Thursday, December 30, 2010

പാപ്പ എന്ന പാഠപുസ്തകം

തമിഴിന്റെ വീരപുത്രി പാപ്പാ ഉമാനാഥ് യാത്രയായി. ഏഴു പതിറ്റാണ്ടോളം നീണ്ട വിപ്ളവ ജീവിതമാണ് ഡിസംബര്‍ 17ന് വിടചൊല്ലിയത്. തമിഴ്നാടിന്റെ രാഷ്ട്രീയ സാമൂഹ്യ ചരിത്രത്തോടൊപ്പം ചേര്‍ത്തുവച്ചുമാത്രം വായിക്കാനാകുന്നതാണ് പാപ്പയുടെ ജീവിതം.

1931 ആഗസ്റ്റ് 5ന് തമിഴ്നാട്ടിലെ കോവില്‍പട്ടിയില്‍ ജനിച്ച പാപ്പയുടെ യഥാര്‍ത്ഥ നാമം ധനലക്ഷ്മി എന്നായിരുന്നു. ചെറുപ്പത്തില്‍ അച്ഛന്‍ മരിച്ചതോടെ ധനലക്ഷ്മിയും രണ്ടു സഹോദരങ്ങളും അമ്മ അലമേലുവും അമ്മാവന്റെ ജോലിസ്ഥലമായ തിരുച്ചിറപ്പള്ളിയിലേക്ക് താമസംമാറ്റി. ധനലക്ഷ്മി പാപ്പയായി മാറുന്നത് തിരുച്ചിറപ്പള്ളിയിലെ പുതിയ ജീവിതത്തോടെയാണ്. തിരുച്ചിറപ്പള്ളിക്കടുത്തുള്ള പൊന്മലയില്‍ ഗോള്‍ഡന്‍റോക്ക് റെയില്‍വെ വര്‍ക്ക്ഷോപ്പിലെ ജീവനക്കാരനായിരുന്നു അമ്മാവന്‍.

മക്കളെ സംരക്ഷിക്കുന്നതിനായി അമ്മ റെയില്‍വെ തൊഴിലാളികള്‍ക്കായി നടത്തിയ ഭക്ഷണശാലയില്‍ അമ്മയെ സഹായിച്ചിരുന്ന ധനലക്ഷ്മിയെ പാപ്പ (കൊച്ചുകുട്ടി എന്ന അര്‍ത്ഥത്തില്‍) എന്ന് തൊഴിലാളികള്‍ ഓമനിച്ചുവിളിച്ചു. എന്നാല്‍ ക്രമേണ ധനലക്ഷ്മി എന്ന പേരുതന്നെ അപ്രസക്തമാകുന്നതരത്തില്‍ അവര്‍ എല്ലാവര്‍ക്കും പാപ്പയായി.

ഗോള്‍ഡന്‍റോക്ക് വര്‍ക്ക്ഷോപ്പും അവിടത്തെ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനങ്ങളുമാണ് പാപ്പയുടെ ആദ്യത്തെ രാഷ്ട്രീയ ഗുരു. യൂണിയന്‍ പ്രവര്‍ത്തനത്തിനായെത്തിയ നേതാക്കളില്‍നിന്ന് രാജ്യത്തിന്റെ സാമൂഹ്യ സ്ഥിതിഗതികള്‍ക്ക് പിന്നിലെ രാഷ്ട്രീയം പാപ്പ മനസ്സിലാക്കി. രണ്ടാംലോക മഹായുദ്ധകാലത്ത് ഫാസിസത്തിനെതിരെ സോവിയറ്റ് യൂണിയന്റെ നേതൃത്വത്തില്‍ നടന്ന പ്രതിരോധം ലോകമാകെയുള്ള യുവാക്കളെ ആവേശംകൊള്ളിക്കുന്ന ഒന്നായിരുന്നു. ശക്തിപ്രാപിക്കുന്ന ദേശീയ സ്വാതന്ത്യ്രസമരത്തില്‍ ഉയര്‍ത്തിയ സാമ്രാജ്യത്വാധിപത്യത്തിനെതിരെയുള്ള മുദ്രാവാക്യങ്ങളുമായി കൌമാരക്കാരിയായിരുന്ന പാപ്പ താദാത്മ്യം പ്രാപിച്ചു. പൊന്മലയിലെ റെയില്‍വെ യൂണിയന്‍ ആദ്യമായി ബാലസംഘം രൂപീകരിച്ചപ്പോള്‍ പാപ്പ അതിലെ അംഗമായി. ദേശീയ-അന്തര്‍ദേശീയ സ്ഥിതിഗതികളെക്കുറിച്ചുള്ള ക്ളാസുകള്‍ നേതാക്കള്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ചപ്പോള്‍ പാപ്പ ആവേശത്തോടെ പങ്കെടുക്കുക മാത്രമല്ല, സ്വയം കുട്ടികള്‍ക്ക് ക്ളാസുകളെടുക്കുകയും ചെയ്തു. നാടിനെ നടുക്കിയ 1942ലെ ബംഗാള്‍ ക്ഷാമകാലത്തെ ദുരിതബാധിതരെ സഹായിക്കുന്നതിനായി പാപ്പയുടെ നേതൃത്വത്തില്‍ ബാലസംഘം പണവും വസ്ത്രങ്ങളും മരുന്നും സമാഹരിച്ചു നല്‍കി.

പാപ്പയുടെ ജീവിതത്തിലെ നിര്‍ണായക സ്വാധീനമായിത്തീര്‍ന്ന കെപി ജാനകി അമ്മാളിനെ കണ്ടുമുട്ടുന്നത് ഈ ഘട്ടത്തിലാണ്. മധുരയില്‍നിന്ന് കെ പി ജാനകിഅമ്മാള്‍ 1939ല്‍ യുദ്ധവിരുദ്ധ റാലി നടത്തിയതിന് ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്ന ധീരയാണ്. മധുരയിലെ തൂവരി മം ഗ്രാമത്തില്‍ കുടിയൊഴിപ്പിക്കുന്നതിനെതിരെ കര്‍ഷകരെ സംഘടിപ്പിച്ചുകൊണ്ട് ഈ സമരത്തിന് നേതൃത്വംകൊടുത്ത ജാനകി അമ്മാളിനെ ബ്രിട്ടീഷുകാര്‍ മധുരയില്‍നിന്ന് പുറത്താക്കിയതിനെത്തുടര്‍ന്നാണ് അവര്‍ തിരുച്ചിറപ്പള്ളിയിലെത്തിയത്. ബാലസംഘത്തിലെ കുട്ടികളെ സുബ്രഹ്മണ്യഭാരതിയുടെയും ഭാരതീദാസന്റെയും ദേശഭക്തിഗാനങ്ങള്‍ പഠിപ്പിച്ച ജാനകിഅമ്മാളും പാപ്പയുമായി തീവ്രമായ ആത്മബന്ധം ഉടലെടുത്തു.

തൊഴിലാളികളുടെ അവകാശസമരങ്ങള്‍ ദേശീയ സ്വാതന്ത്യ്രവുമായി ഇഴചേര്‍ക്കുന്നതില്‍ അന്നത്തെ തൊഴിലാളി യൂണിയനുകള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. 1943ല്‍ പൊന്മലയിലെ തൊഴിലാളികള്‍ നിസ്സഹകരണ പ്രസ്ഥാനത്തെ പിന്തുണച്ചുകൊണ്ട് റാലി നടത്താന്‍ തീരുമാനിച്ചു. റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചെങ്കിലും ബ്രിട്ടീഷ്വിരുദ്ധ മുദ്രാവാക്യങ്ങളുമായി തൊഴിലാളികള്‍ തെരുവിലിറങ്ങി. പന്ത്രണ്ടുവയസ്സുമാത്രം പ്രായമുള്ള പാപ്പയോട് റാലിയില്‍ പങ്കെടുക്കേണ്ട എന്ന് യൂണിയന്‍ നേതാക്കള്‍ പറഞ്ഞെങ്കിലും അതുകൂട്ടാക്കാതെ അവര്‍ ജാഥയില്‍ പങ്കെടുത്തു; അറസ്റ്റുചെയ്യപ്പെട്ടു. എന്നാല്‍ തീരെ ചെറുപ്പമായതുകൊണ്ട് മജിസ്ട്രേട്ട് പാപ്പയെ വെറുതെവിട്ടു. ജയിലില്‍ പോകാന്‍ പറ്റാത്തതില്‍ പാപ്പ വല്ലാതെ സങ്കടപ്പെട്ടുവത്രെ.

1945ല്‍ ഉശിരനായ കമ്യൂണിസ്റ്റ്നേതാവ് ശിങ്കാരവേലുവിന്റെ കൊലപാതകം തൊഴിലാളികള്‍ക്കിടയില്‍ സൃഷ്ടിച്ച കടുത്ത പ്രതിഷേധം പൊന്മലയില്‍ പൊലീസ് ലാത്തിച്ചാര്‍ജ്ജിലാണ് അവസാനിച്ചത്. പാപ്പയുടെ അമ്മയ്ക്കും ക്രൂരമായ മര്‍ദ്ദനമേറ്റു. തുടര്‍ന്നുള്ള നാളുകളില്‍ കടുത്ത പീഡനങ്ങളും പിരിച്ചുവിടലുമൊക്കെയാണ് മാനേജുമെന്റിന്റെ ഭാഗത്തുനിന്നും തൊഴിലാളികള്‍ക്ക് നേരിടേണ്ടിവന്നത്. ദക്ഷിണേന്ത്യ ആകെ പടര്‍ന്നുപിടിച്ച റെയില്‍വെ തൊഴിലാളികളുടെ പണിമുടക്കും മാനേജുമെന്റിന്റെ ധാര്‍ഷ്ട്യത്തിനെതിരെയുള്ള ചെറുത്തുനില്‍പും ഇന്നലെയിലെ തൊഴിലാളി സമരത്തിലെയും, ദേശീയ സ്വാതന്ത്യ്രസമരത്തിലേയും അവിസ്മരണീയമായ കാലഘട്ടമാണ്. ജോലിയും കൂലിയും വെള്ളവും വെളിച്ചവും ഒക്കെ നിഷേധിച്ചുകൊണ്ട് തൊഴിലാളികളെയും കുടുംബങ്ങളെയും പട്ടിണിക്കിട്ടുകൊല്ലാനുള്ള മാനേജുമെന്റിന്റെ ശ്രമത്തെ അസാധാരണമായ ധീരതയോടെയാണ് സ്ത്രീകളും കഞ്ഞുങ്ങളുമടക്കം നേരിട്ടത്. ഒരു കയ്യില്‍ ചുവന്ന കൊടിയും തലയില്‍ കുടവുമായി അമ്പലക്കിണറ്റില്‍ വെള്ളമെടുക്കാനായി ജാഥയായി പോയി സ്ത്രീകള്‍ ഒരേസമയം അതിജീവനത്തിന്റേയും സമരത്തിന്റേയും പ്രതീകങ്ങളായി. പാപ്പയും ജാനകിഅമ്മാളും ഈ പ്രതിരോധ സമരങ്ങളുടെ മുന്നണിപ്പോരാളികളായി. സ്വയം ഒരു തൊഴിലാളി സമരപ്പോരാളിയായി പാപ്പമാറിയത് ഇത്തരം ധീരോജ്ജ്വല സമരങ്ങളിലൂടെയാണ്.

