2010 ജനുവരിയില്‍ അമേരിക്കയുടെ സ്റേറ്റ് സെക്രട്ടറി ഹിലരി ക്ളിന്റ ഇന്റര്‍നെറ്റ് നല്‍കുന്ന അനിയന്ത്രിതമായ അഭിപ്രായസ്വാതന്ത്യ്രത്തെ ഉത്തരോത്തരം ഉദ്ഘോഷിച്ചുകൊണ്ട് വാഷിങ്ടണില്‍ ഒരു ഗിരിപ്രഭാഷണം നടത്തിയിരുന്നു. ചൈന ഗൂഗിളിന് ഏര്‍പ്പെടുത്തിയ ചില നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഹിലരിയുടെ ഈ ഇന്റര്‍നെറ്റ് സ്തുതിഗീതം. ആ പ്രസംഗത്തിന്റെ രത്നച്ചുരുക്കം ഇങ്ങനെ:
"അറിവ് ഇത്രമേല്‍ സ്വതന്ത്രവും സ്വച്ഛന്ദവുമായ ഒരുകാലം ഇതിന് മുമ്പുണ്ടായിട്ടില്ല. സ്വേച്ഛാധിപത്യസ്വഭാവമുള്ള രാഷ്ട്രങ്ങളില്‍പ്പോലും ഇന്റര്‍നെറ്റ് ആരൂഢമായി വര്‍ത്തിക്കുന്ന വിജ്ഞാനശൃംഖലകള്‍ പുതിയ വസ്തുതകള്‍ കണ്ടെത്താന്‍ ജനങ്ങളെ സഹായിക്കുകയും ഭരണകൂടങ്ങളെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരായി തീര്‍ക്കുകയുംചെയ്തിരിക്കുന്നു''. തുടര്‍ന്ന് പറഞ്ഞകാര്യങ്ങള്‍ ഓര്‍ത്തെടുത്ത് ഹിലരി ഇതുകൂടി കൂട്ടിച്ചേര്‍ത്തു: "ഒബാമ ചൈനയില്‍ പോയപ്പോള്‍ സ്വതന്ത്രമായി വിവരങ്ങള്‍ ലഭിക്കാനുള്ള ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി വാദിച്ചത് ഓര്‍ക്കുമല്ലോ. അദ്ദേഹം അന്ന് പറഞ്ഞത്, വിവരങ്ങള്‍ എത്രമേല്‍ സ്വതന്ത്രവും നിയന്ത്രണരഹിതവുമായി ഒഴുകുന്നുവോ അത്രമേല്‍ ശക്തമായിത്തീരും അതതു സമൂഹങ്ങള്‍ എന്നാണ്. സ്വച്ഛന്ദമായ വിവരലഭ്യത ഭരണകൂടങ്ങളെ കര്‍ത്തവ്യബോധമുള്ളവരായിത്തീര്‍ക്കുകയും പുതിയ ആശയങ്ങള്‍ക്ക് ജന്മം നല്‍കുകയും സര്‍ഗാത്മകതയെ ഉത്തേജിപ്പിക്കുകയുംചെയ്യുന്നു.''
ചൈനയെ ഇകഴ്ത്തിക്കാണിക്കാനും അമേരിക്കയെപ്പോലുള്ള 'ഉദാരജനാധിപത്യ' രാഷ്ട്രങ്ങളില്‍ നിലനില്‍ക്കുന്ന സര്‍വസ്വതന്ത്ര വിവരപ്രവാഹത്തെ മഹത്വവല്‍ക്കരിക്കാനുമായിരുന്നു അന്ന് ഹിലരിയുടെ ഉദ്യമം. ഇന്ന് അതേ ഹിലരിയും കൂട്ടരും അമേരിക്കയുടെ 'ഡിജിറ്റല്‍ 9/11' എന്ന് ചിലര്‍ വിശേഷിപ്പിച്ച വിക്കിലീക്സിന് പിന്നില്‍ പ്രവര്‍ത്തിച്ച ജൂലിയന്‍ അസാഞ്ചെ എന്ന മുപ്പത്തൊമ്പതുകാരനെ ബലാത്സംഗവും ചാരപ്രവര്‍ത്തനവുമുള്‍പ്പെടെയുള്ള നാനാവിധ കുറ്റങ്ങള്‍ ചുമത്തി ആജീവനാന്തം തടവിലാക്കാനുള്ള പുറപ്പാടിലാണ്. വിക്കിലീക്സിന് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കിയിരുന്ന കമ്പനികളായ ആമസോ, ഇ ബേ, പേ പാള്‍ എന്നിവയെ ഭീഷണിപ്പെടുത്തി അമേരിക്ക പിന്തിരിപ്പിച്ചുകഴിഞ്ഞു. എന്തിനേറെ പറയുന്നു വിക്കിലീക്സ് വാര്‍ത്തകള്‍ ഫെയ്സ്ബുക്കില്‍ ചൂടാറുംമുമ്പ് ചേര്‍ത്തിരുന്ന കൊളംബിയ സര്‍വകാലാശാലാ വിദ്യാര്‍ഥികളെവരെ വാഷിങ്ട വിരട്ടി. ഒരു നിര്‍ണായകസന്ദര്‍ഭം വരുമ്പോള്‍ ഗൂഗിള്‍, ഫെയ്സ്ബുക്ക്, ഫ്ളിക്കര്‍, മൈസ്പേസ്, ആമസോ തുടങ്ങിയ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ എവിടെ നില്‍ക്കുമെന്നറിയാനും വിക്കിലീക്സ് സംഭവം നിമിത്തമായി. ഇവയെല്ലാം 'സ്വതന്ത്രവിനിമയ'ത്തിന്റെ സൈബര്‍ സ്ഥലികളാണെന്നാണെല്ലോ പലരും ധരിച്ചുവശായിരിക്കുന്നത്. വിക്കിലീക്സിനെയും അതിന് സൈബര്‍ സേവനങ്ങള്‍ നല്‍കിയിരുന്ന ഇന്റര്‍നെറ്റ് കമ്പനികളെയും അമേരിക്ക അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്നതിനെ ഒരു ഇംഗ്ളീഷ് ദിനപത്രം വിശേഷിപ്പിച്ചത് 'ഡിജിറ്റല്‍ മക്കാര്‍ത്തിയിസം' എന്നാണ്.
അമേരിക്കന്‍ സാമ്രാജ്യത്വം വിധ്വംസകസ്വഭാവത്തെക്കുറിച്ചും അതിന്റെ വിദേശകാര്യാലയങ്ങളുടെ ചതുരോപായങ്ങളെക്കുറിച്ചും സാമാന്യധാരണയുള്ള സാധാരണക്കാര്‍ക്കുപോലും വലിയ അത്ഭുതത്തിന് വക നല്‍കുന്നവയല്ല വിക്കിലീക്സിന്റെ ഒട്ടുമിക്ക വെളിപ്പെടുത്തലുകളും. പത്രങ്ങള്‍ വരികള്‍ക്കിടയിലൂടെ വായിക്കുന്ന ആര്‍ക്കും നിര്‍ധാരണംചെയ്യാവുന്ന 'രഹസ്യങ്ങള്‍' മാത്രമേ വിക്കിലീക്സ് പുറത്തുകൊണ്ടുവന്നിട്ടുള്ളൂ.
ഒബാമ ഇന്ത്യന്‍ പാര്‍ലമെന്റില്‍വച്ച് ഐക്യരാഷ്ട്രരക്ഷാസമിതിയില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വത്തിന് പിന്തുണ അറിയിക്കുമ്പോള്‍ മറുവശത്ത് ഹിലരി സ്ഥിരാംഗത്വം കിട്ടുമെന്ന് 'സ്വയം മേനി പറഞ്ഞുനടക്കുന്ന രാഷ്ട്രം' എന്ന് ഇന്ത്യയെ പരിഹസിച്ചത് വിക്കിലീക്സ് വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തല്‍ അങ്കിള്‍ സാമിന്റെ വിനീതവിധേയദാസ്യം സ്വീകരിച്ച മന്‍മോഹന്‍ സിങ്ങിനും കൂട്ടര്‍ക്കുമേ അമ്പരപ്പുളവാക്കിയിട്ടുള്ളൂ. അമേരിക്ക ഇന്ത്യയെ കാണുന്നത് കേവലമൊരു 'ജൂനിയര്‍ പാര്‍ട്ണര്‍' ആയാണ് എന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം ജനസാമാന്യത്തെ ഉദ്ബോധിപ്പിച്ചു പോരുന്ന ഇടതുപക്ഷത്തിന് ഹിലരിയുടെ ഈ പരിഹാസനിര്‍ഭര ഉദീരണം തെല്ലും അമ്പരപ്പുളവാക്കിയിട്ടില്ല.
അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ അംബാസഡറുടെ ചില നിരീക്ഷണങ്ങള്‍- അമേരിക്കയുടെ രണ്ടാം വിയറ്റ്നാമായി അഫ്ഗാനിസ്ഥാന്‍ മാറുന്നു. കര്‍സായി സര്‍ക്കാര്‍ അടിമുടി അഴിമതിയില്‍ മുങ്ങി, കാബൂളില്‍ സമീപഭാവിയിലൊന്നും സുസ്ഥിര ജനാധിപത്യ ഭരണകൂടം നിലവില്‍വരില്ല തുടങ്ങിയവ- ഒരൊറ്റ പത്രംമാത്രം വായിക്കുന്ന ആര്‍ക്കും അറിയാവുന്ന കാര്യങ്ങളത്രേ. അതുപോലെ, പാകിസ്ഥാന്റെ ആണവായുധങ്ങള്‍ ഭീകരരുടെ കൈവശമെത്തുമോ എന്ന ഭീതി പുതിയ അറിവല്ല. സൌദി അറേബ്യ, യുഎഇ, ബഹ്റൈന്‍ തുടങ്ങിയ സുന്നി രാഷ്ട്രങ്ങള്‍ ഷിയാരാഷ്ട്രമായ ഇറാനെ വൈരനിര്യാതന ബുദ്ധിയോടെയാണ് വീക്ഷിക്കുന്നതെന്ന് ശരാശരി പൊതുവിജ്ഞാനമുള്ളവര്‍ക്കറിയാം. ആ (ഇറാന്‍) സര്‍പ്പത്തിന്റെ തല അരിയണം എന്ന സൌദി രാജാവിന്റെ വാക്കുകള്‍ ഇവര്‍ തമ്മിലുള്ള വൈരത്തിന്റെ ആഴം വെളിപ്പെടുത്തുന്നുണ്ട് എന്നുമാത്രം.
റഷ്യന്‍ പ്രധാനമന്ത്രി വ്ളാദിമിര്‍ പുടിനെ 'നായ്ക്കൂട്ടങ്ങളുടെ തലവന്‍' എന്നാണ് മോസ്കോയിലെ അമേരിക്കന്‍ സ്ഥാനപതി വിശേഷിപ്പിച്ചിരിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്വദേവിനെ പുടിന്റെ ദാസനായും ചിത്രീകരിച്ചിരിക്കുന്നു. ഇത് അറിഞ്ഞ ഉടനെ മെദ്വദേവ് പ്രതികരിച്ചത് അമേരിക്കയിലെ ഭരണപ്രമുഖരെക്കുറിച്ച് തങ്ങളുടെ സ്ഥാനപതിമാര്‍ ഇതിലേറെ 'രസകരമായ' കാര്യങ്ങള്‍ അയച്ചുതന്നിട്ടുണ്ടെന്നാണ്. ഈയിടെ ലിസ്ബണില്‍ സമാപിച്ച നാറ്റോ ഉച്ചകോടിയില്‍ റഷ്യയും ക്ഷണിക്കപ്പെട്ടിരുന്നു. അവിടെവച്ച് റഷ്യന്‍ പ്രതിനിധിയും നാറ്റോ പ്രതിനിധിയും പരസ്പരം ആശ്ളേഷിച്ച് 'തന്ത്രപരമായ പങ്കാളിത്ത'ത്തിന്റെ തന്ത്രികള്‍ മീട്ടി, ഇനിമേലില്‍ ഭായ് ഭായ് ആയിരിക്കുമെന്ന് പ്രഖ്യാപിച്ചാണ് പിരിഞ്ഞത്. നാറ്റോ ഉച്ചകോടിക്കുപോയ റഷ്യന്‍ പ്രതിനിധി മോസ്കോയില്‍ തിരിച്ചെത്തിയപ്പോള്‍ കേട്ട വാര്‍ത്ത മറ്റൊന്നായിരുന്നു. റഷ്യന്‍ ആക്രമണത്തെ നേരിടാന്‍ ഒമ്പതു നാറ്റോ ഡിവിഷനെ യൂറോപ്പില്‍ വിന്യസിക്കാനും ബാള്‍ട്ടിക് കടലില്‍ അമേരിക്കന്‍-ബ്രിട്ടീഷ് പടക്കപ്പലുകളെ ജാഗരൂകമായി നിര്‍ത്താനും ആണവ മിസൈലുകള്‍ റഷ്യക്കുനേരെ കൂര്‍പ്പിച്ചുനിര്‍ത്താനും അതേ ഉച്ചകോടിയില്‍വച്ച് തീരുമാനമെടുത്തു എന്ന വാര്‍ത്ത വിക്കിലീക്സുതന്നെയാണ് പുറത്തുവിട്ടത്. കഴിഞ്ഞ നൂറ്റാണ്ടില്‍ അമേരിക്കയുടെ സൃഗാല തന്ത്രങ്ങളുടെ അകവും പൊരുളും വേണ്ടത്ര മനസ്സിലാക്കിയ (യഥാസമയം ചിലപ്പോള്‍ വൈകിയും) മോസ്കോയെ ഈ വെളിപ്പെടുത്തല്‍ അത്ര വിസ്മയിപ്പിച്ചിട്ടുണ്ടാകില്ല. ഇപ്പോഴും റഷ്യയുടെ ഭൂഖണ്ഡാന്തര ആണവ മിസൈലുകള്‍ മിക്കതും ഉന്നംവയ്ക്കുന്നത് അമേരിക്കയെയും പടിഞ്ഞാറന്‍ യൂറോപ്പിനെയുംതന്നെയാണ് എന്നത് വൈറ്റ്ഹൌസിന് അറിയാം.
പറഞ്ഞുവരുന്നത് ഇതാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ വഞ്ചക-വിധ്വംസക സ്വഭാവത്തെപ്പറ്റി ചരിത്രപരമായി ഏകദേശ ധാരണയുള്ള ആരെയും അത്ഭുതപരതന്ത്രരാക്കാന്‍ പോന്ന അത്ര സ്ഫോടനാത്മകമൊന്നുമല്ല വിക്കിലീക്സ് പുറത്തുവിട്ട രേഖകള്‍. എന്നാല്‍, അമേരിക്ക എന്നു കേട്ടപാതി കേള്‍ക്കാത്ത പാതി മനംമയങ്ങി കിറുങ്ങിവീഴുന്ന മന്‍മോഹന്‍ സിങ്ങിനെപ്പോലുള്ള നിരവധി സാമന്തമേധാവികള്‍ക്ക് ശാന്തമായി ആത്മപരിശോധന നടത്താന്‍ വിക്കിലീക്സ് പുറത്തുവിട്ട രേഖകളിലൂടെ ഒരാവര്‍ത്തി കടന്നുപോയാല്‍ മതി. അമേരിക്കയിലെ 'ഉദാരസുന്ദര ജനാധിപത്യം' 'റിയാലിറ്റി' അല്ലെന്നും ഒരു 'വെര്‍ച്വല്‍ റിയാലിറ്റി' മാത്രമാണെന്നും വിക്കിലീക്സിനെ ഞെക്കിക്കൊല്ലാന്‍ സ്വീകരിച്ച യുദ്ധസമാനമായ നടപടികള്‍ അടിവരയിടുന്നു.
*
എ എം ഷിനാസ് കടപ്പാട്: ദേശാഭിമാനി ദിനപത്രം 14 ഡിസംബര്‍ 2010
Subscribe to:
Post Comments (Atom)
1 comment:

Post a Comment