പള്ളിക്കുന്നിലെ രാജേന്ദ്രനഗര്‍ കോളനിയില്‍ പകല്‍ ഉണര്‍ന്നിരിക്കുന്നു. 15-ാം നമ്പര്‍ വീട്ടിനു മുന്നിലെ മാവിന്‍ചില്ലകള്‍ക്കിടയിലൂടെ ചാഞ്ഞിറങ്ങുന്ന വെയില്‍നാളങ്ങള്‍. കിളികളും കാക്കകളും അണ്ണാനും സ്വൈരസല്ലാപത്തിലാണ്. 'ജീവന്റെ വഴി'യിലൂടെ നാം അനുഭവിച്ചറിഞ്ഞ ആ മുരിങ്ങയുടെ സഹോദരി കവാടത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നു.
വീടിനോട് ചേര്‍ന്നുനിന്നിരുന്ന മുരിങ്ങ ഒരു വൈകുന്നേരം പൊട്ടിവീണപ്പോള്‍ കഥാകാരന്റെ മനസ്സിലുണ്ടായ വേദനയും പിടച്ചിലും എത്ര തീവ്രമായാണ് 'ജീവന്റെ വഴി' എന്ന കഥ നമ്മെ അനുഭവിപ്പിച്ചത്! ജീവിതത്തിന്റെ മഹാദുരിതങ്ങള്‍ക്കപ്പുറത്ത് വെളിച്ചം കാണിക്കുന്ന എന്തോ ഒന്ന് പത്മനാഭന്‍കഥകള്‍ക്കുണ്ട്. നേര്‍ത്ത ഒരു പ്രത്യാശ.... ഒരിറ്റു കാരുണ്യം....ഒരു കുമ്പിള്‍ ദയ....
1948 ലാണ് പത്മനാഭന്‍ കഥയുടെ രംഗപ്രവേശം. ആദ്യകഥയുടെ പേര് 'കുറ്റവാളി'. 62 വര്‍ഷം കഴിഞ്ഞ്, ഏഴാംപതിറ്റാണ്ടില്‍ 2010 ല്‍ എഴുതിയ കഥ 'കുട്ടന്‍'.
'ജീവന്റെ വഴി' എന്ന ഒരൊറ്റ കഥ മതി വയലാര്‍ അവാര്‍ഡ് പത്മനാഭന് നല്‍കാന്‍ എന്ന എം ലീലാവതിയുടെ വാക്കുകള്‍ അറിയാതെ ഓര്‍ത്തുപോയി. കഥയിലെ മുരിങ്ങ ഇന്നില്ല. ഇപ്പോഴുള്ളത് അതിന്റെ കൂടപ്പിറപ്പാണ്. അതിന്റെ ശാഖികളിലൊന്നില്‍ ഒരു വണ്ണാത്തിപ്പുള്ള് ചിറകനക്കിക്കൊണ്ടിരിക്കുന്നു.
കവാടത്തില്‍ എതിരേറ്റത് 'കുട്ട'നാണ്. ടി പത്മനാഭന്റെ ഒടുവിലത്തെ കഥയിലെ നായകന്‍! കുട്ടനു കൂട്ടായി കുറേ പൂച്ചകളുണ്ട്. കുട്ടന്റെ അമ്മ സുന്ദരി, ഹാപ്പി....അങ്ങനെ പേരുള്ളവരും ഇല്ലാത്തവരും. പിന്നെ കുറേ നാടന്‍നായ്ക്കളും. എല്ലാവരും അങ്ങാടിയില്‍ നിന്ന് അഭയം തേടിയെത്തിയവരാണ്. 'ബ്ളാക്കി'യാണവരുടെ നേതാവ്. ഏകോദര ജീവികളായി കഴിയുന്നവര്‍. തൊടിയിലും വരാന്തയിലും അകത്തളങ്ങളിലുമെല്ലാം അവര്‍ യഥേഷ്ടം കയറിയിറങ്ങുന്നു.
അകത്ത് രാമചന്ദ്രനെ ഓരോരോ കാര്യങ്ങള്‍ പറഞ്ഞേല്‍പിക്കുകയാണ് കഥാകാരന്‍. രാമചന്ദ്രനും 'കുട്ട'നിലെ കഥാപാത്രം തന്നെ. നന്മനിറഞ്ഞ നാട്ടുമ്പുറത്തുകാരന്‍. 'മില്‍മാപാലിന്റെ പായ്ക്കറ്റുകള്‍ അച്ചുവേട്ടന്റെ പീടികയില്‍ നിന്നെടുത്ത് ആ പ്രദേശം മുഴുവന്‍ വിതരണം ചെയ്യുന്ന നല്ലവനായ ശമരിയക്കാരന്‍'. അയല്‍പക്കത്തെ കിണറ്റില്‍ വീണ കുട്ടനെ വീണ്ടെടുത്ത രാമചന്ദ്രന്‍. അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം പിറന്ന പത്മനാഭന്‍കഥയാണ് 'കുട്ടന്‍'.
ജീവിതാനുഭവങ്ങളുടെ നേര്‍ചിത്രങ്ങളാണ് പത്മനാഭന്റെ കഥകള്‍. 'ജീവിതവും സാഹിത്യവും രണ്ടല്ല. എന്റെ കഥ എന്റെ ജീവിതമാണെന്ന് ഞാന്‍ പറയും. എന്റെ കഥകളിലൂടെ, എന്റെ സൃഷ്ടികളിലൂടെ എന്നെ മനസ്സിലാക്കാം.' കഥയില്‍ നിന്ന് വേറിട്ട ജീവിതമോ ജീവിതത്തില്‍ നിന്ന് വേറിട്ട കഥയോ പത്മനാഭനില്ല. കഥയിലും ജീവിതത്തിലും പത്മനാഭന്‍ കുറിച്ചിട്ട വാക്കുകളിലെ സത്യം തിരിച്ചറിഞ്ഞുകൊണ്ടാണ് വീട്ടിനകത്തേക്ക് കയറിയത്.
നടുമുറിയിലെ ഡൈനിങ്ടേബിളിലും ടീപോയിയിലും പത്രങ്ങള്‍, തലേദിവസം തപാലിലെത്തിയ റാപ്പിളകാത്ത ആനുകാലികങ്ങള്‍, പൊട്ടിച്ചതും പൊട്ടിക്കാത്തതുമായ കവറുകള്‍, സ്വദേശത്തുനിന്നും വിദേശത്തുനിന്നും വന്നെത്തിയ ചെറുതും വലുതുമായ പുസ്തകങ്ങള്‍. പുരസ്കാരങ്ങളും പുസ്തകങ്ങളും നിറഞ്ഞ അലമാര. അകത്ത് ഫോണില്‍ സംസാരിക്കുകയാണ് കഥാകാരന്‍. മലയാളകഥയിലെ കാലഭൈരവന്‍.
മനുഷ്യന്റെ പച്ചയായ ജീവിതയാഥാര്‍ഥ്യങ്ങളെ ഇത്രമാത്രം കാവ്യാത്മകമായി അവതരിപ്പിച്ച മറ്റൊരു എഴുത്തുകാരന്‍ നമുക്കില്ല. ഒരു നേര്‍ത്ത സാന്ത്വനത്തിന്റെ ഹിമസ്പര്‍ശത്തോടെ കഥാപാത്രങ്ങളെ സമീപിക്കുമ്പോഴും പത്മനാഭന്‍ അവരുടെ ഉള്ളിലെ പൊള്ളുന്ന കനല്‍ക്കട്ടകള്‍ ഉള്ളംകൈയിലെടുത്ത് നമുക്ക് കാട്ടിത്തരുന്നു.
ഒറ്റവായനയിലൊടുങ്ങാത്ത ഉള്ളുപൊള്ളിക്കുന്ന അനുഭവമായി ആ കഥകള്‍ നമ്മുടെ മനസ്സില്‍ നീറിനില്‍ക്കുന്നു. ജീവിതത്തിന്റെ നാനാവശങ്ങളെ ഇത്ര സുക്ഷ്മമായും മഹത്തരമായും ചെറുകഥയുടെ ചെറുക്യാന്‍വാസില്‍ നിബന്ധിച്ചിട്ടുള്ളവര്‍ പത്മനാഭനെപ്പോലെ മറ്റാരുമില്ല. ധ്വനിസാന്ദ്രമാണ് ആ കഥകള്‍. ഒരുപക്ഷേ, പത്മനാഭന്‍കഥകള്‍ക്ക് ഇത്രയേറെ ഭാവപുഷ്കലതയുണ്ടാകാനുള്ള കാരണവും അതാകാം.
കവിതയോട് അടുത്തു നില്‍ക്കുന്ന ഭാഷ. ഭാവവും സംഗീതവും അസാധാരണമായ കൈയടക്കത്തോടെ കഥയില്‍ ലയിപ്പിച്ചെടുക്കുന്ന രചനാതന്ത്രം. ഒട്ടും സ്ഥൂലമാകാത്ത ശൈലി. ഓജസ്സാര്‍ന്ന ചെറിയ ചെറിയ വാക്യങ്ങളിലൂടെ വലിയ വികാരപ്രപഞ്ചം സൃഷ്ടിക്കുക. തികച്ചും മൌലികവും വ്യത്യസ്തവും കഥാസന്ദര്‍ഭങ്ങളിലൂടെ അനുവാചക മനസ്സിനെ അനുഭൂതിസാന്ദ്രമാക്കുക. പത്മനാഭന്‍കഥകളുടെ മാത്രം സവിശേഷതയാണിത്.
കഥകളില്‍ കാണുന്ന അതിലോലമായ സ്നേഹധാര ജീവിതത്തില്‍ കൊണ്ടുനടക്കാത്ത എഴുത്തുകാരനാണ് ടി പത്മനാഭന്‍. ചിന്തിച്ചുറച്ച് എയ്തുവിടുന്ന വജ്രശരങ്ങളാണ് ഈ എഴുത്തുകാരന്റെ വാമൊഴികള്‍. നിര്‍ദയവും നിരങ്കുശവുമായ വാക്‌ശരങ്ങള്‍. നേരില്‍ ചാലിച്ചെടുത്ത ആ വാക്കുകള്‍ ചില വേളകളില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കാന്‍ പോന്നവയാണ്. അവ പലപ്പോഴും സാഹിത്യലോകത്തിന്റെ അതിരുകള്‍ കടന്ന് സാമൂഹ്യ ജീവിതത്തിലും ചലനങ്ങള്‍ തീര്‍ത്തുകൊണ്ടിരിക്കുന്നു.
ജീവിതത്തിലുടനീളം പൊട്ടിത്തെറിക്കുന്ന ധീരത പുലര്‍ത്തിയ എഴുത്തുകാരനാണ് പത്മനാഭന്‍. പ്രബുദ്ധതയുടെ ധിക്കാരമുണ്ട് ആ വാക്കുകളില്‍. പ്രക്ഷുബ്‌ധമാണ് ആ മനസ്സ്. കേട്ടറിഞ്ഞവര്‍ക്ക് പരുക്കന്‍. അടുത്തറിഞ്ഞവര്‍ക്ക് ആര്‍ദ്രമാനസന്‍.
പത്മനാഭനോടൊപ്പം സംസാരിക്കാനുറച്ചാണെത്തിയത്. എങ്ങനെ തുടങ്ങും? എന്തായിരിക്കും പ്രതികരണം? ആശങ്കയുടെ നിഴല്‍ നീക്കിക്കൊണ്ട് സംസാരിച്ചുതുടങ്ങിയത് കഥാകാരന്‍ തന്നെ. മൃദുവായി, സൌമ്യമായി, വൈകാരികമായി, പ്രക്ഷുബ്‌ധമായി.......ഹൃദയം പകര്‍ന്ന ആ വാക്കുകളില്‍ ലയിച്ച് ഒരുപകല്‍ മുഴുവന്‍.....
'കുട്ട'നെക്കുറിച്ചുതന്നെയാണ് പറഞ്ഞുതുടങ്ങിയത്.
പുതിയ കഥ 'കുട്ട'നാണല്ലോ. പൂച്ചകള്‍, പട്ടികള്‍, കിളികള്‍, കുട്ടികള്‍ ..... പത്മനാഭന്‍കഥകളില്‍ ആവര്‍ത്തിച്ചുവരുന്നുണ്ട് ഈ കഥാപാത്രങ്ങള്‍. അതിന് പ്രത്യേകിച്ചെന്തെങ്കിലും പ്രേരകമായിട്ടുണ്ടോ?
മനുഷ്യരുടെ നീറുന്ന പ്രശ്നങ്ങള്‍ നിരവധിയുള്ളപ്പോള്‍ ഇയാള്‍ പൂച്ചകളെയും പട്ടികളെയും കുറിച്ചെഴുതുന്നു എന്ന് ആക്ഷേപിക്കുന്നവരുണ്ട്. അന്യരുടെ ദുഃഖങ്ങളില്‍, അത് മനുഷ്യരോ പക്ഷികളോ പൂച്ചകളോ എന്തുമാകാം-എപ്പോഴും സഹതപിക്കാറുള്ള എന്റെ മനസ്സ് തന്നെയാകാം അതിനുള്ള പ്രേരകഘടകം.
പരുക്കന്‍ പുറംകുപ്പായമിട്ട് നടക്കുന്ന പത്മനാഭന്റെ കഥകളില്‍ ആര്‍ദ്രതയും സ്നേഹവും കാരുണ്യവും വഴിഞ്ഞൊഴുകുന്നത് കാണാം. കഥയിലെ 'അയാളോ' ജീവിതത്തിലെ പത്മനാഭനോ യഥാര്‍ഥം?
നിങ്ങള്‍ക്കെന്തു തോന്നുന്നു? വേണ്ട. ഞാന്‍ പറയാം. കഥകളിലെ 'അയാള്‍' ആണ് യഥാര്‍ഥ പത്മനാഭന്‍.
അടുപ്പമുള്ളവര്‍ക്ക് ഹൃദയം പറിച്ചുകൊടുക്കുകയും ഇഷ്ടമില്ലാത്തവരെ കടിച്ചുകീറുകയും ചെയ്യുന്ന പ്രകൃതത്തെക്കുറിച്ച്...
അടുപ്പമുള്ളവരോടല്ലേ തുറന്നു പെരുമാറാന്‍ കഴിയൂ. സുഗതകുമാരിയുടെ കവിതയില്‍ പറയുന്നതുപോലെ 'സമാനഹൃദയാ നിനക്കായി പാടുന്നേന്‍'. സമാന മനസ്സില്ലാത്ത അക്ഷരവിരോധികളോട് സംസാരിച്ച് സമയം നഷ്ടപ്പെടുത്തുന്നതെന്തിന്?
പിന്നെ, എന്നെക്കുറിച്ച് പലതും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. കേട്ടവര്‍ക്ക് ഞാന്‍ ഭീകരനാണ്. കണ്ടവര്‍ക്ക് ആര്‍ദ്രഹൃദയനും.
ഒരു സംഭവം കേള്‍ക്കണോ?
കുഞ്ഞുണ്ണിമാഷ് ഒരിക്കല്‍ വീട്ടില്‍ വന്നു. കണ്ണൂരില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്ന വഴിയാണ്. ദേശാഭിമാനിയിലുള്ള ഒരാള്‍ ഉള്‍പ്പെടെ ഒന്നുരണ്ട് ചെറുപ്പക്കാരുമുണ്ട്. ഞാന്‍ അദ്ദേഹത്തെ സ്വീകരിച്ചിരുത്തി. വിശേഷങ്ങള്‍ ആരാഞ്ഞു. വൈകീട്ടത്തെ വണ്ടിക്ക് മടങ്ങേണ്ടതിനാല്‍ അദ്ദേഹം യാത്ര പറഞ്ഞു. തൊഴുകൈയോടെ ഞാന്‍ യാത്രയാക്കി.
ഈ സന്ദര്‍ശനം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ സുകുമാര്‍ അഴീക്കോട് ഒരു പത്രത്തില്‍ അദ്ദേഹത്തിന്റെ കോളത്തിലെഴുതി: 'വീട്ടിലെത്തിയ കുഞ്ഞുണ്ണിമാഷെ പത്മനാഭന്‍ മര്‍ദിച്ച് ഇറക്കിവിട്ടു.' ചിലരെല്ലാം പ്രസംഗിച്ച് നടക്കുകയും ചെയ്തു.
കുഞ്ഞുണ്ണിക്കവിതകളെക്കുറിച്ച് എനിക്ക് വ്യത്യസ്തമായ അഭിപ്രായമാണുള്ളത്. അത് കവിതയല്ല, കടങ്കഥകളാണ്. അദ്ദേഹത്തിന്റെ രചനകളോടുള്ള ഈ അഭിപ്രായം വെച്ചുപുലര്‍ത്തുമ്പോള്‍ തന്നെ വീട്ടിലെത്തിയവരോട് സ്നേഹപൂര്‍വം പെരുമാറാനുള്ള മാന്യത എനിക്കുണ്ട്.
വിമര്‍ശകരോടുള്ള നിലപാട്
ഏതു വിമര്‍ശകനും ഉണ്ടായിരിക്കേണ്ട രണ്ടു കാര്യമുണ്ട്. ഒന്ന് കാര്യവിവരം. മറ്റൊന്ന് സ്വഭാവശുദ്ധി.
ഒരു നാട്ടിന്‍പുറത്തെ കാരണവരുടെ മട്ടും ഭാവവുമുണ്ട് താങ്കളുടെ പെരുമാറ്റത്തില്‍. കഥകളില്‍ അതൊട്ടില്ലതാനും.
സത്യത്തില്‍ ഞാനൊരു നാട്ടിന്‍പുറത്തുകാരന്‍ തന്നെയല്ലേ. മനസ്സിലുള്ളത് മൂടിവെക്കാന്‍ എനിക്കിഷ്ടമില്ല. എന്റെ വിശ്വാസങ്ങളോട് നീതി പുലര്‍ത്താന്‍ എന്നും ശ്രമിച്ചിട്ടുണ്ട്. നമ്മുടെ ഇ കെ നായനാരുടെ വ്യക്തിത്വം എന്നെ വളരെ ആകര്‍ഷിച്ചിട്ടുണ്ട്. തുറന്ന പെരുമാറ്റവും സംസാരവും.
ഏറെക്കാലം ഒരു പൊതുമേഖലാ സ്ഥാപനത്തില്‍ ഉത്തരവാദപ്പെട്ട ജോലിയില്‍ ഇരുന്നയാളാണ് ഞാന്‍. അവിടെ തൊട്ടടുത്തുതന്നെയുള്ള ക്ളബ്ബിലോ ബാറിലോ ഒരിക്കല്‍പോലും ഞാന്‍ പോയിട്ടില്ല. അതിലൊക്കെ ആയുഷ്കാല മെമ്പറായിട്ടുപോലും. അല്ല.. അല്ല.. അങ്ങനെ പറഞ്ഞുകൂടാ. കമ്പനിയിലെ ഒരാളുടെ ശവം കാണാനും പിന്നെ ഒരു കല്ല്യാണ റിസപ്‌ഷനും ഞാന്‍ പോയിട്ടുണ്ട്. അല്ലാതെ, ഇല്ല...ഞാനെന്നും ഒരു ഗ്രാമീണന്‍ തന്നെയായിരുന്നു.
എഴുത്തിലേക്കുള്ള വഴി വായനയാണോ? എന്തൊക്കെയാണ് ആദ്യകാല വായനാനുഭവങ്ങള്‍?
എഴുത്തുകാരനെന്ന നിലയില്‍ എന്റെ ജീവിതത്തില്‍ വലിയ സ്വാധീനമുണ്ടാക്കിയത് വായനയാണ്. എഴുതാനുള്ള കഴിവ് മനസ്സിലെവിടെയോ ആഴത്തില്‍ ഉറങ്ങിക്കിടന്നിരിക്കണം. അത് ജന്മസിദ്ധമായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. അനുകൂല സാഹചര്യം കിട്ടിയപ്പോള്‍ സുഷുപ്തിയിലായിരുന്ന ആ വിത്ത് മുളച്ച് വളര്‍ന്നു വലുതായി. അനുകൂല സാഹചര്യം എന്നു ഞാന്‍ പറയുമ്പോള്‍ അതില്‍ ഒന്നാം സ്ഥാനം വായനയ്ക്കുതന്നെയാണ്. വായന നന്നേ ചെറുപ്പത്തില്‍ തന്നെ ഭ്രാന്തമായ ഒരാവേശമായിരുന്നു. പുസ്തകങ്ങള്‍ കൊണ്ട് വിശപ്പടക്കിയ കാലമായിരുന്നു അത്. ഭൌതികമായ ഇല്ലായ്മകളെ മറികടന്നത് വായനയിലൂടെയായിരുന്നു.
വീട്ടില്‍ എല്ലാവരും വായനക്കാരായിരുന്നു. പ്രത്യേകിച്ചും സ്ത്രീകള്‍. പലപ്പോഴും ഒരു പുസ്തകം കിട്ടിയാല്‍ ആരാണ് അത് ആദ്യം വായിക്കുക എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകുമായിരുന്നു. ഒളിച്ചുവെച്ചും പരസ്പരം കാണാതെയും ഞങ്ങള്‍ പുസ്തകം ആര്‍ത്തിയോടെ വായിച്ചു. അതിലേറെയും നോവലുകളായിരുന്നു. തമിഴില്‍ നിന്നും ഇംഗ്ളീഷില്‍ നിന്നും തര്‍ജമ ചെയ്യപ്പെട്ട ഡിറ്റക്ടീവ് നോവലുകള്‍. പരിമള, രാജമ്മാള്‍, അംഗനാ ചുംബനം തുടങ്ങിയ പേരുകള്‍ ഇപ്പോഴും ഓര്‍മയിലുണ്ട്. എലിമെന്ററി സ്കൂള്‍ കടക്കുന്നതിനു മുമ്പ് അന്ന് മലയാളത്തിലുണ്ടായിരുന്ന മിക്ക നോവലുകളും വായിച്ചുതീര്‍ത്തു.
വലിയ ഒരനുഭവം അന്നുണ്ടായി. എലിമെന്ററി സ്കൂളില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ നാലപ്പാടന്റെ 'പാവങ്ങള്‍' പൂര്‍ണമായും വായിച്ചു തീര്‍ത്തു. കൊച്ചു കുട്ടിയായ എനിക്ക് 'പാവങ്ങള്‍' വായിക്കാന്‍ തന്നത് ഗുരുനാഥന്‍ വാഴയില്‍ ഗോവിന്ദന്‍ വൈദ്യരാണ്. സാഹിത്യത്തിന്റെ നിത്യഭാസുരമായ ലോകത്തേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയതും അദ്ദേഹമായിരുന്നു.
വായനയുടെയും എഴുത്തിന്റെയും വഴിയില്‍ പള്ളിക്കുന്ന് എന്ന ഗ്രാമത്തിന്റെ സ്വാധീനമെന്താണ്?
ഞാന്‍ ജനിച്ചുവളര്‍ന്ന പള്ളിക്കുന്ന് വളരെ മുമ്പു തന്നെ സാഹിത്യത്തിലും സംസ്കാരത്തിലും ആഴത്തില്‍ അടയാളപ്പെടുത്തിയ നാടാണ്. ശങ്കരകവിയും ചെറുശ്ശേരിയും മുതല്‍ വി ഉണ്ണികൃഷ്ണന്‍ നായര്‍ വരെയുള്ളവരുമായി ബന്ധപ്പെട്ടു കിടക്കുന്ന പള്ളിക്കുന്നിലെ മിക്ക വീടുകളിലും പുസ്തകങ്ങളുണ്ടായിരുന്നു. ആളുകള്‍ പൊതുവെ വായിക്കുന്നവരായിരുന്നു.
സാമാന്യം നല്ല ഗ്രന്ഥശേഖരമുണ്ടായിരുന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ലൈബ്രറിയില്‍ നിന്ന് അവിടുത്തെ പരിചയക്കാരായ ഉദ്യോഗസ്ഥര്‍ മുഖേന പുസ്തകങ്ങള്‍ കിട്ടാനുള്ള സൌകര്യം എനിക്കുണ്ടായിരുന്നു. അതുപോലെ ചിറക്കല്‍ രാജാസ് സ്കൂളില്‍ നിന്നും. നല്ല കുറേ വായനശാലകളും അന്നുണ്ടായിരുന്നു. കൊറ്റാളിയിലെ ദേശാഭിവര്‍ധിനി വായനശാല, ഉദയം കുന്നിലെ ടാഗോര്‍ സ്മാരക വായനശാല, ഇടച്ചേരിയിലെ 'ചെത്തുമുക്കി'ലെ വായനശാല. അവിടെ ചെന്നിരുന്നാണ് വായന. പുസ്തകങ്ങള്‍ വീട്ടിലേക്ക് കൊണ്ടുവരണമെങ്കില്‍ അംഗമാകണമല്ലോ. ഞാന്‍ ഒരിടത്തും അംഗമായിരുന്നില്ല.
രസകരമായ ഒരുകാര്യം കൂടിയുണ്ട്. ഈ വായനശാലകളില്‍ നിന്ന് ഞാന്‍ കാര്യമായ സാഹിത്യ ഗ്രന്ഥങ്ങളൊന്നും വായിച്ചില്ല. എല്ലാം രാഷ്ട്രീയ ഗ്രന്ഥങ്ങള്‍. ഇന്ന് കൊല്ലങ്ങള്‍ക്കുശേഷം അതിനെക്കുറിച്ചെല്ലാം ഓര്‍ക്കുമ്പോള്‍ ഒരു പ്രത്യേകത ഞാന്‍ കാണുന്നു. ആ വായനശാലകളുടെയെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ കമ്യൂണിസ്റ്റുകാരായ തൊഴിലാളി സഖാക്കളായിരുന്നു. അറിവിന്റെ വെളിച്ചം നാട്ടുകാരിലെത്തിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഈ ലക്ഷ്യം നേടുന്നതില്‍ അവര്‍ വിജയിക്കുകയും ചെയ്തു.
വായനയുണ്ടാക്കിയ കരുത്തിലാണല്ലോ കഥയെഴുത്തിലേക്കെത്തിയത്. എങ്ങനെയായിരുന്നു ആദ്യ കഥയുടെ പിറവി?
കഥയെഴുതാന്‍ തിരുമാനിച്ചുറച്ചു എഴുതുകയായിരുന്നില്ല. ഒരു ദിവസം അറിയാതെ കഥയിലേക്ക് എത്തിച്ചേരുകയായിരുന്നു. സമയമാകുമ്പോള്‍ പക്ഷിക്കുഞ്ഞ് കൂട് കൊത്തിപ്പൊട്ടിച്ച് പുറത്തു വരുന്നതുപോലെ.
കവിതയില്‍ ചില ശ്രമങ്ങള്‍ നടത്തിയതായി കേട്ടിട്ടുണ്ട്.
ശരിയാണ്. തുടക്കത്തില്‍ ഒന്നു രണ്ടു കവിതകള്‍ എഴുതിയിരുന്നു. പിന്നീടാണ് അത് എന്റെ തട്ടകമല്ല എന്നു മനസ്സിലായത്.
വളരെ കുറച്ചുമാത്രം എഴുതിയ ഒരാളാണ് ടി പത്മനാഭന്‍. എഴുത്തിന്റെ അറുപതാണ്ടുകള്‍ പിന്നിട്ടപ്പോഴും നൂറ്റെഴുപതില്‍ താഴെ കഥകള്‍ മാത്രം! എന്തുകൊണ്ടാണ് കൃതികളുടെ ഈ എണ്ണച്ചുരുക്കം?
മറ്റ് എഴുത്തുകാരുമായി തട്ടിച്ചുനോക്കിയാല്‍ തീര്‍ച്ചയായും വളരെ കുറച്ചുമാത്രം എഴുതിയ ഒരു കഥാകൃത്താണ് ഞാന്‍. എഴുതണം, എഴുതിയേ തീരൂ എന്ന് തോന്നുമ്പോഴേ ഞാന്‍ എഴുതാറുള്ളു. കാശും പ്രശസ്തിയുമൊക്കെ നല്ലതു തന്നെ. പക്ഷേ, ഇവയ്ക്കായി മാത്രം ഞാന്‍ ഒരിക്കലും എഴുതിയിട്ടില്ല. ഒരു ബീജം ലഭിച്ചാല്‍ ഞാന്‍ അത് മനസ്സിന്റെ ഉള്ളറയില്‍ സൂക്ഷിച്ചുവെക്കും. ചിലപ്പോള്‍ കൊല്ലങ്ങള്‍ കഴിഞ്ഞിട്ടാവും അത് പുറത്തെടുത്ത് പരിശോധിക്കുക. ഇങ്ങനെ കൊല്ലങ്ങളോളം എഴുതാതെ ഉള്ളില്‍ കൊണ്ടുനടന്ന ബീജമാണ് 1996ല്‍ 'പുഴ കടന്ന് മരങ്ങളുടെ ഇടയിലേക്ക് ' എന്ന കഥയായി മാറിയത്. സാഹിത്യത്തില്‍ എണ്ണത്തില്‍ വലിയ കാര്യമൊന്നുമില്ലെന്ന് കരുതുന്ന ഒരാളാണ് ഞാന്‍. എത്രയെഴുതി എന്നല്ല, എന്തെഴുതി എന്നതാണ് പ്രധാനം.
എന്റേത് ചെറിയ കഥകളാണ്. ചെറുകഥകള്‍. ശ്രമിച്ചാല്‍ ഏതു വിഡ്ഡിക്കും ഒരു നോവലെങ്കിലും എഴുതാന്‍ കഴിഞ്ഞേക്കും.
ചെറുകഥകള്‍ കൊണ്ടുതന്നെ നിലനില്‍ക്കാന്‍ കഴിയുമോ എന്നുനോക്കട്ടെ.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ പരിസരവും പള്ളിക്കുന്നും താങ്കളുടെ ബാല്യകൌമാരങ്ങള്‍ക്ക് വിരുന്നേകിയ സ്ഥലമാണ്. എന്നാല്‍ സ്ഥലകാലനിര്‍ണയങ്ങള്‍ കഥകളില്‍ വളരെ ചുരുക്കമായേ വരുന്നുള്ളൂ.
ബോധപൂര്‍വം കഥകളിലെ സ്ഥലകാലസൂചനകള്‍ ഒഴിവാക്കുകയായിരുന്നു. മഹത്തായ ഒരു സൃഷ്ടിയും കാലത്തിന്റെയും ദേശത്തിന്റെയും അതിര്‍ത്തികളില്‍ തളച്ചിടപ്പെടരുത്. കാലാതിവര്‍ത്തിയും ദേശാതിവര്‍ത്തിയുമാണ് കല. കഥയും അങ്ങനെ തന്നെ.
പിന്നെ, പള്ളിക്കുന്നിനെക്കുറിച്ച് പറഞ്ഞല്ലോ. ബാല്യ കൌമാരങ്ങള്‍ പിന്നിട്ടതെങ്കിലും ഞാന്‍ പള്ളിക്കുന്നുകാരനായല്ല ജീവിച്ചത്. പള്ളിക്കുന്നിന് പടിഞ്ഞാറ് ഇടുങ്ങിയ ചിന്താഗതിക്കാരായ നായന്മാരുടെ അഗ്രഹാരമായിരുന്നു. കിഴക്ക് ജയില്‍ പരിസരവും. ഞാന്‍ പോയത് കിഴക്കോട്ടാണ്. അവിടെ ജയില്‍ വാര്‍ഡന്മാരുടെ മക്കളോടൊപ്പമാണ് സഹവാസം. തുച്ഛമായ ശമ്പളം കൊണ്ട് അരിഷ്ടിച്ച് ജീവിക്കുന്നവരായിരുന്നു ജയില്‍ ജീവനക്കാര്‍. അവരില്‍ തമിഴരുണ്ട്, തെലുങ്കരുണ്ട്, കന്നഡക്കാരുണ്ട്. അവരുടെ ഭാഷയും പെരുമാറ്റങ്ങളുമായി അടുത്തിടപഴകിയതിനാല്‍ ഇവിടുത്തെ നാട്ടുഭാഷ എന്നെ സ്വാധീനിച്ചില്ല.
