'കമ്പോളം' എന്ന ഈ കൃതി എഴുതാന്‍ തുടങ്ങിയിട്ടു കാലമേറെയായി. ഇതെഴുതാനുള്ള പദ്ധതി ആസൂത്രണം ചെയ്‌തു തുടങ്ങിയിട്ട് അതിലധികമായി കാലം. ഒരുവേള വരാനിരിക്കുന്ന 'ക്ഷത്രിയന്‍' എന്ന കൃതി കഴിഞ്ഞാല്‍ മനനത്തിനായി ഞാന്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചിട്ടുള്ളത് ഈ കൃതിയുടെ കാര്യത്തിലാണ്. ഇത് എഴുതി കുറെ ആയപ്പോഴേക്കും ചില പ്രത്യേക കാരണങ്ങളാല്‍ രചന മുടങ്ങി. ഏറെക്കാലം തൊടാതിരുന്നതു മൂലം തുടരാന്‍ വളരെ കൂടുതല്‍ ബുദ്ധിമുട്ടേണ്ടിവന്നു. ബുദ്ധിമുട്ടാതെ ഒന്നും നേടാന്‍ പറ്റില്ലല്ലോ.
ഞാന്‍ കൊല്ലത്തു ജനിച്ചില്ല. എന്നാല്‍ എന്റെ ബാല്യ-കൌമാര-യൌവനകാലം കൊട്ടാരക്കരയിലും കൊല്ലത്തുമാണ് ഞാന്‍ ചെലവഴിച്ചത്. എന്റെ പരിമിതമായ അറിവിന്റെയും വിപുലമായ അനുഭവങ്ങളുടെയും കളിത്തൊട്ടില്‍ കൊല്ലമാണ്. എന്റെ വേരുകള്‍ കൊല്ലത്താണ്. കൊല്ലം എനിക്ക് എന്റെ നഗരമാണ്. എന്നും അതങ്ങനെ ആയിരിക്കും എന്നെനിക്കുറപ്പുണ്ട്. കൊല്ലം ശ്രീനാരായണ കോളെജ് എന്റെ 'അല്‍മാ മേറ്റര്‍' ആണ്. കൊല്ലം കമ്പോളം എന്റേതാണ്. കൊച്ചുപിലാംമൂട് കടല്‍ക്കരയിലെ കാറ്റ് എന്നെ ആശ്ളേഷിച്ചു. തങ്കശ്ശേരി വിളക്കുമരം എനിക്കു വഴികാട്ടി. കുഞ്ഞമ്മപ്പാലം എന്റെ സിരകളില്‍ അഗ്നിപടര്‍ത്തി. പട്ടത്താനം രാജമ്മയും പോളയത്തോട്ടിലെ കള്ളുഷാപ്പും ഇംഗ്ളീഷ് പള്ളിയുടെ ഇരുട്ടില്‍ മുങ്ങിയ പറമ്പും ചിന്നക്കട മൂലക്കടയും എന്നെ പലതും പഠിപ്പിച്ചു. രാമയ്യര്‍ സാറും വാസുദേവയ്യര്‍ സാറും വേലായുധന്‍നായര്‍ സാറും ഇംഗ്ളീഷും ഇംഗ്ളീഷിലൂടെ വിശ്വസാഹിത്യവും പഠിപ്പിച്ചു. കുര്യന്‍സാറും സുബ്ബറാവു സാറും സേനന്‍സാറും രസതന്ത്രം പഠിപ്പിച്ചു. വിശ്വംഭരനും സണ്ണി എന്ന ജയശങ്കറും സരളയും ജഗദീശ്വരിയും കദീജാക്കുട്ടിയും ഇന്ദിരയും മറ്റും സ്‌നേഹം എന്തെന്നു പഠിപ്പിച്ചു. കോളെജിനകത്തും പുറത്തും പലരിലൂടെ പല പരിചയങ്ങളിലൂടെ, പല അനുഭവങ്ങളിലൂടെ കൊല്ലം എന്നെ ജീവിതം പഠിപ്പിച്ചു. ആ കൊല്ലത്തെക്കുറിച്ച് ഞാന്‍ പലപ്പോഴായി പലതും എഴുതി. എഴുതിയത് പോരാ, പോരാ എന്ന് എന്റെ മനസ്സ് കൂടെക്കൂടെ പറഞ്ഞുകൊണ്ടിരുന്നു. കൊല്ലത്തെക്കുറിച്ച് കൂടുതല്‍ ബൃഹത്തായി, കൂടുതല്‍ അഗാധമായി എഴുതണമെന്ന അടക്കാനാവാത്ത ആഗ്രഹത്തിന്റെ ഫലമാണ് ഈ കൃതി.
ഇത് ഒരു നോവലോ നീണ്ടകഥയോ ആണെന്ന് എനിക്ക് അവകാശപ്പെടാനാവില്ല. നോവലിനും കഥയ്‌ക്കും ആവശ്യമാണെന്നു കരുതപ്പെടുന്ന ഒരു കഥാതന്തുവോ അതിന്റെ ക്രമാനുഗതമായ വികാസമോ ഈ കൃതിയില്‍ ഉണ്ടാവില്ല. ഇത് ചരിത്രമാണെന്നും പറയുക വയ്യ. ചരിത്രത്തിലില്ലാത്ത ഒട്ടേറെ സാങ്കല്‍പിക കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും ഇതിലുണ്ട്: ഇതിന് അടുക്കും ചിട്ടയുമില്ല. ഇതിനെ എന്തു പേരിട്ടുവിളിക്കണമെന്ന് വായനക്കാര്‍ തീരുമാനിക്കട്ടെ.
നായകനും നായികയും വില്ലനുമൊന്നുമില്ലാത്ത ഈ കൃതിയിലെ നായകനും വില്ലനുമൊക്കെ നഗരമാണ്. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളാണ്. കടലും കായലും കാറ്റും മഴയും ഒക്കെയാണ്. മനുഷ്യജീവിതത്തിലെ നീണ്ട യാത്രകള്‍ ഇതില്‍ കണ്ടെന്നു വരാം. അതുമായി ബന്ധപ്പെട്ട സമരങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാവാം. ക്രമാനുഗതമായി വളരുന്ന ഒരു കഥാപാത്രം ഇതിലുണ്ടെങ്കില്‍ അതു കുട്ടപ്പനാണ്. എച്ചില്‍ വീപ്പയില്‍ പിറന്ന ദൈവത്തിന്റെ മകന്‍. അവന്‍ മാത്രമാണ് ഈ ദിനവൃത്താന്തങ്ങളുടെ സാക്ഷി. അവന്‍ കാണുന്നതും കേള്‍ക്കുന്നതുമൊക്കെ ഈ നഗരത്തിന്റെ ദുഃഖങ്ങളും ആഹ്ളാദങ്ങളും മറ്റുമാണ്. നഗരത്തിന്റെ മാത്രമല്ല, നാടിന്റെയും ഇന്ത്യ എന്ന ഈ മഹാരാജ്യത്തിന്റെയും.
'കമ്പോളം' നഗരത്തിന്റെയും നാടിന്റെയും ഒരു ഭൂഖണ്ഡത്തിന്റെയും മാത്രമല്ല, ഒരു ബ്രഹ്മാണ്ഡത്തിന്റെ മുഴുവന്‍ പ്രതീകമാകുന്നു. അത്രത്തോളം ഇതിനെ വളര്‍ത്തിയെടുക്കാന്‍ ആഗ്രഹമുണ്ട്. ആഗ്രഹം എത്രമാത്രം സഫലമാകുമോ ആവോ?
കമ്പോളം എന്ന ഈ കൃതിയുടെ ആദ്യഭാഗം മാത്രമായി പ്രസിദ്ധീകരിക്കുന്നതിന്റെ പ്രസക്തി എന്തെന്ന് ഒരു ചോദ്യം സ്വാഭാവികമായും ഉണ്ടാവാം.മറുപടിയുണ്ട്. ഇത് തുടക്കം മുതല്‍ ഒടുക്കം വരെ തുടര്‍ച്ചയായി വായിച്ചു തീര്‍ക്കേണ്ട ഒന്നല്ല. ജീവിതത്തിനുണ്ടോ തുടക്കവും ഒടുക്കവും? അത് ഇടതടവില്ലാതെ ഒഴുകിക്കൊണ്ടിരിക്കുന്നു. ആ ഒഴുക്കിന്റെ ഏതു ഭാഗത്തേയ്‌ക്കും ഒരാള്‍ക്ക് എടുത്തുചാടാം. ഒഴുക്കിനോടൊപ്പം ഒഴുകാം. ഒഴുക്കിനെതിരെ നീന്താനും ശ്രമിക്കാം.
കമ്പോളം അവിരാമം ഒഴുകിക്കൊണ്ടേയിരിക്കുന്നു. അതിന്റെ ഭാഗങ്ങള്‍ അവസാനിക്കുന്നില്ല. വായിച്ചുവരവേ എവിടെയും നിറുത്താം; എവിടെയും തുടരാം.
നാമെല്ലാം എന്തിന്റെയൊക്കെയോ തുടര്‍ച്ചയല്ലേ? ഒഴുക്കിനെതിരെ നീന്തിയാലും പലതിനും എതിരെ കലാപം കൂട്ടിയാലും പൈതൃകം പാടേ തള്ളിക്കളയാനാവില്ലല്ലോ, ഒരച്‌ഛനു ജനിച്ചുപോയി എന്ന അസൌകര്യം നമുക്ക് ബാധകമായിരിക്കുന്നേടത്തോളം കാലം.അതിനാല്‍ 'കമ്പോള'ത്തെ ഭാഗികമായി സ്വീകരിക്കുക!~അത് ഒരിക്കലും പൂര്‍ണമാവുന്നില്ലല്ലോ.
ഏറെ താമസിയാതെ ബാക്കി നിങ്ങളെത്തേടി വരുന്നു. കാത്തിരിക്കൂ.
('കമ്പോളം' നോവലിന്റെ മുന്‍കുറിപ്പ്, പ്രസാധനം: സങ്കീര്‍ത്തനം പബ്ളിക്കേഷന്‍സ്, കൊല്ലം)
കടപ്പാട് : ഗ്രന്ഥാലോകം ഒക്‌ടോബര്‍ 2010
അധിക വായനയ്‌ക്ക് :
1. ദൈവം സ്നേഹിക്കുന്ന എഴുത്തുകാരന്‍ എം മുകുന്ദൻ
2. അക്രമാസക്തമായ രചന കെ.പി. അപ്പന്‍
3. കാക്കനാടന്റെ വരവ് പ്രസന്നരാജന്‍
4. കാക്കനാടന്റെ ആഖ്യാനകല ഡോ:എസ്.എസ്. ശ്രീകുമാര്‍
5. പൂര്‍ണതതേടിയുള്ള പ്രയാണം കാക്കനാടനുമായുള്ള അഭിമുഖം
6. റെനിഗേഡിന്റെ ഗതികേടുകള്‍ ഡോ. സി. ഉണ്ണികൃഷ്‌ണന്‍
7. അക്ഷരങ്ങളിലെ ഏഴാംമുദ്ര വി. ബി. സി. നായര്‍
8. രതിയുടെ ആനന്ദലഹരി ഡോ. ഇ. ബാനര്‍ജി
9. കാക്കനാടന്‍ സാക്ഷ്യപ്പെടുത്തുന്നത്... ഡോ. ആര്‍.എസ്. രാജീവ്
10. ശ്രീചക്രം കാക്കനാടന്‍
11. പത്മവ്യൂഹത്തിലെ അഭിമന്യു ഡോ. എ. അഷ്റഫ്
12. ആധുനികതയിലെ വ്യവസ്ഥാപിത ജീവിതം വിജു നായരങ്ങാടി
13. കൊല്ലം പഠിപ്പിച്ചത് കാക്കനാടന്‍
14. കാക്കനാടന്‍ - ജീവിതരേഖ
Sunday, December 19, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment