Sunday, December 19, 2010

അക്ഷരങ്ങളിലെ ഏഴാംമുദ്ര

മലയാളകഥാരംഗത്തെ ഒറ്റപ്പെട്ട ചൈതന്യമാണ് കാക്കനാടന്‍. അക്ഷരങ്ങളിലാവാഹിച്ച തീയാളുന്ന സമസ്യകളുമായാണ് മലയാളസാഹിത്യരംഗത്തേക്ക് കാക്കനാടന്‍ കടന്നുവന്നത്. കഴിഞ്ഞ രണ്ടുദശാബ്‌ദക്കാലമായി ശ്രദ്ധേയമായ ഒരു കൃതിയും രചിക്കാത്ത എഴുത്തുകാരനാണ് ഈ പ്രതിഭാധനന്‍. എന്നിട്ടും നിരന്തരം കഥാരചനകള്‍ നടത്തുന്നവരെക്കാളധികം ആസ്വാദകശ്രദ്ധ ഈ കഥാകാരന്‍ നേടിയെടുത്തിരിക്കുന്നു. താന്‍ സൃഷ്‌ടിച്ച ആ തീവ്രസമസ്യകളുടെ പ്രകാശത്തിലാണ് ഇപ്പോഴും ജീവിക്കുന്നത്. മലയാളസാഹിത്യം നാളിതുവരെ അനുഭവിച്ചിട്ടില്ലാത്ത പുതിയ സൌന്ദര്യതലങ്ങളും അസ്വസ്ഥതകളും, അതുല്യാനുഭൂതിപകരുന്ന ധിക്കാരനിഷേധങ്ങളില്‍ അലിഞ്ഞുചേരുന്ന ദാര്‍ശനികമാനങ്ങളും കാക്കനാടനിലൂടെ മലയാളവായനക്കാര്‍ ആദ്യമായി അനുഭവിക്കുകയായിരുന്നു. മനുഷ്യജീവിതത്തിലെ ഉത്തരം കിട്ടാത്ത അസ്‌തിത്വസങ്കീര്‍ണതകളെ സാഹിത്യരചനയ്‌ക്ക് വിഷയമാക്കുകയും അത് ആളിപ്പടര്‍ത്താന്‍ സഹായിക്കുകയും ചെയ്‌ത എഴുത്തുകാരില്‍ കാക്കനാടനുള്ള പങ്ക് ചെറുതല്ല. പക്ഷേ ആധുനികം, അത്യന്താധുനികം എന്നീ പ്രയോഗങ്ങളെ കാക്കനാടന്‍ അംഗീകരിക്കുന്നില്ല. അദ്ദേഹം പറയുന്നു "അത്യന്താധുനികത കൊണ്ടുവന്നവരില്‍ ഒരാള്‍ ഞാനാണെന്നു കരുതുന്നില്ല. ആ വാക്കിനര്‍ഥം എന്തെന്ന് എനിക്കു മനസ്സിലാകുന്നില്ല. എന്റെ മനസ്സിന്റെ, ആത്മാവിന്റെ, അറിവിന്റെ, അറിവില്ലായ്‌മയുടെ കത്തിപ്പടരല്‍ ഞാന്‍ എഴുതിവച്ചു. അതിനെ എന്തു പേരിട്ടു വിളിക്കണമെന്ന് എനിക്കറിയില്ല. അറിയാന്‍ അശേഷം താല്‍പര്യവുമില്ല. ആസ്വാദകര്‍ക്ക് അത് എങ്ങനെയും വ്യാഖ്യാനിക്കാം.''

ജീവിതത്തിന്റെ സമസ്‌തതലങ്ങളെയും തലോടിക്കൊണ്ടും ഒപ്പം കുതറിയും ചിതറിയും, നിരന്തരം ചോദ്യങ്ങളുയര്‍ത്തിയും കാക്കനാടന്റെ കഥാപാത്രങ്ങള്‍ നിഷേധികളും അന്യരുമായി ജീവിക്കുന്നു. മലയാളസാഹിത്യരംഗത്തെ പ്രതിഭാശാലികളില്‍ കാക്കനാടനു മാത്രമേ താന്‍ സൃഷ്‌ടിച്ച കഥാപാത്രങ്ങളിലൂടെ സമ്പന്നവും സംതൃപ്‌തവുമായ ഒരു ജീവിതം ലഭിച്ചിട്ടുള്ളൂ. എഴുപതുകളിലെ കാക്കനാടനും ഇന്നത്തെ കാക്കനാടനും തമ്മില്‍ അതിശയിപ്പിക്കുന്ന അന്തരങ്ങളുണ്ട്. ആ അന്തരങ്ങളെക്കുറിച്ച് കാക്കനാടന്‍ പറയുന്നു: "ഒരു ക്രിസ്‌ത്യന്‍ മിഷണറിയുടെ മകനാണ് ഞാന്‍. യാഥാസ്ഥിതികമായ സഭയ്‌ക്കെതിരെ പിതാവ് റിവോള്‍ട്ട് ചെയ്‌തിരുന്നു. ആ റിവോള്‍ട്ടിന്റെ ഒരംശം എന്നിലുണ്ട്. അധികാരത്തോടും എസ്‌റ്റാബ്ളിഷ്‌മെന്റിനോടും കലഹിക്കാന്‍ അതിപ്പോഴും എന്റെ മനസ്സിലുണ്ട്. അത് ഒരിക്കലും മാറുകയില്ല.'' ഈ കലഹമനോഭാവത്തിന് 'സാക്ഷി' എന്ന നോവലാണ് വഴിത്തിരിവായത്. ഹൃദയഭിത്തികളെ തകര്‍ത്ത കലാപം ഭാഷയിലും അതുപോലെ പ്രകടമായി. സൌന്ദര്യഭാവമല്ല ശക്തിസാന്നിധ്യമാണ് രചനയില്‍ വേണ്ടതെന്ന് കാക്കനാടന്‍ വിശ്വസിച്ചു. സുകുമാരപദനിര കാക്കനാടന്റെ രചനകളില്‍ കാണാത്തത് അതുകൊണ്ടാണ്. കൈയില്‍കിട്ടിയതൊക്കെ വീഞ്ഞാക്കികൊണ്ടുനടന്നകാലത്ത് കാക്കനാടന്‍ തന്റെ രചനകളില്‍ പകര്‍ത്തിയത് വീഞ്ഞിന്റെ മധുരമോ ലഹരിയോ അല്ല. തന്റെ പ്രഖ്യാതരചനകളില്‍ അതിനായി സൃഷ്‌ടിച്ച മാന്ത്രികഭാഷയുടെ തീവ്രമാനങ്ങളില്‍ സ്വയം ഉരുകി ബലിദാനം നടത്തുകയായിരുന്നു. കാക്കനാടന്‍ എക്കാലത്തേക്കുമുള്ള ഏറ്റവും വലിയ എഴുത്തുകാരില്‍ ഒരാളാണ് എന്ന് മുന്‍വരികളില്‍നിന്ന് വായനക്കാര്‍ കണ്ടെത്തുകയില്ലെന്ന് ഞാന്‍ കരുതുന്നു. ഒരെഴുത്തുകാരന്റെ കണ്‍വിക്ഷന്‍ മാത്രമാണ് തന്റെ രചനകള്‍ക്ക് പിന്നിലുണ്ടാവേണ്ടത് എന്ന സത്യം മറ്റെഴുത്തുകാരെക്കാള്‍ കൂടുതല്‍ നമ്മെ ബോധ്യപ്പെടുത്തുന്ന എഴുത്തുകാരനാണ് കാക്കനാടന്‍.

'ഏഴാം മുദ്ര' മലയാളവായനക്കാരെ അമ്പരപ്പിന്റെ അത്യതിശയം നിറഞ്ഞ താഴ്വാരത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ കൃതിയാണ്. ബൈബിളിന്റെയും ഹിന്ദുപുരാണങ്ങളുടെയും ആത്മാവിനെ തൊട്ടറിയാന്‍ ഭാഗ്യമുണ്ടായതാണ് ഏഴാം മുദ്രയുടെ രചനയ്‌ക്ക് സഹായകമായത്. പാപങ്ങള്‍ കൊണ്ട് ലോകം നിറഞ്ഞുകവിയുമ്പോള്‍ പ്രളയത്തെ സ്വീകരിക്കാതെ വയ്യ. ഹിന്ദു, ക്രിസ്‌ത്യന്‍ പ്രമാണഗ്രന്ഥങ്ങളില്‍ അതാവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. ഒരു യുഗത്തിന്റെ അന്ത്യം പ്രളയം മുതലാണെന്ന് കാക്കനാടന്‍ ദൃഢമായി വിശ്വസിക്കുന്നു. പ്രളയത്തില്‍ ഭൂമി മുങ്ങിപ്പോകുമ്പോള്‍ വരാഹം അവതരിച്ച് അതിനെ വീണ്ടെടുക്കുമെന്ന ഹിന്ദുപുരാണവിശ്വാസത്തില്‍ നിന്നാണ് 'ഏഴാം മുദ്ര' ശക്തിനേടുന്നത്. എങ്കിലും ഒരു വിശ്വാസത്തെയും സംരക്ഷിക്കാന്‍ കാക്കനാടന്‍ തയ്യാറാകുന്നില്ല. ഹിന്ദുപുരാണങ്ങള്‍ ഹൃദിസ്ഥമാക്കാന്‍ തന്നെ സഹായിച്ചത് പിതാവാണെന്ന് അദ്ദേഹം പറയുന്നു. ബൈബിളിനോടൊപ്പം മഹാഭാരതവും രാമായണവും ഖുറാനും ഗ്രീക്ക് പുരാണങ്ങളും വായിച്ച് ഹൃദിസ്ഥമാക്കിയശേഷം അത് മക്കളെകൊണ്ട് വായിപ്പിക്കുകയും ഒന്നിച്ചിരുന്ന് ചര്‍ച്ചചെയ്യുകയുമായിരുന്നു കാക്കനാടന്റെ പിതാവ് ഉപദേശിയായിരുന്ന ജോര്‍ജ് കാക്കനാടന്‍ ചെയ്‌തിരുന്നത്. ഭഗവത്ഗീതയിലെ ഒരു പദ്യം തെറ്റിച്ചതിന് പിതാവില്‍നിന്ന് തല്ലുവാങ്ങിയ നിമിഷം കാക്കനാടന്‍ ഇന്നും ഓര്‍ക്കുന്നു. സമ്പന്നമായ ഒരോര്‍മയായി കാക്കനാടന്‍ അത് മനസ്സില്‍ സൂക്ഷിക്കുകയും ചെയ്യുന്നു. 'ശ്രീചക്രം' പോലുള്ള കഥകളെഴുതാന്‍ ആ പിതാവിന്റെ ശിക്ഷണവിധികള്‍ കാക്കനാടനെ സഹായിച്ചത് ചെറുതായിട്ടല്ല. ഒരുപദേശിയുടെ വേഷം ധരിച്ചുവെങ്കിലും സര്‍വമതങ്ങളേയും ഉള്‍ക്കൊള്ളാനുള്ള വിശാലമായ മനസ്സ് അദ്ദേഹത്തിനുണ്ടായിരുന്നു. ആ മനസ്സിന്റെ സമ്പന്നത അദ്ദേഹത്തിന്റെ മക്കള്‍ പങ്കിട്ടെടുത്തു.

'ഏഴാം മുദ്ര'യുടെ ആത്മാവില്‍ പുണ്യപാപങ്ങളെ ഒരേ തുലാസിലിട്ടാണ് കാക്കനാടന്‍ തൂക്കുന്നത്. ഭക്തരും പാപികളും ഒരേ പാതയിലാണെന്നു ദൈവത്തെപ്പോലെ കാക്കനാടനും കരുതുന്നു. എല്ലാ വിശ്വാസങ്ങളും നഷ്‌ടപ്പെടുന്ന ഇക്കാലത്ത് 'ഏഴാം മുദ്ര'യുടെ പ്രാധാന്യം വര്‍ധിക്കുകയാണ്. ന്യായവിധി ദിവസം അടുത്തിരിക്കുന്നു. കര്‍ത്താവ് എഴുന്നള്ളിവരുമ്പോള്‍ ദൂതന്മാര്‍ ജീവന്റെ പുസ്‌തകം അവന്റെ മുന്നില്‍ സ്ഥാപിക്കും. ഏഴു മുദ്രകളിട്ട പുസ്‌തകം. ഈ മുദ്രകള്‍ പൊട്ടിക്കാന്‍ കരുത്തുള്ളവന്‍ ആര് എന്ന ചോദ്യമുയരും. കാല്‍വരിയില്‍ ബലിയായി അറുക്കപ്പെട്ട കുഞ്ഞാട് മാത്രമാണ് കരുത്തനായുള്ളത്. അവന്‍ മുദ്രകള്‍ പൊട്ടിക്കും. ഓരോ മുദ്രയും പൊട്ടിക്കുമ്പോള്‍ ഓരോ ഭീകരമായ സംഭവവികാസങ്ങള്‍ ഉണ്ടാകും. വെളിപാടില്‍ പറഞ്ഞിരിക്കുന്നതുപോലെ അതൊക്കെ പ്രതീകങ്ങളാണ്. ആ പ്രതീകങ്ങളുടെ അര്‍ഥം നാം കണ്ടുപിടിക്കണം. പാപികളുടെ ശക്തികള്‍ മുഴുവന്‍ സടകുടഞ്ഞെണീക്കും. സാത്താന്റെ സൈന്യം പടയൊരുക്കും. എങ്കിലോ കര്‍ത്താവിന്റെ കോപം അവരുടെ മേല്‍ പതിക്കും. അവര്‍ക്ക് ഹാ, കഷ്‌ടം. ഇത് ബൈബിള്‍ വചനങ്ങള്‍. കാക്കനാടന്‍ തന്റെ 'ഏഴാം മുദ്ര' എന്ന നോവല്‍~അവസാനിപ്പിക്കുന്നത് എല്ലാ പരിശുദ്ധവിശ്വാസങ്ങള്‍ക്കും മരണവിധി നല്‍കിക്കൊണ്ടാണ്. "മഴ ഒതുങ്ങിയപ്പോള്‍, വെള്ളമിറങ്ങിയപ്പോള്‍, നിറഞ്ഞ നദി കരകളെ ഭീഷണിപ്പെടുത്തിക്കൊണ്ട്, കല്ലുകളെ തട്ടിയുരുട്ടിക്കൊണ്ട്, പ്രവാചകനെ തിരഞ്ഞുകൊണ്ട് വീണ്ടുമൊഴുകി. അവളുടെ തീരങ്ങളില്‍ മണ്ണും മനുഷ്യരും ചത്തുകിടന്നു. ചത്ത മണ്ണിനു നടുവിലൂടെ കലക്കവെള്ളവുമായി നദി ഒഴുകിക്കൊണ്ടിരുന്നു. കാറ്റ് നദിയെ പുണര്‍ന്നു. കാറ്റ് നദിയോട് ചോദിച്ചു "എവിടെ പ്രവാചകന്‍? എവിടെ വാഗ്ദത്തഭൂമി?'' നദി അവിശ്വാസത്തോടെ പുച്ഛത്തോടെ നിശബ്‌ദമായി ഒഴുകിക്കൊണ്ടിരുന്നു, പടിഞ്ഞാറ് കായലിലേക്ക്. കാലവും കാറ്റും അവളോടൊപ്പമൊഴുകി.

'ഉഷ്ണമേഖല'യെഴുതിയത് ചോരയുടെ ചൂടില്‍ നിന്നാണ്. ആ നോവല്‍ പുറത്തുവന്നപ്പോള്‍ കാക്കനാടന്‍ സി. ഐ. എയുടെ ഏജന്റാണെന്ന് ദേശാഭിമാനിയില്‍ ഒരു കമ്യൂണിസ്‌റ്റുകാരനെഴുതി. പക്ഷേ ഇ. എം.എസും. സി. അച്യുതമേനോനും അതിനെ വാഴ്ത്തി പറഞ്ഞത് അതിശയമായി. മക്കള്‍ക്ക് അരവയര്‍ ചോറൂട്ടി ബാക്കിയെല്ലാം കമ്യൂണിസ്‌റ്റുകാര്‍ക്കായി നീക്കിവയ്‌ക്കുന്ന കാക്കനാടന്റെ അമ്മ. ഒരുദിവസം കാക്കനാടന്റെ അമ്മ ഒളിവില്‍ കഴിയുന്ന കമ്യൂണിസ്റുകാരെ കാത്തിരിക്കുമ്പോഴാണ് പട്ടാഴി കേശവന്‍നായര്‍ ചോരക്കറപുരണ്ട വലിയൊരു കത്തിയുമായി മുറ്റത്തുവന്നുവീഴുന്നത്. ഒരു പോലീസുകാരനെ കുത്തിയിട്ടാണ് കേശവന്‍നായര്‍ വരുന്നത്. "എന്താടാ കേശവാ'' കാക്കനാടന്റെ അമ്മ ചോദിച്ചു. കാക്കനാടന്‍ തീവ്രതയോടെ പറയുന്നു. "കേശവന്‍നായര്‍ അന്നെന്റെ ദൈവമായിരുന്നു.'' മാക്സിം ഗോര്‍ക്കിയുടെ പവേലായിരുന്നു കാക്കനാടന് കേശവന്‍നായര്‍.

മനുഷ്യജീവിതത്തിന്റെ ഉഷ്ണമേഖലകളില്‍ വേട്ടയാടിത്തിമിര്‍ത്ത് നാളെയുടെ കുരുന്നുകളുടെ മനസ്സുകളിലേക്ക് ഇനിയെന്ത് എന്ന ചോദ്യമുയര്‍ത്തിയ കാക്കനാടന്റെ അവസാനകാല കൃതികള്‍ക്ക് എന്തുപറ്റി? 'അടിയറവി'ന് കാക്കനാടന്‍ സമ്മതിക്കില്ല. കഴിഞ്ഞ രണ്ടുദശാബ്‌ദക്കാലം ശ്രദ്ധേയമായ ഒരു രചനയും സംഭാവനചെയ്യാത്ത കാക്കനാടനില്‍നിന്ന് ഇനി നാം എന്തെങ്കിലും പ്രതീക്ഷിക്കണമോ? കഴിഞ്ഞ രണ്ട് ദശാബ്‌ദക്കാലത്തിനിടയില്‍ കാക്കനാടന്റേതായി നമുക്ക് കിട്ടിയത് 'കമ്പോള'മാണ്. കാക്കനാടന്‍ എന്ന ശക്തനായ എഴുത്തുകാരന്റെ പ്രതിഭയുടെ ശക്തിചൈതന്യം അതിലുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഈ അഭിപ്രായത്തോട് കാക്കനാടന്‍ എന്നോട് തീര്‍ച്ചയായും യോജിക്കില്ല. എങ്കിലും വിയോജിക്കില്ല എന്ന് തീര്‍ത്തും കരുതുന്നു.

"അമൃതിന്റെ പ്രവാഹം നിറുത്താന്‍വേണ്ടി പത്മാസനത്തിലിരുന്ന് ഗുദം ഉറപ്പിച്ച്, വായുവിനെ മുകളിലേക്ക് കുംഭകം ചെയ്‌ത് ഞാന്‍ തപസ്സ് ചെയ്‌തു. നിന്തിരുവടിയെ പഷ്ണിക്കിടാന്‍. അങ്ങനെ നിന്നെ സുഷുമ്നയിലൂടെ മുകളിലേക്ക് ആവാഹിച്ചു. സഹസ്രദളകമലകേന്ദ്രത്തില്‍ സ്ഥിതിചെയ്യുന്ന പ്രാണനുമായി ഇണചേരാന്‍ ഹിമഗിരികന്യേ ഞാന്‍ കൊതിച്ചു. ആ ഇണചേരലിലൂടെ എനിക്ക് ബുദ്ധിപരമായ പരിണാമം സംഭവിക്കുമെന്ന്, ഞാന്‍ ജ്ഞാനിയാകുമെന്ന്, നിന്റെ ചക്രരഹസ്യം എനിക്ക് കരഗതമാകുമെന്ന് ഞാന്‍ ആഗ്രഹിച്ചു. മഴയത്ത്, വെയിലത്ത്, തണുപ്പത്ത്, ഇരുട്ടത്ത് ഉടുതുണിയില്ലാതെ വിറയ്‌ക്കുന്ന ശരീരത്തെ മറന്ന്, എനിക്ക് ചുറ്റിലും കിടന്ന് കിടുങ്ങിയ പ്രപഞ്ചത്തെ മറന്ന്, ആഗ്രഹനിവര്‍ത്തിക്കായി നിന്റെ രൂപം കാണാന്‍ ശ്രമിച്ച് ജഗദംബികേ അടിയന്‍ ധ്യാനലീനനായിരുന്നു. എട്ടു രസങ്ങളുടെ നിറങ്ങള്‍ എന്റെ ഉള്‍ക്കണ്ണിനുമുന്നില്‍ നിഴലാട്ടം നടത്തി. സത്വത്തിന്റെ, രജസിന്റെ, തമസിന്റെ വര്‍ണങ്ങള്‍ എന്റെ മുന്നില്‍ അതിരുദ്രം ചുറ്റിത്തിരിഞ്ഞും ശോണനദവും ഗംഗയും യമുനയും എന്നെ ചുറ്റിയൊഴുകി.'' കാക്കനാടന്റെ വിഖ്യാതമായ 'ശ്രീചക്രം' എന്ന കഥയില്‍നിന്നടര്‍ത്തിയെടുത്ത രക്ത ശുക്ള ധ്യാനപ്രവാഹങ്ങള്‍ നിറഞ്ഞ ഭാഗമാണിത്.

ഈ കഥയുടെ ആത്മാവുമായി തനിക്ക് അതിനേരിയബന്ധമേയുള്ളൂവെന്ന് കാക്കനാടന്‍ സമ്മതിക്കുന്നു. 'സൌന്ദര്യലഹരിയും' 'ശ്രീചക്രവും' വായിച്ചുകഴിഞ്ഞപ്പോഴുണ്ടായ ആത്മീയചിന്താതലങ്ങളിലെ പുനര്‍ജന്മമാണ് 'ശ്രീചക്രം' എന്ന കഥയെഴുതാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. 'ശ്രീചക്രം' എന്ന കഥയിലെ ഭാഷ തന്റേതല്ലെന്ന് കാക്കനാടന്‍ ആവര്‍ത്തിച്ചുപറഞ്ഞിട്ടുണ്ട്. ശങ്കരാചാര്യരുടെ 'സൌന്ദര്യലഹരി'യിലെ ഭാഷ അതുപോലെ ഉപയോഗിക്കുകയായിരുന്നു. ഞാന്‍ ചോദിച്ചു "സര്‍വതും ശങ്കരാചാര്യരുടേതെന്ന് താങ്കള്‍ സമ്മതിക്കുന്നു. അപ്പോള്‍ ഈ കഥയില്‍ താങ്കളുടെ സംഭാവനയെന്താണ്?'' ഒരു നിമിഷംപോലും ആലോചിക്കാതെ കാക്കനാടന്‍ മറുപടി നല്‍കി. "ശ്രീചക്രം എന്ന കഥയിലെ സര്‍വതും ശ്രീശങ്കരാചാര്യരുടേതാണെന്ന് ഞാന്‍ പൂര്‍ണമായി സമ്മതിക്കുന്നു. പക്ഷേ എവിടെയും ഏകാന്തത സൃഷ്‌ടിക്കാതെ, വായനക്കാരന്റെ നിശബ്‌ദതയെ വായനാവേളയില്‍ കൊടുങ്കാറ്റും പേമാരിയുമാക്കി മാറ്റാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ശ്രീശങ്കരാചാര്യരുടെ ശ്രീചക്രത്തിന് ഞാനും തുല്യാവകാശിയായത്.''

