Friday, December 31, 2010

സംവിധാനം ഒബാമ രംഗത്ത് മന്‍മോഹന്‍

അമേരിക്കയുടെ നിര്‍ദേശപ്രകാരമാണ് ഇന്ത്യ വിദേശനയവും നയതന്ത്രവും രൂപീകരിക്കപ്പെടുന്നതെന്ന ഇടതുപക്ഷത്തിന്റെ വിമര്‍ശനത്തെ സാധൂകരിക്കുന്ന വിക്കിലീക്സിന്റെ ടേപ്പുകള്‍ 2010ലെ പ്രധാനസവിശേഷതയായിരുന്നു. ഇന്ത്യന്‍ വിദേശനയം അമേരിക്കക്ക് അനുരൂപമായിരിക്കണമെന്ന ഹൈഡ് ആക്ടിലെ നിര്‍ദേശം അതേപടി അംഗീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് ഈ രേഖകള്‍ പറയുന്നത്. അമേരിക്കന്‍ അധികൃതരുമായി യോജിച്ചാണ് ഇന്ത്യന്‍ നയതന്ത്രം രൂപംകൊള്ളുന്നതെന്ന് അമേരിക്കന്‍ സ്ഥാനപതികള്‍ വൈറ്റ്ഹൌസിലേക്ക് അയച്ച കേബിളുകളിലൂടെ പരസ്യമായി. ഇറാന്‍-ഇന്ത്യയുടെ ബന്ധം എങ്ങിനെയാവണെമെന്ന് അമേരിക്ക നിശ്ചയിക്കുന്നതും അതിന് വിദേശസെക്രട്ടറിയായിരുന്ന ശിവശങ്കര്‍ മേനോന്‍ വഴങ്ങുന്നതും ഈ രേഖകളിലൂടെ 2010ല്‍ നാമറിഞ്ഞു.

ഭോപ്പാല്‍ ദുരന്തത്തില്‍ നിന്ന് ഒരു പാഠവും ഉള്‍ക്കൊള്ളില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ വിളംബരമാണ് ലോകസഭ പാസ്സാക്കിയ സിവില്‍ ആണവദുരന്ത ബാധ്യതാ ബില്‍. ആണവദുരന്തത്തിന്റെ ഇരകള്‍ക്ക് പരമാവധി സഹായം എത്തിക്കുന്നതിന് പകരം ആണവറിയാക്ടറുകളും മറ്റ് ഉപകരണങ്ങളും നല്‍കുന്ന വിദേശ കമ്പനികളെ ദുരന്ത ബാധ്യതയില്‍ നിന്ന് പരമാവധി ഒഴിവാക്കുന്നതിലാണ് സര്‍ക്കാരിന് ശ്രദ്ധ. അതുകൊണ്ടാണ് നടത്തിപ്പുകാരുടെ ബാധ്യത 1500 കോടി രൂപമാത്രമായി നിശ്ചയിക്കുന്ന ബില്‍,ബിജെപി പിന്തുണയോടെ പാസ്സാക്കിയത്. നടത്തിപ്പുകാരുടെ ബാധ്യത കുറഞ്ഞത് 10,000 കോടി രൂപയായി ഉയര്‍ത്തണമെന്ന സിപിഐ എമ്മിന്റെ ഭേദഗതി വോട്ടിനിട്ട് തള്ളിയാണ് ബില്‍ പാസ്സാക്കിയത്. കമ്പനികളുടെയും സര്‍ക്കാരിന്റെയും മൊത്തം ബാധ്യത ക്ക് 2100 കോടിയുടെ പരിധി എന്ന വ്യവസ്ഥ എടുത്തുകളയണമെന്ന ആവശ്യവും അംഗീകരിച്ചില്ല. പാര്‍ലമെന്ററി സംവിധാനത്തെ പരിഹസിച്ചുകൊണ്ടാണ് അമേരിക്കന്‍ താല്‍പര്യത്തിനും സമ്മര്‍ദ്ദത്തിനും വഴങ്ങി ആണവബാധ്യതാബില്‍ പാസ്സാക്കിയത്.

അമേരിക്കന്‍ താല്‍പര്യ സംരക്ഷണത്തിന് ഏതറ്റം വരെയും പോകാന്‍ യുപിഎ സര്‍ക്കാരിനും പ്രധാനമന്ത്രിക്കും മടിയുണ്ടാകില്ലെന്നും തെളിയിക്കപ്പെട്ടു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ആദ്യമായി സംസാരിച്ചതും ആണവബാധ്യതാ ബില്ലിനുവേണ്ടിയായിരുന്നു. 17(ബി) വകുപ്പനുസരിച്ച് വിതരണക്കാര്‍ നല്‍കുന്ന സാധനത്തിന്റെയോ സര്‍വീസിന്റെയോ ഉപകരണങ്ങങളുടെയോ നോട്ടക്കുറവുകെണ്ടോ കേടുപാടുകൊണ്ടോ അപകടമുണ്ടായാല്‍ നടത്തിപ്പുകാര്‍ക്ക് വിതരണക്കാര്‍ക്കെതിരെ കേസ് നല്‍കാം. ആണവകമ്പനികളെ പൂര്‍ണമായും ബാധ്യതയില്‍ നിന്ന് ഒഴിവാക്കാന്‍ ഈ വകുപ്പില്‍ മാറ്റംവേണമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബറാക്ക് ഒബാമ ആവശ്യപ്പെട്ടിരുന്നു.

ഒബാമയുടെ സന്ദര്‍ശനം കൊണ്ട് ഇന്ത്യയേക്കാള്‍ നേട്ടം അമേരിക്കക്കാണെന്ന് ബൂര്‍ഷ്വാ മാധ്യമങ്ങള്‍ പോലും ഇക്കുറി റിപ്പോര്‍ട് ചെയ്തു. അമേരിക്കക്കാര്‍ക്ക് 20,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇന്ത്യയുമായി ഒപ്പിട്ട കരാറുകള്‍ സഹായിക്കുമെന്ന് ഒബാമ തന്നെ പറഞ്ഞു. ചില്ലറ വില്‍പന മേഖല കുത്തകള്‍ക്കായി തുറന്നിടുമെന്ന വാഗ്ദാനവും ഇന്ത്യ നല്‍കിക്കഴിഞ്ഞു. കാര്‍ഷിക മേഖലയില്‍ നിയന്ത്രണം പാടില്ലെന്ന സമ്മര്‍ദ്ദവും അമേരിക്ക ശക്തമാക്കി. ചൈനക്കെതിരെയുള്ള പ്രബല ശക്തിയായി ഇന്ത്യയെ മാറ്റാന്‍ ആ രാജ്യവുമായി അടുത്തസൈനിക ബന്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ ബറാക്ക് ഒബാമ വ്യക്തമാക്കുകയും ചെയ്തു.

*
വി ബി പരമേശ്വരന്‍ കടപ്പാട് : ദേശാഭിമാനി ദിനപത്രം 31 ഡിസംബര്‍ 2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...