യൂറോപ്പിന്റെ അസ്‌തിത്വവ്യാകുലതയാണെങ്കിലും ഭാരതീയന്റെ അദ്വൈതാനന്ദമാണെങ്കിലും കാക്കനാടനന്റെ സാഹിത്യത്തില്‍ അവ തിരിച്ചറിയപ്പെടുന്നത് കേരളീയ പരിസരങ്ങളിലാണ്. ഡോണ്‍ നദിക്കരയിലെ മനുഷ്യജീവിതത്തെക്കുറിച്ചെഴുതിയ മിഖായേല്‍ ഷോളോഖോവ് പമ്പയുടെയും കാവേരിയുടെയും ഗംഗയുടെയും തീരങ്ങളെക്കുറിച്ചു കൂടിയാണ് എഴുതിയത് എന്നു വിശ്വസിക്കുന്ന കാക്കനാടന്റെ ആദ്യം പ്രസിദ്ധദ്ധീകരിച്ച നോവലാണ് 'സാക്ഷി'. ആദ്യം എഴുതിയ നോവല്‍ 'വസൂരി'യാണെങ്കിലും പുസ്‌തകമാക്കിയത് 'സാക്ഷി'യാണെന്നത് യാദൃച്‌ഛികമല്ല. ഒരു എഴുത്തുകാരന്റെ ദാര്‍ശനികവ്യക്തിത്വത്തെ ചിഹ്നപ്പെടുത്തുന്നതിന് ആദ്യകൃതിയും അവസാനകൃതിയും ഒരുപോലെ പങ്കുവഹിക്കുന്നു. ആദ്യനോവലുകളായ 'സാക്ഷി'യും 'വസൂരി'യും കാക്കനാടന്റെ ജീവിതനിലപാടുകളിലേക്കുള്ള പാതകളായി മാറുന്നുണ്ട്.
എല്ലാത്തിനും സാക്ഷിയായി, ഒന്നിലും ഇടപെടാതെ, വരുംവരായ്‌കകളെക്കുറിച്ച് ചിന്തിക്കാതെ, ഒരു പൊങ്ങുതടിപോലെ ജീവിതത്തില്‍ താണും പൊങ്ങിയും ഒഴുകുന്ന നാരായണന്‍കുട്ടിയാണ് 'സാക്ഷി'യിലെ സാക്ഷി. ഒരു സുഹൃത്തില്‍നിന്നും കിട്ടിയ കഥാബീജം ഉപയോഗിച്ച് എഴുതിയതാണ് ഈ നോവല്‍. മലയാറ്റൂര്‍- വേരുകള്‍, എം.ടി - നാലുകെട്ട്, പൊറ്റക്കാട് - ഒരു ദേശത്തിന്റെ കഥ തുടങ്ങിയ പൊരുത്തപ്പെടുത്തലുകളില്‍ അഭിരമിക്കുന്ന വായനക്കാര്‍ നാരായണന്‍കുട്ടിയില്‍ നിന്ന് കാക്കനാടനിലേക്കുള്ള ദൂരം അളക്കാന്‍ ശ്രമിക്കുന്നുണ്ടാകാം. "എഴുത്തില്‍ പേഴ്‌സനല്‍ ഇന്‍വോള്‍വ്മെന്റ് കൂടുതല്‍ കലരാറില്ല''1 എന്ന് പറഞ്ഞുകൊണ്ട് (അഭിമുഖം: എസ്. സുധീശന്‍) അതിന്റെ സാധ്യത അദ്ദേഹം തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്. കാക്കനാടനും സുഹൃത്തുക്കള്‍ക്കും മദ്യം വാങ്ങിക്കൊടുക്കുകയും സാമ്പത്തികമായി സഹായിക്കുകയും ചെയ്‌തിരുന്ന, ഒരു കള്ളുകുടി സങ്കേതത്തില്‍ വച്ച് കൊല്ലപ്പെട്ട, സുഹൃത്താണ് 'സാക്ഷി'യുടെ രചനയ്‌ക്ക് പ്രചോദനം.
ആല്‍ബേര്‍ കാമുവിന്റെ 'ഔട്ട് സൈഡറു'മായി തന്റെ നോവലിനെ താരതമ്യപ്പെടുത്തുന്നത് കാക്കനാടന്‍ ഇഷ്‌ടപ്പെടുന്നില്ല. "ദുരന്താനുഭവങ്ങള്‍ ഉറഞ്ഞുകൂടി ഒരു ഔട്ട്സൈഡര്‍ എങ്ങനെ രൂപപ്പെടുന്നുവെന്നതാണ് എന്റെ 'സാക്ഷി'. ഔട്ട്സൈഡറായി മാറിയ ആള്‍ എങ്ങനെ പെരുമാറുന്നു എന്നതാണ് കാമുവിന്റെ നോവല്‍'' എന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
നാരായണന്‍കുട്ടി, കിട്ടുക്കുറുപ്പ്, ഇന്ദ്രപാലന്‍, സര്‍ക്കാര്‍, മാര്‍ത്ത, റിച്ചാര്‍ഡ്, ചന്ദ്രന്‍, രാധാകൃഷ്‌ണന്‍, പൊന്നയ്യാ നാടാര്‍, റീത്ത, ഡിപന്ന തുടങ്ങി അനേകം കഥാപാത്രങ്ങളിലൂടെ നിറയുന്ന ജീവിതമാണ് 'സാക്ഷി'യിലേത്. എന്നാല്‍ ആത്യന്തികമായി തെളിഞ്ഞുകാണുന്നത് ഒരാള്‍ മാത്രം. നാരായണന്‍കുട്ടി മാത്രം. പിന്നെ ഒരു നിഴല്‍പോലെ, അസ്വസ്ഥതപോലെ, മരണവും. "തികച്ചും അര്‍ഥശൂന്യമായ ഒരേര്‍പ്പാടിന്റെ അര്‍ഥപൂര്‍ണമായ വിരാമമാണ് മരണം. അതു സ്വപ്‌നമല്ല. സങ്കല്‍പമല്ല. സത്യമാണ്. യാഥാര്‍ഥ്യമാണ്. അതിനെത്തുടര്‍ന്ന് ഇല്ലാത്ത അവസ്ഥ. ഇല്ലായ്‌മ. അപ്പോള്‍ ഇല്ലായ്‌മയാണ് യാഥാര്‍ഥ്യം. അര്‍ഥശൂന്യമായ ജീവിതത്തെക്കാള്‍ എത്രയോ മഹത്താണ് അതില്ലാത്ത അവസ്ഥ.'' 'സാക്ഷി' വ്യക്തമാക്കുന്ന ഈ കാഴ്‌ചപ്പാട് അനാരോഗ്യകരമാണ്. എന്നാല്‍ മരണവും അതുണ്ടാക്കുന്ന ഉദ്വിഗ്നതയും ഒരുഗ്രസ്‌തതയായി ചൂഴ്ന്നുനില്‍ക്കുമ്പോള്‍ നാരായണന്‍ക്കുട്ടിയെ സൃഷ്‌ടിക്കാന്‍ അങ്ങനെയേ കഴിയുകയുള്ളൂ. കാല്‍പനികമായ വികാരങ്ങളുടെ പൂര്‍ണനിരാസവും ജീവിതയാഥാര്‍ഥ്യങ്ങളോടുള്ള യഥാതഥ സമീപനവും നാരായണന്‍കുട്ടിയുടെ സവിശേഷതകളാണ്. നാരായണന്‍കുട്ടി തെളിച്ചുതരുന്ന ജീവിതപ്പാതകള്‍ ഒരു പൊതുസമൂഹത്തിന്റെ നൈതികസങ്കല്‍പങ്ങളില്‍നിന്ന് വ്യത്യസ്‌തവും കലാപകലുഷിതവും ആണ്. അതില്‍ ഈ എഴുത്തുകാരന്‍ പശ്ചാത്തപിക്കുന്നുമില്ല.
'സാക്ഷി'യും 'ഏഴാംമുദ്രയും' 'അജ്ഞതയുടെ താഴ്വരയും' കാക്കനാടന്റെ ഏറ്റവും മികച്ച രചനകളായി കണക്കാക്കുന്ന കെ.പി. അപ്പന്‍ "മലയാളനോവലില്‍ ആദ്യമായി അക്രമത്തെ ഭാഷയിലും ദര്‍ശനബോധത്തിലും വീര്യത്തോടെ കലര്‍ത്തിയത് കാക്കനാടന്‍''2 ആണെന്ന് നിരീക്ഷിച്ചിട്ടുണ്ട്. 'സാക്ഷി'യെ ഒരു കാല്‍പനികവിരുദ്ധ നോവല്‍ എന്നു വിശേഷിപ്പിക്കാം. സ്‌ത്രീപുരുഷ ബന്ധത്തെ ഇത്രയും അകാല്‍പനികമായി ചിത്രീകരിച്ച മറ്റൊരു നോവല്‍ ഇല്ല. പരമ്പരാഗതസങ്കല്‍പത്തിലുള്ള അടുക്കും ചിട്ടയും ഒഴിവാക്കിയുള്ള ഒരു രചനാരീതിയാണ് സാക്ഷിയുടെ രചനയില്‍ സ്വീകരിച്ചിരിക്കുന്നത്. ബോധധാരാസങ്കേതത്തിന്റെ സാധ്യതകള്‍ 'സാക്ഷി'യില്‍ നന്നായി ഉപയോഗിക്കുന്ന കാക്കനാടന്‍ തന്റെ ഭാഷയിലെയും ശൈലിയിലെയും കാല്‍പനികവിരുദ്ധതയെ ന്യായീകരിക്കുന്നു: "നമ്മുടെ പഴയ സങ്കല്‍പത്തിലുള്ള റൊമാന്റിക് ഭാഷയുണ്ടല്ലോ. ഒരുതരം മെഴുമെഴാന്നുള്ള എഴുത്ത്. എനിക്ക് പറ്റില്ലെന്ന് ആദ്യമേ തോന്നി. ലൈഫിനെ ഡീല്‍ ചെയ്യുമ്പോള്‍ ചിലപ്പോള്‍ വളരെ പരുക്കനായി എഴുതേണ്ടിവരും. അതിന് പറ്റിയ ഭാഷ ഉപയോഗിക്കേണ്ടിവരും.''
മരണത്തെ മുന്‍നിറുത്തി ജീവിതത്തെ സമീപിച്ച നാരായണന്‍കുട്ടി എന്ന മനുഷ്യനെ 'സാക്ഷി'യുടെ ഘടനയില്‍ ആദ്യന്തം എഴുത്തുകാരന്‍ നിലനിറുത്തുന്നു. മരണം അര്‍ഥശൂന്യമാക്കുന്ന ജീവിതത്തെ, മനുഷ്യബന്ധങ്ങള്‍ക്ക് ശാശ്വതമായ ഒരു മൂല്യവും ഇല്ലെന്ന വിശ്വാസത്തെ, നാരായണന്‍കുട്ടി അടയാളപ്പെടുത്തുന്നു. സാന്തിയാഗോയിലൂടെ ഹെമിങ്‌വേയും ഗ്രിഗര്‍സാംസയിലൂടെ കാഫ്‌കയും പങ്കുവച്ച ചിന്താവ്യാകുലതകള്‍ തന്നെയാണ് നാരായണ്‍കുട്ടിയിലൂടെ കാക്കനാടനും പങ്കുവയ്‌ക്കുന്നത്. ജീവിതത്തിന്റെ നിര്‍ണായകഘട്ടങ്ങളില്‍ മനുഷ്യന്‍ എന്നും ഒറ്റയ്‌ക്കാണ്. അവന് ബന്ധുക്കളോ സുഹൃത്തുക്കളോ ആരും തുണയാകില്ല. ഈ തിരിച്ചറിവാണ് എല്ലാ മനുഷ്യബന്ധങ്ങളേയും ഒരു നിര്‍വികാരമായ ചിരിയോടെ പുച്‌ഛിച്ചു തള്ളാന്‍ നാരായണന്‍കുട്ടിയെ പ്രേരിപ്പിച്ചത്. കിട്ടുക്കുറുപ്പിന്റെ മരണത്തിനായി കാത്തുമടുത്ത നാരായണന്‍കുട്ടിയുടെ വാക്കുകള്‍ മലയാളനോവല്‍ സാഹിത്യത്തിലെ ഒറ്റപ്പെട്ട ശബ്‌ദമാണ്.
"വല്ലാത്ത് ബോറ്.
ഇയാള്‍ക്കൊന്നു ചത്തു കൂടേ?
ഈ മനുഷ്യന്റെ പേര് കോയിക്കല്‍ കിട്ടുക്കുറുപ്പ് എന്നാണ്.... ലോകത്താരോടെങ്കിലും ബഹുമാനം തോന്നിയിട്ടുണ്ടെങ്കില്‍ അത് ഈയാളോടാണ്. അച്‌ഛനായതു കൊണ്ടല്ല.
കാരണങ്ങള്‍ മറ്റുപലതുമുണ്ട്.''
മരണത്തിനു മാത്രമാണ് നാരായണന്‍കുട്ടിയെ തോല്‍പിക്കാന്‍ കഴിഞ്ഞത്. മരണത്തിനു മാത്രമാണ് മനുഷ്യനെ തോല്‍പിക്കാന്‍ കഴിയുന്നത്. റീത്ത മരിച്ചപ്പോഴും സ്വാഭാവികമായി നാരായണന്‍കുട്ടിക്ക് പ്രത്യേകിച്ച് വികാരമൊന്നും ഉണ്ടായില്ല. എങ്കിലും പരാജയപ്പെടുത്താന്‍ കഴിയാത്ത ഒരു ശത്രുവിനെ നേരിടുന്നു എന്ന് നാരായണന്‍കുട്ടിക്ക് തോന്നി.
"മരണം. അവനാണ് നാരായണന്‍കുട്ടിയെ തോല്‍പിച്ചത് '' എന്ന ഒരു കീഴടങ്ങല്‍ അയാളുടെ ബോധത്തെ അസ്വസ്ഥമാക്കി. നാരായണന്‍കുട്ടിയുടെ നിര്‍മമതയ്‌ക്കേറ്റ ഒരു പ്രഹരമായിരുന്നു അത്.
നാരായണന്‍കുട്ടി നിര്‍വികാരനായിട്ടാണ് പലപ്പോഴും പ്രതികരിക്കുന്നത്. അത് ഒരു ഋഷിയുടെ നിര്‍മമതയല്ല. മരണം ഉണ്ടാക്കുന്ന ഉദ്വിഗ്നതയില്‍ നിന്നുണ്ടാക്കുന്ന ഒരു തരം മടുപ്പാണത്. അതിരൂക്ഷമായ പരിഹാസത്തിലൂടെ സമകാലത്തിന്റെ കാപട്യങ്ങളെ കാക്കനാടന്‍ പരിഹസിക്കുന്നു.
"നിലവിളികേട്ടാല്‍ അവനവനാണ് ചത്തതെന്നു തോന്നും. ഗുണഗണങ്ങള്‍ പറയുന്നത് കേട്ടാല്‍ സഹിക്കില്ല.
മരിച്ചുകഴിഞ്ഞാല്‍ ഉടനടി കിട്ടുക്കുറുപ്പ് നല്ലവനാവും. തങ്കപ്പെട്ട മനുഷ്യന്‍, പരോപകാരി, മാതൃകാപുരുഷന്‍, സല്‍ഗുണസമ്പന്നന്‍...
ചത്തില്ലെന്ന് വയ്‌ക്കുക. ദുഷ്‌ടന്‍, നീചന്‍, അധമന്‍, ക്രൂരന്‍, കണ്ണില്‍ ചോരയില്ലാത്തവന്‍, അറുത്ത കൈയ്‌ക്ക് ഉപ്പിടാത്തവന്‍''.
മരിക്കുമെന്ന് നാരായണന്‍കുട്ടി കരുതിയ സമയത്തൊന്നും കിട്ടുക്കുറുപ്പ് മരിച്ചില്ല. നിനച്ചിരിക്കാത്ത സമയത്ത് അയാള്‍ മരിച്ചപ്പോള്‍ നാരായണന്‍കുട്ടി പ്രതികരിച്ചത് "മിടുക്കന്‍, നാരായണന്‍ കുട്ടിയെ പറ്റിച്ചുകളഞ്ഞു'' എന്നാണ്.