ഞാന്‍ പഠിച്ചതും ഇവിടെയായിരുന്നില്ലല്ലോ. ചിറക്കല്‍ ഹൈസ്കൂളിലെ അക്കാലത്തെ കുട്ടികളെല്ലാം തലശേരി ബ്രണ്ണന്‍ കോളേജിലേക്കാണ് ഉപരിപഠനത്തിന് വണ്ടികയറിയിരുന്നത്. പാസഞ്ചറില്‍ പോയിവരും. ഞാന്‍ തലശേരിയിലേക്ക് പോയില്ല. മംഗലാപുരത്താണ് കോളേജ് പഠനം. പല രീതിയിലുള്ള മനുഷ്യരുമായി ഇടപഴകാന്‍ അവസരമുണ്ടായി. അതുകൊണ്ട് ഒരു കോസ്മോപൊളിറ്റന്‍ അന്തരീക്ഷത്തില്‍ വളരാനായി. ജയില്‍ പരിസരത്തെ ജീവിതത്തില്‍നിന്നെന്നപോലെ നായന്മാരുടെ അഗ്രഹാരത്തിലെ കുടുസ്സു ജീവിതത്തില്‍ നിന്നും അങ്ങനെ പുറത്തുചാടാനായി.
പത്മനാഭന്‍ കഥകള്‍ ആറുപതിറ്റാണ്ടിലേറെയായി മലയാളിക്കൊപ്പമുണ്ട്. ഈ ആറു പതിറ്റാണ്ടിനിടയില്‍ മലയാള സാഹിത്യത്തില്‍ ഋതുഭേദങ്ങള്‍ ഏറെയുണ്ടായി. പത്മനാഭന്‍ കഥകള്‍ മാത്രം എന്തേ ഈ ഋതുക്കള്‍ക്കനുസരിച്ച് മാറിയില്ല.
ഇത് ആക്ഷേപമായി പറയുന്നവരും ഉണ്ട്. സാഹിത്യപ്രസ്ഥാനങ്ങളുടെ വേലിയേറ്റങ്ങളിലും വേലിയിറക്കങ്ങളിലും എനിക്ക് വലിയ താല്‍പര്യമില്ല.
കഥയെ കവിതയോടടുപ്പിച്ച കഥാകാരനാണ് പത്മനാഭന്‍ എന്ന നിരീക്ഷണമുണ്ടല്ലോ. കവിതയോട് ഒരു ആരാധന ഉണ്ടോ?
തീര്‍ച്ചയായും. കവിതകള്‍ വളരെ ഇഷ്ടമാണ്. മലയാളത്തിലേത് മാത്രമല്ല. ഇംഗ്ളീഷിലേതും.
ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നത് കുമാരനാശാന്റെ കവിതകളാണ്. വാചകങ്ങളെ മൂന്നായി വെട്ടി അട്ടിവെച്ച ഇന്നത്തെ കവിതകള്‍പോലെയുള്ളതല്ല ആശാന്‍കവിതകള്‍. അവയെല്ലാം എനിക്ക് ഹൃദിസ്ഥമാണ്.ആശാന്റെ സമകാലികരായ വള്ളത്തോളും ഉള്ളൂരും മഹാകാവ്യമെഴുതി മഹാകവികളായവരാണ്. ആശാന്‍ മഹാകാവ്യമെഴുതിയില്ല. എന്നിട്ടും മഹാകവിയായി. കഥകളുടെ പിന്‍ബലം കൊണ്ടുമാത്രം എന്നെയും മഹാകവിയെന്ന് വിളിപ്പിക്കാന്‍ പറ്റുമോ എന്നു നോക്കട്ടെ.
ഭാഷയെക്കുറിച്ച്?
ഭാഷയുടെ കാര്യത്തില്‍ ഞാന്‍ വളരെയധികം ശ്രദ്ധിക്കാറുണ്ട്. ഭാഷാശുദ്ധിക്കുവേണ്ടി വാദിച്ച ഒരാളാണ് ഇ എം എസ്. ഒരു തെറ്റായ വാക്കോ വാക്യമോ അദ്ദേഹത്തിന്റെ രചനയില്‍ കണ്ടെത്താനാവുമോ. ഇ എം എസ് ഭാഷയില്‍ ഒരിക്കലും വെള്ളം ചേര്‍ത്തിട്ടില്ല. ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ ഏറ്റവും വലിയ അനുയായിയും ആരാധകനുമാണ് ഞാന്‍.
കറകളഞ്ഞ കാല്‍പനികനെന്ന് താങ്കള്‍ സ്വയം വിശേഷിപ്പിച്ചിട്ടുണ്ട്. ജീര്‍ണിച്ച കാല്‍പനികതയിലാണ് പത്മനാഭന്‍ ഇന്നും നില്‍ക്കുന്നത് എന്ന് ചിലരെങ്കിലും ആക്ഷേപിച്ചിട്ടുണ്ട്. കാല്‍പനികനെന്ന് ബ്രാന്റ് ചെയ്യപ്പെടുന്നതില്‍ താങ്കള്‍ക്കും പങ്കുണ്ടെന്നു പറഞ്ഞാല്‍?
കാല്‍പനികത മോശമാണെന്നോ ദോഷമാണെന്നോ ഞാന്‍ ഒരിക്കലും വിശ്വസിച്ചിട്ടില്ല. മാര്‍ക്സിനെക്കുറിച്ച് ഞാന്‍ എപ്പോഴും പറയാറുണ്ടല്ലോ. മാര്‍ക്സിന് വലിയൊരു കാല്‍പനിക മനസ്സ് സൂക്ഷിക്കാമെങ്കില്‍ എനിക്കുമാകാം. ചെഗുവേര കാല്‍പനികനായിരുന്നില്ലേ? ലോകം കണ്ട ഏറ്റവും വലിയ കാല്‍പനികനാണ് ചെഗുവേരയെന്ന് ഞാന്‍ പറയും. വരാന്‍ പോകുന്ന നല്ലകാലത്തെക്കുറിച്ച് സ്വപ്നം കാണുന്നവന്‍ കാല്‍പനികനല്ലാതെ മറ്റാരാണ്? ക്യൂബയ്ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ഫിഡല്‍ കാസ്ട്രോ വിപ്ളവം മതിയാക്കി. എന്നാല്‍ ചെഗുവേര അടിമ രാജ്യങ്ങള്‍ തേടി നടക്കുകയായിരുന്നു. മോചിപ്പിക്കാന്‍. തന്റെ കാല്‍പനിക സ്വപ്നം സാക്ഷാത്കരിക്കാന്‍....
രാഷ്ട്രീയ പരാമര്‍ശങ്ങളുള്ള രചനകള്‍ പത്മനാഭന്‍കഥകളിലുണ്ട്. ഒരു കള്ളക്കഥ, ഇരുട്ടിന്റെ നഗരം, ഒരു പാത്രവില്‍പനക്കാരന്റെ കഥ തുടങ്ങിയവ. ഇത്തരം കഥകള്‍ ഉള്‍പ്പെടുത്തി 'പത്മനാഭന്റെ രാഷ്ട്രീയ കഥകള്‍' പുറത്തുവന്നു. എങ്ങനെയാണ് സമകാലീന രാഷ്ട്രീയത്തെ വിലയിരുത്തുന്നത്.
രാഷ്ട്രീയ വിഷയങ്ങള്‍ താല്‍പര്യത്തോടെ എന്നും നിരീക്ഷിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരകാലത്ത് രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്നു. നാല്‍പതുകളില്‍ ചിറക്കല്‍ താലൂക്ക് സ്റ്റുഡന്‍സ് കോണ്‍ഗ്രസ് സെക്രട്ടറിയായിരുന്നു. പലയിടത്തും പോയി പ്രസംഗിച്ചിട്ടുണ്ട്. 1943 മുതല്‍ ഖാദി ധരിക്കാന്‍ തുടങ്ങിയതാണ്. ഇതേ ഖാദി ഉടുത്തുകൊണ്ടാണ് വിദേശരാജ്യങ്ങളില്‍ പലകുറി ഞാന്‍ യാത്ര ചെയ്തത്.
സാതന്ത്ര്യം കിട്ടിയ ഉടനെ ഞാന്‍ ഉറപ്പിച്ചു, ഇല്ല. ഇത് നന്നാവില്ല. ഈ കോണ്‍ഗ്രസ് നേരെയാവില്ല. അതിനു ശേഷം ഖദറിടുന്നതല്ലാതെ മറ്റൊരു ബന്ധവും എനിക്ക് അവരുമായിട്ടില്ല.
കോണ്‍ഗ്രസ് ഉപേക്ഷിക്കാന്‍ പ്രത്യേകിച്ചെന്തെങ്കിലും കാരണം?
കേളപ്പനെ തിരിച്ചറിയാത്തവര്‍ എന്തു കോണ്‍ഗ്രസ്സുകാരാണ് ? ക്ഷേത്ര പ്രവേശനത്തിന് വേണ്ടി കെ കേളപ്പനും എ കെ ജിയും സത്യഗ്രഹം കിടന്നപ്പോള്‍ അവരുടെ തലയില്‍ചുണ്ണാമ്പ് കലക്കി ഒഴിച്ചവരാണ് കോണ്‍ഗ്രസുകാര്‍. അതിന് നേതൃത്വം കൊടുത്ത കോണ്‍ഗ്രസുകാരന്‍ പള്ളിക്കുന്നിലെ ഒരു നായരായിരുന്നു. സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ കേളപ്പന്‍ കോണ്‍ഗ്രസ്സിന് പുറത്തായി. അദ്ദേഹത്തിന്റെ തലയില്‍ ചുണ്ണാമ്പുവെള്ളമൊഴിച്ചവര്‍ തലപ്പത്തുമായി. ഇക്കാര്യം ആരുമറന്നാലും ഞാന്‍ മറക്കില്ല. അന്നു വിടപറഞ്ഞതാണ് ആ പാര്‍ടിയോട്.
പക്ഷേ, കോണ്‍ഗ്രസ് നശിക്കരുത്. നിലനില്‍ക്കണം. സിപിഐഎമ്മും ശക്തിപ്പെടണം. അമേരിക്കയിലും ബ്രിട്ടനിലുമുള്ളപോലെ രണ്ടു പാര്‍ടികള്‍ ശക്തമായി നിലനില്‍ക്കണം. എങ്കിലേ ജനാധിപത്യം കരുത്താര്‍ജിക്കു. യു പി എ സര്‍ക്കാറിനുള്ള പിന്തുണ ഇടതുപാര്‍ടികള്‍ പിന്‍വലിച്ചപ്പോള്‍ ദുഃഖിച്ച ഒരാളാണ് ഞാന്‍. കുറേയധികം കാര്യങ്ങള്‍ ആ ഗവണ്‍മെന്റിനെക്കൊണ്ട് ചെയ്യിക്കാന്‍ സിപിഐഎമ്മിന് കഴിഞ്ഞിരുന്നു.
നിലവിലുള്ള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സംതൃപ്തനണോ?
ഒട്ടും അല്ല. കോണ്‍ഗ്രസിന്റെ പതനം ഏറ്റവും ദയനീയമാണ്. ഏറ്റവും ഒടുവിലത്തെ ഒരു ഉദാഹരണം പറയാം. ഇന്ത്യയില്‍ വിമാനകമ്പനി തുടങ്ങാന്‍ രത്തന്‍ ടാറ്റയോട് 150 കോടിരൂപ ഒരു കേന്ദ്ര ക്യാബിനറ്റ് മന്ത്രി കൈക്കൂലി ചോദിച്ചതായി അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നു. കോഴ കൊടുത്തിട്ട് കമ്പനി തുടങ്ങേണ്ടെന്ന് തീരുമാനിച്ച രത്തന്‍ ടാറ്റയിലാണ് എനിക്കു വിശ്വാസം; 'മഹാന്മാരായ' കല്‍മാഡിമാരുടെയും കെ വി തോമസുമാരുടെയും കോണ്‍ഗ്രസ്സല്ലേ.
ഒരുകാര്യമുണ്ട്. നൂറ്റിയമ്പതുവര്‍ഷമായിട്ടും കോണ്‍ഗ്രസ് ഇത്രയല്ലേ കെട്ടുപോയിട്ടുളളൂ. ചുരുങ്ങിയ കാലം ഭരിച്ച ബിജെപിയുടെ സ്ഥിതിയെന്താണ്?
ഇടതുപക്ഷത്തെക്കുറിച്ച്
പറഞ്ഞല്ലോ. കമ്യൂണിസ്റ്റ് പാര്‍ടി കരുത്താര്‍ജിക്കണം. ഞാന്‍ എക്കാലവും ആദരിക്കുന്ന നേതാവാണ് പി കൃഷ്ണപിള്ള. സ്വാതന്ത്ര്യ സമരകാലത്ത് കോണ്‍ഗ്രസ്സുകാരുടെ അടിയേറ്റ് തലപൊട്ടി ചോരയൊഴുകിക്കൊണ്ടിരുന്ന കൃഷ്ണപിള്ളയെ കണ്ണൂര്‍ മുനീശ്വരന്‍ കോവിലിനുമുന്നിലൂടെ കുറേയാളുകള്‍ എടുത്തുകൊണ്ടുപോകുന്നത് കണ്ടിട്ടുണ്ട്. ഞാന്‍ അതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. മറ്റുള്ളവര്‍ക്കുവേണ്ടി ജീവന്‍ കൊടുത്തുപോരാടുന്നവരെ എനിക്ക് ഇഷ്ടമാണ്. പാര്‍ടിയുടെ നിറം നോക്കിയല്ല നന്മ നോക്കിയാണ് ഞാനെന്നും ആളുകളെ ഇഷ്ടപ്പെട്ടിട്ടുള്ളത്.
കാശിയില്‍വെച്ച് എനിക്ക് മറക്കാനാവാത്ത ഒരനുഭവമുണ്ടായി. ഭാരതത്തിന്റെ പൌരാണിക പൈതൃകങ്ങളുടെ സ്‌മൃതികളുറങ്ങുന്ന നഗരമാണത്. പുരാതന സംഗീതപാഠശാലകളും തിരക്കേറിയ തെരുവുകളും ഇടുങ്ങിയ ഇടനാഴികളുമുള്ള കാശി. ബിസ്മില്ലാഖാനെപ്പോലുള്ള സംഗീത പ്രതിഭകളുടെ നാട്.
അവിടെ, ഗംഗയുടെ കരയില്‍ കാശിരാജാവിന്റെ കൊട്ടാരമുണ്ട്. കൊട്ടാരത്തിന്റെ ചത്വരത്തില്‍ മൂന്നു റോഡുകള്‍ സംഗമിക്കുന്നു. റോഡുകളെന്നു പറഞ്ഞാല്‍ തീരേ ഇടുങ്ങിയവ. കൊട്ടാരത്തില്‍ നിന്ന് രാംനഗറിലേക്കുള്ള പാതയില്‍ കഷ്ടിച്ച് രണ്ട് ഫര്‍ലോങ് അകലെയാണ് ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ വീട്. ശാസ്ത്രിയുടെ വീടു കാണാന്‍ ഞാന്‍ പോയിരുന്നു. ചെറിയൊരുവീട്. ശാസ്ത്രിയുടെ അച്ഛന്റെ സഹോദരങ്ങളുടെ മക്കളാണ് ഇപ്പോള്‍ അവിടെയുള്ളത്.
പാതയോരത്ത് ലെസ്സി വില്‍ക്കുന്ന ഒറ്റമുറി പീടികയുണ്ട്. ഔഷധസസ്യങ്ങളുടെ ഇലകളരിഞ്ഞു ചേര്‍ത്ത് മസാലപ്പൊടി വിതറിയ രസികന്‍ ലെസ്സി. എനിക്കത് അമൃതാണ്. സ്വദേശികളും വിദേശികളുമായി ചിലര്‍ ലെസ്സി കഴിക്കുന്നുണ്ട്. ഒരു ചെറിയ മണ്‍പാത്രത്തില്‍ നിറഞ്ഞു തുളുമ്പുന്ന ലെസ്സി പീടികക്കാരന്‍ എനിക്കുനേരെ നീട്ടി. നല്ല വൃത്തിയും വെടിപ്പുമുള്ള ചെറിയ മനുഷ്യന്‍. അത് ആരാണെന്നറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. സാക്ഷാല്‍ ലാല്‍ ബഹദുര്‍ ശാസ്ത്രിയുടെ അനുജന്‍. ഭാരതത്തിന്റെ പ്രധാനമന്ത്രിയായിരുന്ന, 'ജയ് ജവാന്‍, ജയ് കിസാന്‍' എന്ന മുദ്രാവാക്യം രാജ്യത്തിന് നല്‍കിയ മഹാനായ നേതാവിന്റെ സഹോദരന്‍.
ഈ ലാളിത്യമെവിടെ? നമ്മുടെ മഹാന്മാരായ പുതിയ നേതാക്കളുടെ ജീവിതമെവിടെ?
രാഷ്ട്രീയ കാര്യങ്ങളിലേക്ക് അറിയാതെയാണെങ്കിലും കടന്നു. ഒന്നുകൂടി ചോദിക്കട്ടെ. മതവും രാഷ്ട്രിയവും നമ്മുടെ രാഷ്ട്രീയാന്തരീക്ഷത്തില്‍ ഒരിക്കല്‍കൂടി ചര്‍ച്ചയായിരിക്കുന്നു. എന്താണ് ഇതേക്കുറിച്ച് പറയാനുള്ളത്?
രാഷ്ട്രീയ കാര്യങ്ങളില്‍ ഒരു തരത്തിലും മതം ഇടപെടാന്‍ പാടില്ല. അത് ഏതു മതമായാലും. അതുപോലെ വര്‍ഗീയതയോട് ഒരുവിധത്തിലുള്ള വിട്ടുവീഴ്ചയും പാടില്ല. വര്‍ഗീയതയ്ക്ക് ന്യൂനപക്ഷ ഭൂരിപക്ഷ ഭേദമില്ല. ഏതു രൂപത്തില്‍ പ്രത്യക്ഷപ്പെട്ടാലും വര്‍ഗീയത വര്‍ഗീയതതന്നെയാണ്. താല്‍ക്കാലിക ലാഭത്തിനു വേണ്ടി രണ്ടു ഭാഗത്തുമുള്ള രാഷ്ട്രീയപാര്‍ടികള്‍ വര്‍ഗീയതയെ പ്രീണിപ്പിക്കുന്നുണ്ട്. ഇത് പുലിയുടെ പുറത്ത് സവാരി ചെയ്യുന്നതുപോലെ അപകടകരമാണ്.
രാഷ്ട്രീയാനുഭവങ്ങളും പ്രതികരണങ്ങളും എഴുതിക്കൂടെ?
ആലോചിച്ചിട്ടില്ല. ചെറിയൊരു ലേഖനം ഒരു മാസികയ്ക്കുവേണ്ടി ഇപ്പോള്‍ തയാറാക്കുന്നുണ്ട്.
(പുറത്ത് മീന്‍കാരനെത്തി. നമ്മുടെ അന്തേവാസികളുടെ 'പ്രസാദ'ത്തിന്റെ സമയമായി എന്നുപറഞ്ഞ് കഥാകാരന്‍ പ്ളാസ്റ്റിക് കൂടയുമായി പുറത്തേക്ക്. കൂട നിറയെ മീന്‍ വാങ്ങി അകത്തും പുറത്തുമുള്ള പൂച്ചകള്‍ക്കും നായ്ക്കള്‍ക്കുമെല്ലാം വീതിച്ചുനല്‍കി. സമൃദ്ധമാണ് അവരുടെ ജീവിതം. അങ്ങാടിയില്‍ നിന്നെത്തുന്ന റൊട്ടിയും പാലും ബിസ്കറ്റുമെല്ലാം അവര്‍ക്കുവേണ്ടിമാത്രമാണ്. അവരെ ഊട്ടിയശേഷം സാവധാനത്തില്‍ വീണ്ടും സംസാരത്തിലേക്ക്....)
ഫാക്റ്റില്‍ ഡപൂട്ടി ജനറല്‍ മാനേജരായി വിരമിച്ചയാളാണല്ലോ താങ്കള്‍. അക്കാലത്തെ അനുഭവങ്ങള്‍ എഴുതാത്തതെന്തേ?
എനിക്ക് വേണമെങ്കില്‍ റിട്ടയര്‍ ചെയ്തശേഷം കൊല്ലങ്ങളോളം നീണ്ടുനില്‍ക്കുന്ന ഒരു സര്‍വീസ് സ്റ്റോറി എഴുതാമായിരുന്നു. അതിനുമാത്രമുള്ള അനുഭവങ്ങളും രേഖകളും എന്റെ കൈയിലുണ്ട്. ഞാനത് എഴുതില്ല.
എന്തുകൊണ്ടാണെന്നു ചോദിച്ചാല്‍, അത് എന്റെ കമ്പനിയാണ്. എനിക്ക് കുടിക്കാന്‍ കഞ്ഞി തന്ന കമ്പനി. ആ കമ്പനിയുടെ പേര് ചീത്തയാക്കുന്നതൊന്നും ഞാന്‍ എഴുതില്ല.
പത്മനാഭന്‍കഥകള്‍ തന്നെയാണ് അദ്ദേഹത്തിന്റെ ആത്മകഥ എന്ന് എസ് ജയചന്ദ്രന്‍ നായര്‍ വിലയിരുത്തിയിട്ടുണ്ട്. ഈ കാഴ്ചപ്പാട് ശരിവെക്കുന്നതുകൊണ്ടാണോ ആത്മകഥയെഴുതാത്തത്?
ആത്മകഥ ഞാന്‍ എഴുതില്ല. ഒരു ഐഎഎസുകാരനോ ഐപിഎസുകാരനോ ആയിരുന്നെങ്കില്‍പോലും ഞാന്‍ ആത്മകഥ എഴുതുമായിരുന്നില്ല.
അപ്രിയസത്യങ്ങള്‍ വിളിച്ചു പറയുന്ന എഴുത്തുകാര്‍ നമുക്ക് അധികമില്ല. ഒരു പത്മനാഭന്‍. അല്ലെങ്കില്‍ ഒരു അഴീക്കോട്. എല്ലാറ്റിനോടും സമരസപ്പെട്ടുപോകാനുള്ള എഴുത്തുകാരന്റെ താല്‍പര്യം നമ്മുടെ കാലഘട്ടത്തിന്റെ ദുരന്തമാണോ?
എന്റെ സ്വഭാവത്തിലെ ഒരു വശം മാത്രമാണിത്. വേണമെങ്കില്‍ ഒരു'മെന്റല്‍ മേക്കപ്പ് ' എന്ന് ഇതിനെ വിളിക്കാം. പിന്നെ, കൈ നനയാതെ മീന്‍ പിടിക്കാം എന്ന് വിചാരിക്കുന്നവരെപ്പറ്റി ഞാന്‍ എന്തു പറയാനാണ്.
കുറേ വര്‍ഷമായി ഞാന്‍ ഈ രംഗത്തുള്ളയാളാണ്. കുറേയേറെ അനുഭവങ്ങളുമുണ്ട്. അമ്പതുകളില്‍ ഞാന്‍ കുറച്ചുകാലം മദ്രാസില്‍ ഉണ്ടായിരുന്നു. അവിടുത്തെ കേരളസമാജം കമ്യൂണിസ്റ്റുകാരുടെ സൃഷ്ടിയാണ്. സമാജം സാഹിതിസപര്യ എന്ന പേരില്‍ ആഴ്ചതോറും സാഹിത്യചര്‍ച്ച നടത്തും. ഞാന്‍ അവിടെ പതിവുകാരനായിരുന്നു. കെ എ കൊടുങ്ങല്ലൂരും എ പി കുഞ്ഞിക്കണ്ണനും മറ്റ് പ്രസിദ്ധരായ പലരും ആ ചര്‍ച്ചകളില്‍ പങ്കുകൊണ്ടിരുന്നു. എം എന്‍ വിജയന്‍ അന്ന് മദ്രാസിലുണ്ടായിരുന്നെങ്കിലും ഒരിക്കല്‍ പോലും ആ വഴിക്ക് വന്നിരുന്നില്ല. എന്നുമുതലാണ് അദ്ദേഹം മാര്‍ക്സിസ്റ്റ് സാഹിത്യകാരനായത് എന്നറിയില്ല.
അവാര്‍ഡ് നിഷേധത്തിലൂടെ വിവാദങ്ങള്‍ ഉയര്‍ത്തിവിട്ട എഴുത്തുകാരനാണല്ലോ താങ്കള്‍. അക്കാദമി അവാര്‍ഡുകള്‍ നിഷേധിച്ചതിനുശേഷം മറ്റുചില അവാര്‍ഡുകള്‍ സ്വീകരിക്കുകയും ചെയ്തു. എന്താണ് അവാര്‍ഡ് സ്വീകരിക്കുകയും നിഷേധിക്കുകയും ചെയ്യുന്നതിന്റെ മാനദണ്ഡം?
ഒരു അവാര്‍ഡും വാങ്ങുകയില്ലെന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. എതിര്‍പ്പിനുവേണ്ടിയുള്ള കേവല എതിര്‍പ്പുകളല്ല എന്റേത്. അതിന്റെയൊക്കെ പിന്നില്‍ അടിയുറച്ച ചില വിശ്വാസപ്രമാണങ്ങളുണ്ട്. ഭാവിയിലും ചിലത് സ്വീകരിച്ചെന്നിരിക്കും. നിഷേധിച്ചെന്നും വരാം.
'സാക്ഷി' എന്ന കഥയില്‍ പരിസ്ഥിതിയെക്കുറിച്ച് ആഴത്തിലുള്ള ഉല്‍ക്കണ്ഠകള്‍ പങ്കുവെക്കുന്നുണ്ടല്ലോ. പുതിയ പാരിസ്ഥിതിക പ്രശ്നങ്ങളെ എങ്ങനെയാണ് കാണുന്നത്? പ്രത്യേകിച്ച് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തിന്റെ പശ്ചാത്തലത്തില്‍?
പരിസ്ഥിതിയെക്കുറിച്ച് ഞാന്‍ ഉത്കണ്‌ഠപ്പെട്ടിട്ടുണ്ട്. വ്യാകുലനായിട്ടുണ്ട്. സിന്ദാബാദ് വിളിക്കാനോ ജാഥ നയിക്കാനോ എനിക്ക് കഴിഞ്ഞെന്നു വരില്ല. അറുപത്തിയൊന്‍പതില്‍ എഴുതിയ കഥയാണ് 'സാക്ഷി'. പരിസ്ഥിതിയെ വ്യഭിചരിക്കുന്നതിനെതിരെ മലയാളത്തില്‍ ആദ്യമായി എഴുതിയ കഥ അതാണ്. അതില്‍ പറഞ്ഞതൊക്കെ ഞാന്‍ കണ്ടറിഞ്ഞതാണ്. ഇതൊന്നും ബോധപൂര്‍വം ചെയ്തതല്ല. എന്റെ ആത്മാവിന്റെ പരാഗങ്ങള്‍ എന്റെ കഥയില്‍ ചിതറിക്കിടക്കുമ്പോള്‍ ഈ ഉല്‍ക്കണ്ഠകളും അതില്‍പെടുന്നു എന്നു മാത്രം.
എന്‍ഡോസള്‍ഫാന്‍ ഗുരുതരമായ പ്രശ്നമാണുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. മാരകമായ ഈ കീടനാശിനിയുടെ ഇരകളായ മനുഷ്യരുടെ ചിത്രങ്ങള്‍ ആര്‍ക്കാണ് കണ്ടുനില്‍ക്കാനാവുക? ടിവിയില്‍ അവരുടെ ദൃശ്യങ്ങള്‍ വരുമ്പോള്‍ മുഖം തിരിച്ചുപോകുന്നു. കണ്ടിരിക്കാനാവില്ല. അത്രയേറെ ദയനീയമാണ് ആ കാഴ്ച. എന്നിട്ടും എന്‍ഡോസള്‍ നിരോധിക്കാന്‍ ഇനിയും പഠിക്കണമെന്ന് പറയുന്നവരെക്കുറിച്ച് എന്തു പറയാനാണ് ?
സ്വയം തേടിയുള്ള മനുഷ്യന്റെ വിശാലമായ യാത്രയാണ് പത്മനാഭന്റെ കഥകളെന്ന് നിരൂപകന്‍ വിലയിരുത്തുന്നുണ്ട്. യാത്രകളാണോ എഴുത്തിനെ പ്രചോദിപ്പിക്കുന്നത്.
ആണെന്നോ അല്ലെന്നോ പറയുന്നില്ല. യാത്രാനുഭവങ്ങള്‍ നിവധിയുണ്ട്. ഒട്ടുമിക്ക രാജ്യങ്ങളും ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഗള്‍ഫില്‍ 14 തവണ പോയി. അമേരിക്കയില്‍ രണ്ടുതവണ. ഇതിനിടയില്‍ വ്യത്യസ്തങ്ങളായ അനുഭവങ്ങളേറെ.
ഒറ്റ പൈസയില്ലാതെ അമേരിക്കയില്‍ ടാക്സി യാത്ര ചെയ്തിട്ടുണ്ട്. 1982-ലും 92-ലും ഞാന്‍ അമേരിക്കയില്‍ പോയിട്ടുണ്ട്. രണ്ടാമത്തെ യാത്രയില്‍ ഒപ്പം ഭാര്യയുമുണ്ട്. ചിക്കാഗോയില്‍ മരുമകനുമുണ്ട്. പുറപ്പെടുമ്പോള്‍ 20 ഡോളറാണ് കൈയിലുണ്ടായിരുന്നത്. എങ്കിലും പരിഭ്രമമേതുമുണ്ടായിരുന്നില്ല. യാത്രയില്‍ ഭക്ഷണം എയര്‍ലൈന്‍സുകാര്‍ തരുമല്ലോ. അവിടെയെത്തിയാല്‍ മരുമകന്‍ കൂട്ടിക്കൊണ്ടുപോവുകയും ചെയ്യും.
വൈകുന്നേരമാണ് ചിക്കാഗോവില്‍ വിമാനമിറങ്ങിയത്. അതിനിടയില്‍ ലണ്ടനില്‍ പത്തു മണിക്കൂര്‍ താമസമുണ്ടായി. കൈയിലുള്ള 20 ഡോളര്‍ നാലുചായക്കേ തികയൂ. ഭാര്യയ്ക്കാണെങ്കില്‍ ചായ നിര്‍ബന്ധമാണ്. ലണ്ടനില്‍ നിന്നു തന്നെ ഡോളര്‍ കാലിയായിരുന്നു.
ചിക്കഗോയില്‍ ഏറെ നേരം മരുമകനെ കാത്തിരുന്നു. കാണാനില്ല. സന്ധ്യയായി. ആളുകള്‍ ഒഴിഞ്ഞു തുടങ്ങി. എനിക്ക് പരിഭ്രമമായി.
അപ്പോഴാണ് മുന്നില്‍ ഒരു ടാക്സി വന്നുനിന്നത്. ശുഭ്രവസ്ത്രധാരിയായ ആഫ്രോ അമേരിക്കന്‍ ഡ്രൈവര്‍ തല പുറത്തേക്ക് നീട്ടി ടാക്സി വേണോ എന്ന് അന്വേഷിച്ചു. എനിക്ക് പോവേണ്ടത് സിറ്റിക്ക് പുറത്താണ്. അവിടുത്തെ കോടീശ്വരന്മാര്‍ താമസിക്കുന്ന ഒരു സ്ഥലത്തിന്റെ പേര് പറഞ്ഞു. എന്റെ സാമ്പത്തിക സ്ഥിതിയും ഡ്രൈവറെ അറിയിച്ചു. മരുമകന്റെ വീട്ടില്‍ നിന്ന് പണം വാങ്ങിത്തരാമെന്ന ഉറപ്പില്‍ ഡ്രൈവര്‍ ഞങ്ങളെ അവിടേക്ക് കൊണ്ടുപോയി. ടാക്സിയില്‍ പതിഞ്ഞ ശബ്ദത്തില്‍ പടിഞ്ഞാറന്‍ ക്ളാസിക്കല്‍ സംഗീതമൊഴുകിക്കൊണ്ടിരുന്നു.
ഞങ്ങള്‍ എവിടെ നിന്നാണെന്ന് ഡ്രൈവര്‍ തിരക്കി. ഇന്ത്യയില്‍ നിന്നാണെന്ന് അറിഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു, 'ഓ, ഇന്ത്യാ; ഗാന്ധി'.
മരുമകന്റെ വീട്ടിലെത്തിയപ്പോള്‍ കൊച്ചുമകന്‍ മാത്രം. ടാക്സിക്കാരന് എങ്ങനെ പണം കൊടുക്കും. ഡ്രൈവറുടെ വിലാസം കുറിച്ചു വാങ്ങുമ്പോഴേക്കും മരുമകന്റെ ഭാര്യയെത്തി. അവര്‍ ഞങ്ങളെ സ്വീകരിക്കാന്‍ വലിയ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. പക്ഷേ ഞങ്ങള്‍ എത്തിയത് ഒരു ദിവസം നേരത്തെയായിപ്പോയി.
കഥയിലേക്ക് വരാം. മലയാളത്തിലെ ഏറ്റവും ഉത്കൃഷ്ടമായ കഥയാണ് 'കാലഭൈരവന്‍'. ഈ കാലഘട്ടത്തില്‍ ലോകകഥയില്‍ ഉണ്ടായ ഏറ്റവും വിശിഷ്ടമായ കഥയെന്ന് അത് ഫ്രഞ്ച് ഭാഷയിലേക്ക് തര്‍ജമ ചെയ്തയാള്‍ പറഞ്ഞതായിവായിച്ചു. ഈ കഥയുടെ പശ്ചാത്തലത്തെക്കുറിച്ച്..
ഞാന്‍ കാശിയില്‍ പോയിട്ടുണ്ട്. ദിവസങ്ങളോളം അവിടെ കഴിഞ്ഞിട്ടുണ്ട്. അവിടെ നിന്നാണ് കാലഭൈരവന്‍ എഴുതിയത്. ഗംഗയുടെ കരയില്‍ പണ്ട് ഏതോ രാജാവ് പണിയിച്ച മണ്ഡപത്തിലും ദശാശ്വമേധ ഘട്ടിലും ഏറെ നേരം ഇരുന്നിട്ടുണ്ട്. ജീവിതാനുഭവത്തിന്റെ ബലത്തില്‍ നിന്നുകൊണ്ടേ ഞാന്‍ എഴുതിയിട്ടുള്ളൂ.
സംഗീതം പത്മനാഭന്‍കഥകളുടെ അന്തര്‍ധാരയാണ്.താങ്കളാണെങ്കില്‍ സംഗീതം അഭ്യസിച്ചിട്ടില്ല. പിന്നെ എങ്ങനെയാണ് സംഗീതത്തെക്കുറിച്ചും സംഗീതജ്ഞരെക്കുറിച്ചുമുള്ള സൂക്ഷ്മജ്ഞാനം കഥകളിലൂടെ അനുഭവിപ്പിക്കുന്നത്?
ഞാന്‍ സംഗീതം പഠിച്ചിട്ടില്ല. ഉള്ളത് അതിയായ താല്‍പര്യമാണ്. മാസ്റ്റേര്‍സിന്റെ സംഗീതം ആസ്വദിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാനിയും കര്‍ണാട്ടിക്കും ഒരുപോലെ ഇഷ്ടമാണ്.
പ്രകൃതിയാണ് ഏറ്റവും വലിയ സംഗീതജ്ഞന്‍. കാറ്റ്, ഇടി, മഴ, പക്ഷികളുടെയും ജീവജാലങ്ങളുടെയും ശബ്ദം. അങ്ങനെ ചുറ്റിലുമുള്ള സംഗീതത്തിന് കുട്ടിക്കാലം മുതലേ മനസ്സുകൊടുത്തിരുന്നു. പിന്നെ... ഉള്ളില്‍ എവിടെയോ സംഗീതത്തിന്റെ ഒരു അങ്കുരം മുമ്പേ ഉണ്ടായിരിക്കണം.
റോസിനോട് വലിയ താല്‍പര്യമുള്ളതായി കേട്ടിട്ടുണ്ട്.
ശരിയാണ്. ഇരുന്നൂറുകൊല്ലമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇംഗ്ളണ്ടിലെ റോയല്‍ നാഷനല്‍ റോസ് സൊസൈറ്റിയില്‍ അംഗമാണ് ഞാന്‍. അമേരിക്കന്‍ റോസ് സൊസൈറ്റിയിലും ഇന്ത്യന്‍ റോസ് സൊസൈറ്റിയിലും അംഗമാണ്. ജയ്‌പൂരിലെ പ്രസിദ്ധമായ റോസ് എക്സിബിഷനില്‍ ജഡ്ജായിരുന്നിട്ടുണ്ട്. പള്ളിക്കുന്നിലെ ഞങ്ങളുടെ വീട്ടിന്റെ പിറകില്‍ വലിയൊരു റോസ് ഗാര്‍ഡന്‍ ഉണ്ടായിരുന്നു. നിരവധിയാളുകള്‍ അത് കാണാനായി എത്തിയിരുന്നു. പലരും ഗെയിറ്റില്‍ നിന്നെത്തിനോക്കിയിട്ട് പറയും, അവിടെ ഒരു ഗാര്‍ഡനുമില്ലെന്ന്. വീടിന്റെ പിറകിലാണ് ഞങ്ങളുടെ പനിനീര്‍ത്തോട്ടം.
ഉയര്‍ന്ന ധാര്‍മികബോധത്തോടൊപ്പം തികഞ്ഞ നര്‍മബോധവും താങ്കള്‍ക്കുണ്ടെന്ന് ബോധ്യമാകുന്ന സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്.
തമാശ എനിക്ക് ഇഷ്ടമാണ്. അടുപ്പമുള്ളവരെ കിട്ടിയാല്‍ മറ്റെല്ലാം മറന്ന് തമാശകള്‍ പങ്കുവെക്കും. എന്റെ കഥകളിലും തമാശകളുണ്ടല്ലോ. സറ്റയര്‍. ഉപഹാസ കഥകള്‍ ഏറെയുണ്ട്. ചിലതില്‍ എന്നെത്തന്നെ ഞാന്‍ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.
ആധുനികത പെയ്തുകൊണ്ടിരിക്കുമ്പോഴും താങ്കള്‍ താങ്കളുടെ ചാലില്‍ മാത്രം സഞ്ചരിച്ചയാളാണ്. അതുപോലെ ദളിതെഴുത്ത്, പെണ്ണെഴുത്ത് തുടങ്ങി സാഹിത്യത്തിലെ ഇസങ്ങളെ വിലയിരുത്തുന്നതെങ്ങനെയാണ്?
എഴുത്തിലുള്ള ഇത്തരം വിഭജനങ്ങളെക്കുറിച്ച് പരമപുച്ഛമേ എനിക്കുള്ളൂ. സ്ത്രീയുടെ ആന്തരഭാവങ്ങളെക്കുറിച്ച്, വികാരങ്ങളെക്കുറിച്ച്, പ്രശ്നങ്ങളെക്കുറിച്ച് സ്ത്രീ എഴുതിയാല്‍ മാത്രമേ ശരിയാവുകയുള്ളൂ എന്നാണ് പെണ്ണെഴുത്തുകാര്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍ ഞാനൊന്നു ചോദിക്കട്ടെ. കുമാരനാശാനെ നമ്മളെന്തുചെയ്യും? ചണ്ഢാലഭിക്ഷുകി, കരുണ, ലീല, ചിന്താവിഷ്ടയായ സീത, ദുരവസ്ഥ...... സ്ത്രീകളെ അംഗോപാംഗം വിലയിരുത്തിയ ആശാനെ കവച്ചുവെക്കാന്‍ മറ്റൊരു സാഹിത്യപ്രതിഭ ലോകസാഹിത്യത്തില്‍ ആരെങ്കിലുമുണ്ടോ?
കുട്ടികളെക്കുറിച്ച് വളരെയധികം എഴുതിയ ഒരാളാണ് ഞാന്‍. ഞാന്‍ കുട്ടിയല്ല. എനിക്ക് കുട്ടികളുമില്ല. പക്ഷിമൃഗാദികളെക്കുറിച്ചും വൃക്ഷലതാദികളെക്കുറിച്ചും എഴുതിയിട്ടുണ്ട്. ഇങ്ങനെ പോയാല്‍ ഒരു നായ്ക്കുട്ടിക്കേ അതിന്റെ കഥയെഴുതാനാവൂ എന്നു പറയേണ്ടിവരും.
പിന്നെ ദളിത് സാഹിത്യം. തീയ്യനെഴുതിയാല്‍ തീയ്യസാഹിത്യം, നായരെഴുതിയാല്‍ നായര്‍ സാഹിത്യം ... ചിരിക്കാതെന്തുചെയ്യും? ഒരുകാര്യം മറക്കരുത്. സാഹിത്യത്തില്‍ ക്ളാസ്സിക്കുകള്‍ രചിച്ചവര്‍ താഴ്ന്ന ജാതിയില്‍ പെട്ടവരാണ്. വേദവ്യാസന്‍ ആരാണ്? എഴുത്തച്ഛന്‍ ആരാണ്? വാല്മീകിയും കബീര്‍ദാസുമൊക്കെ ആരായിരുന്നു? ഭക്തി കാലഘട്ടത്തില്‍ ഇന്ത്യയിലെ മിക്ക ഭാഷകളിലെയും പ്രതിഭകള്‍ ദളിതരായിരുന്നില്ലേ?
സാഹിത്യത്തിലെ പ്രസ്ഥാനങ്ങള്‍ പലതും കടന്നുപോയി. ആധുനികതയും അത്യന്താധുനികതയും ഉത്തരാധുനികതയും പെയ്തൊഴിഞ്ഞു. ഇപ്പോള്‍ സൈബര്‍ യുഗമാണെന്ന് പറയുന്നു.
അതൊന്നുമെനിക്കറിയില്ല. അതത് കാലത്തെ ഫാഷനനുസരിച്ച് ഞാന്‍ എഴുതിയിട്ടില്ല. ആധുനികതയുടെ കാലത്ത് എത്രയോ എഴുത്തുകാര്‍ മോഹഭംഗത്തെക്കുറിച്ചെഴുതി. മാര്‍ക്വസിന്റെ കൃതി വന്നപ്പോള്‍ സര്‍വ പുസ്തകങ്ങളിലും മാജിക്കല്‍ റിയലിസമുണ്ടോ എന്ന് അന്വേഷിച്ച് നടന്നവരാണ് ഇവിടുത്തെ ചില എഴുത്തുകാര്‍.
ഇപ്പോള്‍ സൈബര്‍യുഗമാണെന്നു പറയുന്നു. കംപ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും പശ്ചാത്തലത്തിലാണ് കഥകള്‍ എഴുതേണ്ടത് എന്നുപറയുന്നു. ഇവയെക്കുറിച്ചൊന്നും എനിക്ക് വിവരമില്ല. അറിയാത്തതിനെക്കുറിച്ച്, അനുഭവിക്കാത്തതിനെക്കുറിച്ച് ഞാനെങ്ങനെ എഴുതും? എനിക്കിഷ്ടം എനിക്കറിയാവുന്ന കൊച്ചുകൊച്ചുകാര്യങ്ങളുമായി ഈ ചെറിയ വട്ടത്തില്‍ കഴിഞ്ഞുകൂടാനാണ്. അപ്പോഴും ഞാനറിയുന്നു, മനുഷ്യന്‍ എല്ലായിടത്തും ഒന്നാണ്.
മലയാളഭാഷയുടെ ക്ളാസിക് പദവിയെക്കുറിച്ചുള്ള ചര്‍ച്ച നടക്കുകയാണല്ലോ. എന്താണഭിപ്രായം?
മലയാളഭാഷയ്ക്ക് ക്ളാസിക് പദവി ലഭിക്കണമെന്നുതന്നെയാണ് എന്റെ അഭിപ്രായം. അതിനുള്ള എല്ലാ യോഗ്യതയുമുള്ള ഭാഷ തന്നെയാണ് മലയാളം. ഭാഷയുടെ പൌരാണികത പണ്ഡിതര്‍ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. ഇക്കാര്യത്തില്‍ കാര്യമായ പഠനം നടക്കണം. ഡോ. പുതുശ്ശേരി രാമചന്ദ്രനും ഡോ. ബെഞ്ചമിനും പന്മനയുമൊക്കെ അക്കാര്യത്തില്‍ തല്‍പര്യമെടുത്ത് പഠിക്കുന്നുണ്ട്. അത്രമോശം ഭാഷയൊന്നുമല്ല മലയാളം. എന്താണ് മലയാളത്തിനൊരു കുറവ്? മറ്റുപല കാര്യങ്ങളിലുമെന്നപോലെ മലയാളത്തെ കൊച്ചാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ക്ളാസിക് പദവി നിഷേധം. ക്ളാസിക് പദവിയിലൂടെ ഭാഷയുടെ പഠനത്തിനും വളര്‍ച്ചയ്ക്കും ഉതകുന്ന സാമ്പത്തിക സഹായവും മറ്റു സൌകര്യങ്ങളും തീര്‍ച്ചയായും മലയാളത്തിനും ലഭ്യമാകണം.
കഥയ്ക്ക് സ്വന്തമായൊരു ഇരിപ്പിടത്തിനുവേണ്ടി ശബ്ദിച്ച എഴുത്തുകാരനാണ് താങ്കള്‍. പുതിയ തലമുറയിലെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാറുമുണ്ട്. പുതിയ എഴുത്തുകാരെ എങ്ങനെ വിലയിരുത്തുന്നു?
പുതിയ കഥകള്‍ വായിക്കാറുണ്ട്. പലപ്പോഴും സംതൃപ്തി അനുഭവിക്കാറുമുണ്ട്. അവരില്‍ ആരുടെയെങ്കിലും ഒന്നുരണ്ടാളുടെ പേര് പറഞ്ഞാല്‍ മറ്റുള്ളവര്‍ ശത്രുക്കളാകും. അതുകൊണ്ട് പറയുന്നില്ല.
ഒരുകാലത്തും ഒരു ഭാഷയിലും മികച്ച കൃതികള്‍ കൊട്ടത്താപ്പിലുണ്ടാകാറില്ല. മികച്ച ഒരു സാഹിത്യകാരന്‍ എഴുതുന്നതൊക്കെയും ക്ളാസിക്കുകളാകണമെന്നുമില്ല. കാളിദാസന്‍ എഴുതിയതെല്ലാം 'ശാകുന്തള'മല്ല. ഷേക്സ്പിയര്‍ എഴുതിയതെല്ലാം 'ഹാംലറ്റു'മല്ല.
ഒരുകാര്യം നമ്മുടെ മനസ്സിലുണ്ടാകണം. സാഹിത്യത്തില്‍ കുറുക്കുവഴികളില്ല. എഴുതിത്തുടങ്ങുന്നയാള്‍ പ്രശസ്തനാകാന്‍ ആഗ്രഹിക്കുന്നത് തെറ്റല്ല. പക്ഷേ, അതിനുള്ള വഴി മുമ്പേ പോയവരെ തെറിവിളിക്കലല്ല. പ്രശസ്തിക്കുവേണ്ടി പലരും വെല്ലുവിളിക്കുകയും തെറിവിളിക്കുകയുമാണ്. ചിലരെല്ലാം അശ്ളീലമെഴുതി ആളാവാന്‍ നോക്കുന്നുണ്ട്. അത്തരക്കാര്‍ക്ക് താല്‍ക്കാലികമായി ജനശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞെന്നുവരും. എന്നാല്‍ ഒരിക്കലും സഹൃദയരുടെ ശാശ്വതമായ അംഗീകാരം ലഭിക്കുകയില്ല. അതിന് നല്ല കൃതികള്‍ എഴുതുക തന്നെ വേണം.
എഴുത്തുകാരെക്കുറിച്ച് അരിസ്റ്റോട്ടിലിന്റെ ഒരു വാക്യമുണ്ട്. the excellent become the permanent. പ്രതിഭയുള്ളവര്‍ നിലനില്‍ക്കും. പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരായ റെയ്മണ്ട് കാര്‍വറും ടോം ജെന്‍ഗും എഡിറ്റ് ചെയ്ത American Short Story Masterpieces എന്ന പുസ്തകത്തില്‍ അവര്‍ പറയുന്നുണ്ട്. ഹൃദയത്തിലേക്ക് നേരിട്ട് കടന്നുവരുന്നതും മനുഷ്യത്വത്തെ അല്‍പമെങ്കിലും വികസിപ്പിക്കുന്നതുമായ കഥകളാണ് സമാഹാരത്തിലേക്ക് തെരഞ്ഞെടുത്തതെന്ന്. ഇത് വളരെ പ്രധാനപ്പെട്ട അഭിപ്രായമാണ്. മാനവികതയെ വികസിപ്പിക്കാത്ത, നേരിട്ട് അനുവാചകന്റെ മനസ്സിലേക്ക് കടക്കാത്ത രചനകള്‍, മറ്റെന്തിന്റെ പിന്‍ബലത്തില്‍ വ്യാഖ്യാനിച്ചാലും നിലനില്‍ക്കില്ല. സാഹിത്യത്തില്‍ ജനാധിപത്യമില്ല. വോട്ടിനിട്ട് ഒരുകൃതിയുടെയും മേന്മ നിശ്ചയിക്കാനാവില്ല.
'ജീവിതത്തിന്റെ ചരമാദ്രിയില്‍ നിന്ന് തിരിഞ്ഞുനോക്കുമ്പോള്‍' എന്തുതോന്നുന്നു?
നിറഞ്ഞ സംതൃപ്തി. സംതൃപ്തി മാത്രം. ഇത്രയെങ്കിലും ചെയ്യാനായല്ലോ.
എഴുത്തച്ഛന്‍ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് ഞാനൊരുകാര്യം പറഞ്ഞിരുന്നു. അതിപ്പോള്‍ ആവര്‍ത്തിക്കുകയാണ്. എനിക്ക് ഗവണ്‍മെന്റിന്റെ 'വെടി വഴിപാട് ' വേണ്ട. ആചാരവെടിയുടെ അകമ്പടിയില്ലാതെ കടന്നുപോകാനാണ് ആഗ്രഹം. വേണമെങ്കില്‍ ഗവണ്‍മെന്റിന് ഒരുകാര്യം ചെയ്യാം. ഒരു പൊളിഞ്ഞ ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ എന്റെ ശരീരം പയ്യാമ്പലത്തേക്ക് കൊണ്ടുപോകാന്‍ സഹായിക്കാം. അതും എന്റെ ബന്ധുക്കളുടെ അഭിപ്രായം പരിഗണിച്ച്.
രാജേന്ദ്രനഗര്‍ കോളനിയില്‍ പകലൊടുങ്ങുകയാണ്.
അപ്പോഴാണ് 'സുന്ദരി'യുടെ വരവ്. സുന്ദരിയെന്നാല്‍ 'കുട്ട'ന്റെ അമ്മപ്പൂച്ച. പെറ്റുകൂട്ടലാണ് ഇവളുടെ ജോലിയെന്ന് കഥാകാരന്‍. തീര്‍ന്നില്ല, സുന്ദരിയുടെ ഈറ്റില്ലവും കാട്ടിത്തന്നു. കഥാകാരന്റെ ഭാഷയില്‍ 'പ്രസൂദികാഗൃഹം'. കിടപ്പുമുറിയോട് ചേര്‍ന്ന് പ്രത്യേകം ഒരുക്കിയിരിക്കുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി സൌകര്യമുള്ള ഡെലിവറി റൂം.
പുറത്ത് നേരത്തെയുണ്ടായിരുന്ന മഴക്കാറുകള്‍ നീങ്ങിയിരിക്കുന്നു. ഇടിവെട്ടിപെയ്യുന്ന തുലാമഴ തിമിര്‍ക്കുന്നത് ഇക്കുറി വൃശ്ചികത്തിലാണ്. മഴക്കോളുകള്‍ നീങ്ങിയ ആകാശം ഇപ്പോള്‍ പ്രസന്നവതിയാണ്. 'പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി'യെപ്പോലെ.
****
ടി പത്മനാഭന്‍/നാരായണന്‍ കാവുമ്പായി, കടപ്പാട് : ദേശാഭിമാനി വാരിക
Subscribe to:
Post Comments (Atom)
1 comment:
രാജേന്ദ്രനഗര്‍ കോളനിയില്‍ പകലൊടുങ്ങുകയാണ്.
അപ്പോഴാണ് 'സുന്ദരി'യുടെ വരവ്. സുന്ദരിയെന്നാല്‍ 'കുട്ട'ന്റെ അമ്മപ്പൂച്ച. പെറ്റുകൂട്ടലാണ് ഇവളുടെ ജോലിയെന്ന് കഥാകാരന്‍. തീര്‍ന്നില്ല, സുന്ദരിയുടെ ഈറ്റില്ലവും കാട്ടിത്തന്നു. കഥാകാരന്റെ ഭാഷയില്‍ 'പ്രസൂദികാഗൃഹം'. കിടപ്പുമുറിയോട് ചേര്‍ന്ന് പ്രത്യേകം ഒരുക്കിയിരിക്കുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി സൌകര്യമുള്ള ഡെലിവറി റൂം.
പുറത്ത് നേരത്തെയുണ്ടായിരുന്ന മഴക്കാറുകള്‍ നീങ്ങിയിരിക്കുന്നു. ഇടിവെട്ടിപെയ്യുന്ന തുലാമഴ തിമിര്‍ക്കുന്നത് ഇക്കുറി വൃശ്ചികത്തിലാണ്. മഴക്കോളുകള്‍ നീങ്ങിയ ആകാശം ഇപ്പോള്‍ പ്രസന്നവതിയാണ്. 'പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി'യെപ്പോലെ.
Post a Comment