വാക്കുകളുടെ പുതിയ കല സൃഷ്‌ടിക്കാനുള്ള ശ്രമം തന്റെ ആദ്യത്തെ നോവലായ 'സാക്ഷി'യില്‍ കാക്കനാടന്‍ നടത്തുന്നുണ്ട്. അര്‍ഥവത്തായ ഒരു പാറ്റേണ്‍ ജീവിതത്തിനില്ലെന്ന് അനുസ്‌മരിപ്പിക്കുംവിധം ആ നോവിലിന് ഒരു പ്രത്യേക പാറ്റേണ്‍ നല്‍കുകയും പരുക്കന്‍ ജീവിതസത്യങ്ങള്‍ പ്രകടിപ്പിക്കാന്‍ ഒറ്റനോട്ടത്തില്‍ അനാകര്‍ഷകമെന്നു തോന്നുന്ന പദങ്ങളുടെ വികാരസംക്രമണശക്തി ഭംഗിയായി ഉപയോഗിക്കുകയും ചെയ്യുന്ന 'സാക്ഷി'യിലെ ഭാഷയാണു മലയാളനോവലില്‍ ആദ്യമായി കാല്‍പനികവിരുദ്ധസ്വഭാവം പ്രകടിപ്പിച്ചത്. കാല്‍പനികഭാഷയുടെ ഓമനക്കൌതുകത്തെ പരിഹസിക്കുന്ന പരുക്കന്‍ പദങ്ങള്‍കൊണ്ടു സാന്ദ്രമാണ് ആ നോവല്‍. ആ പരുക്കന്‍ പദങ്ങളുടെ താളക്രമം അലിവില്ലാത്ത ഒരു ചിത്തഗതിയെ അഭിവ്യഞ്ജിപ്പിക്കുകയും ചെയ്‌തു. വാക്കുകളെ പരീക്ഷണത്തിനു വിധേയമാക്കിക്കൊണ്ടു പുതിയൊരു റിഥം സൃഷ്‌ടിക്കാനുള്ള ശ്രമം 'ഇന്നലെയുടെ നിഴലുകളി'ലും 'അജ്ഞതയുടെ താഴ്വര'യിലും തുടരുന്നതു കാണാം. ഒരു അപസര്‍പ്പകനോവലിന്റെ അന്തരീക്ഷം ബോധപൂര്‍വം സൃഷ്‌ടിച്ച് അതിലൂടെ തന്ത്രപൂര്‍വം ദാര്‍ശനികപ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്ന 'അജ്ഞതയുടെ താഴ്വര'യില്‍ രൂപകങ്ങളിലൂടെ ചിന്തിക്കുന്ന കാക്കനാടന്റെ മാനസികഭാവങ്ങളുടെ താളക്രമം നമുക്ക് അനുഭവിക്കാന്‍ കഴിയുന്നു. അക്രമാസക്തമായ രചന എന്നാണ് ഇതിലെ ശൈലിയെ വിശേഷിപ്പിക്കേണ്ടത്. രക്തത്തില്‍ കൊടുങ്കാറ്റ്, നാഡീവ്യൂഹമാകെ പീരങ്കി വെടിവയ്‌ക്കുകയായിരുന്നു എന്നും മറ്റും എഴുതുമ്പോള്‍ എഴുത്തുകാരന്റെ ചേതനയില്‍ ആവേശം പതഞ്ഞുപൊങ്ങുന്നത് എങ്ങനെയെന്നു നാം മനസ്സിലാക്കുന്നു. ഇങ്ങനെ ആവേശത്തോടെ എഴുതി രചനയിലൂടെ സ്വന്തം ചോരയുടെ ബോയ്‌ലിങ് പോയിന്റ് (boiling point) അളന്നു തിട്ടപ്പെടുത്താനാണ് എഴുത്തുകാരന്‍ ശ്രമിക്കുന്നതെന്നു തോന്നും. രക്തം തിളപ്പിക്കുന്ന, രക്തത്തിന്റെ ക്വഥനാങ്കം എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍തന്നെ നിഗൂഢമായ ഈ ആവേശത്തിന്റെ പ്രകടനപത്രികകളാണ്. 