"ഷേക്സ്പിയര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ അദ്ദേഹം തന്റെ മഹത്തായ കൃതി 'വെനീസിലെ കച്ചവടക്കാര'ന്റെ രണ്ടാം ഭാഗം എഴുതുമായിരുന്നു''.
ഇന്ത്യയിലെ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളെ ആധുനിക ഷൈലോക്ക് എന്ന് വിശേഷിപ്പിച്ചുകൊണ്ട് പ്രശസ്ത പത്രപ്രവര്‍ത്തകനും സാമൂഹ്യശാസ്ത്ര ഗവേഷകനുമായ ദേവീന്ദര്‍ശര്‍മ്മ നടത്തിയ പ്രതികരണമാണിത്. ദരിദ്രരെ സഹായിക്കാനെന്നപേരില്‍ സ്വയം സഹായസംഘങ്ങള്‍ക്കും വ്യക്തികള്‍ക്കും നല്‍കുന്ന ചെറുവായ്പകളിലൂടെ കോടികളുടെ ലാഭം കൊയ്യുകയും ഓഹരിക്കമ്പോളത്തില്‍ വന്‍ പ്രിയം നേടുകയും ചെയ്യുന്ന ഇന്ത്യന്‍ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ അത്യാര്‍ത്തിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുയരുന്ന പ്രതിഷേധങ്ങളുടെ ഒരു മാതൃക മാത്രമാണ് ദേവീന്ദര്‍ ശര്‍മയുടെ പ്രതികരണം.
ഈ വിഷയം ഇപ്പോള്‍ സജീവചര്‍ച്ചയ്ക്ക് വിധേയമാകുന്നതിനുള്ള പ്രധാന പ്രേരണ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഒക്ടോബര്‍ 14ന് അംഗീകരിച്ച, മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ഓര്‍ഡിനന്‍സാണ്. സ്വകാര്യ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ ചൂഷണത്തില്‍നിന്നും സ്വയംസഹായ സംഘങ്ങളെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന ആമുഖത്തോടെ തയ്യാറാക്കിയിരിക്കുന്ന ഈ ഓര്‍ഡിനന്‍സ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ അടിയന്തിരമായി സംസ്ഥാന ജില്ലാ-പ്രാദേശിക ഭരണകൂടവുമായി ബന്ധപ്പെട്ട് രജിസ്ട്രേഷന്‍ ചെയ്യണമെന്ന് നിഷ്കര്‍ഷിക്കുന്നു. രജിസ്ട്രേഷന്‍ ലഭിക്കുന്നതുവരെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണമെന്നും സര്‍ക്കാരിന്റെ അംഗീകാരം കിട്ടിയതിനുശേഷം മാത്രം പ്രവര്‍ത്തനമാരംഭിക്കണമെന്നും ഓര്‍ഡിനന്‍സ് നിര്‍ദ്ദേശിക്കുന്നു. ഒന്നിലധികം സ്വയംസഹായ സംഘങ്ങളില്‍ ഒരേസമയത്ത് അംഗത്വം നേടുന്നത് നിയമവിരുദ്ധമാണെന്ന് ഓര്‍ഡിനന്‍സ് പ്രസ്താവിക്കുന്നു. സ്വയംസഹായ സംഘങ്ങളില്‍നിന്ന് വായ്പയ്ക്ക് ജാമ്യം നിര്‍ബന്ധിക്കുന്നതും മുതലിനേക്കാള്‍ കൂടുതല്‍ പലിശ ഈടാക്കുന്നതും ഓര്‍ഡിനന്‍സ് നിരോധിച്ചിട്ടുണ്ട്. ഇത്തരം ഒരു ഓര്‍ഡിനന്‍സ് ഇറക്കുന്നതിലേക്ക് ആന്ധ്ര സര്‍ക്കാരിനെ നിര്‍ബന്ധിക്കുന്ന തരത്തിലുള്ള ജനരോഷമാണ് കഴിഞ്ഞ കുറച്ചുമാസങ്ങളായി അവിടെ ഉയര്‍ന്നത്. കഴിഞ്ഞ നാലഞ്ചുമാസത്തിനിടയില്‍ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളില്‍നിന്ന് വാങ്ങിയ വായ്പ തിരിച്ചടയ്ക്കാന്‍ പറ്റാത്തതിനെത്തുടര്‍ന്ന് മുപ്പതു സ്ത്രീകളാണ് ആത്മഹത്യചെയ്തത്. തിരിച്ചടവ് കുടിശ്ശിക വരുത്തിയതിന്റെ ഭാഗമായി കടുത്ത ശാരീരികവും മാനസികവുമായ പീഡനവും അപമാനവും ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് നേരിടേണ്ടിവന്നതാണ് ഈ ആത്മഹത്യകള്‍ക്കു പ്രേരണയായത് എന്നതാണ് ജനരോഷത്തിന് കാരണം. 36 ശതമാനംതൊട്ട് 100 ശതമാനംവരെ പലിശ ഈടാക്കുന്ന മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളെ വായ്പയ്ക്കായി ആശ്രയിക്കുന്ന ലക്ഷക്കണക്കിന് സ്വയം സഹായ സംഘങ്ങളും സ്ത്രീകളുമാണ് ആന്ധ്രയിലുള്ളത്. ഇത്തരം ധനകാര്യ സ്ഥാപനങ്ങള്‍ തിരിച്ചടവിനായി ചെലുത്തുന്ന സമ്മര്‍ദ്ദതന്ത്രങ്ങളും ചൂഷണ സമ്പ്രദായങ്ങളും 2005-06ല്‍തന്നെ ആന്ധ്രയില്‍ വിമര്‍ശനവിധേയമായിരുന്നു. അന്ന് കൃഷ്ണ ജില്ലയില്‍ മാത്രം പത്തു സ്ത്രീകളാണ് വായ്പ തിരിച്ചടയ്ക്കാനാവാതെ അപമാനിക്കപ്പെട്ട് ആത്മഹത്യചെയ്തത്. അതിനെത്തുടര്‍ന്ന് നടന്ന ചര്‍ച്ചകളില്‍ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ സംസ്ഥാന സര്‍ക്കാരുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചനടത്തുകയും പലിശ കുറയ്ക്കുമെന്നും മറ്റും തീരുമാനമറിയിക്കുകയും ചെയ്തെങ്കിലും സര്‍ക്കാരിന്റെതന്നെ അറിവോടെ ചൂഷണം പൂര്‍വ്വാധികം ശക്തമായി തുടരുകയാണ് ചെയ്തത്. ഇന്ത്യയിലെ മൈക്രോഫിനാന്‍സ് വ്യവസായത്തിന്റെ മൂന്നിലൊന്നും കേന്ദ്രീകരിച്ചിരിക്കുന്ന ആന്ധ്രയില്‍ ഈ ചൂഷണം സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ രൂക്ഷമാണ്. ആത്മഹത്യാ പരമ്പര സൃഷ്ടിച്ച ജനരോഷത്തോടൊപ്പം തെലുങ്കാന പ്രശ്നവും കോണ്‍ഗ്രസിലെ ആഭ്യന്തര കലാപവും എല്ലാം ചേര്‍ന്ന് സൃഷ്ടിച്ച രാഷ്ട്രീയഅനിശ്ചിതത്വവും സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതില്‍നിന്ന് താല്‍കാലികമായെങ്കിലും രക്ഷപ്പെടുന്നതിനും ജനങ്ങളെ ആശ്വസിപ്പിക്കുന്നതിനുമുള്ള ശ്രമമെന്ന നിലയിലാണ് സര്‍ക്കാര്‍ വളരെ പെട്ടെന്നുതന്നെ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.
എന്നാല്‍ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ ചൂഷണം തടയുന്നതിനുള്ള നടപടികളെ എല്ലാവരും സ്വാഗതം ചെയ്യുന്നുണ്ടെന്ന് കരുതുന്നെങ്കില്‍ തെറ്റി. ആന്ധ്ര സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനെതിരെ വന്‍ പ്രതിഷേധമാണ് രാജ്യത്തിനകത്തും പുറത്തുമുള്ള വ്യവസായികളില്‍നിന്നും കമ്പോളവക്താക്കളില്‍നിന്നും ഓഹരി നിക്ഷേപകരില്‍നിന്നുമൊക്കെ ഉയര്‍ന്നിരിക്കുന്നത്. ഈ പ്രതിഷേധക്കാരുടെ വേവലാതി ബോധ്യപ്പെടണമെങ്കില്‍ ഇന്ത്യയിലെ മൈക്രോഫിനാന്‍സ് വ്യവസായത്തിന്റെ ആഴവും വ്യാപ്തിയും മനസ്സിലാക്കേണ്ടതുണ്ട്. ഇന്ത്യയില്‍ ഏതാണ്ട് 2500 സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ മൈക്രോഫിനാന്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ഇരുപതെണ്ണം വന്‍കിട നിക്ഷേപകരുള്ള, ഓഹരിക്കമ്പോളത്തില്‍ സജീവ സാന്നിദ്ധ്യമുള്ള സ്ഥാപനങ്ങളാണ്. ഇന്ത്യയിലെ മൈക്രോഫിനാന്‍സ്രംഗത്തെ ഭീമനായ എസ് കെ എസ് മൈക്രോ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, സ്പന്ദന സ്ഫൂട്ടി ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്, ബന്ധന്‍, ഷെയര്‍, ബാസിക്സ്, അസ്മിത തുടങ്ങിയ ഇരുപതോളം ധനകാര്യസ്ഥാപനങ്ങള്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ കോടികളുടെ ലാഭമാണ് സ്വയംസഹായസംഘങ്ങള്‍ക്ക് നല്‍കിയ വായ്പയിലൂടെ നേടിയത്. ഈ സ്ഥാപനങ്ങളുടെ ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ നിക്ഷേപകര്‍ ഉത്സാഹംകാണിച്ചതിന്റെ ഫലമായി എസ്കെഎസിന്റെ ഓഹരിവില കഴിഞ്ഞവര്‍ഷം ആയിരത്തി ഇരുന്നൂറുവരെയായി ഉയര്‍ന്നിരുന്നു. എസ്കെഎസ് തങ്ങളുടെ ഉദ്യോഗസ്ഥരെ ഓഹരിക്കമ്പോളത്തില്‍ പങ്കാളികളാകാന്‍ അനുവദിച്ചതിനെത്തുടര്‍ന്ന് അവരില്‍ കുറഞ്ഞത് ഇരുപതുപേരെങ്കിലും കോടീശ്വരന്മാരായി മാറിയിട്ടുണ്ടത്രെ. ഓഹരിക്കമ്പോളത്തില്‍ വിശ്വാസത്തോടെ നിക്ഷേപിക്കുന്നതിനും സ്വയം തൊഴില്‍ എന്ന നിലയിലും എല്ലാം ലാഭകരമായി ചെയ്യാനാകുന്നതും അനുദിനം വളര്‍ന്നുപന്തലിക്കുന്നതുമായ വ്യവസായമേഖലയാണ് മൈക്രോഫിനാന്‍സ് എന്നത് ഇന്ത്യയില്‍ ഏറ്റവും പ്രചാരത്തിലിരിക്കുന്ന ഒരു പരസ്യവാചകമാണ്. വിദേശക്കമ്പനികളടക്കം കണ്ണുവെച്ചിരിക്കുന്ന ഈ മേഖലയെ ആന്ധ്രയിലെ സംഭവവികാസങ്ങള്‍ തളര്‍ത്തുമെന്ന വേവലാതിയാണ് വ്യവസായ ലോകത്തിനുള്ളത്. ആത്മഹത്യകളെത്തുടര്‍ന്ന് ആരും വായ്പ തിരിച്ചടയ്ക്കാന്‍ തയ്യാറാകാതെയുള്ള പ്രതിരോധവും ധനകാര്യ സ്ഥാപനങ്ങളുടെ ജീവനക്കാര്‍ക്കുനേരെയുള്ള ശാരീരികാക്രമണങ്ങളും സര്‍ക്കാരിന്റെ നിയന്ത്രണവും എല്ലാം മൈക്രോഫിനാന്‍സ് വ്യവസായത്തിന് വന്‍ ഭീഷണി ഉയര്‍ത്തുന്നുവെന്ന പരാതിയാണ് ഒരുഭാഗത്തുയരുന്നത്.
ആന്ധ്രദുരന്തത്തിലെ പ്രധാന വില്ലന്‍ സൂക്ഷ്മവായ്പകള്‍ക്ക് ധനകാര്യസ്ഥാപനങ്ങള്‍ ഈടാക്കുന്ന കൊള്ളപ്പലിശയാണ്. ദരിദ്രര്‍ക്ക് വായ്പ നല്‍കുന്നതുവഴി വലിയ സാമൂഹ്യസേവനമാണ് തങ്ങള്‍ ചെയ്യുന്നതെന്ന അവകാശവാദമാണ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ഉയര്‍ത്താറുള്ളത്. എന്നാല്‍ റിസര്‍വ്ബാങ്ക് നിരക്കുപ്രകാരമുള്ള 9 മുതല്‍ 12.5 ശതമാനംവരെ പലിശയ്ക്ക് ബാങ്കുകളില്‍നിന്ന് മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പ അതിന്റെ നാലോ അഞ്ചോ അതിലധികമോ ഇരട്ടി പലിശയ്ക്കാണ് പാവപ്പെട്ടവര്‍ക്ക് നല്‍കുന്നത്. ഈ പലിശനിരക്കിലെ വ്യത്യാസത്തിലൂടെയാണ് ധനകാര്യ സ്ഥാപനങ്ങള്‍ കൊള്ളലാഭം കൊയ്യുന്നത്. പഴയ ഹുണ്ടികപ്പലിശക്കാരില്‍നിന്നും ബ്ളേഡുപലിശക്കാരില്‍നിന്നും ദരിദ്രരെ തങ്ങള്‍ രക്ഷിക്കുന്നു എന്നാണ് ഇവരുടെ ഭാവം. 60 മുതല്‍ 100 ശതമാനംവരെ കഴുത്തറുപ്പന്‍ പലിശ ഹുണ്ടികക്കാര്‍ക്ക് കൊടുക്കേണ്ടിവന്ന പഴയ സാഹചര്യത്തില്‍നിന്നും മെച്ചമല്ലേ 36 ശതമാനമോ 40 ശതമാനം വരെയോ ആയാലും എന്നാണ് വാദം. പഴയ ഹുണ്ടികക്കാരന്‍ സ്വന്തം പണമാണ് മുതല്‍മുടക്കുന്നതെങ്കില്‍ പുതിയ മൈക്രോഫിനാന്‍സ് മുതലാളിമാര്‍ക്ക് പണംമുടക്കിലും ഒരു റിസ്കുമില്ല. കാരണം അത് ബാങ്കുകളില്‍നിന്ന് കുറഞ്ഞ പലിശയ്ക്ക് എടുക്കുന്ന വായ്പയാണ്. വായ്പയുടെ തിരിച്ചടവിനായി ഗ്രാമങ്ങളിലടക്കം ജീവനക്കാരുള്ള വന്‍ ഓഫീസ് സംവിധാനമാണ് എസ് കെ എസ് പോലുള്ള ധനകാര്യ സ്ഥാനപങ്ങള്‍ക്കുള്ളത്. ബലംപ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും പരസ്യമായി അപമാനിച്ചും ജപ്തിചെയ്തുമൊക്കെ തങ്ങളുടെ തിരിച്ചടവ് ഉറപ്പാക്കുക എന്നതാണ് ഇവരുടെ ഒരു പൊതുരീതി.
ആന്ധ്രയില്‍ സംഭവിച്ചത് ഇന്ത്യയിലെന്നല്ല, ലോകത്തെവിടെയും നടക്കുന്ന മൈക്രോ ഫിനാന്‍സ് കൊള്ളയുടെ സ്വാഭാവിക പരിണാമം മാത്രമാണ്. ആരാണ് മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ ഗുണഭോക്താക്കള്‍? ഇന്ത്യയില്‍ സൂക്ഷ്മതല വായ്പകള്‍ കൂടുതലായി ആശ്രയിക്കുന്നവര്‍ പ്രധാനമായും മൂന്നു വിഭാഗങ്ങളാണ്. ഒന്ന്, ഗ്രാമങ്ങളിലെ ഭൂരഹിത കര്‍ഷകത്തൊഴിലാളികളും കൂലിപ്പണിക്കാരും. ഇവരില്‍ നല്ല പങ്കും സീസണലായിട്ടുള്ള പണികളെ ആശ്രയിക്കുന്നവരാണ്. പണിയില്ലാത്ത നാളുകളില്‍ വീട്ടുചെലവിനും ചികിത്സയ്ക്കും മറ്റ് താല്‍ക്കാലിക ഉപജീവന മാര്‍ഗ്ഗങ്ങള്‍ക്കുമാണ് ഇക്കൂട്ടര്‍ വായ്പയെടുക്കുന്നത്. ദാരിദ്ര്യരേഖയ്ക്കുതാഴെ ജീവിക്കുന്ന ഇവര്‍ക്ക് വലിയ പലിശയോടെ വായ്പ തിരിച്ചടയ്ക്കുകയെന്നത് ദുഷ്കരമാണ്. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ വായ്പയില്ലാതെ അവര്‍ക്ക് ജീവിക്കാനുമാകില്ല.
രണ്ടാമത്തെ കൂട്ടര്‍ ചെറുകിട-നാമമാത്രക്കാരും പരമ്പരാഗതമേഖലയില്‍ പണിയെടുക്കുന്നവരും സ്വയംതൊഴില്‍ ചെയ്യുന്നവരുമാണ്. പട്ടണങ്ങളിലെ ചെറിയ കച്ചവടക്കാരും വഴിവാണിഭക്കാരും എല്ലാം ഇതില്‍പെടും. തൊഴില്‍ മെച്ചപ്പെടുത്താനും ജീവിതച്ചെലവുകള്‍ക്കും മറ്റുമായിട്ടാണ് ഇവര്‍ വായ്പയെടുക്കുന്നത്. നവ ഉദാരവത്കരണനയങ്ങളും കമ്പോളമത്സരവും ഇത്തരം മേഖലകളുടെ നിലനില്‍പുതന്നെ അപകടത്തിലാക്കിയിരിക്കുന്ന സാഹചര്യത്തില്‍ വായ്പകള്‍ കടക്കെണിയിലേക്കാണ് ഇവരെയും നയിക്കുന്നത്. ഇവരിലും നല്ല പങ്ക് ദാരിദ്ര്യരേഖയ്ക്കുതാഴെത്തന്നെയാണ്.
മൂന്നാമത്തെ കൂട്ടര്‍ ദാരിദ്ര്യരേഖയ്ക്കു തൊട്ടുമുകളിലുള്ള ചെറുകിട-ഇടത്തരം കൃഷിക്കാരും കച്ചവടക്കാരും ചെറുകിട ഉല്‍പാദകരുമൊക്കെയാണ്. സര്‍ക്കാരിന്റെ നയങ്ങളെയും കമ്പോളത്തിന്റെ ഗതിവിഗതികളെയും ആശ്രയിച്ചുനില്‍ക്കുന്ന ഇവരുടെ ഉപജീവനവും അനുദിനം ഭീഷണിനേരിടുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഉയര്‍ന്ന പലിശയ്ക്കുള്ള വായ്പ എന്നാല്‍ ദാരിദ്ര്യത്തിലേക്കുള്ള വഴിയായിട്ടാണ് മാറുന്നത്.
ആദ്യത്തെ രണ്ടു വിഭാഗത്തിലും ഭൂരിപക്ഷവും സ്ത്രീകളാണ,് മൈക്രോഫിനാന്‍സ് വായ്പകളുടെ ഗുണഭോക്താക്കളായി വരുന്നത്. വീട്ടാവശ്യങ്ങള്‍ക്കും ഉപജീവനത്തിനും മറ്റുമായി വായ്പകളെ ആശ്രയിക്കുന്ന സ്ത്രീകളില്‍ നല്ലപങ്കും കൂലിപ്പണിക്കാരോ കര്‍ഷകത്തൊഴിലാളികളോ ഒക്കെയാണ്. കേരളം, പശ്ചിമബംഗാള്‍, ത്രിപുര എന്നീ മൂന്നു സംസ്ഥാനങ്ങളിലൊഴിച്ച് മറ്റ് ഒരു സംസ്ഥാനത്തും അറുപതുരൂപയില്‍ കൂടുതല്‍ മിനിമംകൂലി പുരുഷനുപോലും ലഭിക്കാത്ത സാഹചര്യത്തില്‍ സ്ത്രീതൊഴിലാളികളുടെ കൂലി ഊഹിക്കാവുന്നതേയുള്ളൂ. ഇങ്ങനെ കുറഞ്ഞ കൂലിക്ക് പണിയെടുക്കുന്നവരോ പണിയില്ലാത്തവരോ ആയ ദരിദ്രരായ സ്ത്രീകളാണ് സൂക്ഷ്മ വായ്പകളുടെ പ്രധാന ഗുണഭോക്താക്കള്‍. ഇന്ത്യയിലെ ഗ്രാമീണ-നഗര-മേഖലകളില്‍ ജീവിക്കുന്ന സ്ത്രീകളില്‍ 76 ശതമാനവും എളുപ്പം ലഭിക്കാവുന്ന വായ്പകളെ വലിയതോതില്‍ ആശ്രയിക്കാന്‍ തയ്യാറാവുന്നു എന്നതാണ് ധനകാര്യസ്ഥാപനങ്ങളെ ആവേശംകൊള്ളിക്കുന്നത്. ഒരേ സമയത്ത് പല സ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുക്കാനും സ്ത്രീകള്‍ തയ്യാറാകുന്നു എന്നതും വ്യവസായത്തിന് അനുകൂലമായ സാഹചര്യമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയിലെ ജനസംഖ്യയുടെ 42 ശതമാനംപേര്‍ക്ക് ഇപ്പോഴും ബാങ്കുകളുടെ സേവനം ലഭ്യമല്ല എന്ന സാഹചര്യത്തെ തങ്ങള്‍ക്കനുകൂലമായിട്ടാണ് മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്നത്. ദാരിദ്യ്രവും ഇല്ലായ്മയുടെ ഗതികേടുമാണ് ദരിദ്രരെ വായ്പകളിലേക്കും കടക്കെണികളിലേക്കും തള്ളിവിടുന്നത് എന്ന യാഥാര്‍ത്ഥ്യം എല്ലാവരും കണ്ടില്ലെന്നു നടിക്കുകയാണ്.
ദേശസാല്‍കൃത ബാങ്കുകളടക്കമുള്ള ഇന്ത്യയിലെ വിപുലമായ ബാങ്കിംഗ് ശൃംഖല സാമൂഹ്യമേഖലാ വായ്പകളില്‍നിന്ന് പിന്മാറുന്ന നിരുത്തരവാദപരമായ നിലപാടിന് കേന്ദ്രസര്‍ക്കാര്‍ മറുപടിപറയേണ്ടതുണ്ട്. വന്‍ വ്യവസായികള്‍ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പയും കടം എഴുതിത്തള്ളലും അനുവദിക്കുകയും ധനികര്‍ക്കും ഇടത്തരക്കാര്‍ക്കും വീടിനും വാഹനത്തിനുമൊക്കെ 6-8 ശതമാനം പലിശയ്ക്ക് വായ്പ പുറകെ നടന്നു കൊടുക്കുകയും ചെയ്യുന്ന ഇന്ത്യയിലെ ദേശസാല്‍കൃത ബാങ്കുകള്‍ ദരിദ്രര്‍ക്കുള്ള ചെറുവായ്പകള്‍ ഒരു ബാധ്യതയായിട്ടാണ് കാണുന്നത്. ദരിദ്രരെ ശാക്തീകരിക്കാന്‍ 36 ശതമാനം പലിശയ്ക്ക് വായ്പ ലഭ്യമാക്കുന്നുവെന്നത് എത്ര അപഹാസ്യമാണ്.
മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്വവും വിശ്വാസ്യതയും ഒരു പരിശോധനയ്ക്കും വിധേയമാക്കാന്‍ എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാരും റിസര്‍വ്ബാങ്കും തയ്യാറാകാത്തത്? ആന്ധ്ര ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റിസര്‍വ്ബാങ്ക് ബോര്‍ഡ് മെമ്പറായിട്ടുള്ള വൈ.എച്ച് വലേഗാം അധ്യക്ഷനായിട്ടുള്ള ഒരു സബ്കമ്മിറ്റി മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ പ്രവര്‍തനങ്ങള്‍ പഠിക്കാന്‍ ഇപ്പോള്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്. ഉയര്‍ന്ന പലിശനിരക്ക്, തിരിച്ചടവിനായി സ്വീകരിക്കുന്ന ഭീഷണിയും സമ്മര്‍ദ്ദതന്ത്രങ്ങളും, ഒന്നില്‍ കൂടുതല്‍ സംഘങ്ങളിലെ അംഗത്വം ഇതൊക്കെ ഈ കമ്മിറ്റിയുടെ പരിശോധനയ്ക്കു വിധേയമാകും എന്നാണ് കരുതപ്പെടുന്നത്.
ആന്ധ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ സ്വയംസഹായസംഘങ്ങള്‍ക്കുമേല്‍ സര്‍ക്കാര്‍ കുത്തക അടിച്ചേല്‍പിക്കുന്നതിനാണ് എന്നാണ് ബിജെപി വക്താവ് നിര്‍മ്മല സീതാരാമന്‍ നടത്തിയ പ്രതികരണം. എന്നാല്‍ ആന്ധ്രയ്ക്കു പുറകെ ബിജെപി ഭരിക്കുന്ന കര്‍ണാടകയും ഒറീസയും മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള നിയമത്തിന് രൂപംകൊടുക്കാനുള്ള പരിശ്രമത്തിലാണ്. ചന്ദ്രബാബു നായിഡു മുഖ്യമന്ത്രി ആയിരുന്നകാലത്ത് ലോകബാങ്ക് സഹായത്തോടെ സംഘടിപ്പിക്കപ്പെട്ട സ്വയംസഹായസംഘങ്ങള്‍ ഇന്ന് പന്ത്രണ്ടു ലക്ഷത്തിലധികമുണ്ട്. എന്നാല്‍ ഇആര്‍പി എന്ന പേരില്‍ സംസ്ഥാനതലത്തില്‍ പരസ്പരം ഘടിപ്പിക്കപ്പെട്ടിട്ടുള്ള ഈ ശൃംഖലയിലെ സംഘങ്ങളെയും അംഗങ്ങളെയും തങ്ങളുടെ ഗുണഭോക്താക്കളാക്കി മാറ്റുകയെന്ന എളുപ്പവഴിയാണ് എസ് കെ എസ് അടക്കമുള്ള മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ ചെയ്തത്. ദരിദ്രരെ സഹായിക്കുകയും ശാക്തീകരിക്കുകയുമാണ് ലക്ഷ്യമെങ്കില്‍ സ്വയംസഹായസംഘങ്ങള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ അതിന് നേതൃത്വംകൊടുക്കകയല്ലേ ചെയ്യേണ്ടത്? എത്രയോ പിന്നോക്ക സംസ്ഥാനങ്ങളും പ്രദേശങ്ങളും ഇന്ത്യയിലുണ്ട്. പാവപ്പെട്ട സ്ത്രീകളെ സംഘടിപ്പിക്കലോ സാമൂഹ്യസേവനമോ ഒന്നുമല്ല, തങ്ങളുടെ വായ്പാ വ്യവസായത്തിന് വളക്കൂറുള്ള പ്രദേശം കണ്ടെത്തുകയാണ് എല്ലാ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെയും ലക്ഷ്യം.
ആന്ധ്രയില്‍ ഉണ്ടായ മുപ്പതിലധികം ആത്മഹത്യകള്‍ കടക്കെണിമൂലമോ ധനകാര്യ സ്ഥാപനങ്ങളുടെ സമ്മര്‍ദ്ദംമൂലമോ അല്ല, കാര്‍ഷിക പ്രതിസന്ധിയും തൊഴിലില്ലായ്മയും ദാരിദ്യ്രവും കൊണ്ടാണെന്ന ഒരു വാദവും ഉയരുന്നുണ്ട്. ആ വാദത്തിലും കഴമ്പുണ്ട്. കാരണം തൊഴിലുറപ്പു പദ്ധതിയില്‍ കഴിഞ്ഞ കുറെ വര്‍ഷത്തിനിടയില്‍ ഒരു ദിവസംപോലും പണിലഭിക്കുകയോ ചെയ്ത പണിയുടെ കൂലി കിട്ടുകയോ ചെയ്യാത്ത ലക്ഷക്കണക്കിനുപേര്‍ ആന്ധ്രയിലുണ്ടത്രെ. കര്‍ഷക ആത്മഹത്യ ഏറെ നടന്ന, ഇപ്പോഴും നടക്കുന്ന ഒരു സംസ്ഥാനമാണിത്. വമ്പിച്ച വിലക്കയറ്റം നിയന്ത്രിക്കുന്നതിനോ സാധാരണക്കാര്‍ക്ക് ആശ്വാസം പകരുന്നതിനോ അല്ല, അധികാരക്കസേര സംരക്ഷിക്കുന്നതില്‍ വ്യാപൃതമായിരിക്കുന്ന കോണ്‍ഗ്രസ് ഭരണമാണവിടെ നടക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ പട്ടിണിയും തൊഴിലില്ലായ്മയും രോഗങ്ങളും എല്ലാം ചേര്‍ന്നാണ് കടക്കെണിയിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്നത്. 2005-06ലെ ആത്മഹത്യകള്‍ക്കുശേഷം പലിശനിരക്ക് കുറയ്ക്കുമെന്ന വാക്ക് ലംഘിച്ചുകൊണ്ട് പാവപ്പെട്ടവരെ കൊള്ളയടിച്ച ധനകാര്യ സ്ഥാപനങ്ങള്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ നേടിയ വളര്‍ച്ച ദരിദ്രരുടെ നിവൃത്തികേടിന്റെ പ്രതിഫലനമാണ്. 2005ല്‍ 1.72 ലക്ഷമുണ്ടായിരുന്ന എസ് കെ എസിന്റെ ഗുണഭോക്താക്കള്‍ 2009 ആയപ്പോഴേക്കും 5.7 ലക്ഷം ആയിട്ടാണ് വര്‍ദ്ധിച്ചത്. സ്പന്ദനം, ഷെയര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും ഈ കാലയളവില്‍ ലക്ഷക്കണക്കിന് ഗുണഭോക്താക്കളെയാണ് ലഭിച്ചത്. ദാരിദ്ര്യത്തില്‍ ഒരു വയ്ക്കോല്‍തുരുമ്പെന്ന നിലയില്‍ വായ്പയ്ക്കായി ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിച്ച ലക്ഷക്കണക്കിന് സ്ത്രീകളാണ് വായ്പാ വ്യവസായത്തിന്റെ ചൂഷണം നേരിട്ടുകൊണ്ടിരിക്കുന്നത്.
എന്നാല്‍ ആന്ധ്ര ഓര്‍ഡിനന്‍സിന്റെ പ്രധാന ദൌര്‍ബല്യം പലിശനിരക്ക് സംബന്ധിച്ച 'കര്‍ശന'മായ നിയന്ത്രണം കൊണ്ടുവരാനുള്ള ആത്മാര്‍ത്ഥ ശ്രമം ഇതിലില്ല എന്നതാണ്. ഇടതുപക്ഷ സര്‍ക്കാരുകള്‍ ഭരിക്കുന്ന കേരളം, പശ്ചിമബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ മാത്രമാണ് സ്വയംസഹായ സംഘങ്ങള്‍ക്ക് ബാങ്കു നല്‍കുന്ന വായ്പയ്ക്കുള്ള പലിശ 4 ശതമാനത്തില്‍ കൂടരുതെന്ന നിര്‍ബന്ധത്തില്‍ സബ്സിഡി നല്‍കുന്നത്. ഉദാഹരണത്തിന് കേരളത്തില്‍ 9 ശതമാനത്തിന് ബാങ്ക് സ്വയംസഹായസംഘങ്ങള്‍ക്ക് നല്‍കുന്ന വായ്പയ്ക്ക് സര്‍ക്കാര്‍ 5 ശതമാനം വായ്പ നല്‍കി, 4 ശതമാനം പലിശയ്ക്കാണ് കുടുംബശ്രീ സംഘങ്ങള്‍ക്ക് നല്‍കുന്നത്. എന്നാല്‍ ഇടതുപക്ഷ സര്‍ക്കാരുകളുടെ നിരന്തര ഇടപെടലുകള്‍ ഉണ്ടായിട്ടും ബാങ്കുകളുടെ ഭാഗത്തുനിന്ന് പൂര്‍ണ്ണ സഹകരണം ലഭിക്കാത്തത് വായ്പകളുടെ ലഭ്യതയില്‍ പ്രയാസം ഉണ്ടാക്കുന്നുണ്ട്.
മൈക്രോഫിനാന്‍സ് കൊള്ളയോടുള്ള യുപിഎ സര്‍ക്കാരിന്റെ നിലപാടാണ് ഏറ്റവും ആശങ്കാജനകമായിട്ടുള്ളത്. ആന്ധ്ര ഓര്‍ഡിനന്‍സിനെക്കുറിച്ച് പരാതിപറഞ്ഞ മൈക്രോഫിനാന്‍സ് വ്യവസായികള്‍ക്ക് കേന്ദ്ര ധനമന്ത്രി പ്രണാബ്മുഖര്‍ജി നല്‍കിയ ഉറപ്പ് ഈ വ്യവസായത്തെ സംരക്ഷിക്കും എന്നാണ്. ആത്മഹത്യാ പരമ്പരയ്ക്കും സര്‍ക്കാര്‍ നിയന്ത്രണത്തിനും പുറകെ എസ്കെഎസ് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി ഇടിഞ്ഞതും കളക്ഷന്‍ കുറഞ്ഞതും തങ്ങള്‍ ഗൌരവത്തോടെയാണ് കാണുന്നത് എന്ന പ്രതികരണമാണത്രെ ധനമന്ത്രി നടത്തിയത്. എന്നാല്‍ കടക്കെണിയില്‍പെട്ട് ആത്മഹത്യയിലേക്ക് വലിച്ചെറിയപ്പെടുന്ന ദരിദ്രര്‍ക്ക് ധനമന്ത്രിയോട് നേരിട്ട് പരാതിപറയാനാവില്ലല്ലോ. അവര്‍ക്കായി ഒരു സാന്ത്വനവാക്കും ധനമന്ത്രി പറഞ്ഞുമില്ല. 2007ല്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ രൂപം നല്‍കിയ മൈക്രോഫിനാന്‍സ് ബില്ല് മൈക്രോഫിനാന്‍സ് വ്യവസായത്തെ സഹായിക്കല്‍ മാത്രമാണെന്ന വിമര്‍ശനം അന്നേ ഉയര്‍ന്നതാണ്. വായ്പയുടെപേരില്‍ നടക്കുന്ന കൊള്ള തടയുന്നതിനാവശ്യമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനോ പലിശയ്ക്ക് പരിധി നിശ്ചയിക്കുന്നതിനോ ഫലപ്രദമായ ഒരു നിര്‍ദ്ദേശവും മൈക്രോഫിനാന്‍സ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല എന്നത് സര്‍ക്കാരിന്റെ ഈ വിഷയത്തിലുള്ള നിലപാട് വ്യക്തമാക്കുന്നു. 2009ല്‍ പാര്‍ലമെന്റ് പിരിഞ്ഞതോടെ ആ ബില്ല് ലാപ്സായിക്കഴിഞ്ഞു.
മൂന്നാംലോക രാജ്യങ്ങളിലെ ദാരിദ്ര്യവും ദരിദ്രരും അപാര സാദ്ധ്യതകളുള്ള കമ്പോളമാണെന്ന തിരിച്ചറിവില്‍ വിദേശമൂലധനമടക്കമൊഴുകുന്ന ഒരു വ്യവസായമാണിന്ന് മൈക്രോഫിനാന്‍സ്. അമേരിക്കയില്‍ ഭവന വായ്പാരംഗത്ത് കുഴപ്പങ്ങള്‍ സൃഷ്ടിച്ച പ്രൈം വായ്പകള്‍പോലെ വായ്പകള്‍ക്കുമേല്‍ വായ്പകൊണ്ടു തീര്‍ക്കുന്ന മൈക്രോഫിനാന്‍സ് വായ്പാ സൌധവും ചെറിയ ആഘാതത്തില്‍തന്നെ തകരാവുന്നതാണെന്ന് ആന്ധ്രയിലെ അനുഭവം ബോധ്യപ്പെടുത്തുന്നു. ബംഗ്ളാദേശ് ഗ്രാമീണ്‍ ബാങ്ക് മാതൃകയടക്കം കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നതരത്തില്‍ കമ്പോളത്തിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള മൈക്രോഫിനാന്‍സ് വ്യവസായത്തിന്റെ കടുത്ത ആര്‍ത്തി ഇന്ന് വിമര്‍ശിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ മൊറോക്കോ, ബോസ്നിയ, നിക്കരഗ്വേ, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ മൈക്രോഫിനാന്‍സ് വായ്പകള്‍ തിരിച്ചടയ്ക്കാനാകാതെയുള്ള ദരിദ്രരുടെ ദുരിതങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിച്ചിരിക്കുന്നതായാണ് വാര്‍ത്തകള്‍. ജനങ്ങളുടെ നിവൃത്തികേടുകളെ വ്യവസായകൊള്ളയ്ക്ക് വളമാക്കാന്‍ പൂര്‍ണ്ണ അനുവാദം നല്‍കുന്ന ഭരണാധികാരികള്‍തന്നെയാണ് ഈ ദുരന്തങ്ങളുടെ മുഖ്യ ഉത്തരവാദികള്‍. ദരിദ്രര്‍ക്ക് വായ്പനല്‍കുമ്പോള്‍ അത് അവരെ സഹായിക്കുന്നതായിരിക്കണം എന്ന് ഉറപ്പുവരുത്തുന്നതരത്തില്‍ വായ്പാ വ്യവസായരംഗത്ത് സര്‍ക്കാരുകളുടെ നിയന്ത്രണം ഉണ്ടാകണം. ആന്ധ്രയിലെ ആത്മഹത്യകളുടെ തിരിച്ചറിവിലെങ്കിലും ഇന്ത്യയിലെ മൈക്രോഫിനാന്‍സ് കൊള്ളകളെ നിയന്ത്രിക്കാനും പലിശനിരക്കില്‍ 4 ശതമാനം എന്ന് പരിധി നിശ്ചയിക്കാനും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ തയ്യാറാകുമോ എന്നതാണ് പ്രധാന ചോദ്യം. ബാങ്കുകളുടെ സാമൂഹ്യ ഉത്തരവാദിത്വം നിറവേറ്റുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങളും ഇടപെടലും റിസര്‍വ്വ്ബാങ്ക് ചെയ്യേണ്ടതുണ്ട്.
കേരളത്തില്‍ മൈക്രോഫിനാന്‍സ് എന്ന ചക്കരക്കുടത്തില്‍ കയ്യിട്ടുനില്‍ക്കുന്നവരുടെ എണ്ണം പെരുകുന്നു എന്നത് ഈ സാഹചര്യത്തില്‍ ജാഗ്രതയോടെയാണ് കാണേണ്ടത്. സ്ത്രീ ശാക്തീകരണമെന്നാല്‍ വായ്പ നല്‍കലാണ് എന്ന ന്യായത്തില്‍ പാവപ്പെട്ട സ്ത്രീകളെ വായ്പ കാണിച്ച് പ്രലോഭിപ്പിക്കുകയും കടക്കെണിയില്‍ തള്ളിവീഴ്ത്തുകയും ചെയ്യുന്ന വായ്പാ വ്യവസായം കേരളത്തിലും ആഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഒരേസമയം ഒന്നിലധികം വായ്പകള്‍ പല സ്രോതസില്‍നിന്ന് എടുക്കുന്നതിന്റെ ഭാഗമായുള്ള കടക്കെണിയില്‍ പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ട്. സ്ത്രീകളെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ആരോഗ്യ-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുകയും പ്രാദേശിക വികസനത്തില്‍ മുഖ്യ പ്രവര്‍ത്തകരായി മാറ്റുകയും ചെയ്യുകയെന്ന ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുള്ള കുടുംബശ്രീയുടെ സാന്നിദ്ധ്യവും ഇടതുസര്‍ക്കാര്‍ നല്‍കുന്ന പിന്തുണയുമാണ് മറ്റ് സംസ്ഥാനങ്ങളിലെപ്പോലെയുള്ള വായ്പാ കൊള്ളയെ കേരളത്തില്‍ പ്രതിരോധിച്ചുനിര്‍ത്തുന്നത്. 38 ലക്ഷത്തിലധികം സ്ത്രീകള്‍ അംഗങ്ങളായിട്ടുള്ള, മതേതര ജനാധിപത്യ സംവിധാനമായിട്ടുള്ള കുടുംബശ്രീയെ തകര്‍ത്തുകൊണ്ട് തങ്ങളുടെ രാഷ്ട്രീയ സാമുദായിക സ്വാര്‍ത്ഥ നേട്ടങ്ങള്‍ ഉറപ്പിക്കുകയെന്ന ലക്ഷ്യം കൂടി കേരളത്തില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്ന ചില മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കുണ്ട് എന്നത് ഗൌരവത്തോടെ കാണേണ്ടതുണ്ട്. കൊള്ളപ്പലിശയ്ക്ക് വായ്പ ലഭ്യമാക്കലല്ല പാവപ്പെട്ടവരുടെ ശാക്തീകരണത്തിനുവേണ്ടതെന്നും, മെച്ചപ്പെട്ട ജീവിത ഗുണനിലവാരവും വരുമാനവും ഉറപ്പാക്കിക്കൊണ്ട് ജീവിതം നയിക്കുന്നതിനാവശ്യമായ സമഗ്രമായ പിന്തുണയാണ് പ്രധാനമെന്നും അത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നുമുള്ള പാഠമാണ് രാജ്യത്തിനാകെ കേരളം നല്‍കുന്നത്. കേരളത്തില്‍ നിലനില്‍ക്കുന്ന സംവിധാനത്തെ തകര്‍ക്കാന്‍ അനുവദിച്ചുകൂട. എം എം ഹസന്‍ നേതൃത്വം കൊടുക്കുന്ന ജനശ്രീ സ്വപ്നങ്ങളുടെ ലക്ഷ്യം പലതാണ് എന്നോര്‍ക്കണം. കുടുംബശ്രീയെ രാഷ്ട്രീയ വിമുക്തമാക്കും എന്ന് കോണ്‍ഗ്രസുകാര്‍ പറയുമ്പോള്‍ അതിനര്‍ത്ഥം ലക്ഷക്കണക്കിന് സ്ത്രീകളുടെ കൂട്ടായ്മകളെ കമ്പോളത്തിന് വിട്ടുകൊടുക്കും എന്നുതന്നെയാണ്. മൈക്രോഫിനാന്‍സ് ചക്കരക്കുടംതന്നെയാണ് എന്ന ആഗോളസത്യം ഹസനും കൂട്ടരും മനസ്സിലാക്കിയിട്ടുണ്ട്. ജാഗ്രത
*
ഡോ. ടി എന്‍ സീമ ചിന്ത 17 ഡിസംബര്‍ 2010
Subscribe to:
Post Comments (Atom)
1 comment:
"ഷേക്സ്പിയര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ അദ്ദേഹം തന്റെ മഹത്തായ കൃതി 'വെനീസിലെ കച്ചവടക്കാര'ന്റെ രണ്ടാം ഭാഗം എഴുതുമായിരുന്നു''.
ഇന്ത്യയിലെ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളെ ആധുനിക ഷൈലോക്ക് എന്ന് വിശേഷിപ്പിച്ചുകൊണ്ട് പ്രശസ്ത പത്രപ്രവര്‍ത്തകനും സാമൂഹ്യശാസ്ത്ര ഗവേഷകനുമായ ദേവീന്ദര്‍ശര്‍മ്മ നടത്തിയ പ്രതികരണമാണിത്. ദരിദ്രരെ സഹായിക്കാനെന്നപേരില്‍ സ്വയം സഹായസംഘങ്ങള്‍ക്കും വ്യക്തികള്‍ക്കും നല്‍കുന്ന ചെറുവായ്പകളിലൂടെ കോടികളുടെ ലാഭം കൊയ്യുകയും ഓഹരിക്കമ്പോളത്തില്‍ വന്‍ പ്രിയം നേടുകയും ചെയ്യുന്ന ഇന്ത്യന്‍ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ അത്യാര്‍ത്തിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുയരുന്ന പ്രതിഷേധങ്ങളുടെ ഒരു മാതൃക മാത്രമാണ് ദേവീന്ദര്‍ ശര്‍മയുടെ പ്രതികരണം.
Post a Comment