ഒരു പുതുവത്സരപ്പിറവിയില്‍ പിന്നോട്ട് തിരിഞ്ഞുനോക്കാനുള്ള പ്രവണത സ്വാഭാവികമാണ്. കഴിഞ്ഞുപോയ കാലത്തിന്റെ ശക്തി ദൌര്‍ബല്യങ്ങളില്‍നിന്നാണല്ലോ ഭാവിയെ വിഭാവനംചെയ്യുന്നത്? പക്ഷേ, ഭൂതകാല കോട്ടങ്ങളും നേട്ടങ്ങളും കണക്കെടുപ്പുമാത്രമായി അവശേഷിച്ചുകൂടാ. കണക്കുകള്‍ക്കുപിന്നിലെ സൂചനകളാണ് കൂടുതല്‍ പ്രധാനം. സൂചനകള്‍ സമൂഹത്തിന്റെ പുരോഗതിയുടെ സ്വഭാവവും ദിശാബോധവും ചൂണ്ടിക്കാണിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞുപോയ ഒരു വര്‍ഷം ഇന്ത്യയുടെയും കേരളത്തിന്റെയും ചരിത്രത്തില്‍ സുപ്രധാനങ്ങളായ ചില സൂചനകള്‍ തെളിഞ്ഞുവന്നതായി കാണാം.
സ്വാതന്ത്ര്യാനന്തര ഇന്ത്യ മൂന്നാം ലോകത്തിന്റെ നേതൃത്വത്തിലേക്കുയര്‍ന്നത് വളരെ വലിയ നേട്ടമായിരുന്നു. കൊളോണിയസത്തില്‍നിന്ന് മുക്തിനേടിയ മറ്റ് രാജ്യങ്ങളുമായി കൂട്ടുചേര്‍ന്ന് ഒരു പുതിയ സംഘടിതശക്തി ഉദയംകൊണ്ടു. മുതലാളിത്ത രാജ്യങ്ങളും സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളും തമ്മിലുള്ള ശീതയുദ്ധത്തില്‍ സമദൂരം പാലിച്ചെങ്കിലും ധാര്‍മികതയുടെ പക്ഷത്തായിരുന്നു ഇന്ത്യയുടെ സ്ഥാനം എന്നതിനെക്കുറിച്ച് സംശയമുണ്ടായിരുന്നില്ല. സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെ പതനത്തിനുശേഷം ആഗോളവല്‍ക്കരണം ലോകവ്യാപകമാകുകയും ഇന്ത്യ മുതലാളിത്ത ചേരിയിലേക്ക് നീങ്ങുകയുംചെയ്തു. ഇത് രാഷ്ട്രീയമായ ചുവടുമാറ്റം മാത്രമായിരുന്നില്ല. ആന്തരികമായ നയവ്യതിയാനത്തിന്റെ പരിണതഫലം കൂടിയായിരുന്നു. മുതലാളിത്തത്തില്‍ അധിഷ്ഠിതമായ ഒരു വികസന പരിപ്രേക്ഷ്യവും പ്രത്യയശാസ്ത്രവും സംസ്കാരവും പ്രാവര്‍ത്തികമാക്കാനുള്ള നയം ഭരണകൂടം ഏറ്റെടുത്തു. ഇന്ത്യന്‍ ഭരണഘടനയില്‍നിന്ന് സോഷ്യലിസം എന്ന വാക്ക് തിരുത്തി എഴുതിയിട്ടില്ലെങ്കിലും ഭരണകൂടത്തിന്റെ എല്ലാ നയങ്ങളും സമ്പന്നരെ ഉദ്ദേശിച്ചുകൊണ്ടാണെന്നത് വ്യക്തമായി. സര്‍ക്കാര്‍ കണക്കുപ്രകാരം 66 ശതമാനവും സ്വകാര്യ അനുമാനത്തില്‍ 80ല്‍ ഏറെയും വരുന്ന 20 രൂപയില്‍ താഴെ ദിവസവരുമാനമുള്ളവര്‍ സമ്പന്ന സമൂഹത്തിന്റെ അവഗണിക്കപ്പെട്ട പുറംപോക്ക് ഭൂമിയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവരായി. കഴിഞ്ഞവര്‍ഷം ഈ പ്രവണത കൂടുതല്‍ ശക്തി ആര്‍ജിച്ചു.
ഇന്ത്യന്‍ സമൂഹത്തിലെ അന്യോന്യബന്ധിതമായ രണ്ട് പ്രവണതകളാണ് ദരിദ്രവല്‍ക്കരണവും സമ്പന്നവല്‍ക്കരണവും. ദരിദ്രരുടെയും സമ്പന്നരുടെയും അംഗസംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. നിമ്ന മധ്യവര്‍ഗവും തൊഴിലാളികളും കര്‍ഷകരും ദരിദ്രരുടെ പട്ടികയിലേക്ക് അനുദിനം തരംതാഴ്ന്നുകൊണ്ടിരിക്കുന്നു. അതായത് ദരിദ്രരുടെ സംഖ്യ വര്‍ധിക്കുകയാണ് എന്നര്‍ഥം. അതേസമയം, സമ്പന്നരുടെ എണ്ണം കൂടുക മാത്രമല്ല, അവരുടെ ഇടയില്‍നിന്ന് അതിസമ്പന്നരുടെ ഒരു ചെറിയ വിഭാഗം കൂടുതല്‍ കൂടുതല്‍ സമ്പത്ത് പിടിച്ചടക്കുകയും ചെയ്യുന്നു. 'ഇന്ത്യ എന്ന ആശയം' ഇവരുടെ കുത്തകയായി മാറിക്കൊണ്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും നല്ല പരവതാനികള്‍ വിരിച്ച വിമാനത്താവളങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ഡല്‍ഹിയിലെ കൊടുംതണുപ്പില്‍ രാത്രിയില്‍ തെരുവില്‍ ഉറങ്ങുന്നവരുടെ എണ്ണം കുറച്ചൊന്നുമല്ല. വിദേശ വസ്തുക്കള്‍ നിറഞ്ഞൊഴുകുന്ന മാളുകള്‍ ഒരുവശത്ത്, രണ്ടുനേരം ഭക്ഷണം കഴിക്കാന്‍ കഴിയാത്തവരുടെ കുടിലുകള്‍ മറുവശത്ത് എന്ന വിരോധാഭാസം ശ്രദ്ധിക്കപ്പെടാതെ പോകുന്നു.
ഭൌതികജീവിതത്തില്‍ സാധ്യമായ മാറ്റങ്ങള്‍ വലിയ സ്വാധീനശക്തിയുള്ള ഒരു മധ്യവര്‍ഗത്തെ സൃഷ്ടിച്ചിരിക്കുന്നു. ഈ മധ്യവര്‍ഗത്തിന്റെ തോത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കൂടെ അവരുടെ ആവശ്യങ്ങളും പ്രതീക്ഷകളും. നേരായ വഴിയിലൂടെ സമ്പാദിക്കുന്ന ധനംകൊണ്ട് അവര്‍ നയിക്കുന്ന ആഡംബരജീവിതം സാധ്യമല്ല. അവിഹിതമായ വഴികള്‍ സ്വീകരിച്ചാല്‍ മാത്രമേ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുകയുള്ളൂ എന്നു വന്നിരിക്കുന്നു. വമ്പിച്ച കോഴകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇതിന്റെ ഭാഗമാണ്. കോമണ്‍വെല്‍ത്ത് കളിയും സ്പെക്ട്രവും ആദര്‍ശ് കോളനികളുമൊക്കെ സമൂഹത്തിലാകെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന അഴിമതിയുമായി ബന്ധപ്പെട്ടതാണ്. അവ ഒറ്റപ്പെട്ട സംഭവങ്ങളെല്ലന്നര്‍ഥം. മുമ്പൊക്കെ പത്തും പതിനഞ്ചും രൂപ ശമ്പളമുണ്ടായിരുന്ന ഗുമസ്തന്മാര്‍ മാമൂല്‍ വാങ്ങുമായിരുന്നു. അതിനെ ആരും കൈക്കൂലിയായി കണക്കാക്കിയിരുന്നില്ല. ഇന്ന് കോഴ സര്‍വസാധാരണമായതുകൊണ്ട് - കേന്ദ്രമന്ത്രിമാര്‍ മുതല്‍ ശിപായിമാര്‍വരെ - അതില്‍ അപകാതയില്ലാതായിരിക്കുന്നു. കോഴ നാലഞ്ചുനാള്‍മാത്രം നീണ്ടുനില്‍ക്കുന്ന പത്രവാര്‍ത്തയായി അവശേഷിക്കുകയാണ് പതിവ്. കഴിഞ്ഞവര്‍ഷം സംഭവിച്ച ഏറ്റവും വലിയ ധാര്‍മികച്യുതി കോഴ ഒരു 'ദേശീയ സ്വഭാവ'മായി തീര്‍ന്നിരിക്കുന്നു എന്നതാണ്. അതുകൊണ്ടുതന്നെ ഈ അപരാധത്തില്‍ പങ്കാളികളായവര്‍ക്ക് ഒന്നും സംഭവിക്കുകയില്ലെന്ന് തീര്‍ച്ചയാണ്. ഹിമാചല്‍പ്രദേശിലെ സുഖ്റാമിനെപ്പോലെ, ജാര്‍ഖണ്ഡിലെ ഷിബുസോറനെപ്പോലെ, അവരൊക്കെ അധികാരസ്ഥാനങ്ങളിലേക്ക് തിരിച്ചുവരികയുംചെയ്തു.
ഭരണവര്‍ഗവും അവരുടെ അനുചരന്മാരായ സമ്പന്ന മധ്യവര്‍ഗവും വിഹിതവും അവിഹിതവുമായ മാര്‍ഗങ്ങളിലൂടെ സമ്പാദിച്ച ധനംകൊണ്ട് പട്ടാളത്തിന്റെയും പൊലീസിന്റെയും അകമ്പടിയോടെ സുഖലോലുപരായി ജീവിക്കുമ്പോള്‍ രാജ്യത്തിന്റെ പല ഭാഗത്തും അടിച്ചമര്‍ത്തപ്പെട്ട അരിശവും അമര്‍ഷവും നിലനില്‍ക്കുന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കശ്മീരിലും വര്‍ഷങ്ങളായി പ്രത്യേക പട്ടാളനിയമമാണ്. ഇറോം ഷര്‍മിള എന്ന പെണ്‍കുട്ടി കഴിഞ്ഞ പത്തുകൊല്ലമായി ഈ നിയമം റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് നിരാഹാരസത്യഗ്രഹം നടത്തുകയാണ്. ഞാന്‍ ഈയിടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. സ്വാതന്ത്ര്യം ലഭിച്ച് അറുപതില്‍ കൂടുതല്‍ കൊല്ലങ്ങള്‍ പിന്നിട്ടിട്ടും അവിടെ ഇന്ത്യക്കാരല്ലെന്ന് തുറന്നുപറയുന്നവരെ ധാരാളം കാണാം. കശ്മീരില്‍ ഇന്ത്യയോട് ശത്രുതാഭാവമില്ലാത്ത യുവാക്കള്‍ വിരളമാണ്.
പല സംസ്ഥാനങ്ങളിലും മാവോയിസ്റ്റുകള്‍ക്ക് ഗണ്യമായ സ്വാധീനമുണ്ടെന്ന് പറയപ്പെടുന്നു. അവര്‍ക്ക് ലഭിക്കുന്ന പിന്തുണ പ്രധാനമായും ദരിദ്രരായ ആദിവാസികളില്‍നിന്നാണെന്നതിന് സംശയമില്ല. മാവോയിസ്റ്റുകളുടെ ആശയങ്ങളും പ്രവര്‍ത്തനരീതിയും ഒരു ജനാധിപത്യ വ്യവസ്ഥയ്ക്ക് അനുയോജ്യമല്ല എന്നതിന് സംശയത്തിനിടയില്ല. പക്ഷേ, ആദിവാസിമേഖലയിലെ ദരിദ്രരും നിസ്സഹായരുമായവരുടെ ദയനീയാവസ്ഥയാണ് അവരുടെ സാമൂഹ്യാടിത്തറ എന്ന യാഥാര്‍ഥ്യം മറന്നുകൂടാ.
ഡല്‍ഹിയും മുംബൈയും പ്രതിനിധാനംചെയ്യുന്ന നഗരജീവിതം ഇന്ത്യയുടെ യഥാര്‍ഥമുഖമല്ല. യഥാര്‍ഥമുഖം ഭരണാധികാരികള്‍ കണ്ടിട്ടില്ല. വിരളമായ നാട്ടിന്‍പുറയാത്രകള്‍ക്കിടയിലല്ലാതെ. അതുകൊണ്ട് ജനങ്ങളുടെ പ്രതിരോധത്തോട് സഹാനുഭൂതിയോടെ പ്രതികരിക്കാന്‍പോലും ഇവര്‍ക്ക് കഴിയുന്നില്ല. ഭരണകൂടത്തിന്റെ പ്രതികരണം ബലപ്രയോഗമാണ്. പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുക എന്നതാണ് ഔദ്യോഗികനയം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കശ്മീരിലും പട്ടാളഭരണമാണ്. ശബ്ദമുയര്‍ത്തുന്നവരെ വെടിവച്ചുകൊല്ലാമെന്ന നിയമവുമുണ്ട്. മാവോയിസ്റ്റുകളെ ഒതുക്കാന്‍ പട്ടാളത്തെ നിയോഗിക്കുകയും ചെയ്തിരിക്കുന്നു. സമാധാനം സ്ഥാപിക്കാന്‍ മറ്റെന്തുവേണം? ഈ പ്രവണതകള്‍ക്കെതിരായി പ്രതിഷേധിക്കുന്ന സന്നദ്ധപ്രവര്‍ത്തകരെയും ബുദ്ധിജീവികളെയും ശിക്ഷിച്ചുകൊണ്ട് ജനങ്ങളെ നല്ലനടത്തത്തിന് താക്കീതുചെയ്യുന്നു. ബിനായക് സെന്‍ ജയിലിലടയ്ക്കപ്പെട്ടതിന്റെയും അരുന്ധതി റോയിക്ക് എതിരായി കേസ് നടന്നുകൊണ്ടിരിക്കുന്നതിന്റെയും പാഠം അവരെ ശിക്ഷിക്കുകമാത്രമല്ല.
തൊണ്ണൂറുകള്‍മുതല്‍ ഇന്ത്യ പിന്തുടരുന്ന ഇറക്കുമതി സ്വാതന്ത്ര്യത്തിന്റെ ഫലം ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. നിത്യോപയോഗത്തിനാവശ്യമായ ഭക്ഷണവസ്തുക്കള്‍ക്കും പച്ചക്കറിക്കുമൊക്കെ തീപിടിച്ച വിലയായി. സാധാരണക്കാരന്റെ ഭക്ഷണം പോഷകാംശങ്ങള്‍ ഒട്ടുമില്ലാത്തതായി മാറി. ഏകദേശം 80 ശതമാനം കുട്ടികള്‍ക്ക് വേണ്ടത്ര ഗുണമുള്ള ഭക്ഷണം കിട്ടുന്നില്ലെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഇത് പല ആഫ്രിക്കന്‍ രാജ്യങ്ങളുടെയും സ്ഥിതിയേക്കാള്‍ മോശമാണ്. വൃത്തിയായി വസ്ത്രം ധരിച്ച് മോടിയില്‍ നടക്കുന്ന മലയാളിയുടെ മുഖത്തും പോഷകാഹാരത്തിന്റെ കുറവ് പ്രതിഫലിക്കുന്നതായി കാണാം.
അതേസമയം, കമ്പോളത്തിന്റെ സ്വഭാവം ദ്രുതഗതിയില്‍ മാറിക്കൊണ്ടിരിക്കുകയാണ്. വിദേശ പഴവര്‍ഗങ്ങളും പച്ചക്കറികളും മാംസവും മത്സ്യവും കമ്പോളത്തില്‍ ധാരാളമാണ്. അതോടൊപ്പം ഇന്ത്യന്‍ വിഭവങ്ങള്‍ അപ്രത്യക്ഷമാകുകയുംചെയ്യുന്നു. സിംലയില്‍ ഉണ്ടാകുന്ന ആപ്പിള്‍ കേരളത്തില്‍ കിട്ടാനില്ല. വാഷിങ്ടണ്‍ ആപ്പിളും ചൈനയില്‍നിന്ന് വരുന്ന ആപ്പിളും സുലഭമാണുതാനും. അലഹബാദിലെ പ്രസിദ്ധമായ കിലോവിന് പത്തുരൂപ വിലയുള്ള പേരയ്ക്ക കേരളത്തില്‍ കിട്ടുകയില്ല. പക്ഷേ, തായ്ലന്‍ഡിലെ പേരയ്ക്ക ഒരു കിലോക്ക് നാനൂറ് രൂപ വിലയ്ക്ക് എത്രവേണമെങ്കിലും വാങ്ങാം. കഴിഞ്ഞവര്‍ഷം കൂടുതല്‍ ഉദാരമാക്കിയ ഇറക്കുമതിനയം ഇന്ത്യയെ ഒരു നവകൊളോണിയല്‍ രാഷ്ട്രമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്.
ഈ നയം പ്രാവര്‍ത്തികമാക്കാന്‍ ആവശ്യമായ അധികാരകേന്ദ്രീകരണവും സമാന്തരമായി പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്നു. വിദ്യാഭ്യാസ മേഖലയുടെ പുനഃസംവിധാനം ഉദാഹരണമായെടുക്കാം. നിലവിലുള്ള ഫെഡറല്‍ സമ്പ്രദായത്തെ അട്ടിമറിച്ചുകൊണ്ട് കേന്ദ്രീകൃതമായ വിദ്യാഭ്യാസ സംവിധാനമാണ് ഇപ്പോള്‍ വിഭാവനം ചെയ്തുവരുന്നത്. വിദേശ സര്‍വകലാശാലകള്‍ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന എതിര്‍പ്പിനെ മറികടക്കാന്‍ ഇത് സഹായകമാകുകയും ചെയ്യും. വിദേശവിദ്യാഭ്യാസം എത്ര ഗുണമേന്മയുള്ളതായാലും ഏതൊരു രാഷ്ട്രത്തിന്റെ സാംസ്കാരികത്തനിമയെയും സ്വത്വബോധത്തെയും സ്വാധീനിക്കുമെന്നത് സംശയാതീതമാണ്. ഒരു സമൂഹത്തിന്റെ സ്വഭാവരൂപീകരണത്തില്‍ വിദ്യാഭ്യാസത്തേക്കാള്‍ സ്വാധീനമുള്ള മേഖലകളില്ല. ധൈഷണിക സ്വാധീനം അടിമത്തത്തിന്റെ മുന്നോടിയാണ്.
ഈ പ്രവണതകളോട് ബന്ധപ്പെട്ടുകൊണ്ടാണ് ഭരണകൂട സ്ഥാപനങ്ങളുടെ ഉദാരസ്വഭാവം മാറിക്കൊണ്ടിരിക്കുന്നത്. അടുത്തകാലത്തുണ്ടായ കോടതിവിധികള്‍ അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബെഞ്ച് ബാബറി മസ്ജിദിനെക്കുറിച്ച് പുറപ്പെടുവിച്ച വിധി ഉദാരസ്വഭാവത്തില്‍നിന്നുള്ള വ്യതിയാനമാണ്. നിയമവും തെളിവുമല്ല, വിശ്വാസമാണ് കണക്കിലെടുക്കേണ്ടതെന്ന് പ്രഖ്യാപിച്ചതിലൂടെ ന്യായവ്യവസ്ഥയുടെ അടിസ്ഥാനതത്വങ്ങള്‍തന്നെ നിഷേധിക്കപ്പെട്ടു. കൂടാതെ, ഇന്ത്യന്‍ ഭരണകൂടസ്ഥാപനങ്ങള്‍ ഹൈന്ദവവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നതിന്റെ തെളിവുകൂടിയാണത്. ബിനായക് സെന്നിന്റെ കാര്യത്തില്‍ കോടതി സമ്പന്നവര്‍ഗത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ബദ്ധശ്രദ്ധമാണ് എന്നാണ് പ്രഖ്യാപിക്കുന്നത്. ഭോപാല്‍ ദുരന്തത്തിന് വഴിയൊരുക്കിയവര്‍ക്ക് എളിയശിക്ഷയും ബിനായക് സെന്നിന് ജീവപര്യന്തം തടവും വിധിച്ച ന്യായപീഠം ആരുടെ ഭാഗത്തു നിലകൊള്ളുമെന്നതിന് സംശയത്തിനിടയില്ല.
സാമ്രാജ്യത്വത്തിന്റെ സ്വാധീനവും ആഗോളമുതലാളിത്തത്തിന്റെ ചൂഷണവും കോടീശ്വരന്മാരുടെ അംഗസംഖ്യയിലുള്ള വൃദ്ധിയും മധ്യവര്‍ഗത്തിന്റെ മേനിയും അടുത്തവര്‍ഷത്തില്‍ കൂടുതല്‍ വ്യാപിക്കുമെന്ന് പ്രതീക്ഷിക്കാം. അതോടൊപ്പം തന്നെ ഡല്‍ഹിയിലെ പുനരധിവാസ കോളനികളുടെ എണ്ണം കൂടുകയും മുംബൈയിലെ ചേരികള്‍ നഗരത്തിലാകെ പടരുകയും ചെയ്യും. ഇതിന് വികസനമെന്ന ഓമനപ്പേര്‍ നല്‍കി ആസൂത്രണവിദഗ്ദര്‍ക്ക് സംതൃപ്തിപ്പെടുകയുമാകാം. ഈ സ്ഥിതിവിശേഷത്തെ ക്രിയാത്മകമായി നേരിടാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഇന്ത്യന്‍ സമൂഹത്തിനുണ്ടോ?
*
ഡോ. കെ എന്‍ പണിക്കര്‍ കടപ്പാട്: ദേശാഭിമാനി ദിനപത്രം 31 ഡിസംബര്‍ 2010
Subscribe to:
Post Comments (Atom)
1 comment:
ഒരു പുതുവത്സരപ്പിറവിയില്‍ പിന്നോട്ട് തിരിഞ്ഞുനോക്കാനുള്ള പ്രവണത സ്വാഭാവികമാണ്. കഴിഞ്ഞുപോയ കാലത്തിന്റെ ശക്തി ദൌര്‍ബല്യങ്ങളില്‍നിന്നാണല്ലോ ഭാവിയെ വിഭാവനംചെയ്യുന്നത്? പക്ഷേ, ഭൂതകാല കോട്ടങ്ങളും നേട്ടങ്ങളും കണക്കെടുപ്പുമാത്രമായി അവശേഷിച്ചുകൂടാ. കണക്കുകള്‍ക്കുപിന്നിലെ സൂചനകളാണ് കൂടുതല്‍ പ്രധാനം. സൂചനകള്‍ സമൂഹത്തിന്റെ പുരോഗതിയുടെ സ്വഭാവവും ദിശാബോധവും ചൂണ്ടിക്കാണിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞുപോയ ഒരു വര്‍ഷം ഇന്ത്യയുടെയും കേരളത്തിന്റെയും ചരിത്രത്തില്‍ സുപ്രധാനങ്ങളായ ചില സൂചനകള്‍ തെളിഞ്ഞുവന്നതായി കാണാം.
Post a Comment