സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും ലോകം കരകയറാന്‍ തുടങ്ങിയിരിക്കുന്നുവെന്നും അതില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും സുപ്രധാന പങ്ക് വഹിക്കാന്‍ ഉണ്ടെന്നുമാണ് പാശ്ചാത്യ രാജ്യങ്ങളിലെ ഭരണാധികാരികള്‍ ഉല്‍ബോധിപ്പിക്കുന്നത്. ഇന്ത്യയിലെ മാധ്യമങ്ങളും യു പി എ നേതാക്കളും ആഗോള സാമ്പത്തിക തകര്‍ച്ചയിലും ഇന്ത്യ രക്ഷനേടിയെന്നും ലോകത്തെ തകര്‍ച്ചയില്‍ നിന്നും കരകയറ്റാനുള്ള ശക്തിസ്രോതസായി ഇന്ത്യന്‍ സമ്പദ്ഘടന വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നു. ഇന്ത്യയും ചൈനയും ഒരേരീതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും സമീപഭാവിയില്‍ ഇന്ത്യ, ചൈനയെ കടത്തിവെട്ടുമെന്നും പുത്തന്‍ സാമ്പത്തിക നയത്തിന്റെ വക്താക്കള്‍ അവകാശപ്പെടുന്നുണ്ട്.
ലോക സാമ്പത്തിക തകര്‍ച്ചയില്‍ ഏറ്റവും വലിയ ആഘാതം നേരിട്ടത് ബാങ്കിംഗ് മേഖലയ്ക്കാണ്. ഏറ്റവും കൂടുതല്‍ തകര്‍ച്ച നേരിട്ടത് അമേരിക്കന്‍ ബാങ്കിംഗ് മേഖലയാണ്. ഈ തകര്‍ച്ചയില്‍ ഇന്ത്യയിലെ ബാങ്കിംഗ് മേഖലയെ രക്ഷിച്ചത് ഇടതുപക്ഷ കക്ഷികളുടെ ശക്തമായ ഇടപെടല്‍ മൂലമാണ്. ദേശസാല്‍കൃത ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കണമെന്ന കോണ്‍ഗ്രസിന്റെയും യു പി എയുടെയും നിലപാടുകളെ ശക്തമായി എതിര്‍ത്തത് ഇടതുപക്ഷ കക്ഷികളാണ്. അന്ന് ഇടതുപക്ഷ പാര്‍ട്ടികളുടെ പിന്തുണയില്ലാതെ യു പി എയ്ക്ക് ഭരണം നടത്താനാവില്ലായിരുന്നു. സമീപഭാവിയില്‍ ഇന്ത്യ, ചൈനയെ കടത്തിവെട്ടുമെന്ന മുതലാളിത്ത മാധ്യമങ്ങളുടെയും സാമ്പത്തിക വിദഗ്ധരെന്ന് പറയുന്നവരുടെയും പ്രചരണം എത്രത്തോളം ന്യായീകരിക്കാനാവുമെന്ന് പരിശോധിക്കേണ്ടതുണ്ട്. ഈ വാദഗതി ശരിവെയ്ക്കാന്‍ യുക്തിസഹമായ ന്യായങ്ങള്‍ എന്തെങ്കിലും ഉന്നയിക്കുന്നുണ്ടോ?
2010 ലെ ലോക ബാങ്ക് റിപ്പോര്‍ട്ടില്‍ ലോകത്തെ എല്ലാ രാജ്യങ്ങളുടെയും സാമ്പത്തിക സ്ഥിതിവിവര കണക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതില്‍ ശ്രദ്ധേയോടെ നാം പരിശോധിയ്‌ക്കേണ്ടത് ഇന്ത്യയുടെയും ചൈനയുടെയും സാമ്പത്തിക സ്ഥിതിയും അവയുടെ സമ്പദ്ഘടനയും വളര്‍ച്ചാനിരക്കുകളുമാണ്. ഇപ്പോള്‍ ഇന്ത്യയിലെ നേതാക്കളെല്ലാം കൊട്ടിഘോഷിക്കുന്നത് മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ വളര്‍ച്ചാനിരക്കാണല്ലോ? അത് പരിശോധിക്കാം. ലോക ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നത്, ചൈനയുടെ മൊത്തം ദേശീയ വരുമാനം 3893.3 ബില്യണ്‍ ഡോളറും ഇന്ത്യയുടേത് 1215.5 ബില്യണ്‍ ഡോളറുമാണ് എന്നാണ്. അതായത് ഇന്ത്യയുടെ ദേശീയ വരുമാനത്തിന്റെ മൂന്നിരട്ടിയാണ് ചൈനയുടേത് എന്നര്‍ഥം. ആളോഹരി വരുമാനത്തിന്റെ കാര്യത്തിലും ഈ വ്യത്യാസം കാണാം. ലോക ബാങ്ക് റിപ്പോര്‍ട്ട് അനുസരിച്ച് ചൈനയുടെ ആളോഹരി വരുമാനം 2940 ഡോളറും ഇന്ത്യയുടേത് 1070 ഡോളറുമാണ്. ആളോഹരി വരുമാനത്തിന്റെ കാര്യത്തിലും ചൈന ഇന്ത്യയുടേതിനെക്കാള്‍ മൂന്നിരട്ടിയോളമാണ്. മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ വളര്‍ച്ചാനിരക്കാണെങ്കില്‍ ചൈനയുടേത് 8.4 ശതമാനമാണ്. ഇന്ത്യയുടേത് 5.7 ശതമാനവും. താരതമ്യപഠനം നോക്കിയാല്‍ ഇന്ത്യയും ചൈനയും തമ്മില്‍ സാമ്പത്തിക വികസനത്തില്‍ വലിയ അന്തരം ഉണ്ട്. വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്കില്‍ അന്തര്‍ദേശീയ നാണയനിധിയുടെ ഡാറ്റ ബാങ്ക് അനുസരിച്ച് 1980 മുതല്‍ 2000 വരെ ചൈനയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചാനിരക്ക് ശരാശരി 9.5 ശതമാനവും ഇന്ത്യയുടേത് 5.6 ശതമാനവുമാണ്.
വികസനത്തെക്കുറിച്ചുള്ള സങ്കല്‍പങ്ങള്‍ ഇന്ന് ലോകത്താകെ മാറിയിരിക്കുകയാണ്. മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ വികസനമല്ല, ജനങ്ങളുടെ ജീവിത നിലവാരമാണ് വികസനത്തിന്റെ മാനദണ്ഡമായി സ്വീകരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള യു എന്‍ ഡി പി ഓരോ വര്‍ഷവും വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഈ അളവുകോലുകള്‍ വച്ച് ലോകരാഷ്ട്രങ്ങളുടെ പട്ടിക തയ്യാറാക്കുന്നു. 2009 ലെ മനുഷ്യവികസന റിപ്പോര്‍ട്ട് അനുസരിച്ച് ചൈനയുടേത് 92-ാം സ്ഥാനവും ഇന്ത്യയുടേത് 134 ഉം ആണ്. സാമ്പത്തികാവലോകന റിപ്പോര്‍ട്ട് അനുസരിച്ച് 2001 ല്‍ ഇന്ത്യയുടെ സ്ഥാനം 124 ആയിരുന്നത് 2005 ല്‍ 127 ആയി. വികസനത്തില്‍ ചൈന മുന്നോട്ട് പോയി. 2005 ല്‍ 94-ാം സ്ഥാനത്തായിരുന്ന ചൈന 2009 ല്‍ 92 ലെത്തി. അതേസമയം 2001 ല്‍ 124-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2009 ല്‍ 134-ാം സ്ഥാനത്തേയ്ക്ക് പിന്നോട്ട് പോയി.
ആഗോള വ്യാപാരത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും ലോകത്തെ സാമ്പത്തിക തകര്‍ച്ചയില്‍ എന്ത് ചെയ്യാനാവും? 2010 മെയ് നാലിലെ ബിസിനസ് ലൈനില്‍ സാമ്പത്തിക വിദഗ്ദ്ധരായ സി പി ചന്ദ്രശേഖറും ജയന്തി ഘോഷും എഴുതിയ ലേഖനത്തില്‍ ആഗോള വ്യാപാര-ഉല്‍പ്പാദനമേഖലകളില്‍ ഉത്തേജനം നല്‍കാനുള്ള ചൈനയുടെയും ഇന്ത്യയുടെയും കഴിവുകള്‍ അപഗ്രഥിച്ചിട്ടുണ്ട്. വ്യവസായവല്‍കൃത രാഷ്ട്രങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ വിറ്റഴിയുന്നതിനേക്കാള്‍ ആഭ്യന്തര കമ്പോളം വികസിപ്പിച്ച ചൈനയില്‍ സാധ്യതകളേറെയെന്നാണ് അവരുടെ നിഗമനം. ഇന്ത്യയുടെ ആഭ്യന്തര കമ്പോളവികസനം ചൈനയുടെതിനെക്കാള്‍ ഏറെ പിന്നിലാണ്. ഇന്ത്യ, വ്യാപാര കമ്മി നേരിടുന്നു. അതേസമയം ചൈന വന്‍തോതില്‍ വ്യാപാര മിച്ചമുള്ള രാജ്യമാണ്.
ഇന്ത്യയുടെയും ചൈനയുടെയും വികസനത്തെപ്പറ്റി ഡോ അമര്‍ത്യാ സെന്‍, അദ്ദേഹത്തിന്റെ ഇന്ത്യ ഡവലപ്പ്‌മെന്റ് എന്ന പുസ്തകത്തില്‍ ചൈനയുടെ കമ്പോള സമ്പദ്ഘടനയുടെ ബലം നേരത്തെ ഉണ്ടാക്കിയ സാമൂഹ്യ മാറ്റങ്ങളുടെ അടിത്തറയുടെ അടിസ്ഥാനത്തിലാണ് നിലനില്‍ക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, കാര്‍ഷിക പരിഷ്‌കരണം തുടങ്ങിയവയുടെ മാറ്റങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മാത്രമേ ചൈനയില്‍ കമ്പോള സമ്പദ്ഘടന വികസിക്കുന്നതുപോലെ ഇന്ത്യയില്‍ വികസിക്കാന്‍ സാധിക്കുകയുള്ളൂ. മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചാനിരക്കിനെക്കുറിച്ച് അതിശയോക്തിപരമായ വാര്‍ത്തകള്‍ യു പി എ നേതാക്കള്‍ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും എഴുപത്തിയേഴ് ശതമാനം ജനങ്ങളുടെ പ്രതിദിന വരുമാനം ഇരുപത് രൂപയ്ക്ക് താഴെ മാത്രമുള്ള ഇന്ത്യയുടെ ഒരു സമഗ്ര വികസനം ഇതുവഴിമാത്രം സാധ്യമല്ല. ആദ്യം മാറ്റം വരേണ്ടത് ജനങ്ങളുടെ വരുമാനത്തിലും അതിലൂടെ ക്രയശേഷിയിലുമാണ്.
*
ഇ ചന്ദ്രശേഖരന്‍ നായര്‍ കടപ്പാട്: ജനയുഗം ദിനപത്രം 14 ഡിസംബര്‍ 2010
Subscribe to:
Post Comments (Atom)
1 comment:

Post a Comment