'അജ്ഞതയുടെ താഴ്വര'യിലെ ഭാഷയില്‍ പ്രത്യേകമായൊരു താളവ്യവസ്ഥതന്നെ കാക്കനാടന്‍ സൃഷ്‌ടിക്കുന്നുണ്ട്. ഉള്ളാടര്‍, ഉള്ളാടത്തികള്‍, അവരുടെ കീര്‍ത്തനം, പ്രാകൃതനൃത്തം എന്നീ കാര്യങ്ങളുടെ വര്‍ണനവഴി ആ നോവലിന്റെ ആദ്യഭാഗങ്ങളിലും മറ്റും സവിശേഷമായൊരു നാടോടി ഗോത്രപാരമ്പര്യം സൃഷ്‌ടിക്കുന്ന കാക്കനാടന്‍ ഭാഷയിലൂടെ ആ കൃതിക്ക് ഒരു പ്രിമിറ്റീവ് റിഥം നല്‍കാന്‍ ശ്രമിക്കുന്നതു കാണാം. നോവലിസ്‌റ്റ് തന്റെ വിഹ്വലദര്‍ശനങ്ങള്‍ കഥാപാത്രങ്ങളിലൂടെയും ബിംബങ്ങളിലൂടെയുമല്ല, ഭാഷയില്‍ സൃഷ്‌ടിച്ച ഗ്രാമ്യമായ ഏതോ പൂജാഗാനത്തിന്റെ 'റിഥ'ത്തിലൂടെയാണ് ഏറെയും ആവിഷ്‌കരിക്കുന്നത്.
കെ.പി. അപ്പന്‍
('ആധുനിക നോവലും വാക്കുകളുടെ കലയും' - എന്ന ലേഖനത്തില്‍നിന്ന് )
കടപ്പാട് : ഗ്രന്ഥാലോകം ഒക്‌ടോബര്‍ 2010
അധിക വായനയ്‌ക്ക് :
1. ദൈവം സ്നേഹിക്കുന്ന എഴുത്തുകാരന്‍ എം മുകുന്ദൻ
2. അക്രമാസക്തമായ രചന കെ.പി. അപ്പന്‍
3. കാക്കനാടന്റെ വരവ് പ്രസന്നരാജന്‍
4. കാക്കനാടന്റെ ആഖ്യാനകല ഡോ:എസ്.എസ്. ശ്രീകുമാര്‍
5. പൂര്‍ണതതേടിയുള്ള പ്രയാണം കാക്കനാടനുമായുള്ള അഭിമുഖം
6. റെനിഗേഡിന്റെ ഗതികേടുകള്‍ ഡോ. സി. ഉണ്ണികൃഷ്‌ണന്‍
7. അക്ഷരങ്ങളിലെ ഏഴാംമുദ്ര വി. ബി. സി. നായര്‍
8. രതിയുടെ ആനന്ദലഹരി ഡോ. ഇ. ബാനര്‍ജി
9. കാക്കനാടന്‍ സാക്ഷ്യപ്പെടുത്തുന്നത്... ഡോ. ആര്‍.എസ്. രാജീവ്
10. ശ്രീചക്രം കാക്കനാടന്‍
11. പത്മവ്യൂഹത്തിലെ അഭിമന്യു ഡോ. എ. അഷ്റഫ്
12. ആധുനികതയിലെ വ്യവസ്ഥാപിത ജീവിതം വിജു നായരങ്ങാടി
13. കൊല്ലം പഠിപ്പിച്ചത് കാക്കനാടന്‍
14. കാക്കനാടന്‍ - ജീവിതരേഖ
Sunday, December 19, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment