മലയാളസാഹിത്യത്തില്‍ ഏറെ ശ്രദ്ധേയമായിരുന്ന ഒരു കാലഘട്ടമാണ് ആധുനികതയുടേത്. ആധുനികത സവിശേഷമായൊരു മനോഭാവം പ്രദര്‍ശിപ്പിച്ച ഒരു പ്രസ്ഥാനമായിരുന്നു. ജനതയുടെ മനോഭാവത്തിലുണ്ടാകുന്ന അടിസ്ഥാനപരമായ പരിണാമങ്ങളാണ് സാഹിത്യപ്രസ്ഥാന (Literary Movement)ങ്ങളെ ജനിപ്പിക്കുന്നതെന്ന കേസരിയുടെ സത്യപ്രസ്‌താവം ഇന്നും അര്‍ഥപൂര്‍ണം തന്നെ. മലയാളത്തിലെ വ്യത്യസ്‌ത സാഹിത്യരൂപങ്ങളിലൊക്കെ വമ്പന്‍ ഭാവുകത്വപരിണാമം വരുത്തിയ ആധുനികത സവിശേഷമായൊരു മനോഭാവത്തെ അവതരിപ്പിച്ചു എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ഒ. വി. വിജയന്‍, ആനന്ദ്, എം. മുകുന്ദന്‍, സേതു, പുനത്തില്‍ കുഞ്ഞബ്‌ദുള്ള എന്നിവരെപ്പോലെ കാക്കനാടന്റെ ചെറുകഥകളും നോവലുകളും ആധുനികതയിലെ ശക്തമായ സാന്നിധ്യമായിരുന്നു. അതിനുമുന്‍പ് നവോത്ഥാനഘട്ടം അവതരിപ്പിച്ച സാഹിത്യ സമീപനരീതിയുടെ ഒരു നിഷേധം ആധുനികതയില്‍ കാണാന്‍ കഴിയും.
തകഴി, കേശവദേവ്, വൈക്കം മുഹമ്മദ് ബഷീര്‍, ഉറൂബ്, എസ്.കെ. പൊറ്റെക്കാട്, ചെറുകാട് എന്നിവരെല്ലാം ഉള്‍പ്പെട്ട മലയാളത്തിലെ നവോത്ഥാന നോവലിന് രണ്ടു ഘട്ടങ്ങളുണ്ടായിരുന്നു. ആദ്യഘട്ടം കേരളത്തിലെ അന്നത്തെ ചരിത്രപരവും സാമൂഹികവുമായ പ്രശ്‌നങ്ങളോടിഴചേര്‍ന്നു കൊണ്ട് സാഹിത്യത്തെ ഒരു സമരായുധംപോലെ ഉപയോഗിച്ച ഘട്ടമാണ്. മനുഷ്യന്റെ അതിജീവനസമരങ്ങളെ പ്രധാനാംശമായി സ്വീകരിച്ചുകൊണ്ട് സാമൂഹിക വിപ്ളവത്തില്‍ പക്ഷം പിടിച്ചുകൊണ്ടുള്ള ഒരു രചനയായിരുന്നു ആദ്യഘട്ടത്തില്‍ നിര്‍വഹിക്കപ്പെട്ടത്. മനുഷ്യനെ സാമ്പത്തികഘടകങ്ങള്‍ കൊണ്ട് നിര്‍ണയിക്കപ്പെടുന്ന ഒരു ജീവിയായി പരിഗണിച്ചുകൊണ്ടുള്ള ആഖ്യാനങ്ങളാണ് ഈ ഘട്ടത്തിലുണ്ടായത്. തീര്‍ച്ചയായും അരുണദശകമെന്നറിയപ്പെട്ടിരുന്ന 1930 കാലഘട്ടം ആഗോളതലത്തിലുണ്ടാക്കിയ സ്വാധീനം മലയാളനോവലിലും അനുഭവപ്പെട്ടു എന്നു പറയാം. വ്യക്തിയുടെ ആദര്‍ശങ്ങളും സാമൂഹികനീതിയുമായുള്ള സംഘര്‍ഷം ഇക്കാലഘട്ടത്തില്‍ അടിസ്ഥാനപ്രേമയമായി മാറി. സ്വാഭാവികമായിത്തന്നെ പ്രമേയപരിചരണം അതിനിണങ്ങിയ തരത്തില്‍ സാര്‍വജനകമായ ആഖ്യാനമെന്ന നിലയിലോ ഉത്തമപുരുഷപ്രതിഫലിതമെന്ന നിലയിലോ രൂപപ്പെട്ടു. തകഴിയുടെ ആദ്യകാല നോവലുകള്‍ ഇതിനെ വ്യക്തമായി ഉദാഹരിക്കും. പതിതപങ്കജം, തോട്ടിയുടെ മകന്‍, രണ്ടിടങ്ങഴി എന്നിവയും കേശവദേവിന്റെ കണ്ണാടി, ഓടയില്‍ നിന്ന് എന്നീ രചനകളും ബഷീറിന്റെ ബാല്യകാലസഖി, പാത്തുമ്മായുടെ ആട്, ന്റുപ്പുപ്പായ്‌ക്കൊരാനേണ്ടാര്‍ന്ന് എന്നിവയും ഇങ്ങനെ രൂപപ്പെടുന്നവയാണ്.
സാഹിത്യകൃതിയെ സാമൂഹികാവസ്ഥയെ പ്രതിഫലിപ്പിക്കുകയോ വ്യാഖ്യാനിക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുന്ന ഒന്നായി മാറ്റുകയായിരുന്നു പൊതുവേ ഈ എഴുത്തുകാര്‍. കഥാപാത്രങ്ങളുടെ വ്യക്തിത്വത്തെക്കാള്‍ അവര്‍ ഉള്‍പ്പെടുന്ന സാമൂഹികവര്‍ഗത്തിന്റെ മികച്ച പ്രതിനിധികളാക്കുക എന്നതിലാണവര്‍ ശ്രദ്ധ പതിപ്പിച്ചത്. അതുകൊണ്ടുതന്നെ കഥാപാത്രങ്ങളെ സ്വാധീനിക്കുന്ന വര്‍ഗപരവും സാമ്പത്തികവുമായ ഘടകങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലും അതിന്റെ ആഖ്യാനത്തിലുമാണ് അവര്‍ ശ്രദ്ധ പതിപ്പിച്ചത്. ഇങ്ങനെയുള്ള കഥാപാത്ര ചിത്രീകരണത്തില്‍ മനുഷ്യന്റെ അടിസ്ഥാനചോദനകളിലൊന്നായ ലൈംഗികതയെക്കുറിച്ച് ഈ എഴുത്തുകാര്‍ക്ക് പൂര്‍വനിര്‍ണീതമായൊരു ധാരണയുണ്ടായിരുന്നു. അത് അന്നത്തെ കാലഘട്ടത്തില്‍ ശക്തമായിരുന്ന ആംഗലേയ (കൊളോണിയല്‍) മനുഷ്യസങ്കല്‍പങ്ങളുമായും പുരോഗമന (ഇടതുപക്ഷ) മനുഷ്യസങ്കല്‍പവുമായും ബന്ധപ്പെട്ടതായിരുന്നു. ഏതുതരത്തിലുള്ള ലൈംഗിക സൂചനകളും അശ്ളീലവും സദാചാരവിരുദ്ധവുമാണെന്ന് ജ്ഞാനോദയവുമായി ബന്ധപ്പെട്ട ലിബറല്‍ ഹ്യൂമനിസ്റ്റ് മൂല്യബോധം കരുതിയപ്പോള്‍ ഉപരിവര്‍ഗത്തിന്റെ ജീര്‍ണസംസ്‌കാരവുമായി ബന്ധപ്പെട്ടതാണിതെന്ന് പുരോഗമന - ഇടതുപക്ഷ മൂല്യബോധം വിധികല്‍പിച്ചു. കേസരി ബാലകൃഷ്‌ണപിള്ള എന്ന നവയുഗചിന്തകന്റെ മുന്നറിയുപ്പുകള്‍ വേണ്ടതരത്തില്‍ പരിഗണിക്കപ്പെടാതെ പോയി.
മലയാള സാഹിത്യവിമര്‍ശനത്തിലെ ഭൌതികവാദധാരയ്‌ക്കുവേണ്ടി വാദിച്ചിരുന്ന കേസരി ബാലകൃഷ്‌ണപിള്ളയ്‌ക്ക് ആ ശ്രമത്തിന്റെ ഭാഗം തന്നെയായിരുന്നു ഫ്രോയിഡിയന്‍ മാനസികാപഗ്രഥനം വഴി കൈവന്ന ലൈംഗികതയെക്കുറിച്ചുള്ള വീക്ഷണങ്ങളും. ശരിയായ ഫ്രോയിഡിയന്‍ മാനസികാപഗ്രഥനം ഭൌതികവാദസ്വഭാവമുള്ളതാണെന്ന ഫ്രെഡറിക് ജയിംസന്റെ വീക്ഷണവും ഇവിടെ ഓര്‍ക്കാം. തനിക്കുചുറ്റും വന്നണഞ്ഞിരുന്ന അന്നത്തെ എഴുത്തുകാരെയും ബുദ്ധിജീവികളെയും ഈ മാര്‍ഗത്തിലേക്കുപനയിക്കാന്‍ കേസരി ശ്രമിക്കുകയും ചെയ്‌തിരുന്നു. സാമ്പത്തിക ഘടകങ്ങളില്‍ മാത്രമല്ല മാനസികമായ ഒരുപാടു ദമനങ്ങള്‍ക്കു വിധേയമാകുന്നുണ്ട് വ്യക്തിത്വമെന്ന് നാം കരുതുന്ന ആശയമെന്നദ്ദേഹം വിശ്വസിച്ചു. ഏകീകൃത മനുഷ്യന്‍ എന്ന സങ്കല്‍പം അസാധുവാണെന്നും പലതരത്തിലുള്ള ശിഥില വികാരങ്ങളുടെ ഒരു സംഘാതം മാത്രമാണെന്നുമുള്ള കേസരിയുടെ അഭിപ്രായപ്രകടനങ്ങള്‍ നാം കാണുന്നു. ഈ വീക്ഷണത്തിന് അനുരോധമായിരുന്നു തകഴി ശിവശങ്കരപ്പിള്ളയുടെ ആദ്യ നോവലായ പതിതപങ്കജം. എന്നിട്ടും അന്നത്തെ പുരോഗമന മുഖ്യധാരയുടെ സ്വാധീനത്തിനു വഴങ്ങി ലൈംഗികതയുടെ കാര്യത്തില്‍ ഒരൊത്തുതീര്‍പ്പിന് അദ്ദേഹം തയ്യാറായി എന്ന് രണ്ടിടങ്ങഴി, തോട്ടിയുടെ മകന്‍ എന്നീ നോവലുകള്‍ തെളിവുനല്‍കുന്നു. കോരന്‍, ചാത്തന്‍, ചിരുത എന്നീ കഥാപാത്രങ്ങളില്‍ സംഭവിച്ചിട്ടുള്ള ആദര്‍ശവല്‍ക്കരണം കേസരി തന്നെ സൂചിപ്പിച്ചിട്ടുള്ളതാണല്ലോ."കേശവദേവിന്റെയും ആദ്യകാല നോവലുകളില്‍ സാമൂഹിക നിര്‍ണയത്തിന്റെ മൂശതന്നെയാണ് ഉപയോഗിക്കപ്പെട്ടത്. ഈ എഴുത്തുകാരുടെ ചെറുകഥാസാഹിത്യവും പൊന്‍കുന്നം വര്‍ക്കിയുടെ ചെറുകഥകളും ഈ രീതിയില്‍ത്തന്നെയാണ് വികസിച്ചുവന്നത്. സാമുദായികവും സാമൂഹികവും രാഷ്‌ട്രീയവുമായ സമരങ്ങള്‍ കൊണ്ട് കണ്ണിചേര്‍ന്നുകൊണ്ട് മനുഷ്യനെ സ്വാധീനിക്കുന്ന സാമ്പത്തികനീതിയെക്കുറിച്ചുള്ള വ്യാകുലതകള്‍ പങ്കുവയ്‌ക്കുകയും അതിനെതിരായ കര്‍ത്തൃത്വനിര്‍മാണ ശ്രമങ്ങള്‍ക്ക് അവ ലക്ഷ്യമിടുകയും ചെയ്‌തു. പള്ളിമതത്തിനും പൌരോഹിത്യത്തിനും തിരുവിതാംകൂറിലെ ദിവാന്‍ സ്വേച്‌ഛാധിപത്യത്തിനുമെതിരെ കലാപം കൂട്ടിയ പൊന്‍കുന്നം വര്‍ക്കിയുടെ കഥകള്‍ തന്നെ പ്രത്യക്ഷമായ ഉദാഹരണം. വ്യക്തിഗതമായ പ്രണയസങ്കല്‍പത്തിനെതിരെ നില്‍ക്കുന്ന യാഥാസ്ഥിതിക സാമ്പത്തിക നീതികളെ ചോദ്യം ചെയ്യുന്ന ബഷീറിന്റെ ബാല്യകാലസഖി, നവീന വിദ്യാഭ്യാസത്തിനും നവീനമായ ആരോഗ്യ - കുടുംബ സംവിധാനരീതികള്‍ക്കുമെതിരെ നില്‍ക്കുന്ന യാഥാസ്ഥിതികതയ്‌ക്കെതിരെയുള്ള വിമര്‍ശനമുള്‍ക്കൊള്ളുന്ന ന്റുപ്പുപ്പാപ്പാക്കൊരനേണ്ടാര്‍ന്നു, പുതിയ കാലഘട്ടത്തിന്റെ നിര്‍മാണശ്രമത്തില്‍ പങ്കെടുക്കുന്ന എഴുത്തുകാരനെ അന്യവല്‍ക്കരിക്കുന്ന സാമൂഹികനീതിക്കെതിരെയുള്ള എക്കാലത്തെയും വലിയ വിമര്‍ശനമായ പാത്തുമ്മായുടെ ആട് എന്നീ രചനകളും പ്രശ്‌നവല്‍ക്കരിക്കുന്നത് ഇതേ സാമ്പത്തിക നിര്‍ണയനത്തെത്തന്നെ.
എന്നാല്‍ നവോത്ഥാന കഥാസാഹിത്യത്തിന്റെ രണ്ടാംഘട്ടം വ്യത്യസ്‌തമായിരുന്നു. സാമൂഹികവും ചരിത്രപരവുമായ നിര്‍ണയനത്തിന് പ്രാധാന്യം കൊടുക്കുന്ന പുരോഗമനസാഹിത്യകൃതികള്‍ മനുഷ്യനെ ഒരു വ്യക്തിയായല്ല വലിയ ഒരു ആശയം മാത്രമായാണ് പരിഗണിക്കുന്നതെന്ന വിമര്‍ശനങ്ങളുയര്‍ന്നുവന്നു. മാര്‍ക്‌സിസ്‌റ്റ് വീക്ഷണഗതികളെക്കാള്‍ ലിബറല്‍ ഹ്യൂമനിസ്‌റ്റ് ആശയങ്ങള്‍ക്ക് രാഷ്‌ട്രീയസാധ്യത ഏറിയ ഈ കാലഘട്ടത്തില്‍ ഉറൂബ്, എസ്.കെ. പൊറ്റക്കാട് എന്നിവരുടെ സാഹിത്യത്തിന് സമ്മതി ഏറി. വൈക്കം മുഹമ്മദ് ബഷീറിന്റെ ആനവാരിയും പൊന്‍കുരിശും, മുച്ചീട്ടുകളിക്കാരന്റെ മകള്‍ തുടങ്ങിയ നോവലുകളും പ്രകാശിതമായി. ഉറൂബിന്റെ ഉമ്മാച്ചു, സുന്ദരികളും സുന്ദരന്മാരും എന്നീ നോവലുകള്‍, കാരൂരിന്റെ ചെറുകഥകള്‍ എന്നിവ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ അന്തിമാപഗ്രഥനത്തില്‍ കാരൂരിന്റെ ചെറുകഥകളില്‍ പ്രത്യക്ഷപ്പെടുന്ന സാമൂഹിക വിമര്‍ശനസ്വരം ശ്രദ്ധേയമാണ്. ലിബറല്‍ ഹ്യൂമനിസ്‌റ്റ് പ്രത്യയശാസ്‌ത്രം കൈവശം വച്ചിട്ടും സുന്ദരികളും സുന്ദരന്മാരും എങ്ങനെ മാപ്പിളക്കലാപത്തിനും മഹായുദ്ധങ്ങള്‍ക്കുമിടയ്‌ക്കുള്ള ഒരു ചരിത്രകാലഘട്ടത്തിന്റെ സൂക്ഷ്‌മരേഖയായി വ്യക്തിയെ നിര്‍ണയിക്കുന്ന സാമ്പത്തിക നീതികളെപ്പറ്റി അദ്ദേഹം ചോദ്യങ്ങള്‍ തുടര്‍ന്നു എന്ന സംശയങ്ങള്‍ ഉന്നയിക്കപ്പെട്ടില്ല. സാഹിത്യരചനയുടെയും വിമര്‍ശനത്തിന്റെയും രാഷ്‌ട്രീയമെന്തെന്ന് നമ്മെ അന്വേഷിക്കാന്‍ പ്രേരിപ്പിക്കുന്ന വസ്‌തുതകളാണിവ.
ഏതായാലും നവോത്ഥാനഘട്ടത്തിന്റെ ഈ രണ്ടു സന്ദര്‍ഭങ്ങളെ പിന്തുടര്‍ന്നുവന്ന കഥാസാഹിത്യത്തിലെ ആധുനികത തൊട്ടു മുന്‍ഘട്ടത്തിന്റെ നിഷേധമായിരുന്നു. സാമൂഹികതയ്‌ക്കെതിരെ കലാപം കൂട്ടുന്ന വ്യക്തിയെ അത് ഉയര്‍ത്തിപ്പിടിച്ചു. വിക്‌ടോറിയന്‍ സദാചാരത്തിന്റെയും സോവിയറ്റ് കേന്ദ്രിത പുരോഗമനസാഹിത്യത്തിന്റെയും അന്ധബിന്ദുവായ ലൈംഗികതാചിത്രീകരണം ഒരാഘോഷമെന്ന നിലയില്‍ത്തന്നെ ആധുനികതയില്‍ സംഭവിച്ചു. പ്രസ്ഥാനങ്ങളുടെയും പ്രത്യയശാസ്‌ത്രങ്ങളുടെയും തകര്‍ച്ച അവിടെ മുഖ്യപ്രമേയമായി. മദ്യത്തിനും ലഹരിവസ്‌തുക്കള്‍ക്കും അടിമകളായ കഥാപാത്രങ്ങളെ അവര്‍ ഉയര്‍ത്തിപ്പിടിച്ചു. വ്യവസ്ഥയെ എതിര്‍ത്ത് തോല്‍പിക്കേണ്ട ജീര്‍ണതയായി വ്യവഹരിച്ചു. മരണത്തയും ആത്മഹത്യയെയും അവര്‍ സ്വാഗതം ചെയ്‌തു. സാമ്പത്തികശേഷിയെയും കുലീനതയെയും വിചാരണചെയ്‌തു. അധികാരത്തിന്റെ വ്യവഹാരങ്ങളെ അവിശ്വസിക്കുകയും നിന്ദിക്കുകയും ചെയ്‌തു. ഇതിന്റെ ബഹുവിധ പ്രത്യക്ഷങ്ങളാണ് ആധുനിക ആഖ്യാനകലയില്‍ പ്രകടമായത്.
ഈ ദര്‍ശനമവതരിപ്പിച്ചുകൊണ്ട് സാഹിത്യരംഗത്തേക്കു കടന്നുവന്നവര്‍ ഏറിയകൂറും പ്രവാസികളായിരുന്നു. ബോംബെ, ദല്‍ഹി തുടങ്ങിയ വന്‍നഗരങ്ങളില്‍ തൊഴിലെടുത്തിരുന്നവരായിരുന്നു അവരിലധികവും. അതുകൊണ്ടുതന്നെ പാശ്ചാത്യസാഹിത്യത്തില്‍നിന്ന് കടം വാങ്ങിയ ദര്‍ശനമാണവരുടേതെന്നും അവരുടെ കൃതികളില്‍ മൂല്യങ്ങളെല്ലാം തകര്‍ന്നിരിക്കുകയാണെന്നും അവരുടെ കൃതികള്‍ ദുര്‍ഗ്രഹങ്ങളാണെന്നും ആരോപണങ്ങളുയര്‍ന്നു. നിലവിലിരുന്ന സാഹിത്യസങ്കല്‍പങ്ങളുടെ ഒരു പൊളിച്ചെഴുത്താണ് ആധുനിക നോവലിന്റെ പ്രമേയത്തിലും പ്രമേയപരിചരണത്തിലും കഥാപാത്രങ്ങളിലുമൊക്കെ പ്രകടമായത്. മലയാളത്തിലെ ആഖ്യാനകലയില്‍ അവര്‍ ഒരു വിച്‌ഛേദം തന്നെ സൃഷ്‌ടിച്ചു. ഒ. വി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം', എം. മുകുന്ദന്റെ 'ദല്‍ഹി', 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍', 'ആവിലായിലെ സൂര്യോദയം', 'ഈ ലോകം അതിലൊരു മനുഷ്യന്‍', 'ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു', പുനത്തില്‍ കുഞ്ഞബ്‌ദുള്ളയുടെ 'സ്‌മാരകശിലകള്‍', ആനന്ദിന്റെ 'ആള്‍ക്കൂട്ടം', 'മരണസര്‍ട്ടിഫിക്കറ്റ്', സേതുവിന്റെ 'പാണ്ഡവപുരം', കാക്കനാടന്റെ 'സാക്ഷി', 'ഉഷ്‌ണമേഖല' എന്നീ കൃതികളായിരുന്നു ഈ മനോഭാവത്തിന്റെ ആദ്യസ്‌പന്ദനങ്ങള്‍ അവതരിപ്പിച്ചത്.
മലയാള സാഹിത്യ വിമര്‍ശനം രചനകള്‍ക്ക് സമകാലികമായത് ആ ഘട്ടത്തിലാണ്. കെ. പി. അപ്പന്‍, വി. രാജകൃഷ്‌ണന്‍ എന്നീ വിമര്‍ശകര്‍ പ്രധാനമായും ഈ ഭാവുകത്വപരിണാമത്തിന് ശക്തമായ പിന്തുണയുമായി രംഗത്തുവന്നു. എഴുപതുകളില്‍ത്തന്നെ 'ക്ഷോഭിക്കുന്നവരുടെ സുവിശേഷം', 'തിരസ്‌കാരം' തുടങ്ങിയ കൃതികളുമായി വിമര്‍ശനരംഗത്തെത്തിയ കെ. പി. അപ്പന്‍ ആധുനികതയുടെ പതാകവാഹകനായി. ആധുനികസാഹിത്യകാരന്മാര്‍ക്ക് ശക്തമായ പ്രതിരോധം ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെ ഉയര്‍ത്തപ്പെട്ടു. വി. രാജകൃഷ്‌ണന്റെ 'രോഗത്തിന്റെ പൂക്കള്‍', ആഷാമോനോന്റെ 'പുതിയ പുരുഷാര്‍ഥങ്ങള്‍', 'കലിയുഗാരണ്യകങ്ങള്‍' എന്നീ രചനകളും ആധുനികവിമര്‍ശനത്തിന്റെ കലാപക്കൊടികളുയര്‍ത്തി, വളരെ വേഗം തന്നെ വ്യവസ്ഥാപിതവും സാമാന്യവുമായി. ആധുനികപ്രവണതകള്‍ മലയാള സാഹിത്യത്തില്‍ സ്ഥാനമുറപ്പിച്ചതോടെയാണ് സച്ചിദാനന്ദന്‍, ബി. രാജീവന്‍, നരേന്ദ്രപ്രസാദ് തുടങ്ങിയവരുടെ വിമര്‍ശനലേഖനങ്ങളിലൂടെയും സൈദ്ധാന്തിക രചനകളിലൂടെയും ഒരു ഇടതുപക്ഷാധുനികതയുടെ അന്വേഷണം ഇവിടെയുണ്ടാകുന്നത്. ആധുനിക രചനകള്‍ വളരെവേഗം വ്യവസ്ഥാപിതമായതിന്റെ രാഷ്‌ട്രീയമെന്തെന്ന ചോദ്യമാണ് അവര്‍ പ്രധാനമായും ഉന്നയിച്ചതെന്നു പറയാം.
ആധുനികസാഹിത്യത്തിന്റെ - പ്രധാനമായും ആഖ്യാനാത്മകസാഹിത്യത്തിന്റെ - പ്രധാന പ്രമേയങ്ങള്‍ നാം വ്യക്തമാക്കിയല്ലോ. ആധുനിക സാഹിത്യകാരന്മാര്‍ ഏറിയകൂറും അന്യനഗരങ്ങളില്‍ തൊഴിലെടുക്കുന്നവരായിരുന്നു എന്നും സൂചിപ്പിച്ചു. നവോത്ഥാന സാഹിത്യരംഗത്തെ പ്രധാനപ്പെട്ട എഴുത്തുകാരെല്ലാം എഴുത്തുകൊണ്ടുമാത്രം ഉപജീവനം നടത്തിയവരായിരുന്നു. തകഴി കൃഷിക്കാരന്‍ കൂടിയായിരുന്നെങ്കിലും എന്തിനുവേണ്ടിയാണോ താന്‍ ബിരുദം നേടിയത് ആ അഭിഭാഷകവൃത്തി അദ്ദേഹം പിന്തുടര്‍ന്നില്ല. കേശവദേവും പൊന്‍കുന്നം വര്‍ക്കിയും വൈക്കം മുഹമ്മദ് ബഷീറും എഴുത്തുകാര്‍ മാത്രമായി ജീവിച്ചവരാണ്. എസ്.കെ. പൊറ്റെക്കാട് സഞ്ചാരസാഹിത്യകാരന്‍ കൂടിയായിരുന്നു. ആഗോളപര്യടനത്തിനായി അദ്ദേഹം ചെലവഴിച്ച തുകയും ഏതാണ്ട് എഴുത്തിലൂടെ മാത്രം സ്വരുക്കൂട്ടിയതാണ്.
വ്യവസ്ഥയ്‌ക്കും ജീവിതത്തിനുമെതിരെ എഴുത്തിലൂടെ കലാപം കൂട്ടിയ ആധുനിക സാഹിത്യകാരന്മാരുടെ കാര്യം കൂടി നാം പരിഗണിക്കേണ്ടതുണ്ട്. ഒ. വി. വിജയന്‍ പത്രപ്രവര്‍ത്തകനും കോളമിസ്‌റ്റുമായി തന്റെ ഔദ്യോഗികജീവിതം ദല്‍ഹിയില്‍ നയിക്കുമ്പോഴാണ് വ്യവസ്ഥാവിരുദ്ധ കലാപമുള്‍ക്കൊള്ളുന്ന രചനകള്‍ നടത്തിയത്. എം.പി. നാരായണപിള്ള സ്വതന്ത്ര പത്രപ്രവര്‍ത്തകനായിരുന്നു. വി.കെ.എന്‍. ദല്‍ഹിയിലെ പത്രപ്രവര്‍ത്തന ജീവിതം കഴിഞ്ഞതിനുശേഷമാണ് തിരുവില്വാമലയില്‍ എഴുത്തുകാരനായി ജീവിച്ചത്. സേതു ബാങ്കിലെ ഉന്നതോദ്യോഗസ്ഥനും പിന്നീട് ഡയറക്‌ടര്‍ ബോര്‍ഡംഗവും പിന്നീട് ഡയറക്‌ടറുമായി. ആനന്ദ് പ്രതിരോധ വകുപ്പിലെ എഞ്ചിനീയറായിരുന്നു. എം. മുകുന്ദന്‍ ഫ്രഞ്ച് എംബസിയിലെ ഉന്നതോദ്യോഗസ്ഥനായിരുന്നു. പുനത്തില്‍ കുഞ്ഞബ്‌ദുള്ള ഒരു സ്വകാര്യാശുപത്രി നടത്തി.
തന്റെ വ്യവസ്ഥാവിരുദ്ധ സാഹിത്യപ്രവര്‍ത്തനവുമായി സമരസപ്പെട്ടുകൊണ്ടുള്ള ഒരു ജീവിതം നയിച്ചത് കാക്കനാടന്‍ മാത്രമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതരേഖ നോക്കുക. 1955-ല്‍ ശാസ്‌ത്രവിഷയങ്ങള്‍ ഐച്‌ഛികമായെടുത്ത് ബിരുദം നേടിയ അദ്ദേഹം രണ്ടുവര്‍ഷം അധ്യാപകനായിരുന്നു. 1957 മുതല്‍ 1967 വരെ റെയില്‍വേയിലും റെയില്‍ മന്ത്രാലയത്തിലും ജോലി ചെയ്‌തു. പിന്നീട് സാമ്പത്തികശാസ്‌ത്രത്തില്‍ ബിരുദാനന്തര പഠനത്തിനു ചേര്‍ന്നെങ്കിലും കോഴ്സ് പൂര്‍ത്തിയാക്കിയില്ല. 1967-ല്‍ ജര്‍മനിയിലേക്കു പോയി. അവിടെ ലൈബ്‌സിക്കില്‍ ആറുമാസം ജര്‍മന്‍ ഭാഷ പഠിച്ചു. പിന്നീട് ആറുമാസം യൂറോപ്പില്‍ അലഞ്ഞുനടന്നു. 1968-ല്‍ കൊല്ലത്ത് സ്ഥിരതാമസമാക്കി ഒരെഴുത്തുകാരനായി മാത്രം ജീവിച്ചു. 1965-ല്‍ ജര്‍മനിയില്‍ നഴ്‌സായ അമ്മിണിയെ വിവാഹം കഴിച്ചു. അവരെ നിര്‍ബന്ധപൂര്‍വം രാജിവയ്‌പിച്ച് തന്റെ എഴുത്തുകാരനെന്ന നിലയിലുള്ള ജീവിതത്തിന്റെ അവിഭാജ്യഭാഗമാക്കിയിരുന്നു അദ്ദേഹം. എഴുത്തുകാരനെന്ന നിലയില്‍ മാത്രം ജീവിച്ച അദ്ദേഹത്തിന്റെ ഈ പ്രത്യേകത എടുത്തുപറയേണ്ടതുണ്ട്.
ആധുനികസാഹിത്യത്തിന്റെ കൂടെ സഞ്ചരിച്ച ആധുനികവിമര്‍ശനത്തിന്റെ പ്രത്യേകതയെക്കുറിച്ച് നേരത്തെ എടുത്തുപറഞ്ഞു. സ്വകാര്യ ജീവിതത്തിന്റെയും രചനാജീവിതത്തിന്റെയും പരസ്‌പരപൂരകത്വം ഉദ്ഘോഷിച്ച ഈയെഴുത്തുകാരനെ ആധുനിക സാഹിത്യനിരൂപണം എങ്ങനെയാണ് വിലയിരുത്തിയത് ? "കലാപ്രതിഭ ഇപ്പോഴും കാക്കനാടനില്‍ ഉണ്ട്. എന്നാല്‍ നിര്‍ഭാഗ്യകരമായ വിശുദ്ധബലിയെ അനുസ്‌മരിപ്പിക്കും മട്ടില്‍ നിര്‍മാണവേളയില്‍ അദ്ദേഹം ശിഥിലസമാധിയില്‍ അകപ്പെടുന്നു. കാക്കനാടന്‍ ഓര്‍ഫ്യൂസാണ്. എന്നാല്‍ അദ്ദേഹത്തിന്റെ വീണ പലപ്പോഴും അപസ്വരം സൃഷ്‌ടിക്കുന്നു. പത്തുവര്‍ഷത്തിനുശേഷം കാക്കനാടനെ ഇപ്പോള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ വളര്‍ച്ചയെത്തിയ ദര്‍ശനബോധം കൊണ്ടും രൂപപരമായ സവിശേഷതകള്‍ കൊണ്ടും നിലനിന്നേക്കാവുന്ന നോവലുകള്‍ 'സാക്ഷി'യും 'ഏഴാംമുദ്ര'യും 'അജ്ഞതയുടെ താഴ്വര'യും മാത്രമാണെന്ന് എനിക്ക് തോന്നുന്നു. എന്നാല്‍ അവയ്‌ക്കുപോലും പരിമിതികളുണ്ട്.'' (കെ.പി. അപ്പന്റെ തിരഞ്ഞെടുത്ത കൃതികള്‍ പേജ് 100)
ജീവിതംകൊണ്ടും രചനകൊണ്ടും തന്റെ വിശ്വാസപ്രമാണങ്ങളോട് സന്ധിയില്ലായ്‌മ പ്രകടിപ്പിച്ച ഒരെഴുത്തുകാരനെ 'ദര്‍ശന'ത്തിന്റെയും 'രൂപ'ത്തിന്റെയും മാത്രമടിസ്ഥാനത്തില്‍ എഴുതിത്തള്ളാനുള്ള ഇത്തരം ശ്രമങ്ങള്‍ കൊണ്ടാണ് സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള വൈരുധ്യം ഒരു പ്രശ്‌നമേയല്ല എന്ന നിലപാടില്‍ സാഹിത്യം മാത്രമല്ല നമ്മുടെ സാംസ്‌കാരിക - സാമൂഹിക ജീവിതവും എത്തിച്ചേര്‍ന്നത്. വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തപ്പെടാതിരിക്കുന്നത് ഒരു അഭിമാനം പോലുമാകുന്നു. കേസരിയെപ്പോലും നമ്മുടെ സമൂഹം ഒരു അരാജകവാദിയായി പരിഗണിക്കുന്നു. അദ്ദേഹം എഴുതി: മലയാളി ചിന്തിക്കുന്നതു പറയാത്തവനും പറയുന്നതു പ്രവര്‍ത്തിക്കാത്തവനുമാണ് !
അങ്ങനെ നാം കാക്കനാടന്റെ ആഖ്യാനകലയിലേക്കു തന്നെ എത്തിച്ചേരുന്നു. ഏതു ദേശകാലപരിതോവസ്ഥയിലും മനുഷ്യജീവിതം അടിസ്ഥാനപരമായി ക്ളേശങ്ങള്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു എന്ന എക്കാലത്തെയും ആധുനികതയുടെ ദര്‍ശനം പ്രഖ്യാപിച്ചുകൊണ്ട് കാക്കനാടന്‍ എഴുതിയ കഥകള്‍ എങ്ങനെ മലയാളത്തില്‍ ഉച്ചാധുനികത (High Modernism)യുടെ ഒരു കാലഘട്ടം ഉല്‍ഘാടനം ചെയ്‌തു എന്ന് നേരത്തെ 'അശ്വത്ഥാമാവിന്റെ ചിരി' എന്ന കഥയെ അധികരിച്ച് ഈ ലേഖകന്‍ എഴുതിയിട്ടുണ്ട്. (കാണുക: സാംസ്‌കാരിക വികാരം, കാക്കനാടന്‍ പതിപ്പ്) 'ശ്രീചക്രം', 'നീലഗ്രഹണം' എന്നീ കഥകളെ ആധാരമാക്കിയും ഇക്കാര്യം പഠനവിധേയമായിട്ടുണ്ട്. ഇവിടെ അജ്ഞതയുടെ താഴ്വര (1958) വേരുകള്‍ ഇല്ലാത്തവന്‍ (1980) എന്നീ നോവലുകളെ ആധാരമാക്കിയാണ് ആധുനിക നോവലിന്റെ ആഖ്യാനകലയില്‍ കാക്കനാടനെ അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നത്.
ഒരെഴുകാരനെന്ന നിലയില്‍ മാത്രം ജീവിച്ചയാളാണ് കാക്കനാടന്‍. അതിനാല്‍ അദ്ദേഹം എഴുത്തിനെ വ്യഭിചരിച്ചു ജീവിച്ചു എന്നൊരു സൂചന ആധുനിക വിമര്‍ശനത്തിന്റെ പ്രമുഖവക്താവായ കെ. പി. അപ്പന്റെ വിപരീതസ്വരത്തിനു പിന്നിലുണ്ടെന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ടുതന്നെയാണ് നോവലിന്റെ ദര്‍ശനം, കലാ'തന്ത്ര' മെന്നും കൂടി വ്യവഹരിക്കപ്പെടുന്ന 'രൂപം' എന്നിവയെ ആധാരമാക്കി അദ്ദേഹം ശിഥിലസമാധിയിലാണെന്നു പരാതിപ്പെടുന്നത്. എന്നാല്‍ കാക്കനാടന്റെ നോവലുകളുടെ ലാക്ഷണിക പാരായണം തെളിയിക്കുന്നത് ആഖ്യാനത്തില്‍ അദ്ദേഹം സ്വീകരിക്കുന്ന വീക്ഷണസ്ഥാനം, അദ്ദേഹത്തിന്റെ ആഖ്യാനത്തിന്റെ സ്വഭാവം എന്നിവയുടെ അടിസ്ഥാനത്തില്‍ ആധുനികതയ്‌ക്കുതന്നെ പ്രചോദകമായ പഥപ്രദര്‍ശനം അദ്ദേഹം നടത്തിയിട്ടുണ്ടെന്നാണ്.
നോവലിലെ ആഖ്യാന കലയെക്കുറിച്ച് ഗൌരവപൂര്‍ണമായ പഠനം നടത്തിയ എം. വിജയന്‍ പിള്ള എഴുതുന്നു: "അപൂര്‍വമായി ഒരു ഉത്തമപുരുഷപ്രതിഫലിത (First Person Reflector) കഥാപാത്രത്തിന്റെ കണ്ണുകളിലൂടെ കാണുന്ന തരത്തിലും കഥ അവതരിപ്പിക്കപ്പെടാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉത്തമപുരുഷനെക്കൂടി കല്‍പിതാഖ്യാനമായി കണക്കാക്കാറുണ്ട്. കല്‍പിതാഖ്യാനത്തില്‍ കഥയുടെ ക്രിയ പ്രധാനമായും അവതരിപ്പിക്കുന്നത് ഒരു പ്രതിഫലിത കഥാപാത്രത്തിന്റെ കണ്ണുകളിലൂടെയായിരിക്കും എന്നു പറഞ്ഞുവല്ലോ.
ഉദാ: "ഇനി നടക്കാനാവാത്തവിധം ക്ഷീണമുണ്ട്. വിശപ്പ് അസഹ്യമായിരിക്കുന്നു. പരിചയക്കാരുടെ വീടുകളുണ്ട്, അടുത്ത്. പക്ഷേ അവര്‍ക്കു തന്നെ നന്നായറിയാം. പിടിച്ചു പോലീസിലേല്‍പ്പിക്കാന്‍ മടിച്ചില്ലെന്നുവരും. മാത്രമല്ല ചുറ്റുപാടുകളില്‍ പോലീസ് ജാഗ്രതയായി കാവലുണ്ടെന്ന വിവരം കിട്ടിയിട്ടുണ്ട്.''
ഇവിടെ ഉഷ്‌ണമേഖലയിലെ ശിവന്‍ അത്തരമൊരു കഥാപാത്രമാണ്. സംഭവങ്ങളുടെ വക്രീകരിച്ചതും നിയന്ത്രിതവുമായ വീക്ഷയായിരിക്കും മിക്കപ്പോഴും ഒരു കല്‍പിതാഖ്യാനകൃതി അവതരിപ്പിക്കുന്നത്. മിക്ക കൃതികളിലും ഈ നിയന്ത്രിതവീക്ഷണം വസ്‌തുനിഷ്‌ഠ വീക്ഷ, സര്‍വജ്ഞവീക്ഷ എന്നിവയെക്കാള്‍ വിശ്വാസ്യവും ആസ്വാദ്യവുമായി അനുഭവപ്പെടാറുണ്ട്. കല്‍പിതാഖ്യാനകൃതികളില്‍ ഒരു അന്തഃസ്ഥിത ആഖ്യാതാവ് മാത്രമേയുള്ളൂ എന്നതിനാല്‍ ഇത്തരം കൃതികള്‍ വര്‍ത്തമാനകാലത്തില്‍ ആരംഭിക്കുകയും കഥാപാത്രങ്ങളുടെ ചിന്തകളേയും മനോനിലയേയും നേരിട്ടുള്ള വീക്ഷണത്തിലൂടെ പ്രത്യക്ഷീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനാലാണ് അങ്ങനെയായിത്തീരുന്നത്.'' (എം. വിജയന്‍ പിള്ള, ആഖ്യാനകലയുടെ പരിണാമം മലയാളനോവലുകളില്‍, ഗവേഷണ പ്രബന്ധം, മലയാളവിഭാഗം, കേരള സര്‍വകലാശാല, 2003, പുറം 50)
ഉഷ്‌ണമേഖലയിലെ കമ്യൂണിസ്‌റ്റുകാരനായ ശിവന്റെ കണ്ണിലൂടെയുള്ള ആഖ്യാനത്തിന്റെ അനുഭവരസികതയുടെ കാര്യമാണ് ഗവേഷകന്‍ സൂചിപ്പിച്ചത്. പോലീസുകാരുടെ നോട്ടപ്പുള്ളിയായ ശിവന്‍ ഒളിവിലിരുന്ന് പാര്‍ട്ടി ഏല്‍പിച്ച ദൌത്യം നിര്‍വഹിക്കുന്നു. അബു എന്ന രഹസ്യങ്ങള്‍ ഏറെയറിയാവുന്ന പ്രവര്‍ത്തകനെ പുറത്തുകൊണ്ടുവരുന്നതിനായി തൊഴിലാളിസമരം അയാള്‍ ഒത്തുതീര്‍പ്പിലെത്തിക്കുന്നു. ഇത് ശ്ളാഘിക്കപ്പെടുന്നു. പിതാവിന്റെ മരണാനന്തരകര്‍മങ്ങള്‍ പോലും നടത്തിയത് സുഹൃത്തായ രാമകൃഷ്‌ണനായിരുന്നു. ലോപ്പസെന്ന പാര്‍ട്ടി പ്രവര്‍ത്തകനും നാമമാത്രകര്‍ഷകനുമായ ഒരാളുടെ കുടുംബമായിരുന്നു ശിവന്റെ അഭയസ്ഥാനം. പിതാവിന്റെ മരണാനന്തരം പാര്‍ട്ടിയുടെ അനുമതിയോടെ പ്രവര്‍ത്തനം വിട്ട് അയാള്‍ നഗരത്തിലെത്തി ഉന്നതോദ്യോഗസ്ഥനാകുന്നു. തന്റെ കുടുംബവും ആത്മബലിയര്‍പ്പിച്ച് തന്നെ രക്ഷിച്ച പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട കരുണന്റെ കുടുംബവും സംരക്ഷിക്കുന്നു. നഗരത്തിലെ മദ്യമാംസങ്ങളുടെ വിളി തിരസ്‌കരിച്ച് ജീവിക്കുന്ന അയാള്‍ താന്‍ പഠിക്കാനയച്ച അനുജന്‍ ഒരു വിപ്ളവസംഘടനയില്‍ അംഗമാണെന്നും ഇന്ന് തന്റെ പാര്‍ട്ടി അപചയത്തിലാണെന്നും തന്നോട് അനുരാഗവതിയായിരുന്ന മുതലാളിയുടെ അനന്തരവള്‍ ശാരദ അയാളുടെ ഇരയായിരുന്നുവെന്നും തിരിച്ചറിയുന്നതോടെ തകര്‍ന്നു പോകുന്നു. ലോപ്പസിന്റെ മകള്‍ തെരേസയോട് അയാളുടെ മനസ്സിലുണ്ടായിരുന്ന അനുരാഗം ഇന്നും ദീപ്‌തമാണ്. അയാള്‍ അവളെ തെരഞ്ഞു. എന്നാല്‍ അവള്‍ അയാളെ ടെലിഫോണിലൂടെയെങ്കിലും ബന്ധപ്പെട്ടപ്പോഴേക്കും ശിവന്‍ ഉന്മാദത്തിന്റെ തിരകളിലകപ്പെട്ടിരുന്നു. ഈ പ്രമേയം മുന്‍പു സൂചിപ്പിച്ച നിലപാടിലെ ആഖ്യാനത്തിലൂടെ അപൂര്‍വമായൊരനുഭവമാക്കാന്‍ കാക്കനാടനു കഴിഞ്ഞു.
'സാക്ഷി'യുടെ ചരിത്രപരമായ പ്രാധാന്യവും മൂന്നു തരത്തിലുള്ള അതിന്റെ കലാപസ്വഭാവവും (1. കാല്‍പനികതയുടെ ജീര്‍ണഭാഷണത്തിനെതിരായ ഭാഷാതലത്തിലെ കലാപം 2. അക്രമത്തെ ഭാഷയിലും ദര്‍ശനബോധത്തിലും കലര്‍ത്തിയതിന്റെ കലാപം 3. കഥാപാത്രങ്ങളുടെയും വായനക്കാരുടെയും നേരെയുള്ള കലാപം) തിരിച്ചറിയുന്ന കെ. പി. അപ്പന്‍ പിന്തുടരുന്ന ആധുനിക ദര്‍ശന - ശില്‍പ വരേണ്യബോധം കൊണ്ടാണ് ഉഷ്‌ണമേഖല തുടങ്ങിയ കൃതികളെ പരിഗണിക്കാതിരുന്നത്. ഇതേ കാരണം കൊണ്ടുതന്നെയാണ് എണ്‍പതുകളില്‍ അദ്ദേഹമെഴുതിയ 'വേരുകള്‍ ഇല്ലാത്തവന്‍' എന്ന നോവലും പരിഗണിക്കപ്പെടാതിരുന്നത്.
ഉഷ്‌ണമേഖലയിലെ ശിവനെപ്പോലെ കുട്ടന്‍ എന്ന നായകകഥാപാത്രത്തിന്റെ വീക്ഷണത്തിലൂടെയാണ് ഈ നോവലിന്റെ ആഖ്യാനം. ഉഷ്‌ണമേഖലയില്‍ നിന്നു വ്യത്യസ്‌തനായി ഒരു കള്ളനോട്ടു കേസില്‍ ജയിലിലെത്തിയ കുട്ടന്‍ അച്‌ഛനില്ലാത്തവനാണ്. കാണുമ്പോഴെല്ലാം തന്നെ ശകാരിക്കുന്ന അമ്മയും മരിച്ചതോടെ അവന്‍ അനാഥനായി. പിന്നീട് ജയിലിലെത്തിയ അവന്‍ അവിടെ കുറ്റവാളികളും കഞ്ചാവുവലിക്കാരുമായ തടവുകാരില്‍ പുറംലോകത്തിനെക്കാള്‍ നന്മ കാണുന്നു. "പകല്‍ വെള്ളയുടുത്തു നടക്കുന്ന പല യോഗ്യന്മാരെയും കടുവയോട് താരതമ്യപ്പെടുത്താന്‍ താന്‍ ശ്രമിച്ചപ്പോഴൊക്കെ കാലനും ക്രൂരനുമായ കടുവ മനുഷ്യനെന്ന നിലയ്‌ക്ക് അനേകപടികള്‍ മുകളില്‍ നില്‍ക്കുന്നതായി കുട്ടന്‍ കണ്ടു'' (വേരുകള്‍ ഇല്ലാത്തവന്‍. പുറം 21)
പിന്നീട് ചായം പുരട്ടിയ നഗരത്തില്‍ സ്വതന്ത്രനായപ്പോള്‍ ജയിലിലായിരുന്നു ഭേദമെന്നവനു തോന്നി. "ഒരാള്‍ക്ക് മറ്റൊരാളെക്കൊണ്ട് ഒന്നും നേടാനില്ല. മറ്റൊരാളില്‍നിന്ന് ഒന്നും കവര്‍ന്നെടുക്കാനില്ല. അവര്‍ തുല്യദുഃഖിതരാണ്. തുല്യദരിദ്രരുമാണ്. അതുകൊണ്ടുതന്നെ അവരുടെ സ്‌നേഹബന്ധങ്ങള്‍ക്ക് ഉപാധികളുമില്ല.'' (പുറം 25-26).
ജയില്‍മോചിതനായ കുട്ടനെ ഒരു രാഷ്‌ട്രീയോപജീവി തിരിച്ചറിഞ്ഞു. അയാളെന്നാണ് ഇറങ്ങിയതെന്നും എന്നാണ് തിരിച്ചുപോകുന്നതെന്നും അയാള്‍ അന്വേഷിച്ചു. എങ്ങോട്ടാണെന്നു ചോദിച്ച് കുട്ടന്‍ കുപിതനായി. "വന്നടത്തേക്ക്'' എന്ന് അയാള്‍ പറഞ്ഞപ്പോള്‍ "വന്നതമ്മേടെ വയറ്റീന്നാ'' എന്നായിരുന്നു കുട്ടന്റെ മറുപടി. "അതും അതിന്റെ ചരിത്രോമറിയാമെന്ന് '' അയാള്‍ പറഞ്ഞപ്പോള്‍ കുട്ടന്‍ "എന്തറിയാമെടാ തെമ്മാടി'' എന്നു ചോദിച്ചു. തന്റെ അമ്മ പോലീസ് ഭീകരവാഴ്‌ചയുടെ ഇരയായിരുന്നുവെന്നും അങ്ങനെയാണ് താന്‍ പിറന്നതെന്നും കുട്ടനും അറിയാമായിരുന്നു.
ഈ സംഭാഷണം ശ്രദ്ധിച്ച ഒരു വിദ്യാര്‍ഥി വിപ്ളവപ്രവര്‍ത്തകനോടൊപ്പം അയാളുടെ താമസസ്ഥലത്തേക്കു പോകുന്ന കുട്ടന്‍ അവരുടെ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകുന്നു. അവരുടെ സംഘാംഗമായിരുന്ന ദുര്‍ഗയ്‌ക്ക് അയാളെ ഇഷ്‌ടമായിരുന്നു. ഒടുവില്‍ പോലീസുകാരുടെ ചോദ്യം ചെയ്യലിനിടയില്‍ അവളും പീഡിപ്പിക്കപ്പെട്ടു എന്നറിഞ്ഞ കുട്ടന്‍ അവളുടെ എതിര്‍പ്പു പരിഗണിക്കാതെ അവളെയും തന്റെ അമ്മയെയും നശിപ്പിച്ച അധികാരത്തിന്റെ കാവല്‍പട്ടികളിലൊരാളായ ഒരു പോലീസുദ്യോഗസ്ഥനെ കൊലപ്പെടുത്തുമ്പോഴാണ് നോവല്‍ അവസാനിക്കുന്നത്.
ആഖ്യാനകലയിലെ വഴിമാറിനടപ്പു മാത്രമല്ല താന്‍ സ്വീകരിക്കുന്ന പ്രമേയങ്ങളിലെയും അതിന്റെ പരിചരണത്തിലെയും വരേണ്യവിരുദ്ധ കലാപങ്ങള്‍ കൂടി പരിഗണിക്കുകയാണെങ്കില്‍ കാക്കനാടനെപ്പോലെയുള്ളവരുടെ പ്രസക്തി തിരിച്ചറിയാനാകും. എന്നാല്‍ ജീവിതത്തിലെന്നപോലെ സാഹിത്യത്തിലും ലക്ഷ്യബോധമുള്ള വരികള്‍ക്കിടയിലെ കോപ്പിയെഴുത്തും ലക്ഷ്യ - ലക്ഷണ സമന്വയവും അക്കാദമിക തലത്തിലെ അംഗീകൃതങ്ങളായ ആസ്ഥാനകലാപങ്ങളും തിരിച്ചറിവുകളെ ഏതാണ്ട് അസാധ്യമാക്കുന്നു. മാധ്യമഭീകരതകളുടെ ഗുപ്‌തതാല്‍പര്യങ്ങളും വിമര്‍ശനത്തിന്റെ വിടുപണികളും കൂടിയാകുമ്പോള്‍ നമ്മുടെ ദുരവസ്ഥ പൂര്‍ണമാകുന്നു. അറിവുകളുടെ വിതരണമെന്ന പരമ്പരാഗത ഗതിയല്ല, യഥാര്‍ഥ വിജ്ഞാനത്തിന്റെ ഉല്‍പാദനമാണ് ഇനി നടക്കേണ്ടത്. അതിനൊരു നിമിത്തമാകട്ടെ വാക്കിനെയും എഴുത്തിനെയും സമന്വയിപ്പിച്ച ജോര്‍ജ് വര്‍ഗീസ് കാക്കനാടന്‍.
*****
ഡോ:എസ്.എസ്. ശ്രീകുമാര്‍
കടപ്പാട് : ഗ്രന്ഥാലോകം ഒക്‌ടോബര്‍ 2010
അധിക വായനയ്‌ക്ക് :
1. ദൈവം സ്നേഹിക്കുന്ന എഴുത്തുകാരന്‍ എം മുകുന്ദൻ
2. അക്രമാസക്തമായ രചന കെ.പി. അപ്പന്‍
3. കാക്കനാടന്റെ വരവ് പ്രസന്നരാജന്‍
4. കാക്കനാടന്റെ ആഖ്യാനകല ഡോ:എസ്.എസ്. ശ്രീകുമാര്‍
5. പൂര്‍ണതതേടിയുള്ള പ്രയാണം കാക്കനാടനുമായുള്ള അഭിമുഖം
6. റെനിഗേഡിന്റെ ഗതികേടുകള്‍ ഡോ. സി. ഉണ്ണികൃഷ്‌ണന്‍
7. അക്ഷരങ്ങളിലെ ഏഴാംമുദ്ര വി. ബി. സി. നായര്‍
8. രതിയുടെ ആനന്ദലഹരി ഡോ. ഇ. ബാനര്‍ജി
9. കാക്കനാടന്‍ സാക്ഷ്യപ്പെടുത്തുന്നത്... ഡോ. ആര്‍.എസ്. രാജീവ്
10. ശ്രീചക്രം കാക്കനാടന്‍
11. പത്മവ്യൂഹത്തിലെ അഭിമന്യു ഡോ. എ. അഷ്റഫ്
12. ആധുനികതയിലെ വ്യവസ്ഥാപിത ജീവിതം വിജു നായരങ്ങാടി
13. കൊല്ലം പഠിപ്പിച്ചത് കാക്കനാടന്‍
14. കാക്കനാടന്‍ - ജീവിതരേഖ
Sunday, December 19, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment