കാക്കനാടന്റെ ചിരി കണ്ടിട്ടുണ്ടോ? തീര്‍ത്തും നിഷ്‌കളങ്കമായ ചിരിയാണത്. ദൈവത്തിന്റെ ലോകത്തുനിന്നും പറന്നുവന്ന ഒരു ശിശുവിന്റെ ചിരിയെ ഓര്‍മിപ്പിക്കുന്നു അത്. എല്ലാവരെയും സ്‌നേഹിക്കുകയും എല്ലാം നേരായ മാര്‍ഗത്തിലൂടെ കാണുകയും ആരും കാണാത്ത ലോകരഹസ്യങ്ങള്‍ തന്റേതായ രീതിയില്‍ നിഷ്‌കളങ്കമായി വെളിപ്പെടുത്തുകയും ചെയ്യുന്ന ഒരു ശിശുവിന്റെ മനസ്സ് കാക്കനാടന്റെ ആദ്യകാല രചനകളില്‍ നിറഞ്ഞുനില്‍ക്കുന്നു. ഒരു കുഞ്ഞിന് ഒന്നും ഒളിച്ചുവയ്‌ക്കാന്‍ അറിയാത്തതുപോലെ കാക്കനാടനും ഒന്നും ഒളിച്ചുവയ്‌ക്കാന്‍ കഴിയുന്നില്ല. രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയുന്ന നാടോടിക്കഥയിലെ കുട്ടിയെപ്പോലെ നമ്മുടെ മനസ്സിനും ജീവിതത്തിനും സാമൂഹികജീവിതത്തിനും സംസ്‌കാരത്തിനും രാഷ്‌ട്രീയസ്ഥാപനങ്ങള്‍ക്കും സംഭവിക്കുന്ന വിപത്തുകള്‍ നാമെല്ലാം പലപ്പോഴും കാണാത്തതോ കണ്ടില്ലെന്ന് നടിക്കുന്നതോ ആയ തീക്ഷ്‌ണയാഥാര്‍ഥ്യങ്ങള്‍ - യാതൊരു മറയും കൂടാതെ വെളിപ്പെടുത്തുകയും നമ്മുടെ ചിന്തയില്‍ വലിയ പ്രകോപനങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്‌ത എഴുത്തുകാരനാണ് കാക്കനാടന്‍.
സാഹിത്യകലയില്‍ വലിയ പ്രക്ഷോഭണവും പ്രകോപനവും സൃഷ്‌ടിച്ച ആളാണ് കാക്കനാടന്‍ എന്ന് നമുക്കറിയാം. മലയാള വിമര്‍ശനവും സാഹിത്യചരിത്രവും അക്കാര്യം സംശയരഹിതമായി ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. എന്നാല്‍ സ്വകാര്യജീവിതത്തിലേക്ക് നോക്കിയാല്‍ കാക്കനാടന്‍ തികച്ചും ശാന്തനാണ്. ശാന്തസുന്ദരമായ ജീവിതം എന്നുതന്നെ പറയാം. കാക്കനാടന്‍ ഏകവചനത്തിലല്ല, ബഹുവചനത്തിലാണ് എപ്പോഴും പ്രയോഗിക്കുന്നത്. കാരണം ഒന്നിലധികം കാക്കനാടന്മാരുണ്ട്. ജോര്‍ജ് വര്‍ഗീസ് കാക്കനാടന്‍, രാജന്‍ കാക്കനാടന്‍, തമ്പി കാക്കനാടന്‍, ഇഗ്നേഷ്യസ് കാക്കനാടന്‍... ഈ കാക്കനാടന്മാരുടെ വിചിത്ര ജീവിതത്തെപ്പറ്റി എന്റെ കൂട്ടുകാരനായ എസ്. സുധീശന്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് കുങ്കുമം വാരികയില്‍ ഒരു ലേഖനപരമ്പര തന്നെ എഴുതിയിരുന്നു. അതു പുസ്‌തകമായി വന്നിട്ടില്ല. ഈ അപൂര്‍വ സഹോദരന്മാരെക്കുറിച്ച് കേരളം മനസ്സിലാക്കേണ്ടതാണ്. ബുദ്ധിജീവികളായ ഈ സഹോദരന്മാര്‍ പുലര്‍ത്തുന്ന പരസ്‌പരസ്‌നേഹവും ഉയര്‍ത്തിപ്പിടിക്കുന്ന ഉജ്വലങ്ങളായ ആശയങ്ങളും ജീവിതത്തെ സ്‌നേഹിച്ചുകൊണ്ടുതന്നെ അവര്‍ പ്രകടിപ്പിക്കുന്ന ഹൃദ്യമായ ഉദാസീനഭാവങ്ങളും, ആരും വലിയവരല്ലെന്നും ആരും ചെറിയവരല്ലെന്നും പെരുമാറ്റത്തിലൂടെ വ്യക്തമാക്കുന്ന ഉയര്‍ന്നതരം സമത്വബോധവും നാം നന്നായി മനസ്സിലാക്കേണ്ടതാണ്. ഇതൊന്നും സുലഭമായി എല്ലായിടത്തും കാണുന്നതല്ല. "സാഹിത്യകാരന്മാര്‍... ഭയങ്കരന്മാര്‍'' എന്ന ചങ്ങമ്പുഴയുടെ പ്രശസ്‌തമായ വരികള്‍ ഓര്‍മയില്‍ കൊണ്ടുവരുന്നവരാണ് കേരളത്തിലെ ബഹുഭൂരിപക്ഷം എഴുത്തുകാരും. അവരില്‍നിന്നെല്ലാം നമ്മുടെ കാക്കനാടന്മാര്‍ ഒറ്റപ്പെട്ടുനില്‍ക്കുന്നു. എഴുത്തുകാരനായ കാക്കനാടന്‍ മനസ്സിന്റെ വാതിലുകള്‍ വായനക്കാര്‍ക്കും എഴുത്തുകാര്‍ക്കും വേണ്ടി തുറന്നിട്ടിരിക്കുകയാണ്. എപ്പോള്‍ വേണമെങ്കിലും അദ്ദേഹത്തെ കാണാം. എത്ര സമയം വേണമെങ്കിലും സംസാരിച്ചിരിക്കാം. നമ്മളിലൊരാളായി നിന്നുതന്നെ അദ്ദേഹം സാഹിത്യത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും രാഷ്‌ട്രീയത്തെക്കുറിച്ചുമെല്ലാം സംസാരിക്കും, തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കും. വായനക്കാരനും എഴുത്തുകാരനും തമ്മില്‍ യാതൊരു അകലവും അവിടെയില്ല. ആരോടും വിദ്വേഷമില്ലാത്ത ഈ ശിശുമനസ്സില്‍ സ്‌നേഹവും ആര്‍ദ്രതയും നിറഞ്ഞു കവിയുന്നു.
ഈ ആര്‍ദ്രതയും മൃദുലഭാവങ്ങളും കാക്കനാടന് സാഹിത്യജീവിതത്തിലില്ല. അവിടെ ഭാഷതന്നെ കൊടുങ്കാറ്റായി മാറുന്നു. കൂലംകുത്തിയൊഴുകുന്ന നദിപോലെ ഭാഷയും ഭാവനയും കുതിച്ചൊഴുകുന്നു. മുന്‍പുണ്ടായിരുന്ന ലാവണ്യസങ്കല്‍പങ്ങളും ജീവിതവീക്ഷണങ്ങളും ഭാഷാസങ്കല്‍പവുമെല്ലാം തകര്‍ക്കപ്പെടുന്നു. സൌന്ദര്യത്തെക്കുറിച്ചും സദാചാരത്തെക്കുറിച്ചും മനുഷ്യബന്ധങ്ങളെക്കുറിച്ചും കാവ്യഭാഷയെക്കുറിച്ചുമുണ്ടായിരുന്ന ധാരണകളെയൊന്നും മാനിക്കാന്‍ ഈ കലാപകാരിയായ കലാകാരന്‍ തുനിയുന്നില്ല. ആദര്‍ശങ്ങളുടെ കപടമുഖങ്ങളെ അദ്ദേഹം തുറന്നുകാട്ടി. കഠിനമായ ജീവിതയാഥാര്‍ഥ്യത്തെ ഏറ്റവും അടുത്തുനിന്നു കാണാന്‍ അദ്ദേഹം കലയിലൂടെ ശ്രമിച്ചു. ഇതാണ് ആദ്യകാലത്തെ കാക്കനാടന്റെ നോവലുകളിലും ചെറുകഥകളിലും കാണുന്നത്.
ഞാന്‍ ആദ്യമായി വായിച്ച കാക്കനാടന്റെ രചന 'വസൂരി'യാണ്. ഒന്‍പതാം ക്ളാസില്‍ പഠിക്കുമ്പോഴാണ് വായിച്ചത്. ജനയുഗം വാരികയില്‍ ആ നോവല്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചുവരികയായിരുന്നു. എന്നെ ആകര്‍ഷിക്കുകയായിരുന്നില്ല, ഞെട്ടിക്കുകയായിരുന്നു ആ നോവല്‍. അന്നത്തെ എന്റെ വായനാലോകത്തിന് പുറത്തായിരുന്നു ആ കൃതി. അന്ന് ഞാന്‍ ആല്‍ബേര്‍ കാമുവിന്റെ 'പ്ളേഗി'നെക്കുറിച്ചോ, 'അന്യനെ'ക്കുറിച്ചോ കേട്ടിട്ടുപോലുമില്ല. മരണം മുന്‍പില്‍ വരുമ്പോള്‍ മനുഷ്യന്‍ ചെയ്‌തുപോകുന്ന പാപങ്ങളെക്കുറിച്ചോര്‍ത്തു ഞാന്‍ നടുങ്ങിപ്പോയി. നാടന്‍ സംഭാഷണവും പരുക്കന്‍ ശൈലിയും സദാചാരത്തിന്റെ എല്ലാ അതിര്‍ത്തികളും ലംഘിച്ച മനുഷ്യന്റെ ചലനങ്ങളും എന്നെ കുറച്ചൊന്നുമല്ല ആകര്‍ഷിച്ചത്. പക്ഷേ ഇടയ്‌ക്കുവച്ച് ആ നോവല്‍ യാതൊരറിയിപ്പും കൂടാതെ നിറുത്തി. കടുത്തനിരാശയാണുണ്ടായത്. പില്‍ക്കാലത്താണ് അതിന്റെ പിന്നിലെ കഥയറിഞ്ഞത്. നോവലിലെ 'സദാചാര'വിരുദ്ധമായ ഭാഗങ്ങള്‍ പത്രാധിപര്‍ വെട്ടിക്കളഞ്ഞു തുടങ്ങിയപ്പോള്‍ നോവലിസ്‌റ്റ് ഇടപെട്ട് പ്രസിദ്ധീകരണം നിറുത്തുകയായിരുന്നു. ഇതുപോലെ മറ്റൊരു സംഭവം കേരളത്തിലുണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല. ഇതിവിടെ എടുത്തു പറഞ്ഞത് കാക്കനാടന്റെ രചനകളോട് അന്നത്തെ യാഥാസ്ഥിതിക സമൂഹം പുലര്‍ത്തിയ കാഴ്‌ചപ്പാട് വ്യക്തമാക്കാനാണ്. കടുത്ത വിമര്‍ശനവും എതിര്‍പ്പും പരിഹാസവുമാണ് ആദ്യകാലത്ത് കാക്കനാടന് നേരിടേണ്ടിവന്നത്. എന്നാല്‍ എല്ലാവിധ എതിര്‍പ്പുകളെയും നേരിട്ടു കൊണ്ട് വളരെ ചെറിയൊരു കാലംകൊണ്ട് നിരവധി ചെറുകഥകളും നോവലുകളുമെഴുതി ആധുനിക മലയാള സാഹിത്യത്തില്‍ വ്യത്യസ്‌തവും നവീനവുമായ ഒരു ലോകം സൃഷ്‌ടിക്കുകയാണ് കാക്കനാടന്‍ പിന്നീട് ചെയ്‌തത്.
കൊല്ലത്ത് എസ്. എന്‍. കോളെജില്‍ ബിരുദപഠനത്തിന് എത്തിയപ്പോള്‍ എനിക്ക് കാക്കനാടന്റെ സാഹിത്യജീവിതവും സ്വകാര്യജീവിതവും അടുത്തറിയാന്‍ കഴിഞ്ഞു. വിദേശവാസമെല്ലാം കഴിഞ്ഞ് അദ്ദേഹം തന്റെ പ്രിയപ്പെട്ട നഗരമായ കൊല്ലത്ത് താമസമാക്കിയിരുന്നു അപ്പോള്‍. അദ്ദേഹത്തിന്റെ സാഹിത്യജീവിതം മലയാളിയുടെ മനസ്സിനെ ആഴത്തില്‍ സ്‌പര്‍ശിച്ചു തുടങ്ങിയിരുന്നു. അറുപതുകളുടെ ആദ്യവര്‍ഷങ്ങളിലാണ് കാക്കനാടന്‍ 'മാതൃഭൂമി' ആഴ്‌ചപ്പതിപ്പില്‍ ശ്രദ്ധേയങ്ങളായ കഥകള്‍ എഴുതിത്തുടങ്ങിയത്. 'കാലപ്പഴക്കം' എന്ന കഥയാണ് ആദ്യമെഴുതിയത്, 1962-ല്‍. പിന്നീട് ചെറുകഥ എന്ന മാധ്യമത്തെ നിശിതമായി പരിഷ്‌കരിച്ച് നിരവധി കഥകളെഴുതി. 1969 ആയപ്പോഴേയ്‌ക്കും 'സാക്ഷി', 'വസൂരി', 'ഉഷ്‌ണമേഖല' എന്നീ മികച്ച നോവലുകളെഴുതി സാഹിത്യത്തിലെ തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്‌തു, കാക്കനാടന്‍.
'വസൂരി'യും 'സാക്ഷി'യും മലയാളത്തിലെ യാഥാസ്ഥിതിക വായനക്കാരെ വല്ലാതെ അലോസരപ്പെടുത്തിയ രചനകളായിരുന്നു. എം. കൃഷ്‌ണന്‍നായരെപ്പോലുള്ള വിമര്‍ശകര്‍ രൂക്ഷമായ ഭാഷയിലാണ് കാക്കനാടന്റെ കൃതികളെ വിമര്‍ശിച്ചത്. എന്നാല്‍ പുതിയ വായനക്കാര്‍ ആ രചനകളുടെ പിന്നിലെ കരുത്തും സൌന്ദര്യവും വലിയൊരു ലഹരിയായി കൊണ്ടുനടന്നു. 'ഉഷ്‌ണമേഖല' തന്റെ കാലത്തെ രാഷ്‌ട്രീയചരിത്രത്തെ സൂക്ഷ്‌മ വിചാരണ ചെയ്യുന്ന കൃതിയാണ്. ഇടതുപക്ഷകേന്ദ്രങ്ങളില്‍നിന്നും വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നു ആ കൃതിക്ക്. അക്കാലത്ത് - അറുപതുകളുടെ ഒടുവിലും എഴുപതുകളുടെ തുടക്കത്തിലും - ഏറ്റവും ശ്രദ്ധേയനായ എഴുത്തുകാരന്‍ കാക്കനാടനായിരുന്നു. ആധുനികതയുടെ പ്രമുഖ വക്താവായി അദ്ദേഹം മാറി. 1970 -ല്‍ മലയാള ചെറുകഥയുടെ പുതിയ മുഖത്തെക്കുറിച്ച് 'മലയാളനാട്' വാരികയില്‍ അദ്ദേഹം രണ്ട് ലക്കങ്ങളിലായി ദീര്‍ഘമായി ഒരു ലേഖനമെഴുതി. തുടര്‍ന്ന് മലയാളത്തിലെ വിമര്‍ശകരും എഴുത്തുകാരും പങ്കെടുത്ത വിശദമായ ചര്‍ച്ചയുമുണ്ടായിരുന്നു. പുതിയ തലമുറയുടെ സൌന്ദര്യാഭിരുചിയെ തിരുത്തിക്കുറിച്ച ചര്‍ച്ചയായിരുന്നു അത്. സാഹിത്യവേദികളിലും സാംസ്‌കാരികവേദികളിലും സാഹിത്യക്യാമ്പുകളിലും പങ്കെടുത്തു പ്രഭാഷണങ്ങള്‍ നടത്താനും അദ്ദേഹം തയ്യാറായി. മികച്ചൊരു പ്രഭാഷകന്‍ ആയിരുന്നില്ല കാക്കനാടന്‍. "ഞാനൊരു പ്രസംഗകനല്ല..., എഴുത്തുകാരനാണ്'' എന്നു പറഞ്ഞ് ആരംഭിക്കുന്ന പ്രസംഗങ്ങളില്‍ ലജ്ജാലുവായ ഒരെഴുത്തുകാരന്റെ സൌമ്യമെങ്കിലും ധീരമായ ശബ്‌ദം ഉയര്‍ന്നു കേട്ടുകൊണ്ടിരുന്നു. കേരളത്തില്‍ എവിടെയും വായനക്കാര്‍ കാക്കനാടനെ അന്വേഷിച്ചുകൊണ്ടിരുന്നു. എഴുപതുകളുടെ ആദ്യവര്‍ഷങ്ങളില്‍ ഒ. വി. വിജയന്‍, എം. മുകുന്ദന്‍ എന്നിവരോടൊപ്പം, ഒരുപക്ഷേ അവരെക്കാള്‍ തിളങ്ങിനിന്ന എഴുത്തുകാരന്‍ കാക്കനാടനായിരുന്നു.
ആധുനികതയുടെ പ്രമുഖ വക്താവായി പ്രത്യക്ഷപ്പെട്ട കാക്കനാടന്‍ താനൊരു ആധുനികനാണെന്ന് അന്നും ഇന്നും സമ്മതിക്കുന്നില്ല എന്നതാണ് രസകരമായ കാര്യം. ആ വിശേഷണങ്ങളെല്ലാം വിമര്‍ശകരും ചരിത്രകാരന്മാരും നല്‍കിയതാണെന്നാണ് അദ്ദേഹം പറയുന്നത്. താന്‍ വര്‍ത്തമാനകാലത്തെ എഴുത്തുകാരന്‍ മാത്രം എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ആ നിലപാടില്‍ ഇപ്പോഴും മാറ്റമില്ല. കൂടെക്കൂടെ നിലപാടുകള്‍ മാറ്റുന്ന ഒരാളല്ല അദ്ദേഹം. അദ്ദേഹത്തിന്റെ സാഹിത്യജീവിതത്തില്‍ ചില ഘട്ടങ്ങളും അധ്യായങ്ങളുമൊക്കെയുണ്ട്. എന്നാല്‍ സാഹിത്യത്തെ സംബന്ധിക്കുന്ന അടിസ്ഥാനസങ്കല്‍പങ്ങളുടെ കാര്യത്തില്‍ നിലപാടുകള്‍ മാറ്റാന്‍ അദ്ദേഹം ഒരിക്കലും തയ്യാറായിട്ടില്ല. താന്‍ ഒരെഴുത്തുകാരന്‍ മാത്രമാണ്, സമൂഹത്തെ നന്നാക്കേണ്ട ചുമതലയൊന്നും തനിക്കില്ല എന്ന് ആദ്യം മുതല്‍ തന്നെ അദ്ദേഹം പറഞ്ഞുവരുന്ന കാര്യമാണ്. എഴുത്തുകാരനു വേണ്ട സാമൂഹികപ്രതിബദ്ധതയെപ്പറ്റി ഉറച്ച ധാരണകള്‍ നിറഞ്ഞുനിന്ന ഘട്ടത്തിലാണ് അദ്ദേഹം ഈ നിലപാട് സ്വീകരിച്ചത്. അതുപോലെ രാഷ്‌ട്രീയ യാഥാര്‍ഥ്യങ്ങള്‍ തീക്ഷ്‌ണമായി അവതരിപ്പിക്കുക എന്നതല്ലാതെ, കക്ഷിരാഷ്‌ട്രീയവുമായി തനിക്ക് യാതൊരു ബന്ധവുമില്ല എന്ന് അദ്ദേഹം തുടക്കം മുതല്‍ പറഞ്ഞിട്ടുണ്ട്. ആ ധീരമായ നിലപാടിലും വെള്ളം ചേര്‍ക്കാന്‍ അദ്ദേഹം തുനിഞ്ഞിട്ടില്ല. അദ്ദേഹത്തോടൊപ്പം എഴുതിയ 'ആധുനിക'രില്‍ കുറച്ചുപേരെങ്കിലും ഈ നിലപാടില്‍ മാറ്റം വരുത്തി, കക്ഷി രാഷ്‌ട്രീയവുമായി ബന്ധപ്പെട്ട് സ്ഥാനമാനങ്ങള്‍ നേടിയെടുത്തിട്ടുള്ളതായി നമുക്ക് അറിയാം. എന്നാല്‍ കാക്കനാടന് സ്ഥാനമോഹങ്ങള്‍ ഒട്ടുമില്ല. ആരുടെ പിറകേ പോകാനും തയ്യാറല്ല. അവാര്‍ഡുകള്‍ കിട്ടിയാല്‍ വാങ്ങും. കിട്ടിയാല്‍ തുള്ളിച്ചാടുകയില്ല, കിട്ടിയില്ലെങ്കില്‍ പരാതി പറയുകയുമില്ല. അതിനു പിറകേ പോകുന്ന രീതി ഒട്ടുമില്ല.
വായനക്കാരും ആരാധകരും ഈ എഴുത്തുകാരനോട് പ്രകടിപ്പിച്ച ആദരവും സ്‌നേഹവും അല്‍ഭുതകരമാണ്. സമൂഹത്തോട് എഴുത്തുകാരന്‍ എന്ന നിലയില്‍ പ്രത്യേകിച്ച് ഉത്തരവാദിത്വമൊന്നുമില്ല എന്ന് പ്രഖ്യാപിച്ച എഴുത്തുകാരനാണ് കാക്കനാടന്‍. എന്നാല്‍ വായനക്കാരും പൊതുസമൂഹവും അദ്ദേഹത്തിന്റെ അറുപതാം ജന്മദിനത്തില്‍ ചെയ്‌തത്, സ്വന്തമായി വീടില്ലാതിരുന്ന അദ്ദേഹത്തിന് ഒരു വീട് വച്ചുകൊടുക്കുകയാണ്. കൊല്ലത്തെ അദ്ദേഹത്തിന്റെ ആരാധകരും കൂട്ടുകാരും അഭ്യുദയകാംക്ഷികളുമാണ് അതിന് മുന്‍കൈയെടുത്തത്. ഇതുപോലൊരു സംഭവം ലോകത്ത് മറ്റെവിടെയെങ്കിലും നടന്നിട്ടുണ്ടോ എന്നറിയില്ല. എന്തുകൊണ്ടാണ് തനിക്ക് ആരോടും കടപ്പാടില്ല എന്ന് തുറന്നു പറഞ്ഞ എഴുത്തുകാരനോട് വായനക്കാരും പൊതുസമൂഹവും അസാധാരണമായ ഉദാരതയോടെ പ്രവര്‍ത്തിച്ചത്? എഴുത്തുകാരന്‍ എന്ന നിലയില്‍ കാക്കനാടന്‍ തന്റെ കടമ പൂര്‍ണമായും നിര്‍വഹിക്കുന്നുവെന്ന് പൊതുസമൂഹത്തിന് ബോധ്യമുള്ളതുകൊണ്ടാണത്. കലാകാരന്‍ എന്ന നിലയില്‍ തന്റെ കാലത്തെ മനുഷ്യാവസ്ഥ നേരിടുന്ന പ്രശ്‌നങ്ങളും ചരിത്രത്തിന്റെ അഗാധവ്യസനങ്ങളുമെല്ലാം വേണ്ടവിധത്തില്‍ ഉള്‍ക്കൊണ്ട് രചന നിര്‍വഹിച്ചതുകൊണ്ടാണ് കലാകാരന് പാര്‍പ്പിടം പണിയാന്‍ സമൂഹം മുന്നോട്ടുവന്നത്. ഇതു ലോകസാഹിത്യത്തില്‍ തന്നെ അപൂര്‍വമായ സംഭവമല്ലേ?
*****
പ്രസന്നരാജന്‍
കടപ്പാട് : ഗ്രന്ഥാലോകം ഒക്‌ടോബര്‍ 2010
അധിക വായനയ്‌ക്ക് :
1. ദൈവം സ്നേഹിക്കുന്ന എഴുത്തുകാരന്‍ എം മുകുന്ദൻ
2. അക്രമാസക്തമായ രചന കെ.പി. അപ്പന്‍
3. കാക്കനാടന്റെ വരവ് പ്രസന്നരാജന്‍
4. കാക്കനാടന്റെ ആഖ്യാനകല ഡോ:എസ്.എസ്. ശ്രീകുമാര്‍
5. പൂര്‍ണതതേടിയുള്ള പ്രയാണം കാക്കനാടനുമായുള്ള അഭിമുഖം
6. റെനിഗേഡിന്റെ ഗതികേടുകള്‍ ഡോ. സി. ഉണ്ണികൃഷ്‌ണന്‍
7. അക്ഷരങ്ങളിലെ ഏഴാംമുദ്ര വി. ബി. സി. നായര്‍
8. രതിയുടെ ആനന്ദലഹരി ഡോ. ഇ. ബാനര്‍ജി
9. കാക്കനാടന്‍ സാക്ഷ്യപ്പെടുത്തുന്നത്... ഡോ. ആര്‍.എസ്. രാജീവ്
10. ശ്രീചക്രം കാക്കനാടന്‍
11. പത്മവ്യൂഹത്തിലെ അഭിമന്യു ഡോ. എ. അഷ്റഫ്
12. ആധുനികതയിലെ വ്യവസ്ഥാപിത ജീവിതം വിജു നായരങ്ങാടി
13. കൊല്ലം പഠിപ്പിച്ചത് കാക്കനാടന്‍
14. കാക്കനാടന്‍ - ജീവിതരേഖ
Sunday, December 19, 2010
കാക്കനാടന്റെ വരവ്
Subscribe to:
Post Comments (Atom)
1 comment:
നന്ദി വര്‍ക്കേഴ്സ് ഫോറം. നന്ദി..ഈ വിശദമായ പരിചയപ്പെടുത്തലിന്.
അഭിവാദ്യങ്ങളോടെ
Post a Comment