അച്‌ഛന്റെ മരണത്തെ ക്രൂരമായ നിസ്സംഗതയോടെ സമീപിക്കുന്ന ഈ മകന്‍ കാക്കനാടന്റെ നോവലുകളില്‍ ആകെത്തന്നെ ഒറ്റപ്പെട്ടുനില്‍ക്കുന്ന ഒരു കരുത്തനാണ്. നാറാണത്തു ഭ്രാന്തന്റെ ജീവിതത്തിന് സമാനമായ, ആവര്‍ത്തനവിരസമായ പ്രവര്‍ത്തനങ്ങള്‍കൊണ്ട് തള്ളിനീക്കുന്ന, ഒരര്‍ഥശൂന്യമായ ജീവിതത്തില്‍നിന്ന് രക്ഷപ്പെടാനായി സ്വന്തം തിരഞ്ഞെടുപ്പുകളിലൂടെ ജീവിതം സാര്‍ഥകമാക്കാന്‍ ശ്രമിക്കുന്ന നാരായണന്‍കുട്ടിക്ക് മരണത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മാത്രമാണ് അസ്വസ്ഥത ഉണ്ടാകുന്നത്.
പ്രാപഞ്ചികമായ എല്ലാ ബന്ധങ്ങളെയും ബന്ധനങ്ങളായി നാരായണന്‍കുട്ടി കാണുന്നു. ജീവിതത്തിന്റെ സുഖദുഃഖങ്ങളില്‍ എല്ലാം മരണത്തിന്റെ സാന്നിധ്യം ദര്‍ശിക്കുന്ന ഈ എഴുത്തുകാരന്‍ കാറ്റിന് പെണ്ണിന്റെയും മദ്യത്തിന്റെയും മരണത്തിന്റെയും മണമാണെന്ന് കണ്ടെത്തുന്നു. സ്‌ത്രീ - മദ്യം - മരണം ഇവ വര്‍ണിക്കുമ്പോള്‍ കാക്കനാടന്റെ പ്രതിഭ അതിന്റെ സമഗ്രസ്വാതന്ത്ര്യം ഉപയോഗിക്കുന്നു. കപടസദാചാരവാദികളെ പടിക്കു പുറത്തു നിറുത്തുന്നു.
"സ്‌ത്രീയാണ് പരമമായ സത്യം. എല്ലാ തത്വചിന്തകളും അവളില്‍ അവസാനിക്കുന്നു. ഒരു ദൈവവും അവളോളം വലുതല്ല. വേദാന്തത്തിന്റെ തലപ്പത്തെത്തുമ്പോള്‍ സ്‌ത്രീ ആരംഭിക്കുന്നു.'' എന്ന നാരായണകുട്ടിയുടെ ദാര്‍ശനിക തിരിച്ചറിവില്‍ കാക്കനാടന്റെ വൈകാരിക നിലപാടുകള്‍ ഉണ്ടോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഒരു എഴുത്തുകാരന്‍ തന്റെ സജീവ സര്‍ഗപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ ഇത്തരമൊരു സര്‍ഗാത്മകധീരത പുലര്‍ത്താനും ഒരു സമഗ്രസ്വാതന്ത്ര്യം പ്രകടിപ്പിക്കാനും തയ്യാറായി എന്നതാണ് ശ്രദ്ധേയം.
സുഖത്തിനും ദുഃഖത്തിനും മധ്യേ ലാഭത്തിനും ചേതത്തിനും മധ്യേ ഒരു സ്ഥിതപ്രജ്ഞത്വം തേടുന്ന കാക്കനാടന്റെ വ്യക്തിസത്തയുടെ ഭാവനാത്മകമായ രൂപാന്തരപ്രാപ്‌തി തന്നെയാണ് നാരായണന്‍കുട്ടി. അത്തരമൊരു തലത്തിലേക്ക് പോകാന്‍ നാം നമ്മുടെ മനസ്സിനെ സജ്ജമാക്കുമ്പോള്‍ ഓര്‍മവരിക കാക്കനാടന്റെ തന്നെ വാക്കുകളാണ്. "ഒരു ജിപ്‌സിയോട്, അല്ലെങ്കില്‍ ഇന്ത്യന്‍ പതിപ്പായ ഒട്ടനോട് 'നാടെവിടെ' എന്നു ചോദിച്ചാല്‍ അവന്‍ വലഞ്ഞുപോകും. അവനാണ് ഞാന്‍. വേരുകളില്ലാത്തവന്‍.''
ലോകമെങ്ങും വേരുകള്‍ പടര്‍ത്താന്‍ - തിരുച്ചി, മദിരാശി, ദില്ലി, ജര്‍മനി - കാക്കനാടനു കഴിഞ്ഞത് ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. സര്‍വവിധസങ്കുചിത്വങ്ങളെയും അകറ്റിനിറുത്തി, പൊതുജീവിതത്തിലും സ്വകാര്യജീവിതത്തിലും സാഹിത്യജീവിതത്തിലും സത്യസന്ധത പുലര്‍ത്തി, കാക്കനാടന്‍ നമ്മുടെ സമൂഹത്തില്‍ വേറിട്ട ഒരു വ്യക്തിത്വം പുലര്‍ത്തി നില്‍ക്കുന്നു.
ഭാരതീയ വേദാന്തസാരവും അസ്‌തിത്വദര്‍ശനവും അസംബന്ധവാദവും ഒരുപോലെ ഈ എഴുത്തുകാരന്റെ ജീവിതത്തെ സ്വാധീനിക്കുന്നു. നാറാണത്തുഭ്രാന്തനെയും സിസിഫസിനെയും പ്രണയിക്കുമ്പോള്‍ത്തന്നെ കാമുവിനെയും കാഫ്‌കയെയും സാര്‍ത്രിനെയും മനസ്സിന്റെ ഒരു കോണില്‍ സ്വസ്ഥമായിരിക്കാന്‍ കാക്കനാടന്‍ അനുവദിച്ചു. ഇവയൊന്നും തന്റെ കൃതികളില്‍ ഒരു സജീവസാന്നിധ്യമാകാനോ ബാധ്യതയാകാനോ സമ്മതിക്കാതെ ഒരു തനി മലയാളിയായി നിന്നുകൊണ്ട് തന്റെ ധൈഷണികവും വൈകാരികവും ആയ നിലപാടുകളെ സര്‍ഗപ്രക്രിയയിലൂടെ ഈ എഴുത്തുകാരന്‍ സാധൂകരിച്ചു. 'സാക്ഷി' അതിന്റെ സാക്ഷ്യപത്രമായി മാറുന്നു.
ഗ്രന്ഥസൂചന
1. സാംസ്കാരികവികാരം - മാര്‍ച്ച് 2002
2. മാറുന്ന മലയാള നോവല്‍ - കെ.പി. അപ്പന്‍
*****
ഡോ. ആര്‍.എസ്. രാജീവ്
കടപ്പാട് : ഗ്രന്ഥാലോകം ഒക്‌ടോബര്‍ 2010
അധിക വായനയ്‌ക്ക് :
1. ദൈവം സ്നേഹിക്കുന്ന എഴുത്തുകാരന്‍ എം മുകുന്ദൻ
2. അക്രമാസക്തമായ രചന കെ.പി. അപ്പന്‍
3. കാക്കനാടന്റെ വരവ് പ്രസന്നരാജന്‍
4. കാക്കനാടന്റെ ആഖ്യാനകല ഡോ:എസ്.എസ്. ശ്രീകുമാര്‍
5. പൂര്‍ണതതേടിയുള്ള പ്രയാണം കാക്കനാടനുമായുള്ള അഭിമുഖം
6. റെനിഗേഡിന്റെ ഗതികേടുകള്‍ ഡോ. സി. ഉണ്ണികൃഷ്‌ണന്‍
7. അക്ഷരങ്ങളിലെ ഏഴാംമുദ്ര വി. ബി. സി. നായര്‍
8. രതിയുടെ ആനന്ദലഹരി ഡോ. ഇ. ബാനര്‍ജി
9. കാക്കനാടന്‍ സാക്ഷ്യപ്പെടുത്തുന്നത്... ഡോ. ആര്‍.എസ്. രാജീവ്
10. ശ്രീചക്രം കാക്കനാടന്‍
11. പത്മവ്യൂഹത്തിലെ അഭിമന്യു ഡോ. എ. അഷ്റഫ്
12. ആധുനികതയിലെ വ്യവസ്ഥാപിത ജീവിതം വിജു നായരങ്ങാടി
13. കൊല്ലം പഠിപ്പിച്ചത് കാക്കനാടന്‍
14. കാക്കനാടന്‍ - ജീവിതരേഖ
Sunday, December 19, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment