Tuesday, December 28, 2010

ന്യായീകരിക്കാനാകാത്ത എണ്ണവില

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് തോന്നുംപോലെ വില കൂട്ടുകയാണ്. ഏറ്റവുമൊടുവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 3.18 രൂപ കൂട്ടി. 2008 ഡിസംബറില്‍ 34.43 രൂപയായിരുന്ന പെട്രോളിന് ഇപ്പോള്‍ 58.98 രൂപയാണ്. രണ്ടു വര്‍ഷത്തിനിടെ 71 ശതമാനം വര്‍ധന. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ഒമ്പതു തവണയാണ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടിയത്.

മൂന്നു പ്രാവശ്യം സര്‍ക്കാര്‍ നേരിട്ടും ഒരു തവണ ബജറ്റിലൂടെയുമായിരുന്നു വര്‍ധന. ഇത്തരമൊരു നടപടി രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായിരുന്നു. വില നിയന്ത്രണാധികാരം എണ്ണക്കമ്പനികളെ ഏല്‍പ്പിച്ചതിനൊപ്പമായിരുന്നു അടുത്ത വര്‍ധന. ഡീസലിനും മണ്ണെണ്ണയ്‌ക്കും പാചകവാതകത്തിനും വില അപ്പോള്‍ ഉയര്‍ത്തി. ഡീസല്‍ വില നിയന്ത്രണാധികാരം ഇപ്പോഴും സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. എങ്കിലും വില പിടിച്ചുനിര്‍ത്താന്‍ ഒരു ശ്രമവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല.

പ്രതിമാസം ശരാശരി 200 രൂപയെങ്കിലും അധികം ചെലവാക്കിയാലേ ഇനി സ്കൂട്ടറില്‍ യാത്ര ചെയ്യാന്‍ കഴിയൂ. കാര്‍ യാത്രക്കാരന്റെ കീശയില്‍ നിന്ന് ശരാശരി 450-500 രൂപ ചോരും. എണ്ണവില വര്‍ധന, സര്‍വ അവശ്യസാധനങ്ങളുടെയും വില വര്‍ധിപ്പിക്കുമെന്നതിനാല്‍ ഒരു കുടുംബത്തിന് ശരാശരി 300 രൂപ അധികം ചെലവിടേണ്ടി വരും. ജനങ്ങളുടെ ഈ അധികഭാരത്തെക്കുറിച്ച് കോണ്‍ഗ്രസോ യുപിഎ സര്‍ക്കാരോ അജ്ഞരല്ല. പിന്നീടെന്തുകൊണ്ട് അവര്‍ വില വര്‍ധിപ്പിക്കുന്നു, വില നിയന്ത്രണാധികാരം എടുത്തുകളയുന്നു എന്നീ ചോദ്യങ്ങള്‍ പ്രസക്തമാണ്. സര്‍ക്കാര്‍ പ്രതിനിധാനം ചെയ്യുന്ന വര്‍ഗ താല്‍പ്പര്യവും ജനങ്ങളുടെ താല്‍പ്പര്യവും രണ്ടാണെന്നതാണ് ഇതിനുള്ള ഉത്തരം. വര്‍ഗ താല്‍പ്പര്യത്തിന് മുന്‍തൂക്കം നല്‍കുമ്പോള്‍ ജനതാല്‍പ്പര്യം പിന്നോട്ടുതള്ളപ്പെടുന്നു.

രാജ്യത്തെ രണ്ടു പ്രധാന സ്വകാര്യ എണ്ണക്കമ്പനികളാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് പെട്രോളിയവും ശശി റൂയ-രവി റൂയ സഹോദരന്മാരുടെ എസ്സാര്‍ ഓയിലും. റിലയന്‍സും എസ്സാറും ഏകപക്ഷീയമായി എണ്ണവില ഉയര്‍ത്തിയാല്‍ എന്താകും സംഭവിക്കുക? ഉപയോക്താക്കള്‍ അവരെ കൈയൊഴിയും. എന്നാല്‍, പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് വിലനിര്‍ണയാധികാരം നല്‍കിയാലോ? അതിന്റെ ചുവടൊപ്പിച്ച് സ്വകാര്യ എണ്ണക്കമ്പനികള്‍ക്കും വില കൂട്ടാം. വില നിര്‍ണയാവകാശം കൈയൊഴിഞ്ഞതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടതും മറ്റൊന്നല്ല. വില നിയന്ത്രണത്തെക്കുറിച്ചു പഠിക്കാന്‍ കിരീത് പരീഖ് കമ്മിറ്റിയെ നിയമിച്ചതും വില നിയന്ത്രണം ഒഴിവാക്കിയതുമെല്ലാം സ്വകാര്യ എണ്ണക്കമ്പനികളെ സഹായിക്കാനായിരുന്നു. വെറും മൂന്നുമാസം കൊണ്ടാണ് പരീഖ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് എന്നതില്‍ തന്നെ ഉദ്ദേശ്യം വ്യക്തമാണ്.

1976ലാണ് സര്‍ക്കാര്‍ നേരിട്ട് എണ്ണവില നിശ്ചയിക്കുന്ന സമ്പ്രദായം നിലവില്‍ വന്നത്. അന്ന് ഈ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം തുച്ഛമായിരുന്നു. 2008നു ശേഷമാണ് സ്വകാര്യ കമ്പനികള്‍ ചുവടുറപ്പിക്കുന്നത്. ഇന്ന് റിലയന്‍സും എസ്സാറും വന്‍ എണ്ണക്കമ്പനികളായി മാറിയിരിക്കുന്നു. ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷന്‍ എണ്ണ പര്യവേക്ഷണത്തിന് റിഗ്ഗുകള്‍ വാടകയ്‌ക്കെടുക്കുന്നത് റിലയന്‍സില്‍ നിന്നാണെന്നറിയുമ്പോള്‍ ഈ കമ്പനികളുടെ വലുപ്പത്തിന്റെ ഏകദേശ രൂപം കിട്ടും. എണ്ണ വില നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കണമെന്നത് സ്വകാര്യ കമ്പനികളുടെ ആവശ്യമായിരുന്നു. ഒടുവില്‍ അത് സംഭവിച്ചു. ഇപ്പോള്‍ അവര്‍ തോന്നുമ്പോള്‍ വില ഉയര്‍ത്തുന്നു. സര്‍ക്കാര്‍ നിഷ്‌ക്രിയരായി നോക്കിനില്‍ക്കുന്നു, പാവപ്പെട്ടവന്റെ ജീവിതം ദുരിതത്തിലാഴുന്നു.

അന്താരാഷ്‌ട്രതലത്തില്‍ അസംസ്കൃത എണ്ണയുടെ വില വര്‍ധനയാണ് ഇവിടെയും പ്രതിഫലിക്കുന്നതെന്നത് തൊടുന്യായം മാത്രമാണ്. ക്രൂഡ് ഓയില്‍ വില വന്‍തോതില്‍ വര്‍ധിപ്പിച്ചപ്പോഴും ഇന്ത്യയില്‍ കുറഞ്ഞ വിലയ്‌ക്ക് എണ്ണ കിട്ടിയിരുന്നു. ക്രൂഡ് ഓയിലിന്റെ വില താഴുമ്പോള്‍ എണ്ണവില ഉയരുന്ന അപൂര്‍വ പ്രതിഭാസം ഇവിടെ കാണാം. മുമ്പൊക്കെ 20ഉം 30ഉം പൈസയായിരുന്നു ഉയര്‍ത്തിയിരുന്നത്. എന്നാല്‍, ഇന്ന് മൂന്നും നാലും രൂപയാണ് ഒറ്റയടിക്ക് കൂട്ടുന്നത്. സ്വകാര്യ കമ്പനികളുടെ അമിത ലാഭമോഹമാണ് ഇതിനു പിന്നില്‍. അതിനു ചൂട്ടുപിടിക്കുകയാണ് യുപിഎ സര്‍ക്കാര്‍.

2ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് പുറത്തുവന്ന നീര റാഡിയ ടേപ്പില്‍ മുകേഷ് അംബാനിയുടെയും രത്തന്‍ ടാറ്റയുടെയും പേരു മാത്രമല്ല ഉള്ളത്. നാല് കേന്ദ്രമന്ത്രിമാരുമുണ്ട്. അവരില്‍ ഒരാളാണ് പെട്രോളിയം മന്ത്രി മുരളി ദിയോറ. കോര്‍പറേറ്റ് ലോബി-രാഷ്‌ട്രീയ അവിശുദ്ധ കൂട്ടുകെട്ടിന്റെ വികൃതമുഖമാണ് ഇവിടെ തെളിയുന്നത്. കമ്പനികള്‍ നഷ്‌ടത്തിലാണെന്നാണ് വില വര്‍ധനയ്‌ക്ക് ന്യായം പറയുന്നത്. എന്നാല്‍, കണക്കുകള്‍ പരിശോധിച്ചാല്‍ എണ്ണക്കമ്പനികള്‍ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നു കാണാം. 'അണ്ടര്‍ റിക്കവറീസ് ' ആണ് കമ്പനികളുടെ നഷ്‌ടമായി വ്യാഖ്യാനിക്കപ്പെടുന്നത്. എന്നാല്‍, ഇതൊരു സാങ്കേതിക സംജ്ഞ മാത്രമാണ്. ക്രൂഡ് ഓയിലിന്റെ വില വര്‍ധനയ്‌ക്ക് ആനുപാതികമായി ചില്ലറ വില്‍പ്പനവില ഉയര്‍ത്തിയിരുന്നെങ്കില്‍ ലഭിക്കുമായിരുന്ന അധികലാഭംഉണ്ടാകുന്നില്ലെന്നാണ് അണ്ടര്‍ റിക്കവറീസ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ സാങ്കല്‍പ്പിക നഷ്‌ടം രണ്ടു തരത്തില്‍ സര്‍ക്കാര്‍ നികത്തുന്നുണ്ട്- ബോണ്ടുകള്‍ കൈമാറിയും എണ്ണ ശുദ്ധീകരണശാലകളുടെ (ഒഎന്‍ജിസി, ഒഐഎല്‍) ലാഭം പങ്കിട്ടുനല്‍കിയും. ഒഎന്‍ജിസി 2009-10ല്‍ കൈവരിച്ച മൊത്തം ലാഭം 24983.84 കോടി രൂപയാണ്. സര്‍ക്കാരിനു നല്‍കിയ നികുതി 8210.29 കോടി രൂപയും. പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഓഹരികള്‍ക്ക് വന്‍ ഡിമാന്‍ഡാണ്. നഷ്‌ടം പേറുന്ന കമ്പനികളുടെ ഓഹരികള്‍ ആരെങ്കിലും വാങ്ങുമോ? പത്തു രൂപ മുഖവിലയുള്ള ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ഓഹരി വില ഡിസംബര്‍ 15നു 417.15 രൂപയും ഭാരത് പെട്രോളിയത്തിന്റേത് 703 രൂപയും ഇന്ത്യന്‍ ഓയിലിന്റേത് 380.60 രൂപയുമാണ്. (ബിസിനസ് ലൈന്‍ ഡിസം. 16, 2010)

മറ്റു രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യയിലെ എണ്ണവില വളരെ കൂടുതലാണ്. എന്താണിതിനു കാരണം. ഇന്ത്യയിലെ പെട്രോളിന്റെ വിലഘടന നോക്കിയാല്‍ ഉത്തരമാകും. ഇറക്കുമതി ചെലവും ശുദ്ധീകരണച്ചെലവും ചേര്‍ന്നതാണ് അടിസ്ഥാന വില. അടിസ്ഥാന വിലയും ഡീലര്‍ഷിപ് കമീഷനും ട്രാന്‍സ്പോര്‍ട്ടിങ് ചെലവും ഒഴിവാക്കിയാല്‍ 21.92 രൂപയും നികുതിയാണ്. അടിസ്ഥാന വിലയുടെ അത്രയും നികുതിയാണെന്നര്‍ഥം. നികുതി കുറച്ചാല്‍ വില കുറയ്‌ക്കാം. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ അതിനു തയ്യാറല്ല. വില കുറയ്‌ക്കാനുള്ള മറ്റൊരു വഴി എണ്ണവില നിശ്ചയിക്കാനുള്ള അധികാരം സര്‍ക്കാരില്‍ തിരിച്ചുകൊണ്ടുവരികയാണ്. അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ഗണ്യമായി കുറയാനുള്ള സാധ്യത വിരളമാണ്.

എണ്ണവില അതിന്റെ ആവശ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ആവശ്യം സാമ്പത്തിക വളര്‍ച്ചയുമായും. ആഗോള സാമ്പത്തിക മാന്ദ്യം രൂക്ഷമായ 2008ല്‍ ഒരു ലിറ്റര്‍ ക്രൂഡിന്റെ വില 35.83 ഡോളറായിരുന്നു. സാമ്പത്തികസ്ഥിതി മെച്ചപ്പെടാന്‍ തുടങ്ങിയതോടെ വില ഉയര്‍ന്ന് 90 ഡോളറായി. ക്രൂഡിന്റെ വില 150 ഡോളറായി വര്‍ധിച്ചാല്‍ എന്താകും സ്ഥിതിയെന്ന് പരീഖ് കമ്മിറ്റി കണക്കുകൂട്ടിയിട്ടുണ്ട്. പെട്രോളിന് 79.32 രൂപയും ഡീസലിന് 66.92 രൂപയും മണ്ണെണ്ണയ്‌ക്ക് 55.06 രൂപയും പാചകവാതകത്തിന് 815.42 രൂപയും. ഇതൊരു ഏകദേശ കണക്കാണ്. വില നിര്‍ണയ സ്വാതന്ത്ര്യം കിട്ടിയ കമ്പനികള്‍ ദയാപൂര്‍വം പെരുമാറുമെന്ന് കരുതാനാകില്ല. വെറുതെയിരുന്നാല്‍ ചവയ്‌ക്കുന്ന അമ്മൂമ്മ അവല്‍ കണ്ടാല്‍ വേണ്ടെന്നു വയ്‌ക്കുമോ?

*****

പ്രൊഫ. കെ എന്‍ ഗംഗാധരന്‍, കടപ്പാട് :ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...