മറ്റെല്ലാ സംവിധാനങ്ങളിലുമെന്നപോലെ പലതവണ പിഎസ്‌സിക്കെതിരെ വിമര്‍ശമുയര്‍ന്നിട്ടുണ്ട്. വ്യാജരേഖ ചമച്ച് ചിലര്‍ സര്‍ക്കാര്‍ സര്‍വീസില്‍ കടന്നുകൂടിയ സംഭവമാണ് ഇപ്പോള്‍ പിഎസ്‌സിക്കെതിരെ തിരിയാന്‍ ചിലരെ പ്രേരിപ്പിച്ചിരിക്കുന്നത്. വയനാട് ജില്ലയിലെ റവന്യൂ വകുപ്പ് ഓഫീസുകളില്‍ അനധികൃതമായി ജോലി സമ്പാദിച്ചു. കലക്‌ടറുടെ ഓഫീസില്‍ നടന്ന ക്രമക്കേടുകളിലൂടെയാണ് ഇവര്‍ സര്‍വീസില്‍ കയറിപ്പറ്റിയതെന്ന് വ്യക്തമായിക്കഴിഞ്ഞു. ക്രമക്കേട് ശ്രദ്ധയില്‍പെട്ട ഉടനെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നിയമനടപടിയുണ്ടായി. പ്രധാനകുറ്റവാളികളെല്ലാം പിടിയിലായിട്ടുണ്ട്. സര്‍ക്കാരിന്റെ ഈ പരിശ്രമങ്ങള്‍ക്കെല്ലാം പിഎസ്‌സിയുടെ സഹായവും പിന്തുണയുമുണ്ടായിരുന്നു. എന്നാല്‍, ഇതെല്ലാം വിസ്‌മരിച്ച് പിഎസ്‌സിയെ പ്രതിക്കൂട്ടിലാക്കാനാണ് പ്രതിപക്ഷത്തിന്റെയും മറ്റും ശ്രമം. സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് രാഷ്‌ട്രീയലക്ഷ്യമാണെന്ന് കരുതാം. എന്നാല്‍, പിഎസ്‌സിക്കെതിരെ വാളോങ്ങുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.
എഴുത്തുപരീക്ഷയും അഭിമുഖവും പ്രായോഗികപരീക്ഷയും കായികക്ഷമതാപരീക്ഷയും മറ്റും നടത്തി യോഗ്യരായവരെ കണ്ടെത്തുകയാണ് പിഎസ്‌സി ചെയ്യുന്നത്. അതിന് ശേഷം തയ്യാറാക്കുന്ന റാങ്ക് ലിസ്‌റ്റ് പ്രകാരം ബന്ധപ്പെട്ട നിയമനാധികാരി ആവശ്യപ്പെടുന്ന ഉദ്യോഗാര്‍ഥികളെ ഉള്‍ക്കൊള്ളിച്ച് സെലക്ഷന്‍ ലിസ്‌റ്റി അയച്ചുകൊടുക്കുന്നു. യോഗ്യത, വയസ്സ്, സമുദായം തുടങ്ങി ഉദ്യോഗാര്‍ഥിയെ തിരിച്ചറിയാനുള്ള എല്ലാ രേഖകളും ലിസ്‌റ്റിനൊപ്പമുണ്ടാകും. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ പിഎസ്‌സിയെ ബന്ധപ്പെടണമെന്ന് നിര്‍ദേശിച്ചുള്ള കത്തും അയക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്‌റ്റേര്‍ഡായി അയക്കുന്ന അഡ്വൈസ് മെമ്മോയില്‍ നിശ്ചിത കാലയളവിനുൾലിൽ നിയമനാധികാരിയില്‍ നിന്ന് നിയമന ഉത്തരവ് ലഭിച്ചില്ലെങ്കില്‍ പിഎസ്‌സിയെ ബന്ധപ്പെടാന്‍ പറയുന്നുണ്ട്. തികച്ചും സുതാര്യമായും സൂക്ഷ്മതയോടും കൂടിയാണ് പിഎസ്‌സിയുടെ നടപടിക്രമമെന്ന് ചൂണ്ടിക്കാട്ടാനാണ് ഇത്രയും വിശദീകരിച്ചത്. ഇത്രയും സൂക്ഷ്മമായ നടപടിക്രമങ്ങള്‍ മറികടന്ന് പിഎസ്‌സിയിലൂടെ അനധികൃതമായി ജോലി സമ്പാദിക്കുക അസാധ്യമാണ്. പിഎസ്‌സിയുടെ ലിസ്‌റ്റില്‍ പേരില്ലാത്ത, പിഎസ്‌സിയുടെ യാതൊരു രേഖയുടെയും പിന്‍ബലമില്ലാതെ നിയമിക്കപ്പെട്ടതായി രേഖപ്പെടുത്തി ശമ്പളം കൊടുക്കുകയാണ് വയനാട് സംഭവത്തിലുണ്ടായത്. ഇത് വ്യാജനിയമനമാണ്. ക്രിമിനല്‍ കുറ്റമാണ്. ഇതിന്റെപേരില്‍ പബ്ളിക് സര്‍വീസ് കമീഷനെ കുറ്റപ്പെടുത്തുന്നത് ഒന്നുകില്‍ ദുരുപദിഷ്‌ടമാണ്, അല്ലെങ്കില്‍ അറിവില്ലായ്മയാണ്.
രേഖകളെല്ലാം വ്യാജമായി നിര്‍മിച്ച് നിയമനം നല്‍കുകയായിരുന്നു വയനാട്ടില്‍. ഒരുകൂട്ടം ഉദ്യോഗസ്ഥരാണ് തട്ടിപ്പിന് പിന്നില്‍. താന്‍ അറിഞ്ഞില്ലെന്നാണ് നിയമനാധികാരിയായ കലക്‌ടര്‍ പറയുന്നത്. കലക്‌ടര്‍ അറിയാതെ എങ്ങനെയാണ് നിയമനം നടക്കുക? ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുത്താല്‍പ്പോരാ, അവര്‍ തന്നെയാണ് നിയമിക്കപ്പെടേണ്ടത് എന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത കൂടി പിഎസ്‌സിക്കുണ്ട് എന്നും വിമര്‍ശമുയരുന്നുണ്ട്. പിഎസ്‌സിയുടെ അഡ്വൈസ് ലിസ്‌റ്റിലുള്ള ആള്‍ക്ക് നിയമനം നല്‍കാതിരിക്കാന്‍ നിയമനാധികാരിക്ക് കഴിയില്ല. വേണമെങ്കില്‍ കുറച്ചു താമസിപ്പിക്കാന്‍ കഴിഞ്ഞേക്കുമെന്ന് മാത്രം. ഇവിടെ ഒരു ലിസ്‌റ്റിലും പെട്ടിട്ടില്ലാത്തവരെ പിഎസ്‌സി അഡ്വൈസ് ചെയ്തവരാണെന്ന് കള്ളരേഖയുണ്ടാക്കി നിയമിക്കുകയാണ് ചെയ്തത്. അത് പിഎസ്‌സി എങ്ങനെ അറിയാനാണ്? തങ്ങള്‍ അഡ്വൈസ് ചെയ്തവരെ നിയമിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്താന്‍ പിഎസ്‌സിക്ക് കഴിയും. സര്‍ക്കാര്‍ ഓഫീസുകളില്‍ നടക്കുന്ന അഴിമതിയും ക്രമക്കേടും തട്ടിപ്പും പരിശോധിക്കാനുള്ള അധികാരം ഇല്ല. ക്രമക്കേടും തട്ടിപ്പും നടത്തിയവരും അതിന് കൂട്ടുനിന്നവരുമായ ഉദ്യോഗസ്ഥര്‍ ജോലി നേടിയത് പിഎസ്‌സിയിലൂടെയാണ് എന്നത് മാത്രമാണ് ഇക്കാര്യവുമായി പിഎസ്‌സിക്കുള്ള ഒരേയൊരു ബന്ധം.
തട്ടിപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുള്ള മറ്റൊരു വാര്‍ത്ത പാലക്കാട് ജില്ലയില്‍ നിയമിക്കപ്പെട്ട ഒരാള്‍ക്കുവേണ്ടി പരീക്ഷയെഴുതിയത് മറ്റൊരാളാണ് എന്നതാണ്. ഇത് പരീക്ഷാകേന്ദ്രത്തില്‍ പിടികൂടാന്‍ കഴിയാതിരുന്നത് പരീക്ഷാനടത്തിപ്പിലെ ന്യൂനത കൊണ്ടാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി പിഎസ്‌സി സ്വീകരിച്ചുകഴിഞ്ഞു. ഇതുവരെയുള്ള അനുഭവത്തില്‍ മറ്റേത് സംവിധാനത്തേക്കാളും സത്യസന്ധവും നീതിനിഷ്ഠവുമായ പ്രവര്‍ത്തനരീതിയിലൂടെ കേരളീയസമൂഹത്തിന്റെ വിശ്വാസവും അംഗീകാരവും നേടിയെടുക്കാന്‍ കേരള പബ്ളിക് സര്‍വീസ് കമീഷന് കഴിഞ്ഞിട്ടുണ്ട്. നിഷ്പക്ഷമായ സെലക്ഷനിലൂടെ നിയമനം കിട്ടിയ ലക്ഷക്കണക്കിന് ഉദ്യോഗസ്ഥര്‍ ഇത് സാക്ഷ്യപ്പെടുത്തുന്നു. മറ്റ് സംസ്ഥാനങ്ങളിലെ പിഎസ്‌സികള്‍ കുറച്ച് തസ്തികകളില്‍ മാത്രമാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. എന്നാല്‍, കേരളത്തിലെ പിഎസ്‌സിയാകട്ടെ പ്യൂണ്‍ മുതല്‍ ഡെപ്യൂട്ടി കലക്‌ടര്‍ വരെ ചെറുതും വലുതുമായ നിരവധി തസ്തികകളിലേക്ക് ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നു. സര്‍ക്കാര്‍ സര്‍വീസിലെ എന്‍ട്രി കേഡര്‍ തസ്തികകളിലേക്കുള്ള സെലക്ഷന്‍ പിഎസ്‌സി വഴി നടത്തുന്ന ഏക സംസ്ഥാനം കേരളമാണ്. യുപിഎസ്‌സിയും ഇന്ത്യയിലെ മറ്റ് സംസ്ഥാന പിഎസ്‌സികളും നടത്തുന്ന പരീക്ഷകളുടെയും അഭിമുഖങ്ങളുടെയും റാങ്ക് ലിസ്‌റ്റുകളുടെയും മൊത്തം കണക്കെടുത്താല്‍ അതിലും കൂടുതലാണ് കേരള പിഎസ്‌സി നടത്തുന്നവ. ഇതിന് പുറമെ ഡിപ്പാര്‍ട്ട്മെന്റല്‍ പ്രൊമോഷന്‍ കമ്മിറ്റികളുടെ മേല്‍നോട്ടം, അച്ചടക്കനടപടികളില്‍ ഉപദേശം നല്‍കല്‍, ഡിപ്പാര്‍ട്ട്മെന്റ് പരീക്ഷകള്‍ എന്നിവയും പിഎസ്‌സിയുടെ ചുമതലയാണ്.
ഇത്രയും ഭാരിച്ച ചുമതലകള്‍ കാര്യക്ഷമമായി ചെയ്തുതീര്‍ക്കാനുള്ള സംവിധാനങ്ങള്‍ പിഎസ്‌സിക്കുണ്ടാകണം. കംപ്യൂട്ടര്‍വല്‍ക്കരണം ഉള്‍പ്പെടെയുള്ള ആധുനികസംവിധാനങ്ങള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തി ഭരണസംവിധാനം ശക്തമാക്കണം. ഇപ്പോഴുയര്‍ന്നുവന്ന തരത്തിലുള്ള വിമര്‍ശങ്ങള്‍ ഭാവിയിലുണ്ടാകാതിരിക്കാന്‍ അടിയന്തരമായ നടപടിയെടുക്കണം. നിയമനം ലഭിക്കുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കും ആദ്യ ശമ്പളം നല്‍കുന്നതിനുമുമ്പ് നിയമനം സംബന്ധിച്ച് എല്ലാ രേഖകളും പരിശോധിച്ച് പിഎസ്‌സിയുടെ അംഗീകാരം വാങ്ങിയിരിക്കണമെന്ന് വ്യവസ്ഥ ചെയ്യണം. എല്ലാ തസ്തികകള്‍ക്കുമുള്ള അപേക്ഷയില്‍ ഉദ്യോഗാര്‍ഥിയുടെ ഫോട്ടോ ഒട്ടിച്ചിരിക്കണമെന്ന് നിഷ്കര്‍ഷിക്കണം. ഈ ഫോട്ടോ സ്കാന്‍ ചെയ്ത് ഹാള്‍ ടിക്കറ്റിലും ഉദ്യോഗാര്‍ഥികളെക്കൊണ്ട് പരീക്ഷാഹാളില്‍വച്ച് ഒപ്പിടുവിക്കുന്ന ലിസ്‌റ്റിലും ഉള്‍ക്കൊള്ളിക്കണം. തിരിച്ചറിയല്‍ എല്ലാ ഘട്ടങ്ങളിലും ഉറപ്പുവരുത്തുന്ന മറ്റ് നടപടികളെക്കുറിച്ച് ആലോചിക്കണം. പരീക്ഷാരീതി, പരീക്ഷകളുടെ എണ്ണം, അഭിമുഖങ്ങളുടെ ശാസ്ത്രീയതയും കാര്യക്ഷമതയും, റാങ്ക് ലിസ്‌റ്റുകളുടെ വലിപ്പം, സംവരണവ്യവസ്ഥകള്‍ പാലിക്കല്‍ തുടങ്ങിയ നിരവധി വിഷയങ്ങള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി കുറവുകള്‍ പരിഹരിക്കണം.
നടപടിക്രമങ്ങളില്‍ കാലോചിതവും ശാസ്ത്രീയവുമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് മാത്രമേ പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് പിഎസ്‌സിയെ ശക്തിപ്പെടുത്താന്‍ കഴിയൂ. ഇതേക്കുറിച്ച് സമഗ്രമായി പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയമിക്കണം. ഭരണഘടനാസ്ഥാപനമെന്ന നിലയ്ക്കുള്ള അവകാശാധികാരങ്ങള്‍ സംരക്ഷിച്ചുകൊണ്ടുതന്നെ സര്‍ക്കാരിന്റെ സഹായവും സഹകരണവും തേടി പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമായും സമയബന്ധിതവുമായി നടത്താന്‍ പിഎസ്‌സി പ്രതിജ്ഞാബദ്ധമായിരിക്കണം.
*****
എം ഗംഗാധരക്കുറുപ്പ്
(പിഎസ്‌സി മുന്‍ ചെയര്‍മാനാണ് ലേഖകന്‍)
Saturday, December 18, 2010
വിശ്വാസ്യത തകര്‍ക്കരുത്
Subscribe to:
Post Comments (Atom)
1 comment:
എഴുത്തുപരീക്ഷയും അഭിമുഖവും പ്രായോഗികപരീക്ഷയും കായികക്ഷമതാപരീക്ഷയും മറ്റും നടത്തി യോഗ്യരായവരെ കണ്ടെത്തുകയാണ് പിഎസ്‌സി ചെയ്യുന്നത്. അതിന് ശേഷം തയ്യാറാക്കുന്ന റാങ്ക് ലിസ്‌റ്റ് പ്രകാരം ബന്ധപ്പെട്ട നിയമനാധികാരി ആവശ്യപ്പെടുന്ന ഉദ്യോഗാര്‍ഥികളെ ഉള്‍ക്കൊള്ളിച്ച് സെലക്ഷന്‍ ലിസ്‌റ്റി അയച്ചുകൊടുക്കുന്നു. യോഗ്യത, വയസ്സ്, സമുദായം തുടങ്ങി ഉദ്യോഗാര്‍ഥിയെ തിരിച്ചറിയാനുള്ള എല്ലാ രേഖകളും ലിസ്‌റ്റിനൊപ്പമുണ്ടാകും. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ പിഎസ്‌സിയെ ബന്ധപ്പെടണമെന്ന് നിര്‍ദേശിച്ചുള്ള കത്തും അയക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്‌റ്റേര്‍ഡായി അയക്കുന്ന അഡ്വൈസ് മെമ്മോയില്‍ നിശ്ചിത കാലയളവിനുള്‍ലില്‍ നിയമനാധികാരിയില്‍ നിന്ന് നിയമന ഉത്തരവ് ലഭിച്ചില്ലെങ്കില്‍ പിഎസ്‌സിയെ ബന്ധപ്പെടാന്‍ പറയുന്നുണ്ട്. തികച്ചും സുതാര്യമായും സൂക്ഷ്മതയോടും കൂടിയാണ് പിഎസ്‌സിയുടെ നടപടിക്രമമെന്ന് ചൂണ്ടിക്കാട്ടാനാണ് ഇത്രയും വിശദീകരിച്ചത്. ഇത്രയും സൂക്ഷ്മമായ നടപടിക്രമങ്ങള്‍ മറികടന്ന് പിഎസ്‌സിയിലൂടെ അനധികൃതമായി ജോലി സമ്പാദിക്കുക അസാധ്യമാണ്. പിഎസ്‌സിയുടെ ലിസ്‌റ്റില്‍ പേരില്ലാത്ത, പിഎസ്‌സിയുടെ യാതൊരു രേഖയുടെയും പിന്‍ബലമില്ലാതെ നിയമിക്കപ്പെട്ടതായി രേഖപ്പെടുത്തി ശമ്പളം കൊടുക്കുകയാണ് വയനാട് സംഭവത്തിലുണ്ടായത്. ഇത് വ്യാജനിയമനമാണ്. ക്രിമിനല്‍ കുറ്റമാണ്. ഇതിന്റെപേരില്‍ പബ്ളിക് സര്‍വീസ് കമീഷനെ കുറ്റപ്പെടുത്തുന്നത് ഒന്നുകില്‍ ദുരുപദിഷ്‌ടമാണ്, അല്ലെങ്കില്‍ അറിവില്ലായ്മയാണ്.
Post a Comment