1945ല്‍ പതിനാലാം വയസ്സില്‍ പാപ്പ കമ്യൂണിസ്റ്റ് പാര്‍ടി അംഗമായി. സഖാക്കള്‍ ജീവാനന്ദം, മോഹന്‍കുമരമംഗലം, എം കല്യാണസുന്ദരം, പി രാമമൂര്‍ത്തി തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കളെ പാപ്പ ഇക്കാലത്ത് പരിചയപ്പെട്ടു. തനിക്കേറ്റെടുക്കാനാകുന്ന ഏതു പ്രവര്‍ത്തനവും പാര്‍ടിക്കുവേണ്ടി ചെയ്യുക എന്നതായിരുന്നു പതിനാലുവയസ്സുകാരി പാപ്പയുടെ ആഗ്രഹം. എല്ലാദിവസവും വെളുപ്പാന്‍കാലത്ത് മറ്റ് പാര്‍ടി മെമ്പര്‍മാര്‍ക്കൊപ്പം പാര്‍ടി ലഘുലേഖകളും പ്രസിദ്ധീകരണങ്ങളും വിതരണംചെയ്യാനും താളവാദ്യം മുഴക്കി ആളുകളെ സംഘടിപ്പിച്ച് മെഗാഫോണില്‍ അവരോട് സംസാരിക്കാനും പാപ്പ മുന്നിട്ടിറങ്ങി.

പാപ്പയുടെ ജീവിതത്തിലുടനീളം കാണുന്നത് ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങാത്ത ഈ പ്രതിബദ്ധതയാണ്. ഒരു ചെറുപ്പക്കാരിയെന്ന നിലയില്‍ ചുറ്റുപാടുകളില്‍നിന്ന് കേള്‍ക്കേണ്ടിവന്ന എതിര്‍പ്പുകളും ആരോപണങ്ങളുമൊന്നും പാപ്പയെ സ്പര്‍ശിച്ചതേയില്ല. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പാപ്പയുടെ ഏറ്റവും വലിയ പിന്തുണ അമ്മ അലമേലു ആയിരുന്നു. മദ്രാസില്‍ അണ്ടര്‍ഗ്രൌണ്ടില്‍ പ്രവര്‍ത്തിച്ചിരുന്ന പാര്‍ടി ഹെഡ്ക്വാര്‍ട്ടേഴ്സിലെ സഖാക്കളെ സഹായിക്കാനായി പാപ്പയേയും അമ്മ അലമേലുവിനെയുമാണ് പാര്‍ടി ചുമതലപ്പെടുത്തിയത്. അലമേലു അന്നുമുതല്‍ ലക്ഷ്മിയെന്നപേരില്‍ത്തന്നെയാണ് അറിയപ്പെട്ടത്. ലക്ഷ്മിയമ്മ മക്കള്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഒരമ്മ മാത്രമായിരുന്നില്ല; തൊഴിലാളി സമരങ്ങളില്‍ പങ്കെടുത്ത് തടവും കടുത്ത പീഡനങ്ങളും മാനസിക പ്രയാസങ്ങളും ഏറ്റുവാങ്ങിയ ഒരു ധീരയായ പോരാളികൂടിയായിരുന്നു. പാപ്പയും അലമേലുവുമായുണ്ടായിരുന്ന ആത്മബന്ധം അമ്മയും മകളും എന്നതിലേറെ ഒരേ രാഷ്ട്രീയാദര്‍ശങ്ങള്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച സഖാക്കള്‍ എന്നതരത്തില്‍ ദൃഢമായതായിരുന്നു.

പാര്‍ട്ടി തീരുമാനപ്രകാരം ചെന്നൈയിലേക്കു താമസംമാറിയ ലക്ഷ്മിയമ്മയും പാപ്പയും പാര്‍ടി ഓഫീസില്‍തന്നെയാണ് താമസിച്ചത്. അന്ന് പാര്‍ടി നിരോധിക്കപ്പെട്ട സമയമായതിനാല്‍ കടുത്ത രഹസ്യ സ്വഭാവത്തോടുകൂടിയുള്ള പ്രവര്‍ത്തനമാണ് നടത്തേണ്ടിവന്നത്. ലക്ഷ്മിയെന്ന പേരുതന്നെ അങ്ങനെ സ്വീകരിച്ചതാണ്. അമ്മയ്ക്കൊപ്പം നടത്തേണ്ടിയിരുന്ന വീട്ടുജോലികള്‍ക്കും അതിനോടനുബന്ധിച്ച ജോലികള്‍ക്കുമപ്പുറം, പാര്‍ടി ഓഫീസുമായി ബന്ധപ്പെട്ട് സര്‍ക്കുലറിന്റെ കോപ്പി തയ്യാറാക്കി വിവിധ ജില്ലാകമ്മിറ്റികളിലെത്തിക്കുന്ന ചുമതലയും പാപ്പയ്ക്കായിരുന്നു.

1949ല്‍ ചെന്നൈയില്‍വച്ചാണ് പാപ്പ തന്റെ ജീവിത സഖാവായ ഉമാനാഥിനെ കണ്ടുമുട്ടിയത്. കാസര്‍ഗോഡുനിന്നുള്ള കൊങ്കണ ബ്രാഹ്മണ കുടുംബത്തിലെ അംഗമായിരുന്നു ഉമാനാഥ്. പഠനത്തിനായിട്ടാണ് ചെന്നൈയിലെത്തിയത്. സാമ്പത്തിക ക്ളേശങ്ങള്‍ വകവയ്ക്കാതെ, പഠിക്കാന്‍ മിടുക്കനായിരുന്ന ഉമാനാഥ് എല്ലാ തടസ്സങ്ങളേയും നേരിട്ട് അണ്ണാമല യൂണിവേഴ്സിറ്റിയില്‍ ബിരുദപഠനത്തിനു ചേര്‍ന്നു. അവിടെവച്ച് ആള്‍ ഇന്ത്യാ സ്റ്റുഡന്റ്സ് ഫെഡറേഷനില്‍ അംഗമായി ചേര്‍ന്ന ഉമാനാഥ് കമ്യൂണിസ്റ്റുപാര്‍ടി പ്രവര്‍ത്തകനാകുകയും അതോടെ പഠനം ഉപേക്ഷിക്കുകയും ചെയ്തു. പാര്‍ടി പ്രവര്‍ത്തനത്തിനിടയില്‍ പരിചയപ്പെട്ട പാപ്പയും ഉമാനാഥും വിവാഹിതരാകാന്‍ തീരുമാനിച്ചെങ്കിലും വീണ്ടും മൂന്നുവര്‍ഷംകൂടി കഴിഞ്ഞാണ് വിവാഹം നടന്നത്.

1950ല്‍ പാപ്പയും അമ്മയും താമസിച്ചിരുന്ന വീട് പൊലീസ് റെയ്ഡുചെയ്ത് പാപ്പയേയും ലക്ഷ്മിയമ്മയേയും ഉമാനാഥിനേയും മറ്റുചില സഖാക്കളേയും അറസ്റ്റുചെയ്തു ജയിലിലാക്കി. എന്നാല്‍ കടുത്ത മര്‍ദ്ദനമുറകള്‍ പ്രയോഗിച്ചിട്ടും പതിനേഴുകാരിയായ പാപ്പയില്‍നിന്നോ രോഗംമൂലം അവശയായ ലക്ഷ്മിയമ്മയില്‍നിന്നോ മറ്റു സഖാക്കളെക്കുറിച്ചുള്ള ഒരു വിവരവും ചോര്‍ത്തിയെടുക്കാന്‍ പൊലീസിനു കഴിഞ്ഞില്ല. സെയ്ദാപ്പെട്ട് സബ്ജയിലിലെ കടുത്ത പീഡനങ്ങളെത്തുടര്‍ന്ന് പാപ്പയും ലക്ഷ്മിയമ്മയും ഉമാനാഥും ചില സഖാക്കളും നിരാഹാരസമരം ആരംഭിച്ചു. ലക്ഷ്മിയമ്മയെയും പാപ്പയേയും വെവ്വേറെ മുറികളിലാണ് അടച്ചിട്ടിരുന്നത്. ഇരുപത്തിരണ്ടുദിവസത്തെ നിരാഹാര സമരത്തെതുടര്‍ന്ന് അവശയായിക്കിടന്ന പാപ്പയോട് ജയിലധികൃതര്‍ ലക്ഷ്മിയമ്മയുടെ മരണവാര്‍ത്ത അറിയിച്ചു. അമ്മയുടെ മുഖം അവസാനമായൊന്ന് കാണണമെന്ന് അഭ്യര്‍ത്ഥിച്ച പാപ്പയോട് ജയില്‍ അധികൃതര്‍ ആവശ്യപ്പെട്ടത് പാര്‍ടിമെമ്പര്‍ഷിപ്പില്‍നിന്ന് രാജിവയ്ക്കുന്നതായി കത്തെഴുതിയാല്‍ അമ്മയുടെ മൃതദേഹം കാണിക്കാമെന്നാണ്. ഇതിന് വഴങ്ങാതിരുന്ന പാപ്പയ്ക്ക് അമ്മയെ അവസാനമായി ഒരുനോക്കു കാണാന്‍ കഴിഞ്ഞില്ല. തന്റെ മൃതദേഹം ചുവപ്പുകൊടി പുതപ്പിക്കണമെന്ന ലക്ഷ്മിയമ്മയുടെ ആഗ്രഹവും നടന്നില്ല.

1950കളില്‍ കമ്യൂണിസ്റ്റുപാര്‍ടിയൂടെമേലുള്ള നിരോധനം പിന്‍വലിച്ചതിനെത്തുടര്‍ന്ന് പാപ്പ തിരുച്ചിറപ്പള്ളിയിലേക്ക് തിരിച്ചുപോയി. റെയില്‍വെ തൊഴിലാളികള്‍ക്കിടയിലെ പ്രവര്‍ത്തനം തുടര്‍ന്നു. 'തൊഴിലരശു' എന്ന പ്രസിദ്ധീകരണത്തിന്റെ പ്രഗത്ഭയായ അസിസ്റ്റന്റ് എഡിറ്ററായിരുന്നു പാപ്പ. റെയില്‍വെ മാനേജുമെന്റിന്റെ അഴിമതിക്കെതിരെയും തൊഴിലാളിദ്രോഹങ്ങള്‍ക്കെതിരെയും കടുത്ത ഭാഷയില്‍ വിമര്‍ശനമുന്നയിക്കാന്‍ ഒരു മടിയും പാപ്പ കാണിച്ചിട്ടില്ല. തനിക്കു തോന്നുന്ന വിമര്‍ശനങ്ങള്‍ ആരുടെ മുഖത്തുനോക്കിയും തുറന്നുപറയുക എന്നതായിരുന്നു പാപ്പയുടെ രീതി. 1952ല്‍ വിവാഹിതരായ പാപ്പയും ഉമാനാഥും രാഷ്ട്രീയ ആദര്‍ശങ്ങള്‍ക്കൊപ്പം കുടുംബത്തിനകത്തുള്ള ഉത്തരവാദിത്തങ്ങളും ഒരുപോലെ പങ്കുവയ്ക്കുന്ന മാതൃകാ ദമ്പതികളായിരുന്നു. മക്കള്‍ ലക്ഷ്മി നേത്രാവതിയും, വാസുകിയും, നിര്‍മ്മലയുമടങ്ങുന്ന ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റു കുടുംബത്തെ നയിക്കാന്‍ പാപ്പയ്ക്കും ഉമാനാഥിനും കഴിഞ്ഞു.

1962ല്‍ ഇന്ത്യാ-ചൈന സംഘര്‍ഷത്തിലെ കമ്യൂണിസ്റ്റുപാര്‍ടി നിലപാടിനെത്തുടര്‍ന്ന് അറസ്റ്റുചെയ്യപ്പെട്ട നിരവധി സഖാക്കള്‍ക്കൊപ്പം പാപ്പയും ഉമാനാഥും ഉണ്ടായിരുന്നു. കൊച്ചുമക്കളെ പിരിഞ്ഞ് ഒരു വര്‍ഷം പാപ്പയ്ക്ക് തടവില്‍ കഴിയേണ്ടിവന്നു. 1964ല്‍ കമ്യൂണിസ്റ്റുപാര്‍ടി വിഭജിക്കപ്പെട്ടപ്പോള്‍ പാപ്പയും ഉമാനാഥും കമ്യൂണിസ്റ്റുപാര്‍ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) അംഗങ്ങളായി. 1964ല്‍ വീണ്ടും പാപ്പയും ഉമാനാഥും അറസ്റ്റുചെയ്യപ്പെട്ടു.

1975ലെ അടിയന്തിരാവസ്ഥയുടെ നാളുകളില്‍ അതിധീരമായ പ്രവര്‍ത്തനമാണ് പാപ്പ നടത്തിയത്. തമിഴ്നാട്ടിലെ എല്ലാ ജില്ലകളിലും പാപ്പ സഞ്ചരിച്ച് സഖാക്കളെ കാണുകയും അവരോട് സംസാരിക്കുകയും ചെയ്തു. 1970ല്‍ രൂപംകൊണ്ട തമിഴ്നാട്ടിലെ ഇടതുപക്ഷ വനിതാ പ്രസ്ഥാനത്തിന്റെ സംഘാടനത്തില്‍ പാപ്പയ്ക്ക് നിര്‍ണായക പങ്കുണ്ടായിരുന്നു. പൊന്മലയില്‍ 1940കളില്‍തന്നെ സ്ത്രീകളുടെ ഒരു സംഘടന രൂപംകൊണ്ടിരുന്നു. മറ്റുചില പ്രദേശങ്ങളിലും പ്രവര്‍ത്തിച്ചിരുന്ന സ്ത്രീകളുടെ യൂണിറ്റുകള്‍ വിലക്കയറ്റത്തിനെതിരെയും സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്കെതിരെയും മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി. സംസ്ഥാനതലത്തില്‍ 1973ലാണ് ജനാധിപത്യ മഹിളാ അസോസിയേഷന്‍ തമിഴ്നാട്ടില്‍ രൂപംകൊള്ളുന്നത്. 1974ല്‍ തിരുവാരൂരില്‍ നടന്ന ആദ്യ സമ്മേളനത്തില്‍ പാപ്പ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1981ല്‍ മദ്രാസില്‍വച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ പാപ്പ അതിന്റെ സ്ഥാപക നേതാക്കളിലൊരാളായിരുന്നു.

മഹിളാ അസോസിയേഷന്റെ ആദ്യകാല പ്രവര്‍ത്തനങ്ങളില്‍ കൂടുതലും തൊഴിലാളി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളാണ് തമിഴ്നാട്ടില്‍ പ്രവര്‍ത്തകരായി വന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മറ്റെല്ലാ വിഭാഗം സ്ത്രീകളുടെയും അവകാശപോരാട്ടങ്ങള്‍ ഏറ്റെടുക്കുന്ന നിലയിലേക്ക് തമിഴ്നാട്ടില്‍ മഹിളാ അസോസിയേഷന്‍ വളര്‍ന്നു. പ്രസ്ഥാനത്തിന്റെ ഈ വളര്‍ച്ചയില്‍ അതിപ്രധാനമായ പങ്കുവഹിച്ചുകൊണ്ട് ഇരുപതുവര്‍ഷം സംസ്ഥാന സെക്രട്ടറിയായി പാപ്പ പ്രവര്‍ത്തിച്ചു. അഖിലേന്ത്യാതലത്തിലും പാപ്പ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. 1998ല്‍ പാപ്പ സംഘടനയുടെ രക്ഷാധികാരിയായി മാറി.

1989ല്‍ തിരുവെരുമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍നിന്ന് എംഎല്‍എ ആയും പാപ്പ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പെണ്‍ ഭ്രൂണഹത്യ തടയുന്നതടക്കമുള്ള ശക്തമായ ആവശ്യങ്ങളുയര്‍ത്തിക്കൊണ്ട് നിയമസഭയില്‍ പാപ്പ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. ശാരീരിക അവശതകള്‍ തടസമുണ്ടാക്കിത്തുടങ്ങിയ നാള്‍വരെ സ്ത്രീകള്‍ക്കും തൊഴിലാളികള്‍ക്കുമിടയിലുള്ള തന്റെ പ്രവര്‍ത്തനം സജീവമാക്കിത്തന്നെ നിര്‍ത്തിയ പാപ്പ ഉമാനാഥ് കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്)ന്റെ കേന്ദകമ്മിറ്റി അംഗമെന്ന നിലയിലും നേതൃത്വപരമായ പങ്കാണ് ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ നിര്‍വഹിച്ചത്. അമ്മയും അഛനും മകളും-ഉമാനാഥും മകള്‍ വാസുകിയും കേന്ദ്രക്കമ്മിറ്റി അംഗങ്ങളായിരുന്നു-ഒരേപോലെ കേന്ദ്രകമ്മിറ്റി അംഗങ്ങളായിരിക്കുക എന്ന അപൂര്‍വ്വതയും ചരിത്രമാണ്.

തമിഴ്നാട്ടിലെ തൊഴിലാളിപ്പോരാട്ടത്തിന്റെയും ദേശീയ സ്വാതന്ത്യ്രസമരത്തിന്റേയും വനിതാ വിമോചന പ്രസ്ഥാനത്തിന്റെയും ചരിത്രരചനകൂടിയായി മാറുന്ന അടയാളപ്പെടുത്തലാണ് പാപ്പയുടെ ജീവിതത്തെക്കുറിച്ചുള്ള ഏതു പ്രസ്താവനയും. പാപ്പതന്നെ ആവര്‍ത്തിച്ചുപറഞ്ഞിട്ടുള്ളതുപോലെ രാഷ്ട്രീയത്തില്‍നിന്ന് വേര്‍പെട്ടൊരു വ്യക്തിജീവിതം അവരൊരിക്കലും ആഗ്രഹിച്ചില്ല. കമ്യൂണിസം ബാഹ്യമായണിയാവുന്ന കുപ്പായമല്ലെന്നും അത് ജീവിതംതന്നെയാണെന്നുമുള്ള പാഠമാണ് പാപ്പയുടെ ജീവിതം.

*
ഡോ. ടി എന്‍ സീമ കടപ്പാട്: ചിന്ത വാ‍രിക 02 ജനുവരി 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

തമിഴ്നാട്ടിലെ തൊഴിലാളിപ്പോരാട്ടത്തിന്റെയും ദേശീയ സ്വാതന്ത്യ്രസമരത്തിന്റേയും വനിതാ വിമോചന പ്രസ്ഥാനത്തിന്റെയും ചരിത്രരചനകൂടിയായി മാറുന്ന അടയാളപ്പെടുത്തലാണ് പാപ്പയുടെ ജീവിതത്തെക്കുറിച്ചുള്ള ഏതു പ്രസ്താവനയും. പാപ്പതന്നെ ആവര്‍ത്തിച്ചുപറഞ്ഞിട്ടുള്ളതുപോലെ രാഷ്ട്രീയത്തില്‍നിന്ന് വേര്‍പെട്ടൊരു വ്യക്തിജീവിതം അവരൊരിക്കലും ആഗ്രഹിച്ചില്ല. കമ്യൂണിസം ബാഹ്യമായണിയാവുന്ന കുപ്പായമല്ലെന്നും അത് ജീവിതംതന്നെയാണെന്നുമുള്ള പാഠമാണ് പാപ്പയുടെ ജീവിതം.