Tuesday, December 14, 2010

മാധ്യമങ്ങള്‍ വഴിപിഴയ്ക്കുമ്പോള്‍ സംഭവിക്കുന്നത്...

ഇന്ത്യന്‍ രാഷ്ട്രീയത്തിലും അധികാര കേന്ദ്രങ്ങളിലും മാധ്യമ പ്രതിഭകള്‍ അനധികൃതമായി സ്വാധീനം ചെലുത്തുന്നുവെന്ന് ഇതിനകം വ്യക്തമായി കഴിഞ്ഞിരിക്കുന്നു. ആരാരെല്ലാം മന്ത്രി പദവിയിലെത്തണമെന്ന് നിശ്ചയിക്കുന്നതുപോലും 'മാധ്യമ പ്രതിഭകള്‍' ആണെന്ന് വന്നിരിക്കുന്നു. രാഷ്ട്രീയ അധികാര നിര്‍ണയത്തില്‍ മാധ്യമ പ്രഭുക്കള്‍ വഹിക്കുന്ന പങ്ക് തെല്ലും ചെറുതല്ലെന്നാണ് നീരാറാഡിയയുടെ ടേപ്പുകള്‍ പുറത്തുവന്നതിലൂടെ വ്യക്തമായിരിക്കുന്നത്.

മാധ്യമ പ്രവര്‍ത്തകര്‍ ഭരണാധികാരികളെ നിശ്ചയിക്കുകയും സര്‍ക്കാരിന്റെ ഭരണനയങ്ങളെ നിര്‍ണയിക്കുകയും ചെയ്യുന്ന പണി ഏറ്റെടുക്കുമ്പോള്‍ മാധ്യമ ധര്‍മ്മം മലീമസമാകുകയാണ്. ഭാരതീയ ഭരണഘടനയിലെ ഫോര്‍ത്ത് എസ്റ്റേറ്റില്‍ നിര്‍ണായകമാണ് മാധ്യമങ്ങള്‍. ലജിസ്ലേറ്റീവ്, എക്‌സിക്യുട്ടീവ്, ജുഡീഷ്യറി എന്നീ മൂന്നു നെടുംതൂണുകള്‍ കൂടാതെ ജനാധിപത്യത്തിലെ നാലാമത്തെ നെടുംതൂണായി വിവക്ഷിക്കപ്പെടുന്നത് മാധ്യമങ്ങളാണ്. ജനാധിപത്യത്തെ ശക്തിപ്പെടുത്തേണ്ട ഇത്തരം മാധ്യമങ്ങള്‍ വഴിവിട്ട പ്രവര്‍ത്തനത്തിനും മന്ത്രിമാരുടെ അഴിമതിപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും കൂട്ടാളികളായി മാറുന്നത് അത്യന്തം അപലപനീയമാണ്. ഇത്തരം മാധ്യമ വിട്ടുവീഴ്ചകളും വഴിതെറ്റിയ സഞ്ചാരവും മാധ്യമ ലോകത്തെ ആകെ അപമാനിക്കുന്നതും അവഹേളിക്കുന്നതുമാണ്. ഫോര്‍ത്ത് എസ്റ്റേറ്റിന്റെ മഹത്വത്തെ ഹനിക്കുന്നതാണ് അധാര്‍മ്മിക വഴികളിലൂടെ സഞ്ചരിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ പ്രവണത.

അധികാര നിര്‍ണയത്തിനും സ്ഥാനാരോഹണത്തിനുമായി സ്വാധീനം ചെലുത്തുക എന്നതില്‍ ഗരിമ കാണുന്ന പത്രപ്രവര്‍ത്തകരാണ് അധികാര ഇടനാഴികളിലെ പ്രഭുക്കള്‍ ആകാന്‍ ശ്രമിക്കുന്നത്. ആ ദുഷ്പ്രഭുത്വം മാധ്യമരംഗത്ത് വലിച്ചുവെയ്ക്കുന്ന അഴുക്കുകള്‍ ഒട്ടും ചെറുതല്ല. വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ മുഖ്യ അജണ്ടയാക്കിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മന്ത്രിമാരേയും അവരുടെ വകുപ്പുകളേയും സ്വാധീനിക്കാനായേക്കും. മന്ത്രിമാര്‍ അവരുടെ ഇഷ്ടക്കാരുടെയും സ്വന്തക്കാരുടെയും താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതമാവുകയും ചെയ്‌തേക്കാം. അത്തരം ഭരണാധികാരികളുടെ അഭീഷ്ടം അനുസരിച്ച് എന്താണ് എഴുതേണ്ടത്, പറയേണ്ടത് അതെല്ലാം ഇത്തരം വിട്ടുവീഴ്ചാ മാധ്യമങ്ങള്‍ എഴുതുകയും പറയുകയും പ്രക്ഷേപണം നടത്തുകയും ചെയ്യും എന്നതും സ്വാഭാവികമാണ്.

അഴിമതിക്കാര്‍ക്കും വഴിവിട്ടു സഞ്ചരിക്കുന്നവര്‍ക്കും വേണ്ടി വിടുപണി ചെയ്യുന്നവരാണ് മാധ്യമങ്ങള്‍ എന്ന് തിരിച്ചറിയപ്പെടുന്നത് മാധ്യമ ലോകത്തെയാകെ അപമാനിതമാക്കും. എ രാജയുടെ സ്‌പെക്ട്രം കുംഭകോണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകളും അനുബന്ധ കഥകളും ഈ വസ്തുത മാധ്യമപ്രവര്‍ത്തകരെ ഓര്‍മ്മിപ്പിക്കുന്നു. എന്തിനും ഏതിനും വശപ്പെടുകയും മറ്റുള്ളവരുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങി വാര്‍ത്തകള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ബര്‍ക്കാദത്തിന്റെയും മറ്റും പാഠങ്ങള്‍ മറക്കാനാവാത്ത അനുഭവങ്ങളായിരിക്കേണ്ടതാണ്. മാധ്യമ ധര്‍മ്മം എന്ന വലിയ കലയെ ഉപേക്ഷിച്ച് മുന്നോട്ടു പോകാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കാര്‍ക്കും കഴിയുകയില്ലെന്നത് മാധ്യമ ലോകത്തുള്ളവരാകെ തിരിച്ചറിയേണ്ടത്. മാധ്യമ ധര്‍മ്മത്തിന് നിരക്കാത്ത നിരയില്‍ മലയാള പത്രപ്രവര്‍ത്തക ലോകത്ത് എണ്ണമില്ലാത്ത വീര്‍ സാംഗ്‌വിമാരും ബര്‍ക്കാദത്തുമാരും പെരുകി വരുന്നുണ്ടെന്നതാണ് ജനാധിപത്യത്തെയും മാധ്യമ ധര്‍മ്മത്തെയുംകുറിച്ച് ചിന്തിക്കുന്നവരെ ആകുലപ്പെടുത്തുന്നത്.

*
ഇന്ദ്രജിത്ത് കടപ്പാട്: ജനയുഗം ദിനപത്രം 14 ഡിസംബര്‍ 2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യന്‍ രാഷ്ട്രീയത്തിലും അധികാര കേന്ദ്രങ്ങളിലും മാധ്യമ പ്രതിഭകള്‍ അനധികൃതമായി സ്വാധീനം ചെലുത്തുന്നുവെന്ന് ഇതിനകം വ്യക്തമായി കഴിഞ്ഞിരിക്കുന്നു. ആരാരെല്ലാം മന്ത്രി പദവിയിലെത്തണമെന്ന് നിശ്ചയിക്കുന്നതുപോലും 'മാധ്യമ പ്രതിഭകള്‍' ആണെന്ന് വന്നിരിക്കുന്നു. രാഷ്ട്രീയ അധികാര നിര്‍ണയത്തില്‍ മാധ്യമ പ്രഭുക്കള്‍ വഹിക്കുന്ന പങ്ക് തെല്ലും ചെറുതല്ലെന്നാണ് നീരാറാഡിയയുടെ ടേപ്പുകള്‍ പുറത്തുവന്നതിലൂടെ വ്യക്തമായിരിക്കുന്നത്.