Friday, December 17, 2010

ആശയങ്ങള്‍ ആണവായുധത്തേക്കാള്‍ ശക്തം

ഏതാനും മാസങ്ങള്‍ക്കുമുമ്പുവരെ, ലോകത്ത് ചുരുക്കം ചിലര്‍ക്ക് മാത്രം അറിയാമായിരുന്ന ജൂലിയന്‍ അസാഞ്ചെ എന്ന മനുഷ്യന്‍ ചരിത്രത്തിലെ ഏറ്റവും ശക്തമായ സാമ്രാജ്യത്തെ വെല്ലുവിളിക്കാനാവുമെന്നു കാണിച്ചുകൊണ്ടിരിക്കുകയാണ്.

ധീരമായ ഈ വെല്ലുവിളി എതിരാളിയായ ഒരു വന്‍ശക്തിയില്‍ നിന്നല്ല ഉയരുന്നത്; നൂറില്‍ അധികം ആണവായുധങ്ങള്‍ കൈവശമുള്ള ഒരു രാജ്യത്ത് നിന്നല്ല; കോടിക്കണക്കിനു ജനങ്ങള്‍ അധിവസിക്കുന്ന ഒരു രാജ്യത്ത് നിന്നല്ല; വിപുലമായ പ്രകൃതി വിഭവങ്ങളുള്ള രാജ്യങ്ങളുടെ കൂട്ടായ്മയില്‍ നിന്നല്ല, ലോകത്തെ കൊള്ളയടിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന സാമ്രാജ്യത്തിന്റെ അടിത്തറ ഇളക്കുന്ന വിപ്ലവകരമായ തത്വസംഹിതയില്‍ നിന്നുമല്ല ഈ വെല്ലുവിളി ഉയരുന്നത്.

മാധ്യമങ്ങളില്‍ അപൂര്‍വമായി മാത്രം പരാമര്‍ശിക്കപ്പെടാറുള്ള ഒരു വ്യക്തിയായിരുന്നു അസാഞ്ചെ. ഇപ്പോള്‍ അദ്ദേഹം പ്രശസ്തനാണെങ്കിലും അദ്ദേഹത്തെക്കുറിച്ച് ഏറെയൊന്നും അറിയില്ല. എച്ച് ഐ വിക്ക് വേണ്ടത്ര മുന്‍കരുതലെടുക്കാതെ രണ്ടു സ്ത്രീകളുമായി ലൈംഗികമായി ബന്ധപ്പെട്ടു എന്ന ആരോപണത്തിനു വലിയ പ്രചരണം ലഭിച്ചുവെന്നത് മറക്കുന്നില്ല. അദ്ദേഹത്തിന്റെ വിദ്യാഭ്യാസം, സൈദ്ധാന്തികവും രാഷ്ട്രീയവുമായ ആശയങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും ഒരു പുസ്തകവും ഇതുവരെ പുറത്തുവന്നിട്ടില്ല.

സാമ്രാജ്യത്തിനുനേരെ തകര്‍പ്പന്‍ ആഘാതം ഏല്‍പ്പിക്കാന്‍ അദ്ദേഹത്തിനു പ്രേരണ നല്‍കിയത് എന്താണെന്ന കാര്യവും അജ്ഞാതമാണ്. ആകെ അറിയാവുന്നത് സാമ്രാജ്യത്തെ അദ്ദേഹം ധാര്‍മികമായി മുട്ടുകുത്തിച്ചിരിക്കുന്നുവെന്നത് മാത്രമാണ്.

''ജാമ്യം ലഭിച്ചിട്ടും വിക്കിലീക്‌സിന്റെ സ്രഷ്ടാവ് ജയിലില്‍ തന്നെ കഴിയേണ്ടിവരും.... ലൈംഗിക കുറ്റകൃത്യത്തിന് അദ്ദേഹത്തെ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കിയ രാജ്യമായ സ്വീഡന്‍ ഫയല്‍ ചെയ്ത അപ്പീലില്‍ തീരുമാനമുണ്ടാകുന്നതുവരെ അദ്ദേഹം തടങ്കലില്‍ കഴിയും'' എന്നാണ് എ എഫ് പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തത്. ''ജാമ്യം നല്‍കാനുള്ള തീരുമാനത്തിന്നെതിരെ അപ്പീല്‍ നല്‍കിയതായി സ്വീഡന്റെ അഭിഭാഷക വ്യക്തമാക്കിയിട്ടുണ്ട്. ജഡ്ജി റിഡ്ഡില്‍ 380000 ഡോളര്‍ കെട്ടിവെയ്ക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്.

ജയില്‍ മോചിതനാവുകയാണെങ്കില്‍ അസാഞ്ചെ അദ്ദേഹത്തിന്റെ സുഹൃത്തും ലണ്ടനിലെ പത്രപ്രവര്‍ത്തകരുടെ ക്ലബ്ബായ ഫ്രണ്ട് ലൈന്‍ ക്ലബ്ബിന്റെ പ്രസിഡന്റുമായ വോഗന്‍ സ്മിത്തിന്റെ കെട്ടിടത്തില്‍ താമസിക്കണമെന്ന് വ്യവസ്ഥ ചെയ്തതായും എ എഫ് പി വാര്‍ത്തയില്‍ പറയുന്നു. ഏതാനും ആഴ്ചകള്‍ക്കുമുമ്പ് വിക്കിലീക്‌സ് അതിന്റെ ആസ്ഥാനമായി ഉപയോഗിക്കുന്നത് ഫ്രണ്ട് ലൈന്‍ ക്ലബ്ബാണ്.

''എന്റെ വിശ്വാസപ്രമാണങ്ങള്‍ അചഞ്ചലമാണ്. ഞാന്‍ പ്രകടിപ്പിച്ച ആശയങ്ങളോട് ഞാന്‍ വിശ്വസ്തനായിരിക്കും. എന്റെ ആശയങ്ങള്‍ ശരിയും സത്യവുമാണെന്ന നിശ്ചയ ദാര്‍ഢ്യത്തിന് ഇപ്പോഴത്തെ പ്രക്രിയ ആക്കം കൂട്ടുകയാണ് ചെയ്തത്'' എന്നാണ് അസാഞ്ചെ പറഞ്ഞത്.

''രഹസ്യമായി വെയ്ക്കുകയും നമ്മുടെ പേരിലും നമ്മുടെ നികുതി പണമുപയോഗിച്ചു നടത്തുകയും ചെയ്ത കുറ്റകൃത്യങ്ങള്‍ തുറന്നുകാട്ടുന്നതിനു വിക്കിലീക്‌സിനെ നിലനിര്‍ത്താനും അതിന്റെ പ്രവര്‍ത്തനം തുടരുന്നതിനും'' തന്റെ വെബ്‌സൈറ്റും സേവനവും നല്‍കാമെന്ന് വിഖ്യാത അമേരിക്കന്‍ ചലച്ചിത്ര നിര്‍മാതാവായ മൈക്കല്‍ മുറെ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. അസാഞ്ചെ വിഷലിപ്തമായ ആക്രമണം നേരിടുകയാണെന്ന് മുറെ ചൂണ്ടിക്കാട്ടി''. ''സത്യം മൂടിവെച്ചവര്‍ തുറന്നുകാട്ടപ്പെട്ടു എന്നദ്ദേഹം പറഞ്ഞു''.

''അസാഞ്ചെ തെറ്റുകാരനോ, നിരപരാധിയോ ആകട്ടെ.... ജാമ്യം ലഭിക്കാനും സ്വന്തം ഭാഗം വാദിക്കാനും ന്യായീകരിക്കാനും അദ്ദേഹത്തിന് അവകാശമുണ്ട്. ജാമ്യം ലഭിക്കാനാവശ്യമായ പണം സമാഹരിക്കുന്നതില്‍ ചലച്ചിത്ര നിര്‍മാതാക്കളായ കെന്‍ലോച്ച്, ജോണ്‍ പില്‍ഗര്‍, എഴുത്തുകാരനായ ജമിമ ഖാന്‍ എന്നിവരോടൊപ്പം ഞാനും സഹകരിച്ചു'' എന്ന് മൂറെ വെളിപ്പെടുത്തി. ഇരുപതിനായിരം ഡോളറാണ് മുറെ സംഭാവനയായി നല്‍കിയത്.

വിക്കിലീക്‌സിന്നെതിരെ അമേരിക്കന്‍ ഗവണ്‍മെന്റ് ക്രൂരമായ ആക്രമണമാണ് അഴിച്ചുവിട്ടത്. രേഖകള്‍ വെളിപ്പെടുത്തിയതിന് അസാഞ്ചെയെ അമേരിക്കന്‍ കോടതിയില്‍ കൊണ്ടുവരണമെന്നാണ് അമേരിക്കന്‍ പൗരന്‍മാരില്‍ മൂന്നില്‍ രണ്ടുപേരും അഭിപ്രായപ്പെട്ടതെന്ന് എ ബി സി ന്യൂസും വാഷിങ്ടണ്‍ പോസ്റ്റും നടത്തിയ സര്‍വ്വേയില്‍ പറയുന്നു.

ഗവണ്‍മെന്റിന്റെ കടന്നാക്രമണ പ്രചരണത്തിന്റെ ശക്തി ഇതില്‍ നിന്നും വ്യക്തമാണ്. അതേസമയം വിക്കിലീക്‌സ് പുറത്തുവിട്ട രേഖകളില്‍ അടങ്ങിയ സത്യങ്ങളെ വെല്ലുവിളിക്കാന്‍ ആരും ധൈര്യം കാണിക്കുന്നില്ല.

വിക്കിലീക്‌സിന്റെ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കിയവരുടെ പദ്ധതികളുടെ വിശദാംശങ്ങള്‍ അറിവായിട്ടില്ല. അസാഞ്ചെ സമാഹരിച്ച വിവരങ്ങളില്‍ ഗണ്യമായ ഒരു ഭാഗം അഞ്ച് വന്‍കിട മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. വാര്‍ത്തകളുടെ കുത്തക അവകാശപ്പെടുന്നവയാണിവ. അവയില്‍ സ്പാനിഷ് 'പ്രിസ', ജര്‍മ്മനിയിലെ 'ദര്‍സ്പിഗല്‍'പോലുള്ളവ അങ്ങേ അറ്റം പിന്തിരിപ്പനും ഫാസിസ്റ്റ് അനുകൂലികളുമാണ്. വിപ്ലവകരമായ നിലപാടെടുക്കുന്ന രാജ്യങ്ങളെ ആക്രമിക്കാനാണ് ഈ മാധ്യമങ്ങള്‍ വാര്‍ത്തകളെ ഉപയോഗിക്കുന്നത്.

വിക്കിലീക്‌സിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സംഭവങ്ങള്‍ ലോകപൊതുജനാഭിപ്രായം സൂക്ഷ്മമായി പിന്തുടരുന്നുണ്ട്.

സത്യം അറിയുന്നത് തടയാനാണ് അമേരിക്കയും സ്വീഡനിലെ വലതുപക്ഷ ഗവണ്‍മെന്റും ആക്രമണോത്സുകരായ നാറ്റോ മാഫിയയും ശ്രമിക്കുന്നത്. പത്ര സ്വാതന്ത്ര്യത്തോടും മനുഷ്യാവകാശത്തോടുമുള്ള അവരുടെ നിലപാടാണ് ഇതില്‍ പ്രകടമാകുന്നത്. ആശയങ്ങള്‍, ആണവ ആയുധങ്ങളേക്കാള്‍ ശക്തിയുള്ളവയാണ്.

*
ഫിഡല്‍ കാസ്‌ട്രോ കടപ്പാട്: ജനയുഗം ദിനപത്രം 17 ഡിസംബര്‍ 2010

4 comments:

വര്‍ക്കേഴ്സ് ഫോറം said...

ഏതാനും മാസങ്ങള്‍ക്കുമുമ്പുവരെ, ലോകത്ത് ചുരുക്കം ചിലര്‍ക്ക് മാത്രം അറിയാമായിരുന്ന ജൂലിയന്‍ അസാഞ്ചെ എന്ന മനുഷ്യന്‍ ചരിത്രത്തിലെ ഏറ്റവും ശക്തമായ സാമ്രാജ്യത്തെ വെല്ലുവിളിക്കാനാവുമെന്നു കാണിച്ചുകൊണ്ടിരിക്കുകയാണ്.

ധീരമായ ഈ വെല്ലുവിളി എതിരാളിയായ ഒരു വന്‍ശക്തിയില്‍ നിന്നല്ല ഉയരുന്നത്; നൂറില്‍ അധികം ആണവായുധങ്ങള്‍ കൈവശമുള്ള ഒരു രാജ്യത്ത് നിന്നല്ല; കോടിക്കണക്കിനു ജനങ്ങള്‍ അധിവസിക്കുന്ന ഒരു രാജ്യത്ത് നിന്നല്ല; വിപുലമായ പ്രകൃതി വിഭവങ്ങളുള്ള രാജ്യങ്ങളുടെ കൂട്ടായ്മയില്‍ നിന്നല്ല, ലോകത്തെ കൊള്ളയടിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന സാമ്രാജ്യത്തിന്റെ അടിത്തറ ഇളക്കുന്ന വിപ്ലവകരമായ തത്വസംഹിതയില്‍ നിന്നുമല്ല ഈ വെല്ലുവിളി ഉയരുന്നത്.

Murali said...

വളരെ ശരിയാണ്. ഹിരോഷിമയിലും നാഗസാക്കിയിലും പ്രയൊഗിക്കപ്പെട്ട ആണവാ‍യുധങ്ങള്‍ക്ക് ഏതാനും ലക്ഷങ്ങളെ മാത്രമേ കൊല്ലാന്‍ കഴിഞ്ഞുള്ളൂ. എന്നാല്‍ കമ്മ്യൂണിസമെന്ന ‘ആശയ’ത്തിന് പത്തുകോടി മനുഷ്യജീവികളെ കാലപുരിക്കയക്കാന്‍‌കഴിഞ്ഞു.

manoj pm said...

പറയാന്‍ ഒരു ആശയം പോലും ഇല്ലാത്തവന്റെ വിലാപം മുരളിയിലൂടെ കേള്‍ക്കുന്നു. അമേരിക്കയോടുള്ള സ്നേഹമോ മാര്‍ക്സിസ്റ്റ്‌ വിരോധമോ രണ്ടും സമാസമമോ? എന്തായാലും കൊള്ളാം.

manoj pm said...
This comment has been removed by the author.