കോണ്‍ഗ്രസില്‍ എന്നും അചഞ്ചലവിശ്വാസമുണ്ടായിരുന്ന കെ കരുണാകരന് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ നിരുപാധികമായി വിശ്വസിക്കാന്‍ കഴിയുന്നതും ഹൃദയം തുറന്നുപറയാന്‍ കഴിയുന്നതുമായ എത്രപേരുണ്ടായിരുന്നു? ഈ ചോദ്യം എനിക്ക് എന്നോടുതന്നെ ചോദിക്കേണ്ടിവന്നത് 1993 മാര്‍ച്ച് 23ന്റെ സന്ധ്യയിലാണ്.
പ്രിയപത്നി കല്യാണിക്കുട്ടിയമ്മയുടെ വിയോഗവാര്‍ത്തയറിഞ്ഞ് ഡല്‍ഹി കേരള ഹൌസിന്റെ 104-ാം നമ്പര്‍ മുറിയില്‍ മരവിച്ചെന്നപോലെ ഇരിക്കുകയായിരുന്നു കരുണാകരന്‍. ആ മുറിക്കുമുമ്പിലെ ഇടനാഴിയിലും കേരള ഹൌസിന്റെ പൂമുഖത്തും മുറ്റത്തുമൊക്കെയായി കേരളത്തിലെയും കേന്ദ്രത്തിലെയും കോണ്‍ഗ്രസ് നേതാക്കള്‍ ധാരാളം. കരുണാകരന്റെ വാത്സല്യം ഒന്നുകൊണ്ടുമാത്രം നേതൃത്വത്തിലേക്ക് ഉയര്‍ത്തപ്പെട്ടവരുണ്ട്; അദ്ദേഹത്തിന്റെ മമത ഒന്നുകൊണ്ടുമാത്രം ഉദ്യോഗസ്ഥ സ്ഥാനത്തുനിന്ന് കേന്ദ്രമന്ത്രിസ്ഥാനത്തേക്ക് എത്തിപ്പെട്ടവരുണ്ട്. അങ്ങനെ പലരും. പക്ഷേ, കെ കരുണാകരന്‍ ആരെയും കാണാന്‍ കൂട്ടാക്കാതെ ഒറ്റയ്ക്കിരുപ്പാണ്.
ഡല്‍ഹിയിലെ മലയാള പത്രപ്രവര്‍ത്തകരൊക്കെ പകല്‍ തന്നെ കൂട്ടായി ചെന്ന് കെ കരുണാകരനെ കണ്ടു. ചില തിരക്കുകള്‍കൊണ്ട് ആ കൂട്ടത്തില്‍പ്പെടാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് സന്ധ്യക്കാണ് ഞാന്‍ കേരള ഹൌസില്‍ എത്തിയത്. അപ്പോഴത്തെ അവസ്ഥയാണ് ഈ വിവരിച്ചത്. ഇടയ്ക്ക് സുശീല ഗോപാലന്‍ വന്നെന്ന് അറിഞ്ഞപ്പോള്‍ കെ കരുണാകരന്‍ കാണാമെന്നു സമ്മതിച്ചു. അവര്‍ സംസാരിച്ചിറങ്ങിയപ്പോള്‍ വാതില്‍പ്പാളിയിലൂടെ അദ്ദേഹം എന്നെ കണ്ടു; അകത്തേക്ക് വിളിച്ചു. നിറഞ്ഞ കണ്ണുകളുമായിരിക്കുന്ന കരുണാകരനെയാണ് ഞാന്‍ അവിടെ കണ്ടത്. വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങുന്ന നില. നീണ്ട മൌനങ്ങള്‍; ഇടയ്ക്കിടയ്ക്ക് ഓരോ വാക്ക്. ആ സന്ദര്‍ഭത്തില്‍ രണ്ടുമിനിറ്റിലേറെ അവിടെ തങ്ങുന്നത് ആലോചിക്കാന്‍ കഴിയാത്ത കാര്യമായിരുന്നു. അതുകൊണ്ടുതന്നെ, ഔപചാരികതയില്‍ഒതുങ്ങിനിന്ന് ചില വാക്കുകള്‍ മാത്രം പറഞ്ഞ് ഞാന്‍ യാത്രചോദിച്ചു. അപ്പോള്‍, തടഞ്ഞുകൊണ്ട് അദ്ദേഹം എന്റെ കൈ പിടിച്ചു. അടുത്തിരിക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ഇരുന്നു.
പിന്നീടങ്ങോട്ട് കരുണാകരന്റെ ഭാഗത്ത് മൌനമുണ്ടായില്ല. കണ്ണീരോടെ തുടര്‍ച്ചയായി പല കാര്യങ്ങള്‍ പറഞ്ഞുകൊണ്ടേയിരുന്നു. എല്ലാം കല്യാണിക്കുട്ടിയമ്മയുമായി ബന്ധപ്പെട്ട ഓര്‍മകള്‍. എത്രമേല്‍ ആത്മബന്ധത്തിലുറച്ച ദാമ്പത്യമാണ് ഇതെന്നു വിസ്മയം കൂറിക്കൊണ്ടാണ് ഞാനതെല്ലാം കേട്ടിരുന്നത്. അണപൊട്ടിയൊഴുകുംപോലെ ഓര്‍മകളുടെ പരമ്പരകള്‍... തന്നെ ക്ഷേത്രവിശ്വാസിയാക്കിയത് കല്യാണിക്കുട്ടിയമ്മയായിരുന്നെന്ന് കരുണാകരന്‍ പറഞ്ഞു. ദൈവവിശ്വാസിപോലുമായിരുന്നില്ല കരുണാകരന്‍. "അവര്‍ക്ക് ക്ഷേത്രത്തില്‍ തൊഴാന്‍ പോകണമെന്നു പറഞ്ഞു. ഞാന്‍ കൊണ്ടുപോയി. അവര്‍ ക്ഷേത്രത്തില്‍ കയറി തൊഴുമ്പോള്‍, ഞാന്‍ പുറത്ത് വെറുതെ നടക്കും. ക്ഷേത്രത്തില്‍ കയറുമായിരുന്നേയില്ല. ഒരിക്കല്‍ നിര്‍ബന്ധിച്ച് അവര്‍ ഗുരുവായൂര്‍ ക്ഷേത്രത്തിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഞാന്‍ വെറുതെ ഒന്നു തൊഴുതു. പക്ഷേ, അത് എനിക്കൊരു അനുഭവമായി. പിന്നീട് ഗുരുവായൂരമ്പലത്തിലെ നിത്യസന്ദര്‍ശകനായത് ഞാനാണ്; അവര്‍ കൂടെ വരുന്ന ആളും!
അമേരിക്കയില്‍ അവര്‍ക്ക് ശസ്ത്രക്രിയ നടക്കുന്ന ദിവസം രാത്രി ഞാന്‍ ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്നു. ഒരു സ്വപ്നം കണ്ടാണ് ഞെട്ടിയുണര്‍ന്നത്. സ്വപ്നത്തില്‍ കണ്ടത് ഗുരുവായൂര്‍ ശ്രീകോവിലാണ്. പെട്ടെന്ന് നടതുറക്കുന്നു; പക്ഷേ, വിഗ്രഹം അവിടെ കാണാനില്ല. എന്തോ അശുഭം സംഭവിക്കാന്‍ പോകുന്നെന്ന് ഞാന്‍ കരുതി. ആ ദിവസമാണ് അവര്‍ പോയത്! കല്യാണിക്കുട്ടിയമ്മ രക്ഷപ്പെടുമെന്ന് ഉറപ്പാക്കാന്‍ ഞാന്‍ മിത്രന്‍ നമ്പൂതിരിപ്പാടിനെ കണ്ടിരുന്നു. അദ്ദേഹം പറഞ്ഞത്, തിങ്കളാഴ്ച കഴിഞ്ഞാല്‍ രക്ഷപ്പെടുമെന്നാണ്; തിങ്കളാഴ്ച വരെയുള്ള കാര്യത്തില്‍ ഉറപ്പില്ലെന്നും പറഞ്ഞു. പക്ഷേ, തിങ്കളാഴ്ചയ്ക്ക് കാത്തിരിക്കാതെ അവര്‍ പോയി!''
ഇങ്ങനെ, ദാമ്പത്യത്തിന്റെ ആദ്യനാളുകള്‍ തൊട്ടുള്ള ഓര്‍മകള്‍ ഈറന്‍ കണ്ണുകളോടെ കരുണാകരന്‍ വിവരിച്ചുകൊണ്ടേയിരുന്നു. പുറത്ത് ധാരാളമാളുകള്‍ കാത്തുനില്‍ക്കുകയല്ലേ, ഞാന്‍ ഇറങ്ങട്ടെ എന്ന് ഇടയ്ക്കുകയറി പറഞ്ഞുനോക്കി. നിര്‍ബന്ധപൂര്‍വം തടഞ്ഞുകൊണ്ട് അദ്ദേഹം കല്യാണിക്കുട്ടിയമ്മയുമായി ബന്ധപ്പെട്ട ഓര്‍മകള്‍ തുടര്‍ന്നു പറഞ്ഞുകൊണ്ടേയിരുന്നു. കെ മുരളീധരനോ പത്മജയോ അതുപോലെ അദ്ദേഹത്തിന്റെ മനസ്സിനോടു ചേര്‍ന്നുനിന്ന മറ്റാരെങ്കിലുമോ അപ്പോള്‍ അവിടെയുണ്ടായിരുന്നില്ല. ഉള്ളത് കുറെ കോണ്‍ഗ്രസ് നേതാക്കള്‍ മാത്രം; അതും മുറിക്കുപുറത്ത്. അദ്ദേഹം എന്തുകൊണ്ടാകാം എന്നോട് ഇതൊക്കെ പറയുന്നതെന്നു ഞാന്‍ ആലോചിച്ചു. അദ്ദേഹത്തെ പുകഴ്ത്തി ഒരുവാക്ക് എഴുതിയിട്ടുള്ള ആളല്ല ഞാന്‍. പത്രസമ്മേളനങ്ങളില്‍ അദ്ദേഹത്തിനു സുഖപ്രദമാകുന്ന ഒരു ചോദ്യമെങ്കിലും ചോദിച്ചിട്ടുള്ള ആളുമല്ല. വിമര്‍ശിച്ച് എഴുതിയിട്ടുള്ളതാകട്ടെ ധാരാളം. അദ്ദേഹത്തെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ ഉന്നയിച്ചിട്ടുള്ള ചോദ്യങ്ങളും ധാരാളം! എന്നിട്ടും സഹപ്രവര്‍ത്തകരായ കോണ്‍ഗ്രസ് നേതാക്കളെയാകെ പുറത്തുനിര്‍ത്തി അദ്ദേഹം കണ്ണീരോടെ എന്നോടു മനസ്സു തുറക്കുന്നു! മനസ്സിലെ സങ്കടങ്ങളെല്ലാം ആരോടെങ്കിലും തുറന്നുപറഞ്ഞാല്‍ അല്‍പ്പമൊരു ആശ്വാസമാകുമെന്ന് ഒരുപക്ഷേ അദ്ദേഹം കരുതിയിരുന്നിരിക്കാം.
അത്തരമൊരു സന്ദര്‍ഭത്തില്‍ മനസ്സുതുറന്നു സംസാരിക്കാന്‍ പറ്റുന്ന ഒരു കോണ്‍ഗ്രസ് നേതാവുമില്ലെന്ന് അദ്ദേഹം ചിന്തിച്ചിരിക്കാം. തന്റെ കൈവിരല്‍ത്തുമ്പില്‍ തൂങ്ങി നേതൃത്വത്തിന്റെ പടികള്‍ ചവിട്ടി മുന്നോട്ടുപോയവര്‍, പള്ളിപ്പുറത്ത് വാഹനാപകടത്തില്‍പ്പെട്ട് നാലുനാള്‍ തികയുംമുമ്പേ തന്നെ തള്ളിപ്പറഞ്ഞവരാണെന്ന ചിന്ത ആ മനസ്സില്‍ വന്നിരിക്കാം. കാര്യസാധ്യത്തിനായി മാത്രം തന്നെ കാണുന്നവര്‍ക്ക് മനസ്സ് എന്നൊന്നില്ലെന്ന് അദ്ദേഹം ചിന്തിച്ചിരിക്കാം. സ്തുതിപാഠകരുമായല്ല, മനസ്സിനെ മനസ്സിലാക്കുന്നവരുമായാണ് ഈ വിഷമചിന്തകള്‍ പങ്കിടേണ്ടതെന്ന് അദ്ദേഹത്തിന് തോന്നിയിരിക്കാം. ഇതൊക്കെയല്ലാതെ, ആ നിമിഷങ്ങള്‍ക്ക് വേറെ വിശദീകരണമൊന്നുമില്ല.
ദൈവവിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കരുണാകരന്‍ അന്ന് ഏറെ പറഞ്ഞത്. ഞാനാകട്ടെ, ദൈവവിശ്വാസിയേ അല്ല. കോണ്‍ഗ്രസ് നേതാക്കളെ കല്യാണിക്കുട്ടിയമ്മ കുടുംബാംഗങ്ങളെപ്പോലെ കണ്ട് സ്നേഹിച്ചു വീട്ടില്‍ സല്‍ക്കരിച്ചിരുന്നതിനെക്കുറിച്ചു പറഞ്ഞു. ഞാനാകട്ടെ, കോണ്‍ഗ്രസിന്റെ മിത്രമേ അല്ല. എന്നിട്ടും ഇങ്ങനെയുള്ള എന്നോട് അത്രയേറെ ഹൃദയംതുറന്നു സംസാരിക്കാന്‍ പ്രേരിപ്പിച്ചത് എന്താണെന്ന് ഞാന്‍ ഒരു പതിറ്റാണ്ടിനുശേഷം തിരുവനന്തപുരത്തെ ശാസ്തമംഗലത്തുള്ള വസതിയില്‍ വച്ച് അദ്ദേഹത്തോടു തുറന്നുചോദിച്ചു. കൈരളി ടിവിക്കുവേണ്ടിയുള്ള ഒരഭിമുഖത്തിന് ചെന്നതായിരുന്നു ഞാന്‍. കണ്ണിറുക്കി ചിരിച്ചതല്ലാതെ അദ്ദേഹം മറുപടിയൊന്നും പറഞ്ഞില്ല. പക്ഷേ, ആ ചിരി വാചാലമായിരുന്നു.
'കൊട്ടാരത്തില്‍ ശാസ്താ' എന്ന ആ വസതിയില്‍ വച്ചു നടന്ന ആ അഭിമുഖത്തിലാണ് കരുണാകരന്‍ സോണിയാ ഗാന്ധിയെ ആദ്യമായി 'മദാമ്മ' എന്നു വിശേഷിപ്പിച്ചത്. ഈ രാജ്യത്തിന്റെയോ ജനതയുടെയോ വികാരം അറിയാത്ത സ്ത്രീ എന്നു പറഞ്ഞത്. ഡിസംബര്‍ തണുപ്പില്‍ ദില്ലിയില്‍ ചെന്ന് കാത്തുകിടന്നിട്ട് കൂടിക്കാഴ്ചയ്ക്കുള്ള അനുമതിപോലും നിഷേധിച്ച് തന്നെ അപമാനിച്ചതിനെക്കുറിച്ച് വേദനയോടെ സംസാരിച്ചത്. കോണ്‍ഗ്രസിന്റെ ചരിത്രം ആ മദാമ്മയ്ക്ക് മനസ്സിലാകില്ലെന്ന് കലാപസ്വരത്തില്‍ തുറന്നടിച്ചത്.
ഏതുതരത്തിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലാണ് കെ കരുണാകരന്‍ ജീവിച്ചത്? തന്റെ വാത്സല്യംകൊണ്ടുമാത്രം നേതാക്കളാകുകയും താന്‍ വീണെന്നറിഞ്ഞ നിമിഷം തന്നെ തള്ളിപ്പറയുകയും ചെയ്തവര്‍! തന്റെ കാരുണ്യംകൊണ്ടുമാത്രം കോണ്‍ഗ്രസില്‍ തിരിച്ചുവരികയും വന്നശേഷം തനിക്ക് കോണ്‍ഗ്രസില്‍ നിന്നിറങ്ങിപ്പോകേണ്ട സ്ഥിതിയുണ്ടാക്കുകയും ചെയ്തവര്‍! തന്റെ സഹായംകൊണ്ട് പ്രധാനമന്ത്രിയാകുകയും ആയശേഷം തന്നെ തിരിഞ്ഞുകുത്തുകയും ചെയ്ത ഒരു മുന്‍ പ്രധാനമന്ത്രി! പിന്‍മുറക്കാരി എന്ന നിലയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് താന്‍ പേര് നിര്‍ദേശിക്കുകയും പ്രസിഡന്റായശേഷം തന്നെ അപമാനിക്കുകയും ചെയ്ത ഒരു കോണ്‍ഗ്രസ് പ്രസിഡന്റ്! പ്രതിച്ഛായചര്‍ച്ചയുടെയും മറ്റും മറവില്‍ ലീഗുമായി ചേര്‍ന്ന് തന്ത്രം മെനഞ്ഞ് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് തന്നെ ഇറക്കിവിടുകയും ആ കസേരയിലേക്ക് അടുത്തനാള്‍ കയറിയിരിക്കുകയും ചെയ്ത സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ആസ്ഥാന പ്രതിയോഗി! ഇങ്ങനെയുള്ള സഹപ്രവര്‍ത്തകനിരയിലെ ആരോടാണ് കരുണാകരന് തന്റെ പ്രിയപത്നി മരിച്ചതിലുള്ള സങ്കടം വിങ്ങുന്ന മനസ്സ് തുറക്കാനാകുക? ആ ചോദ്യം ഉള്ളില്‍ നിറഞ്ഞതുകൊണ്ടാകണം, കാര്യസാധ്യത്തിനായി സ്തുതിവചനവുമായി എത്തുന്ന മുഴുവന്‍ നേതാക്കളെയും പുറത്തുനിര്‍ത്തിയിട്ട്, രാഷ്ട്രീയകാരണങ്ങളാല്‍മാത്രം നിത്യവും എതിര്‍ത്തിട്ടുള്ള ഒരു പത്രപ്രവര്‍ത്തകന്റെമുമ്പില്‍ മനസ്സ് തുറക്കാമെന്ന് കരുണാകരന് തോന്നിയത്.
വിശ്വസിക്കാവുന്നവര്‍ കൂടെയുള്ളവരല്ല എന്ന ഇതേ ബോധ്യം കൊണ്ടുതന്നെയാകണം, രാഷ്ട്രീയത്തിലെ നിത്യശത്രു എന്ന നിലയില്‍ ഒരിക്കല്‍ കണ്ടിരുന്ന ഇടതുപക്ഷവുമായി സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന് ജീവിതസായാഹ്നത്തിന്റെ ഒരുഘട്ടത്തില്‍ കരുണാകരന്‍ ആഗ്രഹിച്ചതും. കൊട്ടാരത്തില്‍ ശാസ്തായിലെ ആ കൂടിക്കാഴ്ചയില്‍ കരുണാകരന്‍ മറ്റൊന്നുകൂടി പറഞ്ഞു: "അടിയന്തരാവസ്ഥയില്‍ രാജന്‍ കൊല്ലപ്പെട്ട കാര്യം ഉന്നത പൊലീസുദ്യോഗസ്ഥര്‍ എന്നില്‍നിന്ന് മറച്ചുവയ്ക്കുകയായിരുന്നു'' എന്നതാണത്. കൈരളി ടിവി അത് സംപ്രേഷണം ചെയ്തപ്പോള്‍ കരുണാകരന്റെ വാക്കുകളെ വിശ്വസിച്ചവരും അവിശ്വസിച്ചവരും നിരവധി. പക്ഷേ, ആ അഭിമുഖത്തിലൂടെയാണ് അടിയന്തരാവസ്ഥയില്‍ രാജന്‍ കൊല്ലപ്പെട്ടതു തന്നെയായിരുന്നെന്ന് കരുണാകരന്‍ സ്ഥിരീകരിച്ചത്. കോടതിയില്‍പോലും പറയാതിരുന്ന സത്യം!
തനിക്ക് ഒരിക്കലും വിശ്വസിക്കാന്‍ തോന്നാതിരുന്ന ഒരു സംഘത്തിനു മേധാവിത്വമുള്ള ഒരു നേതൃസംവിധാനത്തിന്റെ ദയാദാക്ഷിണ്യങ്ങള്‍ക്കായി മകനെയും മകളെയും നീക്കിനിര്‍ത്തിയിട്ടുവേണ്ടിവന്നു, കെ കരുണാകരന് ഈ ജീവിതത്തില്‍നിന്ന് വിടവാങ്ങേണ്ടിവന്നത് എന്നതാണ് ആ ജീവിതത്തിന്റെ ഏറ്റവും വലിയ ദുരന്തം.
*****
പ്രഭാവര്‍മ, കടപ്പാട് : ദേശാഭിമാനി
Subscribe to:
Post Comments (Atom)
1 comment:
കോണ്‍ഗ്രസില്‍ എന്നും അചഞ്ചലവിശ്വാസമുണ്ടായിരുന്ന കെ കരുണാകരന് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ നിരുപാധികമായി വിശ്വസിക്കാന്‍ കഴിയുന്നതും ഹൃദയം തുറന്നുപറയാന്‍ കഴിയുന്നതുമായ എത്രപേരുണ്ടായിരുന്നു? ഈ ചോദ്യം എനിക്ക് എന്നോടുതന്നെ ചോദിക്കേണ്ടിവന്നത് 1993 മാര്‍ച്ച് 23ന്റെ സന്ധ്യയിലാണ്.
Post a Comment