Sunday, December 19, 2010

ഗ്രഹദോഷത്തിന്റെ നീരാളിപ്പിടി

കുറച്ചു കവിടിയും ഒരു പഞ്ചാംഗവും ഉണ്ടായാല്‍ ജനായത്തം ഭദ്രം എന്നാണ് ചിലരുടെ പുതിയ കണ്ടുപിടുത്തം. ആവൂ, ആശ്വാസമായി. നമ്മുടെ ജനായത്തത്തെ എങ്ങനെ രക്ഷിക്കാം എന്ന വേവലായി കുറച്ചു നാളായി ഏവര്‍ക്കുമുള്ളതാണല്ലൊ. ഇത്രയും എളുപ്പവഴി ഉണ്ടെന്ന് ആരും ഇതേവരെ ഓര്‍ത്തതേ ഇല്ല. സാധാരണക്കാരായ നമ്മുടെ ഓരോ മണ്ടത്തം!

തിരഞ്ഞെടുപ്പിനു നില്‍ക്കുന്ന എല്ലാവരുടെയും ജാതകം പരിശോധിക്കാന്‍ വകുപ്പുണ്ടായാല്‍ മതി എന്നാണ് അറിവുള്ളവര്‍ പറയുന്നത്. കേരളത്തിലെ ജ്യോതിഷികളുടെ സംസ്ഥാനസമിതിയാണ് ഔദ്യോഗികമായി ഈ കാര്യം പറഞ്ഞിരിക്കുന്നത്. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കന്നതോടൊപ്പം ജാതകക്കുറിയും ഗുണദോഷവിചിന്തനവും നല്‍കണം എന്ന നിയമം തെരഞ്ഞെടുപ്പുചട്ടത്തില്‍ ഉള്‍പ്പെടുത്തിയാല്‍ എല്ലാ പ്രശ്‌നവും തീരുംപോലും.

ആള്‍ അഴിമതിക്കാരനൊ കൈക്കൂലിക്കാരനൊ അലസനൊ ദുര്‍ന്നടത്തക്കാരനൊ കൊലപാതകിയൊ ഒക്കെ ആകാനുള്ള സാദ്ധ്യത മുന്‍കൂട്ടി അറിഞ്ഞാല്‍ ആ പത്രിക തള്ളാം. മാത്രമല്ല, നിയമസഭയിലും മറ്റും 'അന്നാളുകാരും മുന്നാളുകാരും' ഒരുമിച്ചു കയറിപ്പറ്റി സഭ സ്തംഭിക്കാതെ രാജ്യകാര്യം നടത്താനും കഴിയും.

സാദ്ധ്യതകള്‍ അവിടെയും അവസാനിക്കുന്നില്ല. അടുത്ത അഞ്ചു വര്‍ഷത്തിനകം ആള്‍ തട്ടിപ്പോകാന്‍ ഇടയുണ്ടൊ എന്നും ഭരണത്തില്‍ അഞ്ചു വര്‍ഷം തികയ്ക്കാന്‍ യോഗം കാണുന്നുവൊ എന്നും നേരത്തെ അറിയാം. മുഖ്യമായ മറ്റൊരു കാര്യം: ഇയാള്‍ ജയിച്ചു കഴിഞ്ഞാല്‍ കാലു മാറാന്‍ ഇടയുണ്ടൊ എന്നു പിടി കിട്ടും! നേര്‍വഴിക്ക് തെളിക്കാന്‍ വിപ്പ് എന്ന ചാട്ടവാര്‍ ഉണ്ടായിട്ടും തരം കിട്ടിയാല്‍ മറുകണ്ടം ചാടുന്ന 'കന്നാലി'കളുടെ കാലമാണല്ലൊ.

ചുണ്ടു കടയുവോളം ചിരിച്ചു പിടിച്ചും കൈ കഴയ്ക്കുവോളം കൂപ്പി നിന്നും വെയിലു കൊണ്ടും ഉറക്കമൊഴിച്ചും ഒരുപാട് പണം മുതലിറക്കിയും ജയിച്ചാല്‍ത്തന്നെ 'കാളവണ്ടി ക്ലാസ്സിലേയ്ക്ക് തിരികെ തലയും കുത്തി വീഴുമൊ എന്ന് നേരത്തെ അറിയാന്‍ കഴിഞ്ഞാല്‍ 'സ്ഥാനാര്‍ത്തി'ക്ക് സ്വയം കടിഞ്ഞാണിടാന്‍ അവസരം കിട്ടും.

തിരഞ്ഞെടുപ്പ് എന്ന ചെലവേറിയ മഹാമഹംതന്നെ അനാവശ്യമാവുമെന്നതാണ് ഈ വഴിയുടെ അവസാന ഫലശ്രുതി. നമുക്ക് പാര്‍ട്ടി രാഷ്ട്രീയം വേണ്ട, ഗ്രാമസ്വരാജ് മതി എന്നും കാലണ ചെലവില്ലാത്ത പഞ്ചായതീജനായത്തമാണ് നല്ലതെന്നും മഹാത്മജി പറഞ്ഞിട്ടുപോലും നമുക്കത് ബോദ്ധ്യമായില്ല, നാം ചെവിക്കൊണ്ടുമില്ല. ഇപ്പോഴിതാ, പാര്‍ട്ടി ജനായത്തം വേണമെങ്കില്‍ത്തന്നെ അത് തിരഞ്ഞെടുപ്പില്ലാതെ സാധിക്കാം എന്നു വരുന്നു. നാമനിര്‍ദ്ദേശം കഴിഞ്ഞാല്‍ സ്ഥാനാര്‍ഥികളുടെ ജാതകം നോക്കി ജയിക്കുന്ന ആളെ നിശ്ചയിച്ചാല്‍ മതിയല്ലൊ!

ഇതൊന്നും നടപ്പില്ല എന്ന് ചിരിച്ചു തള്ളരുത്. വേണമെങ്കില്‍ പരീക്ഷിച്ചു നോക്കാവുന്നതേ ഉള്ളൂ. ഓരോ നിയോജകമണ്ഡലത്തിലും വരണാധികാരിയായി ഓരോ ജ്യോതിഷിയെ നിയമിക്കുക. ദക്ഷിണ മോശമാകരുത്. അദ്ദേഹത്തിന്റെ തീര്‍പ്പുകള്‍ അന്തിമമായിരിക്കും എന്നു നിയമവും നിര്‍മ്മിക്കുക. അത്രയേ വേണ്ടൂ.

പക്ഷേ, അത്രയും വേണം എന്നതാണ് ബുദ്ധിമുട്ട്. ജ്യോതിഷികള്‍ക്കിടയില്‍നിന്ന് ഈ വരണാധികാരികളെ എന്തു മാനദണ്ഡം വെച്ച് തിരഞ്ഞെടുക്കും? അപേക്ഷകരുടെ ജാതകം നോക്കി തിരഞ്ഞെടുക്കാം എന്നു വെച്ചാല്‍ത്തന്നെ ആ നോട്ടം ആര്‍ നടത്തും? ആ തിരഞ്ഞെടുപ്പ് നടത്തുന്ന ആളെ ആര്‍ എന്ത് അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കും? ആ തിരഞ്ഞെടുപ്പു നടത്തുന്ന ആളെ ആര്‍......?

'ജ്യോതിശ്ശാസ്ത്രത്തെ ആസ്പദമാക്കി ഭൂമിയിലും മനുഷ്യജീവിതത്തിലുമുണ്ടാകുന്ന സംഭവങ്ങള്‍ പ്രവചിക്കുന്ന ഒരു വിജ്ഞാനശാഖ' എന്നാണ് ശബ്ദതാരാവലി ജ്യോതിഷത്തിന് നല്‍കുന്ന അര്‍ത്ഥം. ജ്യോതിശ്ശാസ്ത്രം എന്നതിന് 'ഗണിതം, ഗ്രഹശാസ്ത്രം' എന്നും അര്‍ത്ഥം പറയുന്നു. സംഗതി വെറും നേരമ്പോക്കല്ല എന്നു സാരം.

പക്ഷേ, പ്രായോഗികവിഷമതകള്‍ ഏറെയാണ്, ഈ മേഖലയില്‍. കാരണം, രണ്ടു ജ്യോതിഷികള്‍ തമ്മില്‍ ഒരു പ്രവചനത്തിന്റെയും കാര്യത്തില്‍ പൂര്‍ണ്ണമായ യോജിപ്പ് ഒരിക്കലും ഉണ്ടാകാറില്ല. ശാസ്ത്രത്തിലെ പിശകാണൊ ശാസ്ത്രം വിശകലനം ചെയ്യുന്നതിലെ പിശകാണൊ എന്ന കാര്യത്തിലും യോജപ്പില്ല. ഒത്താല്‍ ഒത്തു എന്ന മട്ടിലേ ഏതു പ്രവചനവും ശരിയാകാറുമുള്ളൂ.

ഞങ്ങളുടെ നാട്ടില്‍, ജാതകവശാല്‍ എല്ലാ പൊരുത്തങ്ങളും തികഞ്ഞ ഒരു വിവാഹബന്ധം മൂന്നു ദിവസത്തിനകം തകര്‍ന്നപ്പോള്‍ ആ ജാതകങ്ങള്‍ നോക്കിയ പണ്ഡിതനോട് ചിലര്‍ ക്ഷോഭിച്ചു. അദ്ദേഹം പറഞ്ഞ മറുപടി ഇതായിരുന്നു, 'ജ്യോതിഷത്തിന്റെ ഉപജ്ഞാതാവായ സുബ്രഹ്മണ്യന്‍ അച്ഛനായ പരമശിവന്റെ ജാതകമാണ് ആദ്യം ഗണിച്ചത്. പിച്ചയെടുക്കാന്‍ യോഗമുണ്ടെന്നു കണ്ടത് പറയുകയും ചെയ്തു. നിന്റെ ശാസ്ത്രം പകുതിയും പിഴച്ചുപോകട്ടെ എന്ന് ശിവന്‍ ശപിച്ചു. ശിവശാപം എങ്ങനെ ഫലിക്കാതിരിക്കും?'

അപ്പോള്‍, ശിവശാപത്തിന് പരിഹാരം ചെയ്താല്‍ ചൊവ്വാവും. അതിന് എന്തു വഴി എന്നും അത് ചെയ്യേണ്ടത് ആരെന്നും നിശ്ചയിക്കണം. അതിനും വേണമല്ലൊ ഒരു പ്രശ്‌നംവെപ്പും ഒരു ജാതകപരിശോധനയും. അതു രണ്ടും ആര്‍ ചെയ്യും? ആര്‍ ചെയ്താലും അതും പാതിയല്ലെ ഫലിക്കൂ?

മുഴുവന്‍ ഫലിക്കുന്ന ഒരു സംവിധാനമുണ്ടായാല്‍ പിന്നെ എല്ലാം സുന്ദരവും സുഗമവും ആയി. തിരഞ്ഞെടുപ്പു മാത്രമല്ല, പരീക്ഷകളും വേണ്ട. ഐ. എ. എസ്. മുതല്‍ ശിപായി വരെ എല്ലാരെയും ജാതകം നോക്കി നിശ്ചയിക്കാം. പി. എസ്. സി. എന്നാല്‍ ജാതകംനോക്കുകമ്മീഷന്‍ എന്നാവും അര്‍ത്ഥം. ഒരു കുംഭകോണവും ഒരു നിയമനത്തിലും സാധിക്കില്ല.

എന്‍ട്രന്‍സ് പരീക്ഷകളും കോച്ചിങ്ങ് സ്ഥാപനങ്ങളും ഉപേക്ഷിക്കാം. അന്യൂനമായ ഒരു ജ്യോതിഷം (ശാപമുക്തം) ഉണ്ടായിക്കിട്ടിയാല്‍ അതിന്റെ ഒരു സോഫ്റ്റ് വെയര്‍ നിര്‍മ്മിച്ചാല്‍ മതിയാവും. എന്നിട്ടത് ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സൂപ്പര്‍ കമ്പ്യൂട്ടറില്‍ ലോഡ് ചെയ്യുക. നാട്ടില്‍ ജനിക്കുന്ന എല്ലാ കുട്ടികളുടെയും കൃത്യമായ ജനനസമയം നിരീക്ഷിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ സംവിധാനമുണ്ടാക്കുക. ജനനങ്ങളുടെ ഭാവി നിര്‍ണ്ണയിച്ച് കുട്ടികളെ അതത് കാര്യങ്ങള്‍ക്ക് പരിശീലിപ്പിച്ച് നിയോഗിക്കുക. ദുഷ്ടഭാവിയുള്ളവരെ എന്തു ചെയ്യണമെന്നത് ഒരു ദേശീയനയത്തിന്റെ ഭാഗമായിരുന്നാല്‍ മതിയല്ലൊ.

ഇതിലുമുണ്ട്, പക്ഷേ, ഒരു ചെറിയ ഏടാകൂടം. ഈ സൂപ്പര്‍ കമ്പ്യൂട്ടര്‍ ആര്‍ പ്രവര്‍ത്തിപ്പിക്കും? ആ ആളെയും ഈ സൂപ്പര്‍ തന്നെ വേണ്ടെ കണ്ടെത്താന്‍? അതെങ്ങനെ നടക്കും? മനുഷ്യജീവിതം ഒരു യന്ത്രത്തിന്റെ ചൊല്‍പ്പടിക്കായിപ്പോകുമെന്ന ഗതികേടുമില്ലെ?

1962-ലാണെന്നു തോന്നുന്നു, അഷ്ടഗ്രഹയോഗത്തോടെ ലോകം നശിക്കുമെന്ന് ഗണിച്ചു കണ്ടെത്തിയ ഒരാള്‍ ഞങ്ങളുടെ നാട്ടില്‍ ആ യോഗത്തിന്റെ മൂഹൂര്‍ത്തത്തില്‍ വിഷം കഴിച്ചു മരിക്കുകയുണ്ടായി. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ലോകം അവസാനിക്കുകതന്നെ ചെയ്തു. വിശ്വസിച്ചാല്‍ ഫലിക്കുമെന്നാണല്ലൊ മുഖ്യപ്രമാണം!

ഏതായാലും, പോള്‍ എന്ന നീരാളിക്കാണ് ജ്യോതിഷം ഏറ്റവും നന്നായി അറിമായിരുന്നത് എന്നൊരു തോന്നല്‍ നാടാകെ നിലവിലുണ്ട്. ഭാരതീയമായ ഒരു മേല്‍ക്കോയ്മയ്ക്ക് വല്ലാത്ത ഒരു ആഘാതമായിപ്പോയി ഇത്. ഈ വെല്ലുവിളി നേരിടാന്‍ എന്തു ചെയ്യാനാവുമെന്ന് ചിന്തിച്ച് പരിഹാരം കാണാനായിരുന്നില്ലെ നമ്മുടെ പണ്ഡിതന്‍മാര്‍ ആദ്യം ശ്രമിക്കേണ്ടിയിരുന്നത്?

സാരമില്ല, നീരാളിയുടെ ആയുസ്സൊടുങ്ങി. തല്‍ക്കാലം, ഇവിടെ എക്‌സിറ്റ് പോളുകളുടെ കുത്തകക്കാരുമായി അങ്കം വെട്ടി ജയിച്ചിട്ടു പോരെ വരണാധികാരത്തില്‍ പങ്കു ചോദിക്കുന്നത്.


******


സി രാധാകൃഷ്ണന്‍/ ഒറ്റയടിപ്പാതകള്‍, കടപ്പാട് : ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഞങ്ങളുടെ നാട്ടില്‍, ജാതകവശാല്‍ എല്ലാ പൊരുത്തങ്ങളും തികഞ്ഞ ഒരു വിവാഹബന്ധം മൂന്നു ദിവസത്തിനകം തകര്‍ന്നപ്പോള്‍ ആ ജാതകങ്ങള്‍ നോക്കിയ പണ്ഡിതനോട് ചിലര്‍ ക്ഷോഭിച്ചു. അദ്ദേഹം പറഞ്ഞ മറുപടി ഇതായിരുന്നു, 'ജ്യോതിഷത്തിന്റെ ഉപജ്ഞാതാവായ സുബ്രഹ്മണ്യന്‍ അച്ഛനായ പരമശിവന്റെ ജാതകമാണ് ആദ്യം ഗണിച്ചത്. പിച്ചയെടുക്കാന്‍ യോഗമുണ്ടെന്നു കണ്ടത് പറയുകയും ചെയ്തു. നിന്റെ ശാസ്ത്രം പകുതിയും പിഴച്ചുപോകട്ടെ എന്ന് ശിവന്‍ ശപിച്ചു. ശിവശാപം എങ്ങനെ ഫലിക്കാതിരിക്കും?'