ഒറോത, 99ലെ വെള്ളപ്പൊക്കത്തിലെ മലവെള്ളപ്പാച്ചിലില്‍ ഒരു വീടിനുള്ളിലെ തൊട്ടിലില്‍ കിടന്നുകൊണ്ടാണ് മീനച്ചിലാറിലൂടെ ഒഴുകിവന്നത്. കാക്കനാടന്റെ അമ്മ ഈ അത്യതിശയദൃശ്യത്തിന് സാക്ഷിയായിരുന്നു. ആ അമ്മയാണ് 'ഒറോത'യുടെ യഥാര്‍ഥ അവകാശി. കാക്കനാടന്റെ അമ്മാവന്മാരും കൊച്ചമ്മമാരും ഉള്‍പ്പെട്ട കുടിയേറ്റക്കാരുടെ കഥകളും, ചെമ്പേരിയിലെ താമസവും 'ഒറോത'യെ അണിയിച്ചൊരുക്കാന്‍ കാക്കനാടന് സഹായകമായി. വെള്ളപ്പൊക്കത്തിലൂടെ ഒഴുകിവന്ന് ഒടുവില്‍ വെള്ളംതേടി അപ്രത്യക്ഷമാകുന്ന 'ഒറോത' മലയാളത്തിലെ അപൂര്‍വസവിശേഷതകളുള്ള ഒറ്റപ്പെട്ട കൃതിയാണ്. ഒറോത 'വെള്ളം' എന്ന പേരില്‍ തമിഴ് ഭാഷയില്‍ പുറത്തുവന്നിട്ടുണ്ട്. പക്ഷേ കാക്കനാടന്‍ ഇതറിയുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. വിശദമായ അന്വേഷണം നടത്തി. ഒടുവില്‍ ആളിനെ പിടികിട്ടി. കാട്ടുകൊള്ളക്കാരന്‍ വീരപ്പനെ കണ്ട് സന്ധിസംഭാഷണം നടത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നിയോഗിച്ച നക്കീരന്‍ ഗോപാലനായിരുന്നു പ്രതി. നക്കീരന്റെ പ്രസിദ്ധീകരണസ്ഥാപനമാണ് ഒറോതയുടെ തമിഴ്‌പരിഭാഷ പുറത്തിറക്കിയത്. "താങ്കള്‍ എന്തു നടപടിയെടുത്തു?'' ഞാന്‍ ചോദിച്ചു. കാക്കനാടന്റെ മറുപടി രസകരമായിരുന്നു "അവന്‍ വീരപ്പന്റെ ആളായിരുന്നില്ലേ? എനിക്ക് ജീവനില്‍ ഭയമില്ലേ?'' 'ഒറോത'യെക്കുറിച്ച് എത്ര പറഞ്ഞാലും തീരാതെ പിന്നെയും ഏറെയും അവശേഷിക്കും കാക്കനാടനില്‍. ആഹൂതി തിളയ്‌ക്കുന്ന തിരമാലയാണെന്നും അത് പലതും വഹിച്ചുകൊണ്ടുവരുമെന്നും കാക്കനാടന്‍ വിശ്വസിക്കുന്നു. ചിലപ്പോള്‍ തിമിംഗലം, ചിലപ്പോള്‍ ചാകര, ചിലപ്പോള്‍ ഒരു ഒറോത; അങ്ങനെ വന്നുപോകുമ്പോള്‍ അലകണവും ഏറ്റ ചൂടും മിച്ചം. വരത്തുപോക്കിലൂടെ ഒരു ഊര്‍ജം പകരല്‍. മലയാളത്തില്‍ വായന ഗൌരവമായെടുക്കുന്നവരും നിരൂപകരും ഗൌരവത്തോടെ കണക്കിലെടുക്കാതെപോയ നോവലാണ് 'ഒറോത'. വ്യത്യസ്‌ത ഭാവഭംഗിയുള്ള അക്ഷരങ്ങളില്‍ ശക്തിയും ചൈതന്യവും ഇണചേര്‍ന്നുകിടക്കുന്ന നോവല്‍.

ആ ശബ്‌ദം കാതുകളില്‍ തുളച്ചുകയറി. മുറിയില്‍ വെളിച്ചം നിറഞ്ഞുനിന്നിരുന്നു. നാരായണന്‍കുട്ടി ഞെട്ടി പിറകോട്ട് ചാടി. ഉമാദേവി അന്തര്‍ജനം പിന്‍തിണ്ണയില്‍ മലര്‍ന്നടിച്ചുവീണു. നാരായണനും വീണു. അന്തര്‍ജനം എഴുന്നേറ്റ് വാതിലിനടുത്തേക്ക് നീങ്ങിയപ്പോള്‍ കിടന്നകിടപ്പില്‍ നിന്നെണീക്കാന്‍ ബദ്ധപ്പെട്ടുകൊണ്ട് നാരായണന്‍ പറഞ്ഞു "നീയങ്ങട് നോക്കണ്ട ഉമേ''. എന്നിട്ടും ഉമ നോക്കി. ഉമ കണ്ടു. കട്ടിലില്‍ കുന്തിച്ചിരുന്ന് മുകളിലേക്ക് നോക്കി ദേവദത്തന്‍ കൂവുന്നു. "കൊക്കരക്കോ കോ കോ.'' അവന് കോഴിയുടെ മുഖച്ഛായയുണ്ടെന്ന് തോന്നി. "എന്റെ പരദേവതേ'' ഉമാദേവി അന്തര്‍ജനം പ്രജ്ഞയറ്റ് പിന്നാക്കം മറിഞ്ഞു. നാരായണന്‍ സ്വന്തം മേനിയില്‍ തപ്പിനോക്കി. തനിക്ക് തൂവലുകളുണ്ടോ? ചിറകുകളുണ്ടോ? 'കോഴി' എന്ന കൃതിയുടെ രചനയില്‍ നര്‍മവും തീവ്രചിന്തയും ഒന്നിച്ചലിഞ്ഞുചേരുകയാണ്. കെ. പി. അപ്പനെപ്പോലുള്ള നിരൂപകരാരും 'കോഴി'യെ തങ്ങളുടെ ചിന്താമനനത്തിന് തെരഞ്ഞെടുത്തില്ല, എന്തുകൊണ്ടെന്ന ചോദ്യമുയര്‍ത്തി അതിന്റെ കാരണം തേടിയിട്ട് കാര്യമില്ലല്ലോ.

ആധുനികതയുടെ തീക്ഷ്‌ണഭാവങ്ങളെ സാക്ഷ്യപ്പെടുത്തിയ കലഹപ്രിയനും എസ്‌റ്റാബ്ളിഷ്‌മെന്റുകള്‍ക്ക് മുന്നില്‍ ധിക്കാരിയുമായ കാക്കനാടന്‍ ഒറ്റപ്പെട്ട വ്യക്തിത്വത്തിന്റെ ഉടമയാണ്. ആധുനിക എഴുത്തുകാര്‍ തങ്ങള്‍ ദൈവനിഷേധികളെന്ന് വെളിപ്പെടുത്താന്‍ വ്യഗ്രതകാട്ടിയിരുന്ന കാലത്ത് "ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു'' എന്ന് കാക്കനാടന്‍ തീര്‍ത്തുപറഞ്ഞു. ആ വിശ്വാസം കാക്കനാടന്റെ രചനകളില്‍ അവ്യക്തമായി ലയിച്ചുകിടപ്പുണ്ട്. കാക്കനാടന്റെ രചനകളില്‍ സൌന്ദര്യതലങ്ങളല്ല, ശക്തിയുടെ സ്രോതസ്സുകളാണ് ലയിച്ചു കിടക്കുന്നതെന്ന നിരൂപകരുടെ കണ്ടെത്തലുകളില്‍ ഈ മിന്നാട്ടമുണ്ട്. സുകുമാരപദങ്ങള്‍ കാക്കനാടന്റെ കൃതികളില്‍ കാണാന്‍ പ്രയാസമാണ്. അക്ഷരങ്ങളില്‍ ശക്തിപൂജ ചെയ്യുന്ന ഒരെഴുത്തുകാരന്‍ സുകുമാരപദങ്ങള്‍ ഉപേക്ഷിക്കാതെവയ്യ. അനശ്വരപ്രേമകഥകളൊന്നും കാക്കനാടന്റെ തൂലിക വിഷയമാക്കിയിട്ടില്ല. തെമ്മാടികളെയും അഭിസാരികകളെയും ദൈവസമാനരാക്കിയ ഒരേയൊരു എഴുത്തുകാരന്‍ കാക്കനാടനാണ്. നീണ്ട കണ്ണുകളും ചുരുണ്ട കറുത്ത മുടിയും ഒതുങ്ങിയ ശരീരവും ഇരുനിറവും കഴുവാലിയുടെ തെന്നലുമുള്ള യുവസുന്ദരികള്‍ ഒട്ടേറെയുണ്ട് കാക്കനാടന്റെ കഥാലോകത്ത്. അവര്‍ യഥാര്‍ഥപ്രണയം എന്തെന്നറിയാത്തവരാണ്. "എന്തുകൊണ്ട് അവര്‍ക്ക് അങ്ങനെ ജന്മം നല്‍കിയത്?'' കാക്കനാടന്റെ മറുപടി ഇങ്ങനെയായിരുന്നു: "യഥാര്‍ഥപ്രണയം ഞാന്‍ അനുഭവിച്ചിട്ടില്ല. നിരവധി പെണ്‍കുട്ടികളെ ഞാന്‍ പ്രണയിച്ചു. ഞാന്‍ അവര്‍ക്ക് ആവോളം സ്‌നേഹം നല്‍കി. എന്നിട്ടും യഥാര്‍ഥപ്രണയം എന്തെന്നറിയാന്‍ എനിക്ക് കഴിയാതെപോയി.'' ശാശ്വതമൂല്യമുള്ള ഒന്നാണ് പ്രണയം എന്ന് കാക്കനാടന്‍ വിശ്വസിക്കുന്നില്ല. കാക്കനാടന് പ്രണയം ഫാന്റസിയായിരുന്നു, അദ്ദേഹത്തിന്റെ കഥാകാമിനികള്‍ക്കും.

തൊഴിലിനോട് താല്‍പര്യമില്ലാത്ത മലയാളത്തിലെ ഒരേയൊരു എഴുത്തുകാരന്‍ കാക്കനാടനാണ്. റെയില്‍വേ ജോലിയും ജര്‍മനിയിലെ ഗവേഷണവും വേണ്ടെന്നുവച്ചു. എഴുത്തുകൊണ്ടുമാത്രം ജീവിക്കാമെന്ന വ്യാമോഹമൊന്നും ആദ്യകാലങ്ങളില്‍ കാക്കനാടനുണ്ടായിരുന്നില്ല. പക്ഷേ കാലം കടന്നുപോകുംതോറും കാക്കനാടന്റെ ആത്മവിശ്വാസം വര്‍ധിച്ചു. ജോലിക്കായി ജീവിതം പണയം വച്ചിരുന്നെങ്കില്‍ തന്റെ പ്രസിദ്ധമായ പല കൃതികളും ജന്മം കൊള്ളുമായിരുന്നില്ല എന്നുകൂടി കാക്കനാടന്‍ വിശ്വസിക്കുന്നു. ഇന്ത്യയിലെയും ലോകത്തിലെ വിവിധ രാജ്യങ്ങളിലുമൂള്ള യാത്രകള്‍ ഒട്ടേറെ പുതിയ അനുഭവങ്ങള്‍ ഈ കഥാകാരന് നേടിക്കൊടുത്തിട്ടുണ്ട്. മൈലം എന്ന ഗ്രാമവും അമ്മു എന്ന അയല്‍ക്കാരിയും അവിടത്തെ മനുഷ്യരും 'പറങ്കിമല' എഴുതുമ്പോള്‍ കാക്കനാടനിലെ സജീവസാന്നിധ്യമായിരുന്നു. 'വസൂരി'യുടെ രചനയില്‍ മൈലവും കൊട്ടാരക്കരയും കഥാഗതിയുടെ ആത്മാംശമാകുന്നു. 'ഉഷ്‌ണമേഖ'ലയില്‍ ഈ സ്ഥലങ്ങളോടൊപ്പം ദല്‍ഹിയുമുണ്ട്. ഒരു കൊല്ലത്തെ യൂറോപ്യന്‍ ജീവിതത്തില്‍നിന്നാണ് 'കാവേരിയുടെ വിളി' പിറന്നത്. മദിരാശി, ബോംബെ, കല്‍ക്കത്ത എന്നീ സ്ഥലങ്ങളിലെ ജീവിതത്തിന്റെ സ്വാധീനം കാക്കനാടന്റെ ഒട്ടേറെ രചനകളില്‍ കാണാം. 'സൂര്യപ്രകാശം' എന്ന കഥയില്‍ മദിരാശിയിലെ വാഷര്‍മാന്‍പെട്ടിന് മുഖ്യസ്ഥാനമുണ്ട്. ബോംബെയിലെ ഗ്രാന്റ്റോഡുമായുള്ള നിത്യപരിചയമാണ് 'മസ്‌ക്രീനാസിന്റെ മരണം' എന്ന കഥ രൂപപ്പെടുത്താന്‍ സഹായകരമായത്. മദിരാശിയിലെ ആള്‍വാര്‍ തിരുനഗറില്‍ താമസിക്കാന്‍ അവസരം ലഭിച്ചതാണ്. 'ആള്‍വാര്‍ തിരുനഗറിലെ പന്നി' എന്ന കഥയുടെ സൃഷ്‌ടിക്ക് പ്രേരണയായത്. പന്നിക്കൂട്ടങ്ങള്‍ തലങ്ങും വിലങ്ങും നിരന്തരം സഞ്ചരിച്ചുകൊണ്ടിരുന്ന ആ റോഡില്‍നിന്ന് തനിക്ക് കണ്ണെടുക്കാനായിട്ടില്ലെന്ന് കാക്കനാടന്‍ ഓര്‍മിക്കുന്നു. കൊച്ചുപന്നികള്‍ വലിയപന്നികളുടെ മുകളില്‍കയറി നിരന്തരം സഞ്ചരിച്ചുകൊണ്ടിരുന്ന കാഴ്‌ചകള്‍ കഥാകാരന് പ്രത്യേകമായ ഒരനുഭൂതിതലം പകര്‍ന്നു നല്‍കി. അത് കണ്ടുനിന്നപ്പോള്‍ ജീവിതത്തിലെ കപടസൌന്ദര്യങ്ങള്‍ ഓര്‍മയിലെത്തി. അദ്ദേഹത്തിന്റെ മനസ്സ് പറഞ്ഞു "ഈ പന്നികളെത്രഭേദം''. 'ആള്‍വാര്‍ തിരുനഗറിലെ പന്നികള്‍' കടലാസില്‍ വാര്‍ന്നുവീഴാന്‍ പിന്നീട് അധികസമയം വേണ്ടിവന്നില്ല.

കാക്കനാടന്റെ 'അര്‍ജന്റീന' എന്ന കഥയ്‌ക്കുപിന്നില്‍ മറ്റൊരു കഥയുണ്ട്. ഈ കഥയുടെ പിറവിക്ക് കാരണമായത് ഒരു ഖനിത്തൊഴിലാളിയാണ്. ജര്‍മനിയിലായിരുന്ന സമയം. പാരീസ്, ബ്രസല്‍സ് എന്നീ സ്ഥലങ്ങള്‍ കാണാന്‍ കാക്കനാടന്‍ ഒരു യാത്ര പുറപ്പെട്ടു. ലൈബ്‌സിക്കില്‍നിന്ന് പാരീസിലേക്കുള്ള തീവണ്ടിയിലെ യാത്രയ്‌ക്കിടയില്‍ കാക്കനാടന്‍ ഒരാളെ പരിചയപ്പെട്ടു. മുഖത്താകെ വസൂരിചിഹ്നമുളള, ഒറ്റനോട്ടത്തില്‍ ആര്‍ക്കും ഭയം തോന്നുന്ന ഒരു രൂപം. പക്ഷേ ആ ഖനിത്തൊഴിലാളി തീര്‍ത്തും പാവവും നിരുപദ്രവിയുമായിരുന്നു. അയാള്‍ തന്റെ കഥ കാക്കനാടനോട് പറഞ്ഞു. ആ മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമാണ് അര്‍ജന്റീന. അവിടെ പോവുകയെന്നതാണ് അയാളുടെ ജീവിതാഭിലാഷം. അയാള്‍ പ്രതിനിധാനം ചെയ്യുന്ന വംശത്തിന്റെ ഒരു പ്രത്യേകത, മൂത്തയാള്‍ വിവാഹം കഴിച്ചാല്‍ അയാളുടെ ഭാര്യ അനുജന്മാര്‍ക്ക് കൂടി സ്വന്തമാകും. ഒരു സായ്‌പ് ഈ മനുഷ്യനെ കൊണ്ടുപോയി ഖനനത്തില്‍ പ്രത്യേക പരിശീലനം കൊടുത്തു. ആ പരിശീലനത്തിനിടയിലെ കാലയളവ് അയാളുടെ ജീവിതത്തില്‍ ഒട്ടേറെ കൊടുങ്കാറ്റുകളുയര്‍ത്തി. അപ്പോഴും അയാളുടെ സ്വപ്‌നം അര്‍ജന്റീന ആയിരുന്നു. അര്‍ജന്റീന എന്ന വലിയ സ്വപ്‌നവുമായി ജീവിതം തള്ളിനീക്കിയ ആ ഖനിത്തൊഴിലാളി 'അര്‍ജന്റീന' എന്ന കഥയിലേക്ക് സ്വയം കടന്നുകയറുകയാണുണ്ടായതെന്ന് കാക്കനാടന്‍ പറയുന്നു.

രചനകളില്‍ വികാരങ്ങളുടെ വന്യമായ ചൂടു പകര്‍ന്ന കാക്കനാടന്‍ പ്രശംസകളെയും ക്രൂരമായ വിമര്‍ശനങ്ങളെയും ഇഷ്‌ടപ്പെടുന്ന എഴുത്തുകാരനല്ല. കാക്കനാടന്റെ കഥയുടെ സമസ്യകള്‍ തേടിയുള്ള നിരൂപകരുടെയും ആസ്വാദകരുടെയും യാത്രകളൊക്കെ കാക്കനാടന്റെ സര്‍ഗചിന്താതലമാനങ്ങളും മഹാമനസ്സിന്റെ ആഴങ്ങളും കാണാന്‍ കഴിയാത്തതായിരുന്നു. ഒരു നിരൂപകന്റെ അഭിപ്രായമാണിത്. ഇതേക്കുറിച്ച് വിസ്‌മരിച്ചുകൊണ്ട് മറ്റൊരു നിരൂപകന്‍ 'അടിയറവി'നെക്കുറിച്ച് രേഖപ്പെടുത്തിയ വരികള്‍ ഉദ്ധരിക്കട്ടെ. "അടിയറവ് എന്ന നോവല്‍ മലയാളഭാഷയുടെ ഈണമായിരുന്നു. എന്നാല്‍ അത് കാക്കനാടന്റെ അടിയറവുമായിരുന്നു.'' കാക്കനാടന്‍ ഈ അഭിപ്രായത്തോട് അന്ന് പ്രതികരിച്ചതിങ്ങനെയാണ് "അടിയറവിനെക്കുറിച്ചുള്ള നല്ല വാക്കുകള്‍ക്ക് നന്ദി. പക്ഷേ ഒരു വിയോജിപ്പുണ്ട്. ഒരു രചനയുടെ ഭാഷ നന്നായി, പക്ഷേ ആ കൃതി നന്നായില്ല എന്ന കാഴ്‌ചപ്പാട് അടിസ്ഥാനപരമായി തെറ്റാണ് എന്നാണ് പ്രഗല്‍ഭര്‍ പറഞ്ഞിട്ടുള്ളത്. അത് ശരിയാണെങ്കില്‍ ആ നോവല്‍ എങ്ങനെ നോവല്‍ സാഹിത്യത്തില്‍ കാക്കനാടന്റെ അടിയറവാകും. അയിടറവ് എന്റെ ഏറ്റവും ശ്രദ്ധേയമായ കൃതിയാണെന്നു ഞാന്‍ കരുതുന്നു.''

കാക്കനാടന്റെ കഥകള്‍ ശിഥിലസമാധിയില്‍ എന്ന കെ. പി. അപ്പന്റെ നിരൂപണം മലയാളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഒന്നാണ്. കാക്കനാടന്‍ അതേക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്: "ശിഥിലസമാധി എന്ന പ്രയോഗം കെ. പി. അപ്പന്റേതാണ്. നിരൂപകരുടെ അഭിപ്രായം അവരുടേത് മാത്രമാണ്. സമാധി തുറന്ന് പ്രചണ്ഡത അഴിച്ചുവിടാറില്ലേ എന്ന തുടര്‍ഭാഗവും എന്നെ ചിരിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. നിരൂപകര്‍ പറയുന്നതു കേട്ട് എന്റെ അക്ഷരങ്ങള്‍ തിരുത്താനോ ജീവിതവീക്ഷണമോ രചനാരീതിയോ മാറ്റാനോ ഞാനിതുവരെ ശ്രമിച്ചിട്ടില്ല. ഇനി അതിന് ഉദ്ദേശ്യവുമില്ല.'' 'പ്ളേഗ്', 'ഔട്ട് സൈസര്‍' എന്നീ വിശ്വപ്രസിദ്ധകൃതികളുമായി കാക്കനാടന്റെ 'വസൂരി'ക്കും 'സാക്ഷി'ക്കും അതിശയകരമായ സാമ്യമുണ്ടെന്ന ഒട്ടേറെ നിരൂപകരുടെ വാദങ്ങള്‍ ഇന്നും കെട്ടടങ്ങിയിട്ടില്ല. കാക്കനാടന്‍ ആവര്‍ത്തിച്ച് മറുപടികള്‍ നല്‍കിക്കൊണ്ടിരുന്നു. എങ്കിലും ആ സാമ്യകഥകളുടെ ചൂടകറ്റാന്‍ കാക്കനാടന് കഴിഞ്ഞിട്ടുണ്ടോ? ആറേഴ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു പ്രശസ്‌ത നിരൂപകന് കാക്കനാടന്‍ നല്‍കിയ മറുപടിയുടെ അവസാനഭാഗമിതാ "പ്ളേഗ്, വസൂരിപ്രശ്‌നം തല്‍ക്കാലം വിടുന്നു. പേരിലെ സാമ്യം മാത്രം. പകര്‍ച്ചവ്യാധികളല്ലേ രണ്ടും, പരാതികളുണ്ടാവാം. ഇതെല്ലാം കഴിഞ്ഞല്ലേ ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്കേസ് 'കോളറക്കാലത്തെ പ്രണയം' എഴുതിയത്. മാര്‍ക്കേസും അനുകരിച്ചതാവുമോ? എനിക്കെതിരെ ഇനിയും പരാതികള്‍ വരാന്‍ വകുപ്പുണ്ട്. 'ഏഴാംമുദ്ര' പുറത്തുവരുന്നതിന് മുന്‍പ് ബര്‍ഗ്‌മാന്‍ 'സെവന്‍ത് സീല്‍' എന്ന വിശ്വവിഖ്യാത സിനിമ നിര്‍മിച്ചിട്ടുണ്ട്. എങ്ങനെ നോക്കിയാലും ഞാന്‍ പ്രതിക്കൂട്ടില്‍ തന്നെ. ശിക്ഷ വിധിക്കുന്ന കോടതിക്ക് ഇത്തിരി വിവരമുണ്ടായിരിക്കണമെന്ന ഒരപേക്ഷയേ എനിക്കുള്ളൂ.

കാക്കനാടന്റെ ആദ്യകഥ 'കാലപ്പഴക്കം' മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ അച്ചടിച്ചുവരുന്നതിന് മുന്‍പുതന്നെ ഞാന്‍ അദ്ദേഹവുമായി സൌഹൃദം സ്ഥാപിച്ചിരുന്നു. അക്കാലത്ത് ഞാന്‍ പ്രസിദ്ധീകരിച്ചിരുന്ന 'വാനമ്പാടി' എന്ന സാഹിത്യമാസികയില്‍ കാക്കനാടനും ഒ. വി. വിജയനും എം. മുകന്ദനും എം. പി. നാരായണപിള്ളയു മൊക്കെ എഴുതിയിരുന്നു. 'വാനമ്പാടി'യുടെ സംരക്ഷകനും ഉപദേഷ്‌ടാവും കാമ്പിശ്ശേരി കരുണാകരനായിരുന്നു. പത്രപ്രവര്‍ത്തനരംഗത്തെ എന്റെ ഗുരുസ്ഥാനീയന്‍. 'സാഹിത്യവാരഫലം' എഴുതിത്തുടങ്ങുന്നതിന് മുന്‍പ് എം. കൃഷ്ണന്‍നായരുടെ 'നവസാഹിത്യചിന്തകള്‍' എന്ന പേരില്‍ ഒരു പംക്തിയും വാനമ്പാടിയിലുണ്ടായിരുന്നു. കാക്കനാടന്‍ തന്റെ ആദ്യകാല കൃതികളിലൂടെ അതിപ്രശസ്‌തനായതിനുശേഷമാണ് സ്ഥിരതാമസത്തിനായി കൊല്ലത്തെത്തുന്നത്. കാക്കനാടന്റെ കൊല്ലത്തെ ആദ്യത്തെ ഒരു ദശാബ്‌ദക്കാലം. അന്ന് അതിശക്തമായ മനസ്സും അപൂര്‍വത നിറഞ്ഞ വ്യക്തിത്വവുമില്ലായിരുന്നെങ്കില്‍ ആ കാലത്തെ അതിജീവിക്കാന്‍ കാക്കനാടന് കഴിയുമായിരുന്നില്ല. സാമ്പത്തികമായി ആകെ തകര്‍ന്ന അവസ്ഥയിലും ദിവസവും എട്ടും പത്തും പേര്‍ക്ക് സമൃദ്ധമായി ആഹാരം വിളമ്പിയതെങ്ങനെയെന്ന് ഇന്നും എനിക്ക് മനസ്സിലായിട്ടില്ല. ഇത്തരം ഒരവസ്ഥ വന്നിരുന്നെങ്കില്‍ ഒ. വി. വിജയന്‍ ആത്മഹത്യചെയ്യുമായിരുന്നു. സാമ്പത്തികത്തകര്‍ച്ചയുടെ മുന്നിലും കാക്കനാടന്‍ അമ്മിണി ദമ്പതികളുടെ ജീവിതത്തില്‍ സമ്പന്നത എവിടെ നിന്നുവന്നു. മഹാഭാരതത്തിലെ പാഞ്ചാലിയുടെ അക്ഷയപാത്രത്തിന്റെ അത്യാധുനികമാതൃക അമ്മിണിയുടെ കൈവശമുണ്ടായിരുന്നോ? കാക്കനാടന് ഇനിയൊരു ജന്മമുണ്ടെങ്കില്‍ ജീവിതരീതിയിലും സ്വഭാവത്തിലും വിശ്വാസങ്ങളിലും സാഹിത്യരചനയിലും പ്രത്യേകിച്ചൊരുമാറ്റവുമില്ലാത്ത ഇപ്പോഴത്തെ സാക്ഷാല്‍ കാക്കനാടന്‍ തന്നെയായിരിക്കും.

സര്‍വസൌഭാഗ്യങ്ങളും ത്യജിച്ച് ദല്‍ഹിയില്‍നിന്ന് നാട്ടിലെത്തിയ കാക്കനാടന്‍ ആദ്യം താമസിച്ചത് കടപ്പാക്കടയിലായിരുന്നു. തുടര്‍ന്ന് തേവള്ളിയിലും. അന്ന് ആസ്വാദകര്‍ക്ക് ഒരു തീര്‍ഥാടനസ്ഥലംപോലെയായിരുന്നു തേവള്ളിയിലെയും കടപ്പാക്കടയിലെയും കാക്കനാടന്റെ വാടകവീടുകള്‍. ഇപ്പോള്‍ കാക്കനാടന്റെ ഇരവിപുരത്തെ അര്‍ച്ചന തീര്‍ത്തും ശാന്തമാണ്. കാക്കനാടനും ഒരു താപസന്റെ പരിവേഷമാണ്. ശാന്തമായ അന്തരീക്ഷം ആവാഹിച്ച അര്‍ച്ചനയിലിരുന്ന് കാക്കനാടന്‍ പറയുന്നു: "കൊടുങ്കാറ്റുകളെയും പേമാരിയെയും ഇനിയും അക്ഷരങ്ങളില്‍ ആവാഹിക്കാന്‍ എനിക്കു കഴിയും''. നമുക്കിത് വിശ്വസിക്കുക. കാക്കനാടന്റെ ജേഷ്‌ഠന്‍ ഇഗ്നേഷ്യസും അനുജന്മാരായ തമ്പിയും രാജനും കാക്കനാടനെ കാണാനെത്തുന്ന അതിഥികളോടൊപ്പം പകലുകളെ രാത്രികളിലേക്ക് പകര്‍ന്ന് സൌഹൃദം പങ്കിടുമായിരുന്നു. പുതിയ പുസ്‌തകങ്ങളെയും ആനുകാലികങ്ങളില്‍ വരുന്ന ശ്രദ്ധേയമായ കലാസൃഷ്‌ടികളെയുംകുറിച്ചുള്ള ചര്‍ച്ചകള്‍. അത് അര്‍ധരാത്രിയോളം നീണ്ടുപോകുമായിരുന്നു. 'രാത്രിമഴ'യും 'പൂതപ്പാട്ടും' 'രാവണപുത്രി'യും 'കുറത്തി'യും അര്‍ധരാത്രികളെ വര്‍ണാഭയാര്‍ന്ന പകലുകളാക്കി മാറ്റിയിരുന്നു.

