള്ളക്കണക്കെഴുതിയുണ്ടാക്കുന്ന" ആളാണ് "ഞാന്‍". തൊഴിലിന്റെയും തൊഴിലിടത്തിന്റെയും ഈ വിവരണം അയാള്‍ അന്യവത്കൃതനാണ് എന്നതിന്റെ നല്ല തെളിവാണ്.

അന്യവത്ക്കരണത്തില്‍നിന്ന് രക്ഷ നേടാനായി അയാള്‍ പരമ്പരാഗത മതത്തെ വിമര്‍ശിക്കുന്നു. ഋഷികേശിലേക്കും ഹരിദ്വാറിലേക്കും രാമേശ്വരത്തേക്കും ബദരീനാഥിലേക്കും കാശിയിലേക്കും പോകുന്നവരെ ചരസ്സിന്റെ ധൂമപാത കാട്ടി "ഞാന്‍" വിളിക്കുന്നുണ്ട്: "ഇതിലേ, ഇതിലേ, ഇതിലേ. ഇതാണു വഴി, ശരിയായ വഴി" എന്ന്. മത-രാഷ്ട്രീയ വിമര്‍ശനം എത്തിച്ചേരുന്നത് മയക്കുമരുന്നിന്റെ പൂജാരിയിലാണ്. ഇങ്ങനെ അന്യവത്ക്കരണത്തിനെതിരായ നീക്കം പാഴായ ഒന്നായിത്തീരുന്നു.
മുതലാളിത്തത്തിലെ സാമ്പത്തിക ചൂഷണംപോലെ പ്രധാനമാണ് അതിലെ അന്യവത്ക്കരണം. ആ അനുഭവത്തിന്റെ നാടകീകരണം എന്ന നിലയില്‍ പ്രസക്തമാണ് ഈ കഥ. നിര്‍ദേശിക്കപ്പെടുന്ന പരിഹാരമാര്‍ഗമെന്ത് എന്ന കാര്യം കണക്കിലെടുക്കുമ്പോഴാണ്, അതിന് ലഹരി എന്ന ഉത്തരമാണുള്ളത് എന്ന് വായിച്ചറിയുമ്പോഴാണ് കഥയോട് പിണങ്ങേണ്ടി വരുന്നത്.

കേരളീയമായ പ്രാദേശിക സംസ്കൃതിയുടെ സൂക്ഷ്മ-സ്ഥൂല ഭാവങ്ങളുടെ കണിശമായ ഗ്രാഹ്യം, ഇന്ത്യന്‍ നഗരാനുഭവങ്ങളുടെ ജ്ഞാനം, ജര്‍മന്‍ ജീവിതം നല്കിയ യൂറോ നാഗരികതയുമായുള്ള നേരിട്ടുള്ള പരിചയം - ഇവ കാക്കനാടന്റെ സര്‍ഗത്തെ വേറിട്ട ഒന്നാക്കുന്നുണ്ട്. തീക്ഷ്ണമായ പദരാശി ഈ അനുഭവങ്ങളെ അദ്ദേഹം ഏതു തരത്തിലാണ് ഉള്‍ക്കൊള്ളുന്നത് എന്നതിന്റെ തെളിവുമാണ്.

ഒറ്റയാന്മാരുടെ പാപ്പാന്‍

ജീവിതാനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്ന് പിറവികൊണ്ടവയായിരുന്നു കാക്കനാടന്റെ കഥകള്‍ . പ്രവാസം സമ്മാനിച്ച ചിന്താഭാരം തന്റെ കഥകളിലേക്ക് അദ്ദേഹം പകര്‍ന്നു വച്ചു. രസതന്ത്രത്തിലെ ബിരുദധാരിക്ക് വായനക്കാരന്റെ മനസ്സില്‍ അനുഭൂതികള്‍ തീര്‍ക്കാനുള്ള തന്ത്രം അനുഭവങ്ങള്‍ സമ്മാനിച്ചു. ആധുനിക കാലഘട്ടത്തിന്റെ പടനിലങ്ങളില്‍ പോരാടാന്‍ വിധിക്കപ്പെട്ട "ക്ഷത്രിയന്റെ" കഥ പൂര്‍ത്തിയാക്കാനാവാതെയാണ് കലയുടെ ധീരയോദ്ധാവ് വിടപറഞ്ഞത്. മനുഷ്യബന്ധങ്ങളെക്കുറിച്ചും കാവ്യഭാഷയെക്കുറിച്ചുമുണ്ടായിരുന്ന സാമ്പ്രദായിക സങ്കല്‍പങ്ങളെ മാനിക്കാന്‍ കലാപകാരിയായ ഈ എഴുത്തുകാരന്‍ തയ്യാറായില്ല. നാടന്‍ സംഭാഷണങ്ങളിലൂടെയും പരുക്കന്‍ ശൈലിയിലൂടെയും സദാചാരത്തിന്റെ സര്‍വസീമകളെയും തകര്‍ത്തെറിഞ്ഞ കാക്കനാടന്‍ എഴുത്തില്‍ വേറിട്ട വഴിയാണ് തുറന്നത്.

കാക്കനാടനുമായി നാരായണന്‍ കാവുമ്പായി നടത്തിയ അഭിമുഖത്തില്‍ നിന്ന്:

മലയാളത്തില്‍ പുതിയൊരു കാലഘട്ടത്തിന് തുടക്കമിട്ട എഴുത്തകാരില്‍ പ്രമുഖനാണ് കാക്കനാടന്‍ . വായന എഴുത്തിനെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്?

വായന എന്നും ലഹരിയായിരുന്നു. കുട്ടിക്കാലം മുതലുള്ള ശീലമാണത്. വീട്ടിലെ അന്തരീക്ഷത്തില്‍ നിന്നാണ് വായനയോടുള്ള താല്‍പര്യം ജനിച്ചത്. അച്ഛന്‍ സുവിശേഷകനായിരുന്നു. അദ്ദേഹത്തിന് വലിയൊരു ഗ്രന്ഥശേഖരമുണ്ട്. നന്നായി വായിക്കുകയും ഞങ്ങളെ വായിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുമായിരുന്നു അച്ഛന്‍ .

എഴുതിത്തുടങ്ങിയതിന് പ്രത്യേകിച്ചെന്തെങ്കിലും നിമിത്തം?

അനുജന്‍ രാജന്‍ കാക്കനാടനാണ് എഴുത്തിന് നിമിത്തമെന്ന് പറയാം. രാജന് ആറേഴ് വയസായപ്പോള്‍ കഥകേള്‍ക്കാന്‍ വലിയ താല്പര്യമായിരുന്നു. ഞാന്‍ വായിച്ച കഥകള്‍ അവന് പറഞ്ഞുകൊടുത്തു. വായിച്ച കഥകളുടെ കലവറ കാലിയായപ്പോള്‍ അവയുടെ ചുവടുപിടിച്ച് ഞാന്‍ പുതിയ കള്ളക്കഥകള്‍ പടച്ചുണ്ടാക്കി.

എഴുത്ത?

എന്റെ രചനകളെപ്പറ്റി എനിക്ക് നല്ല ബോധ്യമുണ്ട്. അതിനെ സ്വയംവിമര്‍ശനരീതിയില്‍ വിലയിരുത്താറുമുണ്ട്. എഴുത്തിന്റെ കാര്യത്തില്‍ ഞാനിന്നും തുടക്കക്കാരനാണ്. എനിക്കു തോന്നിയ കാര്യങ്ങളാണ് ഞാനെഴുതിയത്. മറ്റുള്ളവര്‍ക്കുവേണ്ടി എഴുതിയിട്ടില്ല. "മണ്ണിന്റെ മണമുള്ള എഴുത്ത്" എന്നൊക്കെ ചിലര്‍ പറയുന്നതുകേള്‍ക്കാം. അത് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. മണ്ണിന്റെ മണമൊക്കെ സ്വാഭാവികമായി വന്നുകൊള്ളും. ജീവിതത്തോടുള്ള എഴുത്തുകാരന്റെ പ്രതികരണമാണ് അയാളുടെ എഴുത്ത്. ജീവിതത്തെക്കുറിച്ചുള്ള നിരന്തരമായ അന്വേഷണമാണ് എഴുത്ത്.

ആധുനികതയുടെ കാലത്തെ മറ്റ് എഴുത്തുകാരെല്ലാം തന്നെ കാലപ്പകര്‍ച്ചയ്ക്കനുസരിച്ച് എഴുത്തിന്റെ ശൈലി നവീകരിച്ചിട്ടുണ്ട്. ആധുനികത പുതിയ കാലത്തെ എഴുത്തിന് തടസ്സമാകുന്നുണ്ടോ?

ഞാന്‍ ആധുനികനാണെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. അങ്ങനെ എഴുത്തുകാരനെ ഏതെങ്കിലും പ്രസ്ഥാനത്തിന്റെ ഭാഗമാക്കി ബ്രാക്കറ്റ് ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല. എഴുത്ത് തുടര്‍ച്ചയാണ്. ഓരോ കാലഘട്ടത്തിന്റെ ആവശ്യകതയ്ക്കനുസരിച്ച് എഴുത്തിന്റെ രീതിശാസ്ത്രം മാറുന്നുവെന്നേയുള്ളൂ.

"സാക്ഷി" എന്ന നോവലില്‍ നാരായണന്‍കുട്ടി എന്ന കഥാപാത്രത്തിന് ഏതെങ്കിലും പ്രോട്ടോടൈപ്പുമായി ബന്ധമുണ്ടോ?

ഡല്‍ഹിയില്‍നിന്ന് കണ്ടെത്തിയതാണ് നാരായണന്‍കുട്ടിയുടെ മാതൃക. കെ എസ് നായര്‍ . ഒരുപാട് സ്വഭാവങ്ങള്‍ നാരായണന്‍കുട്ടിയും നായരും പങ്കിടുന്നുണ്ട്. അച്ഛനെ കൃഷ്ണപിള്ളച്ചേട്ടന്‍ എന്നേ നായര്‍ വിളിക്കാറുള്ളൂ. "ചേട്ടനാ എന്റെ തന്തപ്പടി" എന്നേ പറയാറുള്ളൂ.

ഉഷ്ണമേഖലയിലെ ശിവന്‍ കാക്കനാടന്റെ ആത്മാംശം കലര്‍ന്ന കഥാപാത്രമാണെന്ന് കേട്ടിട്ടുണ്ട്?

അതെ. കൊട്ടാരക്കരയിലെ ഞങ്ങളുടെ വാടകവീട് കമ്യൂണിസ്റ്റ്നേതാക്കളുടെ ഷെല്‍ട്ടറായിരുന്നു. ചെറുപ്പം മുതല്‍തന്നെ കമ്യൂണിസ്റ്റ്കാരുമായി എനിക്ക് അടുപ്പമുണ്ടായിരുന്നു. അന്ന് അവര്‍ എന്റെ ഹീറോമാരായിരുന്നു. ഇതിനിടയില്‍ പാര്‍ടി പിളര്‍ന്നു. ആ ദുഃഖത്തില്‍ നിന്നാണ് "ഉഷ്ണമേഖല" ഉണ്ടാകുന്നത്.

ഒറോത കുടിയേറ്റത്തിന്റെ കഥയാണല്ലോ പറയുന്നത്. ഒറോതയുടെ പശ്ചാത്തലമെന്തായിരുന്നു?

അനിയന്‍ തമ്പി വിവാഹം ചെയ്തത് ചെമ്പേരിയില്‍ നിന്നാണ്. കല്യാണത്തിനുമുമ്പേ അമ്മാവന്‍ അവിടേക്ക് കുടിയേറിപ്പാര്‍ത്തിരുന്നു. അമ്മാവന്റെ ബന്ധുവിനെയാണ് തമ്പി കല്യാണം കഴിച്ചത്. ഒറോതയുടെ തുടക്കം പാലായിലാണ്. "99ലെ വെള്ളപ്പൊക്കത്തില്‍ മീനച്ചിലാറിലൂടെ ഒഴുകി വന്നതാണ് ഒറോത. ഒരു വീടങ്ങനെ ഒഴുകിവരികയാണ്. ഏതോ ഒരു വര്‍ക്കിച്ചേട്ടന്‍ നോക്കുമ്പോള്‍ ആ വീടിനകത്ത് ഒരു കൊച്ച്. ആ കുട്ടിയെ വര്‍ക്കിച്ചേട്ടന്‍ പിന്നീട് വളര്‍ത്തുന്നു. വെള്ളത്തിലൊഴുകി വന്ന, വെള്ളമന്വേഷിച്ച് പോയി അപ്രത്യക്ഷയായ ഒറോത. ഞങ്ങളുടെ അമ്മയുടെ പേരും ഒറോതയെന്നാണ്.

നാടോടിജീവിതം നയിച്ച് അലഞ്ഞുനടന്ന കാക്കനാടന് കൊല്ലം നഗരവുമായി ഒരാത്മബന്ധം തന്നെയുണ്ട്. വിശദീകരിക്കാമോ?

ശരിയാണ്. കൊട്ടാരക്കരയും കൊല്ലവും എന്നെ വളര്‍ത്തി വലുതാക്കിയ, വളര്‍ത്തി വഷളാക്കിയ എന്റെ നാടാണെന്ന് പറയാം. കൊട്ടാരക്കര ഗവണ്‍മെന്റ് ഹൈസ്കൂളും കൊല്ലം ശ്രീനാരായണ കോളേജുമായിരുന്നു എന്റെ വിദ്യാകേന്ദ്രങ്ങള്‍ . കൊട്ടാരക്കരയ്ക്കടുത്ത് മൈലം എന്ന ഗ്രാമത്തിലാണ് ഞങ്ങള്‍ താവളമുറപ്പിച്ചത്. ഓലമേഞ്ഞ ഒരു ചെറിയ വീടും 40 സെന്റ് സ്ഥലവുമായിരുന്നു ഞങ്ങളുടെ ഭൂസ്വത്ത്. ആ പ്രദേശവും അവിടെ ജീവിച്ച മനുഷ്യരും മനസ്സില്‍നിന്ന് ഒരുനാളും പറിച്ചുകളയാന്‍ വയ്യാത്ത ആത്മാംശങ്ങളായി. 55ല്‍ ഒരു ഡിഗ്രിയുമായി ഞാന്‍ കൊല്ലം വിട്ടതാണ്. ഇരുമ്പനങ്ങാട്, നൂറനാട് പടനിലം, തിരുച്ചി, മദ്രാസ്, ദില്ലി, ലൈപ്സിഗ് അങ്ങനെ പലേടങ്ങളിലും ചേക്കേറി. എല്ലാം കൊല്ലത്തേക്ക് തിരിച്ചുവരാന്‍ വേണ്ടി മാത്രം. 68ല്‍ ഞാന്‍ വീണ്ടും കൊല്ലം നിവാസിയായി.

"കമ്പോളം" സ്വന്തം നഗരമായ കൊല്ലത്തെക്കുറിച്ചുള്ള രചനയാണല്ലോ. അതിന്റെ തുടര്‍ച്ചയും പിന്നീട് പുറത്തുവന്നില്ല

"കമ്പോളം" എന്റെ വലിയൊരു ആഗ്രഹമായിരുന്നു. കൊല്ലം എന്റെ നഗരമാണ്. ചിരപുരാതനമായ ചരിത്രവും സംസ്കാരവുമുള്ള കൊല്ലത്തിന്റെ വ്യാപാരശൃംഖല ബാബിലോണിയ വരെ നീണ്ടുപോകുന്നതാണ്. വായിച്ചും കണ്ടും കേട്ടുമറിഞ്ഞും സ്വന്തമാക്കിയ വലിയൊരു അനുഭവം മനസ്സിലുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആ ചരിത്രം പ്രമേയമാക്കി രണ്ടു സൃഷ്ടികള്‍ മുമ്പ് നടത്തിയിരുന്നു. അതിനുശേഷമാണ് "കമ്പോള"ത്തിന്റെ രചന തുടങ്ങിയത്.

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന "ക്ഷത്രിയന്‍" പുറത്തിറങ്ങിയതുമില്ല. എന്താണ് എഴുത്തിന് തടസ്സമായത്?

ഈ പറഞ്ഞ പ്രമേയങ്ങളെല്ലാം കുറേക്കൂടി വിശദമായ രചനകള്‍ക്ക് വിധേയമാക്കണമെന്ന് കരുതിയതുതന്നെയാണ്. പല കാരണങ്ങളാല്‍ നടന്നില്ല. പിന്നെ, പിശുക്കിയെഴുതുന്നത് എനിക്ക് ഇഷ്ടമല്ല. വലിയ രചനകള്‍ക്ക് സാവകാശം കിട്ടിയതുമില്ല.

സാഹിത്യത്തിനപ്പുറം ഒരു പ്രത്യയശാസ്ത്രമെന്ന നിലയില്‍ ഏതിനോടെങ്കിലും പ്രത്യേക ആഭിമുഖ്യം തോന്നിയിട്ടുണ്ടോ?

ഒരു പ്രത്യയശാസ്ത്രമെന്ന നിലയില്‍ എന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ളത് മാര്‍ക്സിസമാണ്. കുട്ടിക്കാലത്തെ വീട്ടിലെ അന്തരീക്ഷം അതിന് പ്രേരിപ്പിച്ചിരിക്കാം. കമ്യൂണിസ്റ്റ് നേതാക്കളുടെ ഒളിവിടങ്ങളിലൊന്നായിരുന്നു കൊട്ടാരക്കരയിലെ ഞങ്ങളുടെ വീട്. എം എന്‍ ഗോവിന്ദന്‍നായര്‍ നാഗര്‍കോവില്‍ ജയില്‍ചാടി വന്നത് കൊട്ടാരക്കരയിലെ വാടകവീട്ടിലേക്കായിരുന്നു. ഞങ്ങളുടെ വീട്ടില്‍ ഒളിവില്‍ പാര്‍ക്കുന്നവരെക്കുറിച്ച് ആര്‍ക്കും സംശയമുണ്ടാകില്ല. കാരണം അപ്പന്‍ സുവിശേഷപ്രവര്‍ത്തകനാണല്ലോ.

കമ്യൂണിസ്റ്റുകാര്‍ നല്ല പുസ്തകങ്ങളും പരിചയപ്പെടുത്തി. റഷ്യയില്‍ നിന്നുള്ള ഈടുറ്റ ദാര്‍ശനിക ഗ്രന്ഥങ്ങള്‍ . അങ്ങനെയാണ് മാര്‍ക്സിനെ വായിക്കാന്‍ അവസരമുണ്ടായത്. മിച്ചമൂല്യസിദ്ധാന്തത്തെ മൗലികമായി വിശദീകരിച്ച് എന്നെപ്പോലുള്ളവര്‍ക്ക് അധ്വാനത്തിന്റെ വിലയെന്തെന്ന് ബോധ്യപ്പെടുത്തിയത് മാര്‍ക്സാണ്. വര്‍ഗവിഘടിത സമൂഹത്തിന്റെ പ്രത്യയശാസ്ത്ര പരിസരത്തെക്കുറിച്ചുള്ള മാര്‍ക്സിയന്‍ കാഴ്ചപ്പാടിന് പകരംവെക്കാന്‍ മറ്റൊന്നില്ല.

പുതിയ ലോകസാഹചര്യത്തില്‍ കമ്യൂണിസത്തെ എങ്ങനെ വിലയിരുത്തുന്നു?

കമ്യൂണിസം തകര്‍ന്നുവെന്നോ പ്രസക്തി നഷ്ടപ്പെട്ടുവെന്നോ ഞാന്‍ കരുതുന്നില്ല. 1917ലെ ഒക്ടോബര്‍ വിപ്ലവം ലോകത്തില്‍ വലിയ സ്വാധീനമുണ്ടാക്കി. അന്നുമുതല്‍തന്നെ അതിനെ തകര്‍ക്കാനുള്ള മുതലാളിത്ത ശ്രമങ്ങളുമുണ്ടായി. അതില്‍നിന്നെല്ലാം സോഷ്യലിസത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് ലെനിനും സ്റ്റാലിനുമെല്ലാം നടത്തിയത്. ഇക്കാര്യത്തില്‍ സ്റ്റാലിന്‍ ന്യായീകരിക്കപ്പെടാവുന്ന ഭരണാധികാരിയാണ്. ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിച്ച പ്രതിവിപ്ലവകാരികളാണ് പില്‍ക്കാലത്ത് സോവിയറ്റ് യൂണിയനെ തകര്‍ത്തത്. മാര്‍ക്സിസം തകര്‍ന്നുവെന്ന് പറയുന്നത് ശരിയല്ല. അതിനെക്കുറിച്ചുള്ള കണക്കുകൂട്ടലുകള്‍ തെറ്റിയെന്നുവരാം

വര്‍ക്കേഴ്സ് ഫോറത്തിന്റെ ആദരാഞ്ജലികള്‍

അധിക വായനക്ക്

വര്‍ക്കേഴ്സ് ഫോറത്തിലെ കാക്കനാടന്‍ പോസ്റ്റുകള്‍

Sunday, December 19, 2010

കാക്കനാടന്റെ വരവ്

കാക്കനാടന്റെ ചിരി കണ്ടിട്ടുണ്ടോ? തീര്‍ത്തും നിഷ്‌കളങ്കമായ ചിരിയാണത്. ദൈവത്തിന്റെ ലോകത്തുനിന്നും പറന്നുവന്ന ഒരു ശിശുവിന്റെ ചിരിയെ ഓര്‍മിപ്പിക്കുന്നു അത്. എല്ലാവരെയും സ്‌നേഹിക്കുകയും എല്ലാം നേരായ മാര്‍ഗത്തിലൂടെ കാണുകയും ആരും കാണാത്ത ലോകരഹസ്യങ്ങള്‍ തന്റേതായ രീതിയില്‍ നിഷ്‌കളങ്കമായി വെളിപ്പെടുത്തുകയും ചെയ്യുന്ന ഒരു ശിശുവിന്റെ മനസ്സ് കാക്കനാടന്റെ ആദ്യകാല രചനകളില്‍ നിറഞ്ഞുനില്‍ക്കുന്നു. ഒരു കുഞ്ഞിന് ഒന്നും ഒളിച്ചുവയ്‌ക്കാന്‍ അറിയാത്തതുപോലെ കാക്കനാടനും ഒന്നും ഒളിച്ചുവയ്‌ക്കാന്‍ കഴിയുന്നില്ല. രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയുന്ന നാടോടിക്കഥയിലെ കുട്ടിയെപ്പോലെ നമ്മുടെ മനസ്സിനും ജീവിതത്തിനും സാമൂഹികജീവിതത്തിനും സംസ്‌കാരത്തിനും രാഷ്‌ട്രീയസ്ഥാപനങ്ങള്‍ക്കും സംഭവിക്കുന്ന വിപത്തുകള്‍ നാമെല്ലാം പലപ്പോഴും കാണാത്തതോ കണ്ടില്ലെന്ന് നടിക്കുന്നതോ ആയ തീക്ഷ്‌ണയാഥാര്‍ഥ്യങ്ങള്‍ - യാതൊരു മറയും കൂടാതെ വെളിപ്പെടുത്തുകയും നമ്മുടെ ചിന്തയില്‍ വലിയ പ്രകോപനങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്‌ത എഴുത്തുകാരനാണ് കാക്കനാടന്‍.

സാഹിത്യകലയില്‍ വലിയ പ്രക്ഷോഭണവും പ്രകോപനവും സൃഷ്‌ടിച്ച ആളാണ് കാക്കനാടന്‍ എന്ന് നമുക്കറിയാം. മലയാള വിമര്‍ശനവും സാഹിത്യചരിത്രവും അക്കാര്യം സംശയരഹിതമായി ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. എന്നാല്‍ സ്വകാര്യജീവിതത്തിലേക്ക് നോക്കിയാല്‍ കാക്കനാടന്‍ തികച്ചും ശാന്തനാണ്. ശാന്തസുന്ദരമായ ജീവിതം എന്നുതന്നെ പറയാം. കാക്കനാടന്‍ ഏകവചനത്തിലല്ല, ബഹുവചനത്തിലാണ് എപ്പോഴും പ്രയോഗിക്കുന്നത്. കാരണം ഒന്നിലധികം കാക്കനാടന്മാരുണ്ട്. ജോര്‍ജ് വര്‍ഗീസ് കാക്കനാടന്‍, രാജന്‍ കാക്കനാടന്‍, തമ്പി കാക്കനാടന്‍, ഇഗ്നേഷ്യസ് കാക്കനാടന്‍... ഈ കാക്കനാടന്മാരുടെ വിചിത്ര ജീവിതത്തെപ്പറ്റി എന്റെ കൂട്ടുകാരനായ എസ്. സുധീശന്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് കുങ്കുമം വാരികയില്‍ ഒരു ലേഖനപരമ്പര തന്നെ എഴുതിയിരുന്നു. അതു പുസ്‌തകമായി വന്നിട്ടില്ല. ഈ അപൂര്‍വ സഹോദരന്മാരെക്കുറിച്ച് കേരളം മനസ്സിലാക്കേണ്ടതാണ്. ബുദ്ധിജീവികളായ ഈ സഹോദരന്മാര്‍ പുലര്‍ത്തുന്ന പരസ്‌പരസ്‌നേഹവും ഉയര്‍ത്തിപ്പിടിക്കുന്ന ഉജ്വലങ്ങളായ ആശയങ്ങളും ജീവിതത്തെ സ്‌നേഹിച്ചുകൊണ്ടുതന്നെ അവര്‍ പ്രകടിപ്പിക്കുന്ന ഹൃദ്യമായ ഉദാസീനഭാവങ്ങളും, ആരും വലിയവരല്ലെന്നും ആരും ചെറിയവരല്ലെന്നും പെരുമാറ്റത്തിലൂടെ വ്യക്തമാക്കുന്ന ഉയര്‍ന്നതരം സമത്വബോധവും നാം നന്നായി മനസ്സിലാക്കേണ്ടതാണ്. ഇതൊന്നും സുലഭമായി എല്ലായിടത്തും കാണുന്നതല്ല. "സാഹിത്യകാരന്മാര്‍... ഭയങ്കരന്മാര്‍'' എന്ന ചങ്ങമ്പുഴയുടെ പ്രശസ്‌തമായ വരികള്‍ ഓര്‍മയില്‍ കൊണ്ടുവരുന്നവരാണ് കേരളത്തിലെ ബഹുഭൂരിപക്ഷം എഴുത്തുകാരും. അവരില്‍നിന്നെല്ലാം നമ്മുടെ കാക്കനാടന്മാര്‍ ഒറ്റപ്പെട്ടുനില്‍ക്കുന്നു. എഴുത്തുകാരനായ കാക്കനാടന്‍ മനസ്സിന്റെ വാതിലുകള്‍ വായനക്കാര്‍ക്കും എഴുത്തുകാര്‍ക്കും വേണ്ടി തുറന്നിട്ടിരിക്കുകയാണ്. എപ്പോള്‍ വേണമെങ്കിലും അദ്ദേഹത്തെ കാണാം. എത്ര സമയം വേണമെങ്കിലും സംസാരിച്ചിരിക്കാം. നമ്മളിലൊരാളായി നിന്നുതന്നെ അദ്ദേഹം സാഹിത്യത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും രാഷ്‌ട്രീയത്തെക്കുറിച്ചുമെല്ലാം സംസാരിക്കും, തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കും. വായനക്കാരനും എഴുത്തുകാരനും തമ്മില്‍ യാതൊരു അകലവും അവിടെയില്ല. ആരോടും വിദ്വേഷമില്ലാത്ത ഈ ശിശുമനസ്സില്‍ സ്‌നേഹവും ആര്‍ദ്രതയും നിറഞ്ഞു കവിയുന്നു.

ഈ ആര്‍ദ്രതയും മൃദുലഭാവങ്ങളും കാക്കനാടന് സാഹിത്യജീവിതത്തിലില്ല. അവിടെ ഭാഷതന്നെ കൊടുങ്കാറ്റായി മാറുന്നു. കൂലംകുത്തിയൊഴുകുന്ന നദിപോലെ ഭാഷയും ഭാവനയും കുതിച്ചൊഴുകുന്നു. മുന്‍പുണ്ടായിരുന്ന ലാവണ്യസങ്കല്‍പങ്ങളും ജീവിതവീക്ഷണങ്ങളും ഭാഷാസങ്കല്‍പവുമെല്ലാം തകര്‍ക്കപ്പെടുന്നു. സൌന്ദര്യത്തെക്കുറിച്ചും സദാചാരത്തെക്കുറിച്ചും മനുഷ്യബന്ധങ്ങളെക്കുറിച്ചും കാവ്യഭാഷയെക്കുറിച്ചുമുണ്ടായിരുന്ന ധാരണകളെയൊന്നും മാനിക്കാന്‍ ഈ കലാപകാരിയായ കലാകാരന്‍ തുനിയുന്നില്ല. ആദര്‍ശങ്ങളുടെ കപടമുഖങ്ങളെ അദ്ദേഹം തുറന്നുകാട്ടി. കഠിനമായ ജീവിതയാഥാര്‍ഥ്യത്തെ ഏറ്റവും അടുത്തുനിന്നു കാണാന്‍ അദ്ദേഹം കലയിലൂടെ ശ്രമിച്ചു. ഇതാണ് ആദ്യകാലത്തെ കാക്കനാടന്റെ നോവലുകളിലും ചെറുകഥകളിലും കാണുന്നത്.

ഞാന്‍ ആദ്യമായി വായിച്ച കാക്കനാടന്റെ രചന 'വസൂരി'യാണ്. ഒന്‍പതാം ക്ളാസില്‍ പഠിക്കുമ്പോഴാണ് വായിച്ചത്. ജനയുഗം വാരികയില്‍ ആ നോവല്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചുവരികയായിരുന്നു. എന്നെ ആകര്‍ഷിക്കുകയായിരുന്നില്ല, ഞെട്ടിക്കുകയായിരുന്നു ആ നോവല്‍. അന്നത്തെ എന്റെ വായനാലോകത്തിന് പുറത്തായിരുന്നു ആ കൃതി. അന്ന് ഞാന്‍ ആല്‍ബേര്‍ കാമുവിന്റെ 'പ്ളേഗി'നെക്കുറിച്ചോ, 'അന്യനെ'ക്കുറിച്ചോ കേട്ടിട്ടുപോലുമില്ല. മരണം മുന്‍പില്‍ വരുമ്പോള്‍ മനുഷ്യന്‍ ചെയ്‌തുപോകുന്ന പാപങ്ങളെക്കുറിച്ചോര്‍ത്തു ഞാന്‍ നടുങ്ങിപ്പോയി. നാടന്‍ സംഭാഷണവും പരുക്കന്‍ ശൈലിയും സദാചാരത്തിന്റെ എല്ലാ അതിര്‍ത്തികളും ലംഘിച്ച മനുഷ്യന്റെ ചലനങ്ങളും എന്നെ കുറച്ചൊന്നുമല്ല ആകര്‍ഷിച്ചത്. പക്ഷേ ഇടയ്‌ക്കുവച്ച് ആ നോവല്‍ യാതൊരറിയിപ്പും കൂടാതെ നിറുത്തി. കടുത്തനിരാശയാണുണ്ടായത്. പില്‍ക്കാലത്താണ് അതിന്റെ പിന്നിലെ കഥയറിഞ്ഞത്. നോവലിലെ 'സദാചാര'വിരുദ്ധമായ ഭാഗങ്ങള്‍ പത്രാധിപര്‍ വെട്ടിക്കളഞ്ഞു തുടങ്ങിയപ്പോള്‍ നോവലിസ്‌റ്റ് ഇടപെട്ട് പ്രസിദ്ധീകരണം നിറുത്തുകയായിരുന്നു. ഇതുപോലെ മറ്റൊരു സംഭവം കേരളത്തിലുണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല. ഇതിവിടെ എടുത്തു പറഞ്ഞത് കാക്കനാടന്റെ രചനകളോട് അന്നത്തെ യാഥാസ്ഥിതിക സമൂഹം പുലര്‍ത്തിയ കാഴ്‌ചപ്പാട് വ്യക്തമാക്കാനാണ്. കടുത്ത വിമര്‍ശനവും എതിര്‍പ്പും പരിഹാസവുമാണ് ആദ്യകാലത്ത് കാക്കനാടന് നേരിടേണ്ടിവന്നത്. എന്നാല്‍ എല്ലാവിധ എതിര്‍പ്പുകളെയും നേരിട്ടു കൊണ്ട് വളരെ ചെറിയൊരു കാലംകൊണ്ട് നിരവധി ചെറുകഥകളും നോവലുകളുമെഴുതി ആധുനിക മലയാള സാഹിത്യത്തില്‍ വ്യത്യസ്‌തവും നവീനവുമായ ഒരു ലോകം സൃഷ്‌ടിക്കുകയാണ് കാക്കനാടന്‍ പിന്നീട് ചെയ്‌തത്.

കൊല്ലത്ത് എസ്. എന്‍. കോളെജില്‍ ബിരുദപഠനത്തിന് എത്തിയപ്പോള്‍ എനിക്ക് കാക്കനാടന്റെ സാഹിത്യജീവിതവും സ്വകാര്യജീവിതവും അടുത്തറിയാന്‍ കഴിഞ്ഞു. വിദേശവാസമെല്ലാം കഴിഞ്ഞ് അദ്ദേഹം തന്റെ പ്രിയപ്പെട്ട നഗരമായ കൊല്ലത്ത് താമസമാക്കിയിരുന്നു അപ്പോള്‍. അദ്ദേഹത്തിന്റെ സാഹിത്യജീവിതം മലയാളിയുടെ മനസ്സിനെ ആഴത്തില്‍ സ്‌പര്‍ശിച്ചു തുടങ്ങിയിരുന്നു. അറുപതുകളുടെ ആദ്യവര്‍ഷങ്ങളിലാണ് കാക്കനാടന്‍ 'മാതൃഭൂമി' ആഴ്‌ചപ്പതിപ്പില്‍ ശ്രദ്ധേയങ്ങളായ കഥകള്‍ എഴുതിത്തുടങ്ങിയത്. 'കാലപ്പഴക്കം' എന്ന കഥയാണ് ആദ്യമെഴുതിയത്, 1962-ല്‍. പിന്നീട് ചെറുകഥ എന്ന മാധ്യമത്തെ നിശിതമായി പരിഷ്‌കരിച്ച് നിരവധി കഥകളെഴുതി. 1969 ആയപ്പോഴേയ്‌ക്കും 'സാക്ഷി', 'വസൂരി', 'ഉഷ്‌ണമേഖല' എന്നീ മികച്ച നോവലുകളെഴുതി സാഹിത്യത്തിലെ തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്‌തു, കാക്കനാടന്‍.

'വസൂരി'യും 'സാക്ഷി'യും മലയാളത്തിലെ യാഥാസ്ഥിതിക വായനക്കാരെ വല്ലാതെ അലോസരപ്പെടുത്തിയ രചനകളായിരുന്നു. എം. കൃഷ്‌ണന്‍നായരെപ്പോലുള്ള വിമര്‍ശകര്‍ രൂക്ഷമായ ഭാഷയിലാണ് കാക്കനാടന്റെ കൃതികളെ വിമര്‍ശിച്ചത്. എന്നാല്‍ പുതിയ വായനക്കാര്‍ ആ രചനകളുടെ പിന്നിലെ കരുത്തും സൌന്ദര്യവും വലിയൊരു ലഹരിയായി കൊണ്ടുനടന്നു. 'ഉഷ്‌ണമേഖല' തന്റെ കാലത്തെ രാഷ്‌ട്രീയചരിത്രത്തെ സൂക്ഷ്‌മ വിചാരണ ചെയ്യുന്ന കൃതിയാണ്. ഇടതുപക്ഷകേന്ദ്രങ്ങളില്‍നിന്നും വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നു ആ കൃതിക്ക്. അക്കാലത്ത് - അറുപതുകളുടെ ഒടുവിലും എഴുപതുകളുടെ തുടക്കത്തിലും - ഏറ്റവും ശ്രദ്ധേയനായ എഴുത്തുകാരന്‍ കാക്കനാടനായിരുന്നു. ആധുനികതയുടെ പ്രമുഖ വക്താവായി അദ്ദേഹം മാറി. 1970 -ല്‍ മലയാള ചെറുകഥയുടെ പുതിയ മുഖത്തെക്കുറിച്ച് 'മലയാളനാട്' വാരികയില്‍ അദ്ദേഹം രണ്ട് ലക്കങ്ങളിലായി ദീര്‍ഘമായി ഒരു ലേഖനമെഴുതി. തുടര്‍ന്ന് മലയാളത്തിലെ വിമര്‍ശകരും എഴുത്തുകാരും പങ്കെടുത്ത വിശദമായ ചര്‍ച്ചയുമുണ്ടായിരുന്നു. പുതിയ തലമുറയുടെ സൌന്ദര്യാഭിരുചിയെ തിരുത്തിക്കുറിച്ച ചര്‍ച്ചയായിരുന്നു അത്. സാഹിത്യവേദികളിലും സാംസ്‌കാരികവേദികളിലും സാഹിത്യക്യാമ്പുകളിലും പങ്കെടുത്തു പ്രഭാഷണങ്ങള്‍ നടത്താനും അദ്ദേഹം തയ്യാറായി. മികച്ചൊരു പ്രഭാഷകന്‍ ആയിരുന്നില്ല കാക്കനാടന്‍. "ഞാനൊരു പ്രസംഗകനല്ല..., എഴുത്തുകാരനാണ്'' എന്നു പറഞ്ഞ് ആരംഭിക്കുന്ന പ്രസംഗങ്ങളില്‍ ലജ്ജാലുവായ ഒരെഴുത്തുകാരന്റെ സൌമ്യമെങ്കിലും ധീരമായ ശബ്‌ദം ഉയര്‍ന്നു കേട്ടുകൊണ്ടിരുന്നു. കേരളത്തില്‍ എവിടെയും വായനക്കാര്‍ കാക്കനാടനെ അന്വേഷിച്ചുകൊണ്ടിരുന്നു. എഴുപതുകളുടെ ആദ്യവര്‍ഷങ്ങളില്‍ ഒ. വി. വിജയന്‍, എം. മുകുന്ദന്‍ എന്നിവരോടൊപ്പം, ഒരുപക്ഷേ അവരെക്കാള്‍ തിളങ്ങിനിന്ന എഴുത്തുകാരന്‍ കാക്കനാടനായിരുന്നു.

ആധുനികതയുടെ പ്രമുഖ വക്താവായി പ്രത്യക്ഷപ്പെട്ട കാക്കനാടന്‍ താനൊരു ആധുനികനാണെന്ന് അന്നും ഇന്നും സമ്മതിക്കുന്നില്ല എന്നതാണ് രസകരമായ കാര്യം. ആ വിശേഷണങ്ങളെല്ലാം വിമര്‍ശകരും ചരിത്രകാരന്മാരും നല്‍കിയതാണെന്നാണ് അദ്ദേഹം പറയുന്നത്. താന്‍ വര്‍ത്തമാനകാലത്തെ എഴുത്തുകാരന്‍ മാത്രം എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ആ നിലപാടില്‍ ഇപ്പോഴും മാറ്റമില്ല. കൂടെക്കൂടെ നിലപാടുകള്‍ മാറ്റുന്ന ഒരാളല്ല അദ്ദേഹം. അദ്ദേഹത്തിന്റെ സാഹിത്യജീവിതത്തില്‍ ചില ഘട്ടങ്ങളും അധ്യായങ്ങളുമൊക്കെയുണ്ട്. എന്നാല്‍ സാഹിത്യത്തെ സംബന്ധിക്കുന്ന അടിസ്ഥാനസങ്കല്‍പങ്ങളുടെ കാര്യത്തില്‍ നിലപാടുകള്‍ മാറ്റാന്‍ അദ്ദേഹം ഒരിക്കലും തയ്യാറായിട്ടില്ല. താന്‍ ഒരെഴുത്തുകാരന്‍ മാത്രമാണ്, സമൂഹത്തെ നന്നാക്കേണ്ട ചുമതലയൊന്നും തനിക്കില്ല എന്ന് ആദ്യം മുതല്‍ തന്നെ അദ്ദേഹം പറഞ്ഞുവരുന്ന കാര്യമാണ്. എഴുത്തുകാരനു വേണ്ട സാമൂഹികപ്രതിബദ്ധതയെപ്പറ്റി ഉറച്ച ധാരണകള്‍ നിറഞ്ഞുനിന്ന ഘട്ടത്തിലാണ് അദ്ദേഹം ഈ നിലപാട് സ്വീകരിച്ചത്. അതുപോലെ രാഷ്‌ട്രീയ യാഥാര്‍ഥ്യങ്ങള്‍ തീക്ഷ്‌ണമായി അവതരിപ്പിക്കുക എന്നതല്ലാതെ, കക്ഷിരാഷ്‌ട്രീയവുമായി തനിക്ക് യാതൊരു ബന്ധവുമില്ല എന്ന് അദ്ദേഹം തുടക്കം മുതല്‍ പറഞ്ഞിട്ടുണ്ട്. ആ ധീരമായ നിലപാടിലും വെള്ളം ചേര്‍ക്കാന്‍ അദ്ദേഹം തുനിഞ്ഞിട്ടില്ല. അദ്ദേഹത്തോടൊപ്പം എഴുതിയ 'ആധുനിക'രില്‍ കുറച്ചുപേരെങ്കിലും ഈ നിലപാടില്‍ മാറ്റം വരുത്തി, കക്ഷി രാഷ്‌ട്രീയവുമായി ബന്ധപ്പെട്ട് സ്ഥാനമാനങ്ങള്‍ നേടിയെടുത്തിട്ടുള്ളതായി നമുക്ക് അറിയാം. എന്നാല്‍ കാക്കനാടന് സ്ഥാനമോഹങ്ങള്‍ ഒട്ടുമില്ല. ആരുടെ പിറകേ പോകാനും തയ്യാറല്ല. അവാര്‍ഡുകള്‍ കിട്ടിയാല്‍ വാങ്ങും. കിട്ടിയാല്‍ തുള്ളിച്ചാടുകയില്ല, കിട്ടിയില്ലെങ്കില്‍ പരാതി പറയുകയുമില്ല. അതിനു പിറകേ പോകുന്ന രീതി ഒട്ടുമില്ല.

വായനക്കാരും ആരാധകരും ഈ എഴുത്തുകാരനോട് പ്രകടിപ്പിച്ച ആദരവും സ്‌നേഹവും അല്‍ഭുതകരമാണ്. സമൂഹത്തോട് എഴുത്തുകാരന്‍ എന്ന നിലയില്‍ പ്രത്യേകിച്ച് ഉത്തരവാദിത്വമൊന്നുമില്ല എന്ന് പ്രഖ്യാപിച്ച എഴുത്തുകാരനാണ് കാക്കനാടന്‍. എന്നാല്‍ വായനക്കാരും പൊതുസമൂഹവും അദ്ദേഹത്തിന്റെ അറുപതാം ജന്മദിനത്തില്‍ ചെയ്‌തത്, സ്വന്തമായി വീടില്ലാതിരുന്ന അദ്ദേഹത്തിന് ഒരു വീട് വച്ചുകൊടുക്കുകയാണ്. കൊല്ലത്തെ അദ്ദേഹത്തിന്റെ ആരാധകരും കൂട്ടുകാരും അഭ്യുദയകാംക്ഷികളുമാണ് അതിന് മുന്‍കൈയെടുത്തത്. ഇതുപോലൊരു സംഭവം ലോകത്ത് മറ്റെവിടെയെങ്കിലും നടന്നിട്ടുണ്ടോ എന്നറിയില്ല. എന്തുകൊണ്ടാണ് തനിക്ക് ആരോടും കടപ്പാടില്ല എന്ന് തുറന്നു പറഞ്ഞ എഴുത്തുകാരനോട് വായനക്കാരും പൊതുസമൂഹവും അസാധാരണമായ ഉദാരതയോടെ പ്രവര്‍ത്തിച്ചത്? എഴുത്തുകാരന്‍ എന്ന നിലയില്‍ കാക്കനാടന്‍ തന്റെ കടമ പൂര്‍ണമായും നിര്‍വഹിക്കുന്നുവെന്ന് പൊതുസമൂഹത്തിന് ബോധ്യമുള്ളതുകൊണ്ടാണത്. കലാകാരന്‍ എന്ന നിലയില്‍ തന്റെ കാലത്തെ മനുഷ്യാവസ്ഥ നേരിടുന്ന പ്രശ്‌നങ്ങളും ചരിത്രത്തിന്റെ അഗാധവ്യസനങ്ങളുമെല്ലാം വേണ്ടവിധത്തില്‍ ഉള്‍ക്കൊണ്ട് രചന നിര്‍വഹിച്ചതുകൊണ്ടാണ് കലാകാരന് പാര്‍പ്പിടം പണിയാന്‍ സമൂഹം മുന്നോട്ടുവന്നത്. ഇതു ലോകസാഹിത്യത്തില്‍ തന്നെ അപൂര്‍വമായ സംഭവമല്ലേ?


*****

പ്രസന്നരാജന്‍

കടപ്പാട് : ഗ്രന്ഥാലോകം ഒക്‌ടോബര്‍ 2010

അധിക വായനയ്‌ക്ക് :

1.
ദൈവം സ്നേഹിക്കുന്ന എഴുത്തുകാരന്‍ എം മുകുന്ദൻ
2. അക്രമാസക്തമായ രചന കെ.പി. അപ്പന്‍
3. കാക്കനാടന്റെ വരവ് പ്രസന്നരാജന്‍
4. കാക്കനാടന്റെ ആഖ്യാനകല ഡോ:എസ്.എസ്. ശ്രീകുമാര്‍
5. പൂര്‍ണതതേടിയുള്ള പ്രയാണം കാക്കനാടനുമായുള്ള അഭിമുഖം
6. റെനിഗേഡിന്റെ ഗതികേടുകള്‍ ഡോ. സി. ഉണ്ണികൃഷ്‌ണന്‍
7. അക്ഷരങ്ങളിലെ ഏഴാംമുദ്ര വി. ബി. സി. നായര്‍
8. രതിയുടെ ആനന്ദലഹരി ഡോ. ഇ. ബാനര്‍ജി
9. കാക്കനാടന്‍ സാക്ഷ്യപ്പെടുത്തുന്നത്... ഡോ. ആര്‍.എസ്. രാജീവ്
10. ശ്രീചക്രം കാക്കനാടന്‍
11. പത്മവ്യൂഹത്തിലെ അഭിമന്യു ഡോ. എ. അഷ്റഫ്
12. ആധുനികതയിലെ വ്യവസ്ഥാപിത ജീവിതം വിജു നായരങ്ങാടി
13. കൊല്ലം പഠിപ്പിച്ചത് കാക്കനാടന്‍
14.
കാക്കനാടന്‍ - ജീവിതരേഖ

കാക്കനാടന്റെ ആഖ്യാനകല

മലയാളസാഹിത്യത്തില്‍ ഏറെ ശ്രദ്ധേയമായിരുന്ന ഒരു കാലഘട്ടമാണ് ആധുനികതയുടേത്. ആധുനികത സവിശേഷമായൊരു മനോഭാവം പ്രദര്‍ശിപ്പിച്ച ഒരു പ്രസ്ഥാനമായിരുന്നു. ജനതയുടെ മനോഭാവത്തിലുണ്ടാകുന്ന അടിസ്ഥാനപരമായ പരിണാമങ്ങളാണ് സാഹിത്യപ്രസ്ഥാന (Literary Movement)ങ്ങളെ ജനിപ്പിക്കുന്നതെന്ന കേസരിയുടെ സത്യപ്രസ്‌താവം ഇന്നും അര്‍ഥപൂര്‍ണം തന്നെ. മലയാളത്തിലെ വ്യത്യസ്‌ത സാഹിത്യരൂപങ്ങളിലൊക്കെ വമ്പന്‍ ഭാവുകത്വപരിണാമം വരുത്തിയ ആധുനികത സവിശേഷമായൊരു മനോഭാവത്തെ അവതരിപ്പിച്ചു എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ഒ. വി. വിജയന്‍, ആനന്ദ്, എം. മുകുന്ദന്‍, സേതു, പുനത്തില്‍ കുഞ്ഞബ്‌ദുള്ള എന്നിവരെപ്പോലെ കാക്കനാടന്റെ ചെറുകഥകളും നോവലുകളും ആധുനികതയിലെ ശക്തമായ സാന്നിധ്യമായിരുന്നു. അതിനുമുന്‍പ് നവോത്ഥാനഘട്ടം അവതരിപ്പിച്ച സാഹിത്യ സമീപനരീതിയുടെ ഒരു നിഷേധം ആധുനികതയില്‍ കാണാന്‍ കഴിയും.

തകഴി, കേശവദേവ്, വൈക്കം മുഹമ്മദ് ബഷീര്‍, ഉറൂബ്, എസ്.കെ. പൊറ്റെക്കാട്, ചെറുകാട് എന്നിവരെല്ലാം ഉള്‍പ്പെട്ട മലയാളത്തിലെ നവോത്ഥാന നോവലിന് രണ്ടു ഘട്ടങ്ങളുണ്ടായിരുന്നു. ആദ്യഘട്ടം കേരളത്തിലെ അന്നത്തെ ചരിത്രപരവും സാമൂഹികവുമായ പ്രശ്‌നങ്ങളോടിഴചേര്‍ന്നു കൊണ്ട് സാഹിത്യത്തെ ഒരു സമരായുധംപോലെ ഉപയോഗിച്ച ഘട്ടമാണ്. മനുഷ്യന്റെ അതിജീവനസമരങ്ങളെ പ്രധാനാംശമായി സ്വീകരിച്ചുകൊണ്ട് സാമൂഹിക വിപ്ളവത്തില്‍ പക്ഷം പിടിച്ചുകൊണ്ടുള്ള ഒരു രചനയായിരുന്നു ആദ്യഘട്ടത്തില്‍ നിര്‍വഹിക്കപ്പെട്ടത്. മനുഷ്യനെ സാമ്പത്തികഘടകങ്ങള്‍ കൊണ്ട് നിര്‍ണയിക്കപ്പെടുന്ന ഒരു ജീവിയായി പരിഗണിച്ചുകൊണ്ടുള്ള ആഖ്യാനങ്ങളാണ് ഈ ഘട്ടത്തിലുണ്ടായത്. തീര്‍ച്ചയായും അരുണദശകമെന്നറിയപ്പെട്ടിരുന്ന 1930 കാലഘട്ടം ആഗോളതലത്തിലുണ്ടാക്കിയ സ്വാധീനം മലയാളനോവലിലും അനുഭവപ്പെട്ടു എന്നു പറയാം. വ്യക്തിയുടെ ആദര്‍ശങ്ങളും സാമൂഹികനീതിയുമായുള്ള സംഘര്‍ഷം ഇക്കാലഘട്ടത്തില്‍ അടിസ്ഥാനപ്രേമയമായി മാറി. സ്വാഭാവികമായിത്തന്നെ പ്രമേയപരിചരണം അതിനിണങ്ങിയ തരത്തില്‍ സാര്‍വജനകമായ ആഖ്യാനമെന്ന നിലയിലോ ഉത്തമപുരുഷപ്രതിഫലിതമെന്ന നിലയിലോ രൂപപ്പെട്ടു. തകഴിയുടെ ആദ്യകാല നോവലുകള്‍ ഇതിനെ വ്യക്തമായി ഉദാഹരിക്കും. പതിതപങ്കജം, തോട്ടിയുടെ മകന്‍, രണ്ടിടങ്ങഴി എന്നിവയും കേശവദേവിന്റെ കണ്ണാടി, ഓടയില്‍ നിന്ന് എന്നീ രചനകളും ബഷീറിന്റെ ബാല്യകാലസഖി, പാത്തുമ്മായുടെ ആട്, ന്റുപ്പുപ്പായ്‌ക്കൊരാനേണ്ടാര്‍ന്ന് എന്നിവയും ഇങ്ങനെ രൂപപ്പെടുന്നവയാണ്.

സാഹിത്യകൃതിയെ സാമൂഹികാവസ്ഥയെ പ്രതിഫലിപ്പിക്കുകയോ വ്യാഖ്യാനിക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുന്ന ഒന്നായി മാറ്റുകയായിരുന്നു പൊതുവേ ഈ എഴുത്തുകാര്‍. കഥാപാത്രങ്ങളുടെ വ്യക്തിത്വത്തെക്കാള്‍ അവര്‍ ഉള്‍പ്പെടുന്ന സാമൂഹികവര്‍ഗത്തിന്റെ മികച്ച പ്രതിനിധികളാക്കുക എന്നതിലാണവര്‍ ശ്രദ്ധ പതിപ്പിച്ചത്. അതുകൊണ്ടുതന്നെ കഥാപാത്രങ്ങളെ സ്വാധീനിക്കുന്ന വര്‍ഗപരവും സാമ്പത്തികവുമായ ഘടകങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലും അതിന്റെ ആഖ്യാനത്തിലുമാണ് അവര്‍ ശ്രദ്ധ പതിപ്പിച്ചത്. ഇങ്ങനെയുള്ള കഥാപാത്ര ചിത്രീകരണത്തില്‍ മനുഷ്യന്റെ അടിസ്ഥാനചോദനകളിലൊന്നായ ലൈംഗികതയെക്കുറിച്ച് ഈ എഴുത്തുകാര്‍ക്ക് പൂര്‍വനിര്‍ണീതമായൊരു ധാരണയുണ്ടായിരുന്നു. അത് അന്നത്തെ കാലഘട്ടത്തില്‍ ശക്തമായിരുന്ന ആംഗലേയ (കൊളോണിയല്‍) മനുഷ്യസങ്കല്‍പങ്ങളുമായും പുരോഗമന (ഇടതുപക്ഷ) മനുഷ്യസങ്കല്‍പവുമായും ബന്ധപ്പെട്ടതായിരുന്നു. ഏതുതരത്തിലുള്ള ലൈംഗിക സൂചനകളും അശ്ളീലവും സദാചാരവിരുദ്ധവുമാണെന്ന് ജ്ഞാനോദയവുമായി ബന്ധപ്പെട്ട ലിബറല്‍ ഹ്യൂമനിസ്റ്റ് മൂല്യബോധം കരുതിയപ്പോള്‍ ഉപരിവര്‍ഗത്തിന്റെ ജീര്‍ണസംസ്‌കാരവുമായി ബന്ധപ്പെട്ടതാണിതെന്ന് പുരോഗമന - ഇടതുപക്ഷ മൂല്യബോധം വിധികല്‍പിച്ചു. കേസരി ബാലകൃഷ്‌ണപിള്ള എന്ന നവയുഗചിന്തകന്റെ മുന്നറിയുപ്പുകള്‍ വേണ്ടതരത്തില്‍ പരിഗണിക്കപ്പെടാതെ പോയി.

മലയാള സാഹിത്യവിമര്‍ശനത്തിലെ ഭൌതികവാദധാരയ്‌ക്കുവേണ്ടി വാദിച്ചിരുന്ന കേസരി ബാലകൃഷ്‌ണപിള്ളയ്‌ക്ക് ആ ശ്രമത്തിന്റെ ഭാഗം തന്നെയായിരുന്നു ഫ്രോയിഡിയന്‍ മാനസികാപഗ്രഥനം വഴി കൈവന്ന ലൈംഗികതയെക്കുറിച്ചുള്ള വീക്ഷണങ്ങളും. ശരിയായ ഫ്രോയിഡിയന്‍ മാനസികാപഗ്രഥനം ഭൌതികവാദസ്വഭാവമുള്ളതാണെന്ന ഫ്രെഡറിക് ജയിംസന്റെ വീക്ഷണവും ഇവിടെ ഓര്‍ക്കാം. തനിക്കുചുറ്റും വന്നണഞ്ഞിരുന്ന അന്നത്തെ എഴുത്തുകാരെയും ബുദ്ധിജീവികളെയും ഈ മാര്‍ഗത്തിലേക്കുപനയിക്കാന്‍ കേസരി ശ്രമിക്കുകയും ചെയ്‌തിരുന്നു. സാമ്പത്തിക ഘടകങ്ങളില്‍ മാത്രമല്ല മാനസികമായ ഒരുപാടു ദമനങ്ങള്‍ക്കു വിധേയമാകുന്നുണ്ട് വ്യക്തിത്വമെന്ന് നാം കരുതുന്ന ആശയമെന്നദ്ദേഹം വിശ്വസിച്ചു. ഏകീകൃത മനുഷ്യന്‍ എന്ന സങ്കല്‍പം അസാധുവാണെന്നും പലതരത്തിലുള്ള ശിഥില വികാരങ്ങളുടെ ഒരു സംഘാതം മാത്രമാണെന്നുമുള്ള കേസരിയുടെ അഭിപ്രായപ്രകടനങ്ങള്‍ നാം കാണുന്നു. ഈ വീക്ഷണത്തിന് അനുരോധമായിരുന്നു തകഴി ശിവശങ്കരപ്പിള്ളയുടെ ആദ്യ നോവലായ പതിതപങ്കജം. എന്നിട്ടും അന്നത്തെ പുരോഗമന മുഖ്യധാരയുടെ സ്വാധീനത്തിനു വഴങ്ങി ലൈംഗികതയുടെ കാര്യത്തില്‍ ഒരൊത്തുതീര്‍പ്പിന് അദ്ദേഹം തയ്യാറായി എന്ന് രണ്ടിടങ്ങഴി, തോട്ടിയുടെ മകന്‍ എന്നീ നോവലുകള്‍ തെളിവുനല്‍കുന്നു. കോരന്‍, ചാത്തന്‍, ചിരുത എന്നീ കഥാപാത്രങ്ങളില്‍ സംഭവിച്ചിട്ടുള്ള ആദര്‍ശവല്‍ക്കരണം കേസരി തന്നെ സൂചിപ്പിച്ചിട്ടുള്ളതാണല്ലോ."കേശവദേവിന്റെയും ആദ്യകാല നോവലുകളില്‍ സാമൂഹിക നിര്‍ണയത്തിന്റെ മൂശതന്നെയാണ് ഉപയോഗിക്കപ്പെട്ടത്. ഈ എഴുത്തുകാരുടെ ചെറുകഥാസാഹിത്യവും പൊന്‍കുന്നം വര്‍ക്കിയുടെ ചെറുകഥകളും ഈ രീതിയില്‍ത്തന്നെയാണ് വികസിച്ചുവന്നത്. സാമുദായികവും സാമൂഹികവും രാഷ്‌ട്രീയവുമായ സമരങ്ങള്‍ കൊണ്ട് കണ്ണിചേര്‍ന്നുകൊണ്ട് മനുഷ്യനെ സ്വാധീനിക്കുന്ന സാമ്പത്തികനീതിയെക്കുറിച്ചുള്ള വ്യാകുലതകള്‍ പങ്കുവയ്‌ക്കുകയും അതിനെതിരായ കര്‍ത്തൃത്വനിര്‍മാണ ശ്രമങ്ങള്‍ക്ക് അവ ലക്ഷ്യമിടുകയും ചെയ്‌തു. പള്ളിമതത്തിനും പൌരോഹിത്യത്തിനും തിരുവിതാംകൂറിലെ ദിവാന്‍ സ്വേച്‌ഛാധിപത്യത്തിനുമെതിരെ കലാപം കൂട്ടിയ പൊന്‍കുന്നം വര്‍ക്കിയുടെ കഥകള്‍ തന്നെ പ്രത്യക്ഷമായ ഉദാഹരണം. വ്യക്തിഗതമായ പ്രണയസങ്കല്‍പത്തിനെതിരെ നില്‍ക്കുന്ന യാഥാസ്ഥിതിക സാമ്പത്തിക നീതികളെ ചോദ്യം ചെയ്യുന്ന ബഷീറിന്റെ ബാല്യകാലസഖി, നവീന വിദ്യാഭ്യാസത്തിനും നവീനമായ ആരോഗ്യ - കുടുംബ സംവിധാനരീതികള്‍ക്കുമെതിരെ നില്‍ക്കുന്ന യാഥാസ്ഥിതികതയ്‌ക്കെതിരെയുള്ള വിമര്‍ശനമുള്‍ക്കൊള്ളുന്ന ന്റുപ്പുപ്പാപ്പാക്കൊരനേണ്ടാര്‍ന്നു, പുതിയ കാലഘട്ടത്തിന്റെ നിര്‍മാണശ്രമത്തില്‍ പങ്കെടുക്കുന്ന എഴുത്തുകാരനെ അന്യവല്‍ക്കരിക്കുന്ന സാമൂഹികനീതിക്കെതിരെയുള്ള എക്കാലത്തെയും വലിയ വിമര്‍ശനമായ പാത്തുമ്മായുടെ ആട് എന്നീ രചനകളും പ്രശ്‌നവല്‍ക്കരിക്കുന്നത് ഇതേ സാമ്പത്തിക നിര്‍ണയനത്തെത്തന്നെ.

എന്നാല്‍ നവോത്ഥാന കഥാസാഹിത്യത്തിന്റെ രണ്ടാംഘട്ടം വ്യത്യസ്‌തമായിരുന്നു. സാമൂഹികവും ചരിത്രപരവുമായ നിര്‍ണയനത്തിന് പ്രാധാന്യം കൊടുക്കുന്ന പുരോഗമനസാഹിത്യകൃതികള്‍ മനുഷ്യനെ ഒരു വ്യക്തിയായല്ല വലിയ ഒരു ആശയം മാത്രമായാണ് പരിഗണിക്കുന്നതെന്ന വിമര്‍ശനങ്ങളുയര്‍ന്നുവന്നു. മാര്‍ക്‌സിസ്‌റ്റ് വീക്ഷണഗതികളെക്കാള്‍ ലിബറല്‍ ഹ്യൂമനിസ്‌റ്റ് ആശയങ്ങള്‍ക്ക് രാഷ്‌ട്രീയസാധ്യത ഏറിയ ഈ കാലഘട്ടത്തില്‍ ഉറൂബ്, എസ്.കെ. പൊറ്റക്കാട് എന്നിവരുടെ സാഹിത്യത്തിന് സമ്മതി ഏറി. വൈക്കം മുഹമ്മദ് ബഷീറിന്റെ ആനവാരിയും പൊന്‍കുരിശും, മുച്ചീട്ടുകളിക്കാരന്റെ മകള്‍ തുടങ്ങിയ നോവലുകളും പ്രകാശിതമായി. ഉറൂബിന്റെ ഉമ്മാച്ചു, സുന്ദരികളും സുന്ദരന്മാരും എന്നീ നോവലുകള്‍, കാരൂരിന്റെ ചെറുകഥകള്‍ എന്നിവ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ അന്തിമാപഗ്രഥനത്തില്‍ കാരൂരിന്റെ ചെറുകഥകളില്‍ പ്രത്യക്ഷപ്പെടുന്ന സാമൂഹിക വിമര്‍ശനസ്വരം ശ്രദ്ധേയമാണ്. ലിബറല്‍ ഹ്യൂമനിസ്‌റ്റ് പ്രത്യയശാസ്‌ത്രം കൈവശം വച്ചിട്ടും സുന്ദരികളും സുന്ദരന്മാരും എങ്ങനെ മാപ്പിളക്കലാപത്തിനും മഹായുദ്ധങ്ങള്‍ക്കുമിടയ്‌ക്കുള്ള ഒരു ചരിത്രകാലഘട്ടത്തിന്റെ സൂക്ഷ്‌മരേഖയായി വ്യക്തിയെ നിര്‍ണയിക്കുന്ന സാമ്പത്തിക നീതികളെപ്പറ്റി അദ്ദേഹം ചോദ്യങ്ങള്‍ തുടര്‍ന്നു എന്ന സംശയങ്ങള്‍ ഉന്നയിക്കപ്പെട്ടില്ല. സാഹിത്യരചനയുടെയും വിമര്‍ശനത്തിന്റെയും രാഷ്‌ട്രീയമെന്തെന്ന് നമ്മെ അന്വേഷിക്കാന്‍ പ്രേരിപ്പിക്കുന്ന വസ്‌തുതകളാണിവ.

ഏതായാലും നവോത്ഥാനഘട്ടത്തിന്റെ ഈ രണ്ടു സന്ദര്‍ഭങ്ങളെ പിന്തുടര്‍ന്നുവന്ന കഥാസാഹിത്യത്തിലെ ആധുനികത തൊട്ടു മുന്‍ഘട്ടത്തിന്റെ നിഷേധമായിരുന്നു. സാമൂഹികതയ്‌ക്കെതിരെ കലാപം കൂട്ടുന്ന വ്യക്തിയെ അത് ഉയര്‍ത്തിപ്പിടിച്ചു. വിക്‌ടോറിയന്‍ സദാചാരത്തിന്റെയും സോവിയറ്റ് കേന്ദ്രിത പുരോഗമനസാഹിത്യത്തിന്റെയും അന്ധബിന്ദുവായ ലൈംഗികതാചിത്രീകരണം ഒരാഘോഷമെന്ന നിലയില്‍ത്തന്നെ ആധുനികതയില്‍ സംഭവിച്ചു. പ്രസ്ഥാനങ്ങളുടെയും പ്രത്യയശാസ്‌ത്രങ്ങളുടെയും തകര്‍ച്ച അവിടെ മുഖ്യപ്രമേയമായി. മദ്യത്തിനും ലഹരിവസ്‌തുക്കള്‍ക്കും അടിമകളായ കഥാപാത്രങ്ങളെ അവര്‍ ഉയര്‍ത്തിപ്പിടിച്ചു. വ്യവസ്ഥയെ എതിര്‍ത്ത് തോല്‍പിക്കേണ്ട ജീര്‍ണതയായി വ്യവഹരിച്ചു. മരണത്തയും ആത്മഹത്യയെയും അവര്‍ സ്വാഗതം ചെയ്‌തു. സാമ്പത്തികശേഷിയെയും കുലീനതയെയും വിചാരണചെയ്‌തു. അധികാരത്തിന്റെ വ്യവഹാരങ്ങളെ അവിശ്വസിക്കുകയും നിന്ദിക്കുകയും ചെയ്‌തു. ഇതിന്റെ ബഹുവിധ പ്രത്യക്ഷങ്ങളാണ് ആധുനിക ആഖ്യാനകലയില്‍ പ്രകടമായത്.

ഈ ദര്‍ശനമവതരിപ്പിച്ചുകൊണ്ട് സാഹിത്യരംഗത്തേക്കു കടന്നുവന്നവര്‍ ഏറിയകൂറും പ്രവാസികളായിരുന്നു. ബോംബെ, ദല്‍ഹി തുടങ്ങിയ വന്‍നഗരങ്ങളില്‍ തൊഴിലെടുത്തിരുന്നവരായിരുന്നു അവരിലധികവും. അതുകൊണ്ടുതന്നെ പാശ്ചാത്യസാഹിത്യത്തില്‍നിന്ന് കടം വാങ്ങിയ ദര്‍ശനമാണവരുടേതെന്നും അവരുടെ കൃതികളില്‍ മൂല്യങ്ങളെല്ലാം തകര്‍ന്നിരിക്കുകയാണെന്നും അവരുടെ കൃതികള്‍ ദുര്‍ഗ്രഹങ്ങളാണെന്നും ആരോപണങ്ങളുയര്‍ന്നു. നിലവിലിരുന്ന സാഹിത്യസങ്കല്‍പങ്ങളുടെ ഒരു പൊളിച്ചെഴുത്താണ് ആധുനിക നോവലിന്റെ പ്രമേയത്തിലും പ്രമേയപരിചരണത്തിലും കഥാപാത്രങ്ങളിലുമൊക്കെ പ്രകടമായത്. മലയാളത്തിലെ ആഖ്യാനകലയില്‍ അവര്‍ ഒരു വിച്‌ഛേദം തന്നെ സൃഷ്‌ടിച്ചു. ഒ. വി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം', എം. മുകുന്ദന്റെ 'ദല്‍ഹി', 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍', 'ആവിലായിലെ സൂര്യോദയം', 'ഈ ലോകം അതിലൊരു മനുഷ്യന്‍', 'ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു', പുനത്തില്‍ കുഞ്ഞബ്‌ദുള്ളയുടെ 'സ്‌മാരകശിലകള്‍', ആനന്ദിന്റെ 'ആള്‍ക്കൂട്ടം', 'മരണസര്‍ട്ടിഫിക്കറ്റ്', സേതുവിന്റെ 'പാണ്ഡവപുരം', കാക്കനാടന്റെ 'സാക്ഷി', 'ഉഷ്‌ണമേഖല' എന്നീ കൃതികളായിരുന്നു ഈ മനോഭാവത്തിന്റെ ആദ്യസ്‌പന്ദനങ്ങള്‍ അവതരിപ്പിച്ചത്.

മലയാള സാഹിത്യ വിമര്‍ശനം രചനകള്‍ക്ക് സമകാലികമായത് ആ ഘട്ടത്തിലാണ്. കെ. പി. അപ്പന്‍, വി. രാജകൃഷ്‌ണന്‍ എന്നീ വിമര്‍ശകര്‍ പ്രധാനമായും ഈ ഭാവുകത്വപരിണാമത്തിന് ശക്തമായ പിന്തുണയുമായി രംഗത്തുവന്നു. എഴുപതുകളില്‍ത്തന്നെ 'ക്ഷോഭിക്കുന്നവരുടെ സുവിശേഷം', 'തിരസ്‌കാരം' തുടങ്ങിയ കൃതികളുമായി വിമര്‍ശനരംഗത്തെത്തിയ കെ. പി. അപ്പന്‍ ആധുനികതയുടെ പതാകവാഹകനായി. ആധുനികസാഹിത്യകാരന്മാര്‍ക്ക് ശക്തമായ പ്രതിരോധം ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെ ഉയര്‍ത്തപ്പെട്ടു. വി. രാജകൃഷ്‌ണന്റെ 'രോഗത്തിന്റെ പൂക്കള്‍', ആഷാമോനോന്റെ 'പുതിയ പുരുഷാര്‍ഥങ്ങള്‍', 'കലിയുഗാരണ്യകങ്ങള്‍' എന്നീ രചനകളും ആധുനികവിമര്‍ശനത്തിന്റെ കലാപക്കൊടികളുയര്‍ത്തി, വളരെ വേഗം തന്നെ വ്യവസ്ഥാപിതവും സാമാന്യവുമായി. ആധുനികപ്രവണതകള്‍ മലയാള സാഹിത്യത്തില്‍ സ്ഥാനമുറപ്പിച്ചതോടെയാണ് സച്ചിദാനന്ദന്‍, ബി. രാജീവന്‍, നരേന്ദ്രപ്രസാദ് തുടങ്ങിയവരുടെ വിമര്‍ശനലേഖനങ്ങളിലൂടെയും സൈദ്ധാന്തിക രചനകളിലൂടെയും ഒരു ഇടതുപക്ഷാധുനികതയുടെ അന്വേഷണം ഇവിടെയുണ്ടാകുന്നത്. ആധുനിക രചനകള്‍ വളരെവേഗം വ്യവസ്ഥാപിതമായതിന്റെ രാഷ്‌ട്രീയമെന്തെന്ന ചോദ്യമാണ് അവര്‍ പ്രധാനമായും ഉന്നയിച്ചതെന്നു പറയാം.

ആധുനികസാഹിത്യത്തിന്റെ - പ്രധാനമായും ആഖ്യാനാത്മകസാഹിത്യത്തിന്റെ - പ്രധാന പ്രമേയങ്ങള്‍ നാം വ്യക്തമാക്കിയല്ലോ. ആധുനിക സാഹിത്യകാരന്മാര്‍ ഏറിയകൂറും അന്യനഗരങ്ങളില്‍ തൊഴിലെടുക്കുന്നവരായിരുന്നു എന്നും സൂചിപ്പിച്ചു. നവോത്ഥാന സാഹിത്യരംഗത്തെ പ്രധാനപ്പെട്ട എഴുത്തുകാരെല്ലാം എഴുത്തുകൊണ്ടുമാത്രം ഉപജീവനം നടത്തിയവരായിരുന്നു. തകഴി കൃഷിക്കാരന്‍ കൂടിയായിരുന്നെങ്കിലും എന്തിനുവേണ്ടിയാണോ താന്‍ ബിരുദം നേടിയത് ആ അഭിഭാഷകവൃത്തി അദ്ദേഹം പിന്തുടര്‍ന്നില്ല. കേശവദേവും പൊന്‍കുന്നം വര്‍ക്കിയും വൈക്കം മുഹമ്മദ് ബഷീറും എഴുത്തുകാര്‍ മാത്രമായി ജീവിച്ചവരാണ്. എസ്.കെ. പൊറ്റെക്കാട് സഞ്ചാരസാഹിത്യകാരന്‍ കൂടിയായിരുന്നു. ആഗോളപര്യടനത്തിനായി അദ്ദേഹം ചെലവഴിച്ച തുകയും ഏതാണ്ട് എഴുത്തിലൂടെ മാത്രം സ്വരുക്കൂട്ടിയതാണ്.

വ്യവസ്ഥയ്‌ക്കും ജീവിതത്തിനുമെതിരെ എഴുത്തിലൂടെ കലാപം കൂട്ടിയ ആധുനിക സാഹിത്യകാരന്മാരുടെ കാര്യം കൂടി നാം പരിഗണിക്കേണ്ടതുണ്ട്. ഒ. വി. വിജയന്‍ പത്രപ്രവര്‍ത്തകനും കോളമിസ്‌റ്റുമായി തന്റെ ഔദ്യോഗികജീവിതം ദല്‍ഹിയില്‍ നയിക്കുമ്പോഴാണ് വ്യവസ്ഥാവിരുദ്ധ കലാപമുള്‍ക്കൊള്ളുന്ന രചനകള്‍ നടത്തിയത്. എം.പി. നാരായണപിള്ള സ്വതന്ത്ര പത്രപ്രവര്‍ത്തകനായിരുന്നു. വി.കെ.എന്‍. ദല്‍ഹിയിലെ പത്രപ്രവര്‍ത്തന ജീവിതം കഴിഞ്ഞതിനുശേഷമാണ് തിരുവില്വാമലയില്‍ എഴുത്തുകാരനായി ജീവിച്ചത്. സേതു ബാങ്കിലെ ഉന്നതോദ്യോഗസ്ഥനും പിന്നീട് ഡയറക്‌ടര്‍ ബോര്‍ഡംഗവും പിന്നീട് ഡയറക്‌ടറുമായി. ആനന്ദ് പ്രതിരോധ വകുപ്പിലെ എഞ്ചിനീയറായിരുന്നു. എം. മുകുന്ദന്‍ ഫ്രഞ്ച് എംബസിയിലെ ഉന്നതോദ്യോഗസ്ഥനായിരുന്നു. പുനത്തില്‍ കുഞ്ഞബ്‌ദുള്ള ഒരു സ്വകാര്യാശുപത്രി നടത്തി.

തന്റെ വ്യവസ്ഥാവിരുദ്ധ സാഹിത്യപ്രവര്‍ത്തനവുമായി സമരസപ്പെട്ടുകൊണ്ടുള്ള ഒരു ജീവിതം നയിച്ചത് കാക്കനാടന്‍ മാത്രമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതരേഖ നോക്കുക. 1955-ല്‍ ശാസ്‌ത്രവിഷയങ്ങള്‍ ഐച്‌ഛികമായെടുത്ത് ബിരുദം നേടിയ അദ്ദേഹം രണ്ടുവര്‍ഷം അധ്യാപകനായിരുന്നു. 1957 മുതല്‍ 1967 വരെ റെയില്‍വേയിലും റെയില്‍ മന്ത്രാലയത്തിലും ജോലി ചെയ്‌തു. പിന്നീട് സാമ്പത്തികശാസ്‌ത്രത്തില്‍ ബിരുദാനന്തര പഠനത്തിനു ചേര്‍ന്നെങ്കിലും കോഴ്സ് പൂര്‍ത്തിയാക്കിയില്ല. 1967-ല്‍ ജര്‍മനിയിലേക്കു പോയി. അവിടെ ലൈബ്‌സിക്കില്‍ ആറുമാസം ജര്‍മന്‍ ഭാഷ പഠിച്ചു. പിന്നീട് ആറുമാസം യൂറോപ്പില്‍ അലഞ്ഞുനടന്നു. 1968-ല്‍ കൊല്ലത്ത് സ്ഥിരതാമസമാക്കി ഒരെഴുത്തുകാരനായി മാത്രം ജീവിച്ചു. 1965-ല്‍ ജര്‍മനിയില്‍ നഴ്‌സായ അമ്മിണിയെ വിവാഹം കഴിച്ചു. അവരെ നിര്‍ബന്ധപൂര്‍വം രാജിവയ്‌പിച്ച് തന്റെ എഴുത്തുകാരനെന്ന നിലയിലുള്ള ജീവിതത്തിന്റെ അവിഭാജ്യഭാഗമാക്കിയിരുന്നു അദ്ദേഹം. എഴുത്തുകാരനെന്ന നിലയില്‍ മാത്രം ജീവിച്ച അദ്ദേഹത്തിന്റെ ഈ പ്രത്യേകത എടുത്തുപറയേണ്ടതുണ്ട്.

ആധുനികസാഹിത്യത്തിന്റെ കൂടെ സഞ്ചരിച്ച ആധുനികവിമര്‍ശനത്തിന്റെ പ്രത്യേകതയെക്കുറിച്ച് നേരത്തെ എടുത്തുപറഞ്ഞു. സ്വകാര്യ ജീവിതത്തിന്റെയും രചനാജീവിതത്തിന്റെയും പരസ്‌പരപൂരകത്വം ഉദ്ഘോഷിച്ച ഈയെഴുത്തുകാരനെ ആധുനിക സാഹിത്യനിരൂപണം എങ്ങനെയാണ് വിലയിരുത്തിയത് ? "കലാപ്രതിഭ ഇപ്പോഴും കാക്കനാടനില്‍ ഉണ്ട്. എന്നാല്‍ നിര്‍ഭാഗ്യകരമായ വിശുദ്ധബലിയെ അനുസ്‌മരിപ്പിക്കും മട്ടില്‍ നിര്‍മാണവേളയില്‍ അദ്ദേഹം ശിഥിലസമാധിയില്‍ അകപ്പെടുന്നു. കാക്കനാടന്‍ ഓര്‍ഫ്യൂസാണ്. എന്നാല്‍ അദ്ദേഹത്തിന്റെ വീണ പലപ്പോഴും അപസ്വരം സൃഷ്‌ടിക്കുന്നു. പത്തുവര്‍ഷത്തിനുശേഷം കാക്കനാടനെ ഇപ്പോള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ വളര്‍ച്ചയെത്തിയ ദര്‍ശനബോധം കൊണ്ടും രൂപപരമായ സവിശേഷതകള്‍ കൊണ്ടും നിലനിന്നേക്കാവുന്ന നോവലുകള്‍ 'സാക്ഷി'യും 'ഏഴാംമുദ്ര'യും 'അജ്ഞതയുടെ താഴ്വര'യും മാത്രമാണെന്ന് എനിക്ക് തോന്നുന്നു. എന്നാല്‍ അവയ്‌ക്കുപോലും പരിമിതികളുണ്ട്.'' (കെ.പി. അപ്പന്റെ തിരഞ്ഞെടുത്ത കൃതികള്‍ പേജ് 100)

ജീവിതംകൊണ്ടും രചനകൊണ്ടും തന്റെ വിശ്വാസപ്രമാണങ്ങളോട് സന്ധിയില്ലായ്‌മ പ്രകടിപ്പിച്ച ഒരെഴുത്തുകാരനെ 'ദര്‍ശന'ത്തിന്റെയും 'രൂപ'ത്തിന്റെയും മാത്രമടിസ്ഥാനത്തില്‍ എഴുതിത്തള്ളാനുള്ള ഇത്തരം ശ്രമങ്ങള്‍ കൊണ്ടാണ് സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള വൈരുധ്യം ഒരു പ്രശ്‌നമേയല്ല എന്ന നിലപാടില്‍ സാഹിത്യം മാത്രമല്ല നമ്മുടെ സാംസ്‌കാരിക - സാമൂഹിക ജീവിതവും എത്തിച്ചേര്‍ന്നത്. വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തപ്പെടാതിരിക്കുന്നത് ഒരു അഭിമാനം പോലുമാകുന്നു. കേസരിയെപ്പോലും നമ്മുടെ സമൂഹം ഒരു അരാജകവാദിയായി പരിഗണിക്കുന്നു. അദ്ദേഹം എഴുതി: മലയാളി ചിന്തിക്കുന്നതു പറയാത്തവനും പറയുന്നതു പ്രവര്‍ത്തിക്കാത്തവനുമാണ് !

അങ്ങനെ നാം കാക്കനാടന്റെ ആഖ്യാനകലയിലേക്കു തന്നെ എത്തിച്ചേരുന്നു. ഏതു ദേശകാലപരിതോവസ്ഥയിലും മനുഷ്യജീവിതം അടിസ്ഥാനപരമായി ക്ളേശങ്ങള്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു എന്ന എക്കാലത്തെയും ആധുനികതയുടെ ദര്‍ശനം പ്രഖ്യാപിച്ചുകൊണ്ട് കാക്കനാടന്‍ എഴുതിയ കഥകള്‍ എങ്ങനെ മലയാളത്തില്‍ ഉച്ചാധുനികത (High Modernism)യുടെ ഒരു കാലഘട്ടം ഉല്‍ഘാടനം ചെയ്‌തു എന്ന് നേരത്തെ 'അശ്വത്ഥാമാവിന്റെ ചിരി' എന്ന കഥയെ അധികരിച്ച് ഈ ലേഖകന്‍ എഴുതിയിട്ടുണ്ട്. (കാണുക: സാംസ്‌കാരിക വികാരം, കാക്കനാടന്‍ പതിപ്പ്) 'ശ്രീചക്രം', 'നീലഗ്രഹണം' എന്നീ കഥകളെ ആധാരമാക്കിയും ഇക്കാര്യം പഠനവിധേയമായിട്ടുണ്ട്. ഇവിടെ അജ്ഞതയുടെ താഴ്വര (1958) വേരുകള്‍ ഇല്ലാത്തവന്‍ (1980) എന്നീ നോവലുകളെ ആധാരമാക്കിയാണ് ആധുനിക നോവലിന്റെ ആഖ്യാനകലയില്‍ കാക്കനാടനെ അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നത്.

ഒരെഴുകാരനെന്ന നിലയില്‍ മാത്രം ജീവിച്ചയാളാണ് കാക്കനാടന്‍. അതിനാല്‍ അദ്ദേഹം എഴുത്തിനെ വ്യഭിചരിച്ചു ജീവിച്ചു എന്നൊരു സൂചന ആധുനിക വിമര്‍ശനത്തിന്റെ പ്രമുഖവക്താവായ കെ. പി. അപ്പന്റെ വിപരീതസ്വരത്തിനു പിന്നിലുണ്ടെന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ടുതന്നെയാണ് നോവലിന്റെ ദര്‍ശനം, കലാ'തന്ത്ര' മെന്നും കൂടി വ്യവഹരിക്കപ്പെടുന്ന 'രൂപം' എന്നിവയെ ആധാരമാക്കി അദ്ദേഹം ശിഥിലസമാധിയിലാണെന്നു പരാതിപ്പെടുന്നത്. എന്നാല്‍ കാക്കനാടന്റെ നോവലുകളുടെ ലാക്ഷണിക പാരായണം തെളിയിക്കുന്നത് ആഖ്യാനത്തില്‍ അദ്ദേഹം സ്വീകരിക്കുന്ന വീക്ഷണസ്ഥാനം, അദ്ദേഹത്തിന്റെ ആഖ്യാനത്തിന്റെ സ്വഭാവം എന്നിവയുടെ അടിസ്ഥാനത്തില്‍ ആധുനികതയ്‌ക്കുതന്നെ പ്രചോദകമായ പഥപ്രദര്‍ശനം അദ്ദേഹം നടത്തിയിട്ടുണ്ടെന്നാണ്.
നോവലിലെ ആഖ്യാന കലയെക്കുറിച്ച് ഗൌരവപൂര്‍ണമായ പഠനം നടത്തിയ എം. വിജയന്‍ പിള്ള എഴുതുന്നു: "അപൂര്‍വമായി ഒരു ഉത്തമപുരുഷപ്രതിഫലിത (First Person Reflector) കഥാപാത്രത്തിന്റെ കണ്ണുകളിലൂടെ കാണുന്ന തരത്തിലും കഥ അവതരിപ്പിക്കപ്പെടാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉത്തമപുരുഷനെക്കൂടി കല്‍പിതാഖ്യാനമായി കണക്കാക്കാറുണ്ട്. കല്‍പിതാഖ്യാനത്തില്‍ കഥയുടെ ക്രിയ പ്രധാനമായും അവതരിപ്പിക്കുന്നത് ഒരു പ്രതിഫലിത കഥാപാത്രത്തിന്റെ കണ്ണുകളിലൂടെയായിരിക്കും എന്നു പറഞ്ഞുവല്ലോ.

ഉദാ: "ഇനി നടക്കാനാവാത്തവിധം ക്ഷീണമുണ്ട്. വിശപ്പ് അസഹ്യമായിരിക്കുന്നു. പരിചയക്കാരുടെ വീടുകളുണ്ട്, അടുത്ത്. പക്ഷേ അവര്‍ക്കു തന്നെ നന്നായറിയാം. പിടിച്ചു പോലീസിലേല്‍പ്പിക്കാന്‍ മടിച്ചില്ലെന്നുവരും. മാത്രമല്ല ചുറ്റുപാടുകളില്‍ പോലീസ് ജാഗ്രതയായി കാവലുണ്ടെന്ന വിവരം കിട്ടിയിട്ടുണ്ട്.''

ഇവിടെ ഉഷ്‌ണമേഖലയിലെ ശിവന്‍ അത്തരമൊരു കഥാപാത്രമാണ്. സംഭവങ്ങളുടെ വക്രീകരിച്ചതും നിയന്ത്രിതവുമായ വീക്ഷയായിരിക്കും മിക്കപ്പോഴും ഒരു കല്‍പിതാഖ്യാനകൃതി അവതരിപ്പിക്കുന്നത്. മിക്ക കൃതികളിലും ഈ നിയന്ത്രിതവീക്ഷണം വസ്‌തുനിഷ്‌ഠ വീക്ഷ, സര്‍വജ്ഞവീക്ഷ എന്നിവയെക്കാള്‍ വിശ്വാസ്യവും ആസ്വാദ്യവുമായി അനുഭവപ്പെടാറുണ്ട്. കല്‍പിതാഖ്യാനകൃതികളില്‍ ഒരു അന്തഃസ്ഥിത ആഖ്യാതാവ് മാത്രമേയുള്ളൂ എന്നതിനാല്‍ ഇത്തരം കൃതികള്‍ വര്‍ത്തമാനകാലത്തില്‍ ആരംഭിക്കുകയും കഥാപാത്രങ്ങളുടെ ചിന്തകളേയും മനോനിലയേയും നേരിട്ടുള്ള വീക്ഷണത്തിലൂടെ പ്രത്യക്ഷീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനാലാണ് അങ്ങനെയായിത്തീരുന്നത്.'' (എം. വിജയന്‍ പിള്ള, ആഖ്യാനകലയുടെ പരിണാമം മലയാളനോവലുകളില്‍, ഗവേഷണ പ്രബന്ധം, മലയാളവിഭാഗം, കേരള സര്‍വകലാശാല, 2003, പുറം 50)

ഉഷ്‌ണമേഖലയിലെ കമ്യൂണിസ്‌റ്റുകാരനായ ശിവന്റെ കണ്ണിലൂടെയുള്ള ആഖ്യാനത്തിന്റെ അനുഭവരസികതയുടെ കാര്യമാണ് ഗവേഷകന്‍ സൂചിപ്പിച്ചത്. പോലീസുകാരുടെ നോട്ടപ്പുള്ളിയായ ശിവന്‍ ഒളിവിലിരുന്ന് പാര്‍ട്ടി ഏല്‍പിച്ച ദൌത്യം നിര്‍വഹിക്കുന്നു. അബു എന്ന രഹസ്യങ്ങള്‍ ഏറെയറിയാവുന്ന പ്രവര്‍ത്തകനെ പുറത്തുകൊണ്ടുവരുന്നതിനായി തൊഴിലാളിസമരം അയാള്‍ ഒത്തുതീര്‍പ്പിലെത്തിക്കുന്നു. ഇത് ശ്ളാഘിക്കപ്പെടുന്നു. പിതാവിന്റെ മരണാനന്തരകര്‍മങ്ങള്‍ പോലും നടത്തിയത് സുഹൃത്തായ രാമകൃഷ്‌ണനായിരുന്നു. ലോപ്പസെന്ന പാര്‍ട്ടി പ്രവര്‍ത്തകനും നാമമാത്രകര്‍ഷകനുമായ ഒരാളുടെ കുടുംബമായിരുന്നു ശിവന്റെ അഭയസ്ഥാനം. പിതാവിന്റെ മരണാനന്തരം പാര്‍ട്ടിയുടെ അനുമതിയോടെ പ്രവര്‍ത്തനം വിട്ട് അയാള്‍ നഗരത്തിലെത്തി ഉന്നതോദ്യോഗസ്ഥനാകുന്നു. തന്റെ കുടുംബവും ആത്മബലിയര്‍പ്പിച്ച് തന്നെ രക്ഷിച്ച പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട കരുണന്റെ കുടുംബവും സംരക്ഷിക്കുന്നു. നഗരത്തിലെ മദ്യമാംസങ്ങളുടെ വിളി തിരസ്‌കരിച്ച് ജീവിക്കുന്ന അയാള്‍ താന്‍ പഠിക്കാനയച്ച അനുജന്‍ ഒരു വിപ്ളവസംഘടനയില്‍ അംഗമാണെന്നും ഇന്ന് തന്റെ പാര്‍ട്ടി അപചയത്തിലാണെന്നും തന്നോട് അനുരാഗവതിയായിരുന്ന മുതലാളിയുടെ അനന്തരവള്‍ ശാരദ അയാളുടെ ഇരയായിരുന്നുവെന്നും തിരിച്ചറിയുന്നതോടെ തകര്‍ന്നു പോകുന്നു. ലോപ്പസിന്റെ മകള്‍ തെരേസയോട് അയാളുടെ മനസ്സിലുണ്ടായിരുന്ന അനുരാഗം ഇന്നും ദീപ്‌തമാണ്. അയാള്‍ അവളെ തെരഞ്ഞു. എന്നാല്‍ അവള്‍ അയാളെ ടെലിഫോണിലൂടെയെങ്കിലും ബന്ധപ്പെട്ടപ്പോഴേക്കും ശിവന്‍ ഉന്മാദത്തിന്റെ തിരകളിലകപ്പെട്ടിരുന്നു. ഈ പ്രമേയം മുന്‍പു സൂചിപ്പിച്ച നിലപാടിലെ ആഖ്യാനത്തിലൂടെ അപൂര്‍വമായൊരനുഭവമാക്കാന്‍ കാക്കനാടനു കഴിഞ്ഞു.

'സാക്ഷി'യുടെ ചരിത്രപരമായ പ്രാധാന്യവും മൂന്നു തരത്തിലുള്ള അതിന്റെ കലാപസ്വഭാവവും (1. കാല്‍പനികതയുടെ ജീര്‍ണഭാഷണത്തിനെതിരായ ഭാഷാതലത്തിലെ കലാപം 2. അക്രമത്തെ ഭാഷയിലും ദര്‍ശനബോധത്തിലും കലര്‍ത്തിയതിന്റെ കലാപം 3. കഥാപാത്രങ്ങളുടെയും വായനക്കാരുടെയും നേരെയുള്ള കലാപം) തിരിച്ചറിയുന്ന കെ. പി. അപ്പന്‍ പിന്തുടരുന്ന ആധുനിക ദര്‍ശന - ശില്‍പ വരേണ്യബോധം കൊണ്ടാണ് ഉഷ്‌ണമേഖല തുടങ്ങിയ കൃതികളെ പരിഗണിക്കാതിരുന്നത്. ഇതേ കാരണം കൊണ്ടുതന്നെയാണ് എണ്‍പതുകളില്‍ അദ്ദേഹമെഴുതിയ 'വേരുകള്‍ ഇല്ലാത്തവന്‍' എന്ന നോവലും പരിഗണിക്കപ്പെടാതിരുന്നത്.

ഉഷ്‌ണമേഖലയിലെ ശിവനെപ്പോലെ കുട്ടന്‍ എന്ന നായകകഥാപാത്രത്തിന്റെ വീക്ഷണത്തിലൂടെയാണ് ഈ നോവലിന്റെ ആഖ്യാനം. ഉഷ്‌ണമേഖലയില്‍ നിന്നു വ്യത്യസ്‌തനായി ഒരു കള്ളനോട്ടു കേസില്‍ ജയിലിലെത്തിയ കുട്ടന്‍ അച്‌ഛനില്ലാത്തവനാണ്. കാണുമ്പോഴെല്ലാം തന്നെ ശകാരിക്കുന്ന അമ്മയും മരിച്ചതോടെ അവന്‍ അനാഥനായി. പിന്നീട് ജയിലിലെത്തിയ അവന്‍ അവിടെ കുറ്റവാളികളും കഞ്ചാവുവലിക്കാരുമായ തടവുകാരില്‍ പുറംലോകത്തിനെക്കാള്‍ നന്മ കാണുന്നു. "പകല്‍ വെള്ളയുടുത്തു നടക്കുന്ന പല യോഗ്യന്മാരെയും കടുവയോട് താരതമ്യപ്പെടുത്താന്‍ താന്‍ ശ്രമിച്ചപ്പോഴൊക്കെ കാലനും ക്രൂരനുമായ കടുവ മനുഷ്യനെന്ന നിലയ്‌ക്ക് അനേകപടികള്‍ മുകളില്‍ നില്‍ക്കുന്നതായി കുട്ടന്‍ കണ്ടു'' (വേരുകള്‍ ഇല്ലാത്തവന്‍. പുറം 21)

പിന്നീട് ചായം പുരട്ടിയ നഗരത്തില്‍ സ്വതന്ത്രനായപ്പോള്‍ ജയിലിലായിരുന്നു ഭേദമെന്നവനു തോന്നി. "ഒരാള്‍ക്ക് മറ്റൊരാളെക്കൊണ്ട് ഒന്നും നേടാനില്ല. മറ്റൊരാളില്‍നിന്ന് ഒന്നും കവര്‍ന്നെടുക്കാനില്ല. അവര്‍ തുല്യദുഃഖിതരാണ്. തുല്യദരിദ്രരുമാണ്. അതുകൊണ്ടുതന്നെ അവരുടെ സ്‌നേഹബന്ധങ്ങള്‍ക്ക് ഉപാധികളുമില്ല.'' (പുറം 25-26).

ജയില്‍മോചിതനായ കുട്ടനെ ഒരു രാഷ്‌ട്രീയോപജീവി തിരിച്ചറിഞ്ഞു. അയാളെന്നാണ് ഇറങ്ങിയതെന്നും എന്നാണ് തിരിച്ചുപോകുന്നതെന്നും അയാള്‍ അന്വേഷിച്ചു. എങ്ങോട്ടാണെന്നു ചോദിച്ച് കുട്ടന്‍ കുപിതനായി. "വന്നടത്തേക്ക്'' എന്ന് അയാള്‍ പറഞ്ഞപ്പോള്‍ "വന്നതമ്മേടെ വയറ്റീന്നാ'' എന്നായിരുന്നു കുട്ടന്റെ മറുപടി. "അതും അതിന്റെ ചരിത്രോമറിയാമെന്ന് '' അയാള്‍ പറഞ്ഞപ്പോള്‍ കുട്ടന്‍ "എന്തറിയാമെടാ തെമ്മാടി'' എന്നു ചോദിച്ചു. തന്റെ അമ്മ പോലീസ് ഭീകരവാഴ്‌ചയുടെ ഇരയായിരുന്നുവെന്നും അങ്ങനെയാണ് താന്‍ പിറന്നതെന്നും കുട്ടനും അറിയാമായിരുന്നു.

ഈ സംഭാഷണം ശ്രദ്ധിച്ച ഒരു വിദ്യാര്‍ഥി വിപ്ളവപ്രവര്‍ത്തകനോടൊപ്പം അയാളുടെ താമസസ്ഥലത്തേക്കു പോകുന്ന കുട്ടന്‍ അവരുടെ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകുന്നു. അവരുടെ സംഘാംഗമായിരുന്ന ദുര്‍ഗയ്‌ക്ക് അയാളെ ഇഷ്‌ടമായിരുന്നു. ഒടുവില്‍ പോലീസുകാരുടെ ചോദ്യം ചെയ്യലിനിടയില്‍ അവളും പീഡിപ്പിക്കപ്പെട്ടു എന്നറിഞ്ഞ കുട്ടന്‍ അവളുടെ എതിര്‍പ്പു പരിഗണിക്കാതെ അവളെയും തന്റെ അമ്മയെയും നശിപ്പിച്ച അധികാരത്തിന്റെ കാവല്‍പട്ടികളിലൊരാളായ ഒരു പോലീസുദ്യോഗസ്ഥനെ കൊലപ്പെടുത്തുമ്പോഴാണ് നോവല്‍ അവസാനിക്കുന്നത്.

ആഖ്യാനകലയിലെ വഴിമാറിനടപ്പു മാത്രമല്ല താന്‍ സ്വീകരിക്കുന്ന പ്രമേയങ്ങളിലെയും അതിന്റെ പരിചരണത്തിലെയും വരേണ്യവിരുദ്ധ കലാപങ്ങള്‍ കൂടി പരിഗണിക്കുകയാണെങ്കില്‍ കാക്കനാടനെപ്പോലെയുള്ളവരുടെ പ്രസക്തി തിരിച്ചറിയാനാകും. എന്നാല്‍ ജീവിതത്തിലെന്നപോലെ സാഹിത്യത്തിലും ലക്ഷ്യബോധമുള്ള വരികള്‍ക്കിടയിലെ കോപ്പിയെഴുത്തും ലക്ഷ്യ - ലക്ഷണ സമന്വയവും അക്കാദമിക തലത്തിലെ അംഗീകൃതങ്ങളായ ആസ്ഥാനകലാപങ്ങളും തിരിച്ചറിവുകളെ ഏതാണ്ട് അസാധ്യമാക്കുന്നു. മാധ്യമഭീകരതകളുടെ ഗുപ്‌തതാല്‍പര്യങ്ങളും വിമര്‍ശനത്തിന്റെ വിടുപണികളും കൂടിയാകുമ്പോള്‍ നമ്മുടെ ദുരവസ്ഥ പൂര്‍ണമാകുന്നു. അറിവുകളുടെ വിതരണമെന്ന പരമ്പരാഗത ഗതിയല്ല, യഥാര്‍ഥ വിജ്ഞാനത്തിന്റെ ഉല്‍പാദനമാണ് ഇനി നടക്കേണ്ടത്. അതിനൊരു നിമിത്തമാകട്ടെ വാക്കിനെയും എഴുത്തിനെയും സമന്വയിപ്പിച്ച ജോര്‍ജ് വര്‍ഗീസ് കാക്കനാടന്‍.


*****


ഡോ:എസ്.എസ്. ശ്രീകുമാര്‍

കടപ്പാട് : ഗ്രന്ഥാലോകം ഒക്‌ടോബര്‍ 2010

അധിക വായനയ്‌ക്ക് :

1.
ദൈവം സ്നേഹിക്കുന്ന എഴുത്തുകാരന്‍ എം മുകുന്ദൻ
2. അക്രമാസക്തമായ രചന കെ.പി. അപ്പന്‍
3. കാക്കനാടന്റെ വരവ് പ്രസന്നരാജന്‍
4. കാക്കനാടന്റെ ആഖ്യാനകല ഡോ:എസ്.എസ്. ശ്രീകുമാര്‍
5. പൂര്‍ണതതേടിയുള്ള പ്രയാണം കാക്കനാടനുമായുള്ള അഭിമുഖം
6. റെനിഗേഡിന്റെ ഗതികേടുകള്‍ ഡോ. സി. ഉണ്ണികൃഷ്‌ണന്‍
7. അക്ഷരങ്ങളിലെ ഏഴാംമുദ്ര വി. ബി. സി. നായര്‍
8. രതിയുടെ ആനന്ദലഹരി ഡോ. ഇ. ബാനര്‍ജി
9. കാക്കനാടന്‍ സാക്ഷ്യപ്പെടുത്തുന്നത്... ഡോ. ആര്‍.എസ്. രാജീവ്
10. ശ്രീചക്രം കാക്കനാടന്‍
11. പത്മവ്യൂഹത്തിലെ അഭിമന്യു ഡോ. എ. അഷ്റഫ്
12. ആധുനികതയിലെ വ്യവസ്ഥാപിത ജീവിതം വിജു നായരങ്ങാടി
13. കൊല്ലം പഠിപ്പിച്ചത് കാക്കനാടന്‍
14.
കാക്കനാടന്‍ - ജീവിതരേഖ

പൂര്‍ണതതേടിയുള്ള പ്രയാണം

എന്റെ രചനകളെക്കുറിച്ച് ഞാന്‍ എപ്പോഴും ബോധവാനാണ്. സ്വയം വിമര്‍ശനം ഞാന്‍ തുടക്കംമുതലേ ചെയ്‌തിരുന്നു. കൌമാരപ്രായംമുതല്‍ക്ക് ഞാനെഴുതിത്തുടങ്ങി. ഞാന്‍ തന്നെ അവയൊക്കെ പിച്ചിച്ചീന്തി ചവറ്റുകൂടയില്‍ എറിയുകയും ചെയ്‌തു. അതുകൊണ്ട് എന്റെ കൃതികള്‍ ഏറെയൊന്നും പത്രമാഫീസുകളിലെ ചവറ്റു തൊട്ടികളില്‍ ഉണ്ടാവാനിടയില്ല.
എഴുത്തിന്റെ കാര്യത്തില്‍ ഞാനിന്നും ഒരു തുടക്കക്കാരനാണ്. എനിക്കിനിയും ഒരുപാടെഴുതാനുണ്ട്. എഴുതാനാഗ്രഹിച്ചതിന്റെ, മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന ആശയങ്ങളുടെ, വളരെ ചെറിയ ഒരംശം മാത്രമേ ഇതുവരെ പുറത്ത് പ്രകടിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുള്ളൂ. കാലമിനിയുമുള്ളതുകൊണ്ട് അതില്‍ കുറച്ചുകൂടി പുറത്തുകൊണ്ടുവരാമെന്ന് എനിക്ക് വിശ്വാസമുണ്ട്; മുഴുവനല്ലെങ്കിലും. വര്‍ഷങ്ങളായി മനനം ചെയ്‌ത ഒട്ടേറെ സംഗതികള്‍ ഉള്ളില്‍ നിറഞ്ഞുറഞ്ഞുതുള്ളിനില്‍ക്കുന്നു; പുറത്തേക്കുള്ള വഴിയും കാത്ത്.

എനിക്കെന്റെ രചനകളെ വിലയിരുത്താനാവില്ലെങ്കിലും ഞാന്‍ അവയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട്. ഓരോ രചനയ്‌ക്കും ശേഷം അതിനെക്കാള്‍ മെച്ചമാവണം അടുത്തത് എന്ന് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുകയും അതിനുവേണ്ടി നിര്‍ബന്ധപൂര്‍വം ശ്രമിക്കുകയും ചെയ്യാറുണ്ട്. അത് എത്രത്തോളം വിജയകരമായി എന്ന് തീര്‍പ്പ് കല്‍പിക്കാന്‍ ഞാനാളല്ല.
പിന്നെ എന്റെ രചനകള്‍ എനിക്ക് സംതൃപ്‌തി നല്‍കിയിട്ടുണ്ടോ എന്നാലോചിക്കുമ്പോള്‍ 'ഇല്ല' എന്നേ പറയാനാവൂ. സംതൃപ്‌തി പൂര്‍ണതയുമായി ബന്ധപ്പെട്ട ഒന്നല്ലേ? പൂര്‍ണത നേടുന്നവന്‍ ഈശ്വരനായിപ്പോവില്ലേ? നമ്മള്‍ പാവം മനുഷ്യര്‍ - പൂര്‍ണത തേടുന്നവര്‍ മാത്രമല്ലേ? പൂര്‍ണതയിലേക്കുള്ള ഒരിക്കലും സഫലമാകാത്ത പ്രയാണമാണ് ഒരു സര്‍ഗാത്മക കലാകാരന്റെ ജീവിതവും പ്രവൃത്തിയും എന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മുടെ യാത്ര ലക്ഷ്യത്തിലെത്തിയില്ലെന്നറിഞ്ഞുകൊണ്ടുതന്നെ, അദമ്യമായ ഇച്‌ഛാശക്തിയോടെ, ആത്മവിശ്വാസത്തോടെ, ചങ്കൂറ്റത്തോടെ നാം ഈ പാഴ്‌ശ്രമങ്ങളില്‍ മുഴുകിയേ തീരൂ.

എന്തെങ്കിലും നേടിയിട്ടുണ്ടോ ഇതുവരെ എന്നു ചോദിച്ചാല്‍ അവിടെയും സംഗതി കുഴപ്പമാണ്. വാല്‍മീകിയും വ്യാസനും തുടങ്ങി ഒട്ടേറെ മഹാരഥന്മാര്‍ നമുക്ക് മുന്‍പ് കൊളോസസ്സുകളെപ്പോലെ നടന്നു പോയില്ലേ? അവരുടെ പിന്നാലെ ഓടിയെത്താന്‍ അര്‍ഹതയില്ലാതെ ശ്രമിച്ച്, പാതയില്‍ ഇടറിവീഴുന്ന ഒരു പുഴുമാത്രമാണ് ഞാന്‍.

അസ്‌തിത്വദര്‍ശനം സായ്‌പിന്റെ വകയല്ല. എക്സിസ്‌റ്റന്‍ഷ്യലിസ്‌റ്റ് ചിന്താഗതി കീര്‍ഗെഗോറിനും മുന്‍പ് മനുഷ്യജീവിതത്തിലും അങ്ങനെ സാഹിത്യത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ദെക്കാര്‍ത്തെയുടെ പ്രശസ്‌തമായ Cogito ergo sum ( I think, therefore I am) എന്ന പ്രഖ്യാപനത്തിന് എത്രയോ നൂറ്റാണ്ടുകള്‍ക്ക് മുന്‍പാണ് വ്യാസമുനി ജീവിച്ചതെന്നോര്‍ക്കുക! മഹാഭാരതത്തിലെ കര്‍ണനിലും സോഫോക്ളീസിന്റെ ഈഡിപ്പസിലും ബൈബിളിലെ ക്രിസ്‌തു ഉള്‍പ്പെടെയുള്ള ഒട്ടേറെപേരിലും നാം കാണുന്നത് മറ്റെന്താണ്? പശ്ചാത്തലങ്ങളും പരിവേഷങ്ങളും മാറുന്നുവെന്നല്ലേ ഉള്ളൂ.

എന്റെ കൃതികളില്‍ ഈ ദര്‍ശനത്തിന്റെ അടിയൊഴുക്കുകള്‍ ഉണ്ടോ എന്നറിയില്ല. ഉണ്ടെങ്കില്‍ത്തന്നെ അത് സായ്പിന്റെ പുറന്തോലല്ല എന്ന് ഊന്നിപ്പറഞ്ഞുകൊള്ളട്ടെ. എന്റെയും കൂട്ടുകാരുടെയും എന്നല്ലേ ചോദ്യം? കൂട്ടുകാരുടെ കാര്യം അവര്‍ പറയട്ടെ. സാഹിത്യരചനയുടെയും ജീവിതവീക്ഷണത്തിന്റെയും കാര്യത്തില്‍ ഞാന്‍ മറ്റാരുടെയും പ്രതിനിധിയല്ല.

ഞാന്‍ ആരെയും വഴിപിഴപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല; നന്നാക്കാനും. ആരെയെങ്കിലും നന്നാക്കുകയോ വഷളാക്കുകയോ ചെയ്യുന്നത് എഴുത്തുകാരന്റെ പണിയല്ല. അയാളുടെ പണി എഴുതുക എന്നതാണ്. അത് മാത്രമാണ്. പിന്നെ അയാള്‍ ഈ സമൂഹത്തില്‍ ജീവിക്കുന്നതുകൊണ്ട്, ഈ ജീവിതത്തിന്റെ നന്മതിന്മകളും സുഖദുഃഖങ്ങളും അനുഭവിക്കുന്നതുകൊണ്ട് അവയോടുള്ള പ്രതികരണങ്ങള്‍ അയാളുടെ കൃതികളില്‍ ഉണ്ടാവാതിരിക്കില്ല. 'ബോള്‍ഷെവിക് വിപ്ളവത്തിന്റെ കണ്ണാടി' എന്നു വിളിക്കപ്പെടുന്ന ടോള്‍‌സ്റ്റോയിപോലും 'വാര്‍ ആന്‍ഡ് പീസ്', 'അന്നാകരനീന' തുടങ്ങിയ ക്ളാസിക്കുകള്‍ എഴുതുമ്പോള്‍ 1917-ലെ റഷ്യന്‍ വിപ്ളവം അദ്ദേഹത്തിന്റെ മനസ്സില്‍ ഉണ്ടായിരുന്നില്ലെന്നുവേണം കരുതാന്‍. സാര്‍ നിക്കോളാസ് രണ്ടാമന്റെ കാലത്തെ റഷ്യയുടെ ക്രൂരവും ദാരുണവും ബീഭല്‍സവും ദയനീയവും ആയ ചിത്രം ആ നല്ല മനുഷ്യന്റെ, ആ പ്രതിഭാശാലിയായ എഴുത്തുകാരന്റെ, അകത്തളത്തില്‍ ഏല്‍പിച്ച മുറിപ്പാടുകള്‍ അദ്ദേഹത്തിന്റെ രചനകളിലൂടെ പുറത്തു വന്നു എന്നു മാത്രം.
പിന്നെ, അരാജകവാദി. ഞാന്‍ അരാജകവാദിയാണെന്നു തോന്നുന്നില്ല. എന്നാലും ഒന്നു ചോദിച്ചോട്ടെ, ആരാണ് രാജാവ് ? ആരുടെ?

“..... While you live, Drink! - for, once dead, you never shall return."

എന്നുപാടിയ ഉമര്‍ഖയ്യാമിനെ ആള്‍ക്കാര്‍ എപ്പിക്യൂറിയന്‍ എന്നു വിളിക്കുന്നു. ഈ വരികളിലും റൂബായിയാത്തിന്റെ തുടര്‍ന്നുള്ള വരികളിലും നിഴലിക്കുന്നത് എപ്പിക്യൂറിയനിസമല്ല, മറിച്ച് മനുഷ്യാവസ്ഥയുടെ അനിശ്ചിതത്വത്തെയും നിരര്‍ഥകതയെയും കുറിച്ചുള്ള തീവ്രമായ ഉല്‍ക്കണ്ഠയും ഒരുതരം നിഹിലിസവുമാണ്. അത്തരം നിഹിലിസത്തിലേക്ക് ഞാന്‍ ഇന്നോളം വഴുതിവീണിട്ടില്ലെന്നാണ് എന്റെ ധാരണ. തികച്ചും ഭൌതികവാദിയായ ഒരാള്‍ക്കുമാത്രമേ നിഹിലിസത്തിന്റെയും അബ്‌സേര്‍ഡിറ്റിയുടെയും വക്താവാകാന്‍ കഴിയൂ.

'അജ്ഞതയുടെ താഴ്വര' എക്സിസ്‌റ്റന്‍ഷ്യലിസ്റ്റ്‌‌ നോവലാണോ? എനിക്കറിയില്ല. അതൊരു വ്യക്തിയുടെ അന്വേഷണമാണ്. മറ്റുള്ളവരിലൂടെ തന്നെയും തന്നിലൂടെ മറ്റുള്ളവരെയും കാണാന്‍ ശ്രമിക്കുന്ന ഒരു പച്ചമനുഷ്യന്റെ നിതാന്തമായ അന്വേഷണം. സ്വന്തം ശവക്കുഴിതോണ്ടുന്ന കെ.ടി. പിള്ളയും ആ ജോലി സ്വയം ഏറ്റെടുക്കുന്ന മനുവും അനുസ്യൂതമായി അര്‍ഥം തേടിനടക്കുന്ന അപൂര്‍ണമനുഷ്യന്റെ പ്രതിനിധികള്‍തന്നെ. അന്വേഷണത്തിന്റെ പാത അനന്തമായി നീളുന്നു. ഈ ചിന്താഗതി എക്‌സിസ്‌റ്റന്‍ഷ്യലിസവുമായി ബന്ധപ്പെട്ടതാണെന്ന് എനിക്ക് തോന്നുന്നില്ല. ഈ ഒറ്റപ്പെട്ട മനുഷ്യന്റെ അന്വേഷണത്വര നമ്മിലൊക്കെയില്ലേ? എന്നിലും അക്‌ബറിലും പോലും.

ഒറ്റപ്പെട്ടവന്റെ പ്രശ്‌നം പണ്ടുപണ്ടുമുതല്‍ക്കേ മനുഷ്യപ്രശ്‌നമായിരുന്നു. സമൂഹവുമായി ഇണങ്ങിയും പിണങ്ങിയും ജീവിക്കുന്ന വ്യക്തി മനുഷ്യന്റെ പ്രശ്‌നം. ഈ പ്രശ്‌നം മലയാളത്തിലെ എഴുത്തുകാരും കൈകാര്യം ചെയ്‌തിട്ടുണ്ട്. അതിനു കാരണം വൈദേശിക സാഹിത്യത്തിന്റെ സ്വാധീനമല്ല. മറിച്ച്, ഇവിടത്തെ ചെറുപ്പക്കാരന്റെ - പ്രത്യേകിച്ച് 1947-ന് ശേഷമുള്ള ഭാരതത്തിലെ ചെറുപ്പക്കാരന്റെ - പ്രശ്‌നങ്ങള്‍ക്കു നേരെ നമ്മുടെ എഴുത്തുകാരിലുണ്ടായ പ്രതികരണത്തിന്റെ പ്രതിഫലനങ്ങളാണ് ഇത്തരം കൃതികളുടെയും ഇത്തരം കഥാപാത്രങ്ങളുടെയും സൃഷ്‌ടിക്ക് വഴിയൊരുക്കിയത്. ഈ വസ്‌തുത മനസ്സിലാക്കാത്തവരാണ് പുതിയ എഴുത്തുകാരെ തള്ളിപ്പറയുന്നത്.

എന്റെ നോവലുകളില്‍ ആദ്യമായി വെളിച്ചം കണ്ട 'സാക്ഷി'യുടെ തുടക്കത്തില്‍ ബെര്‍നാഡ്‌ഷായുടെ 'ജോണ്‍ബുള്‍സ് അദര്‍ ഐലന്റ് ' എന്ന നാടകത്തില്‍ നിന്നു രണ്ട് വരി ഉദ്ധരിച്ചിട്ടുണ്ടല്ലോ. ഒരു കഥാപാത്രം മറ്റൊരു കഥാപാത്രത്തോടു ചോദിക്കുന്നു.

“Do you belong to this world, then?

അപരന്റെ മറുപടി:

(from the bottom of his hearts)

“No.”

ഈ നോണ്‍ബിലോങിങിന്റെ പ്രശ്‌നം സായ്‌പിന്റെതാണെന്ന് ധരിക്കരുത്. ഇവിടെ മഹാനഗരങ്ങളില്‍ മാത്രമല്ല, ചെറുകിട പട്ടണങ്ങളില്‍പോലും സങ്കീര്‍ണമായ ജീവിതസമസ്യകള്‍ക്ക് ഉത്തരം കാണാനാവാതെ, അവയില്‍ സ്വന്തം പ്രസക്തിയും ഉണ്‍മയും വ്യക്തിത്വവും നഷ്‌ടപ്പെടുന്ന, അതിനെക്കുറിച്ച് ബോധവാന്മാരായ, ഒട്ടേറെ ചെറുപ്പക്കാരെ നാം കണ്ടുമുട്ടുന്നു. ഐഡന്റിറ്റി നഷ്‌ടപ്പെടുന്ന മനുഷ്യനെക്കുറിച്ച് ഫ്രാന്‍സ് കാഫ്‌ക എഴുതിയതുകൊണ്ട് (മെറ്റമോര്‍ഫോസിസ്)മറ്റാരും കൈവച്ചുകൂടെ ആ വിഷയത്തില്‍? കാഫ്‌കയെയല്ല ആരെയായാലും അനുകരിക്കുന്നത് തെറ്റ്. പക്ഷേ, ഒരാള്‍ എഴുതിപ്പോയതുകൊണ്ട് ആ വിഷയം മറ്റാരും തൊടരുതെന്നു പറയുന്നത് അതിലും വലിയ തെറ്റ്. അങ്ങനെയെങ്കില്‍ ലൈലാമജ്‌നുവിനും റോമിയോ ആന്‍ഡ് ജൂലിയറ്റിനും ശേഷം ലോകത്ത് പ്രേമകഥകള്‍ ഉണ്ടാവാന്‍ പാടില്ലല്ലോ.
അത്തരം തര്‍ക്കങ്ങള്‍ മറക്കുക. അവനവനു തോന്നുന്നതെഴുതുക. അത് ആത്മാര്‍ഥമായി ചെയ്യുക. ഇതാണെന്റെ വിശ്വാസപ്രമാണം. അക്‌ബറോടെനിക്ക് പറയാനുള്ളതും ഇതാണ്. നമ്മുടെ രചനകള്‍ നന്നെങ്കില്‍, അവയില്‍ മഹത്വത്തിന്റെ ഒരംശമെങ്കിലും ഉണ്ടെങ്കില്‍, ആരെത്ര താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചാലും അവ കാലത്തെ അതിജീവിക്കും. അതില്ലാത്ത കൃതികള്‍, ആരെത്ര ഊതിപ്പെരുപ്പിച്ചാലും, നിമിഷങ്ങള്‍ക്കുള്ളില്‍ നീര്‍ക്കുമിളകള്‍ മാതിരി പൊട്ടിച്ചിതറി വീഴും. ഏതായാലും ഒന്നുറപ്പിച്ചുപറയാം, നിലവിലുള്ള ഏതെങ്കിലും ഒരു ചിന്താധാര അവതരിപ്പിക്കാനോ പ്രചരിപ്പിക്കാനോ വേണ്ടിയല്ല ഞാന്‍ 'അജ്ഞതയുടെ താഴ്വര' എഴുതിയത്.

പേരിന്റെ സാമ്യം നോക്കി, അല്ലെങ്കില്‍ ഒരു വാക്കിന്റെയോ വാക്യത്തിന്റെയോ സാദൃശ്യം നോക്കി 'വസൂരി' 'പ്ളേഗ്' ആണെന്നും 'സാക്ഷി' 'ഔട്ട്സൈഡറാ'ണെന്നും ഒക്കെ വിവരമില്ലാത്തവര്‍ പറയും. അവര്‍ മറുപടി അര്‍ഹിക്കുന്നില്ല. കാരണം, അവര്‍ വായിക്കാതെ അഭിപ്രായം പറയുന്നവരാണെന്നതുതന്നെ.

എന്റെ രചനകളില്‍ പലരുടെയും പലതിന്റെയും സ്വാധീനമുണ്ട്. ഓരോ ദിവസവും ഓരോ നിമിഷവും കഴിയുംതോറും മനുഷ്യന്റെ അനുഭവമേഖലയുടെ ചക്രവാളങ്ങള്‍ കൂടുതല്‍ കൂടുതല്‍ വികസ്വരമാവുന്നു. അവന്റെ ആര്‍ജിത സംസ്‌കാരം വളരുന്നു. അവന്റെ കാഴ്‌ചപ്പാടില്‍ പരിണാമവും പരിവര്‍ത്തനവും സംഭവിക്കുന്നു. ആ മാറ്റങ്ങള്‍ ഒരു സൃഷ്‌ട്യുന്മുഖ കലാകാരന്റെ രചനകളെ സ്വാധീനിക്കുന്നു. അത്രതന്നെ.

പിന്നെ, എന്താണീ വൈദേശികം? സംസ്‌കാരം (എന്നൊന്നുണ്ടെങ്കില്‍) മാനവരാശിയുടെ പൊതുസ്വത്തല്ലേ?

(അക്‌ബര്‍ കക്കട്ടിലിന്റെ 'സര്‍ഗസമീക്ഷ' പുസ്‌തകത്തില്‍നിന്ന്. കാക്കനാടനുമായുള്ള അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍)

കടപ്പാട് : ഗ്രന്ഥാലോകം ഒക്‌ടോബര്‍ 2010

അധിക വായനയ്‌ക്ക് :

1.
ദൈവം സ്നേഹിക്കുന്ന എഴുത്തുകാരന്‍ എം മുകുന്ദൻ
2. അക്രമാസക്തമായ രചന കെ.പി. അപ്പന്‍
3. കാക്കനാടന്റെ വരവ് പ്രസന്നരാജന്‍
4. കാക്കനാടന്റെ ആഖ്യാനകല ഡോ:എസ്.എസ്. ശ്രീകുമാര്‍
5. പൂര്‍ണതതേടിയുള്ള പ്രയാണം കാക്കനാടനുമായുള്ള അഭിമുഖം
6. റെനിഗേഡിന്റെ ഗതികേടുകള്‍ ഡോ. സി. ഉണ്ണികൃഷ്‌ണന്‍
7. അക്ഷരങ്ങളിലെ ഏഴാംമുദ്ര വി. ബി. സി. നായര്‍
8. രതിയുടെ ആനന്ദലഹരി ഡോ. ഇ. ബാനര്‍ജി
9. കാക്കനാടന്‍ സാക്ഷ്യപ്പെടുത്തുന്നത്... ഡോ. ആര്‍.എസ്. രാജീവ്
10. ശ്രീചക്രം കാക്കനാടന്‍
11. പത്മവ്യൂഹത്തിലെ അഭിമന്യു ഡോ. എ. അഷ്റഫ്
12. ആധുനികതയിലെ വ്യവസ്ഥാപിത ജീവിതം വിജു നായരങ്ങാടി
13. കൊല്ലം പഠിപ്പിച്ചത് കാക്കനാടന്‍
14.
കാക്കനാടന്‍ - ജീവിതരേഖ

അക്ഷരങ്ങളിലെ ഏഴാംമുദ്ര

മലയാളകഥാരംഗത്തെ ഒറ്റപ്പെട്ട ചൈതന്യമാണ് കാക്കനാടന്‍. അക്ഷരങ്ങളിലാവാഹിച്ച തീയാളുന്ന സമസ്യകളുമായാണ് മലയാളസാഹിത്യരംഗത്തേക്ക് കാക്കനാടന്‍ കടന്നുവന്നത്. കഴിഞ്ഞ രണ്ടുദശാബ്‌ദക്കാലമായി ശ്രദ്ധേയമായ ഒരു കൃതിയും രചിക്കാത്ത എഴുത്തുകാരനാണ് ഈ പ്രതിഭാധനന്‍. എന്നിട്ടും നിരന്തരം കഥാരചനകള്‍ നടത്തുന്നവരെക്കാളധികം ആസ്വാദകശ്രദ്ധ ഈ കഥാകാരന്‍ നേടിയെടുത്തിരിക്കുന്നു. താന്‍ സൃഷ്‌ടിച്ച ആ തീവ്രസമസ്യകളുടെ പ്രകാശത്തിലാണ് ഇപ്പോഴും ജീവിക്കുന്നത്. മലയാളസാഹിത്യം നാളിതുവരെ അനുഭവിച്ചിട്ടില്ലാത്ത പുതിയ സൌന്ദര്യതലങ്ങളും അസ്വസ്ഥതകളും, അതുല്യാനുഭൂതിപകരുന്ന ധിക്കാരനിഷേധങ്ങളില്‍ അലിഞ്ഞുചേരുന്ന ദാര്‍ശനികമാനങ്ങളും കാക്കനാടനിലൂടെ മലയാളവായനക്കാര്‍ ആദ്യമായി അനുഭവിക്കുകയായിരുന്നു. മനുഷ്യജീവിതത്തിലെ ഉത്തരം കിട്ടാത്ത അസ്‌തിത്വസങ്കീര്‍ണതകളെ സാഹിത്യരചനയ്‌ക്ക് വിഷയമാക്കുകയും അത് ആളിപ്പടര്‍ത്താന്‍ സഹായിക്കുകയും ചെയ്‌ത എഴുത്തുകാരില്‍ കാക്കനാടനുള്ള പങ്ക് ചെറുതല്ല. പക്ഷേ ആധുനികം, അത്യന്താധുനികം എന്നീ പ്രയോഗങ്ങളെ കാക്കനാടന്‍ അംഗീകരിക്കുന്നില്ല. അദ്ദേഹം പറയുന്നു "അത്യന്താധുനികത കൊണ്ടുവന്നവരില്‍ ഒരാള്‍ ഞാനാണെന്നു കരുതുന്നില്ല. ആ വാക്കിനര്‍ഥം എന്തെന്ന് എനിക്കു മനസ്സിലാകുന്നില്ല. എന്റെ മനസ്സിന്റെ, ആത്മാവിന്റെ, അറിവിന്റെ, അറിവില്ലായ്‌മയുടെ കത്തിപ്പടരല്‍ ഞാന്‍ എഴുതിവച്ചു. അതിനെ എന്തു പേരിട്ടു വിളിക്കണമെന്ന് എനിക്കറിയില്ല. അറിയാന്‍ അശേഷം താല്‍പര്യവുമില്ല. ആസ്വാദകര്‍ക്ക് അത് എങ്ങനെയും വ്യാഖ്യാനിക്കാം.''

ജീവിതത്തിന്റെ സമസ്‌തതലങ്ങളെയും തലോടിക്കൊണ്ടും ഒപ്പം കുതറിയും ചിതറിയും, നിരന്തരം ചോദ്യങ്ങളുയര്‍ത്തിയും കാക്കനാടന്റെ കഥാപാത്രങ്ങള്‍ നിഷേധികളും അന്യരുമായി ജീവിക്കുന്നു. മലയാളസാഹിത്യരംഗത്തെ പ്രതിഭാശാലികളില്‍ കാക്കനാടനു മാത്രമേ താന്‍ സൃഷ്‌ടിച്ച കഥാപാത്രങ്ങളിലൂടെ സമ്പന്നവും സംതൃപ്‌തവുമായ ഒരു ജീവിതം ലഭിച്ചിട്ടുള്ളൂ. എഴുപതുകളിലെ കാക്കനാടനും ഇന്നത്തെ കാക്കനാടനും തമ്മില്‍ അതിശയിപ്പിക്കുന്ന അന്തരങ്ങളുണ്ട്. ആ അന്തരങ്ങളെക്കുറിച്ച് കാക്കനാടന്‍ പറയുന്നു: "ഒരു ക്രിസ്‌ത്യന്‍ മിഷണറിയുടെ മകനാണ് ഞാന്‍. യാഥാസ്ഥിതികമായ സഭയ്‌ക്കെതിരെ പിതാവ് റിവോള്‍ട്ട് ചെയ്‌തിരുന്നു. ആ റിവോള്‍ട്ടിന്റെ ഒരംശം എന്നിലുണ്ട്. അധികാരത്തോടും എസ്‌റ്റാബ്ളിഷ്‌മെന്റിനോടും കലഹിക്കാന്‍ അതിപ്പോഴും എന്റെ മനസ്സിലുണ്ട്. അത് ഒരിക്കലും മാറുകയില്ല.'' ഈ കലഹമനോഭാവത്തിന് 'സാക്ഷി' എന്ന നോവലാണ് വഴിത്തിരിവായത്. ഹൃദയഭിത്തികളെ തകര്‍ത്ത കലാപം ഭാഷയിലും അതുപോലെ പ്രകടമായി. സൌന്ദര്യഭാവമല്ല ശക്തിസാന്നിധ്യമാണ് രചനയില്‍ വേണ്ടതെന്ന് കാക്കനാടന്‍ വിശ്വസിച്ചു. സുകുമാരപദനിര കാക്കനാടന്റെ രചനകളില്‍ കാണാത്തത് അതുകൊണ്ടാണ്. കൈയില്‍കിട്ടിയതൊക്കെ വീഞ്ഞാക്കികൊണ്ടുനടന്നകാലത്ത് കാക്കനാടന്‍ തന്റെ രചനകളില്‍ പകര്‍ത്തിയത് വീഞ്ഞിന്റെ മധുരമോ ലഹരിയോ അല്ല. തന്റെ പ്രഖ്യാതരചനകളില്‍ അതിനായി സൃഷ്‌ടിച്ച മാന്ത്രികഭാഷയുടെ തീവ്രമാനങ്ങളില്‍ സ്വയം ഉരുകി ബലിദാനം നടത്തുകയായിരുന്നു. കാക്കനാടന്‍ എക്കാലത്തേക്കുമുള്ള ഏറ്റവും വലിയ എഴുത്തുകാരില്‍ ഒരാളാണ് എന്ന് മുന്‍വരികളില്‍നിന്ന് വായനക്കാര്‍ കണ്ടെത്തുകയില്ലെന്ന് ഞാന്‍ കരുതുന്നു. ഒരെഴുത്തുകാരന്റെ കണ്‍വിക്ഷന്‍ മാത്രമാണ് തന്റെ രചനകള്‍ക്ക് പിന്നിലുണ്ടാവേണ്ടത് എന്ന സത്യം മറ്റെഴുത്തുകാരെക്കാള്‍ കൂടുതല്‍ നമ്മെ ബോധ്യപ്പെടുത്തുന്ന എഴുത്തുകാരനാണ് കാക്കനാടന്‍.

'ഏഴാം മുദ്ര' മലയാളവായനക്കാരെ അമ്പരപ്പിന്റെ അത്യതിശയം നിറഞ്ഞ താഴ്വാരത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ കൃതിയാണ്. ബൈബിളിന്റെയും ഹിന്ദുപുരാണങ്ങളുടെയും ആത്മാവിനെ തൊട്ടറിയാന്‍ ഭാഗ്യമുണ്ടായതാണ് ഏഴാം മുദ്രയുടെ രചനയ്‌ക്ക് സഹായകമായത്. പാപങ്ങള്‍ കൊണ്ട് ലോകം നിറഞ്ഞുകവിയുമ്പോള്‍ പ്രളയത്തെ സ്വീകരിക്കാതെ വയ്യ. ഹിന്ദു, ക്രിസ്‌ത്യന്‍ പ്രമാണഗ്രന്ഥങ്ങളില്‍ അതാവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. ഒരു യുഗത്തിന്റെ അന്ത്യം പ്രളയം മുതലാണെന്ന് കാക്കനാടന്‍ ദൃഢമായി വിശ്വസിക്കുന്നു. പ്രളയത്തില്‍ ഭൂമി മുങ്ങിപ്പോകുമ്പോള്‍ വരാഹം അവതരിച്ച് അതിനെ വീണ്ടെടുക്കുമെന്ന ഹിന്ദുപുരാണവിശ്വാസത്തില്‍ നിന്നാണ് 'ഏഴാം മുദ്ര' ശക്തിനേടുന്നത്. എങ്കിലും ഒരു വിശ്വാസത്തെയും സംരക്ഷിക്കാന്‍ കാക്കനാടന്‍ തയ്യാറാകുന്നില്ല. ഹിന്ദുപുരാണങ്ങള്‍ ഹൃദിസ്ഥമാക്കാന്‍ തന്നെ സഹായിച്ചത് പിതാവാണെന്ന് അദ്ദേഹം പറയുന്നു. ബൈബിളിനോടൊപ്പം മഹാഭാരതവും രാമായണവും ഖുറാനും ഗ്രീക്ക് പുരാണങ്ങളും വായിച്ച് ഹൃദിസ്ഥമാക്കിയശേഷം അത് മക്കളെകൊണ്ട് വായിപ്പിക്കുകയും ഒന്നിച്ചിരുന്ന് ചര്‍ച്ചചെയ്യുകയുമായിരുന്നു കാക്കനാടന്റെ പിതാവ് ഉപദേശിയായിരുന്ന ജോര്‍ജ് കാക്കനാടന്‍ ചെയ്‌തിരുന്നത്. ഭഗവത്ഗീതയിലെ ഒരു പദ്യം തെറ്റിച്ചതിന് പിതാവില്‍നിന്ന് തല്ലുവാങ്ങിയ നിമിഷം കാക്കനാടന്‍ ഇന്നും ഓര്‍ക്കുന്നു. സമ്പന്നമായ ഒരോര്‍മയായി കാക്കനാടന്‍ അത് മനസ്സില്‍ സൂക്ഷിക്കുകയും ചെയ്യുന്നു. 'ശ്രീചക്രം' പോലുള്ള കഥകളെഴുതാന്‍ ആ പിതാവിന്റെ ശിക്ഷണവിധികള്‍ കാക്കനാടനെ സഹായിച്ചത് ചെറുതായിട്ടല്ല. ഒരുപദേശിയുടെ വേഷം ധരിച്ചുവെങ്കിലും സര്‍വമതങ്ങളേയും ഉള്‍ക്കൊള്ളാനുള്ള വിശാലമായ മനസ്സ് അദ്ദേഹത്തിനുണ്ടായിരുന്നു. ആ മനസ്സിന്റെ സമ്പന്നത അദ്ദേഹത്തിന്റെ മക്കള്‍ പങ്കിട്ടെടുത്തു.

'ഏഴാം മുദ്ര'യുടെ ആത്മാവില്‍ പുണ്യപാപങ്ങളെ ഒരേ തുലാസിലിട്ടാണ് കാക്കനാടന്‍ തൂക്കുന്നത്. ഭക്തരും പാപികളും ഒരേ പാതയിലാണെന്നു ദൈവത്തെപ്പോലെ കാക്കനാടനും കരുതുന്നു. എല്ലാ വിശ്വാസങ്ങളും നഷ്‌ടപ്പെടുന്ന ഇക്കാലത്ത് 'ഏഴാം മുദ്ര'യുടെ പ്രാധാന്യം വര്‍ധിക്കുകയാണ്. ന്യായവിധി ദിവസം അടുത്തിരിക്കുന്നു. കര്‍ത്താവ് എഴുന്നള്ളിവരുമ്പോള്‍ ദൂതന്മാര്‍ ജീവന്റെ പുസ്‌തകം അവന്റെ മുന്നില്‍ സ്ഥാപിക്കും. ഏഴു മുദ്രകളിട്ട പുസ്‌തകം. ഈ മുദ്രകള്‍ പൊട്ടിക്കാന്‍ കരുത്തുള്ളവന്‍ ആര് എന്ന ചോദ്യമുയരും. കാല്‍വരിയില്‍ ബലിയായി അറുക്കപ്പെട്ട കുഞ്ഞാട് മാത്രമാണ് കരുത്തനായുള്ളത്. അവന്‍ മുദ്രകള്‍ പൊട്ടിക്കും. ഓരോ മുദ്രയും പൊട്ടിക്കുമ്പോള്‍ ഓരോ ഭീകരമായ സംഭവവികാസങ്ങള്‍ ഉണ്ടാകും. വെളിപാടില്‍ പറഞ്ഞിരിക്കുന്നതുപോലെ അതൊക്കെ പ്രതീകങ്ങളാണ്. ആ പ്രതീകങ്ങളുടെ അര്‍ഥം നാം കണ്ടുപിടിക്കണം. പാപികളുടെ ശക്തികള്‍ മുഴുവന്‍ സടകുടഞ്ഞെണീക്കും. സാത്താന്റെ സൈന്യം പടയൊരുക്കും. എങ്കിലോ കര്‍ത്താവിന്റെ കോപം അവരുടെ മേല്‍ പതിക്കും. അവര്‍ക്ക് ഹാ, കഷ്‌ടം. ഇത് ബൈബിള്‍ വചനങ്ങള്‍. കാക്കനാടന്‍ തന്റെ 'ഏഴാം മുദ്ര' എന്ന നോവല്‍~അവസാനിപ്പിക്കുന്നത് എല്ലാ പരിശുദ്ധവിശ്വാസങ്ങള്‍ക്കും മരണവിധി നല്‍കിക്കൊണ്ടാണ്. "മഴ ഒതുങ്ങിയപ്പോള്‍, വെള്ളമിറങ്ങിയപ്പോള്‍, നിറഞ്ഞ നദി കരകളെ ഭീഷണിപ്പെടുത്തിക്കൊണ്ട്, കല്ലുകളെ തട്ടിയുരുട്ടിക്കൊണ്ട്, പ്രവാചകനെ തിരഞ്ഞുകൊണ്ട് വീണ്ടുമൊഴുകി. അവളുടെ തീരങ്ങളില്‍ മണ്ണും മനുഷ്യരും ചത്തുകിടന്നു. ചത്ത മണ്ണിനു നടുവിലൂടെ കലക്കവെള്ളവുമായി നദി ഒഴുകിക്കൊണ്ടിരുന്നു. കാറ്റ് നദിയെ പുണര്‍ന്നു. കാറ്റ് നദിയോട് ചോദിച്ചു "എവിടെ പ്രവാചകന്‍? എവിടെ വാഗ്ദത്തഭൂമി?'' നദി അവിശ്വാസത്തോടെ പുച്ഛത്തോടെ നിശബ്‌ദമായി ഒഴുകിക്കൊണ്ടിരുന്നു, പടിഞ്ഞാറ് കായലിലേക്ക്. കാലവും കാറ്റും അവളോടൊപ്പമൊഴുകി.

'ഉഷ്ണമേഖല'യെഴുതിയത് ചോരയുടെ ചൂടില്‍ നിന്നാണ്. ആ നോവല്‍ പുറത്തുവന്നപ്പോള്‍ കാക്കനാടന്‍ സി. ഐ. എയുടെ ഏജന്റാണെന്ന് ദേശാഭിമാനിയില്‍ ഒരു കമ്യൂണിസ്‌റ്റുകാരനെഴുതി. പക്ഷേ ഇ. എം.എസും. സി. അച്യുതമേനോനും അതിനെ വാഴ്ത്തി പറഞ്ഞത് അതിശയമായി. മക്കള്‍ക്ക് അരവയര്‍ ചോറൂട്ടി ബാക്കിയെല്ലാം കമ്യൂണിസ്‌റ്റുകാര്‍ക്കായി നീക്കിവയ്‌ക്കുന്ന കാക്കനാടന്റെ അമ്മ. ഒരുദിവസം കാക്കനാടന്റെ അമ്മ ഒളിവില്‍ കഴിയുന്ന കമ്യൂണിസ്റുകാരെ കാത്തിരിക്കുമ്പോഴാണ് പട്ടാഴി കേശവന്‍നായര്‍ ചോരക്കറപുരണ്ട വലിയൊരു കത്തിയുമായി മുറ്റത്തുവന്നുവീഴുന്നത്. ഒരു പോലീസുകാരനെ കുത്തിയിട്ടാണ് കേശവന്‍നായര്‍ വരുന്നത്. "എന്താടാ കേശവാ'' കാക്കനാടന്റെ അമ്മ ചോദിച്ചു. കാക്കനാടന്‍ തീവ്രതയോടെ പറയുന്നു. "കേശവന്‍നായര്‍ അന്നെന്റെ ദൈവമായിരുന്നു.'' മാക്സിം ഗോര്‍ക്കിയുടെ പവേലായിരുന്നു കാക്കനാടന് കേശവന്‍നായര്‍.

മനുഷ്യജീവിതത്തിന്റെ ഉഷ്ണമേഖലകളില്‍ വേട്ടയാടിത്തിമിര്‍ത്ത് നാളെയുടെ കുരുന്നുകളുടെ മനസ്സുകളിലേക്ക് ഇനിയെന്ത് എന്ന ചോദ്യമുയര്‍ത്തിയ കാക്കനാടന്റെ അവസാനകാല കൃതികള്‍ക്ക് എന്തുപറ്റി? 'അടിയറവി'ന് കാക്കനാടന്‍ സമ്മതിക്കില്ല. കഴിഞ്ഞ രണ്ടുദശാബ്‌ദക്കാലം ശ്രദ്ധേയമായ ഒരു രചനയും സംഭാവനചെയ്യാത്ത കാക്കനാടനില്‍നിന്ന് ഇനി നാം എന്തെങ്കിലും പ്രതീക്ഷിക്കണമോ? കഴിഞ്ഞ രണ്ട് ദശാബ്‌ദക്കാലത്തിനിടയില്‍ കാക്കനാടന്റേതായി നമുക്ക് കിട്ടിയത് 'കമ്പോള'മാണ്. കാക്കനാടന്‍ എന്ന ശക്തനായ എഴുത്തുകാരന്റെ പ്രതിഭയുടെ ശക്തിചൈതന്യം അതിലുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഈ അഭിപ്രായത്തോട് കാക്കനാടന്‍ എന്നോട് തീര്‍ച്ചയായും യോജിക്കില്ല. എങ്കിലും വിയോജിക്കില്ല എന്ന് തീര്‍ത്തും കരുതുന്നു.

"അമൃതിന്റെ പ്രവാഹം നിറുത്താന്‍വേണ്ടി പത്മാസനത്തിലിരുന്ന് ഗുദം ഉറപ്പിച്ച്, വായുവിനെ മുകളിലേക്ക് കുംഭകം ചെയ്‌ത് ഞാന്‍ തപസ്സ് ചെയ്‌തു. നിന്തിരുവടിയെ പഷ്ണിക്കിടാന്‍. അങ്ങനെ നിന്നെ സുഷുമ്നയിലൂടെ മുകളിലേക്ക് ആവാഹിച്ചു. സഹസ്രദളകമലകേന്ദ്രത്തില്‍ സ്ഥിതിചെയ്യുന്ന പ്രാണനുമായി ഇണചേരാന്‍ ഹിമഗിരികന്യേ ഞാന്‍ കൊതിച്ചു. ആ ഇണചേരലിലൂടെ എനിക്ക് ബുദ്ധിപരമായ പരിണാമം സംഭവിക്കുമെന്ന്, ഞാന്‍ ജ്ഞാനിയാകുമെന്ന്, നിന്റെ ചക്രരഹസ്യം എനിക്ക് കരഗതമാകുമെന്ന് ഞാന്‍ ആഗ്രഹിച്ചു. മഴയത്ത്, വെയിലത്ത്, തണുപ്പത്ത്, ഇരുട്ടത്ത് ഉടുതുണിയില്ലാതെ വിറയ്‌ക്കുന്ന ശരീരത്തെ മറന്ന്, എനിക്ക് ചുറ്റിലും കിടന്ന് കിടുങ്ങിയ പ്രപഞ്ചത്തെ മറന്ന്, ആഗ്രഹനിവര്‍ത്തിക്കായി നിന്റെ രൂപം കാണാന്‍ ശ്രമിച്ച് ജഗദംബികേ അടിയന്‍ ധ്യാനലീനനായിരുന്നു. എട്ടു രസങ്ങളുടെ നിറങ്ങള്‍ എന്റെ ഉള്‍ക്കണ്ണിനുമുന്നില്‍ നിഴലാട്ടം നടത്തി. സത്വത്തിന്റെ, രജസിന്റെ, തമസിന്റെ വര്‍ണങ്ങള്‍ എന്റെ മുന്നില്‍ അതിരുദ്രം ചുറ്റിത്തിരിഞ്ഞും ശോണനദവും ഗംഗയും യമുനയും എന്നെ ചുറ്റിയൊഴുകി.'' കാക്കനാടന്റെ വിഖ്യാതമായ 'ശ്രീചക്രം' എന്ന കഥയില്‍നിന്നടര്‍ത്തിയെടുത്ത രക്ത ശുക്ള ധ്യാനപ്രവാഹങ്ങള്‍ നിറഞ്ഞ ഭാഗമാണിത്.

ഈ കഥയുടെ ആത്മാവുമായി തനിക്ക് അതിനേരിയബന്ധമേയുള്ളൂവെന്ന് കാക്കനാടന്‍ സമ്മതിക്കുന്നു. 'സൌന്ദര്യലഹരിയും' 'ശ്രീചക്രവും' വായിച്ചുകഴിഞ്ഞപ്പോഴുണ്ടായ ആത്മീയചിന്താതലങ്ങളിലെ പുനര്‍ജന്മമാണ് 'ശ്രീചക്രം' എന്ന കഥയെഴുതാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. 'ശ്രീചക്രം' എന്ന കഥയിലെ ഭാഷ തന്റേതല്ലെന്ന് കാക്കനാടന്‍ ആവര്‍ത്തിച്ചുപറഞ്ഞിട്ടുണ്ട്. ശങ്കരാചാര്യരുടെ 'സൌന്ദര്യലഹരി'യിലെ ഭാഷ അതുപോലെ ഉപയോഗിക്കുകയായിരുന്നു. ഞാന്‍ ചോദിച്ചു "സര്‍വതും ശങ്കരാചാര്യരുടേതെന്ന് താങ്കള്‍ സമ്മതിക്കുന്നു. അപ്പോള്‍ ഈ കഥയില്‍ താങ്കളുടെ സംഭാവനയെന്താണ്?'' ഒരു നിമിഷംപോലും ആലോചിക്കാതെ കാക്കനാടന്‍ മറുപടി നല്‍കി. "ശ്രീചക്രം എന്ന കഥയിലെ സര്‍വതും ശ്രീശങ്കരാചാര്യരുടേതാണെന്ന് ഞാന്‍ പൂര്‍ണമായി സമ്മതിക്കുന്നു. പക്ഷേ എവിടെയും ഏകാന്തത സൃഷ്‌ടിക്കാതെ, വായനക്കാരന്റെ നിശബ്‌ദതയെ വായനാവേളയില്‍ കൊടുങ്കാറ്റും പേമാരിയുമാക്കി മാറ്റാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ശ്രീശങ്കരാചാര്യരുടെ ശ്രീചക്രത്തിന് ഞാനും തുല്യാവകാശിയായത്.''

ഒറോത, 99ലെ വെള്ളപ്പൊക്കത്തിലെ മലവെള്ളപ്പാച്ചിലില്‍ ഒരു വീടിനുള്ളിലെ തൊട്ടിലില്‍ കിടന്നുകൊണ്ടാണ് മീനച്ചിലാറിലൂടെ ഒഴുകിവന്നത്. കാക്കനാടന്റെ അമ്മ ഈ അത്യതിശയദൃശ്യത്തിന് സാക്ഷിയായിരുന്നു. ആ അമ്മയാണ് 'ഒറോത'യുടെ യഥാര്‍ഥ അവകാശി. കാക്കനാടന്റെ അമ്മാവന്മാരും കൊച്ചമ്മമാരും ഉള്‍പ്പെട്ട കുടിയേറ്റക്കാരുടെ കഥകളും, ചെമ്പേരിയിലെ താമസവും 'ഒറോത'യെ അണിയിച്ചൊരുക്കാന്‍ കാക്കനാടന് സഹായകമായി. വെള്ളപ്പൊക്കത്തിലൂടെ ഒഴുകിവന്ന് ഒടുവില്‍ വെള്ളംതേടി അപ്രത്യക്ഷമാകുന്ന 'ഒറോത' മലയാളത്തിലെ അപൂര്‍വസവിശേഷതകളുള്ള ഒറ്റപ്പെട്ട കൃതിയാണ്. ഒറോത 'വെള്ളം' എന്ന പേരില്‍ തമിഴ് ഭാഷയില്‍ പുറത്തുവന്നിട്ടുണ്ട്. പക്ഷേ കാക്കനാടന്‍ ഇതറിയുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. വിശദമായ അന്വേഷണം നടത്തി. ഒടുവില്‍ ആളിനെ പിടികിട്ടി. കാട്ടുകൊള്ളക്കാരന്‍ വീരപ്പനെ കണ്ട് സന്ധിസംഭാഷണം നടത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നിയോഗിച്ച നക്കീരന്‍ ഗോപാലനായിരുന്നു പ്രതി. നക്കീരന്റെ പ്രസിദ്ധീകരണസ്ഥാപനമാണ് ഒറോതയുടെ തമിഴ്‌പരിഭാഷ പുറത്തിറക്കിയത്. "താങ്കള്‍ എന്തു നടപടിയെടുത്തു?'' ഞാന്‍ ചോദിച്ചു. കാക്കനാടന്റെ മറുപടി രസകരമായിരുന്നു "അവന്‍ വീരപ്പന്റെ ആളായിരുന്നില്ലേ? എനിക്ക് ജീവനില്‍ ഭയമില്ലേ?'' 'ഒറോത'യെക്കുറിച്ച് എത്ര പറഞ്ഞാലും തീരാതെ പിന്നെയും ഏറെയും അവശേഷിക്കും കാക്കനാടനില്‍. ആഹൂതി തിളയ്‌ക്കുന്ന തിരമാലയാണെന്നും അത് പലതും വഹിച്ചുകൊണ്ടുവരുമെന്നും കാക്കനാടന്‍ വിശ്വസിക്കുന്നു. ചിലപ്പോള്‍ തിമിംഗലം, ചിലപ്പോള്‍ ചാകര, ചിലപ്പോള്‍ ഒരു ഒറോത; അങ്ങനെ വന്നുപോകുമ്പോള്‍ അലകണവും ഏറ്റ ചൂടും മിച്ചം. വരത്തുപോക്കിലൂടെ ഒരു ഊര്‍ജം പകരല്‍. മലയാളത്തില്‍ വായന ഗൌരവമായെടുക്കുന്നവരും നിരൂപകരും ഗൌരവത്തോടെ കണക്കിലെടുക്കാതെപോയ നോവലാണ് 'ഒറോത'. വ്യത്യസ്‌ത ഭാവഭംഗിയുള്ള അക്ഷരങ്ങളില്‍ ശക്തിയും ചൈതന്യവും ഇണചേര്‍ന്നുകിടക്കുന്ന നോവല്‍.

ആ ശബ്‌ദം കാതുകളില്‍ തുളച്ചുകയറി. മുറിയില്‍ വെളിച്ചം നിറഞ്ഞുനിന്നിരുന്നു. നാരായണന്‍കുട്ടി ഞെട്ടി പിറകോട്ട് ചാടി. ഉമാദേവി അന്തര്‍ജനം പിന്‍തിണ്ണയില്‍ മലര്‍ന്നടിച്ചുവീണു. നാരായണനും വീണു. അന്തര്‍ജനം എഴുന്നേറ്റ് വാതിലിനടുത്തേക്ക് നീങ്ങിയപ്പോള്‍ കിടന്നകിടപ്പില്‍ നിന്നെണീക്കാന്‍ ബദ്ധപ്പെട്ടുകൊണ്ട് നാരായണന്‍ പറഞ്ഞു "നീയങ്ങട് നോക്കണ്ട ഉമേ''. എന്നിട്ടും ഉമ നോക്കി. ഉമ കണ്ടു. കട്ടിലില്‍ കുന്തിച്ചിരുന്ന് മുകളിലേക്ക് നോക്കി ദേവദത്തന്‍ കൂവുന്നു. "കൊക്കരക്കോ കോ കോ.'' അവന് കോഴിയുടെ മുഖച്ഛായയുണ്ടെന്ന് തോന്നി. "എന്റെ പരദേവതേ'' ഉമാദേവി അന്തര്‍ജനം പ്രജ്ഞയറ്റ് പിന്നാക്കം മറിഞ്ഞു. നാരായണന്‍ സ്വന്തം മേനിയില്‍ തപ്പിനോക്കി. തനിക്ക് തൂവലുകളുണ്ടോ? ചിറകുകളുണ്ടോ? 'കോഴി' എന്ന കൃതിയുടെ രചനയില്‍ നര്‍മവും തീവ്രചിന്തയും ഒന്നിച്ചലിഞ്ഞുചേരുകയാണ്. കെ. പി. അപ്പനെപ്പോലുള്ള നിരൂപകരാരും 'കോഴി'യെ തങ്ങളുടെ ചിന്താമനനത്തിന് തെരഞ്ഞെടുത്തില്ല, എന്തുകൊണ്ടെന്ന ചോദ്യമുയര്‍ത്തി അതിന്റെ കാരണം തേടിയിട്ട് കാര്യമില്ലല്ലോ.

ആധുനികതയുടെ തീക്ഷ്‌ണഭാവങ്ങളെ സാക്ഷ്യപ്പെടുത്തിയ കലഹപ്രിയനും എസ്‌റ്റാബ്ളിഷ്‌മെന്റുകള്‍ക്ക് മുന്നില്‍ ധിക്കാരിയുമായ കാക്കനാടന്‍ ഒറ്റപ്പെട്ട വ്യക്തിത്വത്തിന്റെ ഉടമയാണ്. ആധുനിക എഴുത്തുകാര്‍ തങ്ങള്‍ ദൈവനിഷേധികളെന്ന് വെളിപ്പെടുത്താന്‍ വ്യഗ്രതകാട്ടിയിരുന്ന കാലത്ത് "ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു'' എന്ന് കാക്കനാടന്‍ തീര്‍ത്തുപറഞ്ഞു. ആ വിശ്വാസം കാക്കനാടന്റെ രചനകളില്‍ അവ്യക്തമായി ലയിച്ചുകിടപ്പുണ്ട്. കാക്കനാടന്റെ രചനകളില്‍ സൌന്ദര്യതലങ്ങളല്ല, ശക്തിയുടെ സ്രോതസ്സുകളാണ് ലയിച്ചു കിടക്കുന്നതെന്ന നിരൂപകരുടെ കണ്ടെത്തലുകളില്‍ ഈ മിന്നാട്ടമുണ്ട്. സുകുമാരപദങ്ങള്‍ കാക്കനാടന്റെ കൃതികളില്‍ കാണാന്‍ പ്രയാസമാണ്. അക്ഷരങ്ങളില്‍ ശക്തിപൂജ ചെയ്യുന്ന ഒരെഴുത്തുകാരന്‍ സുകുമാരപദങ്ങള്‍ ഉപേക്ഷിക്കാതെവയ്യ. അനശ്വരപ്രേമകഥകളൊന്നും കാക്കനാടന്റെ തൂലിക വിഷയമാക്കിയിട്ടില്ല. തെമ്മാടികളെയും അഭിസാരികകളെയും ദൈവസമാനരാക്കിയ ഒരേയൊരു എഴുത്തുകാരന്‍ കാക്കനാടനാണ്. നീണ്ട കണ്ണുകളും ചുരുണ്ട കറുത്ത മുടിയും ഒതുങ്ങിയ ശരീരവും ഇരുനിറവും കഴുവാലിയുടെ തെന്നലുമുള്ള യുവസുന്ദരികള്‍ ഒട്ടേറെയുണ്ട് കാക്കനാടന്റെ കഥാലോകത്ത്. അവര്‍ യഥാര്‍ഥപ്രണയം എന്തെന്നറിയാത്തവരാണ്. "എന്തുകൊണ്ട് അവര്‍ക്ക് അങ്ങനെ ജന്മം നല്‍കിയത്?'' കാക്കനാടന്റെ മറുപടി ഇങ്ങനെയായിരുന്നു: "യഥാര്‍ഥപ്രണയം ഞാന്‍ അനുഭവിച്ചിട്ടില്ല. നിരവധി പെണ്‍കുട്ടികളെ ഞാന്‍ പ്രണയിച്ചു. ഞാന്‍ അവര്‍ക്ക് ആവോളം സ്‌നേഹം നല്‍കി. എന്നിട്ടും യഥാര്‍ഥപ്രണയം എന്തെന്നറിയാന്‍ എനിക്ക് കഴിയാതെപോയി.'' ശാശ്വതമൂല്യമുള്ള ഒന്നാണ് പ്രണയം എന്ന് കാക്കനാടന്‍ വിശ്വസിക്കുന്നില്ല. കാക്കനാടന് പ്രണയം ഫാന്റസിയായിരുന്നു, അദ്ദേഹത്തിന്റെ കഥാകാമിനികള്‍ക്കും.

തൊഴിലിനോട് താല്‍പര്യമില്ലാത്ത മലയാളത്തിലെ ഒരേയൊരു എഴുത്തുകാരന്‍ കാക്കനാടനാണ്. റെയില്‍വേ ജോലിയും ജര്‍മനിയിലെ ഗവേഷണവും വേണ്ടെന്നുവച്ചു. എഴുത്തുകൊണ്ടുമാത്രം ജീവിക്കാമെന്ന വ്യാമോഹമൊന്നും ആദ്യകാലങ്ങളില്‍ കാക്കനാടനുണ്ടായിരുന്നില്ല. പക്ഷേ കാലം കടന്നുപോകുംതോറും കാക്കനാടന്റെ ആത്മവിശ്വാസം വര്‍ധിച്ചു. ജോലിക്കായി ജീവിതം പണയം വച്ചിരുന്നെങ്കില്‍ തന്റെ പ്രസിദ്ധമായ പല കൃതികളും ജന്മം കൊള്ളുമായിരുന്നില്ല എന്നുകൂടി കാക്കനാടന്‍ വിശ്വസിക്കുന്നു. ഇന്ത്യയിലെയും ലോകത്തിലെ വിവിധ രാജ്യങ്ങളിലുമൂള്ള യാത്രകള്‍ ഒട്ടേറെ പുതിയ അനുഭവങ്ങള്‍ ഈ കഥാകാരന് നേടിക്കൊടുത്തിട്ടുണ്ട്. മൈലം എന്ന ഗ്രാമവും അമ്മു എന്ന അയല്‍ക്കാരിയും അവിടത്തെ മനുഷ്യരും 'പറങ്കിമല' എഴുതുമ്പോള്‍ കാക്കനാടനിലെ സജീവസാന്നിധ്യമായിരുന്നു. 'വസൂരി'യുടെ രചനയില്‍ മൈലവും കൊട്ടാരക്കരയും കഥാഗതിയുടെ ആത്മാംശമാകുന്നു. 'ഉഷ്‌ണമേഖ'ലയില്‍ ഈ സ്ഥലങ്ങളോടൊപ്പം ദല്‍ഹിയുമുണ്ട്. ഒരു കൊല്ലത്തെ യൂറോപ്യന്‍ ജീവിതത്തില്‍നിന്നാണ് 'കാവേരിയുടെ വിളി' പിറന്നത്. മദിരാശി, ബോംബെ, കല്‍ക്കത്ത എന്നീ സ്ഥലങ്ങളിലെ ജീവിതത്തിന്റെ സ്വാധീനം കാക്കനാടന്റെ ഒട്ടേറെ രചനകളില്‍ കാണാം. 'സൂര്യപ്രകാശം' എന്ന കഥയില്‍ മദിരാശിയിലെ വാഷര്‍മാന്‍പെട്ടിന് മുഖ്യസ്ഥാനമുണ്ട്. ബോംബെയിലെ ഗ്രാന്റ്റോഡുമായുള്ള നിത്യപരിചയമാണ് 'മസ്‌ക്രീനാസിന്റെ മരണം' എന്ന കഥ രൂപപ്പെടുത്താന്‍ സഹായകരമായത്. മദിരാശിയിലെ ആള്‍വാര്‍ തിരുനഗറില്‍ താമസിക്കാന്‍ അവസരം ലഭിച്ചതാണ്. 'ആള്‍വാര്‍ തിരുനഗറിലെ പന്നി' എന്ന കഥയുടെ സൃഷ്‌ടിക്ക് പ്രേരണയായത്. പന്നിക്കൂട്ടങ്ങള്‍ തലങ്ങും വിലങ്ങും നിരന്തരം സഞ്ചരിച്ചുകൊണ്ടിരുന്ന ആ റോഡില്‍നിന്ന് തനിക്ക് കണ്ണെടുക്കാനായിട്ടില്ലെന്ന് കാക്കനാടന്‍ ഓര്‍മിക്കുന്നു. കൊച്ചുപന്നികള്‍ വലിയപന്നികളുടെ മുകളില്‍കയറി നിരന്തരം സഞ്ചരിച്ചുകൊണ്ടിരുന്ന കാഴ്‌ചകള്‍ കഥാകാരന് പ്രത്യേകമായ ഒരനുഭൂതിതലം പകര്‍ന്നു നല്‍കി. അത് കണ്ടുനിന്നപ്പോള്‍ ജീവിതത്തിലെ കപടസൌന്ദര്യങ്ങള്‍ ഓര്‍മയിലെത്തി. അദ്ദേഹത്തിന്റെ മനസ്സ് പറഞ്ഞു "ഈ പന്നികളെത്രഭേദം''. 'ആള്‍വാര്‍ തിരുനഗറിലെ പന്നികള്‍' കടലാസില്‍ വാര്‍ന്നുവീഴാന്‍ പിന്നീട് അധികസമയം വേണ്ടിവന്നില്ല.

കാക്കനാടന്റെ 'അര്‍ജന്റീന' എന്ന കഥയ്‌ക്കുപിന്നില്‍ മറ്റൊരു കഥയുണ്ട്. ഈ കഥയുടെ പിറവിക്ക് കാരണമായത് ഒരു ഖനിത്തൊഴിലാളിയാണ്. ജര്‍മനിയിലായിരുന്ന സമയം. പാരീസ്, ബ്രസല്‍സ് എന്നീ സ്ഥലങ്ങള്‍ കാണാന്‍ കാക്കനാടന്‍ ഒരു യാത്ര പുറപ്പെട്ടു. ലൈബ്‌സിക്കില്‍നിന്ന് പാരീസിലേക്കുള്ള തീവണ്ടിയിലെ യാത്രയ്‌ക്കിടയില്‍ കാക്കനാടന്‍ ഒരാളെ പരിചയപ്പെട്ടു. മുഖത്താകെ വസൂരിചിഹ്നമുളള, ഒറ്റനോട്ടത്തില്‍ ആര്‍ക്കും ഭയം തോന്നുന്ന ഒരു രൂപം. പക്ഷേ ആ ഖനിത്തൊഴിലാളി തീര്‍ത്തും പാവവും നിരുപദ്രവിയുമായിരുന്നു. അയാള്‍ തന്റെ കഥ കാക്കനാടനോട് പറഞ്ഞു. ആ മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമാണ് അര്‍ജന്റീന. അവിടെ പോവുകയെന്നതാണ് അയാളുടെ ജീവിതാഭിലാഷം. അയാള്‍ പ്രതിനിധാനം ചെയ്യുന്ന വംശത്തിന്റെ ഒരു പ്രത്യേകത, മൂത്തയാള്‍ വിവാഹം കഴിച്ചാല്‍ അയാളുടെ ഭാര്യ അനുജന്മാര്‍ക്ക് കൂടി സ്വന്തമാകും. ഒരു സായ്‌പ് ഈ മനുഷ്യനെ കൊണ്ടുപോയി ഖനനത്തില്‍ പ്രത്യേക പരിശീലനം കൊടുത്തു. ആ പരിശീലനത്തിനിടയിലെ കാലയളവ് അയാളുടെ ജീവിതത്തില്‍ ഒട്ടേറെ കൊടുങ്കാറ്റുകളുയര്‍ത്തി. അപ്പോഴും അയാളുടെ സ്വപ്‌നം അര്‍ജന്റീന ആയിരുന്നു. അര്‍ജന്റീന എന്ന വലിയ സ്വപ്‌നവുമായി ജീവിതം തള്ളിനീക്കിയ ആ ഖനിത്തൊഴിലാളി 'അര്‍ജന്റീന' എന്ന കഥയിലേക്ക് സ്വയം കടന്നുകയറുകയാണുണ്ടായതെന്ന് കാക്കനാടന്‍ പറയുന്നു.

രചനകളില്‍ വികാരങ്ങളുടെ വന്യമായ ചൂടു പകര്‍ന്ന കാക്കനാടന്‍ പ്രശംസകളെയും ക്രൂരമായ വിമര്‍ശനങ്ങളെയും ഇഷ്‌ടപ്പെടുന്ന എഴുത്തുകാരനല്ല. കാക്കനാടന്റെ കഥയുടെ സമസ്യകള്‍ തേടിയുള്ള നിരൂപകരുടെയും ആസ്വാദകരുടെയും യാത്രകളൊക്കെ കാക്കനാടന്റെ സര്‍ഗചിന്താതലമാനങ്ങളും മഹാമനസ്സിന്റെ ആഴങ്ങളും കാണാന്‍ കഴിയാത്തതായിരുന്നു. ഒരു നിരൂപകന്റെ അഭിപ്രായമാണിത്. ഇതേക്കുറിച്ച് വിസ്‌മരിച്ചുകൊണ്ട് മറ്റൊരു നിരൂപകന്‍ 'അടിയറവി'നെക്കുറിച്ച് രേഖപ്പെടുത്തിയ വരികള്‍ ഉദ്ധരിക്കട്ടെ. "അടിയറവ് എന്ന നോവല്‍ മലയാളഭാഷയുടെ ഈണമായിരുന്നു. എന്നാല്‍ അത് കാക്കനാടന്റെ അടിയറവുമായിരുന്നു.'' കാക്കനാടന്‍ ഈ അഭിപ്രായത്തോട് അന്ന് പ്രതികരിച്ചതിങ്ങനെയാണ് "അടിയറവിനെക്കുറിച്ചുള്ള നല്ല വാക്കുകള്‍ക്ക് നന്ദി. പക്ഷേ ഒരു വിയോജിപ്പുണ്ട്. ഒരു രചനയുടെ ഭാഷ നന്നായി, പക്ഷേ ആ കൃതി നന്നായില്ല എന്ന കാഴ്‌ചപ്പാട് അടിസ്ഥാനപരമായി തെറ്റാണ് എന്നാണ് പ്രഗല്‍ഭര്‍ പറഞ്ഞിട്ടുള്ളത്. അത് ശരിയാണെങ്കില്‍ ആ നോവല്‍ എങ്ങനെ നോവല്‍ സാഹിത്യത്തില്‍ കാക്കനാടന്റെ അടിയറവാകും. അയിടറവ് എന്റെ ഏറ്റവും ശ്രദ്ധേയമായ കൃതിയാണെന്നു ഞാന്‍ കരുതുന്നു.''

കാക്കനാടന്റെ കഥകള്‍ ശിഥിലസമാധിയില്‍ എന്ന കെ. പി. അപ്പന്റെ നിരൂപണം മലയാളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഒന്നാണ്. കാക്കനാടന്‍ അതേക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്: "ശിഥിലസമാധി എന്ന പ്രയോഗം കെ. പി. അപ്പന്റേതാണ്. നിരൂപകരുടെ അഭിപ്രായം അവരുടേത് മാത്രമാണ്. സമാധി തുറന്ന് പ്രചണ്ഡത അഴിച്ചുവിടാറില്ലേ എന്ന തുടര്‍ഭാഗവും എന്നെ ചിരിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. നിരൂപകര്‍ പറയുന്നതു കേട്ട് എന്റെ അക്ഷരങ്ങള്‍ തിരുത്താനോ ജീവിതവീക്ഷണമോ രചനാരീതിയോ മാറ്റാനോ ഞാനിതുവരെ ശ്രമിച്ചിട്ടില്ല. ഇനി അതിന് ഉദ്ദേശ്യവുമില്ല.'' 'പ്ളേഗ്', 'ഔട്ട് സൈസര്‍' എന്നീ വിശ്വപ്രസിദ്ധകൃതികളുമായി കാക്കനാടന്റെ 'വസൂരി'ക്കും 'സാക്ഷി'ക്കും അതിശയകരമായ സാമ്യമുണ്ടെന്ന ഒട്ടേറെ നിരൂപകരുടെ വാദങ്ങള്‍ ഇന്നും കെട്ടടങ്ങിയിട്ടില്ല. കാക്കനാടന്‍ ആവര്‍ത്തിച്ച് മറുപടികള്‍ നല്‍കിക്കൊണ്ടിരുന്നു. എങ്കിലും ആ സാമ്യകഥകളുടെ ചൂടകറ്റാന്‍ കാക്കനാടന് കഴിഞ്ഞിട്ടുണ്ടോ? ആറേഴ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു പ്രശസ്‌ത നിരൂപകന് കാക്കനാടന്‍ നല്‍കിയ മറുപടിയുടെ അവസാനഭാഗമിതാ "പ്ളേഗ്, വസൂരിപ്രശ്‌നം തല്‍ക്കാലം വിടുന്നു. പേരിലെ സാമ്യം മാത്രം. പകര്‍ച്ചവ്യാധികളല്ലേ രണ്ടും, പരാതികളുണ്ടാവാം. ഇതെല്ലാം കഴിഞ്ഞല്ലേ ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്കേസ് 'കോളറക്കാലത്തെ പ്രണയം' എഴുതിയത്. മാര്‍ക്കേസും അനുകരിച്ചതാവുമോ? എനിക്കെതിരെ ഇനിയും പരാതികള്‍ വരാന്‍ വകുപ്പുണ്ട്. 'ഏഴാംമുദ്ര' പുറത്തുവരുന്നതിന് മുന്‍പ് ബര്‍ഗ്‌മാന്‍ 'സെവന്‍ത് സീല്‍' എന്ന വിശ്വവിഖ്യാത സിനിമ നിര്‍മിച്ചിട്ടുണ്ട്. എങ്ങനെ നോക്കിയാലും ഞാന്‍ പ്രതിക്കൂട്ടില്‍ തന്നെ. ശിക്ഷ വിധിക്കുന്ന കോടതിക്ക് ഇത്തിരി വിവരമുണ്ടായിരിക്കണമെന്ന ഒരപേക്ഷയേ എനിക്കുള്ളൂ.

കാക്കനാടന്റെ ആദ്യകഥ 'കാലപ്പഴക്കം' മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ അച്ചടിച്ചുവരുന്നതിന് മുന്‍പുതന്നെ ഞാന്‍ അദ്ദേഹവുമായി സൌഹൃദം സ്ഥാപിച്ചിരുന്നു. അക്കാലത്ത് ഞാന്‍ പ്രസിദ്ധീകരിച്ചിരുന്ന 'വാനമ്പാടി' എന്ന സാഹിത്യമാസികയില്‍ കാക്കനാടനും ഒ. വി. വിജയനും എം. മുകന്ദനും എം. പി. നാരായണപിള്ളയു മൊക്കെ എഴുതിയിരുന്നു. 'വാനമ്പാടി'യുടെ സംരക്ഷകനും ഉപദേഷ്‌ടാവും കാമ്പിശ്ശേരി കരുണാകരനായിരുന്നു. പത്രപ്രവര്‍ത്തനരംഗത്തെ എന്റെ ഗുരുസ്ഥാനീയന്‍. 'സാഹിത്യവാരഫലം' എഴുതിത്തുടങ്ങുന്നതിന് മുന്‍പ് എം. കൃഷ്ണന്‍നായരുടെ 'നവസാഹിത്യചിന്തകള്‍' എന്ന പേരില്‍ ഒരു പംക്തിയും വാനമ്പാടിയിലുണ്ടായിരുന്നു. കാക്കനാടന്‍ തന്റെ ആദ്യകാല കൃതികളിലൂടെ അതിപ്രശസ്‌തനായതിനുശേഷമാണ് സ്ഥിരതാമസത്തിനായി കൊല്ലത്തെത്തുന്നത്. കാക്കനാടന്റെ കൊല്ലത്തെ ആദ്യത്തെ ഒരു ദശാബ്‌ദക്കാലം. അന്ന് അതിശക്തമായ മനസ്സും അപൂര്‍വത നിറഞ്ഞ വ്യക്തിത്വവുമില്ലായിരുന്നെങ്കില്‍ ആ കാലത്തെ അതിജീവിക്കാന്‍ കാക്കനാടന് കഴിയുമായിരുന്നില്ല. സാമ്പത്തികമായി ആകെ തകര്‍ന്ന അവസ്ഥയിലും ദിവസവും എട്ടും പത്തും പേര്‍ക്ക് സമൃദ്ധമായി ആഹാരം വിളമ്പിയതെങ്ങനെയെന്ന് ഇന്നും എനിക്ക് മനസ്സിലായിട്ടില്ല. ഇത്തരം ഒരവസ്ഥ വന്നിരുന്നെങ്കില്‍ ഒ. വി. വിജയന്‍ ആത്മഹത്യചെയ്യുമായിരുന്നു. സാമ്പത്തികത്തകര്‍ച്ചയുടെ മുന്നിലും കാക്കനാടന്‍ അമ്മിണി ദമ്പതികളുടെ ജീവിതത്തില്‍ സമ്പന്നത എവിടെ നിന്നുവന്നു. മഹാഭാരതത്തിലെ പാഞ്ചാലിയുടെ അക്ഷയപാത്രത്തിന്റെ അത്യാധുനികമാതൃക അമ്മിണിയുടെ കൈവശമുണ്ടായിരുന്നോ? കാക്കനാടന് ഇനിയൊരു ജന്മമുണ്ടെങ്കില്‍ ജീവിതരീതിയിലും സ്വഭാവത്തിലും വിശ്വാസങ്ങളിലും സാഹിത്യരചനയിലും പ്രത്യേകിച്ചൊരുമാറ്റവുമില്ലാത്ത ഇപ്പോഴത്തെ സാക്ഷാല്‍ കാക്കനാടന്‍ തന്നെയായിരിക്കും.

സര്‍വസൌഭാഗ്യങ്ങളും ത്യജിച്ച് ദല്‍ഹിയില്‍നിന്ന് നാട്ടിലെത്തിയ കാക്കനാടന്‍ ആദ്യം താമസിച്ചത് കടപ്പാക്കടയിലായിരുന്നു. തുടര്‍ന്ന് തേവള്ളിയിലും. അന്ന് ആസ്വാദകര്‍ക്ക് ഒരു തീര്‍ഥാടനസ്ഥലംപോലെയായിരുന്നു തേവള്ളിയിലെയും കടപ്പാക്കടയിലെയും കാക്കനാടന്റെ വാടകവീടുകള്‍. ഇപ്പോള്‍ കാക്കനാടന്റെ ഇരവിപുരത്തെ അര്‍ച്ചന തീര്‍ത്തും ശാന്തമാണ്. കാക്കനാടനും ഒരു താപസന്റെ പരിവേഷമാണ്. ശാന്തമായ അന്തരീക്ഷം ആവാഹിച്ച അര്‍ച്ചനയിലിരുന്ന് കാക്കനാടന്‍ പറയുന്നു: "കൊടുങ്കാറ്റുകളെയും പേമാരിയെയും ഇനിയും അക്ഷരങ്ങളില്‍ ആവാഹിക്കാന്‍ എനിക്കു കഴിയും''. നമുക്കിത് വിശ്വസിക്കുക. കാക്കനാടന്റെ ജേഷ്‌ഠന്‍ ഇഗ്നേഷ്യസും അനുജന്മാരായ തമ്പിയും രാജനും കാക്കനാടനെ കാണാനെത്തുന്ന അതിഥികളോടൊപ്പം പകലുകളെ രാത്രികളിലേക്ക് പകര്‍ന്ന് സൌഹൃദം പങ്കിടുമായിരുന്നു. പുതിയ പുസ്‌തകങ്ങളെയും ആനുകാലികങ്ങളില്‍ വരുന്ന ശ്രദ്ധേയമായ കലാസൃഷ്‌ടികളെയുംകുറിച്ചുള്ള ചര്‍ച്ചകള്‍. അത് അര്‍ധരാത്രിയോളം നീണ്ടുപോകുമായിരുന്നു. 'രാത്രിമഴ'യും 'പൂതപ്പാട്ടും' 'രാവണപുത്രി'യും 'കുറത്തി'യും അര്‍ധരാത്രികളെ വര്‍ണാഭയാര്‍ന്ന പകലുകളാക്കി മാറ്റിയിരുന്നു.

'ഉഷ്‌ണമേഖല' പുറത്തിറങ്ങിയതിന്റെ ഏഴാംദിവസമാണ് ഞാനും കാക്കനാടനും കൂടി കൊല്ലത്തെ റസ്‌റ്റ് ഹൌസിലെ മുകളിലത്തെ മുറിയില്‍വച്ച് ഇ. എം.എസിനെ കാണുന്നത്. തുറന്നുവച്ചിരുന്ന അദ്ദേഹത്തിന്റെ സ്യൂട്ട്കേസില്‍ 'ഉഷ്ണമേഖല' ഇരിക്കുന്നതുകണ്ടു. അദ്ദേഹം അത് വായിച്ചുകഴിഞ്ഞിരുന്നു. "ഉഷ്ണമേഖലയ്‌ക്ക് ഒരു രണ്ടാംഭാഗം വേണ്ടേ?'' ഇ.എം.എസ്. ചോദിച്ചു. "വേണം. തീര്‍ച്ചയായും എഴുതും.'' കാക്കനാടന്‍ മറുപടി നല്‍കി. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞു. ഇന്നും എഴുതിയിട്ടില്ല. ഇനി അദ്ദേഹം എഴുതുമെന്ന് നാം കരുതുന്നത് വിഡ്ഢിത്തമാണ്. കാക്കനാടന്‍ ഇനിയും ഇക്കാര്യം സമ്മതിക്കുമെന്ന് തോന്നുന്നില്ല. 'ഉഷ്ണമേഖല' എഴുതുന്ന കാലത്ത് കാക്കനാടന്‍ കമ്യൂണിസ്‌റ്റ് സഹയാത്രികനായിരുന്നു. ഇന്ന് കാക്കനാടന്‍ സ്വതന്ത്രനാണ്. പക്ഷേ 'ഉഷ്ണമേഖല'യുടെ രണ്ടാഭാഗം പ്രതീക്ഷിക്കേണ്ടെന്ന് കാക്കനാടന്റെ ചിരിയും ചിന്തയും മൌനവും പരിഹാസവും കലര്‍ന്ന മാനസികഭാവങ്ങള്‍ വ്യക്തമാക്കുന്നു.

രാത്രിയുടെ മഹാമൌനത്തിലേക്ക് ഇരമ്പിയാര്‍ക്കുന്ന മഹാസാഗരങ്ങളെ അക്ഷരങ്ങളിലാവാഹിച്ച് മലയാളസാഹിത്യഭാഷയ്‌ക്ക് ചൈതന്യം വര്‍ധിപ്പിച്ച കാക്കനാടന്റെ ജീവിതത്തിലെ കാവ്യഭംഗികള്‍ക്കും കൌതുകമുണര്‍ത്തുന്ന സ്വകാര്യജീവിതനിമിഷങ്ങള്‍ക്കും അവസാനമില്ല. മഹാനദിക്ക് സമാനനായിത്തീര്‍ന്ന ഈ അവസ്ഥയിലും ഈ സര്‍ഗധനന്റെ രചനകളിലെ പുണ്യവും പാപവും വേര്‍തിരിക്കാന്‍ കഴിയാത്തവിധം വിലയിച്ചുകിടക്കുന്നു. മലയാളകഥാസാഹിത്യത്തില്‍ കാക്കനാടന്‍ പുണ്യാളനോ പാപിയോ? പുണ്യാളനേയും പാപിയേയും ഒന്നായി സ്‌നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന കാക്കനാടനോട് ഈ ചോദ്യം ചോദിക്കുന്നതില്‍ എന്തര്‍ഥം? ക്ഷോഭിക്കുന്നവരുടെയും വിഡ്ഢികളുടെയും ചരിത്രങ്ങള്‍ സമാഹരിച്ച് പുതിയജീവിതഗാഥകള്‍, അലയാഴികള്‍പോലെ അലറിമറിഞ്ഞ കഥകളില്‍ അലിയിപ്പിക്കാന്‍ കഴിഞ്ഞതാണ് കാക്കനാടനെ മലയാളസാഹിത്യത്തില്‍ വ്യത്യസ്‌തനാക്കുന്നത്. കാമമാണ് മനുഷ്യചേതനയുടെ അന്തഃസത്തയെന്ന്, ക്ഷോഭവും കണ്ണീരും കിനാവും ഒപ്പം പരിഹാസവും തന്റെ രചനകളില്‍ നിറച്ചുകൊണ്ട് കാക്കനാടന്‍ നമ്മെ ബോധ്യപ്പെടുത്തി. എല്ലാവരും യൂസഫ് സരായിയിലെ ചരസ്സ് വ്യാപാരികളാണെന്ന് പറഞ്ഞ കാക്കനാടനെ നാം കുറേക്കൂടി ആഴത്തില്‍ അംഗീകരിക്കുകയാണുണ്ടായത്. പ്രവചനത്തിന്റെ പൊരുള്‍ സുഖസ്വപ്‌നങ്ങളും സൈക്കഡലിക് സ്വപ്‌നങ്ങളും ഇണചേര്‍ന്നതാണെന്ന് ഈ എഴുത്തുകാരന്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.
"ഞാന്‍ അല്‍ഫയും ഒമേഗയും ആദിയും അന്തവുമാകുന്നു'' എന്ന ബൈബിള്‍ വചനത്തിനുള്ളില്‍ ഒളിച്ചിരിപ്പാണ് കാക്കനാടന്‍. എപ്പോഴും ഞാന്‍ യാത്രയിലാണ് എന്ന് കാക്കനാടന്‍ പറയുന്നതിന്റെ രഹസ്യവുമതാണ്. ഭൌതികജീവിതത്തിലെ സമ്പന്നസൌഭാഗ്യങ്ങളില്‍ ജീവിതസായൂജ്യം നേടിയിരുന്ന ഒ. വി. വിജയന്‍ ഒരു പ്രത്യേകനിമിഷത്തിലാണ് ആത്മീയതയുടെ അര്‍ഥം തേടി യാത്രതിരിച്ചത്. ആ യാത്രയുടെ ആരംഭത്തിനും അവസാനത്തിനും നാം നിശബ്‌ദസാക്ഷികളായിരുന്നു. ആത്മീയരഹസ്യം തേടിയുള്ള യാത്രയല്ല കാക്കനാടന്‍ തന്റെ ജീവിത്തിലും സാഹിത്യരചനകളിലൂടെയും നടത്തുന്നത്. യാത്രയുടെ ലക്ഷ്യം യാത്രയെന്ന് ആവര്‍ത്തിക്കുന്ന കാക്കനാടനോട് തുടര്‍ന്ന് ഒന്നും ചോദിച്ചിട്ട് കാര്യമില്ല.


*****

വി. ബി. സി. നായര്‍

കടപ്പാട് : ഗ്രന്ഥാലോകം ഒക്‌ടോബര്‍ 2010

അധിക വായനയ്‌ക്ക് :

1.
ദൈവം സ്നേഹിക്കുന്ന എഴുത്തുകാരന്‍ എം മുകുന്ദൻ
2. അക്രമാസക്തമായ രചന കെ.പി. അപ്പന്‍
3. കാക്കനാടന്റെ വരവ് പ്രസന്നരാജന്‍
4. കാക്കനാടന്റെ ആഖ്യാനകല ഡോ:എസ്.എസ്. ശ്രീകുമാര്‍
5. പൂര്‍ണതതേടിയുള്ള പ്രയാണം കാക്കനാടനുമായുള്ള അഭിമുഖം
6. റെനിഗേഡിന്റെ ഗതികേടുകള്‍ ഡോ. സി. ഉണ്ണികൃഷ്‌ണന്‍
7. അക്ഷരങ്ങളിലെ ഏഴാംമുദ്ര വി. ബി. സി. നായര്‍
8. രതിയുടെ ആനന്ദലഹരി ഡോ. ഇ. ബാനര്‍ജി
9. കാക്കനാടന്‍ സാക്ഷ്യപ്പെടുത്തുന്നത്... ഡോ. ആര്‍.എസ്. രാജീവ്
10. ശ്രീചക്രം കാക്കനാടന്‍
11. പത്മവ്യൂഹത്തിലെ അഭിമന്യു ഡോ. എ. അഷ്റഫ്
12. ആധുനികതയിലെ വ്യവസ്ഥാപിത ജീവിതം വിജു നായരങ്ങാടി
13. കൊല്ലം പഠിപ്പിച്ചത് കാക്കനാടന്‍
14.
കാക്കനാടന്‍ - ജീവിതരേഖ

റെനിഗേഡിന്റെ ഗതികേടുകള്‍

വ്യക്തിത്വശൈഥില്യത്തിന്റെ അന്തര്‍ഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ആധുനികത. അടിയുറച്ചൊരു വിശ്വാസവും അതിലധിഷ്‌ഠിതമായ ഒരു ജീവിതവും രൂപപ്പെടുത്തിയെടുക്കുമ്പോഴാണ് ഒരാള്‍ വ്യക്തിത്വത്തിനുടമയായി മാറുന്നത്. ഒരാളിന്റെ വിശ്വാസത്തെ രൂപപ്പെടുത്തുന്നതില്‍ അയാള്‍ ഉള്‍ക്കൊള്ളുന്ന പ്രത്യയശാസ്‌ത്രത്തിന് മുഖ്യമായ പങ്കുണ്ടാകും. ഒരു പ്രത്യയശാസ്‌ത്രത്തിലേക്ക് ഒരാളെ നയിക്കുന്നത് സമൂഹത്തെക്കുറിച്ചുള്ള വിപുലമായ കാഴ്‌ചപ്പാടിനെ ആശ്രയിച്ചിരിക്കും. അല്‍പംകൂടി വിശദമാക്കിയാല്‍ സമൂഹം നേരിടുന്ന ധര്‍മസങ്കടങ്ങളോട് അയാള്‍ പുലര്‍ത്തുന്ന ധീരമായ നിലപാടുകള്‍ അയാളെ ഒരു പ്രത്യയശാസ്‌ത്രത്തോട് അടുപ്പിക്കുകയും ആദര്‍ശവ്യക്തിത്വമാക്കി രൂപപ്പെടുത്തുകയും ചെയ്യുന്നു.സാമൂഹിക വൈരുധ്യം സൃഷ്‌ടിച്ച അസ്വാസ്ഥ്യങ്ങള്‍ക്ക് ഒരു മറുമരുന്ന് എന്ന നിലയില്‍ രൂപപ്പെട്ട ഒന്നാണ് മാക്‌സിസം. അത് കേവലമൊരു തത്വം മാത്രമായിരുന്നില്ല. കാലത്തിന്റെ വീര്യം ഉള്‍ക്കൊണ്ട ഒരു നീതിശാസ്‌ത്രമായി അത് പരിഗണിക്കപ്പെട്ടുപോന്നിട്ടുണ്ട്. അതുകൊണ്ടാണ് നൂറ്റാണ്ടുകള്‍ക്കിപ്പുറവും ആ പ്രത്യയശാസ്‌ത്രത്തിന്റെ വിഭാവനകളെ ആരായാന്‍ സാമൂഹ്യശാസ്‌ത്രകാരന്മാരെ പ്രേരിപ്പിക്കുന്നതും, കാലഹരണപ്പെടാത്ത ഒരു തത്വശാസ്‌ത്രമായി അത് കൊണ്ടാടപ്പെടുന്നതും. മാര്‍ക്‌സിസം പങ്കുവയ്‌ക്കാത്ത ജീവിതമില്ല. ഭൌതികത എന്നപോലെ ആത്മീയതയെയും അത് നിരീക്ഷിക്കുന്നുണ്ട്. വര്‍ഗബോധത്തിലാണ്ടുനില്‍ക്കുമ്പോഴും സാമൂഹിക സൌന്ദര്യങ്ങള്‍ അത് നിഷേധിക്കുന്നില്ല. സമഗ്രമായ ഒരു ദര്‍ശനം മുന്നോട്ടുവയ്‌ക്കുമ്പോഴും വൈയക്തികമായ സന്ത്രാസങ്ങളെ അത് അവഗണിക്കുന്നില്ല. ആരുടെ മുന്നിലും കൊട്ടിയടയ്‌ക്കപ്പെടാത്ത തുറന്ന വാതിലുകളാണ് മാര്‍ക്‌സിസത്തിന്റെ കാതല്‍. ഒരുപക്ഷേ അതുതന്നെയാകാം അതിന്റെ ദൌര്‍ബല്യവും.

മാര്‍ക്‌സിസം മുന്നോട്ടുവയ്‌ക്കുന്ന പ്രപഞ്ചദര്‍ശനത്തെ അതിന്റെ സമഗ്രതയില്‍ തിരിച്ചറിയാതെ പോകുന്നത് അപായകരമായ പല ധാരണകള്‍ക്കും വഴിവയ്‌ക്കും. അക്ഷമയും അല്‍പവിഭവത്വവും മാര്‍ക്‌സിസത്തെ പഠിക്കുന്നതിനുള്ള ഉപാധിയാക്കിയാലുണ്ടാകുന്ന അപകടത്തെ ഇ.എം.എസ്. തന്നെ എടുത്തുകാട്ടിയിട്ടുണ്ട്. അത്തരം ഉപദാനങ്ങള്‍കൊണ്ട് നടത്തിയിട്ടുള്ള നിരീക്ഷണങ്ങളുടെ ബലത്തില്‍ പറഞ്ഞുവച്ചിട്ടുള്ളതൊന്നും മാര്‍ക്‌സിസ്‌റ്റ് ദര്‍ശനങ്ങളല്ലെന്ന് തിരിച്ചറിയപ്പെടേണ്ടതുണ്ട്. അതിന്റെ ബലത്തില്‍ സാമൂഹികജീവിതത്തെ അപഗ്രഥിക്കാനുള്ള ശ്രമം പലപ്പോഴും അപഹാസ്യമായി മാറിപ്പോകുന്നുണ്ട്. നവമാര്‍ക്‌സിസ്‌റ്റുകള്‍ മുന്നോട്ടുവയ്‌ക്കുന്ന ചിന്തയെ അത്തരത്തില്‍ കാണേണ്ടിവരുന്നു. വര്‍ഗബോധത്തില്‍ ഉദയം ചെയ്‌ത ഒരു തത്വശാസ്‌ത്രത്തെ അതിനു വിരുദ്ധമായ അസ്‌തിത്വവാദവുമായും ഫ്രോയ്‌ഡിയന്‍ സിദ്ധാന്തങ്ങളുമായും കൂട്ടിച്ചേര്‍ത്തൊരുക്കുന്ന നവസിദ്ധാന്തങ്ങള്‍ യഥാര്‍ഥ മാര്‍ക്‌സിസ്റ്റ് വിശ്വാസികളെയല്ല വിരുദ്ധരെയാണ് സന്തോഷിപ്പിച്ചിട്ടുള്ളത്.

"ഹെര്‍ബര്‍ട്ട് മാര്‍ക്യൂസും ലൂക്കാച്ചും എറിക് ഫ്രോമും സാര്‍ത്രും ഈ രംഗത്തു നല്‍കിയിട്ടുള്ള സംഭാവനകള്‍ ലോകത്തെ പീഡനത്തില്‍നിന്നു സ്വതന്ത്രമാക്കാനുള്ള മാര്‍ഗം കണ്ടെത്താന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണെന്നുതന്നെ വിശ്വസിച്ചുകൊണ്ട് പുതിയൊരു മാര്‍ക്‌സിയന്‍ സൌന്ദര്യശാസ്‌ത്രം അവതരിപ്പിക്കാനുള്ള നമ്മുടെ നവമാര്‍ക്‌സിസ്‌റ്റുകളുടെ സാഹിത്യചിന്തയിലാണ് യഥാര്‍ഥ മാര്‍ക്‌സിയന്‍ സ്വാധീനത്തിന്റെ ചലനങ്ങള്‍ കാണാന്‍ കഴിയുന്നത് '' എന്ന് 'കലഹവും വിശ്വാസവും' എന്ന ഗ്രന്ഥത്തില്‍ കെ. പി. അപ്പന്‍ പറയുന്നതിന്റെ അര്‍ഥം ഗ്രഹിക്കുമ്പോള്‍ ഇത് നമുക്ക് ബോധ്യപ്പെടും. എല്ലാ അര്‍ഥത്തിലുമുള്ള പൂര്‍ണ മനുഷ്യനെ യാഥാര്‍ഥ്യമായി അംഗീകരിക്കുന്ന മാര്‍ക്‌സിസ്‌റ്റ് ദര്‍ശനത്തിന്റെ സ്ഥാനത്ത് വ്യക്തിത്വത്തിന്റെ ബലിയാടുകളെ കൊണ്ടുവരുന്നു എന്നതാണ് ആധുനികത ചെയ്‌ത വലിയ അപരാധം. അതാകട്ടെ സാമൂഹികയാഥാര്‍ഥ്യത്തിന്റെ സൃഷ്‌ടിയാണെന്ന വിശദീകരണമാണ് കൂടുതല്‍ അരോചകം.

നവമാര്‍ക്‌സിസമായി കൊണ്ടാടപ്പെടുന്നതെല്ലാം മാര്‍ക്‌സിസ്‌റ്റ് വിരുദ്ധവും സാമൂഹ്യപുരോഗതിക്ക് വിരുദ്ധവുമാകുന്നു. മാര്‍ക്‌സിസ്‌റ്റ് ദര്‍ശനത്തിന്റെ പ്രതിബോധത്തിലാണ് അത് വേരാഴ്ത്തുന്നത്. അസ്‌തിത്വവാദമാണ് അതിന്റെ കാതല്‍. വ്യവസ്ഥാരാഹിത്യത്തെയാണ് അത് അഭിസംബോധന ചെയ്യുന്നത്. അരാജകതയാണ് അത് മുറുകെപ്പിടിക്കുന്നത്. പാശ്ചാത്യ ജീവിതകല്‍പനകളാണ് അവരെ നയിക്കുന്നത്. അതിന്റെ ചുവടുപിടിച്ചുകൊണ്ടാണ് സാഹിത്യത്തില്‍ ആധുനികത കടന്നുവന്നത്. മലയാളത്തില്‍ അതിന്റെ ശക്തമായ സ്വാധീനം നോവല്‍സാഹിത്യത്തിലാണ് പ്രകടമായത്. കാക്കനാടന്‍ എന്ന ജോര്‍ജ് വര്‍ഗീസ് ഈ നവഭാവുകത്വത്തിന്റെ മുന്‍നിരക്കാരില്‍ പ്രമുഖനായിരുന്നു; 'ഉഷ്‌ണമേഖല' അതിന്റെ വിളംബരവും.

'ഉഷ്‌ണമേഖല' ഒരു മാനസികാവസ്ഥയാണ്. അത് അസ്‌തിത്വവ്യഥയുടെ കൊടിമുടിയിലേറ്റപ്പെട്ട വ്യക്തി എത്തപ്പെടുന്ന ഇടങ്ങളിലെല്ലാം പിന്തുടരുന്നു. അയാളുടെ ജീവിതം ഉഷ്‌ണത്തില്‍നിന്ന് മുക്തമല്ല. ഏതെങ്കിലും ഒരു പ്രത്യയശാസ്‌ത്രത്തിന്റെ അടിയുറപ്പ് അയാളിലില്ല. ബലിഷ്‌ഠമായ ഒരു നിലപാടില്‍ ഉറച്ചുനില്‍ക്കാനുള്ള കരുത്ത് അയാള്‍ ആര്‍ജിച്ചിട്ടില്ല. സമഗ്രമായ ഒരു സാമൂഹ്യബോധം അയാളില്‍ രൂപപ്പെട്ടിട്ടില്ല. അതിനാല്‍ ആദര്‍ശനിഷ്‌ഠമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് 'ഉഷ്‌ണമേഖല'യിലെ ശിവന്‍ എന്നു പറയാനാവില്ല. 'ഉഷ്‌ണം' അയാളുടെ ദുര്‍ബലമായ മനസ്സ് രൂപപ്പെടുത്തിയെടുക്കുന്ന ഒരു അനുഭവവിശേഷം തന്നെയാണ്. ഏതെങ്കിലും ആദര്‍ശത്തിന്റെ പാകമില്ലായ്‌മയല്ല ശിവനെ ഉഷ്‌ണത്തില്‍നിന്ന് ഉഷ്‌ണത്തിലേക്ക് നയിക്കുന്നത്. അയാളുടെ വിഭ്രാന്തമായ മാനസികാവസ്ഥ തന്നെയാണ് അതിന് കാരണം. അതുകൊണ്ടുതന്നെ ആദര്‍ശവും ശിവന്റെ ജീവിതദുരന്തവും ചേര്‍ത്തുവച്ചുകൊണ്ടുള്ള പഠനങ്ങളെ അനര്‍ഥങ്ങള്‍ എന്നേ പറയാവൂ.

"ആദര്‍ശങ്ങള്‍ അര്‍ഥശൂന്യമായിത്തീര്‍ന്ന കാലഘട്ടത്തിലെ ഏകാകിയായ മനുഷ്യന്റെ ദുരന്തമാണ് 'ഉഷ്‌ണമേഖല'യിലെ പ്രമേയം'' എന്ന നിരീക്ഷണം (ഡോ. ജോര്‍ജ് ഓണക്കൂര്‍, 'ആധുനിക മലയാള സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ') ഇത്തരത്തിലേ പരിഗണിക്കാനാവൂ. ആദര്‍ശത്തെക്കാള്‍ സ്വാര്‍ഥത ഒരു ജ്വരംപോലെ പടര്‍ന്നേറുമ്പോള്‍ പൊതുജീവിതത്തെ കുടഞ്ഞുകളഞ്ഞ് ഒറ്റപ്പെടലിന്റെ തുരുത്തിലെത്തി ഉരുകിത്തീരുന്ന മനുഷ്യനാണ് 'ഉഷ്‌ണമേഖല'യില്‍ ആവിഷ്‌കരിക്കപ്പെടുന്നത് എന്ന് നിരീക്ഷിക്കുന്നതായിരിക്കും കൂടുതല്‍ ഉചിതം. നോവല്‍ ആദ്യന്തം പിന്തുടരുമ്പോള്‍ ലഭിക്കുന്ന അനുഭവവും മറ്റൊന്നല്ല.

വിപ്ളവപ്രസ്ഥാനത്തോടുള്ള ഒരു വ്യക്തിയുടെ ബന്ധം തുടങ്ങുന്നത് കഠിനമായ മനോസംഘര്‍ഷങ്ങളുടെ ഒടുവില്‍ എത്തിച്ചേരുന്ന ധീരമായ ഒരു നിലപാടില്‍നിന്നാണ്. വേദനിപ്പിക്കുന്ന ഒരുപാട് യാഥാര്‍ഥ്യങ്ങളെ അയാള്‍ക്ക് കുടഞ്ഞുകളയേണ്ടിവരും. വ്യക്തിപരമായ താല്‍പര്യങ്ങളെ ബലികഴിക്കേണ്ടിവരും. പ്രത്യക്ഷമായ ജീവിതകല്‍പനകളെ ഉപേക്ഷിക്കേണ്ടിവരും. ത്യാഗത്തിന്റെ പരിണിതഫലം പോലെ പിറവികൊള്ളുന്നതാണ് വിപ്ളവകാരിയുടെ ജീവിതം. ഇഹജീവിതത്തിലെ ഒരു അപരജന്മമായി അതിനെ കണക്കാക്കാം. വിപ്ളവകാരിയുടെ ജീവിതവഴികളില്‍ നിറയുന്നത് പരവതാനികളല്ല, കനല്‍ക്കട്ടകളാണ്. സഹനത്തിലൂടെയും സാഹസികതയിലൂടെയുമാണ് അത് സഞ്ചരിക്കുന്നത്. വിപ്ളവകാരിയുടെ ജീവിതചരിത്രം മഹാല്‍ഭുതം പോലെ പിന്‍തലമുറ ഏറ്റുവാങ്ങുന്നത് അതുകൊണ്ടാണ്. വിപ്ളവപ്രസ്ഥാനത്തിന്റെ ചരിത്രമോ വിപ്ളവകാരിയുടെ ജീവിതമോ അറിയാത്ത എഴുത്തുകാരനല്ല കാക്കനാടന്‍. എന്നിട്ടും വിപ്ളവപ്രസ്ഥാനത്തെക്കുറിച്ച് വികലമായ ചില കല്‍പനകളിലൂടെ അദ്ദേഹം സഞ്ചരിക്കുന്നത് അസ്‌തിത്വപരമായ തന്റെ കാഴ്‌ചപ്പാടുകള്‍ക്ക് മിഴിവേകാനല്ലാതെ മറ്റൊന്നാകാന്‍ വഴിയില്ല.

മാര്‍ക്‌സിസത്തെ ഒരു ദര്‍ശനമായി സ്വീകരിച്ചുകൊണ്ട്, ധീരമായി ജീവിതത്തെ നേരിടാന്‍ വിപ്ളവപ്രസ്ഥാനത്തിലേക്കിറങ്ങിവന്നയാളല്ല ശിവന്‍കുട്ടി. പഠിപ്പുകഴിഞ്ഞുള്ള ഒരു യുവാവിന്റെ തിളപ്പുള്ള സൌഹൃദം മാത്രമാണ് അയാള്‍ക്ക് വിപ്ളവം. അയാളുടെ നോട്ടങ്ങളിലും കേള്‍വികളിലും സ്‌പര്‍ശനങ്ങളിലുമെല്ലാം വിപ്ളവവിരുദ്ധതയാണ് ആദ്യമേ പ്രകടമാകുന്നത്.

"കിണറ്റുകരയില്‍ ഒരു വിളക്കു കണ്ടു. അവന്‍ അടുത്തു ചെന്നു.

'ശിവന്‍ചേട്ടാ'. വിളക്കില്‍ നിന്നു ചൂട്ടുകറ്റയ്‌ക്കു തീ പിടിപ്പിച്ചുകൊണ്ടിരുന്ന തെരേസ വിളിച്ചു.

അവന്‍ മിണ്ടിയില്ല.

'ഇതു ചേട്ടനുവേണ്ടിയാ' അവള്‍ കത്തിച്ച ചൂട്ട് ഉയര്‍ത്തിപ്പിടിച്ചു മുന്നോട്ടുവന്നു. അവളുടെ കവിളുകളിലേക്കും കണ്ണുകളിലേക്കും ചൂട്ടിന്റെ വെട്ടം പടര്‍ന്നു കയറി. അവളുടെ ബ്ളൌസ് കീറിയിരുന്നത് അവന്‍ കണ്ടു. ചൂട്ട് കൈയില്‍ വാങ്ങിയപ്പോള്‍ അവള്‍ ദീര്‍ഘമായി നിശ്വസിക്കുന്നത് അവന്‍ കേട്ടു. ഇരുട്ടിനു നടുവില്‍ ചൂട്ടിന്റെ വെളിച്ചം ചെറിയൊരു ദ്വീപുണ്ടാക്കിയിരുന്നു.'' ('ഉഷ്‌ണമേഖല', അധ്യായം 1 പുറം : 8)

തെരേസ പകര്‍ന്നുനല്‍കിയ സ്‌നേഹത്തിന്റെ ഉള്‍ക്കുളിര് ഏറ്റുവാങ്ങാന്‍ സ്വാര്‍ഥതയുടെ ഉഷ്‌ണത്തിലാണ്ടുകഴിഞ്ഞ ശിവന് കഴിയുമായിരുന്നില്ല. തന്റെ ജീവിതത്തെ ശിവന് വിട്ടുകൊടുത്തുകൊണ്ട് ആദര്‍ശനിഷ്‌ഠമായ ഒരു പ്രണയസാക്ഷാല്‍ക്കാരം നടത്താന്‍ തെരേസയ്‌ക്ക് കഴിയുന്നതായി നോവലില്‍ സൂചനയുണ്ട്. കാരണം തെരേസയുടെ കുടുംബത്തിന്റെ കമ്യൂണിസ്‌റ്റ് ബന്ധം ശിവന്റെ ബന്ധത്തോളം സ്വാര്‍ഥമായിരുന്നില്ല. അച്ഛന്‍ ലോപ്പസും അമ്മ മറിയയും സഹോദരങ്ങളുമെല്ലാം വിശ്വസിക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഒന്നിനുവേണ്ടിയായിരുന്നു. ആത്മാര്‍ഥത അവരുടെ വിശ്വാസപ്രമാണമായിരുന്നു.

വിപ്ളവപ്രസ്ഥാനത്തെ കയ്യൊഴിഞ്ഞിട്ടും സാമൂഹ്യയാഥാര്‍ഥ്യങ്ങളോട് പൊരുത്തപ്പെടാന്‍ കഴിയുന്നില്ല എന്നതാണ് ശിവനില്‍ വളരുന്ന ഉഷ്‌ണത്തിന് മറ്റൊരു കാരണം. വികാരങ്ങള്‍ പാപങ്ങളായിട്ടാണ് അയാളില്‍ പിറക്കുന്നത്. ഓരോന്നിന്റെ മുന്നിലും പാപബോധം അയാളെ വേട്ടയാടുകയാണ്. നാഗരികതയുടെ ശീതക്കാറ്റിലും അയാള്‍ക്ക് ഉഷ്‌ണിക്കേണ്ടിവരുന്നത് അതുകൊണ്ടാണ്. ശാരദ പകര്‍ന്നുനല്‍കിയ സ്‌നേഹം തട്ടിമാറ്റുമ്പോഴും അയാള്‍ക്ക് അവരോട് ഒരടുപ്പം കൂടിയുണ്ടാകുന്നു. പക്ഷേ തെരേസയെക്കുറിച്ചുള്ള ഓര്‍മ അയാളില്‍ ഒരു കുറ്റബോധംപോലെ പടര്‍ന്നേറുന്നു. ഒടുവില്‍ ശാരദയെ സ്വീകരിക്കാന്‍ മനസ്സ് സജ്ജമായപ്പോഴേക്കും അമ്മാവനാല്‍ അപഹരിക്കപ്പെട്ടവളാണ് താനെന്ന് അവള്‍ വെളിപ്പെടുത്തുകയാണ്. ഈ ബന്ധത്തില്‍നിന്ന് പിന്‍മാറാന്‍ അവള്‍ അപേക്ഷിക്കുകയാണ്.

'അതൃപ്‌തമായ വികാരങ്ങളുടെ അഗ്നിപര്‍വതമായ എന്റെ ശരീരവും അഗ്നിയില്‍ ശുദ്ധിചെയ്യപ്പെട്ട അകളങ്കമായ ആത്മാവും ഞാനങ്ങയ്‌ക്ക് സമര്‍പ്പിച്ചു' എന്ന ശാരദയുടെ വാക്കുകള്‍ അയാളെ വല്ലാത്ത മോഹഭംഗത്തിലാണെത്തിച്ചത്.
'ഉഷ്‌ണമേഖലയിലെ ഏറ്റവും ചൂടുകൂടിയ പ്രദേശത്ത്' അയാള്‍ എത്തിച്ചേരുകയാണ്.

ഒരു പെണ്ണിനെ സ്‌നേഹിക്കാനോ ഉള്‍ക്കൊള്ളാനോ പോയിട്ട് അംഗീകരിക്കാനുള്ള മാനസികബലം കൂടി ഇല്ലാത്തയാളാണ് ശിവന്‍. വിലാസിനിയുടെ ആഗ്രഹങ്ങളെ അയാള്‍ അവഗണിക്കുന്നതിന് കാരണം മറ്റൊന്നല്ല. മിസ്‌റ്റര്‍ ജോഗീന്ദറിന്റെ ഭാര്യ കാന്ത താന്‍ വിവാഹിതയല്ലായിരുന്നുവെങ്കില്‍ ശിവനെ മാത്രമേ വിവാഹം കഴിക്കൂ എന്ന് പറയുമ്പോള്‍ അയാള്‍ക്ക് ഉള്‍പ്പുളകം ഉണ്ടാകുന്നുണ്ട്. എന്നിട്ടും ഏകാന്തധന്യമായ ഒരു മുഹൂര്‍ത്തത്തില്‍ അവളുടെ ക്ഷണം മുഴുവന്‍ അയാള്‍ തള്ളിക്കളയുകയാണ്. അതും പൂര്‍ണമായ മനസ്സോടെയാണെന്ന് പറയാനാവില്ല. പാപബോധത്തിന്റെ ഉഷ്‌ണമേഖലയില്‍ അയാളുടെ ഇന്ദ്രിയങ്ങളെ തളര്‍ത്തുകയാണ് ചെയ്യുന്നത്. എന്നിട്ടും അബോധപൂര്‍വമായ ചില പ്രേരണകള്‍ അയാളിലും പ്രകടമാകുന്നതു കാണാം. കാന്ത തന്റെ പട്ടുസല്‍വാറിന്റെ സിപ്പഴിക്കാന്‍ ശിവനോട് പറയുമ്പോള്‍ ഒന്നും നിഷേധിക്കാനാവാതെ അയാള്‍ അനുസരിക്കുന്നതും അവളുടെ മുഖത്ത് വിറയ്‌ക്കുന്ന വിരല്‍കൊണ്ട് സ്‌പര്‍ശിക്കാന്‍ ശ്രമിക്കുന്നതും ശ്രദ്ധേയമാണ്. ആ സ്‌ത്രീ മറയില്ലാതെ തന്റെ വികാരങ്ങള്‍ പങ്കുവയ്‌ക്കുമ്പോള്‍ ഒരു ഭീരുവിനെപ്പോലെ അയാള്‍ ഓടിമറയുന്നതും കാണാം.

വശ്യമായി ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട് കാന്ത പറഞ്ഞു:

"മിസ്‌റ്റര്‍ നായര്‍, ഈ വീട്ടിലിപ്പോള്‍ മറ്റാരുമില്ല. നമ്മള്‍ രണ്ടുപേരുമേയുള്ളൂ. ആരോഗ്യവാനും സുമുഖനുമായ ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയായൊരു സ്‌ത്രീയും. ശീതകാലം. പുറത്ത് ഉഗ്രമായ തണുപ്പ്. ഉള്ളിലെ ഹീറ്ററിന്റെ സുഖദമായ ചൂട്. നല്ല വിരിപ്പിട്ട കിടക്ക. നിങ്ങളെന്തു ചെയ്യും?''

ശിവന്‍ നടുങ്ങി.

"ഞാന്‍... ഞാന്‍...'' അവന്‍ വിക്കി. ഒടുവിലവന്‍ ചാടിയെണീറ്റുകൊണ്ട് പറഞ്ഞു. "ഞാന്‍ പോകും.''

പ്രശ്‌നസങ്കീര്‍ണമായ വേളകളിലെല്ലാം വ്യക്തമായ നിലപാടുകളെടുക്കാന്‍ കഴിയാതെ ഓടിയൊളിക്കുന്ന യുവത്വമാണ് 'ഉഷ്‌ണമേഖല'യിലെ ശിവനിലൂടെ വെളിപ്പെടുന്നത്. വിപ്ളവപ്രസ്ഥാനത്തെ ഉപേക്ഷിക്കാന്‍ തീരുമാനിക്കുമ്പോള്‍ പോലും ആ ചഞ്ചലത്വം പ്രകടമാകുന്നതു കാണാം. സുഹൃത്തായ രാമകൃഷ്‌ണന്റെ വാദഗതികള്‍ക്കുമുന്നില്‍ അയാള്‍ ചൂളിപ്പോകുന്നു. കുടുംബത്തിന്റെ ദയനീയാവസ്ഥ തിരിച്ചറിയുന്നുണ്ടെങ്കിലും, ബന്ധങ്ങളുടെ തീവ്രതയല്ല മറിച്ച് അപരാധബോധവും പാപഭീതിയുമാണ് അയാളെ കുടുംബരക്ഷകനാക്കി മാറ്റുന്നത്. കുടുംബത്തിനുവേണ്ടിയാണ് നഗരജീവിതം വരിക്കുന്നതെങ്കില്‍, ആ കുടുംബത്തിലെത്തിച്ചേരാനുള്ള ഗൃഹാതുരമായ ഒരു അഭിനിവേശം അയാളില്‍ പ്രകടമാകേണ്ടതല്ലേ? തന്റെ സാന്നിധ്യം അവശ്യം ആവശ്യമായ ഘട്ടങ്ങളിലൊഴികെ ഒരിക്കല്‍പ്പോലും
പിറന്ന നാട്ടിലേക്കു വരാന്‍ അയാള്‍ തയ്യാറാകുന്നില്ല. അമ്മയോടും സഹോദരങ്ങളോടുമെല്ലാമുള്ള അയാളുടെ ബന്ധം തികച്ചും പാരമ്പര്യമായ കണക്കുതീര്‍ക്കലുകളില്‍നിന്ന് രൂപപ്പെടുന്നതാണ്. അല്ലെങ്കില്‍ പാപപരിഹാരാര്‍ഥമുള്ള ഒരു ബലിയാണ് അയാളുടെ കുടുംബസ്‌നേഹം.

അമ്മ പറഞ്ഞു:

"നിന്റെ ഇളയത്തുങ്ങള്‍ പഷ്‌ണി കിടക്കുന്നു. നിന്റെ അമ്മ മുണ്ട് മുറുക്കിയുടുത്തുനടന്ന് പണിയെടുക്കുന്നു. നിന്റെ അനിയത്തിമാര്‍ കീറപ്പാവാടയും കീറബ്ളൌസുമായി സ്‌കൂളില്‍ പോകുന്നു. നിന്റനിയന്‍ വിശന്നു കരയുന്നു. ഈ കുട്ടികള്‍ക്ക് വസ്‌ത്രവും ഭക്ഷണവും തരേണ്ടതാരാണ്? അവരെ നോക്കേണ്ടത് ആരാണ് ? അതും അച്ഛനില്ലാത്ത സമയത്ത്. ഇപ്പോള്‍ വാസ്‌തവത്തില്‍ അവരുടെ അച്ഛന്‍ നീയാണ്. അവര്‍ക്ക് നീയേ ഉള്ളൂ. പ്രസ്ഥാനത്തോടു നിനക്കുള്ള സ്‌നേഹം നല്ലതുതന്നെ. പക്ഷേ, ഞങ്ങളോടു നിനക്ക് ഒരു കടപ്പാടുമില്ലേ മോനേ, ഇല്ലേ.''

കരച്ചിലിനിടയിലും അമ്മ ഉണര്‍ത്തുന്നത് കടപ്പാടുകളുടെ കണക്കുകളാണ്. അതിലേ ശിവനെന്ന വിപ്ളവകാരിയെ വീഴ്ത്താനാവൂ എന്നവര്‍ക്ക് അറിയാം. കാരണം ബന്ധങ്ങള്‍ ശിവനെ സംബന്ധിച്ചിടത്തോളം തികച്ചും യാന്ത്രികമാണ്. ജോലി തേടി ഡല്‍ഹിയിലെത്തി. മാന്യമായ തൊഴില്‍ നേടി കടപ്പാടുകള്‍ വീട്ടി. സഹോദരിമാരായ ലീലയെയും വനജയെയും വിവാഹം കഴിപ്പിച്ചു. അനുജന്‍ കേശവന്‍കുട്ടിക്ക് പഠനത്തിന് പണം നല്‍കി. പക്ഷേ അവന്റെ പഠനം എന്തായെന്ന് ചോദിക്കാനോ അറിയാനോ അയാള്‍ ശ്രമിക്കുന്നില്ല. അമ്മയുടെ സുഖവിവരം പോലും അയാള്‍ ആരായുന്നില്ല. കടപ്പാടുകള്‍ക്കുവേണ്ടി ബലിയാടായ മനുഷ്യന്റെ മൃതശരീരവുമായിട്ടാണ് താന്‍ ജീവിക്കുന്നതെന്ന് അയാള്‍ കൂടെക്കൂടെ ഉരുവിടുന്നുണ്ട്. തനിക്കുവേണ്ടി രക്തസാക്ഷിയായ കരുണന്റെ കുടുംബത്തെ സഹായിക്കുന്നതില്‍പോലും ഒരു പാപപരിഹാരത്തമല്ലാതെ മറ്റൊന്നില്ല.

കേശവന്‍കുട്ടി മുന്നോട്ടുവയ്‌ക്കുന്ന വിപ്ളവതത്വങ്ങളെ ഉള്‍ക്കൊള്ളാനുള്ള മാനസികബലം ഇല്ലാത്തയാളാണ് ശിവന്‍കുട്ടി. തന്റെ ഔദാര്യത്താല്‍ വളര്‍ന്നവന് വിപ്ളവകാരിയായി മാറാനുള്ള യോഗ്യത ഇല്ലെന്ന യാഥാസ്ഥിതിക മനോഭാവമാണ് ശിവനെ നയിക്കുന്നത്. അത് തുറന്നുപറയാന്‍പോലും അയാള്‍ തയ്യാറാകുന്നു. കടപ്പാടിന്റെ ചൂണ്ടയില്‍ കുരുക്കപ്പെട്ട തന്നെപ്പോലെയാകണം അനുജനും എന്നാണ് അയാള്‍ വിശ്വസിക്കുന്നത്. പക്ഷേ ഔദാര്യങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്ന കേശവന്‍കുട്ടിക്ക് രാഷ്‌ട്രീയത്തെ സംബന്ധിച്ച് ഉയര്‍ന്ന കാഴ്‌ചപ്പാടുണ്ട്. എഴുപതുകളില്‍ കേരളത്തില്‍ തിരനോട്ടം നടത്തിയ നക്സലിസ്‌റ്റ് പ്രസ്ഥാനത്തിന് ആദര്‍ശാത്മകരൂപം പകരുകയാണ് കാക്കനാടന്‍ കേശവന്‍കുട്ടിയിലൂടെ. തീവ്രാവേശവും അരാജകതയും യുവാക്കളില്‍ കുത്തിനിറയ്‌ക്കുന്നതില്‍ നമ്മുടെ ആധുനിക എഴുത്തുകാര്‍ വഹിച്ച പങ്ക് ഇവിടെ പ്രത്യേകം പ്രസ്‌താവ്യമാണ്.

കേശവന്‍കുട്ടി വര്‍ധിച്ച ആവേശത്തോടെ പറഞ്ഞു.

"ഞങ്ങള്‍ ചത്താല്‍ ചാവട്ടെ. ഞങ്ങളുടെ മൃതദേഹങ്ങള്‍ വീണുകിടക്കുന്ന ചാവുനിലത്തുനിന്ന് പുതിയ ശക്തികള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും. അവര്‍ പ്രസ്ഥാനത്തെ നയിക്കും. അവര്‍ വിപ്ളവം നടത്തും. അവര്‍ വിജയിക്കും. വിത്തു പാകുക മാത്രമാണ് ഞങ്ങളുടെ ഉദ്ദേശ്യം. ബാക്കി ഞങ്ങളുടെ പിന്‍മുറക്കാര്‍ നോക്കിക്കൊള്ളും.''

കേശവന്‍കുട്ടിമാരുടെ തീവ്രാവേശത്തിരകള്‍ക്ക് കാറ്റ് പകരുന്ന നോവലിസ്‌റ്റ് അയഥാര്‍ഥത്തിന്റെ ഭൂമികയിലാണ് വിപ്ളവപ്രസ്ഥാനങ്ങളെ പ്രതിഷ്‌ഠിക്കുന്നത് എന്ന കാര്യം വിസ്‌മരിക്കുകയാണ്. യാഥാര്‍ഥ്യത്തെ തിരിച്ചറിയുന്നവരെ 'റെനിഗേഡുകള്‍' എന്നു വിളിക്കാന്‍ പ്രേരിപ്പിക്കുന്നതും മറ്റൊന്നല്ല.

'സ്വന്തം കാര്യലാഭത്തിനുവേണ്ടി, തടി രക്ഷിക്കാന്‍വേണ്ടി പ്രസ്ഥാനത്തെ വിട്ടകന്നോടിയ ഒരു 'റെനിഗേഡിന്റെ' ജീവിതത്തെ മുന്‍നിറുത്തി ഒരു പ്രസ്ഥാനത്തിന്റെ ഗുണദോഷവിചിന്തനം നടത്താന്‍ 'ഉഷ്‌ണമേഖല'യിലൂടെ ശ്രമിക്കുന്നതാണ് ഈ നോവലിന്റെ പ്രധാന പരാജയങ്ങളിലൊന്ന്. ജനാധിപത്യത്തിലേക്ക് പ്രവേശിച്ച പ്രസ്ഥാനത്തിന് സംഭവിച്ച ചില്ലറ അപചയങ്ങളെയും, വിപ്ളവത്തിലേക്ക് എത്തിച്ചേരുന്നവര്‍ക്കുണ്ടാകുന്ന വൈയക്തിക ദുരന്തങ്ങളെയും സാമാന്യവല്‍ക്കരണത്തിന് വിധേയമാക്കുന്നു എന്ന വലിയ പോരായ്‌മയും ഇവിടെ നിഴലിക്കുന്നുണ്ട്. ഇതിനു പകരമായി ഹിംസയുടെ തത്വശാസ്‌ത്രത്തെ പ്രതിഷ്‌ഠിക്കാനുള്ള ബുദ്ധിപരമായ തന്ത്രങ്ങളും ഇവിടെ പരീക്ഷിക്കപ്പെടുന്നുണ്ട്. സൂക്ഷ്മമായി നോക്കുമ്പോള്‍ രാഷ്‌ട്രീയമായ ഒരുറപ്പില്ലായ്‌മയാണ് 'ഉഷ്‌ണമേഖല'യുടെ രചനാവേളയില്‍ കാക്കനാടെനെന്ന നോവലിസ്‌റ്റിനെ നയിച്ചിരുന്നത്. ആശയപരമായ ശൈഥില്യം കാക്കനാടന്റെ ഒട്ടുമിക്ക നോവലുകളിലും പ്രകടമാണെന്ന കെ. പി. അപ്പന്റെ നിരീക്ഷണം 'ഉഷ്‌ണമേഖല'യ്‌ക്കും ബാധകമായിത്തീരുന്നുണ്ട്.

"നിര്‍മാണവേളയില്‍ നോവലിസ്‌റ്റായ കാക്കനാടന്‍ പലപ്പോഴും ശിഥിലസമാധിയിലാണ്... നിര്‍ഭാഗ്യകരമായ വിശുദ്ധബലിയെ അനുസ്‌മരിക്കുംമട്ടില്‍ നിര്‍മാണവേളയില്‍ അദ്ദേഹം ശിഥിലസമാധിയില്‍ അകപ്പെടുന്നു.'' (കെ. പി. അപ്പന്‍, 'മാറുന്ന മലയാള നോവല്‍')

അതെ, ദാര്‍ശനികമായ ഇച്ഛാശക്തിയില്ലായ്‌മയില്‍നിന്ന് രൂപംകൊണ്ട രാഷ്‌ട്രീയ സങ്കല്‍പങ്ങളാണ് 'ഉഷ്‌ണമേഖല'യെ സൃഷ്‌ടിച്ചിരിക്കുന്നത്. റെനിഗേഡിന്റെ ഗതികേടുകളാണ് ഇതിലെ പ്രതിപാദ്യവിഷയം. അതുകൊണ്ടുതന്നെയാണ് 'ഉഷ്‌ണമേഖല'യ്‌ക്ക് നല്ല രാഷ്‌ട്രീയമനസ്സുകളെ കടന്നാക്രമിക്കാന്‍ കഴിയാതെപോയത്.

*****


ഡോ. സി. ഉണ്ണികൃഷ്‌ണന്‍

കടപ്പാട് : ഗ്രന്ഥാലോകം ഒക്‌ടോബര്‍ 2010

അധിക വായനയ്‌ക്ക് :

1.
ദൈവം സ്നേഹിക്കുന്ന എഴുത്തുകാരന്‍ എം മുകുന്ദൻ
2. അക്രമാസക്തമായ രചന കെ.പി. അപ്പന്‍
3. കാക്കനാടന്റെ വരവ് പ്രസന്നരാജന്‍
4. കാക്കനാടന്റെ ആഖ്യാനകല ഡോ:എസ്.എസ്. ശ്രീകുമാര്‍
5. പൂര്‍ണതതേടിയുള്ള പ്രയാണം കാക്കനാടനുമായുള്ള അഭിമുഖം
6. റെനിഗേഡിന്റെ ഗതികേടുകള്‍ ഡോ. സി. ഉണ്ണികൃഷ്‌ണന്‍
7. അക്ഷരങ്ങളിലെ ഏഴാംമുദ്ര വി. ബി. സി. നായര്‍
8. രതിയുടെ ആനന്ദലഹരി ഡോ. ഇ. ബാനര്‍ജി
9. കാക്കനാടന്‍ സാക്ഷ്യപ്പെടുത്തുന്നത്... ഡോ. ആര്‍.എസ്. രാജീവ്
10. ശ്രീചക്രം കാക്കനാടന്‍
11. പത്മവ്യൂഹത്തിലെ അഭിമന്യു ഡോ. എ. അഷ്റഫ്
12. ആധുനികതയിലെ വ്യവസ്ഥാപിത ജീവിതം വിജു നായരങ്ങാടി
13. കൊല്ലം പഠിപ്പിച്ചത് കാക്കനാടന്‍
14.
കാക്കനാടന്‍ - ജീവിതരേഖ