'ഉഷ്‌ണമേഖല' പുറത്തിറങ്ങിയതിന്റെ ഏഴാംദിവസമാണ് ഞാനും കാക്കനാടനും കൂടി കൊല്ലത്തെ റസ്‌റ്റ് ഹൌസിലെ മുകളിലത്തെ മുറിയില്‍വച്ച് ഇ. എം.എസിനെ കാണുന്നത്. തുറന്നുവച്ചിരുന്ന അദ്ദേഹത്തിന്റെ സ്യൂട്ട്കേസില്‍ 'ഉഷ്ണമേഖല' ഇരിക്കുന്നതുകണ്ടു. അദ്ദേഹം അത് വായിച്ചുകഴിഞ്ഞിരുന്നു. "ഉഷ്ണമേഖലയ്‌ക്ക് ഒരു രണ്ടാംഭാഗം വേണ്ടേ?'' ഇ.എം.എസ്. ചോദിച്ചു. "വേണം. തീര്‍ച്ചയായും എഴുതും.'' കാക്കനാടന്‍ മറുപടി നല്‍കി. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞു. ഇന്നും എഴുതിയിട്ടില്ല. ഇനി അദ്ദേഹം എഴുതുമെന്ന് നാം കരുതുന്നത് വിഡ്ഢിത്തമാണ്. കാക്കനാടന്‍ ഇനിയും ഇക്കാര്യം സമ്മതിക്കുമെന്ന് തോന്നുന്നില്ല. 'ഉഷ്ണമേഖല' എഴുതുന്ന കാലത്ത് കാക്കനാടന്‍ കമ്യൂണിസ്‌റ്റ് സഹയാത്രികനായിരുന്നു. ഇന്ന് കാക്കനാടന്‍ സ്വതന്ത്രനാണ്. പക്ഷേ 'ഉഷ്ണമേഖല'യുടെ രണ്ടാഭാഗം പ്രതീക്ഷിക്കേണ്ടെന്ന് കാക്കനാടന്റെ ചിരിയും ചിന്തയും മൌനവും പരിഹാസവും കലര്‍ന്ന മാനസികഭാവങ്ങള്‍ വ്യക്തമാക്കുന്നു.

രാത്രിയുടെ മഹാമൌനത്തിലേക്ക് ഇരമ്പിയാര്‍ക്കുന്ന മഹാസാഗരങ്ങളെ അക്ഷരങ്ങളിലാവാഹിച്ച് മലയാളസാഹിത്യഭാഷയ്‌ക്ക് ചൈതന്യം വര്‍ധിപ്പിച്ച കാക്കനാടന്റെ ജീവിതത്തിലെ കാവ്യഭംഗികള്‍ക്കും കൌതുകമുണര്‍ത്തുന്ന സ്വകാര്യജീവിതനിമിഷങ്ങള്‍ക്കും അവസാനമില്ല. മഹാനദിക്ക് സമാനനായിത്തീര്‍ന്ന ഈ അവസ്ഥയിലും ഈ സര്‍ഗധനന്റെ രചനകളിലെ പുണ്യവും പാപവും വേര്‍തിരിക്കാന്‍ കഴിയാത്തവിധം വിലയിച്ചുകിടക്കുന്നു. മലയാളകഥാസാഹിത്യത്തില്‍ കാക്കനാടന്‍ പുണ്യാളനോ പാപിയോ? പുണ്യാളനേയും പാപിയേയും ഒന്നായി സ്‌നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന കാക്കനാടനോട് ഈ ചോദ്യം ചോദിക്കുന്നതില്‍ എന്തര്‍ഥം? ക്ഷോഭിക്കുന്നവരുടെയും വിഡ്ഢികളുടെയും ചരിത്രങ്ങള്‍ സമാഹരിച്ച് പുതിയജീവിതഗാഥകള്‍, അലയാഴികള്‍പോലെ അലറിമറിഞ്ഞ കഥകളില്‍ അലിയിപ്പിക്കാന്‍ കഴിഞ്ഞതാണ് കാക്കനാടനെ മലയാളസാഹിത്യത്തില്‍ വ്യത്യസ്‌തനാക്കുന്നത്. കാമമാണ് മനുഷ്യചേതനയുടെ അന്തഃസത്തയെന്ന്, ക്ഷോഭവും കണ്ണീരും കിനാവും ഒപ്പം പരിഹാസവും തന്റെ രചനകളില്‍ നിറച്ചുകൊണ്ട് കാക്കനാടന്‍ നമ്മെ ബോധ്യപ്പെടുത്തി. എല്ലാവരും യൂസഫ് സരായിയിലെ ചരസ്സ് വ്യാപാരികളാണെന്ന് പറഞ്ഞ കാക്കനാടനെ നാം കുറേക്കൂടി ആഴത്തില്‍ അംഗീകരിക്കുകയാണുണ്ടായത്. പ്രവചനത്തിന്റെ പൊരുള്‍ സുഖസ്വപ്‌നങ്ങളും സൈക്കഡലിക് സ്വപ്‌നങ്ങളും ഇണചേര്‍ന്നതാണെന്ന് ഈ എഴുത്തുകാരന്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.
"ഞാന്‍ അല്‍ഫയും ഒമേഗയും ആദിയും അന്തവുമാകുന്നു'' എന്ന ബൈബിള്‍ വചനത്തിനുള്ളില്‍ ഒളിച്ചിരിപ്പാണ് കാക്കനാടന്‍. എപ്പോഴും ഞാന്‍ യാത്രയിലാണ് എന്ന് കാക്കനാടന്‍ പറയുന്നതിന്റെ രഹസ്യവുമതാണ്. ഭൌതികജീവിതത്തിലെ സമ്പന്നസൌഭാഗ്യങ്ങളില്‍ ജീവിതസായൂജ്യം നേടിയിരുന്ന ഒ. വി. വിജയന്‍ ഒരു പ്രത്യേകനിമിഷത്തിലാണ് ആത്മീയതയുടെ അര്‍ഥം തേടി യാത്രതിരിച്ചത്. ആ യാത്രയുടെ ആരംഭത്തിനും അവസാനത്തിനും നാം നിശബ്‌ദസാക്ഷികളായിരുന്നു. ആത്മീയരഹസ്യം തേടിയുള്ള യാത്രയല്ല കാക്കനാടന്‍ തന്റെ ജീവിത്തിലും സാഹിത്യരചനകളിലൂടെയും നടത്തുന്നത്. യാത്രയുടെ ലക്ഷ്യം യാത്രയെന്ന് ആവര്‍ത്തിക്കുന്ന കാക്കനാടനോട് തുടര്‍ന്ന് ഒന്നും ചോദിച്ചിട്ട് കാര്യമില്ല.


*****

വി. ബി. സി. നായര്‍

കടപ്പാട് : ഗ്രന്ഥാലോകം ഒക്‌ടോബര്‍ 2010

അധിക വായനയ്‌ക്ക് :

1.
ദൈവം സ്നേഹിക്കുന്ന എഴുത്തുകാരന്‍ എം മുകുന്ദൻ
2. അക്രമാസക്തമായ രചന കെ.പി. അപ്പന്‍
3. കാക്കനാടന്റെ വരവ് പ്രസന്നരാജന്‍
4. കാക്കനാടന്റെ ആഖ്യാനകല ഡോ:എസ്.എസ്. ശ്രീകുമാര്‍
5. പൂര്‍ണതതേടിയുള്ള പ്രയാണം കാക്കനാടനുമായുള്ള അഭിമുഖം
6. റെനിഗേഡിന്റെ ഗതികേടുകള്‍ ഡോ. സി. ഉണ്ണികൃഷ്‌ണന്‍
7. അക്ഷരങ്ങളിലെ ഏഴാംമുദ്ര വി. ബി. സി. നായര്‍
8. രതിയുടെ ആനന്ദലഹരി ഡോ. ഇ. ബാനര്‍ജി
9. കാക്കനാടന്‍ സാക്ഷ്യപ്പെടുത്തുന്നത്... ഡോ. ആര്‍.എസ്. രാജീവ്
10. ശ്രീചക്രം കാക്കനാടന്‍
11. പത്മവ്യൂഹത്തിലെ അഭിമന്യു ഡോ. എ. അഷ്റഫ്
12. ആധുനികതയിലെ വ്യവസ്ഥാപിത ജീവിതം വിജു നായരങ്ങാടി
13. കൊല്ലം പഠിപ്പിച്ചത് കാക്കനാടന്‍
14.
കാക്കനാടന്‍ - ജീവിതരേഖ

No comments: